എന്‍ഡിഎ 3.0 അവസാനിക്കുമോ മോദിയുടെ സര്‍വാധിപത്യം?
പത്തുവര്‍ഷത്തെ കാഴ്ചകള്‍ക്ക് കഴിഞ്ഞദിവസം മാറ്റംവന്നു. മോദിയും അമിത് ഷായും പിന്നെ ചിലപ്പോഴൊക്കെ രാജ്‌നാഥ് സിംഗും. സര്‍ക്കാര്‍ യോഗങ്ങളുടെ ഭാഗമായി പുറത്തുവന്നിരുന്ന ചിത്രങ്ങളുടേയും വീഡിയോ ദൃശ്യങ്ങളുടേയും കാര്യമാണ് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞദിവസം ഈ കാഴ്ചയ്‌ക്കൊരു മാറ്റമുണ്ടായി. എന്‍ഡിഎ 3.0 യുടെ ആദ്യ യോഗത്തിന്റെതായി വന്ന ചിത്രമാണ് ഒരു പതിറ്റാണ്ടിനിടെ രാജ്യത്തെ രാഷ്ട്രീയത്തിലുണ്ടായ മാറ്റം സുവ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന എന്‍ഡിഎയുടെ ആദ്യ യോഗത്തില്‍ പ്രധാനമന്ത്രിയുടെ അടുത്തിരുന്നത് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു. അതിനടുത്ത് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍. അതിനപ്പുറത്ത് ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെ നേതാവ് ഏക്‌നാഥ് ഷിന്‍ഡെ. അമിത് ഷാ അടുത്തെങ്ങുമില്ല. ഈ മാറ്റം എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാമൂഴത്തിലുമുണ്ടാകുമോ? മോദി ഗ്യാരണ്ടിക്ക് പകരം മുന്നണി ഗ്യാരണ്ടികള്‍ നടപ്പിലാകുമോ? എന്‍ഡിഎ 3.0 മുന്നോട്ടുപോകണമെങ്കില്‍ ഈ വിട്ടുവീഴ്ചകള്‍ വേണ്ടി വരും.
വിലപേശലും വിട്ടുവീഴ്ചയും
ആദ്യ യോഗത്തില്‍ ലഭിച്ച സ്വീകാര്യതയും മേല്‍കൈയ്യും തുടര്‍ന്നങ്ങോട്ടും നിലനിര്‍ത്തണമെങ്കില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഘടകകക്ഷികള്‍ക്ക് വലിയ വിലപേശല്‍ നടത്തേണ്ടിവരും. മന്ത്രിസഭയില്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ തന്നെ നേടിയെടുക്കേണ്ടി വരും. ഘടകകക്ഷികള്‍ കൂടി ചേര്‍ന്നാലെ കേവലഭൂരിപക്ഷമുള്ളൂ എന്നതിനാല്‍ ഈ വിലപേശലുകള്‍ ബിജെപിയും മുന്‍കൂട്ടി കാണുന്നുണ്ട്. ഘടകകക്ഷികളെ അനുനയിപ്പിച്ച് നിറുത്തുക എന്നതിനൊപ്പംതന്നെ ബിജെപിക്ക് പ്രധാനമാണ് അവര്‍ കൈകോര്‍ത്ത് കൂറുമുന്നണി രൂപീകരിക്കാതിരിക്കുക എന്നതും. മൂന്നാമൂഴം ബിജെപിക്ക് എത്ര പ്രധാനപ്പെട്ടതോ അത്രതന്നെ പ്രധാനപ്പെട്ടതാണ് ഈ ഘടകകക്ഷികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഭാഗമാകുക എന്നത്. പ്രത്യേകിച്ച് ചന്ദ്രബാബു നായിഡുവിനും നിതീഷ് കുമാറിനും ഏക്‌നാഥ് ഷിന്‍ഡെക്കും.
ചന്ദ്രബാബു നായിഡുവിന് ആന്ധ്രയില്‍ ജഗന്‍മോഹന്‍ സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങള്‍ തിരുത്തിയെഴുതണം. മുമ്പ് ടിഡിപി സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചത് പോലെ അമരാവതിയിലേക്ക് ആന്ധ്രയുടെ തലസ്ഥാനം തിരിച്ചുകൊണ്ട് വരണം. ഗ്രാമീണ ജനതയെ ഒപ്പം നിറുത്താനുള്ള നയങ്ങള്‍ നടപ്പിലാക്കണം. ഇതിനെല്ലാമപ്പുറം ജഗന്‍മോഹന്‍ മുഖ്യമന്ത്രിയായപ്പോള്‍ പിന്തുടര്‍ന്ന് പീഡിപ്പിച്ചതിന് മറുപടി നല്‍കണം. ഇതിന് സംസ്ഥാനത്തെ അധികാരം മാത്രം മതിയാകില്ല. കേന്ദ്ര ഭരണത്തിന്റെ ഭാഗമാകണം ഒപ്പം ജഗന്‍മോഹനെ കേന്ദ്ര ഭരണത്തില്‍ നിന്ന് അകറ്റി നിറുത്തണം.
ജഗന്‍മോഹന്‍ | PHOTO: WIKI COMMONS
മറ്റ് പ്രധാനപ്പെട്ട ഘടകകക്ഷികളില്‍ നിതീഷ് കുമാറിനേയും, ഏക്‌നാഥ് ഷിന്‍ഡെയേയും അനുനയിപ്പിക്കാന്‍ അത്ര പ്രയാസമുണ്ടാകില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ ബിഹാറിലും മഹാരാഷ്ട്രയിലുമുണ്ടായിട്ടുള്ള പ്രാദേശിക രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഇപ്പോള്‍ തന്നെ അവരെ ദുര്‍ബലരാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി ഈ വര്‍ഷവും ബിഹാര്‍ സഭയുടെ കാലാവധി അടുത്തവര്‍ഷവും അവസാനിക്കും. അതുകൊണ്ട് തുടക്കത്തില്‍ സ്വരം കടുപ്പിച്ചാലും നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിച്ഛായമെച്ചപ്പെടുത്തി കൂടുതല്‍ ശക്തിപ്പെടാനുള്ള പുതിയ അവസരം തുറന്നിട്ടുള്ള ചര്‍ച്ചകളിലേക്ക് ഇരുപാര്‍ട്ടികളും എത്തും.
ഘടകകക്ഷികള്‍ക്ക് പ്രാദേശിക സമ്മര്‍ദ്ദങ്ങളുണ്ടെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷം സ്വീകരിച്ച അതേ രീതിയില്‍ ഇനി മുന്നോട്ടുപോകാന്‍ മോദിക്കാകില്ല. മോദിയും അമിത് ഷായും കൂടി തീരുമാനിക്കുന്ന നയങ്ങളും നടപടികളും മറ്റ് മന്ത്രിമാര്‍ നടപ്പിലാക്കിയിരുന്ന കാലം കഴിഞ്ഞു. ഇനി കൂട്ടായ തീരുമാനം വേണ്ടി വരും. കുറഞ്ഞപക്ഷം കഴിഞ്ഞകാലങ്ങളില്‍ ചെയ്തത് പോലെ മറ്റ് കക്ഷികളെ പിളര്‍ത്തിയും അടര്‍ത്തിയും സ്വന്തം എംപിമാരുടെ എണ്ണംകൂട്ടി ഘടകകക്ഷി സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള ശക്തി ആര്‍ജ്ജിക്കും വരെയെങ്കിലും.
മൂന്നാം മന്ത്രിസഭ
അഞ്ച് ക്യാബിനറ്റ് മന്ത്രിമാരും, സഹമന്ത്രിമാരും, സ്പീക്കര്‍ പദവിയുമാണ് 16 എംപിമാരുടെ ബലത്തില്‍ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ ടിഡിപി ആവശ്യപ്പെടുന്നത്. ഏതാണ്ട് അത്ര തന്നെ മന്ത്രിസ്ഥാനങ്ങളും രാജ്യസഭയിലെ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും 12 എംപിമാരുള്ള ജെഡിയു ആവശ്യപ്പെടുന്നു. വിലപേശലില്‍ ഷിന്‍ഡെയും പിന്നിലല്ല. മുന്നണിയിലെ ചെറുകക്ഷികളും ക്യാബിനറ്റ്, സഹമന്ത്രി സ്ഥാനങ്ങള്‍ക്ക് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ആഭ്യന്തരം, പ്രതിരോധം, ധനം എന്നീ പ്രധാനപ്പെട്ട വകുപ്പുകള്‍ ഘടകകക്ഷികള്‍ക്ക് ചോദിക്കാനാകില്ല. അംഗബലം തന്നെ കാരണം. പകരം നിയമം, ഐടി, റെയില്‍വേ, ഗ്രാമ വികസനം, റോഡ് ഗതാഗതം തുടങ്ങിയ ക്യാബിനറ്റ് വകുപ്പുകളില്‍ ഒരുപോലെ പിടിമുറുക്കിയിരിക്കുകയാണ് ടിഡിപിയും ജെഡിയുവും.
ഏക്‌നാഥ് ഷിന്‍ഡെ | PHOTO: FACEBOOK
റെയില്‍വേ, നിയമം, ഐടി, തുറമുഖം തുടങ്ങിയ വകുപ്പുകള്‍ വിട്ടുനല്‍കാന്‍ ബിജെപി തയ്യാറാകില്ല. മോദി സര്‍ക്കാരിന്റെ ഭാവി ആലോചനകളുടെ നടത്തിപ്പുകാരാണ് ഈ വകുപ്പുകള്‍. റോഡ് വികസനം, രണ്ട് മോദി സര്‍ക്കാരിന്റെയും അഭിമാന വകുപ്പായിരുന്നു. നിതിന്‍ ഗഡ്കരി ഏറ്റവും മികച്ച മന്ത്രിയായതും ഈ വകുപ്പിന്റെ പ്രവര്‍ത്തന മികവ് കൊണ്ടാണ്. അതുകൊണ്ട് തന്നെ റോഡ് ഗതാഗത വകുപ്പും ഒപ്പം ഗ്രാമ വികസന വകുപ്പും ഘടകകക്ഷികള്‍ക്ക് വിട്ടുനല്‍കുന്നതില്‍ സംഘപരിവാറിന് എതിര്‍പ്പുണ്ടാകാനിടയുണ്ട്. നിലവിലെ സാഹചര്യത്തില്‍ സംഘപരിവാറിനെ കൂടുതല്‍ അതൃപ്തിയിലേക്ക് തള്ളിവിടാന്‍ ബിജെപി നേതൃത്വത്തിന് കഴിയുകയുമില്ല. ഈ പ്രതിസന്ധി മറികടക്കാന്‍ സ്വയം ചാര്‍ത്തിയതും മറ്റുള്ളവരെ കൊണ്ട് ചാര്‍ത്തിയെടുത്തതുമായ വിശ്വപട്ടങ്ങളും മുഖംമൂടികളും അഴിച്ചുവച്ച് മുന്നണി രാഷ്ട്രീയ മര്യാദകളുടെ അടിസ്ഥാനത്തില്‍ മോദിക്ക് ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ നടത്തേണ്ടി വരും. അവരെ അനുനയിപ്പിക്കേണ്ടി വരും. ബിജെപിക്ക് കേവലഭൂരിപക്ഷം നല്‍കാതെയും എന്നാല്‍ എന്‍ഡിഎയ്ക്ക് ഭരിക്കാനുള്ള അവസരമൊരുക്കിയും ഇന്ത്യന്‍ ജനാധിപത്യം കാത്തിരിക്കുന്നതും ഇത് കാണാന്‍ തന്നെയല്ലെ.
ഇന്ത്യ മുന്നണിയും ഭാവിയും
''ഇന്‍ഡി'' മുന്നണിയെന്ന ഭരണപക്ഷ അധിക്ഷേപത്തിന് അറുതിവരുത്തിയ തിരഞ്ഞെടുപ്പാണ് നടന്നത്. പ്രതിപക്ഷത്തെ അവര്‍ അര്‍ഹിക്കുന്ന ബഹുമാനത്തോടെ ഇനി പ്രധാനമന്ത്രിയും ബിജെപിയും കാണണം എന്നാണ് തിരഞ്ഞെടുപ്പിലൂടെ ജനം വിധിയെഴുതിയത്. ഭിന്നതകള്‍ തല്‍ക്കാലം മാറ്റിവച്ച് ഒരുമിച്ച് നിന്നതിന്റെ ഫലമായി ലഭിച്ചതാണ് ഈ ബഹുമാനം. ഐക്യം തകര്‍ന്നാല്‍ ഈ ബഹുമാനവും ഇല്ലാതാകും. സര്‍ക്കാര്‍ രൂപീകരണത്തിന് ഇറങ്ങേണ്ടെന്ന് കൂട്ടായി തീരുമാനിച്ചതോടെ പ്രതിപക്ഷത്തെ ഐക്യം തകരാന്‍ സാധ്യതയുണ്ടായിരുന്ന ആദ്യ പ്രതിസന്ധി മാറിക്കിട്ടി. പക്ഷേ, ബംഗാള്‍ അടക്കം ചുരുക്കം ചില സംസ്ഥാനങ്ങളില്‍ പ്രാദേശിക സമ്മര്‍ദ്ദങ്ങള്‍ ഇനിയുമുണ്ട്. മൂന്നാം മോദി സര്‍ക്കാരിനെ താങ്ങിനിറുത്തുന്ന ടിഡിപിയും ജെഡിയുവും, ശിവസേന ഷിന്‍ഡെ വിഭാഗവും നയിക്കുന്ന സംസ്ഥാനങ്ങളില്‍ പക്ഷേ, ഇന്ത്യ സഖ്യത്തില്‍ പ്രതിസന്ധികളില്ല. ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ദേവേന്ദ്ര ഫഡ്‌നാവിസിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി ശിവസേന ഐക്യത്തിന് ബിജെപി ശ്രമിക്കുന്നുവെന്ന് ചില പിന്നാമ്പുറ കഥകള്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയും, കോണ്‍ഗ്രസും, ശരത് പവാറിന്റെ എന്‍.സി.പിയും ഉള്‍പ്പെടുന്ന മഹാ വികാസ് അഖാഡി ശക്തമാണ്. ബിഹാറില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിനും ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി- കോണ്‍ഗ്രസ് സഖ്യത്തിനും പ്രതിസന്ധികളില്ല. അതുകൊണ്ട് തന്നെ ഇന്ത്യ മുന്നണിയുടെ ഭാവി തല്‍ക്കാലം സുരക്ഷിതമാണ്.
ഇന്ത്യ മുന്നണി | PHOTO: FACEBOOK
ഏക പാര്‍ട്ടി ഭരണമോ, മുന്നണിയോ?
ഇന്ത്യയ്ക്ക് ഇനി നല്ലത് ഏക പാര്‍ട്ടി ഭരണമോ മുന്നണി ഭരണമോ? മോദി സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ ഭരണമാണ് ഈ ചോദ്യത്തിന് വഴിവച്ചിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളെയും അവര്‍ ഭരിച്ചിരുന്ന സംസ്ഥാന സര്‍ക്കാരുകളേയും നെടുകെ പിളര്‍ത്തി. ഓപ്പറേഷന്‍ താമര വിരിയിച്ച് സംസ്ഥാനങ്ങളില്‍ പിന്‍വാതിലിലൂടെ അധികാരം പിടിച്ചെടുത്തു. ഇഡിയേയും ആദായനികുതി വകുപ്പിനേയും സിബിഐയേയുമെല്ലാം ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വരുതിയിലാക്കാന്‍ ശ്രമിച്ചു. മോദിയുടേയും അമിത് ഷായുടേയും ഈ ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ പ്രതിപക്ഷത്തിന് പാര്‍ലമെന്റില്‍ പോലും പ്രതിഷേധിക്കാന്‍ അവസരമുണ്ടായിരുന്നില്ല. സഭയിലെ മൃഗീയ ഭൂരിപക്ഷമുപയോഗിച്ച് പ്രതിഷേധങ്ങളെ ഇല്ലാതാക്കി. ഇതിനെല്ലാം മറുമരുന്നായത് പ്രതിപക്ഷം കൈകോര്‍ത്തതോടെയാണ്. ഭിന്നതകള്‍ മറന്ന് മുന്നണിയായി അവര്‍ ബിജെപിക്കെതിരെ രംഗത്തിറങ്ങിയതോടെയാണ്. ഭരണഘടനയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ശുപാര്‍ശകള്‍ നല്‍കാന്‍ വാജ്‌പേയ് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എം.എന്‍.വെങ്കിടചെല്ലയ്യ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ചില നിര്‍ദ്ദേശങ്ങള്‍ ഈ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ ആകെ പോള്‍ ചെയ്യുന്നതിന്റെ അന്‍പത് ശതമാനം വോട്ട് നേടണം. ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് ഇത് നേടാനാകില്ലേ എന്ന ചോദ്യം ഉയരാം. അതിനുള്ള മറുപടി നെഹ്‌റുവും, ഇന്ദിര ഗാന്ധിയും, രാജീവ് ഗാന്ധിയും, നരേന്ദ്രമോദിയും കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോഴും ഇവര്‍ക്കാര്‍ക്കും അന്‍പത് ശതമാനം വോട്ട് നേടാനായിരുന്നില്ല എന്നതാണ്.