
ഗാസയിലെ കരയുദ്ധത്തെ അതിജീവിക്കുമോ അമേരിക്കൻ ആധിപത്യം
വളരെക്കാലമായി ആസൂത്രണം ചെയ്ത കരയുദ്ധം ഇസ്രായേൽ ഗാസയിൽ തുടങ്ങിയതോടെ പശ്ചിമേഷ്യ ഒരിക്കൽ കൂടി കടുത്ത ഭീതിയുടെയും, ആകാംക്ഷയുടെയും വേദിയായി മാറി. ഗാസയിൽ വംശഹത്യയാണ് ഇസ്രായേൽ നടത്തുന്നതെന്ന ഐക്യരാഷ്ട്ര സംഘടനയുടെ പ്രഖ്യാപനം വന്ന ദിവസം തന്നെ കരയുദ്ധം അഴിച്ചുവിടാൻ ഇസ്രായേൽ തീരുമാനമെടുത്തത് യാദൃച്ഛികമാവില്ല. ഗാസയുടെ മേൽ 'തീമഴ'യാണ് പതിക്കുന്നതെന്ന് ഇസ്രായേൽ തന്നെ പ്രഖ്യാപിച്ചിരിക്കെ ആക്രമണത്തിന്റെ തീവ്രത എത്രത്തോളം ഉണ്ടാവുമെന്ന് പറയേണ്ടതില്ല. ഇസ്രായേലിന്റെ ചെയ്തികൾക്ക് സാമ്പത്തികമായും, സൈനികമായും പൂർണ്ണ പിന്തുണ നൽകുന്ന അമേരിക്കയെ ഒഴിച്ചുനിർത്തിയാൽ ലോകത്തിലെ മറ്റുള്ള പ്രധാന ശക്തികൾ ടെൽ അവീവിന്റെ തീരുമാനത്തെ വിമർശിച്ചു. ഇസ്രായേലിന് എതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന യൂറോപ്യൻ യൂണിയന്റെ ഭീഷണി എത്രത്തോളം ഫലപ്രദമാവുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. അതിനിടയിൽ ഗാസയിൽ നിന്നും ആയിരങ്ങൾ പലായനം ചെയ്യുകയാണ്.
ഇസ്രയേലിന്റെ നടപടി പശ്ചിമേഷ്യയിലെ നിലവിലുള്ള ശാക്തികബന്ധങ്ങളെ ഏത് വിധത്തിൽ ബാധിക്കുമെന്ന കാര്യമാണ് ആഗോളതലത്തിൽ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ഹമാസ് നേതാക്കളെ വധിക്കുന്നതിനായി ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ സെപ്തംബർ 9ന് നടത്തിയ ആക്രമണം മേഖലയിൽ മാത്രമല്ല ആഗോളതലത്തിൽ ശാക്തിക ചേരികളെ പിടിച്ചുലച്ച സംഭവമാണ്. ഏകദേശം അര നൂറ്റാണ്ടുകാലമായി അമേരിക്കയുടെ സൈനിക കുടക്കീഴിൽ സുരക്ഷതിരാണെന്ന് ഉറപ്പായും കരുതിയിരുന്ന ഗൾഫ് സഹകരണ കൗൺസിൽ(ജിസിസി) രാജ്യങ്ങളിലെ ഭരണാധികാരികളെ ഞെട്ടിച്ച സംഭവമാണ് ദോഹ ആക്രമണം. മേഖലയിലെ അമേരിക്കൻ സൈനിക വിന്യാസത്തെ പറ്റി പ്രാഥമിക ധാരണയുള്ളവരെ അമ്പരപ്പിച്ച ഒന്നായിരുന്നു ഈ ആക്രമണം.
REPRESENTATIVE IMAGE | WIKI COMMONS
ഖത്തറിലെ അമേരിക്കൻ സൈനിക താവളങ്ങൾ അറിയാതെ ദോഹയിൽ മാത്രമല്ല ജിസിസി മേഖലയിൽ ഒരില പോലും അനങ്ങില്ലെന്നാണ് പൊതുവെയുള്ള ധാരണ. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളം ഖത്തറിലാണ്. ഖത്തറിലെ തന്നെ അൽ ഉദൈദിലെ അമേരിക്കൻ വ്യോമതാവളത്തിന്റെ നിതാന്ത നിരീക്ഷണത്തിലാണ് മേഖല മുഴുവൻ. ഈ താവളം ഒരു ചെറിയ ഔട്ട്‌പോസ്റ്റല്ല; മിഡിൽ ഈസ്റ്റിലുടനീളമുള്ള അമേരിക്കൻ സൈനിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന അമേരിക്കൻ സെൻട്രൽ കമാൻഡായ യുഎസ് സെൻറ്കോമിന്റെ ഫോർവേഡ് ആസ്ഥാനമാണിത്.
അതായത് ഖത്തറിനും, ജിസിസി മേഖലക്കും വ്യോമ സംരക്ഷണം നൽകുന്ന അഡ്വാൻസ്ഡ് ഇന്റഗ്രേറ്റഡ് എയർ ആൻഡ് മിസൈൽ ഡിഫൻസ് (ഐഎഎംഡി) സിസ്റ്റത്തിന്റെ കണ്ണിൽപ്പെടാതെ ഇവിടെ ഒന്നും സംഭവിക്കില്ല. ഐഎഎംഡിയുടെ ആർക്കിടെക്ചർ യുഎസ് കമാൻഡ്-ആൻഡ്-കൺട്രോൾ നെറ്റ്‌വർക്കുമായി സംയോജിപ്പിച്ചിരിക്കുന്നു, ഖത്തറിലെ അമേരിക്കൻ ആസ്ഥാനത്ത് നിന്നും യുഎസ് സെന്റ്‌കോം ഇത് പ്രവർത്തിപ്പിക്കുന്നു.
അപ്രതിരോധ്യമെന്ന് കരുതുന്ന ഐഎഎംഡി പ്രതിരോധ കുടയുടെ കീഴിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഖത്തറിന്റെ വ്യോമാതിർത്തിയാണ് സെപ്തംബർ 9ന് ഇസ്രായേലി ജെറ്റുകൾ അതിക്രമിച്ച് കയറിയത്. ഒരു ഡസനിലധികം ഇസ്രായേലി ജെറ്റുകൾ, ഐഎഎംഡി വ്യോമ പ്രതിരോധം അറിയാതെ 2000 കിലോമീറ്ററിലധികം സഞ്ചരിച്ചുവെന്നത് അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കില്ല. പ്രധാനമായും ജിസിസി രാജ്യങ്ങൾ പണം നൽകുന്ന സംവിധാനമാണ് ഐഎഎംഡി. അത് സജീവമാക്കണമോ, വേണ്ടയോ എന്നുള്ള തീരുമാനം സെന്റ്‌കോം ആണ് നിർണ്ണയിക്കുക. അതിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ ഖത്തർ സംഭവം നിർണ്ണായകമായ രണ്ടു ചോദ്യങ്ങൾ ഉയർത്തുന്നു: ഐഎഎംഡി മനപ്പൂർവം അലംഭാവം പ്രകടിപ്പിച്ചോ അതോ വിനാശകരമായനിലയിൽ സിസ്റ്റം പരാജയമടഞ്ഞോ എന്നതാണ് ആ ചോദ്യങ്ങൾ.
REPRESENTATIVE IMAGE | WIKI COMMONS
ആദ്യത്തെ സാധ്യത എന്താണെന്ന് നോക്കാം. അക്രമണത്തിനായി വരുന്ന ഇസ്രായേലി വിമാനങ്ങളെക്കുറിച്ച് അമേരിക്കൻ സൈന്യം പൂർണ്ണമായി അറിയുകയും എന്നാൽ അവയെ തടയുന്നതിനായി ഒന്നും ചെയ്യാതിരിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഈ തീരുമാനം പ്രാദേശിക കമാൻഡർമാർക്ക് മാത്രമായി എടുക്കാൻ കഴിയുന്ന ഒന്നല്ല. ഏറ്റവും വലിയ അമേരിക്കൻ താവളം സ്ഥിതി ചെയ്യുന്ന സംരക്ഷിത ആകാശത്തേക്ക് വിദേശ വ്യോമ സൈന്യത്തെ കടന്നുകയറാൻ അനുവദിക്കുന്നതിന് അമേരിക്കൻ സർക്കാരിന്റെ ഉയർന്ന തലങ്ങളിൽ നിന്നുള്ള അനുമതി ആവശ്യമാണ്. ചുരുക്കത്തിൽ അമേരിക്ക അതിന്റെ ഒരു സുപ്രധാന സഖ്യകക്ഷിയുടെ പരമാധികാരത്തെയും, സമാധാന ചർച്ച നടത്തുന്ന പലസ്തീൻകാരുടെ ജീവിതത്തെയും ബലിയർപ്പിച്ചുകൊണ്ട് ഇസ്രായേലി പ്രവർത്തനത്തിന് പച്ചക്കൊടി കാണിച്ചു എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
രണ്ടാമത്തെ സാധ്യത കൂടുതൽ ഭയപ്പെടുത്തുന്നതാണ്: ഐഎഎംഡി സംവിധാനത്തിന് ഇസ്രായേലി ആക്രമണ വിമാനങ്ങളെ കണ്ടെത്താനായില്ല. അത് ശരിയാണെങ്കിൽ, അമേരിക്കയുടെ പ്രാദേശിക സുരക്ഷാ ഘടനയുടെ കേന്ദ്രത്തിൽ തന്നെയുള്ള ഒരു വലിയ ദൗർബല്യം തുറന്നു കാട്ടപ്പെടുന്നു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലുതും, ഏറ്റവും വികസിതവുമായ സൈനിക താവളം ശത്രുതാപരമായ ജെറ്റുകൾ അതിന്റെ തൊട്ടടുത്ത വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് എങ്ങനെ തിരിച്ചറിയാതെ പോയി? അത്തരമൊരു പരാജയം താവളത്തിന്റെ നിലനിൽപ്പിനുള്ള ന്യായത്തെ തന്നെ ഇല്ലാതാക്കുകയും, ഐഎഎംഡിയുടെയും അമേരിക്കയുടെ പ്രാദേശിക പങ്കാളികളായി പ്രവർത്തിക്കുന്ന ജിസിസി രാജ്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള അമേരിക്കൻ സുരക്ഷാ ഉറപ്പുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ചെയ്യും.
ഖത്തറിനെ സംബന്ധിച്ചിടത്തോളം ഇസ്രായേൽ ആക്രമണം വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. 10,000ത്തിലധികം അമേരിക്കൻ സൈനികർക്ക് ആതിഥേയത്വം വഹിക്കുന്നതിനും, താവളം പരിപാലിക്കുന്നതിനും കോടിക്കണക്കിന് ചെലവഴിച്ചിട്ടും, അതിന്റെ ആകാശങ്ങൾ സുരക്ഷിതമല്ല എന്നത് ഒട്ടും സുഖകരമല്ലാത്ത ഒന്നാണ്. അതിലും കഷ്ടം കള്ളൻ കപ്പലിൽ തന്നെ എന്ന അവസ്ഥയാണ്. അതായത് അമേരിക്ക അവരുടെ മറ്റുള്ള സഖ്യകക്ഷികളുടെ (ഇസ്രായേൽ) താൽപ്പര്യങ്ങൾ നിറവേറ്റുന്ന ഒരു ഗേറ്റ്കീപ്പറായി പ്രവർത്തിക്കുന്നതിന് ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്ന സാഹചര്യമാണ്.
REPRESENTATIVE IMAGE | WIKI COMMONS
ദോഹയ്ക്ക് മുകളിലുള്ള ആകാശം ഐഎഎംഡിയും, അൽ ഉദൈദ് എയർ ബേസും സംരക്ഷിക്കുന്നില്ലെങ്കിൽ, അത് യഥാർത്ഥത്തിൽ എന്താണ് സംരക്ഷിക്കുന്നത് എന്ന ചോദ്യം ഇവിടെ പ്രസക്തമാവുന്നു.
ഇന്നുവരെ, ഐഎഎംഡി രണ്ടുതവണ സജീവമാക്കിയിട്ടുണ്ട്. ഐഎഎംഡി സംവിധാനത്തിൽ പെടാത്ത ഒരു രാജ്യമായ ഇസ്രായേലിനെ സംരക്ഷിക്കാൻ വേണ്ടി മാത്രം: ഒന്നാമതായി, 2024 ഏപ്രിലിൽ ഇറാന്റെ പ്രതികാര നടപടികളിൽ നിന്ന് ഇസ്രായേലിനെ പ്രതിരോധിക്കുക; രണ്ടാമതായി, ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇസ്രായേലി/യുഎസ് സംയുക്ത ആക്രമണത്തെത്തുടർന്ന് അൽ ഉദൈദ് വ്യോമതാവളത്തിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണം തടയുക.
പശ്ചിമേഷ്യയിലെ രാഷ്ട്രീയ-സൈനിക സാഹചര്യങ്ങളെയും, അതിവേഗം മാറി മറിയുന്ന ശാക്തിക ചേരികളെയും പറ്റിയുള്ള ചർച്ചകളിൽ ഇത്തരം വിഷയങ്ങൾ സുപ്രധാനമായി ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ഇസ്രായേൽ ഗാസയിൽ കരയുദ്ധം ആരംഭിച്ചിരിക്കുന്നത്. നിരായുധരായ സാധാരണ മനുഷ്യരെ ഉന്മൂലനം ചെയ്യുന്നതിനപ്പുറം എന്താണ് ഈ ആക്രമണത്തിലൂടെ ഇസ്രയേലും, അമേരിക്കയും ലക്ഷ്യമാക്കുന്നതെന്ന് വരും ദിവസങ്ങളിലാവും കൂടുതൽ വ്യക്തതയുണ്ടാവുക. ഖത്തറും, അമേരിക്കയും തമ്മിൽ ഒപ്പുവയ്ക്കുന്ന പുതിയ സൈനിക സഹകരണ കരാർ ഈ വക വിഷയങ്ങളിൽ കൂടുതൽ വെളിച്ചം വീശുമെന്ന് കരുതാം. അത് എന്തായാലൂം, പശ്ചിമേഷ്യയിലെ അമേരിക്കൻ ആധിപത്യത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ ഗാസയിലെ കരയുദ്ധം ഒരു വഴിത്തിരിവ് ആയി മാറുമെന്ന വിലയിരുത്തലുകൾ ആഗോള രാഷ്ട്രീയം സജീവമായി പിന്തുടരുന്നവർക്കിടയിൽ വ്യാപകമാണ്.


.jpg)