TMJ
searchnav-menu
post-thumbnail

Outlook

ഗാസ സമാധാന പദ്ധതിയും ട്രംപിനെ കൈവിടുമോ

03 Oct 2025   |   3 min Read
സ്കറിയ ചെറിയാൻ

മേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കളിയാക്കി വിളിക്കുന്ന പല പേരുകളിൽ ഒന്നാണ് TACO. Trump Always Chickens Out എന്നതിന്റെ ചുരുക്കമാണ് ടാക്കോ. അതായത് വലിയ വായിൽ വർത്തമാനം പറയുമെങ്കിലും കാര്യത്തോട് അടുക്കുമ്പോൾ ട്രംപ് വെറും സീറോ എന്നാണ് അത് അർത്ഥമാക്കുന്നത്. പ്രമുഖ പത്രമായ ഫിനാൻഷ്യൽ ടൈംസിലെ ജേർണലിസ്റ് ആയ റോബർട്ട് ആംസ്ട്രോങ് ആണ് ഈ പ്രയോഗത്തിന്റെ ഉപജ്ഞാതാവ്. താരിഫ് വിഷയത്തിൽ ട്രംപ് പ്രകടിപ്പിച്ച ചാഞ്ചാട്ടങ്ങളെ തുടർന്നാണ് അദ്ദേഹം ഈ പ്രയോഗം ഭാഷയാക്കിയത്. വളരെയധികം കൊട്ടിഘോഷിച്ചു നടത്തിയ ഗാസ സമാധാന പദ്ധതി ടാക്കോ വിളിയെ ഒന്നുകൂടി ഉറപ്പിക്കുമോ എന്നാണ് ഇപ്പോൾ പലരും അടക്കം പറയുന്നത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഞായറാഴ്ച വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷം ട്രംപ് പറഞ്ഞത് സമാധാന പദ്ധതിയോടുള്ള ഹമാസിന്റെ പ്രതികരണം 72 മണിക്കൂറിനകം അറിയിക്കണം എന്നാണ്. പിറ്റേ ദിവസം അത് മൂന്നോ, നാലോ ദിവസം എന്നാക്കി മാറ്റി. ഇന്ന് ദിവസം അഞ്ചു കഴിയുന്നു. ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗാസയിൽ വെടിനിർത്തൽ ഉറപ്പാക്കുവാനും ഗാസയുടെ പുനര്നിര്മ്മാണത്തിനും നെതന്യാഹു സന്നദ്ധത അറിയിച്ചു എന്നാണ് ട്രംപ് പറഞ്ഞത്. ട്രംപിന്റെ പദ്ധതിയെ കുറിച്ചുള്ള സംശയങ്ങൾ അന്ന് മുതൽ നിലനിൽക്കുന്നു. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി അത് കൂടുതൽ പ്രകടമായി വരുന്നു.

അതിനിടെ ഗാസയിൽ ഭക്ഷണവും, ഔഷധങ്ങളും ദൈനംദിന ജീവിതത്തിനുള്ള മറ്റുള്ള വസ്തുക്കളും എത്തിക്കാനും ഗാസ നേരിടുന്ന ഉപരോധത്തെ ഭേദിക്കാനുമുള്ള ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല (ജിഎസ്എഫ്) യെ സൈനികമായി ഇസ്രായേൽ തടഞ്ഞത് ആഗോളതലത്തിൽ വലിയ പ്രതിഷേധങ്ങൾക്കു വഴിയൊരുക്കി.  യൂറോപ്പിലും, അമേരിക്കയിലുമെല്ലാം വലിയ പ്രതിഷേധങ്ങൾ നടന്നു. ന്യൂയോർക്കിൽ പതിനായിരത്തിലധികം പേർ ഇസ്രായേലിന് എതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐക്യരാഷ്ട സഭയുടെ ആസ്ഥാനത്തേക്ക് മാർച്ച് ചെയ്തു. സ്പെയിനിലെ ബാഴ്‌സലോണയിൽ 15,000 ആളുകൾ 'Gaza, you are not alone' എന്ന മുദ്രാവാക്യവുമായി തെരുവിൽ നിറഞ്ഞിരുന്നു. ജർമനിയിലും, ഫ്രാൻസിലുമെല്ലാം സമാനമായ പ്രകടനങ്ങൾ  ഉണ്ടായി. ഇറ്റലിയിൽ ട്രേഡ് യൂണിയനുകളുടെ നേത്രത്തിൽ പൊതുപണിമുടക്ക് നടന്നു.  

REPRESENTATIVE IMAGE | PHOTO: WIKI COMMONS
ഹമാസുമായി ചർച്ച നടത്താൻ തയ്യാറാവാത്ത ട്രംപ് 72 മണിക്കൂറിൽ മറുപടി അറിയിക്കണമെന്ന് പറഞ്ഞിട്ട് നാല് ദിവസം പൂർത്തിയായിട്ടും ഹമാസ് യാതൊരു മറുപടിയും നൽകിയിട്ടില്ല. ഹമാസ് സഹകരിച്ചില്ലെങ്കിൽ ഇസ്രായേൽ എടുക്കുന്ന ഏത് നടപടിക്കും പിന്തുണ നൽകുമെന്ന് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഹമാസിന്റെ മൗനം. ഇസ്രായേലി താല്പര്യങ്ങളാണ് പദ്ധതിയിൽ ഉള്ളതെന്ന് ഹമാസ് മുതിർന്ന നേതൃത്വം ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. International Stabilization Force നെ വിന്യസിപ്പിക്കുന്നതിലും ഹമാസ് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ പദ്ധതിയെപ്പറ്റി ഹമാസ് കൂടുതൽ ഉത്തരവാദിത്തത്തോട് കുടി ആഴത്തിൽ പഠിക്കുകയാണ് എന്ന ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നിലവിലെ പദ്ധതിയിൽ മാറ്റങ്ങൾ വരുത്തണമെന്ന് ഹമാസ് അഭിപ്രായപ്പെടുമെന്നാണ് ബ്രിട്ടീഷ് മാധ്യമമായ ഗാർഡിയൻ റിപ്പോർട്ട് ചെയ്തത്. പക്ഷെ ഹാമസിന്റെ മിലിറ്ററി വിഭാഗത്തിലെ ചിലർ പദ്ധതിയെ നഖശിഖാന്തം എതിർക്കുമെന്നും ഗാർഡ്യൻ അറിയിച്ചു. അതേ സമയം സുമുദ് ഫ്ലോട്ടില്ലയെ സൈനികമായി തടഞ്ഞതും, ഗ്രെറ്റ തുങ്ബെർഗ് ഉൾപ്പെടെയുള്ളവരെ ബന്ദികളാക്കിയതും ലോകമെമ്പാടും വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് വഴി തെളിച്ചു. ഫ്ലോട്ടില്ല തടഞ്ഞതോടെ ട്രംപിന്റെ പദ്ധതിക്ക് അംഗീകാരം നൽകിയ രാജ്യങ്ങളിൽ പോലും ഇസ്രയേലിനെതിരായ പ്രതിഷേധങ്ങൾ ശക്തി പ്രാപിക്കുന്ന സ്ഥിതിയാണ്.  

REPRESENTATIVE IMAGE | PHOTO: WIKI COMMONS
കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെഡ്രോ തന്റെ രാജ്യത്തെ ഇസ്രായേലി നയതന്ത്രവിദഗ്ധരെ കൊളമ്പിയയിൽ നിന്നും പുറത്താക്കുന്ന നടപടി സ്വീകരിച്ചാണ് പ്രതിഷേധം അറിയിച്ചത്. കേരളത്തിലും വലിയ രീതിയിലുള്ള പ്രതിഷേധ സ്വരങ്ങൾ ഉയർന്നു. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേരുകൾ വായിക്കുന്ന ഒരു പരിപാടി ഇന്നലെ കൊച്ചിയിൽ തുടങ്ങി, ചിന്ത രവി ഫൌണ്ടേഷന്റെ ആഭിമുഖ്യത്തിൽ പ്രമുഖ എഴുത്തുകാരനായ എൻഎസ് മാധവൻ, മാധ്യമ വിദഗ്ദ്ധനായ ശശികുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സിനിമ-കല-സാഹിത്യ മേഖലകളിൽ നിന്നും ജീവിതത്തിന്റെ മറ്റുള്ള മേഖലകളിൽ നിന്നമുള്ള നിരവധി പേര് പങ്കെടുത്തു. നവംബർ 15 വരെ നീളുന്ന ഗാസയിലെ പേരുകൾ എന്ന പരിപാടി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നടത്തുന്നതാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോടും ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചിരുന്നു.  

ട്രംപിന്റെ പദ്ധതികളെല്ലാം നനഞ്ഞ പടക്കമായി മാറുന്ന ചരിത്രത്തിന്റെ ഭാഗമായി മാറുമോ ഗാസ വെടി നിർത്തലും പുനർനിർമ്മാണവും എന്ന ചോദ്യം അസ്ഥാനത്തല്ല. അധികാരത്തിൽ എത്തിയാൽ ഉക്രയിനിലെ പ്രശ്നങ്ങൾ 72 മണിക്കൂറിൽ പരിഹരിക്കുമെന്ന് പറഞ്ഞ ട്രംപിന് ഇതുവരെ ഒരു പരിഹാരവും കണ്ടെത്താൻ സാധിച്ചിട്ടില്ല. ട്രംപിന്റെ പദ്ധതി പ്രഖ്യാപനത്തെ പോസിറ്റീവ് ആയി കാണുന്ന പലസ്തിനിയൻ അതോറിറ്റിയും (പിഎ) അറബ് ഭരണകൂടങ്ങളും  അമേരിക്കൻ പ്രസിഡണ്ടന്റല്ല  ഏക പ്രതീക്ഷയെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. യുഎഈ, ഈജിപ്ത്, ജോർദാൻ, ഖത്തർ , സൗദി എന്നിവ ട്രംപിന്റെ പദ്ധതിയെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന പ്രതികരണമാണ് നടത്തിയത്. ഇവരുടെ സംയുക്ത പ്രസ്‌താവന ട്രംപിന്റെ നീക്കത്ത സ്വാഗതം ചെയ്തു. ഗാസയിൽ സമാധാനം സ്ഥാപിക്കാനുള്ള ട്രംപിന്റെ പ്രയത്നം ആത്മാർത്തമാണെന്നും, അതിൽ വിശ്വാസം ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യ, ചൈന, പാകിസ്താൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളും ട്രംപിന്റെ പദ്ധതിയെ സ്വീകരിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് പുറപ്പെടുവിച്ചത്.

എന്നാൽ പലസ്തീനിലെ ജനതയുടെ സംരക്ഷണം, അധിനിവേശം അവസാനിപ്പിക്കുക, കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസം, പലസ്തിൻ ടാക്സ് ഫണ്ട് വിട്ടു നൽകൽ, പലസ്തിനിലെയും, ഗാസയിലെയും, വെസ്റ്റ് ബാങ്കിലെയും ഭൂമിയുടെയും, സ്ഥാപനങ്ങളുടെയും ഏകീകരണം, പലസ്തീനിയൻ രാഷ്ട്രത്തിന്റെ പരമാധികാരം എന്നിവ പ്രായോഗിക തലത്തിൽ എങ്ങനെ സഫലമാകുമെന്ന കാര്യത്തിൽ ട്രംപിന്റെ പദ്ധതി വട്ടപ്പൂജ്യമാണെന്ന കാര്യമാണ് പ്രധാന പ്രശ്‌നം. ഇപ്പറഞ്ഞ കാര്യങ്ങളിൽ വ്യക്തമായ കാഴ്ചപ്പാടും അവ സമയബന്ധിതമായി  സാക്ഷാത്ക്കരിക്കുന്നതിനായുള്ള ക്രിയാത്മകമായ ദിശയുടെ അഭാവത്തിൽ ഗാസയിൽ മാത്രമല്ല പശ്ചിമേഷ്യയിൽ ഒന്നാകെ സമാധാനം പുലരുമെന്ന വ്യാമോഹം ആരും പുലർത്തേണ്ടതില്ല.

#outlook
Leave a comment