തിരഞ്ഞെടുപ്പിനെ ബാധിക്കുമോ കര്‍ഷകസമരം ?
ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി വളരുന്ന ഇന്ത്യയെക്കുറിച്ചുള്ള മോഹനമായ വര്‍ത്തമാനങ്ങള്‍ക്ക് കുറവുകളില്ല. പ്രധാനമന്ത്രി മാത്രമല്ല ഒരുവിഭാഗം സാമ്പത്തിക വിദഗ്ധരും ആഗോളതലത്തിലെ Thinktank കളും ഇന്ത്യന്‍ വിജയഗാഥയെക്കുറിച്ചുള്ള അപദാനങ്ങള്‍ ഉറക്കെ പറയുന്നവരാണ്. സാമ്പത്തിക പുരോഗതിയുടെ മണ്ഡലത്തില്‍ കാര്‍ഷിക മേഖല നിര്‍ണായക പങ്കുവഹിക്കുന്നു. ഭക്ഷ്യോല്‍പ്പന്നങ്ങളും ഭക്ഷ്യേതര കാര്‍ഷികോല്‍പ്പന്നങ്ങളും അടങ്ങുന്ന വലിയൊരു മേഖലയാണത്. ഇന്ത്യന്‍ കാര്‍ഷിക മേഖല നാനാവിധത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നുപോവുന്നുവെന്ന വസ്തുത സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ സമ്മതിക്കുന്നു. കാലഹരണപ്പെട്ട ഉല്പാദനരീതികള്‍, സാങ്കേതികവിദ്യയുടെ അഭാവം, കുറഞ്ഞ ഉല്‍പ്പാദനക്ഷമത, കാര്‍ഷികോല്പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കായ്ക, പ്രകൃതിക്ഷോഭം, കാലാവസ്ഥാമാറ്റം വരുത്തുന്ന പ്രതിസന്ധികള്‍ തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ നേരിടുന്ന ഒന്നാണ് ഇന്ത്യന്‍ കാര്‍ഷിക മേഖല. ജനസംഖ്യയുടെ 50 ശതമാനത്തിലധികം ഇപ്പോഴും കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കാര്‍ഷിക മേഖലയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന ഈ സാഹചര്യത്തിലാണ് രണ്ടാം കര്‍ഷകപ്രക്ഷോഭം ഉടലെടുക്കുന്നത്. ഒന്നാം കര്‍ഷകപ്രക്ഷോഭം പിന്‍വലിച്ചപ്പോള്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണമെന്നാണ് സമരത്തിന്റെ പ്രധാന ആവശ്യം.
രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടന്ന വേളയിലാണ് കര്‍ഷകസമരം വീണ്ടും ആളിപ്പടരുന്നത്. 2020-21 ലെ ആദ്യ സമരത്തിന്റെ ആവേശമുള്‍ക്കൊണ്ടുകൊണ്ടാണ് രണ്ടാം കര്‍ഷകസമരവും മുന്നേറുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി ചലോ മാര്‍ച്ചില്‍ അണിനിരന്നിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലായിരുന്നു ആദ്യ സമരമെങ്കില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ നിന്ന് പിരിഞ്ഞുപോന്ന രാഷ്ട്രീയേതര വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിലവിലെ സമരം. ആദ്യ സമരത്തിലേതെന്നതുപോലെ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, യുപി സംസ്ഥാനങ്ങളില്‍ നിന്നാണ് ഡല്‍ഹിയിലെ സമരത്തിനായി കര്‍ഷകര്‍ കൂടുതലായി എത്തുന്നത്.
2020 ല്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പഞ്ചാബില്‍ നിന്നും അംബാലയില്‍ നിന്നും മാര്‍ച്ചായി ശംഭു അതിര്‍ത്തി പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. അന്നും പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുത്തിരുന്നത്. കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കെതിരെയായിരുന്നു അന്നത്തെ പ്രക്ഷോഭം. 2020 ല്‍ തുടങ്ങി 2021 ല്‍ അവസാനിച്ച ഒരുവര്‍ഷം നീണ്ടുനിന്ന കര്‍ഷക സമരത്തിന് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ജനപിന്തുണ ലഭിച്ചത് നരേന്ദ്ര മോദി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ മുന്നോട്ടുവച്ച ആവശ്യം അംഗീകരിച്ച് വിവാദമായ മൂന്ന് കാര്‍ഷിക ബില്ലുകളും പിന്‍വലിച്ച് സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു.
കിസാന്‍ മസ്ദൂര്‍ മോര്‍ച്ച, സംയുക്ത കിസാന്‍ മോര്‍ച്ച (നോണ്‍ പൊളിറ്റിക്കല്‍) എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളും കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വാന്‍ സിംഗ് പന്ദേറുമാണ് ഇത്തവണ സമരത്തെ മുന്‍നിരയില്‍ നിന്ന് നയിക്കുന്നത്. പഞ്ചാബില്‍ നിന്നുമുള്ള ഏകദേശം 250 ലധികം കര്‍ഷക യൂണിയനുകള്‍ പാര്‍ലമെന്റിനു മുന്നില്‍ വലിയ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പഞ്ചാബില്‍ നിന്നും ഡല്‍ഹിയിലേക്ക് ഡല്‍ഹി ചലോ മാര്‍ച്ച് നടത്തുന്നത്. 2000 ത്തിലധികം ട്രാക്ടറുകളില്‍ കാല്‍ലക്ഷത്തോളം കര്‍ഷകരാണ് സമരത്തില്‍ പങ്കെടുക്കുന്നത്.
PHOTO: PTI
ഇപ്പോഴത്തെ കര്‍ഷകസമരം എന്തിന്?
മിനിമം താങ്ങുവില ഉള്‍പ്പെടെ 12 ഇന ആവശ്യങ്ങളുമായാണ് കര്‍ഷകര്‍ രണ്ടാംഘട്ട സമരവുമായി രംഗത്തുവന്നിരിക്കുന്നത്. രണ്ടാം കര്‍ഷകസമരം കുറഞ്ഞ ദിവസങ്ങള്‍കൊണ്ടുതന്നെ പൊലീസിനെ ഉപയോഗിച്ച് തകര്‍ക്കാനായിരുന്നു ശ്രമം. ഇതിനോടകം ആറുപേര്‍ക്ക് ജീവഹാനിയും ഉണ്ടായി. ഗുരുദാസ്പൂര്‍ ജില്ലയിലെ 63 കാരനായ ഗ്യാന്‍സിങ് ആണ് ആദ്യം മരണപ്പെട്ടത്. ടിയര്‍ ഗ്യാസ് ഷെല്‍, റബ്ബര്‍ ബുള്ളറ്റ് ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് ഗ്യാന്‍സിങ് മരിച്ചത്. രണ്ടാം കര്‍ഷകസമരം ആരംഭിച്ചശേഷം ഒരുദിവസംതന്നെ 150 ലധികം കര്‍ഷകര്‍ക്ക് പരുക്കേറ്റതായാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്. പഞ്ചാബ്- ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ കഴിഞ്ഞദിവസം ഉണ്ടായ വെടിവയ്പ്പില്‍ നിരവധി കര്‍ഷകര്‍ക്കാണ് പരുക്കേറ്റത്. ആക്രമണത്തില്‍ യുവ കര്‍ഷകന്‍ ഭട്ടിന്‍ഡ സ്വദേശി ശുഭ്കരണ്‍ സിങ് (24) മരിച്ചതോടെ കര്‍ഷകര്‍ രണ്ടുദിവസത്തേക്ക് ദില്ലി ചലോ മാര്‍ച്ച് നിര്‍ത്തിയും വച്ചിരുന്നു. തലയ്ക്ക് പരുക്കേറ്റ ശുഭ്കരണ്‍ സിങ് ആശുപത്രിയില്‍ എത്തിയ ഉടനെ മരിക്കുകയായിരുന്നു. കണ്ണീര്‍വാതക ഷെല്ല് തലയില്‍ കൊണ്ടതാണ് മരണകാരണമെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. സംഘര്‍ഷത്തില്‍ 30 കര്‍ഷകര്‍ക്കും 12 പൊലീസുകാര്‍ക്കും പരുക്കേറ്റിരുന്നു.
2021 ല്‍ റദ്ദാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം പിന്‍വലിക്കാന്‍ കര്‍ഷകര്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളില്‍ ഒന്ന് കുറഞ്ഞ താങ്ങുവില ഉറപ്പുനല്‍കുന്ന നിയമം വേണമെന്നതായിരുന്നു. കൂടാതെ എംഎസ് സ്വാമിനാഥന്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍, കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുക, ലഖിംപുര്‍ ഖേരി പ്രക്ഷോഭത്തിലെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുക, 2020-21 ലെ ഒരുവര്‍ഷം നീണ്ട കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ടുവച്ചിട്ടുള്ളത്.
2021 ഡിസംബറില്‍ കര്‍ഷകസമരം അവസാനിപ്പിച്ചപ്പോള്‍ കുറഞ്ഞ താങ്ങുവില നല്‍കുമെന്ന ഉറപ്പ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു. കൂടാതെ 2011 ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ കേന്ദ്രം മുഖ്യമന്ത്രിമാരെ ഉള്‍പ്പെടുത്തിക്കൊണ്ട് സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ സമിതിയെ രൂപീകരിച്ചിരുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനോട് കുറഞ്ഞ താങ്ങുവിലയ്ക്ക് നിയമപരമായി സാധുത നല്‍കണമെന്നാവശ്യപ്പെട്ട നരേന്ദ്ര മോദി തന്നെയാണ് ഇത് നടപ്പിലാക്കാന്‍ വിമുഖത കാണിക്കുന്നതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ചൂണ്ടിക്കാണിക്കുന്നു.
നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും പ്രാദേശിക ഭരണകൂടം നേരത്തെ ഏറ്റെടുത്ത തങ്ങളുടെ ഭൂമിക്ക് പകരമായി സ്ഥലം നല്‍കുക, നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി സ്ത്രീകളും പ്രായമായവരുമടക്കം കര്‍ഷകര്‍ക്കൊപ്പം മാര്‍ച്ചില്‍ പങ്കാളികളായി.
നരേന്ദ്ര മോദി | PHOTO: WIKI COMMONS
സമരത്തെ പ്രതിരോധിച്ച് കേന്ദ്രവും പൊലീസും
എല്ലാവിധ പഴുതുകളും അടച്ചാണ് കേന്ദ്രസര്‍ക്കാരും പൊലീസും ഇത്തവണ സമരത്തെ പ്രതിരോധിക്കുന്നത്. സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്ക് നേരെപോലും പൊലീസ് നിര്‍ദയമായാണ് പെരുമാറുന്നതെന്ന ആക്ഷേപം വ്യാപകമാണ്. സമരം തുടങ്ങിയത് മുതല്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സമരാനുകൂലികളെ പ്രവേശിപ്പിക്കാതെ ദേശീയപാതകള്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. ഗതാഗതനിയന്ത്രണവും ശക്തമാണ്. കൂടാതെ പലതരത്തിലുള്ള ബാരിക്കേഡുകളും സമരക്കാരെ നിയന്ത്രിക്കാനായി ഒരുക്കിയിട്ടുണ്ട്. ഡല്‍ഹിയിലേക്ക് നീളുന്ന ദേശീയപാത 44 ല്‍ പഞ്ചാബ് അതിര്‍ത്തിയിലും ഹരിയാനയിലും ബാരിക്കേഡുകള്‍ നിരത്തിയിരിക്കുന്നതിനാല്‍ ദേശീയപാത വഴിയുള്ള യാത്രയും ദുരിതമായിരിക്കുകയാണ്. ദേശീയപാതകളിലാണ് ട്രാക്ടറുകളും ട്രോളികളുമായി കര്‍ഷകര്‍ തമ്പടിച്ചിരിക്കുന്നത്. പ്രതിഷേധക്കാരെ ഭയന്ന് ശംഭു, ഖനോരി അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. ദേശീയപാതകള്‍ അടച്ചിരിക്കുന്നതുമൂലം ഗ്രാമീണപാതകളിലൂടെയാണ് ആളുകള്‍ സഞ്ചരിക്കുന്നത്.
സമരത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 13 മുതല്‍ ഹരിയാന, പഞ്ചാബ് അതിര്‍ത്തികളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും തുടരുകയാണ്. ഡല്‍ഹി അതിര്‍ത്തിയിലും ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആയിരക്കണക്കിന് പൊലീസ് സേനയെയും വിന്യസിച്ചിരിക്കുകയാണ്. സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ പാസ്പോര്‍ട്ടും വിസയും റദ്ദാക്കുമെന്നാണ് ഹരിയാന പൊലീസിന്റെ മുന്നറിയിപ്പ്.
പരാജയപ്പെട്ട ചര്‍ച്ചകള്‍
കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ഇത്തവണ സമരത്തിന്റെ ആരംഭം മുതല്‍ത്തന്നെ സര്‍ക്കാര്‍ സമരാനുകൂലികളുമായി ചര്‍ച്ച നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടും മറ്റും ഇക്കുറി നാല് തവണ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ലക്ഷ്യംകാണാതെ പിരിയുകയായിരുന്നു. അഞ്ചാംഘട്ട ചര്‍ച്ചകള്‍ക്കായി കര്‍ഷകര്‍ക്കുമേല്‍ കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദം തുടരുകയാണ്. എന്നാല്‍ ചര്‍ച്ചയ്ക്ക് പങ്കെടുക്കണമോ എന്ന കാര്യത്തില്‍ കര്‍ഷകര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. രാജ്യം തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതോടെ സമരം ഒത്തുതീര്‍പ്പാക്കേണ്ടത് അധികൃതരുടെ ആവശ്യം കൂടിയാണ്.
കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച്
കര്‍ഷസമരത്തിന്റെ പ്രതീകവും ഉപകരണവുമാണ് ട്രാക്ടറുകള്‍. സമരത്തിന്റെ ഭാഗമായി കര്‍ഷകര്‍ മീററ്റ്, മുസാഫര്‍നഗര്‍, സഹാറന്‍പൂര്‍, ബാഗ്പത്, ഹാപൂര്‍, അംറോഹ എന്നിവിടങ്ങളില്‍ ട്രാക്ടര്‍ മാര്‍ച്ചും നടത്തി. സമരത്തിന്റെ ഭാഗമായി റോഡുകളില്‍ ട്രാക്ടറുകള്‍ പാര്‍ക്ക് ചെയ്ത് ഹൈവേകള്‍ തടഞ്ഞു. ഇതോടെ പലയിടങ്ങളിലും ഗതാഗതവും തടസ്സപ്പെട്ടിരുന്നു. ഭാരതീയ കിസാന്‍ യൂണിയനും സംയുക്ത കിസാന്‍ മോര്‍ച്ചയും ചേര്‍ന്നായിരുന്നു ട്രാക്ടര്‍ മാര്‍ച്ച് നടത്തിയത്. സമരത്തിന്റെ ഭാഗമായി യമുന എക്‌സ്പ്രസ് വേ, ലുഹാര്‍ലി ടോള്‍ പ്ലാസ, മഹാമായ ഫ്‌ളൈഓവര്‍ എന്നിവിടങ്ങളിലും ട്രാക്ടറുകള്‍ക്കൊണ്ട് നിറഞ്ഞിരുന്നു.
PHOTO: PTI
ഒന്നാം കര്‍ഷക സമരം
നിരവധി ജീവനുകള്‍ ബലികൊടുത്താണ് തങ്ങളുടെ അവകാശങ്ങള്‍ ഒന്നാം കര്‍ഷക സമരത്തില്‍ കര്‍ഷകര്‍ നേടിയെടുത്തത്. 2020 സെപ്തംബര്‍ 14 നാണ് കാര്‍ഷിക നിയമ ഓര്‍ഡിനന്‍സ് പാര്‍ലമെന്റിന് മുമ്പാകെ എത്തുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തെ വകവയ്ക്കാതെ സെപ്തംബര്‍ 17 ന് ലോക്സഭയും സെപ്തംബര്‍ 20 ന് രാജ്യസഭയും നിയമം പാസാക്കി. തുടര്‍ന്ന് 2020 സെപ്തംബര്‍ 24 നാണ് പഞ്ചാബില്‍ നിന്നും കാര്‍ഷിക നിയമത്തിനെതിരെ ആദ്യമായി പ്രതിഷേധം ഉയര്‍ന്നുവന്നത്. ഇതിന്റെ ചുവടുപിടിച്ച് ഹരിയാന, ദില്ലി, യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. സെപ്തംബര്‍ 27 ന് കാര്‍ഷിക നിയമത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ കര്‍ഷകരുടെ പ്രതിഷേധവും ആളിപ്പടരാന്‍ തുടങ്ങി. 2020 നവംബര്‍ 26 നാണ് സ്ത്രീകളും കുട്ടികളും അടക്കം പതിനായിരക്കണക്കിന് ആളുകള്‍ കാര്‍ഷിക നിയമത്തിനെതിരെ ദില്ലി ചലോ മാര്‍ച്ചില്‍ പങ്കാളികളായത്. സമരം ദില്ലി അതിര്‍ത്തിയില്‍ തടയപ്പെട്ടതോടെ സംഘര്‍ഷവും ഉടലെടുത്തു. സമരത്തിന്റെ ആദ്യദിനം തന്നെ കര്‍ഷക സംഘടനാ നേതാക്കളായ കൃഷ്ണപ്രസാദിനെയും ജിതേന്ദ്ര യാദവിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നവംബര്‍ 30 ഓടെ രണ്ടരലക്ഷം കര്‍ഷകര്‍ അതിര്‍ത്തിയില്‍ സമരത്തില്‍ അണിചേര്‍ന്നു. ഡിസംബര്‍ മാസത്തിലേക്ക് കര്‍ഷകരുടെ സമരം കടന്നതോടെ രാജ്യാന്തര തലത്തില്‍ പോലും കാര്‍ഷിക നിയമത്തിനെതിരെ നിരവധി പേര്‍ രംഗത്തുവന്നു. പിന്നീട് രാജ്യം കര്‍ഷകരുടെ രോദനങ്ങള്‍ക്ക് ചെവിയോര്‍ക്കുന്ന നാളുകളായിരുന്നു. ഇതിനിടെ കാര്‍ഷിക നിയമം സ്റ്റേ ചെയ്ത സുപ്രീംകോടതി നിലപാടാണ് സമരത്തെ ചെറുക്കുന്നതില്‍ സര്‍ക്കാരിനേറ്റ ആദ്യ തിരിച്ചടി. ഡല്‍ഹിയിലെ കനത്ത ചൂടും കൊടും തണുപ്പും അവഗണിച്ച് 358 ദിവസം തെരുവ് വീഥികളില്‍ തമ്പടിച്ച് വിജയം നേടിയപ്പോഴും 719 ജീവനുകളാണ് പൊലിഞ്ഞത്. 2021 നവംബര്‍ 19 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് കര്‍ഷക സമരം പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാന്‍ കഴിയാതിരുന്ന കര്‍ഷകര്‍ ഒരുവര്‍ഷത്തിലധികമായി തുടര്‍ന്ന ഒന്നാം കര്‍ഷക സമരം 2021 ഡിസംബര്‍ ഒമ്പതിനാണ് അവസാനിച്ചത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് ഉള്‍പ്പെടെ സമരസമിതി മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നായിരുന്നു സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ തയ്യാറായത്.
ഏതൊരു രാജ്യവും സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നത് തങ്ങളുടെ ഉത്പാദന മേഖലയിലൂടെയാണ്. ഈ ഉത്പാദന മേഖലയുടെ നെടുംതൂണാണ് ഇന്ന് ഡല്‍ഹിയുടെ തെരുവുകളില്‍ ശബ്ദമുയര്‍ത്തുന്ന കര്‍ഷകര്‍. തങ്ങളുടെ ന്യായമായ ആവശ്യങ്ങളില്‍ കേന്ദ്രത്തിന്റെ ഉറപ്പല്ല, നടപടിയാണ് വേണ്ടതെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. 2021 ല്‍ നടപ്പാക്കാന്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങളില്‍ പലതും 2024 ലും പാലിക്കപ്പെടാതെ തുടരുകയാണ്. കര്‍ഷകര്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് എന്ന ഭരണാധികാരികളുടെ വാമൊഴികള്‍ കര്‍ഷകരുടെ വിലാപങ്ങളെ മറച്ചുപിടിച്ചുകൊണ്ടാണ്. കൃഷിയെയും കര്‍ഷകരെയും പിന്നോട്ടടിക്കുന്ന കേന്ദ്ര നിലപാടിനെതിരെ വരുംദിവസങ്ങളിലും പ്രതിഷേധസ്വരം ശക്തമായിത്തന്നെ ഉയരുമെന്നതില്‍ സംശയമില്ല. അധികാരത്തിന്റെ മുഷ്ടികള്‍ വയലുകളില്‍ പണിയെടുക്കുന്ന പട്ടിണിപ്പാവങ്ങള്‍ക്ക് നേരെ ഉയര്‍ത്തുന്നതിനു പകരം അവരുടെ ന്യായമായ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ച് അവരുടെ തൊഴിലിടങ്ങളെ സുരക്ഷിതമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.