TMJ
searchnav-menu
post-thumbnail

Outlook

കാട് കയറുന്ന മീഡിയാ എത്തിക്സ്  

25 May 2024   |   13 min Read
പ്രസൂണ്‍ കിരണ്‍

നുഷ്യ-വന്യജീവി സമ്പർക്കങ്ങൾ ലോകത്തെല്ലായിടത്തും മനുഷ്യപുരോഗതിയോടൊപ്പം തന്നെ വെല്ലുവിളികളായും കടമ്പകളായും നിലനിന്നുപോരുന്നതാണ്. സ്ഥായിയായ ഉത്തരങ്ങളോ, എല്ലാ കാലത്തേക്കുമുള്ള ഫലപ്രാപ്തിയോ ഈ വിഷയങ്ങളിൽ ഒരിടത്തും ഒരു രാജ്യത്തിനും കൈവരിക്കാനുമായിട്ടില്ല. സഹിഷ്ണുതയോടെയും സഹാനുഭൂതിയോടെയുള്ള ഇടപെടലുകളാണ് വിജയകരമായ ഉദാഹരണങ്ങളായുള്ളത്. നമ്മുടെ സാമൂഹികവളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെട്ടിട്ടുള്ള  ഭൂവിഭാഗം വനങ്ങളാണ് എന്നതിനാൽ തന്നെ, വന്യജീവികളുമായുള്ള സംഘർഷാത്മക സാഹചര്യം എല്ലാകാലങ്ങളിലും ഒരു തുടർച്ചയായി നിലനില്ക്കുന്നതായാണ് കാണാൻകഴിയുക. തൊട്ടുമുൻപത്തെ പതിറ്റാണ്ടിലെ നാശത്തിലും ഇരട്ടിയാണ് അവസാന ഒരു പതിറ്റാണ്ടിലെ നാശങ്ങളുടെ കണക്ക് എന്നപോലെ വനചൂഷണങ്ങൾ നാശം അതിശയവേഗത്തിലായിക്കഴിഞ്ഞു. ഈ അവസരത്തിലാണ് ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള അന്തർദേശീയമാധ്യമങ്ങൾ പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടലുകൾ ഗൗരവമായി നടത്തിത്തുടങ്ങിയതും. ബിബിസി, റോയിട്ടേഴ്സ്, ഗാർഡിയൻ പോലുള്ള അന്തർദേശീയ മാധ്യമങ്ങളുടെ സ്വഭാവം പൂർണ്ണമായും അത്തരത്തിലേക്ക് മാറ്റപ്പെട്ടുകഴിഞ്ഞിട്ട് തന്നെ ദീർഘകാലങ്ങളായി. ഇന്റർനാഷണൽ മീഡിയകളുടെ ലാൻഡിങ് പേജിലെ സ്പെഷ്യൽ കാറ്റഗറി തന്നെയായി 'എൻവയോൺമെന്റ്' മാറി. കോപ്പൻഹേഗൻ ഉച്ചകോടിക്ക് ശേഷം, ഗാർഡിയൻ പ്രത്യേക എഡിറ്റോറിയൽ യോഗത്തിലൂടെ തങ്ങളുടെ പരിസ്ഥിതി പത്രപ്രവർത്തനം ഏറ്റവും മികച്ചതാക്കുവാൻ പ്രത്യേക പോളിസി തന്നെ രൂപീകരിച്ചു.  ഉച്ചകോടി വികസിതരാജ്യങ്ങളും അവികസിതരാജ്യങ്ങളും തമ്മിലുള്ള തർക്കം മാത്രമായി ചുരുങ്ങി പ്രായോഗികമായി പരാജയമായതിന്റെ തുടർച്ചയായിരുന്നു അത്. കാലഘട്ടത്തിന്റെ ആവശ്യം എന്ന തിരിച്ചറിവിൽ കൂടിയാണ് ഇത്തരം മാധ്യമ ഉത്തരവാദിത്തങ്ങൾ നിറവേറ്റപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിലാണ് നമ്മുടെ രാജ്യത്തെ, പ്രത്യേകിച്ച് കേരളത്തിലെ പരിസ്ഥിതി ജേർണലിസത്തെക്കുറിച്ചുള്ള ആലോചനങ്ങൾ പ്രാധാന്യമർഹിക്കുന്നത്. അന്തർദേശീയമായി ഏറ്റവും സഹിഷ്ണുതയോടെയും, പല തട്ടിലൂടെയുള്ള സൂക്ഷ്മപരിശോധനയിലൂടെയും മാത്രം കൈകാര്യം ചെയ്യപ്പെടുന്ന പരിസ്ഥിതി വിഷയങ്ങൾ തികച്ചും ഉദാസീനമായും, അലക്ഷ്യമായും, ഉത്തരവാദിത്തരഹിതവുമായാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ ഏറിയപങ്കും കൈകാര്യം ചെയ്യുന്നതെന്നത് വിമർശനാത്മകമായും ആഴത്തിലും പരിശോധിക്കപ്പെടേണ്ടതാണ്.
 നാട്ടാനകൾ നേരിടുന്ന സമാനതകളില്ലാത്ത ക്രൂരതയെപ്പറ്റി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന കവർ സ്റ്റോറികൾ |IMAGE: Representational Purpose Only

രാജ്യത്ത് അത്തരത്തിൽ പരിസ്ഥിതിയെ ഏറ്റവും പ്രാധാന്യത്തോടെ പരിഗണിച്ചിട്ടുള്ള മാധ്യമങ്ങളിൽ മുൻനിരയിൽ 'ദ ഹിന്ദു' ആണെന്ന് കാണാം. കേരളത്തിലേക്ക് വന്നാലത് മാതൃഭൂമി വീക്കിലിയായിരുന്നു. പത്രങ്ങൾക്കും, ഇതരമാധ്യമങ്ങൾക്കുമപ്പുറം പരിസ്ഥിതി ജേർണലിസത്തെ ഏറ്റവും ഗൗരവതരമായി മാതൃഭൂമി വീക്കിലി പരിഗണിച്ചിരുന്നു. ഇത് ലോകമാധ്യമങ്ങളിൽ പരിസ്ഥിതി ജേർണലിസത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ ഏറ്റവും ഗുണപരമായി നിരീക്ഷിക്കുന്ന ഒരു എഡിറ്റോറിയലിന്റെ പ്രതിഫലനം കൂടിയായിരുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് ഇത് അസാധാരണവും, ഉത്തരവാദിത്ത ജേർണലിസത്തിന്റെ ഗുണപരമായ മാറ്റവുമാണ്. കേരളീയ പൊതുസമൂഹത്തിന്റെ പാരിസ്ഥിതികാവബോധത്തിൽ കാതലായ മാറ്റമുണ്ടാകുവാൻ ഇത് സഹായകമായി. അച്ചടിമാധ്യമസംസ്കാരത്തിൽ കൃത്യമായ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം മാത്രം അച്ചടി മഷി പുരണ്ടിരുന്ന പഴയരീതിയിൽ പിന്നീട്, തത്സമയ ചാനൽ വാർത്താരീതി വന്നതോടെ സൂക്ഷ്മപരിശോധനയെന്നത് അപ്രത്യക്ഷമായി. ഉത്തരവാദിത്തത്തോടെയുള്ള ആലോചനയോ, വിഷയപരിജ്ഞാനമോ ഇല്ലാതെ ന്യൂസ് റൂമുകളിലേക്ക് തത്സമയ വർണ്ണനകൾ വേണ്ടിവന്നതോടെ വനത്തെയും വന്യജീവികളെയും കുറിച്ച് ബാഹ്യമായ പറച്ചിലുകളോ, വിഷയകൃത്യതയില്ലാത്ത അബദ്ധങ്ങളോ നിർബാധം എത്തിത്തുടങ്ങി. ഇത് മേൽപറഞ്ഞ പരിസ്ഥിതി മാധ്യമപ്രവർത്തനമെന്ന ആലോചനയെ പൂർണ്ണമായും ഖണ്ഡിക്കുകയോ, അപ്രസക്തമാക്കുകയോ ചെയ്തു. ഒപ്പം, ഏകപക്ഷീയമായും, മനുഷ്യകേന്ദ്രിതമായും മാത്രം വിഷയത്തെ കാണുന്ന അവസ്ഥയുമുണ്ടാക്കി. ഇതാവട്ടെ, പാരിസ്ഥിതിക സമഗ്രതയിലൂന്നിക്കൊണ്ട് ലോകവ്യാപകമായി മുൻനിര മാധ്യമങ്ങൾ നടത്തിപ്പോരുന്ന പരിശ്രമങ്ങളെ ഒട്ടും തിരിച്ചറിയാത്തതോ, അതിന്റെ നേർവിഭിന്നദിശയിലേക്കുള്ളതോ അതിനെ പിന്നോട്ടുവലിക്കുന്നതോ ആയിമാറി.

മിഷൻ അരിക്കൊമ്പൻ  ഏറ്റവും കൂടുതൽ കാഴ്ചക്കാർ തങ്ങൾക്കാണെന്ന പേരിൽ 24 ന്യൂസ്‌ ഇറക്കിയ കാർഡ് | IMAGE:Representational Purpose Only

ആഗോളതലത്തിലുള്ള സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗം എന്നതിനപ്പുറം, പരിസ്ഥിതിയെ പ്രാദേശികവിഷയമെന്നോ, താൽക്കാലിക മെറ്റീരിയൽ എന്ന നിലയിലേക്കോ ചുരുക്കിക്കാണുവാൻ ഇത് കാരണമാക്കി. ചില ലീഡ് മാധ്യമങ്ങൾ ഇതിനെ അവരുടേതായ പൊളിറ്റിക്കൽ നിശ്ചയങ്ങളിലേക്ക് സൂക്ഷ്മമായി ഡ്രൈവ് ചെയ്യുകയും കൂടി ചെയ്തതോടെ, ഒപ്പം സഞ്ചരിക്കുന്ന ഇതര മാധ്യമങ്ങൾക്കും അത്തരം നരേഷനുകൾ എറ്റുപിടിക്കാതെ വഴിയില്ലെന്ന സാഹചര്യം വന്നുചേർന്നു. ഒന്നാംചാനൽ 'ക്രൂരനായ' അരിക്കൊമ്പൻ എന്നെഴുതുമ്പോൾ, രണ്ടാംചാനൽ 'അതിക്രൂരനായ' അരിക്കൊമ്പനെന്നും, മൂന്നാംചാനൽ അതിക്രൂരനും ഭീകരനുമായ അരിക്കൊമ്പനെന്നും എഴുതേണ്ടുന്ന അവസ്ഥയാണത്. അപ്പോഴും, തങ്ങൾ പ്രൊപ്പൊഗേറ്റ് ചെയ്യുന്ന, തങ്ങൾ ആരോപിക്കുന്ന 'ക്രൂരത'യെന്താണെന്ന ചോദ്യത്തിന് ഒരിക്കലും ഉത്തരമുണ്ടായുമില്ല.


IMAGE:Representational Purpose Only

ഒരേ ഭാഷ സംസാരിക്കുന്ന ചാനലുകളും ദുരൂഹസംഘടനകളും
 
പുല്‍പ്പള്ളിയിലും ചിന്നക്കനാലിലും ബത്തേരിയിലും കല്‍പ്പറ്റയിലും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നടന്ന അക്രമണാത്മകമായ പ്രതിഷേധങ്ങളുടെ തുടക്കം മുതല്‍ പരിശോധിച്ചാല്‍ ആശാസ്യമല്ലാത്ത പ്രവണതകള്‍ ഇവിടങ്ങളില്‍ നടന്നതായി കാണാം. മിക്കയിടങ്ങളിലും സമാധാനപരമായ രക്ഷാപ്രവര്‍ത്തനമോ, മുന്‍കരുതല്‍ ശ്രമങ്ങളോ നടക്കുന്നതിനെ വഴിതിരിച്ച് അക്രമാസക്തമാക്കുന്നതില്‍ മലയോരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദുരൂഹ സംഘടനകളുടെ ഇടപെടല്‍ വ്യക്തമായിരുന്നു. അവരുടെ പ്രത്യേക അജന്‍ഡയെ ഒട്ടും തിരിച്ചറിയാത്ത റിപ്പോര്‍ട്ടിങ് കൂടി ആയപ്പോള്‍ വിഷയം ഗുരുതരമായി മാറി. പ്രദേശത്ത് ഏതാനും ദിവസങ്ങളായി ഒരു കാട്ടാനയെ കാണപ്പെടുന്നുണ്ടെന്ന വിവരം ലഭിച്ചെത്തിയ വനംവകുപ്പ്, ആന കര്‍ണ്ണാടകയില്‍ നിന്നും റേഡിയോ കോളര്‍ ഘടിപ്പിച്ച് റിലീസ് ചെയ്തതാണെന്ന് തിരിച്ചറിയുന്നു. ആള്‍നാശമില്ലാതെ അതിനെ തിരികെ കാട് കയറ്റാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ ഏതാനും ആളുകള്‍ സംഘടിതമായി സ്ഥലത്തെത്തുകയും വനംവകുപ്പിന്റെ നിര്‍ദേശങ്ങളെ പരിഹസിച്ചും, അവഗണിച്ചും അവര്‍ രംഗം ഏറ്റെടുക്കുകയും, കാര്യങ്ങള്‍ അപകടകരമായി മാറുകയും ചെയ്തു.  ആളുകള്‍ പല ദിക്കുകളില്‍ നിന്നായി ആനകളെ കല്ലെറിയുകയും, എല്ലാ ഭാഗത്തേക്കുമായി ആന മാറിമാറി സഞ്ചരിക്കുന്ന സ്ഥിതിയുമുണ്ടായി. ഇത്തരം പ്രവണതകളുടെ തുടര്‍ച്ചയായാണ് വാസ്തവത്തില്‍ അവിടെ ഒരു മനുഷ്യന് ജീവന്‍ നഷ്ടമായത് പോലും.  

IMAGE:Representational Purpose Only
പുല്‍പ്പള്ളി ഉള്‍പ്പെടെയുള്ള മേഖലകളില്‍ നടന്ന സംഘര്‍ഷങ്ങള്‍ എക്സിക്യൂട്ട് ചെയ്യുന്നതില്‍ ഇത്തരക്കാര്‍ക്ക് മുഖ്യമായ പങ്കുണ്ടെന്നതിലും, കൃത്യമായ പൊളിറ്റിക്കല്‍ താല്പര്യം മുന്‍നിര്‍ത്തിയാണ് ഇക്കൂട്ടര്‍ പ്രവര്‍ത്തിച്ച് പോരുന്നതെന്നതും തുടരന്വേഷണത്തില്‍ വ്യക്തമായി. നിയമപരമായ പ്രവര്‍ത്തനങ്ങളെ ഇത്തരം സംഘടനകള്‍ ഹൈജാക്ക് ചെയ്യുകയും, നിയന്ത്രണാതീതമാക്കി മാറ്റുകയും ചെയ്യും. ഒപ്പം തന്നെ ചാനല്‍ ലൈവ് കൂടി വരുന്നതോടെ വീടുകളില്‍ സുരക്ഷിതമായി കഴിഞ്ഞിരുന്ന ആളുകള്‍ മീഡിയ അറ്റന്‍ഷന്‍ കണ്ട്, വന്യജീവി പ്രശ്നങ്ങള്‍ നടക്കുന്ന മേഖലകളിലേക്ക് കൂട്ടത്തോടെ ഇരച്ചെത്തുകയും ചെയ്തു. പത്തും പതിനഞ്ചും ആളുകള്‍ മാത്രം വനംവകുപ്പുമായി ചേര്‍ന്ന് ആനകളെ കാട് കയറ്റാന്‍ പരിശ്രമിക്കുന്ന ഇടങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടുകയും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാവുകയും ചെയ്തു. ചാനല്‍ ലൈവുകളില്‍ പ്രത്യക്ഷപ്പെടാനും പ്രകോപനപരമായി ബൈറ്റുകള്‍ നല്കാനും, ആളുകളെ മേഖലകളില്‍ കൂടുതല്‍ എത്തിക്കുവാനും പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ മത്സരിച്ചു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള വ്ളോഗര്‍മാര്‍ ആന ദൃശ്യങ്ങള്‍ക്കായി തിരക്കിട്ടു. ഏറ്റവും കൂടുതല്‍ അക്രമാസക്തമായും, പ്രകോപനപരമായും സംസാരിക്കുന്നവരെ ചാനല്‍ ക്യാമറയും മൈക്കുകളും പ്രത്യേകം തിരഞ്ഞുപിടിച്ചു. വൈകാരികമായി മാത്രം ജനങ്ങള്‍ പ്രതികരിച്ച് തുടങ്ങിയാല്‍ ആള്‍ക്കൂട്ടത്തെ ഏറ്റവുമെളുപ്പം വഴിതിരിച്ചുവിടാം എന്നതിന്റെ തെളിവ് കൂടിയായിരുന്നു ബത്തേരി ടൗണില്‍ നടന്ന അക്രമസംഭവങ്ങള്‍. ഇതിന്റെ തുടര്‍ച്ചയായി, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ നടന്നതിന് സമാനമായ പ്രതിഷേധങ്ങള്‍ പലയിടങ്ങളിലും സംഘടിപ്പിക്കപ്പെട്ടു. ഹ്യൂമന്‍/വൈല്‍ഡ് ലൈഫ് കോണ്‍ഫ്ലിക്റ്റ് എന്നത് ഏകപക്ഷീയമായും, പരിസ്ഥിതി വിരുദ്ധമായും മാത്രം സമൂഹത്തിന് മുന്‍പില്‍ അവതരിപ്പിക്കപ്പെടുന്ന സ്ഥിതിയുണ്ടായി.

IMAGE: Representational Purpose Only
വന്യജീവികളോടുള്ള മാധ്യമസമീപനം
 
ഇക്കഴിഞ്ഞ മെയ് എട്ടിന് മാതൃഭൂമി ക്യാമറാമാന്‍ കാട്ടാനയുടെ ചവിട്ടേറ്റ് മരണപ്പെട്ട വിഷയമാണ് മാധ്യമങ്ങളും കാടും തമ്മിലുള്ള അകലം എത്രമാത്രം വിദൂരമാണെന്ന ചര്‍ച്ചയെ ഗൗരവമായി ഉയര്‍ത്തിക്കൊണ്ടുവന്നത്. മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചും, പൊതുസമൂഹത്തെ സംബന്ധിച്ചും ഏറെ ദൗര്‍ഭാഗ്യകരവും, സങ്കടകരവുമായ ഈ സംഭവത്തെ വൈകാരികമായ വിഷയം എന്നതിനപ്പുറം നാളേക്കുള്ള പാഠമായിക്കൂടിക്കണ്ട് പരിശോധിക്കേണ്ടതുണ്ട്. പാലക്കാട് കൊട്ടെക്കാട് മേഖലയില്‍ കാട്ടാനക്കൂട്ടം പുഴമുറിച്ച് കടക്കുന്ന രംഗം പകര്‍ത്തുമ്പോഴാണ് അപകടം സംഭവിച്ചത്. കാടിനെക്കുറിച്ചും വന്യജീവികളെക്കുറിച്ചും ഭൂരിപക്ഷം വരുന്ന ജേര്‍ണലിസ്റ്റുകള്‍ക്കുമുള്ള അജ്ഞത എത്രമാത്രം വലുതാണെന്നതിന്റെ പ്രത്യക്ഷ തെളിവായും ഈ സംഭവത്തെ നിരീക്ഷിക്കാന്‍ സാധിക്കും. സംഘത്തിന്റെ കൂടെ സഞ്ചരിച്ച ഒരു ന്യൂസ് ഫോട്ടോഗ്രാഫര്‍ ഇങ്ങനെ എഴുതുന്നു.

 മയക്കുവെടിയേറ്റ ശേഷം അരിക്കൊമ്പൻ | IMAGE: Representational Purpose Only
'എന്റെ ക്യാമറയിലെ ചിത്രങ്ങള്‍ മുകേഷിന് കാണിച്ചുകൊടുത്തു. കുറച്ച് കഴിഞ്ഞപ്പോള്‍ പുഴയ്ക്കരികില്‍ പന തള്ളിയിടുന്നതിന്റെ ശബ്ദം കേട്ടു. അതോടെ ആ ഭാഗത്തേക്ക് പോയി നോക്കാമെന്ന് പറഞ്ഞെങ്കിലും നല്ല ചിത്രം കിട്ടില്ലെന്ന് തോന്നിയപ്പോള്‍ മടിച്ചു. അതിനിടയില്‍ നാട്ടുകാരിലൊരാള്‍ ആ ഭാഗത്ത് പോയി. അവിടെ നേരത്തെ കണ്ട ആനയല്ലാതെ മറ്റൊരാന കൂടിയുണ്ടെന്ന് മനസ്സിലായതോടെ ഉടന്‍ പിന്‍തിരിഞ്ഞു. തുടര്‍ന്ന്, അവിടെ നിന്ന് ചെക്ക്ഡാമിന്റെ സിമന്റ് തിട്ടില്‍ ആനകളിറങ്ങുന്നതും കാത്തിരുന്നു. അതിനിടയില്‍ ന്യൂസ് സംഘം പുഴയോരത്ത് ഒന്നുകൂടെ നോക്കാന്‍ പോയി. കുറച്ചുനേരം കഴിഞ്ഞിട്ടും കാണാതായതോടെ ഞാന്‍ മുകേഷിനെ ഫോണില്‍ വിളിച്ചു. ആ സമയം ആനയെ നന്നായി കാണാന്‍ കഴിയുന്നില്ലെന്നായിരുന്നു മുകേഷിന്റെ മറുപടി. കുറച്ചുസമയം കഴിഞ്ഞതും ആനയുടെ ചിന്നംവിളി കേട്ടു. പിറകെ മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ ഗോകുലും ഡ്രൈവര്‍ മനോജും ഓടിവരുന്നു. ഇതിനിടെയാണ് മുകേഷിനെ കാണുന്നില്ലെന്ന് അറിയുന്നത്. എന്തുസംഭവിച്ചു എന്ന് ചോദിച്ചപ്പോള്‍ രണ്ടാനകളിലൊന്ന് ഇവരെ ഓടിച്ചെന്നും ഓടുന്നതിനിടയില്‍ മുകേഷ് വീണുപോയെന്നും ഗോകുല്‍ പറഞ്ഞു.'      

IMAGE:Representational Purpose Only
ഈ പ്രതികരണത്തില്‍ നിന്ന് തന്നെ അവിടെ നടന്ന സംഭവത്തെക്കുറിച്ച് മനസ്സിലാക്കാം. ആന പന തള്ളിയിടുന്ന ശബ്ദം കേട്ട് പുഴയ്ക്കരികില്‍ നിന്നും ഒരിക്കല്‍ പിന്‍മാറുകയും, ചെക്ക്ഡാമിന്റെ ഭാഗത്ത് കാണാഞ്ഞ് വീണ്ടും  അതേ സ്ഥലത്തേക്ക് ന്യൂസ് സംഘം തിരികെചെന്നതായും അപ്പോഴാണ് അപകടം സംഭവിച്ചതെന്നുമാണ് മുകളില്‍ അദേഹം എഴുതിയിരിക്കുന്നത്. കാടിനോടും കാട്ടുമൃഗങ്ങളോടുമുള്ള ഇടപെടലുകളില്‍ പാലിക്കേണ്ട പ്രാഥമികമായ മുന്‍കരുതലുകളില്ലാതെയാണ് മീഡിയാസംഘം അവിടെ ആനകളെ സമീപിച്ചിരിക്കുന്നതെന്ന് വ്യക്തം. തൊഴില്‍പരമായ മുന്‍കരുതലും പാലിക്കപ്പെട്ടില്ല. ആള്‍ക്കൂട്ടവും ആനക്കൂട്ടങ്ങളും രണ്ടാണെന്ന പ്രാഥമികമായ അറിവ് ഇവിടെ മറന്നു. വന്യമൃഗങ്ങളുമായി ഇടപഴകുമ്പോള്‍ പ്രത്യേകിച്ച്, ആനകളുമായി ഇടപഴകുമ്പോള്‍ പാലിക്കേണ്ട സേഫ് ഡിസ്റ്റന്‍സിനെക്കുറിച്ചുള്ള അറിവ് ഇത്തരം ഘട്ടങ്ങളില്‍ പ്രധാനമായിരുന്നു. കാരണം, കുട്ടികളുമായി കൂട്ടമായി സഞ്ചരിക്കുന്ന ആനകള്‍ സദാസമയം കുട്ടിയാനകളുടെ സുരക്ഷയില്‍ അതീവശ്രദ്ധാലുക്കളും, അപകടകാരികളുമായിരിക്കും. കുട്ടിയാനകളുമായുള്ള ആനകളുടെ യാത്രകള്‍ ശ്രദ്ധിച്ചാല്‍ നമുക്കത് മനസ്സിലാക്കാം. ഒറ്റയാനകളുടെ ആക്രമണാത്മക സ്വഭാവം ഒഴിച്ചുനിര്‍ത്തിയാല്‍ കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ മാത്രമാണ് പിടിയാനകള്‍ അഗ്രഷന്‍ കാണിക്കാറുള്ളത്. സാധാരണയായി മോക്ക് ചാര്‍ജിങ്ങിന് ശേഷം എത്രയുംവേഗം അവ പിന്‍വാങ്ങാന്‍ ശ്രമിക്കുകയാണ് പതിവ്. വിശപ്പും ദാഹവുമല്ല ലക്ഷ്യമെങ്കില്‍ പരമാവധി സന്ദര്‍ഭങ്ങളില്‍ അവ മനുഷ്യസാമീപ്യങ്ങളില്‍ നിന്നും നിരന്തരം നിശ്ശബ്ദം മാറി സഞ്ചരിക്കും. മറിച്ച്, സേഫ് ഡിസ്റ്റന്‍സ് ക്രോസ് ചെയ്താണ് മനുഷ്യന്‍ നില്‍ക്കുന്നതെങ്കില്‍ ഫലം അപകടകരമാംവിധം വിരുദ്ധമായിരിക്കും. അവ കൂട്ടംതെറ്റി വിവിധ വശങ്ങളിലേക്ക് സ്വയം മാറി നില്‍ക്കുകയാണ് ആദ്യം ചെയ്യുക. ആനക്കൂട്ടത്തെ നിരീക്ഷിച്ച് പരിചയമുള്ളവര്‍ക്ക്, ഇത്തരം സന്ദര്‍ഭങ്ങളില്‍ വളരെ ക്ഷമാപൂര്‍വ്വം അവ അകന്നുനില്‍ക്കുന്നത് തിരിച്ചറിയാനാകും. ഇതിനായി ആനകള്‍ ഉപയോഗിക്കുന്ന പ്രത്യേകതരം വിനിമയരീതികള്‍ വനയാത്രകള്‍ പതിവായി നടത്തുന്നവര്‍ക്ക് പരിചിതമാണ്. അതിനാല്‍തന്നെ ആ അപകടവൃത്തത്തിനുള്ളിലേക്ക് അഥവാ, വിന്യസിച്ചുനില്‍ക്കുന്ന ആനക്കൂട്ടത്തിന് നടുവില്‍ പെട്ടുപോകാതിരിക്കാനോ, ഒട്ടും സമയംകളയാതെ അകന്നുപോകാനോ ആ പരിചയസമ്പന്നര്‍ക്ക് സാധിക്കും. അതിശയകരമായ നിശ്ശബ്ദത പാലിക്കുവാന്‍ ശേഷിയുള്ള കാട്ടാനകളുടെ ചൂടുംചൂരും തിരിച്ചറിയാനാവുക പ്രധാനമാണ്. അല്ലാത്ത ഒരാള്‍ക്ക് തന്റെ അഞ്ചടി പിറകില്‍ ആനയുണ്ടെങ്കിലും തിരിച്ചറിയാന്‍ സാധിക്കില്ല. ഇത്തരത്തില്‍ ഫീല്‍ഡ് എക്സ്പീരിയന്‍സ് ഇല്ലായ്മയാണ് യഥാര്‍ഥത്തില്‍ പാലക്കാട് മാതൃഭൂമി റിപ്പോര്‍ട്ടര്‍ സംഘത്തിന് സംഭവിച്ചിട്ടുള്ളതെന്ന് ഫോട്ടോഗ്രാഫറുടെ വിശദീകരണത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. ഇത് നാളെയും സംഭവിക്കാം. കാരണം, സെന്‍സേഷണല്‍ സ്വഭാവമുള്ള വിഷ്വല്‍സ് മാത്രം വ്യൂവര്‍ഷിപ്പിന്റെ ഏക അടിസ്ഥാനമായി നില്‍ക്കുന്നിടത്തോളം കാലം മുന്നറിയിപ്പുകളെ അവഗണിച്ചുള്ള ഇത്തരം ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. മറ്റൊരര്‍ഥത്തില്‍, മത്സരാധിഷ്ഠിതമായ ചാനല്‍ ലോകത്ത് ഏതൊരു ജേര്‍ണലിസ്റ്റും തൊഴില്‍പരമായി ബലിയാടാക്കപ്പെടുകയാണെന്നും പറയാം. അത്തരം സാഹചര്യങ്ങളിലേക്ക് ഒരു ക്യാമറാമാനെ ആത്മഹത്യാപരമായി പ്രേരിപ്പിക്കുന്ന ഘടകം ഇന്ന് നമ്മുടെ മാധ്യമസംസ്‌കാരത്തിന്റെ സ്വാഭാവിക സ്വഭാവമായും മാറി. കഴിഞ്ഞവര്‍ഷം ഇതേസമയത്തായിരുന്നു ചിന്നക്കനാലില്‍ നിന്നും കാട്ടാനയെക്കണ്ട് ഓടിരക്ഷപ്പെടുന്ന ചാനല്‍ സംഘത്തിന്റെ ദൃശ്യം അതേ ചാനല്‍ തന്നെ ആക്ഷന്‍ മ്യൂസിക്കുമായി പ്രസിദ്ധീകരിച്ചത്.  
   
കാട്ടുപാതകളിൽ വാഹനത്തിൽ നിന്നും ഇറങ്ങി മൊബൈലിൽ കാട്ടാനയെ ചിത്രീകരിക്കാനുള്ള അനാവശ്യ ശ്രമങ്ങൾ പതിവായി. നിരവധി കേസുകൾ സമാനമായി തുടരേ റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

നാരോകാസ്റ്റിങ് എന്ന തന്റെ മീഡിയാ ആശയത്തെക്കുറിച്ച് വിഖ്യാത വന്യജീവി ഛായാഗ്രാഹകന്‍ ശേഖര്‍ ദത്താത്രി പറയുന്നതിങ്ങനെയാണ്. 'ഒരു ബ്രോഡ് കാസ്റ്റിങ് പലപ്പോഴും വിദൂരമായി നില്‍ക്കുന്ന, ഗുണപരമല്ലാത്ത വലിയ ഓഡിയന്‍സിന് മുന്‍പിലേക്ക് ചെല്ലുകയും വളരെ വൈകി മാത്രം വിഷയത്തില്‍ നടപടി ഉണ്ടാകുന്ന അവസ്ഥയുമാണ് ഉണ്ടാകാറുള്ളത്. അതിന് പകരമായി ഏറ്റവും ഇമ്മീഡിയറ്റായി നടപടി ഉണ്ടാകുന്ന വിധത്തില്‍, ഡിസിഷന്‍ മേക്കേസായിട്ടുള്ള ചുരുങ്ങിയ ആളുകള്‍ക്ക് മുന്‍പിലേക്ക് അത്തരം ഫിലിമുകളെ കാണിക്കുക എന്നതാണ് നാരോകാസ്റ്റിങ് എന്ന എന്റെ രീതി.'
 
ഒരു വനശോഷണത്തെക്കുറിച്ച് ഒരുവര്‍ഷം നീണ്ട പ്രോജക്ട് ചെയ്യുമ്പോഴേക്കും ആ കാട് തന്നെ അപ്രത്യക്ഷമാകുമെന്നും, അതിന് പകരം ഒറ്റദിവസം കൊണ്ട് ഒരു വീഡിയോ ചിത്രീകരിക്കുകയും രണ്ടാം ദിവസം നിയമനടപടി ഉണ്ടാവുകയും, മൂന്നാം ദിവസം കാട് നശിപ്പിക്കുന്നത് നിര്‍ത്തിപ്പിക്കുകയും വേണമെന്നതാണ് അദേഹം മുന്നോട്ടുവെക്കുന്ന ആശയം. സമാനമായ ആലോചന നമ്മുടെ ജേര്‍ണലിസം പ്രവര്‍ത്തനങ്ങളിലേക്ക് നീട്ടുമ്പോള്‍ ഫലപ്രാപ്തി എന്നതിനപ്പുറം, ഒരു വിഷയം സദാസമയം ഉപയോഗിക്കപ്പെടുംവിധം ദീര്‍ഘമായി നിലനിര്‍ത്തപ്പെടണം എന്നാണ് അരിക്കൊമ്പന്‍ വിഷയത്തില്‍ നമുക്ക് മനസ്സിലാക്കാനാവുക. കാരണം, അരിക്കൊമ്പന് ശേഷം പുതിയ പ്രശ്നക്കാരായി ചക്കക്കൊമ്പനെന്നും, മുറിവാലനെന്നും പേരിട്ട കാട്ടാനകളെ സമാനരായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുള്ളത് അതിന്റെ ഭാഗമായാണ്. ഏതൊരു ആനക്കൂട്ടത്തിലും ആധികാരിക മേല്‍ക്കോയ്മയുള്ള ഒരു കൊമ്പന്‍ ഉണ്ടാകുമെന്നും, ഒന്നിന് ശേഷം മറ്റൊന്ന് എന്ന നിലയ്ക്ക് തല്‍സ്ഥാനത്തേക്ക് പുതിയ ആനകള്‍ ഉയര്‍ന്നുവരുമെന്നുമുള്ള സാമാന്യപാഠം ജേര്‍ണലിസം സിലബസില്‍ ഇല്ലെങ്കിലും, വനംവകുപ്പിന്റെ കൈയ്യിലുള്ളതിനാലാണ്, ആ മേഖലയിലെ ഹ്യൂമന്‍ സെറ്റില്‍മെന്റ് എന്നേക്കുമായി മാറ്റി സ്ഥാപിക്കണമെന്ന വനംവകുപ്പിന്റെ വിദഗ്ധസമിതി നിര്‍ദേശം ഈ മെയ് മാസം തന്നെ പുറത്തുവന്നത്. നിതാന്തവന്യതയിലും, പരിചിതമായ ടെറിട്ടറിയിലും മാത്രം ജീവിക്കാന്‍ അറിയാവുന്ന ആനകളെ അനന്തകാലത്തോളം മാറ്റിപ്പാര്‍പ്പിച്ച് കൊണ്ടേയിരിക്കുന്നതിലും നല്ലത് ഏതാനും മനുഷ്യരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണെന്നും, വന്യമൃഗങ്ങള്‍ക്ക് അവയുടെ ഭൂമിയെ, ഏറെ സംഘര്‍ഷാത്മകമായ ഇടങ്ങളിലെങ്കിലും തിരികെ നല്‍കണമെന്ന പ്രായോഗിക ചിന്തയുടെ ഫലം കൂടിയാണത്. ഗുരുതരമായ മനുഷ്യ വന്യജീവി സമ്പര്‍ക്കങ്ങള്‍ നടക്കുന്ന എല്ലായിടത്തും ഏറ്റവും വിജയകരമായ ഏക മാര്‍ഗ്ഗമെന്നതും അത് തന്നെയാണ്. ഒരൊറ്റ മാധ്യമം പോലും ഇത്തരമൊരു ആത്യന്തിക ശരിക്ക് വേണ്ടി കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് വാദിച്ചിരുന്നില്ലായെന്നും, അന്തിമ ഉത്തരം ഒരിക്കലും അത്തരം മാധ്യമങ്ങളുടെതായിരുന്നില്ല എന്നതും തന്നെയാണ്, നമ്മുടെ ജേര്‍ണലിസത്തിന്റെ ദിശാസൂചകങ്ങള്‍ എത്രമാത്രം പൊള്ളയായിരുന്നുവെന്നതിന്റെ തെളിവും.


IMAGE: Representational Purpose Only
മാധ്യമങ്ങള്‍ വന്യജീവി ഡാറ്റ നല്‍കുന്നതിലെ ഗുരുതരമായ അശ്രദ്ധകള്‍

വന്യജീവി വിഷയങ്ങള്‍ സംബന്ധിക്കുന്ന വാര്‍ത്തകള്‍ ഇന്ന് മുഖ്യധാരാ മാധ്യമങ്ങളുടെ പ്രധാന ടോപ്പിക്കുകളില്‍ ഒന്നായി മാറിയിട്ടുണ്ട്. സാധാരണക്കാരായ മലയോര കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികളെ റിപ്പോര്‍ട്ട് ചെയ്യുകയും അധികൃതരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയും ചെയ്യുകയെന്നതിനപ്പുറം മിക്ക സ്റ്റോറികളുടെയും ലക്ഷ്യം വാര്‍ത്താശ്രദ്ധാ കൂടുതലായി ലഭിക്കണം എന്നത് മാത്രമാണ്. ഇത് സാമൂഹികമായി ഉണ്ടാക്കുന്ന പരിക്കുകള്‍ ആലോചനാവിഷയം പോലുമാകുന്നില്ല. യുക്തിസഹമായി വിഷയത്തെ പരിശോധിക്കുകയും ഒഴിവാക്കേണ്ടവ ഒഴിവാക്കപ്പെടുകയും ചെയ്യാതെ, കാഴ്ചാസാധ്യത മാത്രം സ്റ്റോറികളുടെ അടിസ്ഥാനമായി മാറി. അവസാന വര്‍ഷങ്ങളില്‍ വന്നിട്ടുള്ള ഇത്തരം വാര്‍ത്തകള്‍ വീണ്ടും പുനഃപരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും.
 
2023 ഡിസംബര്‍ 15ന്റെ മലയാള മനോരമ ദിനപത്രത്തിലെ എഡിറ്റോറിയല്‍ പേജില്‍ പ്രമുഖമാധ്യമ പ്രവര്‍ത്തകനായ ഓ കെ ജോണി എഴുതിയ ലേഖനത്തില്‍ പറയുന്നു. 'വെറും 344 ച.കി.മീ വിസ്തൃതിയുള്ള വയനാട് വന്യജീവി സങ്കേതത്തിനുള്ളില്‍ മാത്രം 240 കടുവകള്‍ ഉണ്ടെന്നതാണ് അനൗദ്യോഗിക കണക്ക്'. യഥാര്‍ത്ഥ എണ്ണത്തെയും, വിസ്തീര്‍ണ്ണത്തെയും മൂന്നിരട്ടിയാക്കി എഴുതുകയാണ് അദ്ദേഹം യഥാര്‍ത്ഥത്തില്‍ ചെയ്തത്. അതായത് ഓരോ ഒന്നര കിലോമീറ്ററിലും വയനാട്ടില്‍ ഓരോ കടുവയുണ്ട് എന്നായിരുന്നു അദ്ദേഹം സമര്‍ഥിക്കുവാന്‍ ശ്രമിച്ചത്. വാസ്തവത്തില്‍ കടുവകളുടെ കണക്കെടുക്കപ്പെടുന്നത് 344 ച.കി.മീ വരുന്ന വയനാട് വന്യജീവി സങ്കേതത്തില്‍ മാത്രമല്ല. വയനാട് നോര്‍ത്തും സൗത്തും, ആറളവും, കൊട്ടിയൂരും ഉള്‍പ്പെടുന്ന 1138 ച.കി.മീ വിസ്തൃതി വരുന്ന വിസ്തൃതമായ വയനാട് ലാന്‍ഡ്സ്‌കേപ്പിലാണ്. ഇതിനെയാണ് അദ്ദേഹം 344 ച.കി.മീ മാത്രമാക്കി ചുരുക്കിയത്. ഇനി, കേരള വനംവകുപ്പിന്റെ ആധികാരിക റിപ്പോര്‍ട്ട് പ്രകാരം 1,138 ചതുരശ്രകിലോമീറ്റര്‍ വരുന്ന ഈ പറയുന്ന വയനാട് ലാന്‍ഡ് സ്‌കേപ്പില്‍ ആകെയുള്ളത് 84 കടുവകളാണ്. സമാനമായി, രാജ്യത്തെ കടുവകളുടെ എണ്ണത്തില്‍ അവസാനവാക്കായ NTCA (National Tiger Conservation Authority) റിപ്പോര്‍ട്ട് പ്രകാരം 1,138 ച.കി.മീ വരുന്ന വയനാട് ലാന്‍ഡ് സ്‌കേപ്പില്‍ ആകെയുള്ളത് 80 കടുവകളാണ്. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ആര്‍ക്കും മൊബൈല്‍ ഫോണില്‍ പോലും ആക്സസ് ചെയ്യത്തക്കവിധത്തില്‍ ഇവ പബ്ലിക്ക് ഡാറ്റയായി നിലനില്‍ക്കെയാണ് വാസ്തവവുമായി വിദൂരബന്ധം പോലുമില്ലാത്ത ഇത്തരം വ്യാജകണക്കുകള്‍ മുഖ്യധാരാ മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ പേജുകളില്‍ സ്ഥാനം നേടുന്നത് എന്നോര്‍ക്കണം.

IMAGE: Representational Purpose Only
സമാനമായി, ചില കര്‍ഷകസംഘടനകള്‍ മാധ്യമങ്ങളില്‍ അവതരിപ്പിക്കുന്ന കണക്കുള്‍ പരിശോധനകള്‍ ഒന്നുമില്ലാതെ അതേപടി നല്കുന്ന രീതിയും  ഇന്ന് കാണാം. 2023-ലെ ലേറ്റസ്റ്റ് ഡാറ്റ ലഭ്യമായിട്ടും 2018-ലെ ഔട്ട്ഡേറ്റഡ് ഡാറ്റയാണ് ഇവര്‍ തുടര്‍ച്ചയായി പ്രചരിപ്പിച്ചുപോരുന്നത്. 344 ച.കി.മീറ്ററിനുള്ളിലെ 154 കടുവകള്‍ എന്ന കണക്കുകളാണ് 2024 ന്റെ തുടക്കത്തിലും അവര്‍ പ്രചരിപ്പിക്കുന്നത്. 2023 ലെ NTCA റിപ്പോര്‍ട്ടില്‍ 'There has been a significant decline in tiger numbers compared to 2018 (2018-120 unique tiger,2022-80 unique tiger' എന്നെഴുതിയിരുന്നിട്ടും, ഈ ഗുരുതരമായ കുറവിനെ ഒളിച്ചുവെക്കാനുള്ള സംഘടനകളുടെ പരിശ്രമങ്ങളെ മാധ്യമങ്ങള്‍ക്ക് തടയുവാനായില്ലെന്ന് മാത്രമല്ല, അവര്‍ അവതരിപ്പിക്കുന്ന തെറ്റായ നമ്പറുകളെ അതേപടി പ്രചരിപ്പിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍  പലരും വ്യക്തിപരമായ രീതിയില്‍ അവതരിപ്പിക്കുന്ന കണക്കുകള്‍ക്കുമപ്പുറമുള്ള വിശ്വാസ്യത പത്രങ്ങളിലും ചാനലുകളിലും വരുന്ന സ്ഥിതിവിവരണങ്ങള്‍ക്ക് പൊതുസമൂഹം നല്‍കാറുണ്ട്. സത്യസന്ധമല്ലാത്ത കണക്കുകള്‍ ആളുകളെ ഭയപ്പെടുത്തുകയും, അനാവശ്യമായ പ്രതിഷേധങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഈ ആലോചനയില്ലാതെയാണ് മനുഷ്യ-വന്യജീവി സമ്പര്‍ക്കങ്ങളിലെ കണക്കുകള്‍ തെറ്റിദ്ധാരണ പരത്തുംവിധം എല്ലായ്പ്പോഴും പ്രചരിപ്പിക്കപ്പെടുന്നത്.    

കാഴ്ചക്കാരുടെ എണ്ണത്താല്‍ നിശ്ചയിക്കപ്പെടുന്ന മീഡിയാ എത്തിക്സ്
 
എങ്ങനെയാണ് ചാനലുകള്‍ക്ക് വന്യജീവി വിഷയം സമീപനാളുകളില്‍ ഹോട്ട് ടോപ്പിക്കായി മാറിയതെന്നത് പരിശോധിക്കാന്‍ നിരവധിയായ ഉദാഹരണങ്ങള്‍ ഉണ്ടെങ്കിലും, പ്രധാനപ്പെട്ട ചാനലുകളുടെയെല്ലാം യൂട്യൂബ് പേജുകളിലെ മോസ്റ്റ് വ്യൂവ്ഡ് വീഡിയോകളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ മാത്രം ചാനലുകളുടെ ഈ താല്പര്യത്തിന്റെ കാരണം വ്യക്തമാകും. അതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതിലൊന്ന് അരിക്കൊമ്പന്‍ വീഡിയോകളാണ്. ഈ കാട്ടാന ഒരു ശല്യക്കാരനായ ആനയാണെന്ന നരേഷന്‍ ഉയര്‍ന്നുവരുന്ന കാലം മുതല്‍ക്ക് കാഴ്ചയുടെ എണ്ണം വര്‍ദ്ധിച്ച്, ഇന്നത്തെ ജേര്‍ണലിസത്തിന്റെ അടിസ്ഥാനശിലയായ 1 മില്യണ്‍ കടന്നും ഓടിക്കൊണ്ടിരിക്കുന്നത് കാണാം. മലയാളത്തിലെ സകല തല്‍സമയചാനലുകളും, ആ വീഡിയോകള്‍ റിപ്രൊഡ്യൂസ് ചെയ്യുന്ന ഇതര പേജുകളും, വ്ളോഗര്‍മാരും കൂടി സാറ്റലൈറ്റ്, ഫേസ്ബുക്ക്, യൂട്യൂബ് എന്നീ പ്ലാറ്റ്ഫോമുകളില്‍ മാത്രം അരിക്കൊമ്പന്‍ എന്ന ഒറ്റ കാട്ടാനയെ വച്ചുണ്ടാക്കിയ വരുമാനം നൂറുകോടിക്കും മുകളിലായിരിക്കാമെന്ന് നിശ്ചയമായും ഉറപ്പിക്കാനാവും. ആ കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ പരസ്യ ഡിമാന്റ് ഉണ്ടായിരുന്നത് അരിക്കൊമ്പന്‍ ലൈവില്‍ നില്‍ക്കുന്ന സമയമായിരുന്നു. പ്രാദേശിക ക്യാമറാമാന്‍മാര്‍ പ്രദേശത്ത് നിന്നും ലഭിക്കുന്ന വിഷ്വലുകള്‍ ചാനലുകള്‍ക്കും, യൂട്യൂബര്‍മാര്‍ക്കും, വ്ളോഗര്‍മാര്‍ക്കും വില്പ്പന നടത്തുന്ന സ്ഥിതിവരെയുണ്ടായി. വാട്സ് ആപ്പിലൂടെ നാട്ടുകാര്‍ ഷെയര്‍ ചെയ്യുന്ന വന്യജീവി വീഡിയോകള്‍ ടെലികാസ്റ്റ് ചെയ്യുന്നത് നമ്മുടെ വാര്‍ത്താചാനലുകളില്‍ പതിവായി. രണ്ട് പ്രമുഖ ചാനലുകളില്‍ കഴിഞ്ഞ നാല് മാസങ്ങള്‍ക്കുള്ളില്‍ പോസ്റ്റ് ചെയ്യപ്പെട്ട, വാട്സ് ആപ്പ് ഷെയര്‍ ഉള്‍പ്പെടുന്ന കാട്ടാന വീഡിയോകളുടെ, പെട്ടെന്ന് ലഭ്യമായ എണ്ണം 34 ആയിരുന്നു. അതില്‍ പതിനൊന്ന് വീഡിയോകള്‍ പത്ത് ലക്ഷം കാഴ്ചകള്‍ കടന്നതായിരുന്നു. നിരന്തരം കൂടിക്കൊണ്ടിരിക്കുന്നുവെങ്കിലും ആകെ കാഴ്ചക്കാരുടെ എണ്ണം രണ്ട് കോടി മുപ്പത് ലക്ഷം ആയിരുന്നു. പ്രധാനപ്പെട്ട രണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള പ്രത്യക്ഷവരുമാനം മാത്രം ഏതാണ്ട്, ഇരുപത് ലക്ഷത്തിന് മുകളില്‍ വരും. കാട്ടാന ഇറങ്ങുക എന്നത് എങ്ങനെയാണ് ചാനലുകളുടെ ആവശ്യമായി മാറുന്നതെന്നും, എങ്ങനെയൊക്കെയാണ് റിപ്പോര്‍ട്ടിങ്ങിലെ അതിവൈകാരികത അതിനെ ഉദ്ദീപിപ്പിക്കുന്നതെന്നും ഈ കണക്കുകളില്‍ വ്യക്തമാണ്. ജീവശൃംഖലയിലെ സുപ്രധാനമായ ഒരു കണ്ണി, നമ്മുടെ പാരിസ്ഥിതിക സമഗ്രതയിലെ ഏറ്റവും ഭാരിച്ച ജീവി വെറുമൊരു ക്യാമറാ ഇരമാത്രമായി ചുരുങ്ങുന്നതെങ്ങനെയാണെന്നും, അതിലേക്ക് നയിക്കുന്ന ജേര്‍ണലിസം പാഠങ്ങള്‍ എന്താണെന്നതുമാണ് ചോദ്യം. സാധാരണ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തെ വകുപ്പുതല ശ്രദ്ധയിലേക്ക് എത്തിക്കുക, നിയമപരമായ നടപടികള്‍ക്ക് പ്രചോദിപ്പിക്കുക എന്നതിനപ്പുറം, വിഷയത്തെ കാഴ്ചക്കാര്‍ക്ക് വേണ്ടിമാത്രമായുള്ള ചൂടപ്പമാക്കി മാറ്റുന്ന ഗതികേട് ഇതില്‍ തെളിഞ്ഞുകാണാം. ഇത്തരം പ്രവണതകള്‍ പൊതുബോധത്തെ എത്രമാത്രം മോശമായി ബാധിക്കുമെന്ന ചിന്ത അറ്റുപോയെന്നതാണ് നവകാല ജേര്‍ണലിസത്തിന്റെ ജീര്‍ണ്ണതയായി മാറുന്നതും.

IMAGE: Representational Purpose Only

ചിന്നക്കനാലിലെ കാട്ടാന വിഷയങ്ങളില്‍ മുഖ്യധാരാ ചാനലുകളില്‍ പ്രധാനപ്പെട്ട ജേര്‍ണലിസ്റ്റുകളുടെ നേതൃത്വത്തില്‍ നല്കിയ റിപ്പോര്‍ട്ടുകളിലെ ചില സ്റ്റേറ്റ്മെന്റുകള്‍ അഥവാ കമന്ററികള്‍ ഇപ്രകാരമായിരുന്നു. പൊതുസമൂഹത്തോടുള്ള ധാര്‍മ്മികമായ കടമയാണോ, മത്സരപ്രവണത മാത്രമാണോ ഒരു ജേര്‍ണലിസ്റ്റിന്റെ ഭാഷാശൈലിയെ നിര്‍ണ്ണയിക്കുന്നതെന്ന ചോദ്യം സ്വാഭാവികമായും ഇവിടെ  ഉന്നയിക്കപ്പെടും. ഇതില്‍, മാതൃഭൂമി, മനോരമ, റിപ്പോര്‍ട്ടര്‍, 24 തുടങ്ങി മലയാളിയുടെ പൊതുബോധത്തെ നിര്‍ണ്ണയിക്കുന്ന പ്രധാനപ്പെട്ട ചാനലുകളെല്ലാം ഉള്‍പ്പെടുന്നുണ്ട്. അരിക്കൊമ്പന്‍ എന്ന് പേരിടപ്പെട്ട ഒരു കാട്ടാനയെ തങ്ങളുടെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട്, മൈക്കും പിടിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്ന ജേര്‍ണലിസ്റ്റുകള്‍ പറയുകയാണ്:
 
'ഇന്ന് അതിമനോഹരമായ ഒരു കാഴ്ച കണ്ടു. അരിക്കൊമ്പന്‍ ആദ്യമായി ഇണചേരുന്നു. ഒരുപക്ഷേ, ഇനിയിതൊന്നും നടക്കില്ലയെന്ന തോന്നല്‍ പുള്ളിക്കുണ്ടാവാം.'

'കോടതിവിധി തനിക്ക് അനുകൂലമാണ് എന്നറിഞ്ഞിട്ടാണോ എന്നറിയില്ല, പ്രണയപരവശനായ അരിക്കൊമ്പന്‍ കുടുംബസമേതം ചില്ലിങ്ങാണ്.'

'35 വയസ്സുള്ള അരിക്കൊമ്പന്‍ 'പക്കാ ലോക്കല്‍' ആണ്'

'നന്‍പകല്‍ നേരത്ത് ആനമയക്കം'
 
'വലിയ ആന ആനപ്പിണ്ടം ഇടുമ്പോള്‍ കുട്ടിയാന പേടിച്ച് ഓടിമാറുന്ന കാഴ്ച നമുക്കീ ദൃശ്യങ്ങളില്‍ കാണാം'

'ഒരു അരിശക്കാരന്‍ കൊമ്പന്റെ ഭീകരമുഖമാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്'
 IMAGE:Representational Purpose Only
ഇത്തരം പരിഹാസ്യ കമന്റുകളും കാര്‍ഡുകളും ലക്ഷക്കണക്കിന് പ്രേക്ഷകര്‍ക്ക് മുന്നില്‍ ലജ്ജയില്ലാതെ പറയുന്നത് വിദ്യാസമ്പന്നരായ ജേര്‍ണലിസ്റ്റുകള്‍ ആണെന്നോര്‍ക്കണം. കാടിനെക്കുറിച്ചോ വന്യജീവികളെക്കുറിച്ചോ അവയുടെ സങ്കീര്‍ണ്ണമായ ആവാസ വ്യവസ്ഥയെക്കുറിച്ചോ യാതൊരു ധാരണയോ, അറിവോ ഇല്ലാതെയാണ് യൂത്ത് ലീഗ് മാര്‍ച്ചും, എസ്പി ഓഫീസിന് മുന്നിലെ ലാത്തിച്ചാര്‍ജ്ജും റിപ്പോര്‍ട്ട് ചെയ്യുന്ന ലാഘവത്തോടെ പലരും കാടന്‍ അസൈന്‍മെന്റുമായി മലകയറുന്നത്. തൃശൂര്‍പൂരത്തിലെ കുടമാറ്റത്തിനും, നെഹ്രുട്രോഫി വള്ളംകളിക്കും, ആറ്റുകാല്‍ പൊങ്കാലയ്ക്കും ചിന്നക്കനാലിലെ കാട്ടാനയ്ക്കും ഒറ്റ ഭാഷാശൈലിയും ഒരേ ഉപമകളും ചാനല്‍ റിപ്പോര്‍ട്ടര്‍മാരില്‍ നിന്നും ഉണ്ടാകുന്നത് അതിനാലാണ്. ഇത് കൃത്യമായും വിമര്‍ശന വിധേയമാക്കേണ്ട ഒന്നാണ്. തിരുത്തപ്പെടേണ്ട ഒന്നാണ്. 'മിഷന്‍ അരിക്കൊമ്പന്‍ പ്രതിസന്ധിയില്‍, ആന കാട്ടില്‍ കിടന്നുറങ്ങുന്നതായി സംശയം' എന്നായിരുന്നു കേരള കൗമുദിയുടെ ഒരു ഗ്രാഫിക്സ് കാര്‍ഡ്. ആന കാട്ടിലല്ലാതെ നിയമസഭയില്‍ കിടന്നുറങ്ങണമോയെന്ന് ചോദിക്കാന്‍ നിര്‍ഭാഗ്യവശാല്‍ പ്രേക്ഷകന് അവസരമുണ്ടായില്ല.

IMAGE: Representational Purpose Only
ഒരു കാട്ടാനയെ കാട് കടത്തിച്ച ശേഷം, ഞങ്ങളുടെ റിപ്പോര്‍ട്ടര്‍/ക്യാമറ സംഘം അക്ഷീണം പ്രവര്‍ത്തിച്ചതിനാലാണ് ഈ ദൗത്യം നടന്നതെന്ന് നിരന്തരം പറയുകയും, യുദ്ധജയത്തിന് ശേഷം പട്ടാളക്കാരുടെ തോക്കേന്തിയ പോലെ ക്യാമറയുമായി നില്‍ക്കുന്ന ചാനല്‍ പ്രവര്‍ത്തകരുടെ പടങ്ങള്‍ നിരത്തിയ കാര്‍ഡുകള്‍ കൊടുക്കാനും, അവരുടെ അഭിമുഖങ്ങള്‍ നല്‍കാനും ചാനലുകള്‍ മറന്നില്ല. ഓരോ ചാനലുകളും ഞങ്ങളാണ് ഏറ്റവും നന്നായി പണിയെടുത്തതെന്ന് പരസ്പരം മത്സരിച്ചുവാദിച്ചു. നാട് കടത്തപ്പെട്ട ജീവന്റെ പശ്ചാത്തലത്തെ, ആ മണ്ണിന്റെ ചരിത്രത്തെ പ്രതിപാദിക്കാനും, എങ്ങനെയാണ് ചിന്നക്കനാലില്‍ അത്തരമൊരു സാഹചര്യം ഉടലെടുത്തതെന്ന് ഒരു റിപ്പോര്‍ട്ടര്‍ പോലും ഒരിക്കല്‍ പോലും പരിശോധിക്കാന്‍ തുനിഞ്ഞില്ല. പകരം നിസ്സഹായനായ ഒരു കാട്ടാനയുടെ ദുരവസ്ഥയെ ബേസിക് ഇക്കോളജിയുടെ വിദൂരചിന്ത പോലുമില്ലാതെ വര്‍ണ്ണിക്കുവാനും, ഗുരുതരമായ ഒരു പരിസ്ഥിതി വിഷയത്തെ പൈങ്കിളിവത്കരിച്ച് യഥാര്‍ത്ഥ വിഷയത്തെ ഒളിച്ചുവെക്കുവാനും, ഒരൊറ്റ മനുഷ്യനെപ്പോലും കൊലപ്പെടുത്തിയതായി തെളിവില്ലാത്ത ഒരു കാട്ടാനയെ കൊലകൊല്ലിയാക്കി ചിത്രീകരിക്കാനും അക്ഷീണം പ്രയത്നിക്കുകയാണ് ഓരോരുത്തരും ചെയ്തത്. നാഷണല്‍ മീഡിയയെ പ്രതിനിധീകരിക്കുന്ന ഒരു സീനിയര്‍ ജേര്‍ണലിസ്റ്റ് പോലും ഒന്‍പത് പേരെ കൊന്നൊടുക്കിയ അരിക്കൊമ്പനെന്ന് മടിയില്ലാതെ എഴുതി. ഒപ്പം, ലോറിയില്‍ സര്‍വത്ര ബന്ധനസ്ഥനായ കാട്ടാന മലയിറങ്ങുമ്പോള്‍ 'സങ്കടത്തോടെ ചിന്നക്കനാല്‍' എന്ന് ക്യാമറ നോക്കി വൈകാരികമായി മൊഴിഞ്ഞ് സൈന്‍ ഔട്ട് ചെയ്യാനും അവര്‍ മറന്നില്ല.

 കണ്ണിന് കാഴ്ചയില്ലാത്ത തെച്ചിക്കോട്ട് രാമചന്ദ്രൻ എന്ന ആനയെ വർണ്ണിച്ച് ന്യൂസ്‌ 18 ന്റെ പേരിൽ ഇറങ്ങിയ കാർഡ് | IMAGE: Representational Purpose Only

ഒരു വര്‍ഷം കഴിഞ്ഞ് ഇലക്ഷന്‍ ഇടവേളയ്ക്ക് ശേഷം ഈ ഏപ്രില്‍ 29ന് വീണ്ടും ചിന്നക്കനാല്‍ മേഖലയിലേക്ക് തിരിച്ചെത്തിയ ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ ഇങ്ങനെ പറയുന്നു.
'ചിന്നക്കനാലില്‍ നിന്നും അരിക്കൊമ്പന്‍ പോയ ശേഷം അവന്റെ ജോലി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് ചക്കക്കൊമ്പനാണ്. ഇത് ചക്കക്കൊമ്പന്റെ ഒരു വിഹാരകേന്ദ്രമാണ് ആനയിറങ്കല്‍ ഡാം. ഇവിടെ അവന്‍ വെള്ളം കുടിക്കാന്‍ സ്ഥിരമായി എത്താറുണ്ട്.'  കൊടുംവേനലില്‍ സകലജീവികളും കുടിവെള്ളത്തിനായി കാട് മുഴുക്കെ അലയുമ്പോഴാണ് ഈ സ്റ്റേറ്റ്മെന്റുമായി ഒരു ജേര്‍ണലിസ്റ്റ് തല്‍സമയം വന്നു നില്ക്കുന്നതെന്നോര്‍ക്കണം. 'അരിക്കൊമ്പന് ശേഷം ചക്കക്കൊമ്പന്‍' തിയറിയുമായി മലകയറിവരുന്നവരുടെ എണ്ണം നാളെ
വീണ്ടും വര്‍ദ്ധിക്കും.

പൂഞ്ഞാര്‍ മഹാരാജാവിന്റെ കൈയ്യില്‍ നിന്നും വാങ്ങിയ വനഭൂമി മണ്‍റൊ സായിപ്പ് വെട്ടിവെളുപ്പിച്ച് തേയില കൃഷി തുടങ്ങിയ കാലം തൊട്ട് ആനകള്‍ക്കും ഇതരവന്യജീവികള്‍ക്കും അവയുടെ സ്വന്തം ടെറിട്ടറി നഷ്ടമായതാണ്. മറ്റ് ജീവികളെ അപേക്ഷിച്ച് ജനിതക ഓര്‍മ്മയിലെ വാസസ്ഥാനം എക്കാലവും ആശ്രയിക്കുന്ന രീതി ആനകള്‍ക്കുണ്ടെന്നതിനാലും, മറ്റുള്ളവയെപ്പോലെ കൊന്നും, പരിക്കേല്‍പ്പിച്ചും എളുപ്പം ഇല്ലാതാക്കാന്‍ സാധ്യമല്ല എന്നതിനാല്‍ കൂടിയാണ് ഇന്നും അവ ആ പരിസരത്തെ ഉപേക്ഷിക്കാനാവാതെ നില്‍ക്കുന്നത്. നൂറ്റാണ്ടുകളായി അനേകതലമുറ ആനകള്‍ വെള്ളം കുടിക്കാന്‍ ചെല്ലുന്ന ഭൂമി കൂടിയാണ് ആനയിറങ്കല്‍ മേഖല. അവയുടെ ജനിതക ഓര്‍മ്മയില്‍ അതൊരു തടാകമാണ്. ചുറ്റുമുള്ളതെല്ലാം അവയുടെ വിഹാരമേഖലകളായിരുന്നു. ഓരോ കൈയ്യേറ്റങ്ങളിലും മനുഷ്യാധിനിവേശങ്ങളിലും അവ ഒതുങ്ങിയൊതുങ്ങി പിന്മാറിക്കൊണ്ടിരുന്നു. പക്ഷേ, ജീവജലത്തെ, കുടിവെള്ളത്തെ ആശ്രയിക്കാതിരിക്കാന്‍ സാധിക്കാത്തതിനാല്‍ മാത്രമാണ് അവ ആ ഏതാനും വഴികള്‍ മാത്രം ഉപേക്ഷിക്കാതിരിക്കുന്നത്. സകല വനം ഉദ്യോഗസ്ഥരും ഒന്നടങ്കം പറഞ്ഞിട്ടും പൊളിറ്റിക്കല്‍ താല്പര്യത്തിന് വേണ്ടി മാത്രമായി, ആനകളുടെ വിഹാരഭൂമിയെ എ കെ ആന്റണി സര്‍ക്കാര്‍ അന്ന് ഹ്യൂമന്‍ സെറ്റില്‍മെന്റാക്കി മാറ്റി. പല വകുപ്പുകളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമായി ചിതറിക്കിടക്കുന്ന പച്ചനിറഞ്ഞ ഡാം പരിസരം ആനകളെ സംബന്ധിച്ച് അന്നും ഇന്നും ഒറ്റ ഭൂമിയാണ്. അവയ്ക്ക് റവന്യൂ, ഫോറസ്റ്റ്, കെഎസ്ഇബി, പ്ലാന്റേഷന്‍, സ്വകാര്യഭൂമി, റിസോര്‍ട്ട് ഭൂമി എന്നിങ്ങനെ തിരിച്ചറിയാനും അതിനിടയിലെ വനഭൂമിയിലൂടെ മാത്രം സഞ്ചരിക്കാനുമറിയില്ല! കിടങ്ങുകളാലും, ഇലക്ട്രിക്ക് ഫെന്‍സിങ്ങുകളാലും, കൂറ്റന്‍ മതിലുകളാലും കൊട്ടിയടച്ച അവയുടെ ഗതികെട്ട സഞ്ചാരത്തെക്കുറിച്ചും, ചിന്നക്കനാലിലെ കൈയ്യേറ്റഭൂമിയുടെ കണക്കുകളും വിസ്തരിക്കുന്ന എത്ര ചാനല്‍ സ്റ്റോറികള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. കൊടുംവേനലില്‍ സകലജീവജാലങ്ങളുടെയും ജീവദാഹം ഒന്നെന്ന തിരിച്ചറിവില്‍ സഹജീവികളെക്കൂടി പരിഗണിക്കേണ്ട സന്ദര്‍ഭത്തിലാണ് അതിനെക്കൂടി മുടക്കുവാനുള്ള ശ്രമവുമായി നമ്മുടെ ചില മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും എത്തിച്ചേരുന്നത്. ഒപ്പം തന്നെ മിഷന്‍ അരിക്കൊമ്പന്റെ ഒന്നാം വാര്‍ഷികം എന്ന പേരില്‍ എയര്‍ ചെയ്യപ്പെട്ട സ്റ്റോറിയില്‍ അവസാനം ''കാട്ടുരാജാവിന് അന്ന് നമ്മള്‍ നല്‍കിയത് വീരോചിതമായ യാത്രയയപ്പായിരുന്നു" വെന്ന് പറയാനും റിപ്പോര്‍ട്ടര്‍ മറന്നില്ല.

IMAGE: Representational Purpose Only
കോളര്‍ ചെയ്ത അരിക്കൊമ്പന്‍ എന്ന ആന തമിഴ്നാട്ടിലെത്തിയ ശേഷം മലയാളം ചാനല്‍ നല്കിയ ആദ്യ ടൈറ്റില്‍ 'അരിക്കൊമ്പന്‍ രണ്ട് ചക്കപറിച്ചു തിന്നു' എന്നായിരുന്നു. എന്നാല്‍ അവിടത്തെ സാധാരണ ആളുകള്‍ക്ക് മുന്നില്‍, ചിന്നക്കനാല്‍ മോഡല്‍ ഭീകരജീവിയാക്കി ആ ആനയെ വീണ്ടും പ്രതിഷ്ഠിക്കുവാനുള്ള ശ്രമങ്ങളെ സാധാരണക്കാരായ മനുഷ്യര്‍ ഒടിച്ചുമടക്കി നല്കുന്നതും, സഹവര്‍ത്തനത്തിന്റെ മൂല്യത്തെക്കുറിച്ച് മലയാളം ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് തമിഴര്‍ ഇങ്ങോട്ട്  ക്ലാസെടുക്കുന്നതും, അവരെ മുഴുമിപ്പിക്കാന്‍ വിടാതെ റിപ്പോര്‍ട്ടര്‍ മൈക്ക് വലിച്ച് മടങ്ങുന്നതും  അതേ തല്‍സമയ സംപ്രേഷണത്തില്‍ നമ്മള്‍ കണ്ടു.
    
ന്യൂസ് എഡിറ്ററെന്ന ഒരു ഫില്‍റ്ററിങ്ങ് ടേബിള്‍ കടക്കാതെ, തങ്ങള്‍ക്ക് തോന്നുന്നതെന്തും തല്‍സമയം വിളിച്ചുപറയാന്‍ സ്പേസ് ഉണ്ടാവുന്ന ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ സാമൂഹിക മനസ്സിനുണ്ടാക്കി വെക്കുന്ന കേടുപാടുകള്‍ ചെറുതൊന്നുമല്ല. പതിറ്റാണ്ടുകള്‍ കൊണ്ട് പോലും തിരുത്തപ്പെടാത്ത അത്തരം ഇടപെടലുകള്‍ യഥാര്‍ത്ഥ വിഷയങ്ങളെ ഒളിച്ചുനിര്‍ത്തുവാനാണ് വാസ്തവത്തില്‍ മത്സരിക്കുന്നത്. അതിന്റെ പ്രതിഫലനം ഇന്ന് പത്രങ്ങളിലും കാണാനാകും. അരിക്കൊമ്പന്‍ വിഷയം കൈകാര്യം ചെയ്തതിലും, മനുഷ്യവന്യജീവി സമ്പര്‍ക്കങ്ങള്‍ നല്കുന്നതിലും ചാനല്‍ സംസ്‌കാരത്തിന്റെ ഒരു എക്സ്റ്റന്‍ഷനെന്നോണമായി മാറിക്കഴിഞ്ഞു മിക്ക പത്രവാര്‍ത്തകളും. ഒരു ടെലിവിഷന്‍ ജേര്‍ണലിസ്റ്റ് ഒരേസമയം ന്യൂസ് എഡിറ്റര്‍ കൂടിയാകപ്പെടുന്നുണ്ട്. അയാളുടെ നിരീക്ഷണങ്ങളും, സംഭാഷണങ്ങളും നേരിട്ട് സമൂഹത്തിലേക്ക് ചെല്ലുകയാണ്. എന്നാല്‍ അത്തരമൊരു ഭാരിച്ച സാമൂഹിക ഉത്തരവാദിത്തത്തെ വേണ്ടവിധം ഉള്‍ക്കൊള്ളാതെയാണ് നമ്മളിന്ന് കാണുന്ന ഭൂരിപക്ഷം ചാനല്‍ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.
 ചരിഞ്ഞ കാട്ടാനയുടെ മൃതദേഹത്തിന് മുൻപിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തുനിൽക്കുന്ന ഷജ്ന കരീം ഉൾപ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ. | IMAGE: Representational Purpose Only

മാധ്യമങ്ങളുടെ ഇടപെടലുകള്‍ എവ്വിധമാണ് അതാത് സമൂഹങ്ങളുടെ പൊതുബോധത്തെ തെറ്റായ ദിശയിലേക്ക് രൂപപ്പെടുത്തുന്നുവെന്നതിനെ മനുഷ്യ-വന്യജീവി സമ്പര്‍ക്കങ്ങളില്‍ മാധ്യമങ്ങള്‍ പുലര്‍ത്തിപ്പോരുന്ന മോശപ്പെട്ട സമീപനങ്ങളെ മുന്‍നിര്‍ത്തി വിമര്‍ശനവിധേയമാക്കേണ്ടതുണ്ട്. ഭൂമിയുടെ നിലനില്‍പ്പിനോളം വലിയ പാരിസ്ഥിതിക ആശങ്കകളും വെല്ലുവിളികളും നിറഞ്ഞ പുതിയകാലത്ത് പാരിസ്ഥിതിക സമഗ്രത ലക്ഷ്യമിട്ടുള്ള ജേര്‍ണലിസത്തിന് മറ്റെന്തുവിഷയത്തിനും മേലെ പ്രസക്തിയുമുണ്ട്.






#outlook
Leave a comment