ബിജെപി ഘര്‍ വാപസി നടത്തേണ്ടി വരുമോ?
ആര് എസ് എസ് -ലേക്ക് 'ഘര്‍ വാപസി' നടത്താന്‍ ബിജെപി-ക്ക് സമയമായി. ഒറ്റ നോട്ടത്തില്‍ ആരും അമ്പരക്കുന്ന ഒന്നാണ് ഈ നിരീക്ഷണം. കാരണം ബിജെപിയും ആര്‍എസ്എസും രണ്ടല്ല ഒന്നാണ് എന്ന ഉറച്ച ധാരണയെ ഉലയ്ക്കുന്ന ഒന്നാണ് പ്രസ്തുത നിരീക്ഷണം. എന്നാല്‍ ലോക സഭ തിരഞ്ഞടുപ്പിന്റെ ഫലം പുറത്തുവന്നത് മുതല്‍ കേള്‍ക്കുന്ന ഒന്നായിരിക്കുന്നു അത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസും തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ലെന്ന വാര്‍ത്തകള്‍ ലോക സഭ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊള്ളുന്ന സമയം മുതല്‍ പ്രചരിക്കുന്നതാണ്. ആര്‍എസ്എസിന്റെ സഹായമില്ലാതെ സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കാനുള്ള ശക്തി ബിജെപി കൈവരിച്ചുവെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതും പലതരം ഊഹാപോഹങ്ങള്‍ക്ക് വഴിയൊരുക്കി. തിരഞ്ഞെടുപ്പില്‍ സ്വന്തമായി ഭൂരിപക്ഷം നേടുന്നതില്‍ ബിജെപി പരാജയപ്പെട്ടതോടെ സംഘത്തിലേക്കുള്ള ഘര്‍ വാപസി ചര്‍ച്ച സജീവമായി. ഘര്‍ വാപസിയുടെ കാര്യത്തില്‍ മോദി എത്രത്തോളം ഉത്സാഹിയാണ് എന്ന കാര്യം വരുംദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമാകും.
മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ പല തീരുമാനങ്ങളോടും ആര്‍എസ്എസില്‍ വലിയ രീതിയിലുള്ള എതിര്‍പ്പ് ഉണ്ടായിരുന്നുവെന്നാണ് സംഘപരിവാര്‍ രാഷ്ട്രീയത്തെ നിരീക്ഷിക്കുന്നവര്‍ കരുതുന്നത്. മോദിയുടെ അധികാര കേന്ദ്രീകരണം ആര്‍എസ്എസിന്റെ അതൃപ്തിക്ക് കാരണമായി എന്നാണ് അവരുടെ അഭിപ്രായം. ആര്‍എസ്എസിന്റെ പൂര്‍ണ പിന്തുണയില്ലാതെ മോദിക്കും ഷാ യ്ക്കും കേന്ദ്രഭരണം എത്രകാലം കൊണ്ടുപോകാനാകും എന്ന ചോദ്യം അതോടെ സജീവമായി. പ്രത്യക്ഷത്തില്‍ ഒരു ഭിന്നിപ്പ് തോന്നിപ്പിക്കുന്ന രീതിയിലാവില്ല ഈ വൈരുധ്യങ്ങള്‍ രൂപപ്പെടുകയെന്ന് വ്യക്തമാണ്. മന്ത്രിസഭാ രൂപീകരണം മുതല്‍ പാര്‍ട്ടി സംഘടനയിലെ മാറ്റങ്ങള്‍ വരെയുള്ള പല അടരുകളായാവും അത് വെളിപ്പെടുക. മോദി ഒരിക്കല്‍ക്കൂടി പ്രധാനമന്ത്രിയാകുന്നതിലും അമിത് ഷായ്ക്ക് ആഭ്യന്തരം നല്‍കുന്നതിലും ആര്‍എസ്എസിന് വിയോജിപ്പാണെന്ന റിപ്പോര്‍ട്ടുകളും വ്യാപകമാണ്.
മോദി-അമിത് ഷാ | PHOTO: FACEBOOK
തിരക്കിട്ട ചര്‍ച്ചകളില്‍ മുന്നണികള്‍
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള നിര്‍ണായക നീക്കത്തിലാണ് ബിജെപി. ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ എന്നിവരിലാണ് എല്ലാ കണ്ണുകളും. ആന്ധ്ര പ്രദേശിനും ബീഹാറിനും സ്‌പെഷ്യല്‍ സ്റ്റാറ്റസ് നല്‍കണമെന്ന ആവശ്യങ്ങള്‍ ഉള്‍പ്പടെ നിരവധി ഉപാധികള്‍ ഇരു നേതാക്കളും മുന്നോട്ടുവയ്ക്കുന്നതായി സൂചനകള്‍ വരുന്നു. ആഭ്യന്തര മന്ത്രി സ്ഥാനം ഷാ-ക്ക് നല്കാന്‍ പാടില്ലെന്ന് നായിഡു ആവശ്യപ്പെട്ട വാര്‍ത്തകളും പ്രചരിക്കുന്നു.
നായിഡുവിനോടും, നിതീഷ് കുമാറിനോടും ശരദ് പവാര്‍ അടക്കമുള്ള ഇന്ത്യ മുന്നണി നേതാക്കള്‍ സംസാരിക്കുന്നതായും വാര്‍ത്തകള്‍ വരുന്നുണ്ട്. മോദിയെ പ്രധാനമന്ത്രിയാക്കാന്‍ കൂട്ടുനില്‍ക്കരുതെന്ന് ഇരു നേതാക്കളോടും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അഭ്യര്‍ത്ഥിച്ചു.
ഇന്ത്യയുടെ ഹൃദയഭൂമിയായ ഹിന്ദി മേഖലയിലാണ് മുപ്പതിലധികം പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യ മുന്നണിയുടെ ശക്തി പ്രകടമായത്. 18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏകപക്ഷീയ വിജയം നേടാമെന്ന ബിജെപിയുടെയും സംഘപരിവാര്‍ ശക്തികളുടെയും മോഹത്തിനെയാണ് രാഹുല്‍ ഗാന്ധിയും ഇന്ത്യാ മുന്നണി സഖ്യവും തടയിട്ടത്.
ഇന്ത്യാ മുന്നണി | PHOTO: FACEBOOK
വലിയ ഭൂരിപക്ഷത്തില്‍ മൂന്നാമൂഴം സ്വപ്നംകണ്ട നരേന്ദ്ര മോദിക്കും എന്‍ഡിഎ ക്കും ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങള്‍ കനത്ത പ്രഹരമാണ് നല്‍കിയത്. ഇത്തവണ മഹാരാഷ്ട്രയില്‍ എന്‍ഡിഎ തിരിച്ചടി പ്രതീക്ഷിച്ചിരുന്നെങ്കിലും ഉത്തര്‍പ്രദേശിലും പശ്ചിമബംഗാളിലും നില കൂടുതല്‍ മെച്ചപ്പെടുത്തി ദക്ഷിണേന്ത്യന്‍ സീറ്റുകളിലൂടെ നേട്ടമുണ്ടാക്കാമെന്നായിരുന്നു പ്രതീക്ഷ. ഈ കണക്കുകൂട്ടലുകളാണ് തകര്‍ന്നടിഞ്ഞത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നില്‍ പോയതും ബിജെപിയെ ഞെട്ടിച്ചു. പിസിസി അധ്യക്ഷനായ അജയ് റായ് മോദിക്കെതിരെ ശക്തമായ മത്സരമാണ് കാഴ്ചവച്ചത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 4,79,505 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നിടത്ത് ഇത്തവണ 1,52,513 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്.
തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ വികസനവും മോദി കി ഗ്യാരണ്ടിയുമൊക്ക ഉപേക്ഷിച്ച് വര്‍ഗീയതയില്‍ ഫോക്കസ് ചെയ്യുകയായിരുന്നു മോദി. തുടര്‍ച്ചയായ മൂന്നാംതവണയും ഭരണത്തിലേറി ജവഹര്‍ലാല്‍ നെഹ്റുവിന്റെ റെക്കോര്‍ഡിനൊപ്പം എത്തിച്ചേരാമെന്ന മോഹം സഫലമാവുമെങ്കിലും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തത് മോദി-ഷാ കൂട്ടുകെട്ടിന്റെ അപ്രമാദിത്വത്തിന് തിരിച്ചടിയാവും. 291 സീറ്റില്‍ എന്‍ഡിഎ ലീഡ് നേടിയപ്പോള്‍ 234 മണ്ഡലങ്ങളില്‍ മുന്നേറ്റം നടത്തിയ ഇന്ത്യ സഖ്യം കടുത്ത വെല്ലുവിളിയാണ് ഭരണകക്ഷിക്ക് ഉയര്‍ത്തിയത്. എന്‍ഡിഎ യുടെ അവകാശവാദങ്ങളെ കാറ്റില്‍ പറത്തിയാണ് ഇന്ത്യ മുന്നണിയുടെ മുന്നേറ്റം. ബിജെപി ക്ക് ഒറ്റയ്ക്ക് 370 സീറ്റ് എന്ന മോദിയുടെയും അമിത് ഷായുടെയും മോഹവും, എക്‌സിറ്റ് പോളുകളെയും തള്ളിക്കളഞ്ഞ ഭരണവിരുദ്ധ വികാരമാണ് രാജ്യത്ത് അലയടിച്ചത്. എന്‍ഡിഎ കേവല ഭൂരിപക്ഷമായ 272 സീറ്റിലേക്ക് എത്തിയെങ്കിലും ബിജെപി 240 സീറ്റില്‍ ഒതുങ്ങിയത് മോദിക്കും കൂട്ടര്‍ക്കും കനത്ത പ്രഹരമാണ്.