TMJ
searchnav-menu
post-thumbnail

Outlook

പിവി അന്‍വര്‍ വീണ്ടും കോണ്‍ഗ്രസിലെത്തുമോ?

22 Oct 2024   |   3 min Read
ശ്രീകുമാർ മനയിൽ

മൂഷിക സ്ത്രീ പിന്നെയും മൂഷിക സ്ത്രീയായ കഥപോലെ പിവി അന്‍വര്‍ കറങ്ങിത്തിരിഞ്ഞ് വീണ്ടും കോണ്‍ഗ്രസില്‍ എത്തുമോ? കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ക്കും പിവി അന്‍വറിനോട് താല്‍പ്പര്യമുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന് അന്‍വറിനെ കോൺഗ്രസിനോടടുപ്പിക്കാൻ ആഗ്രഹമുണ്ടെങ്കിലും അദ്ദേഹത്തിന്റെ  ഉപാധികളെ അംഗീകരിക്കാന്‍ വയ്യെന്ന നിലപാടാണ് എടുത്തിരിക്കുന്നത്. പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളില്‍ നിരുപാധികം യുഡിഎഫിനെ പിന്തുണക്കാമെങ്കില്‍  വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ അന്‍വറിനെയും പിന്തുണക്കാമെന്നാണ് പ്രതിപക്ഷ നേതാവ് നല്‍കിയിരിക്കുന്ന വാഗ്ദാനം. മറ്റൊരു ഉപാധിയും അന്‍വര്‍ മുന്നോട്ടുവയ്കരുതെന്നാണ് വിഡി സതീശന്‍ അന്‍വറുമായുള്ള ഫോണ്‍ സംഭാഷണത്തില്‍  ആവശ്യപ്പെട്ടതത്രെ.

മുസ്ലീം ലീഗ് നേതൃത്വത്തിന്റെ അറിവും പിന്തുണയോടും കൂടെയാണ് പ്രതിപക്ഷ നേതാവ് ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. അന്‍വറിന്റെ സ്ഥാനാര്‍ത്ഥി പാലക്കാടും ചേലക്കരയിലും വന്നാല്‍ അത് കോണ്‍ഗ്രസിന് ലഭിക്കാവുന്ന മുസ്ലീം വോട്ടുകളെ വിഭജിക്കുമെന്ന് വിഡി സതീശനെപ്പോലുള്ളവര്‍ കണക്കുകൂട്ടുന്നു. അതുണ്ടാകരുതെന്നും അവര്‍ ആഗ്രഹിക്കുന്നു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലബാര്‍ മേഖലയില്‍ പി വി അന്‍വര്‍ തന്റെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ അത് ലീഗിന്റെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ സാധ്യതകളെ ബാധിക്കുമെന്നും അവര്‍ ഭയക്കുന്നു. അതുകൊണ്ട് പി വി അന്‍വറുമായി ' നെഗോഷ്യേറ്റ്' ചെയ്യാന്‍ പറ്റിയ സന്ദര്‍ഭം ഇതാണെന്നാണ് പ്രതിപക്ഷ നേതാവിന്റെയും അദ്ദേഹത്തെ പിന്തുണക്കുന്നവരുടെയും അഭിപ്രായം. കോണ്‍ഗ്രസുമായി ഭാവിയില്‍ സഹകരിക്കാനുള്ള വാതില്‍ തുറന്നിട്ടുകൊണ്ട് വയനാട്ടില്‍ പ്രിയങ്കാഗാന്ധിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്ന് അന്‍വറിന്റെ സംഘടനയായ ഡെമോക്രാറ്റിക് കേരളാ മൂവ്മെന്റ് തിരുമാനിച്ചിട്ടുണ്ട്. അതേ സമയം അന്‍വര്‍ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകളെയും ഉപാധികളെയും അംഗീകരിച്ചാല്‍ അത് പിന്നീട് കീറാമുട്ടിയാകുമെന്നും കോണ്‍ഗ്രസ് നേതൃത്വം കരുതുന്നുണ്ട്. അതുകൊണ്ട് തികഞ്ഞ അവധാനതയോടെമാത്രം അന്‍വറുമായി ഇടപെട്ടാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം.

പി വി അന്‍വര്‍ | PHOTO: FACEBOOK
മലപ്പുറം ജില്ലയിലെ പരമ്പരാഗാത കോണ്‍ഗ്രസ് കുടുംബത്തിലെ അംഗമായ പി വി അന്‍വര്‍ ഇടതുമുന്നണിയിലെത്താനുള്ള പ്രധാനകാരണം  ആര്യാടന്‍ മുഹമ്മദായിരുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ മലപ്പുറത്ത് കോണ്‍ഗ്രസിനെ നശിപ്പിച്ചതില്‍ പ്രധാനപങ്കുവഹിച്ചത് ആര്യാടന്‍ മുഹമ്മദാണ്. മുസ്ലീം സമുദായത്തില്‍ നിന്നും പ്രഗല്‍ഭരായ നേതാക്കള്‍ കോണ്‍ഗ്രസില്‍ ഉയര്‍ന്നുവരാതിരിക്കാന്‍ ആര്യാടന്‍ എക്കാലവും  ശ്രദ്ധിച്ചിരുന്നു. ടികെ ഹംസമുതല്‍ ഇപ്പോഴത്തെ മന്ത്രി വി അബ്ദുള്‍ റഹിമാനും, പി വി അന്‍വറുമെല്ലാം ഇത്തരത്തില്‍ ആര്യാടന്റെ ഒതുക്കല്‍ തന്ത്രത്തില്‍പ്പെട്ട് കോണ്‍ഗ്രസ് വിടേണ്ടി വന്നവരാണ്. ഇവര്‍ക്കൊന്നും സൂചികുത്താനുള്ള ഇടം പോലും മലപ്പുറത്തെ കോണ്‍ഗ്രസില്‍ ആര്യാടന്‍ നല്‍കിയില്ല. അതോടെ ജനപിന്തുണയുള്ള മറ്റുകോണ്‍ഗ്രസ് നേതാക്കളെപോലെ പി വി അന്‍വറും ഇടത്തോട്ടു നീങ്ങി. 2016 ല്‍ ആര്യാടന്റെ മകന്‍ ഷൗക്കത്തിനെ നിലമ്പൂരില്‍ പരാജയപ്പെടുത്തിയ അന്‍വര്‍, 2021ല്‍  കോണ്‍ഗ്രസിലെ വി വി പ്രകാശിനെയും തോല്‍പ്പിച്ചു. ഏതാനും മാസം മുമ്പുവരെ പിണറായി വിജയന്റെ ഫയറിംഗ് സ്‌ക്വാഡിലെ പ്രധാനിയായിരുന്ന അന്‍വര്‍. വി ഡി സതീശന്‍ മുതല്‍ രാഹുല്‍ഗാന്ധിവരെ അദ്ദേഹത്തിന്റെ വാക്ശരങ്ങളേറ്റു പുളഞ്ഞു. എന്നാല്‍ തികച്ചും ദുരൂഹമെന്ന് പറയാവുന്ന കാരണങ്ങളാല്‍ അന്‍വറും പിണറായിയും തമ്മില്‍ തെറ്റി. സ്വര്‍ണ്ണക്കടത്ത്, ആര്‍എസ്എസ് ബന്ധം, എഡിജിപി അജിത്ത്കുമാര്‍, പൊളിറ്റിക്കല്‍ സെക്രട്ടറി പിശശി എന്നിങ്ങിനെയൊക്കൊയുള്ള കാരണങ്ങളാണ് അന്‍വര്‍ നിരത്തിയതെങ്കിലും  പറഞ്ഞതിനെക്കാള്‍  ദുരൂഹമാണ് പറയാത്തത് എന്ന്  ഭരണ- പ്രതിപക്ഷ കക്ഷികള്‍ക്കെല്ലാമറിയാം.

കോണ്‍ഗ്രസിനെയും യുഡിഎഫിനെയും സംബന്ധിച്ചിടത്തോളം അന്‍വറിനോടുള്ള അടുപ്പം അവര്‍ക്ക് രാഷ്ട്രീയമായി വലിയ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരിടവേളക്ക് ശേഷം മുസ്ലീം ന്യൂനപക്ഷവോട്ടുകള്‍  മുന്നണിയിലേക്കൊഴുകാന്‍  അന്‍വറുമായുള്ള അടുപ്പം സഹായകമാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം മനസിലാക്കിയിട്ടുണ്ട്. 2016 നുശേഷം ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ മാത്രമാണ് കോണ്‍ഗ്രസിനും യുഡിഎഫിനും മുസ്ലീം വോട്ടുകള്‍ ലഭിച്ചിരുന്നത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തോതില്‍ മുസ്ലീം വോട്ടുകള്‍ നഷ്ടപ്പെട്ടു. മുസ്ലീം ലിഗ് വിചാരിച്ചാലൊന്നും ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിലേക്കും  യുഡിഎഫിലേക്ക് കൊണ്ടുവരാന്‍ കഴിയില്ലന്ന അവസ്ഥപോലും സംജാതമായി. ഇതെല്ലാം മുന്‍നിര്‍ത്തിയാണ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ നേതൃമാറ്റമുണ്ടായത്. വിഡി സതീശന്‍- കെസുധാകരന്‍ നേതൃത്വത്തിനും മുസ്ലീം ന്യൂനപക്ഷത്തെ കാര്യമായി ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലന്ന് വ്യക്തമായിരുന്നു. എന്നാല്‍ 2024 ലെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ തൃശൂര്‍ ലോക്സഭാ സീറ്റ് ബിജെപിക്ക് ലഭിച്ചത് മുസലീം ന്യൂനപക്ഷത്തിനിടയില്‍ വലിയ സംശയങ്ങളുണ്ടാക്കി. സിപിഎമ്മും പ്രത്യേകിച്ച് പിണറായി വിജയനും ബിജെപിയും തമ്മിലുള്ള രഹസ്യ ഇടപാടുകളാണ് സുരേഷ് ഗോപിയെ തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നും ജയിക്കാന്‍ സഹായിച്ചത് എന്നവര്‍ കരുതി. അപ്പോഴാണ് പിവി അന്‍വര്‍ വെടിപൊട്ടിച്ചത്. ഇതോടെ സംഘപരിവാര്‍ സിപിഎം ബന്ധം യാഥാര്‍ത്ഥ്യമാണെന്നുള്ള ധാരണ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ പരന്നു. ഈ ധാരണയെ രാഷ്ട്രീയമായി മുതലെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പി വി അന്‍വറിനെ കോണ്‍ഗ്രസുമായി അടുപ്പിക്കണമെന്ന് വിഡി സതീശനും അദ്ദേഹത്തെ പിന്തുണക്കുന്നവരും വാദിക്കുന്നത്.

REPRESENTATIVE IMAGE | WIKI COMMONS
വരുന്ന തിരഞ്ഞെടുപ്പോടെ യുഡിഎഫ് പാളയത്തിലെത്തിയില്ലെങ്കില്‍ തനിക്കും തന്റെ രാഷ്ട്രീയപാര്‍ട്ടിക്കും ഭാവിയില്ലന്ന് പി വി അന്‍വറിന് നന്നായി അറിയാം. ന്യൂനപക്ഷ വോട്ടുകളെയും സിപിഎം വിരുദ്ധ വോട്ടുകളെയും സ്വാധീനിക്കാനുള്ള പി വി അന്‍വറിന്റെ കഴിവിനെ കോണ്‍ഗ്രസും കുറച്ചുകാണുന്നില്ല. മുസ്ലീം ലീഗിലെ മുടി ചൂടാമന്നനായ പി കെ കുഞ്ഞാലിക്കുട്ടിക്ക് പി വി അന്‍വറിനെ വലിയ താല്‍പ്പര്യമില്ല. എന്നാല്‍ ലീഗിന്റെ മറ്റു നേതാക്കള്‍ക്കും വലിയൊരു വിഭാഗം അണികള്‍ക്കും അന്‍വറിനെ കൂടെക്കൂട്ടണമെന്ന നിലപാടാണുള്ളത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ അന്‍വര്‍ നല്‍കുന്ന പിന്തുണ  യുഡിഎഫിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകം തന്നെയാണ്. ഇതോടെ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്‍വര്‍ യുഡിഎഫ് സ്വതന്ത്രനായി നിലമ്പൂരില്‍ നിന്നും മല്‍സരിക്കാനുള്ള സാധ്യതയുമേറുകയാണ്.





#outlook
Leave a comment