
ലോകബാങ്ക്-ഐഎംഎഫ് മീറ്റിംഗുകൾ അമേരിക്കൻ ആധിപത്യത്തിന് തടയിടുമോ
ഡൊണാൾഡ് ട്രംപ് ഭരണകൂടം കഴിഞ്ഞ മൂന്നു മാസങ്ങളായി നടപ്പിലാക്കിയ തീരുമാനങ്ങൾ ലോക സാമ്പത്തിക വ്യവസ്ഥയെ കീഴ്‌മേൽ മറിച്ചിരിക്കുകയാണ്. ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര നയങ്ങൾ സാമ്പത്തിക ആത്മവിശ്വാസത്തെ തകർത്തിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് വാഷിംഗ്ടണിൽ ഇന്നലെ മുതൽ തുടങ്ങിയ അന്താരാഷ്ട്ര നാണയ നിധിയുടെയും(IMF) ലോകബാങ്കിന്റെയും വസന്തകാല സമ്മേളനങ്ങൾ നടക്കുന്നത്. ഏപ്രിൽ 21 മുതൽ 26 വരെയാണ് മീറ്റിംഗുകൾ. വാഷിംഗ്‌ടൺ ആസ്ഥാനമായ സെന്റർ ഫോർ ഇക്കണോമിക് ആൻഡ് പോളിസി റിസർച്ചിന്റെ(CEPR) എക്സിക്യൂട്ടിവ് ഡയറക്ടർ മാർക്ക് വെയ്സ്ബ്രോട്ട് ലോക ബാങ്ക്-ഐഎംഎഫ് മീറ്റിംഗിന്റെ പ്രസക്തി പരിശോധിക്കുന്നു.
ട്രംപ് ഭരണം ആദ്യ മൂന്ന് മാസങ്ങൾക്കുള്ളിൽ ലോകസമ്പദ് വ്യവസ്ഥ അട്ടിമറിച്ചിരിക്കുന്നു. വിപണികൾക്കും, സാമ്പത്തിക തീരുമാനങ്ങൾക്കും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അനിശ്ചിതത്വവും അസ്ഥിരതയും അത് സൃഷ്ടിച്ചിരിക്കുന്നു. IMF, ലോകബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിൽ ഭരണപരിഷ്കാരം അനിവാര്യമാണെന്ന് വർഷങ്ങളായുള്ള ആവശ്യമാണ്. മൾട്ടിലാറ്ററൽ സ്ഥാപനങ്ങൾ എന്നറിയപ്പെടുന്ന ഇവയ്ക്ക് പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് ഈ പ്രതിസന്ധി വെളിവാക്കുന്നു.
ലോകത്തിലെ ഏറ്റവും ശക്തമായ മൾട്ടിലാറ്ററൽ സാമ്പത്തിക സ്ഥാപനത്തിന്റെ തീരുമാനങ്ങളിൽ ഒരു രാജ്യത്തിന് ഇത്രയധികം ആധിപത്യം ഉണ്ടായിരിക്കുന്നത് വലിയ പ്രശ്നമാണ്. അതിലും വലിയ ആപത്ത്, ആ രാജ്യം തന്നെ അന്താരാഷ്ട്ര വ്യാപാരത്തിൽ വിശ്വസനീയതയില്ലാത്ത ഒരു പങ്കാളിയായി മാറുന്നതാണ്.REPRESENTATIVE IMAGE | WIKI COMMONS
IMFൽ 189 അംഗരാജ്യങ്ങൾ ഉണ്ടെങ്കിലും അമേരിക്കയാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് അതിന്റെ പ്രവർത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്കും സ്ഥാപനത്തിലെ എക്സിക്യൂട്ടീവ് ഡയറക്ടർമാർക്കും ബോധ്യമുള്ള കാര്യമാണ്. 85% വോട്ട് ആവശ്യമുള്ള പ്രധാന തീരുമാനങ്ങളിൽ അമേരിക്കയ്ക്ക് 16.5% വോട്ടിംഗ് അധികാരം ഉള്ളത് ഫലത്തിൽ അവർക്ക് വീറ്റോ അധികാരമുള്ളതിന് തുല്യമാണ്. എക്സിക്യൂട്ടീവ് ബോർഡിന്റെ ഭൂരിപക്ഷ തീരുമാനങ്ങളിൽ പൊതുവെ അമേരിക്കൻ സർക്കാർ ജയിക്കും. കാരണം, യൂറോപ്പിലെ ഉയർന്ന വരുമാനമുള്ള രാജ്യങ്ങൾ സാധാരണയായി അമേരിക്കയോടൊപ്പം നിൽക്കുന്നു. അവർ രണ്ടുംകൂടി ചേരുമ്പോൾ 60%ലധികം വോട്ട് ശക്തി ഉണ്ട്.
ദശാബ്ദങ്ങളായി IMF നേരിടുന്ന വിമർശനം ഇതാണ്. ഐഎംഎഫിൽ നിന്നും വായ്പയെടുക്കുന്ന രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി വഷളാക്കുന്ന കർശനമായ നിബന്ധനകൾ ഏർപ്പെടുത്തുന്നു. ഇതിനകം ദുർബലമായ സാമ്പത്തികസ്ഥിതിയെ ഒന്നുകൂടി വഷളാക്കുന്ന തീരുമാനങ്ങൾ എടുക്കാൻ അത്തരം രാജ്യങ്ങൾ നിർബന്ധിതമാവുന്നു. സർക്കാർ ചെലവുകൾ കുറയ്ക്കുക, പലിശനിരക്ക് ഉയർത്തുക തുടങ്ങിയ -- സാമ്പത്തിക നയങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ -- "പ്രോ-സൈക്ലിക്കൽ" നയങ്ങൾ പോലുള്ളവയാണ് ഇതിൽ പ്രധാനം. IMF തന്നെ ഇത്തരം നയങ്ങൾ ഗുണത്തേക്കാൾ ദോഷം വരുത്തിയതായി ഇപ്പോൾ ഏറ്റുപറയാറുണ്ട്. വാഷിംഗ്ടണും അതിന്റെ സഖ്യകക്ഷികളും IMF നിയന്ത്രിക്കുന്നത് വികസ്വര രാജ്യങ്ങൾക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ദോഷകരമായ വ്യവസ്ഥകളില്ലാതെ ലഭിക്കുന്നത് തടയുകയാണ്. ഇത് പല രാജ്യങ്ങളെയും വർഷങ്ങളോളം കടബാധ്യതകളുമായി മല്ലിടാൻ നിർബന്ധിതരാക്കിയിട്ടുണ്ട്.
ഇപ്പോൾ അമേരിക്ക തന്നെയാണ് ലോക സമ്പദ് വ്യസ്ഥയ്ക്ക് ഒരു 'താരിഫ് ഷോക്ക്' നൽകുന്നത് - ഇത് അമേരിക്ക ഉൾപ്പെടെയുള്ള പല രാജ്യങ്ങളെയും ബാധിക്കും.REPRESENTATIVE IMAGE | WIKI COMMONS
വസന്തകാല സമ്മേളനത്തിന്റെ മുന്നോടിയായി ഏപ്രിൽ 17ന് നടന്ന ഒരു പരിപാടിയിൽ IMF ഡയറക്ടർ ജനറൽ ക്രിസ്റ്റലീന ജോർജ്ജിയേവ, താരിഫ് വർദ്ധനവ് ലോക സാമ്പത്തിക വളർച്ചാ പ്രവചനങ്ങൾ കുറക്കാൻ കാരണമാവുമെന്ന് പറഞ്ഞു. "അമേരിക്കയുടെ ഫലപ്രദമായ താരിഫ് നിരക്ക് നിരവധി ദശാബ്ദങ്ങൾക്ക് മുമ്പത്തെ തലത്തിലെത്തിയിരിക്കുന്നു," അവർ പറഞ്ഞു. "അനിശ്ചിതത്വം വിലയേറിയതാണ്. താരിഫ് നിരക്കുകൾ ഉയരുകയോ താഴുകയോ ചെയ്യുമ്പോൾ, ആസൂത്രണം ബുദ്ധിമുട്ടാകുന്നു." സാമ്പത്തിക വളർച്ച കുറയുന്നതിന് പുറമേ, "ചില രാജ്യങ്ങളിൽ പണപ്പെരുപ്പം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കാം" എന്നും അവർ കൂട്ടിച്ചേർത്തു.
IMF ഭരണഘടന 1944ലെ പഴയ മാതൃകയാണ് - അന്ന് ലോകത്തെ മൂന്നിലൊന്ന് ജനത സ്വതന്ത്ര രാജ്യങ്ങളിൽ വസിച്ചിരുന്നില്ല,. അമേരിക്കയും അതിന്റെ സഖ്യകക്ഷികളുമാണ് നിയമങ്ങൾ രൂപീകരിച്ചവർ. എന്നാൽ ലോകം മാറിയിരിക്കുന്നു. ഈ നിയമങ്ങൾ ഇന്ന് അന്നത്തേതിനേക്കാൾ പഴയതും അനുചിതവുമാണ്. അമേരിക്കയുടെ താരിഫ് നയം വോട്ടിംഗ് പരിഷ്കാരങ്ങൾ തള്ളിക്കളയാനാവാത്ത ഒരു ആവശ്യമായി മാറ്റുമെന്ന് പ്രതീക്ഷിക്കാം.
(സെന്റർ ഫോർ ഇക്കണോമിക് ആൻഡ് പോളിസി റിസർച്ചിന്റെ(CEPR) എക്സിക്യൂട്ടിവ് ഡയറക്ടർ മാർക്ക് വെയ്സ്ബ്രോട്ട്)


