TMJ
searchnav-menu
post-thumbnail

Outlook

കരൂർ ദുരന്തം വിജയുടെ വാട്ടർലൂ ആകുമോ?

29 Sep 2025   |   5 min Read
റിബിൻ ഷഹാന കരീം

18 സ്ത്രീകളും ഒൻപത് കുട്ടികളും അടക്കം 41 മനുഷ്യ ജീവനുകൾ, ഗുരുതരമായി പരുക്കേറ്റ മറ്റനേകം പേർ. അവരിൽ എത്രപേർ ഇനി സാധാരണ ജീവിതത്തിലേക്ക് മടങ്ങുമെന്നറിയില്ല. തമിഴ്നാട്ടിലെ കാവേരി നദീ തീരത്ത് സ്ഥിതി ചെയ്യുന്ന 'കരൂർ' കണ്ണീരുണങ്ങാത്തൊരു ഓർമയായി മാറിയിട്ട് മണിക്കൂറുകൾ മാത്രം പിന്നിടുന്നു. കരൂരിൽ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിയിൽ പങ്കെടുക്കാനെത്തിയ ജനക്കൂട്ടത്തിനിടയിൽ ഉണ്ടായ തിക്കിലും തിരക്കിലും 41 പേർ ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച രാത്രിയോടെയായിരുന്നു ദുരന്തം. റാലിയിൽ വലിയ ജനസാഗരമാണ് ഒഴുകിയെത്തിയത്. ഈ ജനക്കൂട്ടത്തിനിടയിലൂടെ ഒരു വലിയ ബസിന് മുകളിൽ നിന്നാണ് വിജയ് സംസാരിച്ചത്. തൊട്ടുപിന്നാലെയാണ് റാലി വൻ ദുരന്തമായി മാറിയത്. സമീപകാലത്ത് ഒരു രാഷ്ട്രീയ പരിപാടിക്കിടെ നടന്ന ഏറ്റവും വലിയ ദുരന്തമാണ് കരൂരിൽ നടന്നത്.

രാഷ്ട്രീയപാർട്ടികളുടെ പരിപാടികളിൽ തിക്കും തിരക്കുമുണ്ടായി ആളുകൾക്ക് ജീവപായമുണ്ടായ നിരവധി അപകടങ്ങൾക്കു സ്വതന്ത്ര ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇത്തരം മരണങ്ങൾക്ക് കാരണം പൊതുവെ മാധ്യമങ്ങൾ പറയുന്ന 'തിക്കും തിരക്കും' (stampede) ആണെങ്കിൽ 'ക്രൗഡ് ക്രാഷ്' ആണെന്ന് ശാസ്ത്ര സാങ്കേതിക വിദഗ്ദർ പറയുന്നു. അനിയന്ത്രിതമായ ജനസാന്ദ്രത കാരണം നെഞ്ചിൽ ഉണ്ടാകുന്ന ശക്തമായ മർദ്ദം മൂലമുണ്ടാകുന്ന കംപ്രസ്സീവ് അസ്ഫിക്‌സിയ (ശ്വാസംമുട്ടൽ) ആണ് മരണകാരണമായി മെഡിക്കൽ രംഗത്തെ പ്രഗത്ഭർ പറയുന്നത്.

REPRESENTATIVE IMAGE | PHOTO: WIKI COMMONS
കരൂരിൽ നടന്ന ദുരന്തത്തെ കുറിച്ച് ഒരു ദൃക്‌സാക്ഷി മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ " വിജയ് വരുന്നതറിഞ്ഞ് ഉച്ച മുതൽ അനുയായികൾ അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു. പകൽ മറ്റൊരു റാലിയിൽ പങ്കെടുത്ത ശേഷമാണ് വിജയ് കരൂരിൽ പാർട്ടി വേദിയൊരുക്കിയ മൈതാനത്ത് എത്തിയത്. ആയിരക്കണക്കിന് ആളുകൾ വിജയ്‌യുടെ വാഹനവ്യൂഹത്തെ അനുഗമിച്ചു സമ്മേളന സ്ഥലത്ത് എത്തിയിരുന്നു. വന്നവർ കൂടി ചേർന്നതോടെ അവിടെയുള്ളവരുടെ എണ്ണം വർദ്ധിച്ചു. ആളുകൾ ബോധരഹിതരായി വീഴുകയും സ്ഥിതി കൈമോശം വരുന്നുവെന്ന് മനസിലാക്കുകയും ചെയ്തതോടെ പാർട്ടി പ്രവർത്തകർ വിജയിയെ സാഹചര്യം മനസിലാക്കി കൊടുത്തു. ആൾക്കൂട്ടത്തിനിടയിൽ അപകടം നടക്കുന്നുവെന്ന് മനസിലാക്കിയതോടെ വിജയ് തന്റെ പ്രസംഗം പാതിയിൽ നിർത്തി. അദ്ദേഹം ഉടൻ തന്നെ പൊലീസിനെ വിളിച്ചു. ഇതിനിടയിൽ അദ്ദേഹം പരിഭ്രാന്തരായ ജനക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികൾ എറിഞ്ഞു കൊടുത്തു. ബോധരഹിതരായി വീണ ആളുകളുമായി പോയ ആംബുലൻസിന് വഴിയൊരുക്കാൻ അദ്ദേഹം മൈക്കിലൂടെ അഭ്യർത്ഥിക്കുന്നുണ്ടായിരുന്നു."

കരൂർ ദുരന്തത്തിൽ വലിയ സംഘടനാ വീഴ്ച സംഭവിച്ചതായും റിപ്പോട്ടുകൾ പുറത്ത് വരുന്നുണ്ട്. 10000 പേർ പങ്കെടുക്കുന്ന റാലിയെന്ന് പറഞ്ഞാണ് തമിഴക വെട്രി കഴകം അനുവാദം വാങ്ങിയെന്നാണ് റിപ്പോർട്ട്. ദുരന്തത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ വിജയ് വേദി വിട്ടതും വലിയ വിമർശനങ്ങൾക്ക് വഴി തെളിയിക്കുന്നുണ്ട്. ദുരന്തത്തിന്റ ഉത്തരവാദിത്തം ടിവികെയ്ക്ക് എന്ന് ഡിഎംകെ നേതാക്കൾ കുറ്റപ്പെടുത്തുന്നു. വിജയിയെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. റാലിയിൽ പങ്കെടുക്കുന്ന വൻ ജനാവലിയെ നിയന്ത്രിക്കാനോ, അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ, ഒരു ദുരന്തം മുന്നിൽക്കണ്ട് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനോ വിജയ്‌ക്കോ, അദ്ദേഹത്തിന്റെ സംഘടനക്കോ കഴിഞ്ഞില്ല എന്നത് ദുരന്തത്തിന്റെ വ്യാപ്തി സാക്ഷ്യം പറയുന്നുണ്ട്.

വിജയ് ടിവികെയുടെ കൊടിയുമായി | PHOTO: WIKI COMMONS
കോടതി ഇടപെടലുണ്ടായിട്ടും ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ എന്ത് ചെയ്തെന്ന ചോദ്യത്തിന് വിജയ് മറുപടി നൽകിയേ തീരൂ. നേരത്തെ പൊതുയോഗങ്ങൾ, ജാഥകൾ തുടങ്ങിയവ നടത്താൻ ഉദ്ദേശിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും മറ്റ് സംഘടനകൾക്കും അസോസിയേഷനുകൾക്കും ബാധകമാക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മദ്രാസ് ഹൈക്കോടതിയുടെ ഈ നിർദേശവും ചർച്ചയാകുന്നുണ്ട്.

തമിഴ് സിനിമയും ദ്രാവിഡ രാഷ്ട്രീയവും ഒരമ്മപെറ്റ മക്കളാണ് എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. എന്നാൽ എം.ജി.ആറും ജയലളിതയും ഉണ്ടാക്കിയ സ്വാധീനത്തിനപ്പുറം ഇതുവരെ ഒരു സൂപ്പർ സ്റ്റാറുകൾക്കും സംസ്ഥാന രാഷ്ട്രീയത്തിൽ/ ദേശീയ രാഷ്ട്രീയത്തിലോ സ്വാധീനം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്നത് മറ്റൊരു യാഥാർത്ഥ്യമാണ്. ഒരു പുതു നായകൻ തമിഴ് മണ്ണിൽ ഉദയം ചെയ്യുമ്പോൾ അയാളുടെ രണ്ടാമത്തെയും മൂന്നാമത്തെയും ലക്ഷ്യം തമിഴ് നാട് മുഖ്യമന്ത്രി പദം ആണെന്നൊരു തമാശ പ്രചാരത്തിൽ ഉണ്ട്. തമിഴക വെട്രി കഴകം രാഷ്ട്രീയ പാർട്ടിയുടെ പതാക അവതരിപ്പിച്ച് കൊണ്ട് തമിഴ് സൂപ്പർ താരം വിജയ് എല്ലാ അഭ്യൂഹങ്ങൾക്കും, കിംവദന്തികൾക്കും വിരാമം ഇട്ടു കൊണ്ട് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചപ്പോഴും ലക്ഷ്യം വെച്ചിരിക്കുക അതെ മുഖ്യമന്ത്രി പദം തന്നെ ആണ്.

വിജയ് കരൂരിൽ | PHOTO: WIKI COMMONS
ഈ വർഷം ഫെബ്രുവരിയിലാണ് വിജയ് തന്റെ പാർട്ടി പ്രഖ്യാപിച്ചത്. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കവുമായി ചേർന്ന് കഴിഞ്ഞ കുറച്ച് കാലമായി വിജയ് നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രവർത്തനങ്ങൾ കാലക്രമേണ പാർട്ടി രൂപീകരണത്തിലേക്ക് എത്തിയിരുന്നു. തമിഴ്നാട്ടിൽ ഉടനീളം ആൾബലമുള്ള സംഘടനയാണ് വിജയ് ആരാധക സംഘമായ വിജയ് മക്കൾ ഇയക്കം. കരൂരിലെ പോലെയുള്ള വലിയ രാഷ്ട്രീയ സമ്മേളനങ്ങളുടെ സംഘടനത്തിനു ആഴത്തിൽ വേരുള്ള ജനകീയ സംവിധാനം ആണ് ആവശ്യമെന്നും ആരാധകരുടെ ആവേശത്തെ മാത്രം ആശ്രയിച്ച് ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ ആവില്ലെന്നുമുള്ള യാഥാർഥ്യം വിജയ് ഇതിനോടകം ഉൾക്കൊണ്ടിരിക്കണം.

മധുരയിലെ സാമാന്യ ജനങ്ങളുടെ ഇടയിൽ നടത്തിയ പഠനത്തിലൂടെ തമിഴ് സിനിമയുടെ ചരിത്രം വിവരിക്കുന്ന സാറാ ഡിക്കിയുടെ Cinema and the Urban Poor in South India എന്ന പഠനത്തിൽ തമിഴ് സൂപ്പർ താരങ്ങൾ കേവലം കലാകാരന്മാർ എന്നതിലുപരി അടിച്ചമർത്തപ്പെട്ടവരുടെയും ദരിദ്രരുടെയും സംരക്ഷകരായും, അധഃസ്ഥിതരുടെ മിശിഹയായും ജനങ്ങൾ കാണുന്നു എന്ന് അഭിപ്രായപ്പെടുന്നു. സമീപകാലത്ത് ഇറങ്ങിയ മിക്ക വിജയ് സിനിമകളിലും ഒരു ഗ്രാമത്തിന്റെയോ സമൂഹത്തിന്റെയോ രക്ഷകനായി അദ്ദേഹം മാറുന്ന കാഴ്ചയുണ്ട്. രാഷ്ട്രീയത്തിലിറങ്ങും മുമ്പ് എം.ജി.ആർ സിനിമകളിലെ നായകരും താഴെത്തട്ടിലുള്ള മനുഷ്യർക്കൊപ്പം നിന്നവരായിരുന്നു. എന്നാൽ ഇന്നലെ കരൂരിൽ സമാനതകളില്ലാത്ത ഒരു ദുരന്ത സ്ഥലത്ത് നിന്നും മറ്റൊരു സുരക്ഷിത സ്ഥലത്തേക്ക് യാത്ര ചെയ്ത വിജയിയുടെ തീരുമാനം താൻ രക്ഷകൻ ആകുന്നത് ക്യാമറക്കു മുന്നിൽ മാത്രം ആണെന്ന ഒരു പ്രതീതി സൃഷ്ട്ടിക്കാൻ രാഷ്ട്രീയ എതിരാളികൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്.

REPRESENTATIVE IMAGE | PHOTO: WIKI COMMONS
"തമിഴൻ കൊടി പറക്കുത്, തലൈവൻ യുഗം പിറക്കുത്” - എന്ന് തുടങ്ങുന്നതാണ് ഇളയ ദളപതിയുടെ ടി.വി.കെയുടെ ഔദ്യോഗികഗാനം. ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായരായ ഇ.വി.ആർ പെരിയാർ രാമസ്വാമി, കോൺഗ്രസ് നേതാവും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന കെ.കാമരാജ്, ഡോ.ബി.ആർ അംബേദ്കർ എന്നിവരുടെ വലിയ കട്ട്ഔട്ടുകൾ ഇതിനോടകം വിജയിയുടെ പാർട്ടിയുടെ സമ്മേളനവേദിയിൽ ഉയർന്ന് കഴിഞ്ഞു. സി.എൻ അണ്ണാദുരൈയുടെയും എം.ജി.രാമചന്ദ്രന്റെയും ചിത്രങ്ങൾ ഔദ്യോഗിക ഗാനത്തിൽ ഉപയോഗിച്ചിട്ടുണ്ട്. വിജയുടെ പാർട്ടി പറയാൻ പോവുന്ന രാഷ്ട്രീയം ഇതിൽ നിന്നെല്ലാം തന്നെ വ്യക്തമാണ്. എന്നാൽ ഒരു പാർട്ടിയുടെ പ്രത്യയശാസ്ത്രം എന്ന പോലെ പ്രധാനമാണ് ജനങ്ങളുടെ ഇടയിൽ എങ്ങനെ പ്രായോഗികമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു എന്നത്. ജനകീയതയെ സമ്പൂർണാർഥത്തിൽ സാക്ഷാൽക്കരിക്കാൻ അനിവാര്യമായ മറ്റൊരു ഘടകം ആണ് പ്രതിസന്ധികളെ ഒരു രാഷ്ട്രീയ നേതാവ് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത്. ഈ രണ്ടു ഘടകങ്ങളിലും വിജയ് ദയനീയമായി പരാജയപ്പെടുന്ന കാഴ്ച ആണ് ഇന്നലെ കരൂരിൽ നാം കണ്ടത്.

ജയലളിതയുടെ മരണത്തോടെ ശൂന്യമായ എ.ഡി.എം.കെയുടെ സ്ഥാനത്തേക്ക് പ്രതിലോമ ശക്തികളായ ബി.ജെ.പിയും, തീവ്ര ഭാഷാവാദികളായ നാം തമിഴർ കച്ചിയും പോലുള്ള സംഘടനകളുടെ കടന്നു വരവിനെ തടയാൻ വിജയിയുടെ രാഷ്ട്രീയ പ്രവേശനം സഹായിക്കും എന്ന് വിലയിരുത്തിയ വിജയ് അനുകൂലികൾ അല്ലാത്ത രാഷ്ട്രീയ നിരീക്ഷകരെ വരെ ഇന്നലത്തെ സംഭവം വലിയ നിരാശയിലാക്കിയിട്ടുണ്ട്.

ജയലളിത | PHOTO: WIKI COMMONS
സൂപ്പർ താരങ്ങളെ രാഷ്ട്രീയത്തിൽ വളരെ അനായാസമായി വിജയിപ്പിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട് എന്നത് കേവലം ഒരു മിഥ്യാധാരണയാണ്.ശിവാജി ഗണേശൻ മുതൽ സാക്ഷാൽ രജനി കാന്തും കമൽഹാസനും ഉൾപ്പെടെയുള്ളവർ പൊരുതി വീണിടത്ത് സ്ക്രീനിലെ താര പരിവേഷം കൊണ്ട് നിർമ്മിച്ചെടുത്ത ആരാധക വൃന്ദത്തിന്റെ പിൻബലത്തിൽ ദ്രാവിഡ മണ്ണിൽ നൂറു മേനി കൊയ്യാൻ ഒരു ഇളയ ദളപതിക്കും സാധ്യമല്ല.

വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് മറ്റു ചില സാധ്യതകൾ കൂടി ഉണ്ടായിരുന്നു. ജയലളിതയുടെ മരണത്തിനു ശേഷം രൂപപ്പെട്ട രാഷ്ട്രീയാനിശ്ചിതത്വത്തിൽ നിന്ന് തമിഴ് നാട്ടിലെ പ്രധാന പാർട്ടികളിൽ ഒന്നായ പ്രതിപക്ഷ പാർട്ടി കൂടിയായ എഐഎഡിഎംകെ ഇപ്പോഴും പൂർണമായും മുക്തമായിട്ടില്ല, അവസാനം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പാർട്ടി തോറ്റമ്പി. എംജിആറിനു ശേഷം ഈ പാർട്ടി ഉണ്ടാവില്ലെന്നായിരുന്നു പ്രവചനം. ജയലളിത ഉണ്ടായിരുന്നില്ലെങ്കിൽ ആ പ്രവചനം സത്യമാകുമായിരുന്നു. എന്നാൽ ജയലളിത എം ജി ആർ നിർത്തിയിടത്ത് നിന്നും തന്റെ പ്രചണ്ഡമായ ആരാധക വൃന്ദത്തിന്റെ കൂടി പിൻബലത്തിൽ ആ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ചു. മുഖ്യ എതിരാളിയായ മുത്തുവേൽ കരുണാനിധിയോടും മക്കളോടും ഒരു പോലെ പോരടിച്ചു. എന്നാൽ ഇപ്പോൾ സ്ഥിതി ഗതികൾ വ്യത്യസ്തമാണ്. ജനങ്ങളെ ജയയോളം വിശ്വാസത്തിൽ നിലനിർത്തികൊണ്ടുപോകാൻ ഇപ്പോൾ ഉള്ള നേതാക്കന്മാർക്ക് കഴിയണമെന്നില്ല. കാരണം അവരെല്ലാം വെറും രാഷ്ട്രീയക്കാർ മാത്രമായാണ് ജനങ്ങൾക്കു മുന്നിലുള്ളത്. മക്കൾ മനസിൽ അവർക്ക് ആഴത്തിൽ സ്ഥാനമുണ്ടെന്നു കരുതാനാവില്ല. എംജിആർ, കരുണാനിധി, ജയലളിത എന്നിവരൊക്കെ മക്കൾ മനസിൽ കൂടുകൂട്ടിയ വഴി വേറെയാണ്. ഇവിടെ ആണ് തമിഴ് നാട്ടിൽ പ്രായഭേദമന്യേ ഒരുപക്ഷെ രജനീകാന്തിന് ശേഷം ഏറ്റവും ആരാധക വൃന്ദമുള്ള വിജയിയുടെ ഇടപെടൽ പ്രസക്തമാകുന്നത്. ഈ സാധ്യതക്കു മേൽ ആണ് കരൂർ ദുരന്തം വിജയിയുടെ രാഷ്ട്രീയ ജീവിതത്തിൽ കരി നിഴൽ വീഴ്ത്തിയിരിക്കുന്നത്.

നേരത്തെ സൂചിപ്പിച്ചത് പോലെ സിനിമാ താരങ്ങളെ അധികാരത്തിലേക്ക് കണ്ണടച്ച് അയക്കുന്ന കാലത്തിൽ നിന്ന് തമിഴ് ജനത ഏറെ മുന്നേറിയിട്ടുണ്ട്. രാഷ്ട്രീയ സാക്ഷരത നേടിയ ഒരു സമൂഹം അവിടെയുണ്ട്. കരൂരിലെ അപകടത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും, ഇതിന് തങ്ങളുടെ പക്കൽ തെളിവുകളുണ്ടെന്നും ടിവികെ അവകാശപ്പെടുന്നുണ്ട്. തങ്ങളുടെ മുഖ്യശത്രുവും, ഭരണകക്ഷിയുമായ ഡി എം കെയുടെ മേൽ പഴി ചാരാൻ ആണ് വിജയ് അണികൾ ഇപ്പോൾ ശ്രമിക്കുന്നത്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം നൽകുമെന്നു വിജയ് അറിയിച്ചു കഴിഞ്ഞു. എന്നാൽ കരൂരിൽ സംഭവിച്ചിരിക്കുന്ന ദുരന്തത്തിനും, അതിനു ശേഷം ടിവികെ കൈക്കൊണ്ട തെറ്റായ നടപടികൾക്കും ഇതെല്ലാം ഒരു പ്രോപ്പർ കൗണ്ടർ പ്രോസസ് ആകുമോ എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.

വിജയ് കരൂരിൽ | PHOTO: WIKI COMMONS
2004 ഏപ്രിൽ 12 ബി.ജെ.പി. നേതാവും, മുൻ ബീഹാർ, മധ്യപ്രദേശ് ഗവർണറുമായിരുന്ന ലാൽജി ഠണ്ഠന്റെ 70-ാം പിറന്നാളിനോട് അനുബന്ധിച്ച് ഉത്തർപ്രദേശിലെ ലഖ്നൗവിൽ സൗജന്യമായി സാരി വിതരണം ചെയ്ത പരിപാടിയിൽ 22 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം രാജ്യത്തെ തന്നെ പിടിച്ചു കുലുക്കിയിരുന്നു. സംഘാടനത്തിലെ വീഴ്ചകളുമായി ബന്ധപ്പെട്ട നിയമപരമായ ഉത്തരവാദിത്വം ഒഴിവാക്കുന്നതിൽ രാഷ്ട്രീയ നേതൃത്വം വിജയിച്ചെങ്കിലും രണ്ടാം വരവിന് കോപ്പുകൂട്ടി ഇന്ത്യ തിളങ്ങുന്നുവെന്ന മുദ്രാവാക്യവുമായിറങ്ങിയ തെരഞ്ഞെടുപ്പ് നേരിടാൻ ഇറങ്ങിയ എൻഡിഎയ്ക്ക് കനത്ത തിരിച്ചടി ഏറ്റു.

1992 ഫെബ്രുവരി 18 കുംഭകോണം പട്ടണത്തിൽ അമ്മ ജയലളിതയെ കാണാനായി തടിച്ചു കൂടിയ ജനങ്ങൾക്കിടയിലും വലിയ അപകടം ഉണ്ടായി. ശക്തമായ തിക്കിലും തിരക്കിലും പെട്ട് അൻപതിലധികം പേർ കൊല്ലപ്പെടുകയും, എഴുപതിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും പരുക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. തമിഴ്നാട് ഭരണാധികാരി കൂടിയായിരുന്ന ജയലളിത വിഷയത്തെ തന്ത്രപൂർവ്വം കൈകാര്യം ചെയ്‌തെങ്കിലും ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ ശക്തമായ തിരിച്ചടി നൽകി. 1996-ലെ തെരഞ്ഞെടുപ്പിൽ ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ വൻ പരാജയം നേരിട്ടു. മുഖ്യമന്ത്രി സ്ഥാനാർത്ഥി ജയലളിത തന്നെ പരാജയപ്പെട്ടു. മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കരൂർ സംഭവം ഇളയ ദളപതി വിജയിയുടെ വാട്ടർ ലൂ ആകുമോ എന്നാണ് ഇപ്പോൾ ദക്ഷിണേന്ത്യ ഉറ്റു നോക്കുന്നത്.

#outlook
Leave a comment