
ജനാധിപത്യം അതിജീവിക്കുമോ?
യുദ്ധം കഴിഞ്ഞ് വിജയികളായ പണ്ഡവൻമാർ വല്യച്ഛനായ ധൃതരാഷ്ട്രരെ കാണാൻ ചെന്നു. നൂറു മക്കളിൽ ഒന്നിനെപ്പോലും ബാക്കിവയ്ക്കാതെ ന്യായത്തിനും നീതിക്കും നിരക്കാത്ത വിധത്തിൽ കൊന്നു തള്ളിയിട്ട് ആ വൃദ്ധന്റെ ആശീർവാദം വാങ്ങാനെത്തിയിരിക്കുകയാണ് പണ്ഡവർ.
ധർമ്മപുത്രരെ ആശീർവദിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു അന്ധനായ ആ വൃദ്ധൻ. അടുത്ത ഊഴം ഭീമസേനന്റേതായിരുന്നു. ഭീമസേനന് പകരം ആ വലിപ്പത്തിലുള്ള ഒരു പ്രതിമയെ ആ അന്ധപിതാവിന്റെ മുമ്പിലേക്ക് അവർ നീക്കിവച്ചു കൊടുത്തു. തന്റെ പ്രിയപുത്രൻ സുയോധനനെ ചതിച്ചുകൊന്നവനാണ് ഈ നിൽക്കുന്നത്. അയാൾ ആ പ്രതിമയെ ആഞ്ഞു പുൽകി. പ്രതിമ തവിടുപൊടിയായി. എല്ലാ ആലിംഗനങ്ങളും സ്നേഹത്തിൽ നിന്ന് ഉണ്ടാകുന്നതല്ല. ഏറ്റവും ഗാഢമായ ആലിംഗനങ്ങൾ ശത്രുതയിൽ നിന്നാണ് ഉണ്ടാകുന്നത്.
എങ്ങനേയും ജയിക്കുക എന്ന മോഹമാണ് അധർമ്മം ചെയ്യാൻ പാണ്ഡവന്മാരെ പ്രേരിപ്പിച്ചത്. അതിന്റെ ഫലമോ? സ്വന്തം സഹോദരനായ കർണ്ണനും അർദ്ധ സഹോദരൻമാരായ കൗരവരും മറ്റ് ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും കൊല്ലപ്പെട്ടു. വല്ലപാടും നേടിയ വിജയം എന്ന് പാണ്ഡവൻമാരുടെ വിജയത്തെ കുട്ടികൃഷ്ണമാരാർ വിലയിരുത്തുന്നുണ്ട്. വല്ലപാടും വിജയിച്ചാലും മതി എന്ന അവസ്ഥയിലാണ് നാമിന്ന് എത്തി നിൽക്കുന്നത്. കാരണം വിജയം നിങ്ങളെ എല്ലാത്തിനും അധികാരിയാക്കുന്നു. അപ്പുറത്ത് നിന്ന് വിജയിച്ചവരെ ഇപ്പുറത്തേക്ക് കളംമാറ്റുന്നത്, നേരത്തേ ശത്രുവായിക്കണ്ടവരെ മിത്രമായിക്കണ്ട് ആലിംഗനം ചെയ്യുന്നത്, സമദൂരത്തിൽ നിന്നവരെ ദൂരം കുറച്ച് തങ്ങളിലേക്ക് അടുപ്പിക്കുന്നത്, വർഗീയത പാൽപ്പായസം പോലെ രുചിക്കുന്നവരെ സമുദായ നേതാക്കൾ എന്ന് നിഷ്കളങ്കരാക്കുന്നത് ഒക്കെ അതിന്റെ ഭാഗമാണ്. ജനാധിപത്യത്തിൽ വല്ലപാടും ജയിച്ചാൽ മതി. ജനാധിപത്യത്തിൽ നടക്കുന്ന ആയുധമില്ലാത്ത യുദ്ധത്തിൽ ധർമ്മാധർമ്മങ്ങൾ രാഷ്ട്രിയ യോദ്ധാക്കളെ ആകുലപ്പെടുത്തുന്നേയില്ല.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
കേരളത്തിൽ ഇനി രണ്ട് തെരഞ്ഞെടുപ്പുകൾ വരാനിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ആദ്യം. തുടർന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന, കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ്. രാഷ്ട്രീയ അധികാരത്തിന്റെ പ്രയോജനം ഏറ്റവും താഴേത്തട്ടിൽ എത്തിക്കാൻ കഴിയുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ്. അതുകൊണ്ട് കേരളത്തിലെ 941 പഞ്ചായത്തുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലേക്കും 87 മുനിസിപ്പാലിറ്റികളിലേക്കും 6 കോർപ്പറേഷനുകളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകൾ രാഷ്ട്രീയപ്പാർട്ടികൾക്ക് വളരെ പ്രധാനമാണ്. പൊതുവേ ഗ്രാമ പഞ്ചായത്തുകളുടെ ഭരണച്ചുമതല ഭൂരിഭാഗവും എൽഡിഎഫിന് ലഭിക്കുന്നതായാണ് കണ്ടുവരുന്നത്. 941 ഗ്രാമ പഞ്ചായത്തുകളിൽ 514ഉം എൽഡിഎഫിന്റെ ഭരണത്തിൻ കീഴിലായിരുന്നു. യുഡിഎഫിന് 377 പഞ്ചായത്തുകളുടെ ഭരണച്ചുമതല ലഭിച്ചു. കേന്ദ്രത്തിലെ ഭരണകക്ഷിയായിട്ടും എൻഡിഎയ്ക്ക് 23 പഞ്ചായത്തുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാലും കേരളത്തിന്റെ പൊതുവായ രാഷ്ട്രീയ കാലാവസ്ഥ കണക്കിലെടുക്കുമ്പോൾ അതൊരു ചെറിയ കാര്യമല്ല.
ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ അവർ നില മെച്ചപ്പെടുത്തിക്കൂട എന്നുമില്ല. കാരണം ബിജെപി എന്ന രാഷ്ട്രീയപ്പാർട്ടിയോട് കേരളത്തിലെ ജനങ്ങൾക്കുണ്ടായിരുന്ന അയിത്തവും അകൽച്ചയും ഓരോ തെരഞ്ഞെടുപ്പിലും കുറഞ്ഞ് വരുന്നത് നാം കാണുന്നുണ്ട്. കേരള നിയമസഭയിലെ പ്രാതിനിധ്യം നില നിർത്താൻ അവർക്ക് കഴിഞ്ഞില്ലെങ്കിലും പാർലമെന്റിൽ ഒരു എംപിയെയും അതുവഴി കേന്ദ്രത്തിലൊരു മന്ത്രിയേയും ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞിരിക്കുന്നു. നിയമസഭയിലെ ഒരേയൊരു എംഎൽഎയെ നഷ്ടപ്പെടുത്തിയതുപോലെ അടുത്ത തെരഞ്ഞെടുപ്പിൽ അവർക്കത് നഷ്ടപ്പെട്ടുക്കൂട എന്നില്ല. തൃശ്ശൂരിലെ ജനങ്ങൾക്ക് നാണക്കേടുണ്ടാക്കും വിധമാണ് ആ ജനപ്രതിനിധിയുടെ പ്രകടനം എന്ന് പറയാതിരിക്കാൻ വയ്യ. സാംസ്കാരിക തലസ്ഥാനം എന്ന ഖ്യാതിയിൽ നിന്ന് അമളി പറ്റിയവരുടെ നഗരം എന്ന ദുഷ്കീർത്തിയിലേക്ക് അതിന്റെ യശസ്സ് ഇടിഞ്ഞിട്ടുണ്ട്. മാത്രമല്ല, വോട്ട് മോഷണം എന്ന രാഹുൽ ഗാന്ധിയുടെ പ്രചരണം ചെറിയ തോതിലെങ്കിലും അടുത്ത പാർലമെന്റ് ഇലക്ഷനെ സ്വാധീനിക്കാൻ ഇടയുണ്ട്. തങ്ങളെ പറ്റിച്ചു എന്ന തോന്നൽ ജനങ്ങൾക്കുണ്ടായാൽ അവർ പ്രതികരിച്ചു എന്നു വരും. എങ്കിലും തൃശ്ശൂരും തിരുവനന്തപുരവും പാലക്കാടും കാസർക്കോടും ബിജെപിയുടെ സാധ്യതാ മേഖലകളായി നിലനിൽക്കുന്നു എന്ന് പറയേണ്ടി വരും. മതേതര ബോധത്തേക്കാൾ മതബോധവും സ്വത്വബോധവും ആളുകളിൽ പിടിമുറുക്കുന്നത് നാം കാണുന്നുണ്ട്. അവ വോട്ടായി മാറുമോ എന്നറിയാൻ ഇനി അധികകാലമില്ല.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
സമമല്ലാത്ത ദൂരം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുമ്പോൾ കേരളത്തിലെ രാഷ്ട്രീയ ബാന്ധവങ്ങളിൽ കാതലായ മാറ്റം ഉണ്ടാകുന്നത് നമുക്കറിയാം. മുന്നണി ബന്ധങ്ങളിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ലെങ്കിലും മറ്റ് ചില മാറ്റങ്ങൾ പ്രകടമാണ്. കോൺഗ്രസ്സിനോടും ബിജെപിയോടും മാനസികൈക്യം പുലർത്തിയിരുന്ന നായൻമാരുടേയും അവരുടെ സംഘടനയുടെയും മനം മാറ്റമാണ് അതിൽ പ്രധാനം. എത്രത്തോളം, എത്രവരെ എന്നതൊക്കെ പ്രധാന ചോദ്യങ്ങളാണെങ്കിലും ആഗോള അയ്യപ്പ സംഗമത്തോടെ ഇടത് പക്ഷത്തോടുള്ള ആഭിമുഖ്യം അവർ തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട്. സമദൂരം എന്ന അവരുടെ പ്രഖ്യാപിത നിലപാട് എല്ലാ കാലവും തന്ത്രപരമായിരുന്നു എന്നു നമുക്കറിയാം. ആവശ്യം വരുമ്പോൾ വെള്ളം ചേർക്കാനുള്ളതായിരുന്നു ആ നിലപാട്. എന്നാൽ ഇത്തവണ അവർ ഇടതുപക്ഷത്തോടൊപ്പമായിരിക്കും എന്ന് തുറന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും അത് അങ്ങനെയായിരിക്കും എന്നത് വ്യക്തമാണ്.
ഇടതുപക്ഷം അധികാരത്തിൽ തിരിച്ചെത്താനുള്ള സാധ്യത, ബിജെപിയ്ക്ക് കേരളത്തിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിയില്ലെന്ന തോന്നൽ, ഒപ്പം നേരത്തേ നൽകിയ സഹായത്തിന് കാര്യമായ പ്രത്യുപകാരങ്ങൾ ലഭിച്ചില്ല എന്ന വിലയിരുത്തൽ എന്നിവയൊക്കെ ഈ നിലപാട് മാറ്റത്തിന്റെ കാരണങ്ങളിൽ ചിലതാണ്. എൻഎസ്എസ്സിനെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കാനുളള ഇടതുപക്ഷ നേതാക്കളുടെ ശ്രമങ്ങളോട് അവർ പോസിറ്റീവായി പ്രതികരിച്ചതിന് മറ്റുകാരണങ്ങളൊന്നും കാണാനില്ല. കോൺഗ്രസ്സിലാകട്ടെ കെ കരുണാകരനേയോ ഉമ്മൻ ചാണ്ടിയേയോ പോലെ വിശ്വസിക്കാനും ആശ്രയിക്കാനും പറ്റുന്ന ഒറ്റ നേതാവും ജീവനോടെയും ആരോഗ്യത്തോടെയും ബാക്കിയില്ല. ഉണ്ട് എന്ന തോന്നൽ ഉളവാക്കാൻ കഴിയുന്ന ഒരേയൊരു നേതാവ് രമേശ് ചെന്നിത്തലയാണ്. ആ വിളക്കിന് ഇപ്പോൾ പഴയതുപോലെ വെളിച്ചമില്ലെന്ന് എൻഎസ്എസ്സിന് അറിയാം. അപ്പോൾപ്പിന്നെ വലതുപക്ഷ താൽപ്പര്യങ്ങളുമായി ഇടതുപക്ഷത്ത് നിൽക്കുന്നതാണ് നല്ലത് എന്ന് അവർ മനസ്സിലാക്കുന്നുണ്ട്. എവിടെ നിൽക്കുന്നു എന്നതിനേക്കാൾ പ്രധാനമാണല്ലോ താൽപ്പര്യങ്ങളുടെ സംരക്ഷണം! നമ്മുടെ സമുദായ സംഘടനകൾക്കാകട്ടെ താൽപ്പര്യങ്ങളിൽ ഒരു കുറവുമില്ല.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
ഗുരു കടാക്ഷം
അടിസ്ഥാന വർഗ്ഗത്തിന്റെ പാർട്ടി എന്ന നിലയ്ക്ക് കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രത്യേകിച്ച് സിപിഎമ്മിന്റെ അടിത്തറയും ബലവും ഈഴവ സമുദായമാണ്. കാരണം അടിസ്ഥാനവർഗ സ്വഭാവമുള്ള കേരളത്തിലെ ഒരു ജാതി സമൂഹം അവരാണ്. ഈഴവസമുദായ സംഘടനയായ എസ്എൻഡിപിയും സിപിഎം പാർട്ടിയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായാൽ ഈഴവ അണികൾ പാർട്ടിയോടൊപ്പം നിൽക്കും എന്നതായിരുന്നു അവസ്ഥ. അതിൽ വിള്ളലുണ്ടാക്കാൻ പലരും, പ്രത്യേകിച്ച് കോൺഗ്രസ്സ് പാർട്ടിയും ബിജെപിയും പല വഴിക്കും ശ്രമിച്ചു പോന്നു.
ഒന്നും വേണ്ടത്ര വിജയിച്ചിരുന്നില്ല. സവർണ്ണർ പിടിമുറുക്കിയ ഈ പാർട്ടികളേക്കാൾ ഈഴവർക്ക് വിശ്വാസം സിപിഎമ്മിനെയായിരുന്നു. ഈഴവ സംഘടനാ നേതാക്കൾ തന്നെ വർഗീയതയുടെ കാർഡ് പുറത്തെടുത്ത് കളിച്ചെങ്കിലും അതിൽ മാറ്റമുണ്ടായില്ല. നായാടി മുതൽ നമ്പൂതിരി വരെ എന്ന മുദ്രാവാക്യവുമായി വെള്ളാപ്പള്ളി നടേശൻ നാടിളക്കി നടത്തിയ ഘോഷയാത്രകൾ നമുക്കോർമയുണ്ട്. ഈഴവരെ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് അടർത്തിമാറ്റി ഹിന്ദുത്വ അജണ്ടകളുള്ള ശക്തമായ ഒരു ജാതിപ്പാർട്ടി എന്നതായിരുന്നു ആ ലക്ഷ്യം. മറ്റ് ജാതികളെ കൂടി ഏകോപിപ്പിച്ച് കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക ശക്തിയാവുക. സങ്കൽപ്പത്തിലെ പാൽപ്പായസം കുറേ ഉണ്ടു കാണണം വെള്ളാപ്പള്ളിനടേശൻ.
എന്നാൽ ഈഴവൻമാർ വഴുതിപ്പോയി. ബിഡിജെഎസ് എന്ന മെലിഞ്ഞ ഒരു പാർട്ടിയുടെ രൂപീകരണത്തിലാണ് അത് കലാശിച്ചത്. ഭാരതീയ ജനതാപ്പാർട്ടിയുടെ അടുക്കളയിലാണ് അതിന്റെ ആശയം പാകം ചെയ്യപ്പെട്ടത് എന്നത് വ്യക്തമായിരുന്നു. എൻഡിഎയുടെ ഘടക കക്ഷിയായി തുടക്കം മുതൽ തുടരുന്നത് വെറുതെയല്ല. സിപിഎമ്മിനെ തകർക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇതെല്ലാം. അച്ഛൻ സമുദായ സംഘടനയുടേയും മകൻ പാർട്ടിയുടേയും അമരക്കാരായി തുടരുന്നതും പിഴവില്ലാത്ത ഈ തന്ത്രത്തിന്റെ ഭാഗം തന്നെ. എന്നിട്ടും ഈഴവർ സിപിഎമ്മിനെ കൈയൊഴിയാത്തത് ആ പാർട്ടിയുടെ മഹാഭാഗ്യം എന്നേ പറയാനുള്ളു. ഒപ്പം ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങൾ ഈഴവരെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയിലേക്ക് നയിക്കുമെങ്കിൽ അത് കമ്മ്യൂണിസ്റ്റ് പാർട്ടിയായിരിക്കും എന്നതും സ്പഷ്ടമാണ്. മത വർഗീയത നാവിൻതുമ്പിൽ നടനമാടുന്ന വെള്ളാപ്പള്ളിയെ ചേർത്ത് പിടിക്കാൻ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത് ആ സമുദായത്തോട് പാർട്ടിക്കുള്ള കടപ്പാട് കൊണ്ടുകൂടിയാണ്. ഒപ്പം മറ്റ് ചിലത് കൂടിയുണ്ട്.
വെള്ളാപ്പള്ളി നടേശനും, മുഖ്യമന്ത്രി പിണറായി വിജയനും | PHOTO: WIKI COMMONS
ന്യൂനപക്ഷങ്ങൾ
കേരളത്തിലെ ഏറ്റവും കരുത്തുള്ള ന്യൂനപക്ഷം മുസ്ലിംകളാണ്. ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമാണ് കേരളത്തിലെ അവരുടെ നില. ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ അവസ്ഥയും അത് തന്നെയാണ്. നിലനിൽക്കാൻ മുസ്ലിമുകളേക്കാൾ മിടുക്കുള്ള ഈ വിഭാഗം നേരത്തേ തന്നെ നിലയുറപ്പിച്ചത് കോൺഗ്രസ്സിലാണ്. കേരള കോൺഗ്രസ്സിന്റെ പിറവിക്ക് ശേഷം ആ പാർട്ടിയും അവരുടെ തട്ടകമായി. രണ്ട് പാർട്ടികൾ വഴിയും അധികാരത്തിൽ അവർ ആധിപത്യമുറപ്പിച്ചു. ഇപ്പോൾ ബിജെപിയിലും അവർ ചേക്കേറിത്തുടങ്ങിയിട്ടുണ്ട്. നിലനിൽക്കാനുള്ള മികച്ചതും എന്നാൽ ലജ്ജാശൂന്യവുമായ തന്ത്രമാണത്.
മുസ്ലിംകൾ അവരുടെ സമുദായപ്പാർട്ടിയിലും ഒപ്പം കോൺഗ്രസ്സിലുമായാണ് നിലയുറപ്പിച്ചത്. കമ്യൂണിസ്റ്റ് പാർട്ടികളിലെ അവരുടെ സാന്നിധ്യം നാമമാത്രമായിരുന്നു. എന്നിട്ടും ന്യൂനപക്ഷങ്ങളോട് പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷത്തോട് ഒരു മൃദുസമീപനം എല്ലാ കാലത്തും കമ്യൂണിസ്റ്റ് പാർട്ടികൾ പുലർത്തിയിരുന്നു. ന്യൂനപക്ഷ പ്രീണനം എന്ന പഴി എല്ലാ കാലത്തും സിപിഎമ്മിന്റെ തലയ്ക്ക് മുകളിൽ ഉണ്ടായിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടികളോട് പൊതുവെ അകലം പാലിച്ചിരുന്ന മുസ്ലിംകളെ സിപിഎമ്മിനോട് അടുപ്പിച്ചതിൽ പ്രധാന പങ്കുവഹിച്ചത് പിണറായി വിജയനാണ്. അദ്ദേഹം പാർട്ടി സെക്രട്ടറിയായിരുന്ന ഘട്ടത്തിലാണ് അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. മുഖ്യമന്ത്രിയായി അധികാരത്തിൽ വന്ന ഒന്നും രണ്ടും ഘട്ടങ്ങളിൽ മുസ്ലിം ന്യൂനപക്ഷങ്ങളെ കൂടെ നിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ കാര്യങ്ങൾ ഒരിക്കൽ കൂടി മാറിമറിയുകയാണ്. മത, സാംസ്കാരിക മേഖലകളിൽ മാത്രം വ്യാപരിച്ചിരുന്ന ജമാഅത്തെ ഇസ്ലാമി മുസ്ലിം ലീഗ് വഴി മുസ്ലിംകളെ വർഗ്ഗീയമായി ഏകീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ജമാഅത്തെ ഇസ്ലാമിക്ക് മുമ്പെങ്ങുമില്ലാത്ത വിധം കേരളത്തിൽ രാഷ്ട്രീയദൃശ്യത ലഭിച്ചു തുടങ്ങിയിട്ടുണ്ട്. മുസ്ലിംകളെ സിപിഎമ്മിൽ നിന്ന് അകറ്റുക എന്ന രാഷ്ട്രീയ ദൗത്യമാണ് അവർ ഇപ്പോൾ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. സിപിഎമ്മിനെ സംഘപരിവാറുമായി തുലനം ചെയ്തുകൊണ്ടാണ് അവർ ഇത് സാധിക്കാൻ ശ്രമിക്കുന്നത്. ജമാഅത്തെ ഇസ്ലാമിക്ക് നഷ്ടമൊന്നുമില്ലെങ്കിലും കേരളത്തിന്റെ മതേതര ഘടനയ്ക്ക് ഇതുണ്ടാക്കാൻ പോകുന്ന പരിക്കുകൾ ചെറുതല്ല.
മുഖ്യമന്ത്രി പിണറായി വിജയൻ | PHOTO: WIKI COMMONS
മതേതര ഘടന തകർന്നാലുമില്ലെങ്കിലും അധികാരത്തിലെത്തുക എന്നത് എല്ലാ പാർട്ടികൾക്കും പരമപ്രധാനമാണ്. രണ്ടുവട്ടം തുടർച്ചയായി ഭരിച്ചതിന് ശേഷമാണ് എൽഡിഎഫ് മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാഷ്ട്രീയ ശത്രുക്കൾക്കൊപ്പം ഭരണവിരുദ്ധ വികാരം എന്ന മറ്റൊരു രാക്ഷസനെക്കൂടി എൽഡിഎഫിന് നേരിടാനുണ്ട്. ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ട് ഒരുപക്ഷെ, ഈ ശത്രുവിനെ മറികടക്കാൻ എൽഡിഎഫിന് കഴിഞ്ഞേക്കും. എന്നാൽ കമ്യൂണൽ വികാരങ്ങൾ അങ്ങനെയല്ല. വികസന നേട്ടങ്ങളിൽ അതിന് താൽപര്യമില്ല. അത് ഉന്നം വയ്ക്കുന്നത് മറ്റെന്തിനെയോ ആണ്.
ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെടുകയും ഭൂരിപക്ഷ വോട്ടുകൾ കിട്ടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തെ നേരിടാനുള്ള തന്ത്രമാണ് ഇപ്പോൾ സിപിഎം ആവിഷ്കരിച്ച് കൊണ്ടിരിക്കുന്നത്. എൻഎസ്എസിനേയും എസ്എൻഡിപിയേയും കൂടെ നിർത്തുക വഴി ആദ്യത്തെ ചുവട് അവർ വിജയകരമായി വച്ച് കഴിഞ്ഞു. അമൃതാനന്ദമയിയെ ആലിംഗനം ചെയ്ത് ഉമ്മ വച്ച് കൊണ്ട് ആ വഴിക്കുള്ള വോട്ടുചോർച്ചയും തടയാൻ കഴിഞ്ഞു എന്ന് വിശ്വസിക്കാം. ഇലക്ഷന് മുമ്പ് വേറെ രാഷ്ട്രീയ ഭൂമികുലുക്കമൊന്നുമുണ്ടായില്ലെങ്കിൽ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷം അധികാരത്തുടർച്ച ഉണ്ടാക്കും. അധികാരം ലഭിക്കാതെ കോൺഗ്രസ് ദാഹിച്ചുവലഞ്ഞ് അലഞ്ഞു തിരിയും. യുഡിഎഫിലെ ഘടകകക്ഷികൾ പിരിഞ്ഞു പോവുകയും യുഡിഎഫ് ശിഥിലമാവുകയും ചെയ്യും. അവരിൽ ചിലർ എൻഡിഎയിൽ അഭയം പ്രാപിക്കും. പ്രത്യേകിച്ച്, കേരള കോൺഗ്രസ്സുകൾ.
മുസ്ലിം ലീഗിന് സീറ്റ് നഷ്ടം ഉണ്ടാവുകയില്ലെങ്കിലും അവർ ദിശ നഷ്ടപ്പെട്ടവരായിത്തീരും. ബിജെപി നിലവിലത്തെ അവസ്ഥയിൽ തുടരുകയോ നേരിയ തോതിൽ നില മെച്ചപ്പെടുത്തുകയോ ചെയ്യും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനേക്കാൾ തെരഞ്ഞെടുപ്പിന് പുറത്താണല്ലോ അവരുടെ പ്രധാനമത്സരം. യുഡിഎഫിന്റെ തകർച്ച സംഭവിക്കുകയാണെങ്കിൽ അതിന്റെ പ്രധാന നേട്ടം ഉണ്ടാവുക എൻഡിഎയ്ക്കായിരിക്കും. അത് കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറ്റി വരയ്ക്കും. സത്യത്തിൽ അവർ വേട്ടയാടുകയല്ല, വലവിരിച്ച് ഇരയ്ക്കായി കാത്തിരിക്കുകയാണ് ചെയ്യുന്നത്. കോൺഗ്രസ്സിൽ നിന്ന് കുത്തിയൊഴുകുന്ന ചെറുമീനുകളും വൻ സ്രാവുകളും ഈ വഴിയാണല്ലോ വരിക. 2025ലെയും 2026ലെയും തെരഞ്ഞെടുപ്പുകൾ നമ്മുടെ മതേതര ഫാബ്രിക്കിന്റെ ഗതി നിർണയിക്കുന്നതായിരിക്കും എന്ന കാര്യം ഉറപ്പാണ്.


