TMJ
searchnav-menu
post-thumbnail

Outlook

സമുദായസംഘടനകള്‍ യുഡിഎഫിനെ കുളിപ്പിച്ചുകിടത്തുമോ?

30 Dec 2024   |   3 min Read
ശ്രീകുമാർ മനയിൽ

1981 അവസാനം യുഡിഎഫ് അഥവാ ഐക്യജനാധിപത്യമുന്നണി രൂപീകരിക്കുമ്പോള്‍ കെ കരുണാകരന്റെ മനസിലുണ്ടായിരുന്നത് പൊതുമിനിമം പരിപാടിയുടെ പേരില്‍ ഒരുമിച്ചു കൂടുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്‌ളാറ്റ്‌ഫോം എന്ന സങ്കല്‍പ്പമേ ആയിരുന്നില്ല. മറിച്ച് വിവിധ ജാതി മത സമൂഹങ്ങളുടെ ഒരു കോണ്‍ഫഡറേഷനായിരുന്നു. ഏറെക്കുറെ സമാനമായ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടികളുടെ കൂട്ടായ്മ എന്നതായിരുന്നില്ല ഒരിക്കലും യുഡിഎഫിന്റെ രാഷ്ട്രീയ ഘടന. മറിച്ച് സാമുദായിക മത നേതാക്കള്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന അയഞ്ഞ രാഷ്ട്രീയ സംവിധാനമായിരുന്നു എല്ലാക്കാലത്തുമത്.

മുസ്‌ലീം ലീഗ്, കേരളാ കോണ്‍ഗ്രസുകള്‍, നായര്‍ സമുദായത്തിന്റെ നേതൃത്വമുള്ള എന്‍ഡിപി, ഈഴവ സമുദായത്തിന്റെ പാര്‍ട്ടിയായ എസ് ആര്‍പി തുടങ്ങിയവയെല്ലാം യുഡിഎഫിന്റെ ഭാഗമായി തീര്‍ന്നു. അതുകൊണ്ടു പലപ്പോഴും സിപിമ്മിനും ഇടതുമുന്നണിക്കും മുകളില്‍ ഒരു രാഷ്ട്രീയമേല്‍ക്കൈ നിലനിര്‍ത്താന്‍ യുഡിഎഫിന് കഴിഞ്ഞിരുന്നു.

കെ കരുണാകരന്‍ | PHOTO: WIKI COMMONS
മുസ്‌ലീം ലീഗിനെയും കേരളാ കോണ്‍ഗ്രസിനെയുമൊക്കെ ഇടതുമുന്നണിയിലേക്ക് കൊണ്ടുവരണമെന്ന ബദല്‍രേഖകള്‍ സിപിഎമ്മില്‍ രൂപമെടുക്കാന്‍ തുടങ്ങിയതിന് പിന്നിലെ കാരണവും സമുദായങ്ങളെ ഉപയോഗിച്ചുള്ള യുഡിഎഫിന്റെ രാഷ്ട്രീയ നീക്കങ്ങളുടെ വിജയമായിരുന്നു. എന്നാല്‍ കരുണാകരനും ഒരു പരിധിവരെ ആന്റണിക്കും ഒരു ഗുണമുണ്ടായിരുന്നു. തിരഞ്ഞെടുപ്പുകാലത്ത് സമുദായ നേതാക്കളെ ആശ്രയിക്കുമെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അവര്‍ക്ക് താല്‍പര്യമുള്ളവരെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെങ്കിലും മുന്നണിയുടെയും കോണ്‍ഗ്രസിന്റെയും ആഭ്യന്തര കാര്യങ്ങളിലും നയപരിപാടികളിലും ഇടപെടാനോ, തങ്ങള്‍ക്ക്‌മേല്‍ സ്വാധീനം ചെലുത്താനോ ഇവര്‍ ഈ സമുദായനേതാക്കളെ അനുവദിക്കില്ലായിരുന്നു. അങ്ങിനെ ശ്രമിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി കിടങ്ങൂര്‍ ഗോപാലകൃഷ്ണ പിള്ളയെ കരുണാകരന്‍ സിംഗപ്പൂര്‍ ഹൈക്കമ്മീഷണറാക്കി കേരളത്തില്‍ നിന്നും കെട്ടുകെട്ടിച്ചു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കോഴിക്കോട് വച്ചു ക്രിസ്ത്യന്‍ ബിഷപ്പുമാരെ കണ്ടതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ആ കൂടിക്കാഴ്ചയില്‍ നിന്നും മാറി നിന്നയാളായിരുന്നു അന്നു കെപിസിസി അധ്യക്ഷനായിരുന്ന ഏകെ ആന്റണി. കോണ്‍ഗ്രസ് പ്രധാനമന്ത്രിക്കെതിരെ ഒരു പിസിസി പ്രസിഡന്റ് പ്രതിഷേധിച്ചു പരിപാടിയില്‍ നിന്നും മാറിനില്‍ക്കുന്നത് ഇന്ന് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണ്.

എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ കാലമെത്തിയപ്പോഴേക്കും സ്ഥിതിഗതികള്‍ മാറി മറിഞ്ഞു. കരുണാകരനും ആന്റണിക്കും ഉള്ള രാഷ്ട്രീയ കരിസ്മ തനിക്കില്ലന്ന് മനസിലാക്കിയ ഉമ്മന്‍ചാണ്ടി എല്ലാ സമുദായങ്ങളെയും എന്നുവച്ചാല്‍ എല്ലാ സമുദായ നേതാക്കളെയും അതിരുകടന്ന് പ്രീണിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് യുഡിഎഫിന് നെറുകയില്‍ സമുദായ നേതാക്കള്‍ ഡാന്‍സ് കളിക്കാന്‍ തുടങ്ങിയത്. കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തലയെ താക്കോല്‍സ്ഥാനത്തിരുത്തണമെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകമാരന്‍ നായരുടെ പുത്തരിക്കണ്ടം പ്രസംഗം ഇതിന്റെ പശ്ചാത്തലത്തിലാണ്. താന്‍ പറയുന്നയാളെ പ്രമുഖ വകുപ്പ് കൊടുത്ത് മന്ത്രിയാക്കിയില്ലങ്കില്‍ വിവരം അറിയുമെന്ന തരത്തിലുള്ള ഭീഷണി ഒരു സമുദായ നേതാവില്‍ നിന്നും ഒരു മുഖ്യമന്ത്രി നേരിടേണ്ടി വരുന്നത് അന്നാദ്യമായിരുന്നു. മുസ്‌ലീം ലീഗിന് അഞ്ചാമതൊരു മന്ത്രിയെ നല്‍കിയതാണ് അന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ പ്രകോപിപ്പിച്ചതെന്നാണ് പറയുന്നതെങ്കിലും വാസ്തവം അതല്ലായിരുന്നു. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും ഇടയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്കാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രതിനിധി വിലാസ് റാവു ദേശ്മുഖിന്റെ സാന്നിധ്യത്തില്‍ 2011 ലെ തി രെഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ അനൗദ്യോഗിക കരാര്‍ മുഖ്യമന്ത്രിയായതിന് ശേഷം ഉമ്മന്‍ചാണ്ടി ലംഘിച്ചതാണ് സുകുമാരന്‍ നായരെ പ്രകോപിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് അദ്ദേഹം ഉമ്മന്‍ചാണ്ടിയുമായി നിരന്തരം ഏറ്റുമുട്ടിയതും.

സുകുമാരന്‍ നായരും ഉമ്മന്‍ ചാണ്ടിയും | PHOTO:  WIKI COMMONS
ജനുവരി രണ്ടിന് നടക്കുന്ന മന്നം ജയന്തി ദിനാചരണത്തിന് രമേശ് ചെന്നിത്തലയെ മുഖ്യപ്രഭാഷകനായി എന്‍എഎസ് എസ് ക്ഷണിച്ചിരിക്കുകയാണ്. അതിനെക്കാളേറെ അത്ഭുതപ്പെടുത്തുന്ന ആ ക്ഷണത്തെ അനുകൂലിച്ച് സംസാരിച്ച എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നടപടിയാണ്. സുകുമാരന്‍ നായര്‍ രാത്രിയാണെന്ന് പറഞ്ഞാല്‍ അല്ല നട്ടുച്ചയാണെന്ന് തിരുത്തുന്ന ആളാണ് വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍ എന്‍എസ്എസുമായി രമേശ് ചെന്നിത്തല അടുക്കുന്നത് വളരെ നല്ലകാര്യമാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി മുഖ്യമന്ത്രിയാകാന്‍ വിഡി സതീശനെക്കാള്‍ യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്നുവരെ പരസ്യമായി പറയുകയും ചെയ്തു. സുകുമാരന്‍നായര്‍ക്കും വെള്ളാപ്പള്ളിക്കും പണ്ടേ സതീശനെ ചതുര്‍ത്ഥിയാണ്.

യുഡിഎഫ് രാഷ്ട്രീയത്തില്‍ വീണ്ടും സമുദായ സംഘടനകള്‍ ഇടപെടുകയും ഇത്തരത്തില്‍ കടുത്ത അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണിയുടെ സാധ്യതകളെ വലിയ തോതില്‍ ബാധിക്കുമെന്ന് കരുതുന്നവരാണ് കോണ്‍ഗ്രസിലും യുഡിഎഫിലുമുള്ള ഭൂരിഭാഗം നേതാക്കളും. സമുദായ നേതാക്കളെ വരച്ചവരയില്‍ നിര്‍ത്താന്‍ പിണറായി വിജയന് കഴിഞ്ഞതാണ് തുടര്‍ച്ചയായി അധികാരത്തില്‍ വരാന്‍ സിപിഎമ്മിനെ സഹായിച്ച പ്രധാനഘടകമെന്നും കോണ്‍ഗ്രസിലെയും യുഡിഎഫിലെയും പ്രബലരായ യുവനേതാക്കളടക്കം വിശ്വസിക്കുന്നു.

REPRESENTATIVE IMAGE | WIKI COMMONS
അത് മനസിലാക്കി ജനങ്ങളെ മുന്‍നിര്‍ത്തിയുള്ള പ്രതിരോധങ്ങളും പ്രക്ഷോഭങ്ങളും രാഷ്ട്രീയ നിലപാടുകളും ഉയര്‍ത്തിപ്പിടിച്ചാണ് കോണ്‍ഗ്രസും യുഡിഎഫും മുന്നോട്ടു പോകേണ്ടതെന്നും ഈ വിഭാഗം കരുതുന്നു. ഇങ്ങനെ കരുതുന്നവര്‍ കോണ്‍ഗ്രസിലും മുസ്‌ലീം ലീഗിലും കേരളാ കോണ്‍ഗ്രസിലും വരെയുണ്ട്. ഇനിയും സമുദായ നേതാക്കള്‍ക്ക് വഴങ്ങിക്കൊടുത്താല്‍ അവര്‍ യുഡിഎഫിനെ കുളിപ്പിച്ചു കിടത്തുമെന്നും അതൊരിക്കലും അനുവദിക്കാന്‍ കഴിയില്ലന്നുമാണ് ഈ നേതാക്കള്‍ പറയുന്നത്.

എന്നാല്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഉന്നത നേതൃത്വമാകട്ടെ സമുദായ നേതാക്കളുമായി ഒരു ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കേണ്ടസന്ദേശമാണ് നല്‍കുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പോലും സമുദായനേതാക്കള്‍ക്കെതിരെ നിലകൊള്ളാന്‍ മടിക്കുന്നു. ആരെ പ്രീണിപ്പിച്ചും ഭരണം നേടുക എന്നതാണ് യുഡിഎഫിന്റെ നയമെങ്കില്‍ അതു വിജയിക്കുന്ന കാലമല്ല ഇതെന്ന് കോണ്‍ഗ്രസ് യുഡിഎഫ് നേതാക്കള്‍ക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കുന്നത് നന്നായിരിക്കും.



#outlook
Leave a comment