TMJ
searchnav-menu
post-thumbnail

Outlook

എന്തുകൊണ്ട് യു.ഡി.എഫ് ജയിക്കണം? 

24 Apr 2024   |   5 min Read
ഷെരീഫ് സാഗർ

ന്ത്യയെന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഫലം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ സീറ്റ് ലഭിച്ച കക്ഷിയെ രാഷ്ട്രപതി സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കും. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ ഈ തെരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമുണ്ട്. ഈ മൂന്ന് കാര്യങ്ങളാണ് പോളിങ് ബൂത്തിലേക്ക് പോകുന്നതിന് മുമ്പ് മനസ്സിലുറപ്പിക്കേണ്ടത്. 

ഇനി ഈ മൂന്ന് വാക്യങ്ങളെ ലളിതമായി വിശദീകരിക്കാം. തുടക്കം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നാണ്. ഏഴരപ്പതിറ്റാണ്ട് പിന്നിട്ട ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യം. ഇന്ത്യയ്‌ക്കൊപ്പം സ്വാതന്ത്ര്യം ലഭിച്ച അയല്‍രാജ്യങ്ങള്‍ക്കോ ബ്രിട്ടീഷ് കോളനികള്‍ക്കോ ഇത്രയും ശക്തമായി ലോകത്തിന് മുമ്പില്‍ അഭിമാനത്തോടെ നിലകൊള്ളാന്‍ സാധിച്ചിട്ടില്ല. മത രാജ്യമാക്കാനുള്ള ശ്രമം, ജനാധിപത്യ വിരുദ്ധത, പട്ടാള ഭരണം തുടങ്ങിയ കാരണങ്ങളാണ് ഈ രാജ്യങ്ങളെ അസ്ഥിരമാക്കിയത്. ഇതൊന്നും ഇവിടെ പൂര്‍ണാര്‍ത്ഥത്തില്‍ സംഭവിക്കാത്തത് കൊണ്ടാണ് ഇന്ത്യ നിലനിന്നത്. 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മതേതര കക്ഷികളുമാണ് കൂടുതല്‍ കാലം ഇന്ത്യ ഭരിച്ചത്. ജവഹര്‍ ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യാനന്തരം ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക്കായി മാറുകയും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും ഊന്നല്‍ നല്‍കുന്ന ഭരണവ്യവസ്ഥ സാധ്യമാവുകയും ചെയ്തു. ഭരണഘടനയോടുള്ള പ്രതിബദ്ധതയും പഞ്ചവത്സര പദ്ധതികളും സോഷ്യലിസ്റ്റ് ആശയങ്ങളോടുള്ള ആഭിമുഖ്യവും പൊതുമേഖലാ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തിയതും ബാങ്കുകളുടെ ദേശസാല്‍ക്കരണം ഉള്‍പ്പെടെയുള്ള പുരോഗമന നിലപാടുകളും രാജ്യത്തിന്റെ വളര്‍ച്ചയെ സ്വാധീനിച്ചു. ആഗോളീകരണത്തോട് ക്രിയാത്മകമായി പ്രതികരിച്ചതും ഉദാരവല്‍ക്കരണ നയങ്ങളും രാജ്യപുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ചു. 

 ജവഹര്‍ ലാല്‍ നെഹ്റു | PHOTO: WIKI COMMONS
ഒരുവശത്ത് ഇന്ത്യ ഈ അര്‍ത്ഥത്തില്‍ ബഹുദൂരം മുന്നേറുമ്പോള്‍ മറുവശത്ത് രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്ന വംശീയാധിപത്യ പ്രവണത തഴച്ചുവളര്‍ന്നു. കോണ്‍ഗ്രസിന് സംഭവിച്ച ദൗര്‍ബല്യങ്ങളെ മുതലെടുത്ത് കൊണ്ടാണ് ഇത് സംഭവിച്ചത്. ബാബരി മസ്ജിദായിരുന്നു വര്‍ഗീയവാദികളുടെ പ്രധാന മൂലധനം. പുരാണങ്ങളെയും ചരിത്രത്തെയും അതിനുവേണ്ടി വളച്ചൊടിച്ചു. സാംസ്‌കാരിക അപരത്വത്തെ സൃഷ്ടിക്കുന്ന ഫാസിസ്റ്റ് ശൈലിയിലൂടെ ഭൂരിപക്ഷ വികാരങ്ങള്‍ക്ക് തീപിടിപ്പിച്ച സംഘ്പരിവാര്‍ ഒടുവില്‍ ബാബരി മസ്ജിദ് തകര്‍ത്തു. എന്നാല്‍, പള്ളി പൊളിച്ച സംഘ്പരിവാറിനേക്കാള്‍ അന്ന് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് പലരും ശ്രമിച്ചത്. അതോടെ ഇന്ത്യയുടെ ഭരണം ബി.ജെ.പിക്ക് കിട്ടി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ തീവ്ര വലതുപക്ഷത്തിന്റെ അധികാര പ്രവേശത്തിന് അടിത്തറയിട്ടു. 

ബി.ജെ.പി ഭരണത്തില്‍ മതേതരത്വവും ജനാധിപത്യവുമെല്ലാം കടലാസിലെഴുതിയ കവിതകള്‍ മാത്രമാകുമെന്ന് തിരിച്ചറിഞ്ഞ ഇന്ത്യയിലെ ജനം 2004 ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിനെ അധികാരം തിരിച്ചേല്‍പിച്ചു. ഇടതുപക്ഷം ഈ സര്‍ക്കാറിനെ പുറത്തുനിന്ന് പിന്തുണച്ചു. എന്നാല്‍ ആണവകരാറിന്റെ പേര് പറഞ്ഞ് അവര്‍ ആ പിന്തുണ പിന്‍വലിച്ചു. ഘടകകക്ഷികളുടെ ബലത്തില്‍ യു.പി.എ കാലാവധി പൂര്‍ത്തിയാക്കുകയും പിന്നീട് ഇടതുപക്ഷ പിന്തുണയില്ലാതെ തന്നെ 2009 ല്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. 2014 ആയപ്പോഴേക്കും അണ്ണാ ഹസാരെയും കൂട്ടരുമുണ്ടാക്കിയ കൊടുങ്കാറ്റിനൊപ്പം ഇടതുപക്ഷവും കൂടി. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരത്തിലേറി എന്നതായിരുന്നു ഇതിന്റെ ഫലം. 2014 ന് ശേഷമുള്ള രാജ്യത്തിന്റെ സ്വഭാവം മറ്റൊന്നായി. നാഗ്പൂരില്‍നിന്നുള്ള ആര്‍.എസ്.എസ്സിന്റെ ആശയങ്ങളാണ് ബി.ജെ.പി നടപ്പാക്കാന്‍ ശ്രമിച്ചത്. അവരുടെ ലക്ഷ്യവും നയവും അവര്‍ നടപ്പാക്കുന്നു എന്നതില്‍ അത്ഭുതപ്പെടാനില്ല. പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെ നിരവധി ഉദാഹരണങ്ങള്‍ നിരത്താനുണ്ട്. 

2019 ല്‍ വൈകാരിക ദേശീയതയും തീവ്ര വര്‍ഗീയതയും മൂലധനമാക്കി അധികാരം നിലനിര്‍ത്തിയ മോദിക്ക് 2024 ല്‍ പക്ഷേ, അടിതെറ്റിയിട്ടുണ്ട്. രാമക്ഷേത്രം പോലുള്ള ചെപ്പടി വിദ്യകളൊന്നും ഫലം ചെയ്യുകയില്ല എന്ന് ഏറെക്കുറെ ബി.ജെ.പി ക്യാമ്പിന് തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ രാജ്യത്തിന്റെ വിഭവങ്ങളൊക്കെ മുസ്ലിംങ്ങള്‍ അടിച്ചുമാറ്റുമെന്ന് പച്ചയ്ക്ക് വര്‍ഗീയത പറയാന്‍ പ്രധാനമന്ത്രി മെനക്കെട്ടതിന് പിന്നില്‍ ഈ ആശങ്കയാണെന്ന് വ്യക്തം. ഹിന്ദി ഹൃദയഭൂമിയില്‍ കൈപൊള്ളുമെന്ന തിരിച്ചറിവാണ് ദക്ഷിണേന്ത്യയിലെ പ്രധാനമന്ത്രിയുടെ പരക്കം പാച്ചിലുകളുടെ കാരണമായി വിലയിരുത്തപ്പെടുന്നത്. ഇക്കുറി ജനം വൈകാരികത മാറ്റിവെച്ച് സ്വാഭാവിക രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. മോദിയുടെ ഗ്യാരണ്ടി വെറും പിച്ചളപ്പിന്നാണെന്ന് ജനം തിരിച്ചറിയുന്നു. വിഭജനത്തിന്റെയോ വിദ്വേഷത്തിന്റെയോ രാഷ്ട്രീയമല്ല, ജീവിക്കാനുള്ള അന്തരീക്ഷവും സ്വാതന്ത്ര്യവുമാണ് സാധാരണക്കാരും ചെറുപ്പക്കാരായ വോട്ടര്‍മാരും ആഗ്രഹിക്കുന്നത്. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളെ അവര്‍ അഭിമുഖീകരിക്കുന്നു. ഇതൊക്കെ പരിഗണിച്ചായിരിക്കും ഈ തെരഞ്ഞെടുപ്പിന്റെ ഫലം. 

നരേന്ദ്ര മോദി | PHOTO: FACEBOOK
രണ്ടാമത്തെ കാര്യം ആരെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുക എന്നതാണ്. 543 അംഗങ്ങളുള്ള 17-ാം ലോക്സഭയുടെ കാലാവധി 2024 ജൂണ്‍ 16 ന് അവസാനിക്കുമ്പോള്‍ പുതിയ കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാവണം. പൊതു തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടിയ ഒറ്റക്കക്ഷിയെയോ സഖ്യത്തെയോ ആണ് രാഷ്ട്രപതി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കുക. 272 സീറ്റുകളുടെ കേവല ഭൂരിപക്ഷമാണ് ഇതിന് വേണ്ടത്. ഈ അക്കം മറികടന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ ഉണ്ടാക്കുക എന്നതാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യം. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുക എന്നതും സഖ്യത്തിലെ പ്രധാന ഘടക കക്ഷികള്‍ ജയിച്ചുവരിക എന്നതുമാണ് ബി.ജെ.പിയെ പ്രതിരോധിക്കാനുള്ള പ്രായോഗിക മാര്‍ഗം. 

കേരളവും തമിഴ്നാടും കര്‍ണാടകയും നല്‍കുന്ന ഫലങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. കേരളത്തില്‍ യു.ഡി.എഫ് മുന്നണിയില്‍ 16 സീറ്റുകളിലും കോണ്‍ഗ്രസാണ് മത്സരിക്കുന്നത്. യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിംലീഗ് രണ്ട് സീറ്റുകളിലും കേരള കോണ്‍ഗ്രസ് (ജെ) ഒരു സീറ്റിലും ആര്‍.എസ്.പി ഒരു സീറ്റിലും മത്സരിക്കുന്നു. രാജ്യത്തിന്റെ വീണ്ടെടുപ്പിന് ജനാധിപത്യവാദികള്‍ പ്രത്യാശയോടെ നോക്കിക്കാണുന്ന രാഹുല്‍ ഗാന്ധി രണ്ടാം തവണയും കേരളത്തില്‍നിന്ന് ജനവിധി തേടുന്നു എന്നതും ഈ തെരഞ്ഞെടുപ്പിലെ പ്രത്യേകതയാണ്. 

കോണ്‍ഗ്രസ് മുക്ത ഭാരതം എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇക്കാലമത്രയും ഇടതുപക്ഷം ഉള്‍പ്പെടെയുള്ള കക്ഷികളുടെ അന്ധമായ കോണ്‍ഗ്രസ് വിരോധം കൊണ്ടാണ് ഇന്ത്യയുടെ ഭരണം വര്‍ഗീയ ശക്തികള്‍ കയ്യടക്കിയത്. ഇനിയും ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയാണ് ഈ തെരഞ്ഞെടുപ്പ് ആവശ്യപ്പെടുന്നത്. കേരളത്തില്‍ ഇടതുപക്ഷത്തിന് ലഭിക്കുന്ന ഓരോ സീറ്റുകളും കേന്ദ്രത്തില്‍ ഇന്ത്യ സഖ്യം അധികാരത്തില്‍ വരുന്നതിനുള്ള സാധ്യതകളെ ഇല്ലാതാക്കും. 

REPRESENTATIVE IMAGE | WIKI COMMONS
സി.പി.എമ്മും ഇടതുപക്ഷവും ഇന്ത്യ സഖ്യത്തോടൊപ്പം ഇല്ലെന്ന് വ്യക്തമാക്കുന്ന സംഭവ വികാസങ്ങളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി നടക്കുന്നത്. സഖ്യത്തിന്റെ സുപ്രധാന യോഗത്തിലോ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന മഹാറാലിയിലോ സി.പി.എം പങ്കെടുത്തിട്ടില്ല. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന് പുറത്തുപോയി എവിടെയും ഇന്ത്യ സഖ്യത്തിന് വേണ്ടി വോട്ട് ചോദിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി പരിഗണിക്കപ്പെടേണ്ട വ്യക്തിത്വമല്ല എന്നാണ് പിണറായി വിജയന്റെ പ്രഖ്യാപനം. രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കില്ലെന്ന പിണറായിയുടെ നിലപാട് സി.പി.എമ്മിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് വ്യക്തമാക്കുന്നതാണ്. മാത്രവുമല്ല, ബി.ജെ.പിക്കെതിരെ സംസാരിക്കുന്നതിനേക്കാള്‍ ശക്തമായി മുഖ്യമന്ത്രി ആക്രമിക്കുന്നത് രാഹുല്‍ ഗാന്ധിയെ ആണ്. കേന്ദ്രത്തില്‍ രാഹുലിനെതിരെ ബി.ജെ.പി പയറ്റുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ അതേപടി കേരളത്തിലേക്ക് പകര്‍ത്തുന്നത് ഇടതുപക്ഷമാണ്. രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കണമെന്ന് പോലും ഒരു ഇടതുപക്ഷ എം.എല്‍.എ പ്രസംഗിച്ചു. ആരും അതിനെ തള്ളിപ്പറഞ്ഞില്ലെന്ന് മാത്രമല്ല, മുഖ്യമന്ത്രി ആ പ്രസംഗത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കേരളത്തിന് പുറത്ത് തൊപ്പിയിലും നെഞ്ചിലും കൊടിയിലും പോസ്റ്ററിലും മുദ്രാവാക്യത്തിലും അഭ്യര്‍ത്ഥനയിലുമെല്ലാം രാഹുലിന്റെ പടം വെച്ച് വോട്ട് ചോദിക്കുന്ന അതേ പാര്‍ട്ടിയുടെ ആളുകളാണ് കേരളത്തില്‍ ഈ പണിയെടുക്കുന്നത് എന്നത് മറ്റൊരു വിരോധാഭാസം. 

സി.പി.എമ്മിന് നിലവില്‍ മൂന്ന് അംഗങ്ങളാണ് ലോക്സഭയിലുള്ളത്. പശ്ചിമ ബംഗാളില്‍നിന്നോ ത്രിപുരയില്‍ നിന്നോ സി.പി.എമ്മിന് ഒന്നും കിട്ടാനില്ല. ദേശീയ പദവി തന്നെ നഷ്ടപ്പെട്ട് പോകുമോ എന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്. ചിഹ്നവും ദേശീയ പദവിയും നിലനിര്‍ത്താനാണ് ഈ തെരഞ്ഞെടുപ്പില്‍ സി.പി.എം മത്സരിക്കുന്നതെന്ന് സംസ്ഥാന സമിതി അംഗം തന്നെ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്തു. കേവലമായ പാര്‍ട്ടി താല്‍പര്യം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന സി.പി.എമ്മാണോ രാജ്യത്തിന്റെ നിലനില്‍പിന് വേണ്ടി പോരാടുന്ന കോണ്‍ഗ്രസ് മുന്നണിയാണോ തെരഞ്ഞെടുക്കപ്പെടേണ്ടത്, ഏതാനും സീറ്റുകളില്‍ ജനവിധി തേടുന്ന ഇടതുപക്ഷത്തെയാണോ ഏതാണ്ട് 330 സീറ്റുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിനെയാണോ പിന്തുണക്കേണ്ടത് എന്നീ ലളിതമായ ചോദ്യങ്ങള്‍ സ്വയം ചോദിച്ചിട്ട് വേണം ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍. 

പുരോഗമനപരമായ ആശയങ്ങളുമായി അവതരിപ്പിച്ച ഇന്ത്യ മുന്നണിയുടെ പ്രകടന പത്രിക മുന്നില്‍ വെച്ചാണ് യു.ഡി.എഫ് ജനവിധി തേടുന്നത്. വിലക്കയറ്റം, ക്രമസമാധാന തകര്‍ച്ച, വികസന മുരടിച്ച, ദുരന്ത സമയത്ത് നടന്ന അഴിമതികള്‍, പിന്‍വാതില്‍ നിയമനങ്ങള്‍, പൊതുവിപണിയുടെ തകര്‍ച്ച, അവതാളത്തിലായ ക്ഷേമപദ്ധതികള്‍, നികുതി വര്‍ധന, സംവരണ നഷ്ടം, പെന്‍ഷന്‍ വിതരണത്തിലെ അപാകത തുടങ്ങി കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാരിനെതിരെ ധാരാളം കാര്യങ്ങള്‍ പറയാനുണ്ട്. പൗരത്വ കേസുകള്‍ പിന്‍വലിക്കുമെന്നത് ഉള്‍പ്പെടെ പറഞ്ഞ് പറ്റിച്ച കാര്യങ്ങള്‍ വേറെയും. ഇടതിന് വോട്ട് ചെയ്തില്ലെങ്കില്‍ ന്യൂനപക്ഷങ്ങള്‍ രണ്ടാംകിട പൗരന്മാരാകുമെന്ന് കേരളത്തിലെ ഒരേയൊരു മുസ്ലിം പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട പരസ്യം ഇന്ത്യയിലെ ന്യൂനപക്ഷ അസ്തിത്വത്തെതന്നെ അപമാനിക്കുന്ന ഒന്നായിരുന്നു. അതുപോലൊന്നാണ് സി.എ.എ നടപ്പാക്കില്ലെന്ന വാചകമടി. കേന്ദ്ര സര്‍ക്കാര്‍ സി.എ.എ ചട്ടങ്ങള്‍ പാസ്സാക്കിയിട്ട് ഒന്നരമാസം കഴിഞ്ഞിട്ടും സി.എ.എ നടപ്പാക്കില്ലെന്ന ഒരു ഉത്തരവും കേരള സര്‍ക്കാര്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ല. വാചകമടിയല്ലാതെ ഇക്കാര്യത്തില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല എന്ന് വ്യക്തം. യു.എ.പി.എ നടപ്പാക്കുന്നതിനെതിരെ നിലപാടെടുത്ത ഇടതുപക്ഷം ഭരിക്കുന്ന കേരളമാണ് യു.എ.പി.എ പ്രകാരം കൂടുതല്‍ കേസുകള്‍ ചാര്‍ജ്ജ് ചെയ്യുന്ന രാജ്യത്തെ ഏഴാമത്തെ സംസ്ഥാനം. അപ്പോള്‍പ്പിന്നെ സി.എ.എയുടെ കാര്യം കണ്ടറിയണം. 

REPRESENTATIVE IMAGE | WIKI COMMONS
1977 ലും 1989 ലും സംഘ്പരിവാറിനൊപ്പം ചേര്‍ന്ന് രാജ്യത്തെ ഒറ്റിയ പാരമ്പര്യമാണ് സി.പി.എമ്മിനുള്ളത്. പിന്നീട് നടന്നതൊക്കെയും ആ ചരിത്രത്തിന്റെ ആവര്‍ത്തനങ്ങളാണ്. 1984 ല്‍ ലോക്സഭയില്‍ രണ്ട് അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ബി.ജെ.പിയെ അന്ധമായ കോണ്‍ഗ്രസ് വിരോധം കാരണം 1989 ലെ സി.പി.എം ഉള്‍പ്പെട്ട മുന്നണി 85 സീറ്റിലേക്കെത്തിച്ചു. ബി.ജെ.പി ജയിച്ചാലും കോണ്‍ഗ്രസ് തോല്‍ക്കണമെന്ന സി.പി.എമ്മിന്റെ നിലപാടാണ് രാജ്യത്തെ വലിയ ദുരന്തങ്ങളിലേക്ക് വലിച്ചിഴച്ചത്. ഇപ്പോഴും അതേ നിലപാടുമായാണ് സി.പി.എം മുന്നോട്ട് പോകുന്നത്. 

ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ എന്നാണ് എല്‍.ഡി.എഫിന്റെ പരസ്യവാചകം. ഇന്ത്യയുണ്ടെങ്കിലേ ഇടതുള്ളൂ എന്നതാണ് അതിനുള്ള തിരുത്ത്. രാജ്യത്തിന്റെ ഭാവി തീരുമാനിക്കപ്പെടുന്ന തെരഞ്ഞെടുപ്പാണിത്. ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം തുടങ്ങിയ ആശയങ്ങളൊക്കെ ഭരണഘടനയില്‍ നിലനില്‍ക്കണോ വേണ്ടയോ എന്ന് നിശ്ചയിക്കപ്പെടുന്ന തെരഞ്ഞെടുപ്പ്. പിണറായി വിജയനോ ഇടതുപക്ഷമോ ഈ തെരഞ്ഞെടുപ്പില്‍ പരിഗണനാര്‍ഹമായ വിഷയമേ അല്ല. ഇടത് ജയിച്ചാലും വലത് ജയിച്ചാലും ഡല്‍ഹിയില്‍ ചെന്നാല്‍ കൈപൊക്കുന്നത് ഒരുപോലെയാണെന്ന പഞ്ചാര വാക്കുകളിലൊന്നും മയങ്ങാതെ വോട്ട് യു.ഡി.എഫിന് ചെയ്യുക മാത്രമാണ് ഈ തെരഞ്ഞെടുപ്പില്‍ ഉത്തരവാദിത്ത ബോധവും സാമാന്യ ബുദ്ധിയുമുള്ള പൗരന്‍ ചെയ്യേണ്ടത്. പരമ്പരാഗതവും ശക്തവുമായ ഫാഷിസ്റ്റ് വിരുദ്ധത കേരളത്തിന്റെ പ്രത്യേകതയാണ്. ഫാഷിസത്തിനെതിരായ പ്രതിരോധമാണ് ഈ തെരഞ്ഞെടുപ്പില്‍ കേരളം ആഗ്രഹിക്കുന്നതെങ്കില്‍ യു.ഡി.എഫിന്റെ ഒരു സ്ഥാനാര്‍ത്ഥിയും തോറ്റുപോകാന്‍ പാടില്ല. ഫാഷിസ്റ്റ് വിരുദ്ധതയില്‍ എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേരളത്തിലെ ഇടതുപക്ഷ മനസ്സുള്ളവരും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടത്.





#outlook
Leave a comment