
വോട്ടർ പട്ടിക പരിഷ്‌ക്കരണം വോട്ടിംഗ് അവകാശം ഇല്ലാതാക്കുമോ
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറിലെ പട്ടിക പുതുക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ(ഇസിഐ) ഉത്തരവ് രാജ്യവ്യാപകമായ സംവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെയാണ് ബീഹാറിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. ജൂൺ അവസാനവാരമാണ് പ്രത്യേക തീവ്രയജ്ഞ പുതുക്കൽ(സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ-എസ്ഐആർ, SIR) എന്ന പേരിൽ വോട്ടർ പട്ടിക പുതുക്കാനുള്ള ഉത്തരവ് ഇസിഐ പുറപ്പെടുവിച്ചത്. സ്വതന്ത്രവും, നിഷ്പക്ഷവുമായി തിരഞ്ഞെടുപ്പുകൾ നടത്താൻ ചുമതലപ്പെട്ട ഭരണഘടന സ്ഥാപനമായ കമ്മീഷൻ, പ്രസ്തുത ചുമതല നിറവേറ്റുന്നതിൽ പലപ്പോഴും ഫലപ്രദമല്ലെന്ന വിമർശനം വ്യാപകമായി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് വിവാദമായ എസ്ഐആർ നടപടിയുമായി ഇസിഐ രംഗത്ത് വന്നിട്ടുള്ളത്. പ്രമുഖ രാഷ്ട്രീയ കക്ഷികൾ മുതൽ വിവിധ സിവിൽ സൊസൈറ്റി സംഘടനകളും, പ്രവർത്തകരും വരെ വോട്ടിംഗ് യന്ത്രങ്ങൾ മുതൽ തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്തിയവരുടെ അന്തിമ കണക്ക് വരെയുള്ള കാര്യങ്ങളിൽ വിമർശനങ്ങൾ ഉന്നയിക്കുന്നത് ഇപ്പോൾ സാധാരണമാണ്.
ഒരു വിഭാഗം ജനങ്ങളുടെ വോട്ടിംഗ് അവകാശം ആസൂത്രിതമായി ഇല്ലാതാക്കുന്നതിനുള്ള ഗൂഢപദ്ധതിയാണ് എസ്ഐആർ -എന്ന വിമർശനം ഉൾക്കൊള്ളുന്ന നിരവധി പെറ്റിഷനുകൾ സുപ്രീം കോടതിയുടെ മുന്നിൽ എത്തിയതോടെ കോടതി ഈ വിഷയം അടിയന്തിര പ്രാധാന്യത്തോടെ നാളെ(10-7-25) പരിഗണിക്കും. രണ്ടു തരത്തിലുള്ള വിമർശനങ്ങളാണ് ഈ വിഷയത്തിൽ പ്രധാനമായും മുന്നോട്ട് വന്നിട്ടുള്ളത്. ഇസിഐ ഉത്തരവിന്റെ ഭരണഘടനാപരമായും, നിയമപരമായും ഉള്ള സാധുതയാണ് ഒന്നാമത്തെ വിഷയം. ഉത്തരവ് പ്രകാരമുള്ള നടപടിക്രമം പൂർത്തീകരിക്കുന്നതിനുള്ള സമയപരിധിയാണ് രണ്ടാമത്തെ വിഷയം. അതിൽ സമയപരിധിയുടെ വിഷയം നോക്കാം.
REPRESENTATIVE IMAGE | WIKI COMMONS
ഇസിഐയുടെ നിർദേശപ്രകാരം 2003ൽ ബീഹാറിലെ തിരഞ്ഞെടുപ്പ് പട്ടികയിൽ പേരില്ലാത്ത 18 വയസ്സിനും, അതിന് മുകളിൽ പ്രായമുള്ള എല്ലാവരും പുതിയ പൗരത്വ നിയമപ്രകാരം വോട്ടർ പട്ടികയിൽ പേര് ചേർക്കണം. 2003ൽ 18 വയസ്സ് പൂർത്തിയായ എല്ലാവരും വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുണ്ടെങ്കിൽ അവർക്ക് ഇപ്പോൾ ഏതാണ്ട് 40 വയസ്സാവും. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ 2020ലെ ഒരു റിപ്പോർട്ട് പ്രകാരം ബീഹാറിലെ വോട്ടവകാശമുള്ളവരുടെ എണ്ണം 8.08 കോടിയാണ്. അതിൽ 40 വയസ്സും അതിൽ താഴെ പ്രായമുള്ളവരും 59 ശതമാനമാണ്. അതായത് 4.76 കോടി. ജൂലൈ 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ കാലയളവിൽ ഇത്രയും പേർ അവരുടെ പൗരത്വം പരിശോധന നടത്തി വോട്ടർ പട്ടികയിൽ സ്വന്തം പേരുകൾ ചേർക്കണം.
ഇസിഐയുടെ കണക്കുകൾ പ്രകാരം ബീഹാറിലെ മൊത്തം വോട്ടർമാർ 7.9 കോടിയാണ്. അതിൽ 4.96 കോടി 2003ലെ പട്ടികയിൽ ഉള്ളവരാണ്. പിന്നെ വരുന്ന 2.94 കോടിക്ക് മാത്രമാണ് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ വേണ്ട രേഖകൾ സമർപ്പിക്കാനുള്ളത്. എന്നാൽ ഇസിഐയുടെ കണക്കിൽ ഒരു നോട്ടപ്പിശക് ഉള്ളതായി ദി ഹിന്ദു ദിനപത്രത്തിന്റെ ഡാറ്റ പോയിന്റിൽ രാഹുൽ ശാസ്ത്രി വാദിക്കുന്നു. ബീഹാറിലെ വോട്ടർ പട്ടികയിൽ 4.96 കോടി വോട്ടർമാർ ഉണ്ടെന്ന കാര്യം ശരിയാണ്. പക്ഷെ അതിൽ 1 കോടിയോളം പേർ മരണമടഞ്ഞവരാണ്. അവരെ കമ്മീഷൻ തന്നെ പട്ടികയിൽ നിന്നും നീക്കിയിട്ടുണ്ട്. മരണമടഞ്ഞവർക്കൊപ്പം ബീഹാറിൽ നിന്നും മറ്റുള്ള പ്രദേശങ്ങളിലേക്ക് കുടിയേറിയവരെ കൂടി കൂട്ടിയാൽ
2003ലെ പട്ടികയിൽ ബാക്കിയാവുക 3.16 കോടി വോട്ടർമാർ മാത്രമാണ്. ഇപ്പറയുന്ന 3.16 കോടി വോട്ടർമാർക്ക് രേഖകൾ ഒന്നും നൽകേണ്ടതില്ല. എന്നാലും രേഖ നൽകേണ്ടുന്നവരുടെ എണ്ണം 4.74 കോടി വരും. അതായത് ഇസിഐയുടെ കണക്കിലുള്ള 7.9 കോടി വോട്ടർമാരിൽ നിന്നും 3.16 കോടി കുറച്ചാൽ കിട്ടുന്ന സംഖ്യ. ഈ സംഖ്യ 2020ലെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ജനസംഖ്യ പ്രൊജക്ഷൻ പ്രകാരമുള്ള കണക്കിൽ നിന്നും ലഭിക്കുന്ന 4.76 കോടി വോട്ടർമാർ എന്ന എണ്ണത്തിൽ നിന്നും വലിയ വ്യത്യാസമില്ലെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടുന്നു.
REPRESNTATIVE IMAGE | PHOTO : WIKI COMMONS
ഇസിഐയുടെ നിർദേശപ്രകാരം പൗരത്വം തെളിയിച്ച് പട്ടികയിൽ പേര് ചേർക്കാൻ 11 രേഖകൾ സമർപ്പിക്കാം. സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ ജോലി ഐഡി/പെൻഷൻ കാർഡുകൾ, ജനന സർട്ടിഫിക്കറ്റ്, മട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, വനാവകാശ സർട്ടിഫിക്കറ്റ്, ഒബിസി, പട്ടികജാതി, പട്ടികവർഗ്ഗ സർട്ടിഫിക്കറ്റ്, ഭൂമി, വീട് എന്നിവ സർക്കാർ പതിച്ചു നൽകിയ രേഖ, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയാണ് അതിൽ പ്രധാനം. ഇസിഐയുടെ രേഖകളിൽ പറയുന്ന മറ്റുള്ള മൂന്നെണ്ണം പൊതുവെ ബീഹാറിൽ ബാധകമല്ലാത്തതാണ്.
ഇനി ഈ രേഖകളും അവയുടെ പ്രാതിനിധ്യ സ്വഭാവവും നോക്കാം. ബീഹാറിൽ മൊത്തം സർക്കാർ ജോലിയുള്ളവർ 20.47 ലക്ഷം പേരാണ്. അതിൽ 18നും 40നും മദ്ധ്യേ പ്രായമുള്ളവർ എത്രവരും എന്നത് കൂടി കണക്കിലെടുക്കുമ്പോൾ പേര് ചേർക്കേണ്ട മൊത്തം വോട്ടർമാരുടെ 2 ശതമാനം പേരാവും പരമാവധി ഈ രേഖയുടെ ഗുണഭോക്തക്കൾ. ജനന സർട്ടിഫിക്കറ്റ് ആണ് മറ്റൊരു രേഖ. ദേശീയ കുടുംബാരോഗ്യ സർവ്വേ-3 പ്രകാരം 2001നും 2005നും ഇടയിൽ ബീഹാറിൽ ജനിച്ച 3.28 ശതമാനം പേർക്കാണ് ജനന സർട്ടിഫിക്കറ്റ് ഉള്ളത്. ബീഹാറിൽ പാസ്പോർട്ട് ആണ് മറ്റൊരു രേഖ, അതുള്ളത് ജനസംഖ്യയുടെ 2.4 ശതമാനം പേർക്കാണ്. മറ്റൊരു രേഖയായ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് ഉള്ളവർ 45-50 ശതമാനമാണ്. അതിൽ സ്ത്രീകളുടെ എണ്ണം ഈ ശരാശരിയിൽ നിന്നും 10 ശതമാനം കുറവാണ്. ഒബിസി, പട്ടികജാതി, പട്ടികവർഗ്ഗ സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവർ യഥാക്രമം 18, 20, 38 ശതമാനം എന്ന കണക്കിലാണ്. ചുരുക്കത്തിൽ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് ഉള്ളവർ 45-50 ശതമാനം ഒഴികെ ബാക്കിയുള്ള നല്ലൊരു പങ്കും, ഇസിഐ പറയുന്ന രേഖകൾ ഒരു മാസത്തിനുള്ളിൽ നേടിയെടുക്കാൻ ചക്രശ്വാസം വലിക്കേണ്ടി വരും. ഇനി അതെല്ലാം കഴിഞ്ഞുവെന്ന് കരുതുക. ഈ രേഖകൾ ഒത്തുനോക്കി കരട് വോട്ടർ പട്ടിക പുറത്തിറക്കാൻ ഓരോ നിയോജക മണ്ഡലത്തിലെയും ഇലക്ടറൽ റെജിസ്ട്രേഷൻ ഓഫീസർക്ക് ലഭിക്കുന്നത് 62 ദിവസമാണ്. ജൂലൈ 1 മുതൽ ആഗസ്റ്റ് 31 വരെ. മൊത്തം 4.76 കോടി പേർ രേഖകൾ സമർപ്പിച്ചുവെന്ന് കണക്കാക്കിയാൽ ഓരോ നിയോജകമണ്ഡലത്തിലും ഏതാണ്ട് ശരാശരി 2 ലക്ഷം രേഖകൾ വീതം ഓരോ ഇലക്ടറൽ ഓഫീസർക്കും പരിശോധിച്ചു തീർപ്പാക്കേണ്ടി വരും. ഇത്രയും ഭീമമായ ഒരു ചുമതല 62 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുക സാധാരണ നിലയിൽ സാധ്യമല്ല.
പ്രായോഗികമായ ഈ കടമ്പയ്ക്ക് പുറമെയാണ് ഇതുമായി ബന്ധപ്പെട്ട ഭരണഘടനപരമായും, നിയമപരവുമായ ഭിന്ന വീക്ഷണങ്ങൾ. ഇസിഐ "കാലങ്ങളായി പരീക്ഷിച്ച നടപടിക്രമം" ഉപേക്ഷിച്ചതിനെ ചോദ്യം ചെയ്ത മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ, എസ്ഐആർ നടത്തുന്നതിനായി വലിയൊരു വിഭാഗം പൗരന്മാരുടെ വോട്ടവകാശവും ഇന്ത്യൻ പൗരന്മാർ എന്ന പദവിയും നഷ്ടപ്പെടുത്തുമെന്ന് പറഞ്ഞു.
അശോക് ലവാസ | PHOTO : WIKI COMMONS
ഇസിഐയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിൽ പരസ്പരവിരുദ്ധമായ സന്ദേശങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും ലഭിക്കുന്നത്. ബീഹാറിലെ ഇലക്ടറൽ ഓഫീസർ നൽകിയ ഒരു പത്രപരസ്യപ്രകാരം യോഗ്യരായ വോട്ടർമാർ അവർക്ക് വിതരണം ചെയ്ത ഫോമുകൾ തൽക്കാലം പൂരിപ്പിച്ച് നൽകിയാൽ മതിയെന്നും, മറ്റുള്ള രേഖകൾ പിന്നീട് സമർപ്പിക്കണമെന്നുമായിരുന്നു. എന്നാൽ, അതിനു വിപരീതമായി, നിർദ്ദേശങ്ങളിൽ മാറ്റമൊന്നുമില്ലാതെ എസ്ഐആർ നടത്തുന്നുണ്ടെന്ന് ജൂലൈ 6ന് CEC ഗ്യാനേഷ് കുമാർ പറഞ്ഞു. ഇതെല്ലാം കൂടുതൽ സംശയങ്ങൾ ജനിപ്പിക്കുന്നതാണെന്ന് മുൻ രാഷ്‌ട്രപതി കെ ആർ നാരായണന്റെ സ്പെഷ്യൽ ഓഫീസർ ആയിരുന്ന എസ് എൻ സാഹു ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ കൂടുതൽ ദുർബലമാക്കുമെന്ന് വിമർശകർ ഭയപ്പെടുന്ന ഇസിഐയുടെ ഉത്തരവിന്റെ നിയമപരമായ സാധുത സുപ്രീം കോടതി അർഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.


.jpg)