TMJ
searchnav-menu
post-thumbnail

Outlook

സ്ത്രീ, ലൈംഗികത, അധികാരം: പാതിവ്രത്യത്തിന്റെ പരിണാമവഴികള്‍

08 Feb 2024   |   13 min Read
ഡോ. ദിവ്യ ചന്ദ്രശോഭ

പാതിവ്രത്യം എന്നത് ഒരു ആധുനിക സങ്കല്‍പ്പമല്ല. സമൂഹം ഒരു വ്യവസ്ഥിതിയില്‍ നിന്നും മറ്റൊന്നിലേക്ക് പരിണമിച്ചുകൊണ്ടിരിക്കുന്ന ഓരോ ഘട്ടത്തിലും സ്ത്രീലൈംഗികതയെ നിയന്ത്രിച്ചുകൊണ്ട് കുലം/വംശം/ജാതി/രാഷ്ട്രം എന്നിവയുടെ പരിശുദ്ധി/മാനം നിലനിര്‍ത്തുന്നതിനായി പാതിവ്രത്യ സങ്കല്‍പ്പം രൂപപ്പെടുത്തുന്നുണ്ട്. നാടുവാഴിത്ത വ്യവസ്ഥിതിയില്‍ നിന്നും ആധുനിക ദേശരാഷ്ട്ര സംവിധാനത്തിലേക്കു (മുതലാളിത്ത വ്യവസ്ഥിതിയിലേക്കു) സമൂഹം മാറുമ്പോള്‍ ലൈംഗിക സങ്കല്‍പ്പത്തിന് പൊതുവെയും പാതിവ്രത്യ സങ്കല്‍പ്പത്തിന് (സ്‌ത്രൈണ ലൈംഗികതയ്ക്ക്) വിശേഷിച്ചും കൈവരുന്ന മാറ്റങ്ങളെ വിശകലനം ചെയ്യാനാണ് ഈ പഠനം ലക്ഷ്യമിടുന്നത്. മധ്യകാല-കൊളോണിയല്‍ കാലത്തിന്റെ സാമൂഹ്യജീവിതത്തെ അടയാളപ്പെടുത്തിയ വടക്കന്‍പാട്ടുകളെയും ആധുനിക ദേശീയതയുടെ, ദേശരാഷ്ട്രത്തിന്റെ ജീവിതാവബോധങ്ങളെ അവതരിപ്പിച്ച വടക്കന്‍പാട്ടുസിനിമകളെയും മുന്‍നിര്‍ത്തിയാണ് പഠനം നടത്തുന്നത്.

ഇന്ത്യക്ക് പുരാതനകാലം മുതലേ ഏകതാനമായ ഒരു സാംസ്‌കാരികപാരമ്പര്യവും സ്വത്വവും ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ദേശീയതാവ്യവഹാരങ്ങള്‍ നടത്തുന്നുണ്ട്. സംസ്‌കാരം, പാരമ്പര്യം, സ്വത്വം എന്നിവ വളരെ വിദൂരഭൂതകാലത്തില്‍ സുനിശ്ചിത രൂപമാര്‍ജ്ജിച്ചതാണ് എന്നും അവ മാറ്റമില്ലാതെ നിലനില്‍ക്കുന്നതാണ് എന്നുമൊരു പൊതുധാരണ സമൂഹത്തില്‍ രൂഢമൂലമാണ്. അതുകൊണ്ടുതന്നെ പുരാതനകാലത്തെ കുറിച്ചുള്ള പഠനം വളരെ പ്രധാനപ്പെട്ടതാണ് എന്ന് റൊമീല ഥാപ്പര്‍ നിരീക്ഷിക്കുന്നുണ്ട് (2016:2). സ്ത്രീയുടെ സ്വത്വത്തെ പ്രതിയും പുരാതനകാലം മുതല്‍ ഇത്തരത്തില്‍ ഒരു ഏകതാനത നിലനിന്നിരുന്നു എന്ന വാദം ഇക്കാലത്ത് വളരെ പ്രബലമായി ഉയര്‍ത്തപ്പെടുന്നുണ്ട്. പുരാണ, ഇതിഹാസങ്ങളിലെ സീത, സാവിത്രി, സതി, ശീലാവതി തുടങ്ങിയ കഥാപാത്രങ്ങളെ ഉയര്‍ത്തിക്കാട്ടിയാണ് ആദ്യകാലം മുതലേ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഏകതാനമായ ഒരു സ്വത്വം ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പുരാതനകാലം മുതല്‍ ഏകതാനമായ സ്വത്വം ഉണ്ടായിരുന്നു എന്നും അതാണ് നമ്മുടെ പാരമ്പര്യസ്വത്വം എന്ന് കരുതുകയും ചെയ്യുന്നത് അത്ര ശരിയായ കാര്യമല്ല എന്ന് ഥാപ്പര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യയിലെ സ്ത്രീകള്‍ ഇന്നത്തേതുപോലെ തന്നെ പുരാതനകാലത്തും വ്യത്യസ്തമാര്‍ന്ന സ്വത്വങ്ങളോട് കൂടിയവരായിരുന്നു ( (2016:2). സ്ത്രീയെ കേന്ദ്രീകരിച്ച് രൂപംകൊണ്ട ചാരിത്ര്യ-പാതിവ്രത്യ സങ്കല്‍പ്പങ്ങളും ഇത്തരത്തില്‍ എല്ലാ കാലത്തും ഒരു പോലെയായിരുന്നു എന്ന പൊതുധാരണ നിലനില്‍ക്കുന്നുണ്ട്. നാടുവാഴിത്തവ്യവസ്ഥിതിയിലും മുതലാളിത്തവ്യവസ്ഥിതിയിലും ഈ സങ്കല്‍പ്പങ്ങള്‍ ഒരുപോലെയാണോ നിലനിന്നത്  എന്ന അന്വേഷണം അതുകൊണ്ടുതന്നെ വളരെ പ്രസക്തമാണ്. 

റൊമീല ഥാപ്പര്‍ | PHOTO: FACEBOOK
പതിവ്രതാസങ്കല്‍പ്പം വടക്കന്‍പാട്ടുകളില്‍

ബ്രിട്ടീഷ്ഭരണകാലത്ത് മലബാര്‍ എന്നും ഐക്യകേരളപിറവിയാനന്തരം വടക്കന്‍കേരളം എന്നും വിശേഷിപ്പിക്കപ്പെട്ട പ്രദേശങ്ങളിലെ അവര്‍ണ (പ്രധാനമായും) വിഭാഗത്തില്‍പ്പെട്ടവര്‍ക്കിടയില്‍ പ്രചാരത്തിലിരുന്ന പാട്ടുകളാണ് വടക്കന്‍പാട്ടുകളെന്ന് അറിയപ്പെടുന്നത്. പത്തൊമ്പത്-ഇരുപത് നൂറ്റാണ്ടുകളില്‍ വളരെ സജീവമായി നിലനിന്നിരുന്ന ഈ പാട്ടുസംസ്‌കാരത്തിന് ഇപ്പോഴും വലിയ തോതിലല്ലെങ്കില്‍പോലും പിന്തുടര്‍ച്ചക്കാരുണ്ട്. പുത്തൂരംപ്പാട്ടുകള്‍, തച്ചോളിപ്പാട്ടുകള്‍, ഒറ്റപ്പാട്ടുകള്‍ എന്നിങ്ങനെ മൂന്ന് പാരമ്പര്യങ്ങളാണ് വടക്കന്‍പാട്ടുകളിലുള്ളത് (നമ്പ്യാര്‍, 2000, 186). കണ്ണപ്പച്ചേകവര്‍, ആരോമല്‍ ചേകവര്‍, ഉണ്ണിയാര്‍ച്ച, തുടങ്ങിയവരെക്കുറിച്ചുള്ള പാട്ടുകളാണ് പുത്തൂരംപ്പാട്ടുകള്‍. തച്ചോളി ഒതേനനെ കേന്ദ്രീകരിച്ചുള്ള പാട്ടുകളാണ് തച്ചോളിപ്പാട്ടുകള്‍. ഒതേനനു പുറമേ പാലാട്ടുകോമന്‍, കുടകുമല കുങ്കി തുടങ്ങിയ നിരവധി വീരരുടെ കഥകളും തച്ചോളിപ്പാട്ടുകളുടെ ഭാഗമാണ്. ഈ രണ്ടു പാരമ്പര്യങ്ങളില്‍ നിന്നും വ്യത്യസ്തമായി പൂമാതൈ പൊന്നമ്മ, മതിലേരി കന്നി തുടങ്ങിയവരെക്കുറിച്ചുള്ള പാട്ടുകളാണ് ഒറ്റപ്പാട്ടുകള്‍. വയലില്‍ പണിയെടുക്കുക, കുളം മുക്കുക, ചകിരിയടിക്കുക, ഭാരം വലിക്കുക തുടങ്ങിയ പലതരത്തിലുള്ള അധ്വാനത്തിലേര്‍പ്പെടുന്ന സ്ത്രീകളും പുരുഷന്മാരും അവരുടെ അധ്വാനഭാരം ലഘൂകരിക്കാനായി പാടുന്ന പാട്ടുകളാണിവ.

ജാതിയില്‍ താഴ്ന്ന വിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന പാട്ടുകളായതുക്കൊണ്ടുതന്നെ നാടോടിവിജ്ഞാനീയത്തിന്റെ കൂട്ടത്തിലാണ് വടക്കന്‍പ്പാട്ടുകള്‍ ഉള്‍പ്പെടുത്തപ്പെട്ടത്. അതുകൊണ്ടുതന്നെ, വീരകഥാഗാനങ്ങള്‍, നാടോടിസാഹിത്യം എന്ന നിലയ്‌ക്കൊക്കെയാണ് വടക്കന്‍പ്പാട്ടുകള്‍ ഏറെയും മനസ്സിലാക്കപ്പെട്ടത്. എന്നാല്‍ നാടുവാഴിത്ത-കൊളോണിയല്‍കാലത്തെ ജനജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ചരിത്രരേഖകള്‍ എന്ന നിലയ്ക്ക് വടക്കന്‍പ്പാട്ടുകള്‍ ഏറെയൊന്നും പഠിക്കപ്പെട്ടിട്ടില്ല. ആരോമല്‍, ഒതേനന്‍ എന്നിവരെക്കുറിച്ചുള്ള പാട്ടുകളിലൂടെ നാടുവാഴിത്ത വ്യവസ്ഥിതിയെ അടയാളപ്പെടുത്തുകയാണ് വടക്കന്‍പ്പാട്ടുകള്‍ ചെയ്യുന്നത്. നാടുവാഴിത്ത വ്യവസ്ഥിതിയിലെ പാതിവ്രത്യ സങ്കല്‍പ്പത്തെ ചരിത്രപരമായി വിശദീകരിക്കാന്‍ സാധിക്കുന്ന ഉപാദാനങ്ങള്‍ എന്ന നിലയ്ക്കാണ് വടക്കന്‍പ്പാട്ടുകളെ ഈ പഠനത്തില്‍ ഉപയോഗിച്ചിട്ടുള്ളത്.



നാടുവാഴിത്തകാലത്തെ കുടുംബ - സ്ത്രീപുരുഷ ബന്ധങ്ങളുടെ സ്വഭാവം വ്യക്തമാക്കുന്ന ധാരാളം വിവരണങ്ങള്‍ പാട്ടുകളിലുണ്ട്. പാതിവ്രത്യം, ചാരിത്ര്യം തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ രൂപപ്പെടുകയും സ്ത്രീ ലൈംഗികത ശക്തമായി നിയന്ത്രിക്കപ്പെടുകയും ചെയ്ത സമൂഹമാണ് മധ്യകാല ഉത്തരകേരളം എന്നതാണ് പാട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ സ്ത്രീ ലൈംഗികതയ്ക്ക് മുകളിലുള്ള നിയന്ത്രണവും പാതിവ്രത്യ സങ്കല്‍പ്പവും സമൂഹത്തിലെ എല്ലാ ജാതിയിലുംപ്പെട്ട സ്ത്രീകള്‍ക്ക് ഒരുപോലെയായിരുന്നില്ല. പാതിവ്രത്യത്തെക്കുറിച്ച് ജാതിശ്രേണിയുടെ മേല്‍ത്തട്ടില്‍ നിന്നിരുന്ന നമ്പൂതിരി വിഭാഗത്തില്‍ നിലവിലിരുന്ന സങ്കല്പമായിരുന്നില്ല തൊട്ടുതാഴെയുള്ള നായര്‍ സമുദായത്തിലേത്. താഴ്ന്ന ജാതികളിലും വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉണ്ടായിരുന്നത്.

നമ്പൂതിരി സമുദായത്തില്‍പ്പെട്ടവര്‍ പ്രധാന കഥാപാത്രങ്ങളായി വരുന്ന പാട്ടുകള്‍ വടക്കന്‍പ്പാട്ട് ശേഖരത്തില്‍ വളരെ കുറവാണ്. നമ്പൂതിരി പുരുഷന്മാരെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ കക്കര കുലോത്തമ്മ, നങ്ങേമ കെട്ടിലമ്മ, രയരമംഗലത്തില്ലം കെട്ടിലമ്മ തുടങ്ങിയ നമ്പൂതിരി സ്ത്രീകളെക്കുറിച്ചുള്ള പാട്ടുകള്‍ പ്രചാരത്തിലുണ്ട് (ബാലകൃഷ്ണന്‍, 2008 ). മൂന്നു പാട്ടുകളിലും നായികമാരുടെ ചാരിത്ര്യശുദ്ധി നാടുവാഴിത്ത അധികാരത്താല്‍ ചോദ്യം ചെയ്യപ്പെടുന്നതാണ് പ്രമേയം. മഞ്ഞക്കണിക്കൊന്നപ്പൂവിന്റെ നിറമുള്ള, സുന്ദരിയായ കക്കര കുലോത്തമ്മ നാടുവാഴുന്ന തമ്പുരാനടക്കമുള്ളവരുടെ അവളോടൊത്തുള്ള ഒരന്തിയുറക്കത്തിനു വേണ്ടിയുള്ള ആഗ്രഹത്തെ നിരസിച്ചവളാണ്. അതിന്റെ പകയില്‍ അവളെ  പിഴച്ചവളെന്നു മുദ്രകുത്തി കൊല്ലുന്നു. വേളി മംഗല താലി അണിയുന്നതിനു മുന്‍പേ തിരണ്ടുപോയതാണ് നങ്ങേമ ചെയ്ത കുറ്റം. അവളെ പിഴച്ചപ്പെണ്ണെന്നാരോപിച്ച് ഏകാന്തവാസത്തിനു ശിക്ഷിച്ചു നാടുവാഴി. പിഴച്ചപ്പെണ്ണിനോടു സമ്പര്‍ക്കത്തിന് ചെല്ലുന്നവരെ കല്ലെറിഞ്ഞു കൊല്ലാനാണ് തമ്പുരാന്റെ കല്‍പ്പന. കോലത്തിരി തമ്പുരാന്റെ രാജസദസ്സില്‍ വച്ച് നടന്ന മഹാപാണ്ഡിത്യ മത്സരത്തില്‍ സര്‍വ്വജ്ഞരത്‌നം നേടിയെടുത്ത രയരമംഗലം മനയ്ക്കലെ ദേവമ്മയേയും വ്യഭിചാരക്കുറ്റം ആരോപിച്ചാണ് കൊല്ലുന്നത്. പെണ്‍കുട്ടികള്‍ ഋതുമതിയായി കഴിഞ്ഞാല്‍ പിന്നെ മതില്‍ക്കെട്ടിനു പുറത്തുപോകാന്‍ പാടില്ലെന്ന് ദേവമ്മയെ മൂത്തകാരണവര്‍ ഉപദേശിക്കുന്നുണ്ട്. ഇപ്രകാരം നമ്പൂതിരി സ്ത്രീയുടെ ശരീരം, ലൈംഗികത എന്നിവ പലനിലക്കു കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കു വിധേയമായിരുന്നു. ബഹുഭാര്യത്വം അനുവദനീയമായിരുന്നതുകൊണ്ടുതന്നെ അനവധി ലൈംഗിക ബന്ധത്തിനുള്ള സാധ്യത നമ്പൂതിരി പുരുഷന്മാര്‍ക്കുണ്ടായിരുന്നുവെങ്കില്‍, സ്ത്രീകള്‍ ഒരു പുരുഷനെ മാത്രം വേളി കഴിച്ചു പതിവ്രതകള്‍ ആകേണ്ടിയിരുന്നു.



ബ്രാഹ്‌മണ സ്ത്രീകള്‍ക്കുള്ള കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ശാങ്കര സ്മൃതി നല്‍കുന്നുണ്ട് : 'പത്‌നി, ദാസികളെ മുന്‍നിര്‍ത്തി മറക്കുടയും പുതപ്പും ധരിച്ചെ പുറത്തിറങ്ങാവൂ. വെളുത്ത വസ്ത്രമേ ബ്രാഹ്‌മണ സ്ത്രീ ഉടുക്കാവൂ. അതില്‍ അരഞ്ഞാണ്‍ ചുറ്റി അലങ്കരിക്കരുത്. സ്വര്‍ണ്ണവള പാടില്ല. മൂക്കുത്തി പാടില്ല. ശൃംഗാരപൊട്ടു പാടില്ല' (ഭാസ്‌കരനുണ്ണി, 2012:471). അതുപോലെതന്നെ, വേളി കഴിഞ്ഞാല്‍ അന്യപുരുഷന്മാരുമായി സംസാരിക്കുന്നുവോ എന്ന് എല്ലാ സമയവും പുരുഷന്‍ മനസ്സിരുത്തി ശ്രദ്ധിക്കണമെന്നും അവള്‍ക്ക് ഉത്സവം കാണാനോ പെരുവഴി നടക്കാനോ അനുവാദം നല്‍കരുത് എന്നും ശാങ്കരസ്മൃതി അനുശാസിക്കുന്നുണ്ട് ( അതേ പുസ്തകം, 2012:473). കന്യകയായിരിക്കുമ്പോള്‍ തന്നെ പാതിവ്രത്യ പരീക്ഷണം നടത്തുന്ന സമ്പ്രദായവും നമ്പൂതിരിമാര്‍ക്കിടയില്‍ ഉണ്ടായിരുന്നു  (അതേപുസ്തകം, 474). ഇവയെല്ലാം തന്നെ സ്ത്രീകളുടെ പാതിവ്രത്യം സംരക്ഷിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയിട്ടുള്ള ജാതിമര്യാദകള്‍ / നിയമങ്ങള്‍ ആണ്. ഇനി ജാതിമര്യാദകള്‍ തെറ്റിച്ചാലോ അത് വ്യഭിചാരമായി കണക്കാക്കുകയും പാട്ടുകളില്‍ പറയുന്നത് പോലെ ജാതിഭ്രഷ്ട്ട് ലഭിക്കാവുന്ന, വധശിക്ഷവരെ കിട്ടാവുന്ന, കുറ്റകൃത്യമായിത്തീരുന്നു. സ്മാര്‍ത്തവിചാരം എന്ന ഏര്‍പ്പാട് ഇത്തരത്തില്‍ ഒന്നിലധികം പുരുഷന്മാരുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ 'സ്വഭാവ ദൂഷ്യമുള്ള' സ്ത്രീകളെ  ശിക്ഷിക്കുന്ന സമ്പ്രദായമാണ്.

ഒന്നിലധികം പുരുഷന്മാരുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്ന നായര്‍ സ്ത്രീകളെ തച്ചോളിപ്പാട്ടുകളില്‍ കാണാം. 'പുതുനാടന്‍ ചന്തു നാടു കാണ്മാന്‍ പോയ കഥ' എന്ന പാട്ടില്‍ ചന്തു 'നാല്‍മുറി മുറിച്ച' (സംബന്ധം) പെണ്ണായിട്ടുകൂടി വട്ടോള്ളി വാഴുന്ന മേനവന്‍ ഇന്നത്തെ വിരുന്നിനു വരട്ടെ എന്ന് ചോദിക്കുമ്പോള്‍ 'അത്ര മനസ്സാണെങ്കില്‍' അയാളോട് വരാന്‍ അവള്‍ പറയുന്നുണ്ട് (അച്യുതാനന്ദന്‍, 1994:323). 'ഒതേനനും ഒലവില്‍ ഒതയോത്തെ കുഞ്ഞിചീരുവും' എന്ന പാട്ടില്‍ കുഞ്ഞി ചീരു ചന്ദ്രോത്തുവീട്ടിലെ കുങ്കന്‍ നമ്പ്യാരുടെ സംബന്ധക്കാരിയാണ്. എന്നാല്‍ കുളിക്കാനായി പോകുന്ന സമയത്ത് ചീരുവിനെ
കാണുന്ന പുലയന്‍ 'അഞ്ഞൂറ് പൊന്ന് തരാം ഊഴം വഴങ്ങാന്‍ വരട്ടെ' എന്ന് ചോദിക്കുമ്പോള്‍ അയാളെ വീട്ടിലേക്കു ക്ഷണിക്കുന്നുണ്ട് (Achyuta Menon&Nair, 1955: 142). 

നായര്‍ സമുദായത്തില്‍ നിലനിന്നിരുന്ന സംബന്ധം എന്ന സമ്പ്രദായത്തെ പറ്റി പതിനാറാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച ഡി. ബാര്‍ബോസ വിശദീകരിക്കുന്നുണ്ട്: 'നായര്‍ സ്ത്രീകള്‍ക്ക് പന്ത്രണ്ട് -പതിനാല് വയസ്സ് പ്രായമാകുമ്പോള്‍ താലികെട്ട് എന്ന ഒരു ക്രിയയുണ്ട്. ഈ ചടങ്ങു കഴിഞ്ഞാല്‍ സ്ത്രീക്ക് തന്നെക്കാള്‍ താണ ജാതിയിലല്ലാത്ത ഏതു പുരുഷനോട് കൂടിയും രമിക്കുന്നതിന് വിരോധമില്ല. എന്നാല്‍ താലികെട്ട് എന്ന ക്രിയ നടത്തുവാന്‍ പുരുഷന്മാര്‍ അധികവും ഒരുങ്ങാത്തതിനാല്‍ കുട്ടിയുടെ അമ്മക്ക് കുറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. ഇത് ഒരു വിധം നിവൃത്തിച്ചാല്‍ അമ്മയുടെ പിന്നത്തെ ശ്രമം കുട്ടിക്ക് ഒരു സംബന്ധക്കാരനെ ഉണ്ടാക്കുന്ന കാര്യത്തിലാണ്. എന്നാല്‍ പെണ്‍കുട്ടി സുന്ദരിയാണെങ്കില്‍ മൂന്നോ നാലോ നായന്മാര്‍ ഒന്നിച്ചു കൂടി പെണ്‍കുട്ടിയോട് സംബന്ധം തുടങ്ങാനും അവളുടെയും മറ്റും ചെലവുകള്‍ നടത്താനും ഏര്‍പ്പാട് ചെയ്യുന്നു. ഇങ്ങനെ എത്ര കണ്ട് അധികം പുരുഷന്മാരുമായി ഒരു സ്ത്രീക്ക് സംബന്ധമുണ്ടായോ അത്രകണ്ട് അധികം മാന്യത കല്‍പ്പിക്കുന്നു. ഒരു ദിവസം ഉച്ചനേരം മുതല്‍ പിറ്റേ ദിവസം ഉച്ച വരെ ഒരു പുരുഷനുമായി രമിക്കും, അതുകഴിഞ്ഞാല്‍ വേറെ പുരുഷന്‍ വരികയായി ഇങ്ങനെ പുരുഷന്മാര്‍ ഊഴമിട്ടു വരികയും ആര്‍ക്കും അവളുടെ നേരെ സുഖക്കേട് ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. സ്ത്രീക്ക് ഏതെങ്കിലും പുരുഷന്റെ മേല്‍ തൃപ്തിയില്ലെങ്കില്‍ അവനെ ഉപേക്ഷിക്കുന്നതിനും അവള്‍ക്കു സ്വാതന്ത്ര്യമുണ്ട് (വേലായുധന്‍,2012:254). നായര്‍ സ്ത്രീകള്‍ക്ക് സംബന്ധക്കാരനെ ഒഴിവാക്കാന്‍ എളുപ്പത്തില്‍ സാധിക്കുമായിരുന്നു എന്ന് 1721 ല്‍ കേരളം സന്ദര്‍ശിച്ച വിഷ്ഫര്‍ പാതിരിയും പറയുന്നുണ്ട്. അതിന് അവര്‍ സ്വീകരിച്ചിരുന്ന മാര്‍ഗങ്ങളെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട് (ഭാസ്‌കരനുണ്ണി, 2012: 491). നായര്‍ സമുദായത്തില്‍ നിലനിന്നിരുന്ന സംബന്ധം എന്ന വിവാഹവ്യവസ്ഥയാണ് സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ ഒന്നിലധികം ലൈംഗിക ബന്ധങ്ങള്‍ സാധ്യമാക്കിയത്. ഒന്നിലധികം പുരുഷന്മാരുമായി ലൈംഗികബന്ധത്തിനുള്ള സാധ്യത ഉണ്ടായിരുന്നു എന്നതിനര്‍ത്ഥം നായര്‍ സമുദായത്തില്‍ സ്ത്രീകളുടെ ലൈംഗികത നിയന്ത്രിക്കപ്പെടുകയോ പാതിവ്രത്യ സങ്കല്‍പ്പങ്ങള്‍ നിലനില്‍ക്കുകയോ ചെയ്തിരുന്നില്ല എന്നല്ല. പാട്ടുകളില്‍ തന്നെ അതിനുള്ള തെളിവുകള്‍ ഉണ്ട്.



ബാര്‍ബോസയും വിഷ്ഫര്‍ പാതിരിയുമൊക്കെ നായര്‍ സ്ത്രീകള്‍ക്ക് സംബന്ധക്കാരനെ അവരുടെ ഇഷ്ടപ്രകാരം സ്വീകരിക്കാനും ഒഴിവാക്കാനും സാധിക്കുമായിരുന്നു എന്ന തരത്തിലാണ് രേഖപ്പെടുത്തിയത്. യഥാര്‍ത്ഥത്തില്‍ അത്തരമൊരു സ്വാതന്ത്ര്യം നായര്‍ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നില്ല. സംബന്ധക്കാരനെ നിശ്ചയിക്കുന്നത് തറവാട്ടിലെ കാരണവരാണ്. അമ്മയുടെ സഹോദരന്‍-അമ്മാവനായിരുന്നു സര്‍വ്വാധികാരം. അധികാരവും സമ്പത്തും ഉള്ളവര്‍ വരുന്നതിനനുസരിച്ച് കാരണവരുടെ നിര്‍ദ്ദേശപ്രകാരം സംബന്ധക്കാരനെ ഒഴിവാക്കാനും സ്വീകരിക്കാനും സ്ത്രീകള്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. 'ഒതേനന്‍ കരിമല കുഞ്ഞിക്കോരനെ കൊന്നത്' എന്ന പാട്ടില്‍ മാതു തന്നെ തീയ്യനായ കുഞ്ഞിക്കോരന് ഊഴം വഴങ്ങാന്‍ അമ്മ സമ്മതം നല്‍കുമ്പോള്‍ അവള്‍ എതിര്‍ക്കുന്നുണ്ട്. അപ്പോള്‍ അമ്മ പറയുന്ന മറുപടി 'തീയ്യനെന്നോനെ കരുതരുത് / കോരനൊരു തീയ്യനാണെങ്കിലും / കോരനൊരു നാടുവാഴിയാണേ കന്നി എന്നാണ് (Achyuta Menon& Nair,1955 :4). അതായത് ജാതിയില്‍ താഴ്ന്ന ആളാണെങ്കിലും അധികാരവും സമ്പത്തുമുള്ള ആളുകളാണെങ്കില്‍ ഊഴം വഴങ്ങാന്‍ സ്ത്രീകള്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്.

എന്നാല്‍, ഉന്നതാധികാരവും സാമ്പത്തിക ശേഷിയുമുള്ള ആളുകളുമായി സംബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ വേറെ പുരുഷനുമായി കാരണവരുടെ അറിവോ സമ്മതമോ ഇല്ലാതെ സംസര്‍ഗം നടത്തുന്നത് കര്‍ശനമായി നിയന്ത്രിക്കപ്പെട്ടിരുന്നു. അത് സ്വജാതിയില്‍നിന്നാണെങ്കില്‍പോലും. അത്തരം സംഭവങ്ങള്‍ വ്യഭിചാരമായും ജാതിഭ്രഷ്ട് കല്‍പിക്കാവുന്ന കുറ്റമായും കണക്കാക്കപ്പെട്ടിരുന്നു. 'കോമന്നാരുടെ  പാട്ടുകഥ' എന്ന പാട്ടില്‍ ഒതേനന്‍ സംബന്ധം ചെയ്ത കാവിലും ചാത്തോത്തു കുങ്കി തന്റെ മരുമകനായ കോമന്നാരുമായി സംസാരിച്ചിരുന്നത് കണ്ടുകൊണ്ട് വരുന്ന ഒതേനന്‍ അത് തന്റെ മരുമകനാണ് എന്നറിയാതെ കുങ്കിയുടെ 'മാറ്റാന്‍' (ജാരന്‍) ആണെന്ന് കരുതി തോക്കുകൊണ്ട് വെടിവെച്ചു കൊല്ലുമെന്ന് സഹചാരിയായ ചാപ്പനോട് പറയുന്നുണ്ട് (അച്യുതാനന്ദന്‍, 1994: 302). കുറ്റകൃത്യങ്ങള്‍ നടത്തിയവരെ ശിക്ഷിക്കുന്നതിനായി തിളച്ച നെയ്യില്‍ കൈമുക്കിക്കുക, മുതലകള്‍ ഉള്ള പുഴ നീന്തിക്കുക തുടങ്ങിയ സമ്പ്രദായങ്ങള്‍ മധ്യകാലം മുതല്‍ കൊളോണിയല്‍ കാലം വരെ തുടര്‍ന്നിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യഭിചാരകുറ്റം ആരോപിക്കപ്പെടുന്ന സ്ത്രീകളും അവരുടെ പാതിവ്രത്യം തെളിയിക്കാന്‍ ഇത്തരം ശിക്ഷാരീതികളിലൂടെ കടന്നു പോകേണ്ടിയിരുന്നു. വടക്കന്‍പ്പാട്ടുകളില്‍ അതിനുള്ള ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. 'തച്ചോളി ഒതേനന്റെ പാട്ട്' എന്ന പാട്ടില്‍ മീത്തലേടത്തെ കുങ്കി ബില്ലിയാരിക്ക് കുങ്കമണവാളനുമായി ബന്ധമുണ്ടെന്ന് ('ഓന്റെ അമരാത ഇണ്ട പോലും' ) ഒതേനന്‍ ആരോപിക്കുന്നുണ്ട് ( സക്കറിയാ, 1994: 56). തിളച്ച നെയ്യില്‍ കൈമുക്കിയും തീയില്‍ ചുട്ടെടുത്ത മഴു കൈകൊണ്ടെടുത്തും മുതലകളുള്ള പുഴ നീന്തിക്കടന്നും ആരോപണം തെറ്റെന്നു തെളിയിക്കാന്‍ വാഴുന്നോര്‍ കുങ്കി ബില്ലിയാരിയോട് ഉത്തരവിടുന്നുണ്ട്. മേല്‍ സൂചിപ്പിച്ച പാട്ടുകളിലെല്ലാം തന്നെ സ്ത്രീകള്‍ ചാരിത്ര്യം സംരക്ഷിക്കാത്തതിന്റെ പേരില്‍ പലതരത്തില്‍ ശിക്ഷിക്കപ്പെടുന്നുണ്ട്.

സ്ത്രീലൈംഗികതയെ നിയന്ത്രിക്കുന്നതിനായി ഉണ്ടായിരുന്ന മറ്റൊരു ഏര്‍പ്പാട് 'പഴുക്കയേറ്' എന്ന് പാട്ടുകളില്‍ വിശേഷിപ്പിക്കുന്ന പേടി സമ്പ്രദായമാണ് (മണ്ണാപ്പേടി, പുലപ്പേടി, പറയപ്പേടി ). നായന്മാരുടെ ഇണചേരലിനെ ജാതിയുടെ നിബന്ധനകള്‍ക്കു വിധേയമാക്കുന്ന ശക്തമായ ഉപകരണമായിരുന്നു പേടി. പേടിയിലും നല്‍കപ്പെടുന്ന ശിക്ഷ വീട്ടില്‍ നിന്നും ജാതിയില്‍ നിന്നുമുള്ള നിഷ്‌ക്കാസനമാണ്. മരുമക്കത്തായ വ്യവസ്ഥയില്‍ വീടുകളില്‍ ശക്തമായ ആണ്‍കോയ്മ സ്ത്രീകളുടെ ചലനങ്ങളെ നിയന്ത്രിക്കാന്‍ കണ്ടുപിടിച്ച മാര്‍ഗവുമാണിത് (ഗണേഷ്, 1997: 227). 'കനകത്തു കുമ്പച്ചിയും പുലയരും' എന്ന പാട്ടില്‍ കുമ്പച്ചിയെ ഇത്തരത്തില്‍ പഴുക്കടക്കയെറിഞ്ഞു ജാതി ഭ്രഷ്ടാക്കുന്നത് വിവരിക്കുന്നുണ്ട്. ഭ്രഷ്ടയായ കുങ്കി കുടിയാന്‍ മമ്മിയുടെ കൂടെ പോകുകയാണ് ചെയ്യുന്നത് (അപ്പുണ്ണി നമ്പ്യാര്‍, 1983: 180). 'ഒതേനനും മണലൂര്‍ കുഞ്ഞിക്കുമ്പയും' എന്ന പാട്ടില്‍ കുഞ്ഞിക്കുമ്പയെ തന്നോട് ഊഴം വഴങ്ങാന്‍ സമ്മതിക്കാതെ ഒതേനനോട് വഴങ്ങിയതില്‍ കുപിതനായി മരക്കാര്‍ കുമ്പയെ പുലയരെ കൊണ്ട് തീണ്ടിക്കുന്നുണ്ട് (AchyutaMenon&Nair, 1955:113-125). താഴ്ന്ന ജാതിയില്‍പെട്ട പുരുഷന്‍മാരുമായുള്ള വേഴ്ചകള്‍ ജാതിഭ്രഷ്ടിന് കാരണമായിരുന്നു. ഒന്നിലധികം പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള സാഹചര്യം നായര്‍ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നുവെങ്കിലും പാതിവ്രത്യം കര്‍ശനമായി പാലിക്കേണ്ടിയിരുന്നു എന്നാണ് ഇതില്‍നിന്നും വ്യക്തമാകുന്നത്. നമ്പൂതിരി സ്ത്രീകളെ പോലെ ഒരു പുരുഷനെ പ്രതിരൂപം കൊള്ളുന്ന പാതിവ്രത്യം ആയിരുന്നില്ല നായര്‍സ്ത്രീകളുടേത് എന്ന് മാത്രം.
 


തീയ്യ / ഈഴവ സമുദായത്തില്‍ പല സഹോദരന്‍മാര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ വിവാഹം കഴിക്കുന്ന സഹോദര ബഹുഭര്‍ത്തൃത്വം ആണ് നിലവിലുണ്ടായിരുന്നത് എന്ന് പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച ഫ്രാന്‍സിസ് ബുക്കാനന്‍ രേഖപ്പെടുത്തിയിട്ടുണ്ട് (വേലായുധന്‍, 2012: 398). ഈഴവ സ്ത്രീകള്‍ യൂറോപ്പ്യരുമായി ബന്ധം പുലര്‍ത്തിയിരുന്നു എന്നും അത് യാതൊരു തരത്തിലുമുള്ള ജാതിഭ്രഷ്ട്ടിനും കാരണമായിരുന്നില്ല എന്നും എല്‍. കെ. അനന്തകൃഷ്ണ അയ്യരും രേഖപ്പെടുത്തിയിട്ടുണ്ട് (1981:283). എന്നാല്‍, വടക്കന്‍പ്പാട്ടുകളില്‍ ഇത്തരത്തിലുള്ള സ്ത്രീ പുരുഷ ബന്ധങ്ങളല്ല ദൃശ്യമാകുന്നത്. എങ്കിലും ഒന്നിലധികം പുരുഷന്മാരുമായുള്ള ബന്ധത്തിന്റെ സൂചനകള്‍ കാണുന്നുണ്ട്. പുത്തൂരംപാട്ടുകളിലും 'കരും പറമ്പില്‍ കണ്ണന്റെ കഥ' എന്ന പാട്ടിലും മാത്രമാണ് തീയ്യ / ഈഴവ സമുദായത്തെക്കുറിച്ച് പറയുന്നത് (അച്യുതാനന്ദന്‍, 1994:349). ഇതില്‍ പുത്തൂരംപ്പാട്ടുകളിലെ പ്രധാനപ്പെട്ട കഥാപാത്രമായ ഉണ്ണിയാര്‍ച്ച ആറ്റുംമണമ്മേലെ കുഞ്ഞിരാമനെ കല്ല്യാണം കഴിച്ചിരിക്കുന്നതായാണ് പാട്ടുകളില്‍ പറയുന്നത്. എന്നാല്‍, ആങ്ങള അങ്കം ജയിച്ചു വന്നാല്‍ കുഞ്ഞിരാമനുമായുള്ള ബന്ധുത്വം ഒഴിഞ്ഞു മുറച്ചെറുക്കനായ ചന്തുവിന് പെണ്ണായിരിക്കാമെന്ന് ഉണ്ണിയാര്‍ച്ച വാക്കുകൊടുക്കുന്നുണ്ട്. അതായത്, ഏതു സമയത്തും ഒഴിവാക്കാവുന്ന ഒരു 'ബന്ധുത്വം' എന്ന സ്വഭാവമാണ് വിവാഹത്തിന് ഉണ്ടായിരുന്നത് എന്ന് പറയാവുന്നതാണ് (വടക്കന്‍പ്പാട്ടുകളില്‍ ഭര്‍ത്താവിനെ അല്ലെങ്കില്‍ സംബന്ധക്കാരനെ സൂചിപ്പിക്കാന്‍ പൊതുവെ ഉപയോഗിക്കുന്നത് ബന്ധു എന്ന വാക്കാണ്). അതുപോലെത്തന്നെ, ചന്തുവിനോട് ഉണ്ണിയാര്‍ച്ചയ്ക്കു താല്‍പര്യമുണ്ടായിരുന്നു എന്നതിന്റെ സൂചനകളും പാട്ടുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍, അതേ സമയം തന്നെ ഉണ്ണിയാര്‍ച്ചയുടെ ആങ്ങളയായ ആരോമല്‍ ചേകവര്‍ കുഞ്ചുണ്ണൂലിയെ വിവാഹം കഴിക്കുകയും അമ്മാവന്റെ മകളായ തുമ്പോലാര്‍ച്ചയുമായി 'ചിറ്റം കൂടുക'യും ചെയ്യുന്നതായി പാട്ടുകളില്‍ വിവരിക്കുന്നുണ്ട്. തീയ്യത്തി ആര്‍ച്ചയെ കുറിച്ചുള്ള പാട്ടിലാണെങ്കില്‍ ആര്‍ച്ചയെ കണ്ടു കൊതിമൂത്ത തമ്പുരാന്‍ ഭര്‍ത്താവായ കണ്ണനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തന്നോടൊപ്പം അന്തിയുറങ്ങാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. നിര്‍ബന്ധത്തിനു വഴങ്ങി തമ്പുരാനോടൊപ്പം ആര്‍ച്ച അന്തിയുറങ്ങുന്നുമുണ്ട്. ചന്തുവിനോട് താല്‍പര്യം കാണിക്കുകയും അയാള്‍ക്ക് പെണ്ണായിരിക്കാമെന്ന് വാക്കു കൊടുക്കുകയും ചെയ്യുന്ന ഉണ്ണിയാര്‍ച്ചയും ആരോമലിനോട് ആചാരപ്രകാരം കല്യാണം കഴിക്കാതെ ചിറ്റം കൂടുന്ന തുമ്പോലാര്‍ച്ചയും തമ്പുരാനൊന്നിച്ച് അന്തിയുറങ്ങുന്ന ആര്‍ച്ചയും ശിക്ഷിക്കപ്പെടുന്നില്ല എന്ന് കാണാവുന്നതാണ്. അതിനര്‍ത്ഥം അതെല്ലാം ജാതിമര്യാദകള്‍ക്കനുസൃതമായതും നാടുവാഴിത്താധികാരത്തെ നിലനിര്‍ത്തുന്നതുമായ ബന്ധങ്ങളാണ്. അതുപോലത്തന്നെ, യൂറോപ്പ്യരുമായുള്ള ബന്ധം ജാതിഭ്രഷ്ടിനു കാരണമായിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. യൂറോപ്പ്യന്‍ ഭരണം പ്രത്യേകിച്ച് ബ്രിട്ടീഷുകാരുടേത്, സാമ്പത്തികമായി ഉന്നമനം നേടാന്‍ ഈഴവ / തീയ്യ സമുദായത്തെ ഏറെ സഹായിച്ചിട്ടുണ്ട്. ജാതിമര്യാദകളെ അതിവര്‍ത്തിക്കുന്ന തരത്തില്‍ അല്ലെങ്കില്‍ അതിനെ പരിവര്‍ത്തിപ്പിക്കുന്ന തരത്തില്‍ അധികാരവും സമ്പത്തും പ്രവര്‍ത്തിച്ചിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ് (കൂടുതല്‍ ആഴത്തിലുളള അന്വേഷണം ഇക്കാര്യത്തില്‍ നടത്തേണ്ടതുണ്ട്). എങ്കിലും, ജാതിമര്യാദകളെ ലംഘിക്കുന്ന തരത്തിലുള്ള ബന്ധങ്ങളില്‍ സ്വയമേവ ഏര്‍പ്പെടാന്‍ പക്ഷെ  ഈഴവ / തീയ്യ സ്ത്രീകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. സഹോദര ബഹുഭര്‍തൃത്ത്വം ജാതിമര്യാദയുടെ ഭാഗമാണ്. എത്ര സഹോദരന്മാരെ വിവാഹം കഴിച്ചാലും അവരോടൊക്കെ പാതിവ്രത്യം പുലര്‍ത്താന്‍ അവര്‍ നിര്‍ബന്ധിതരായിരുന്നു. അതായത് ആ സഹോദരന്മാര്‍ക്ക് പുറത്തുള്ള പുരുഷനുമായി ബന്ധം പുലര്‍ത്തുന്നത് കര്‍ശനമായി വിലക്കിയിരുന്നു. അത് ജാതി മര്യാദകളുടെ ലംഘനമായിക്കണ്ട് കടുത്ത ശിക്ഷകള്‍ നല്‍കുന്ന രീതിയും നിലനിന്നിരുന്നു.
 
 എല്‍. കെ. അനന്തകൃഷ്ണ അയ്യര്‍ | PHOTO: WIKI COMMONS
'പൂമാതൈ പൊന്നമ്മയും കടലുംകര നാടുവാഴിയും' എന്ന പാട്ടില്‍നിന്നും നാടുവാഴിത്ത കാലത്തെ പുലയ സമുദായത്തിലെ സ്ത്രീപുരുഷ ബന്ധങ്ങള്‍ വ്യക്തമാകുന്നുണ്ട് (അപ്പുണ്ണി നമ്പ്യാര്‍, 1983: 19 - 37). പുലയ സമുദായത്തിലെ ഉപവിഭാഗങ്ങള്‍ക്കനുസരിച്ചു വിവാഹരീതിയിലും ആചാരങ്ങളിലും ദായകക്രമങ്ങളിലും വ്യത്യാസമുണ്ടായിരുന്നു എന്ന് അനന്തകൃഷ്ണ അയ്യര്‍ രേഖപ്പെടുത്തുന്നുണ്ട്. പുലയ സമുദായത്തില്‍ ധാരാളം ഉപവിഭാഗങ്ങളുണ്ട്. ഭൂരിഭാഗം ഉപവിഭാഗങ്ങളിലും ഏക ദാമ്പത്യവും മക്കത്തായവുമാണ് നിലനിന്നിരുന്നത്. എന്നാല്‍ ത്രിച്ചൂര്‍ താലൂക്കിലെ ചില ഭാഗങ്ങളില്‍ പുലയര്‍, നായര്‍ സമുദായത്തിലെ സംബന്ധം പോലെയുള്ള വിവാഹരീതി പിന്തുടര്‍ന്നിരുന്നു. 'മെരുങ്ങു കൂടുക' എന്നാണ് ഇതിനെ വിളിച്ചിരുന്നത്. ഇപ്രകാരം വിവാഹിതയായ സ്ത്രീയെ ഭര്‍തൃവീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാറില്ല. തണ്ടാ പുലയന്മാര്‍ക്കിടയില്‍ ബഹുഭാര്യത്വം നിലനിന്നിരുന്നു. അച്ഛനമ്മമാരുടെ സമ്മതത്തോടെ വിവാഹത്തിന് മുന്‍പ് ഒന്നോ രണ്ടോ പുരുഷന്മാരുമായി ബന്ധം പുലര്‍ത്തുകയും അവസാനം അതിലൊരാള്‍ അവളെ വിവാഹം കഴിക്കുകയും ചെയ്യുന്ന സമ്പ്രദായം ഉത്തര കേരളത്തിന്റെ ചില ഭാഗങ്ങളില്‍ ഉണ്ടായിരുന്നു. വിവാഹരീതികള്‍ എപ്രകാരമായിരുന്നാലും സ്വജാതി വിവാഹം മാത്രമേ അനുവദനീയമായിരുന്നുള്ളൂ. അന്യ ജാതിയായ പറയനുമായി സ്ത്രീകള്‍ക്ക് ബന്ധമുണ്ടായാല്‍ അവളെ ജാതിയില്‍ നിന്നും പുറത്താക്കിയിരുന്നു (Anatha Krishna 1981:99-110) ജാതി വിലക്ക് മാത്രമല്ല മരണശിക്ഷ തന്നെ നല്കിയിരുന്നുവെന്ന് പൂമാതൈയെ കുറിച്ചുള്ള പാട്ടില്‍ പറയുന്നുണ്ട്. പൂമാതൈയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ കടലുംകര നാടുവാഴി കിണഞ്ഞു ശ്രമിച്ചിട്ടും അവളെ വരുതിയിലാക്കാന്‍ പറ്റുന്നില്ല. അവസാനം, അവള്‍ കാലി മേയ്ക്കാന്‍ വരുന്ന കാലിചെക്കന്മാരുമായി കൂട്ടുകൂടാറുണ്ടെന്നും അവര്‍ അവളുടെ മാടത്തില്‍ അന്തിയുറങ്ങാറുണ്ടെന്നും മാനം മര്യാദ തെറ്റിയിട്ടുണ്ടെന്നും അപവാദം പറയിക്കുന്നു. മാടത്തിന് മാച്ചിത്തം വരുത്തിയ പൂമാതൈയുടെ മാടം  തീയിട്ടു കരിക്കാനും മാടത്തെ മാവിനോട് ചേര്‍ത്തുകെട്ടി മുക്കുറ്റി മുക്കണ്ണന്‍ പന്തം കൊണ്ട് തലയും മുലയും കരിക്കാനും നാടുവാഴി പുലയരോട് ഉത്തരവിടുന്നു. അവര്‍ ആദ്യം പൂമാതൈയ്ക്ക് ജാതിഭ്രഷ്ട്ട് കല്‍പ്പിക്കുകയും നാടുവാഴിയുടെ കല്‍പ്പന നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. പാതിവ്രത്യ സങ്കല്പങ്ങള്‍ ദളിത് സമുദായങ്ങളിലും ശക്തമായിരുന്നു എന്ന് ഈ പാട്ടില്‍ നിന്നും വ്യക്തമാകുന്നുണ്ട്.

ബ്രാഹ്‌മണാധിപത്യത്തിലൂടെ ഉരുത്തിരിഞ്ഞുവന്ന കാര്‍ഷിക ഗ്രാമങ്ങളുടെ വ്യാപനത്തിലൂടെ ഉണ്ടായതാണ് മധ്യകാല സമൂഹം. ഈ കാലത്തെ ഭൂ-ഉത്പ്പാദക ബന്ധങ്ങള്‍ക്കനുസൃതമായാണ് ദായകക്രമങ്ങളും സ്ത്രീപുരുഷ ബന്ധങ്ങളും രൂപം കൊള്ളുന്നത്. (ഷിബി, 2015 ) കാര്‍ഷിക സമ്പത്ഘടനയിലേക്കും രണ്ടാംഘട്ട നഗരവല്‍ക്കരണത്തിലേക്കുമുള്ള മാറ്റം ജാതിയുടെയും വര്‍ഗ്ഗവിഭജനങ്ങളുടെയും ആവിര്‍ഭാവത്തിനും വഴിയൊരുക്കുന്നുണ്ട് എന്ന് ഉമാ ചക്രവര്‍ത്തി അഭിപ്രായപ്പെടുന്നുണ്ട് (Uma,1993:581). വേദകാലാനന്തര കാലഘട്ടത്തില്‍ ഭൂമിയുടെ മുകളില്‍ സ്വകാര്യ ഉടമസ്ഥാവകാശം സ്ഥാപിക്കപ്പെടുന്നതോടുകൂടി ഗോത്രജീവിത വ്യവസ്ഥ പൂര്‍ണ്ണമായും തകര്‍ന്നടിയുകയും ബ്രാഹ്‌മണര്‍ അവഗണിക്കാനാവാത്ത ഒരു ശക്തിയായി മാറുകയും ചെയ്യുന്നുണ്ട്. പിതൃവഴിയില്‍ പിന്തുടര്‍ച്ചാവകാശം നിശ്ചയിക്കപ്പെടുന്ന, വ്യക്തമായി നിര്‍വ്വചിക്കപ്പെട്ട ഒരു കുടുംബഘടനയിലേക്ക് സമൂഹം ഈ ഘട്ടത്തില്‍ മാറുമ്പോള്‍ ജാതിയുടെ പരിശുദ്ധി സംരക്ഷിക്കപ്പെടേണ്ടുന്നതിന്റെയും അതിനായി സ്ത്രീ ലൈംഗികത നിയന്ത്രിക്കപ്പെടുകയും ചെയ്യേണ്ടുന്നതിന്റെ  ആവശ്യകത സംജാതമാകുകയും ചെയ്യുന്നുണ്ട് എന്നും അവര്‍ വിശദീകരിക്കുന്നുണ്ട്. സ്ത്രീയെ കേന്ദ്രീകരിച്ച് ചാരിത്ര്യ-പാതിവ്രത്യ സങ്കല്‍പ്പങ്ങള്‍ രൂപപ്പെടുന്നത് അങ്ങനെയാണ്. ജാതിയുടെ, കുലത്തിന്റെ മാനവും പരിശുദ്ധിയും നിലനിര്‍ത്തുകയും സ്വജാതിയില്‍പ്പെട്ട സന്തതി പരമ്പരകളിലൂടെ മാത്രം സ്വത്തുകൈമാറ്റം ഉറപ്പുവരുത്തുകയുമാണ് നാടുവാഴിത്ത കാലത്ത് സ്ത്രീകളെ ചാരിത്ര്യവതികളും പതിവ്രതകളുമാക്കി നിര്‍ത്തുന്നതിലൂടെ നിര്‍വ്വഹിക്കപ്പെട്ടത്. നാടുവാഴിത്ത അധികാരഘടന നിലനിര്‍ത്തുന്നതിന് അത് അത്യന്താപേക്ഷിതമായിരുന്നു.


ഉമാ ചക്രവര്‍ത്തി | PHOTO: FACEBOOK
പാതിവ്രത്യസങ്കല്പ്പം വടക്കന്‍പാട്ടുസിനിമകളില്‍

വടക്കന്‍പാട്ടുകളെ ആധാരമാക്കി നിര്‍മ്മിക്കപ്പെട്ട സിനിമകളെയാണ് വടക്കന്‍പാട്ടുസിനിമകള്‍ എന്ന് പറയുന്നത്. 1961 ല്‍ ഉണ്ണിയാര്‍ച്ച (കുഞ്ചാക്കോ) യോടെ ആരംഭിക്കുന്ന വടക്കന്‍പാട്ടുസിനിമകളുടെ തേരോട്ടം 2016 വീരം (ജയരാജ്) വരെ തുടരുന്നുണ്ട്. 1 പതിനെട്ടോളം സിനിമകളാണ് ഇപ്രകാരം നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. വടക്കന്‍പാട്ടുകള്‍ നാടുവാഴിത്ത-കൊളോണിയല്‍ കാലത്തെയാണ് പ്രതിനിധീകരിക്കുന്നതെങ്കില്‍ വടക്കന്‍പാട്ടുസിനിമകള്‍ ആധുനിക ദേശീയതയും ദേശ രാഷ്ട്ര സംവിധാനവും രൂപംകൊണ്ട കാലത്തെ അഥവാ മുതലാളിത്ത കാലത്തെയാണ് പ്രതിനിധീകരിക്കുന്നത്. ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ബാധകമാകുന്ന രീതിയില്‍ ഏകമാനമായ ഒരു ലൈംഗിക സദാചാര സംഹിതയുടെയും പാതിവ്രത്യ സങ്കല്പത്തിന്റെയും നിര്‍മ്മിതിയിലേക്ക് സമൂഹം ഈ ഘട്ടത്തില്‍ മാറുന്നുണ്ട്. ലൈംഗിക - ചാരിത്ര്യ സങ്കല്‍പ്പങ്ങള്‍ക്ക് സംഭവിച്ച ഈ മാറ്റം വടക്കന്‍പാട്ടുസിനിമകളിലും ദൃശ്യമാണ്. 

ദേശരാഷ്ട്രം മുതലാളിത്തം രൂപകല്‍പ്പന ചെയ്തതാണ്. മുതലാളിത്തത്തിന്റെ നൂതനമായ മൂലധന സമാഹരണങ്ങള്‍ക്കും ക്രയവിക്രയങ്ങള്‍ക്കും പര്യാപ്തമാകുന്ന തരത്തില്‍ സാമൂഹ്യക്രമത്തെ രൂപപ്പെടുത്തേണ്ടത് അതിന്റെ ആവശ്യകതയായിരുന്നു. അതിനായി രാഷ്ട്രീയ അധികാരഘടന മാത്രം മാറിയാല്‍ മതിയാകുമായിരുന്നില്ല. കുടുംബം, ദായക്രമം, സ്ത്രീപുരുഷ ബന്ധങ്ങള്‍ എന്നിവയിലെല്ലാം മാറ്റം വരുത്തേണ്ടിയിരുന്നു. ദേശരാഷ്ട്രത്തിനുള്ളില്‍, കൂട്ടുകുടുംബത്തിനു പകരം അണുകുടുംബവും ബഹുഭാര്യത്വം/ഭര്‍ത്തൃത്വം എന്നിവക്ക് പകരം ഏകദാമ്പത്യവും ഉടലെടുക്കുന്നത് മുതലാളിത്തത്തിന് അതിന്റെ  മൂലധന വിനിയോഗം സുഗമമാക്കുന്നതിനും വിശാലമാക്കുന്നതിനും കൂടിവേണ്ടിയാണ്. സ്വകാര്യസ്വത്ത് വ്യക്തി ഉടമസ്ഥതയിലേക്കു മാറുന്നതോടെ പിതൃദായകവ്യവസ്ഥ കൂടുതല്‍ സുഘടിതവും കെട്ടുറപ്പുള്ളതുമായിത്തീരുന്നു. സ്‌ത്രൈണകാമനയുടെ സമ്പൂര്‍ണ്ണമായ നിയന്ത്രണം, ഏകദാമ്പത്യവും മക്കത്തായ അണുകുടുംബവും നിലനില്‍ക്കേണ്ടതിന് അത്യന്താപേക്ഷിതമായിത്തീരുന്ന സ്ഥിതി വിശേഷം  ഇത് സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്‌ത്രൈണ ലൈംഗികതയെ നിയന്ത്രിക്കുന്ന പാതിവ്രത്യ, ചാരിത്രസങ്കല്പങ്ങള്‍ മുതലാളിത്ത സമൂഹത്തില്‍/ ദേശരാഷ്ട്രത്തിനുള്ളില്‍ കൂടുതല്‍ രൂഢമൂലമായിത്തീരുകയാണ് ചെയ്തത്. 



ദേശീയതകളുടെ ആവിര്‍ഭാവം ലൈംഗികതയുടെ നിയന്ത്രണത്തിനും ക്രമീകരണത്തിനും കാരണമായിട്ടുണ്ട് എന്ന് ജി.എല്‍. മോസ്സേയെപ്പോലുള്ളവര്‍ നിരീക്ഷിച്ചിട്ടുണ്ട് (Mosse, George L, 1983). 
പുരുഷ ലൈംഗികതയും നിയന്ത്രിക്കപ്പെടുന്നുണ്ടെങ്കിലും സ്ത്രീ ലൈംഗികതയാണ് കൂടുതല്‍ നിയന്ത്രണവിധേയമാകുന്നത്. ദേശീയതാ വ്യവഹാരങ്ങള്‍ സ്‌ത്രൈണ ലൈംഗികത വന്യവും (wild) 
അനിയന്ത്രിത (uncontrollable)മായതും മതിവരാത്തതും (insatiable) അപകടകരമായ (dangerous) തുമാണ് എന്ന ആശയമാണ് മുന്നോട്ടു വെക്കുന്നത് എന്ന് ദേശീയതയും ലിംഗവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ഫെമിനിസ്റ്റ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ദേശ രാഷ്ട്രങ്ങള്‍ സ്ത്രീയെ രാഷ്ട്രമായാണ് ( Nation - as - Woman) കണക്കാക്കുന്നത്; സ്ത്രീയുടെ ചാരിത്രത്തെ രാഷ്ട്രത്തിന്റെ മാനാഭിമാനത്തിന്റെ അളവുകോലായും. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമണങ്ങള്‍ രാഷ്ട്രത്തിനുനേരെയുള്ളതായി കണക്കാക്കപ്പെടുന്നു. സ്ത്രീകള്‍ക്കു സംഭവിക്കുന്ന മാനഹാനി രാഷ്ട്രത്തിന്റെ മാനഹാനിയായും മാറുന്നു. പുരുഷന്‍ ഒരു അപകടത്തെ കുറിച്ചുള്ള മുന്നറിയിപ്പ് ലംഘിച്ചാല്‍ അത് പരമാവധി അവരുടെ വ്യക്തിപരമായ കഴിവിനെ മാത്രമാണ് ഭീഷണിപ്പെടുത്തുന്നത്. എന്നാല്‍ സ്ത്രീകളാണ് അപകട മുന്നറിയിപ്പിനെ വകവെക്കാതിരിക്കുന്നതെങ്കില്‍ അത് ഒരു മുഴുവന്‍ സമൂഹത്തിന്റെയും ദുരന്തത്തിന് കാരണമാകുന്നു എന്ന് ഇലിയാസ് കാനേറ്റി നിരീക്ഷിക്കുന്നുണ്ട് . (Ivekovnic and Mostov, 2002:qtd,11-12) 
സ്‌ത്രൈണകാമനയെ ശക്തമായി നിയന്ത്രിച്ചുകൊണ്ടുള്ള പാതിവ്രത്യ - ചാരിത്ര സങ്കല്പങ്ങള്‍ക്കു രൂപംകൊടുത്തുകൊണ്ടാണ് സമൂഹം/രാഷ്ട്രം നേരിടുന്ന ഈ അപകടത്തിനു പരിഹാരം കാണുന്നത്.
മറ്റെല്ലാ രാഷ്ട്രങ്ങളെപ്പോലെതന്നെ ഇന്ത്യയും രാഷ്ട്രത്തെ സ്ത്രീയായിതന്നെയാണ് കാണുന്നത്. സ്ത്രീ, സ്ത്രീകാമന എന്നിവയെ കുറിച്ച് പൊതുവെ ദേശരാഷ്ട്ര വ്യവഹാരങ്ങള്‍ പങ്കുവെക്കുന്ന കാഴ്ചപ്പാടുകള്‍ തന്നെയാണ് ഇന്ത്യയും പിന്തുടരുന്നത്. അതുകൊണ്ടുതന്നെ സ്‌ത്രൈണകാമനയെ നിയന്ത്രിക്കുന്ന പാതിവ്രത്യ സങ്കല്പങ്ങള്‍ ഇന്ത്യയും നിര്‍മ്മിക്കുന്നുണ്ട്. 

ഇന്ത്യയിലെ സ്ത്രീകള്‍ പതിവ്രതകള്‍ അല്ലെന്ന ബ്രിട്ടിഷുകാരുടെ വിമര്‍ശനത്തിനെതിരെ പുരാണ മഹാഭാരതാദി ഇതിഹാസങ്ങളിലെ കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി തങ്ങളുടെ സ്ത്രീകളും പതിവ്രതകളാണ് എന്ന് സ്ഥാപിക്കാനുള്ള വലിയ ശ്രമങ്ങള്‍ ദേശീയവാദികള്‍ നടത്തുന്നുണ്ട്. സീത, സതി, സാവിത്രി, ദ്രൗപതി തുടങ്ങിയ കഥാപാത്രങ്ങള്‍ ദേശീയ വ്യവഹാരങ്ങളില്‍ സജീവ സാന്നിധ്യമാകുന്നത് അങ്ങനെയാണ്. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളും സ്ത്രീയുടെ പാതിവ്രത്യത്തിന് ഊന്നല്‍ നല്‍കുന്നുണ്ട്. സംബന്ധമടക്കമുള്ള സ്ത്രീപുരുഷബന്ധങ്ങള്‍ നിലനിന്നിരുന്ന കേരളത്തില്‍ സ്ത്രീകള്‍ കന്യകകളും ചാരിത്ര്യവതികളുമല്ലെന്ന അധിനിവേശ കാഴ്ചപ്പാടിനെതിരെ നായര്‍ വിവാഹപരിഷ്‌ക്കരണം ആവശ്യപ്പെട്ടുകൊണ്ട് സര്‍. സി. ശങ്കരന്‍ നായര്‍ 'ഞങ്ങളുടെ സ്ത്രീകള്‍ക്കും ചാരിത്ര്യമുണ്ടായിരുന്നു' (ഷീബ, 2014 ) എന്ന ലേഖനം എഴുതിയത് ഓര്‍ക്കുക. അതുപോലെത്തന്നെ നായര്‍ സ്ത്രീകള്‍ക്ക് ചാരിത്ര്യമുണ്ടായിരുന്നു എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ബാലഡ്‌സ് ഓഫ് നോര്‍ത്ത് മലബാറിന് എഴുതിയ പഠനത്തില്‍ ചേലനാട്ടു അച്യുതമേനോനും നടത്തുന്നുണ്ട്  (Achyuta Menon, 1956:131) കുടുംബത്തിന്റെയും ദായകക്രമങ്ങളുടെയും പരിഷ്‌ക്കരണത്തിലൂടെ സ്ഥാപിക്കപ്പെട്ടത് സ്ത്രീയുടെ പാതിവ്രത്യവും മുതലാളിത്ത പിതൃദായക വ്യവസ്ഥിതിയുമാണ്.


ജി.എല്‍. മോസ്സേ | PHOTO: WIKI COMMONS
ഇപ്രകാരം കുടുംബ - ലൈംഗിക സങ്കല്പ്പങ്ങളിലെല്ലാം ആധുനികവല്‍ക്കരിക്കപ്പെട്ട ഇന്ത്യയിലാണ്, കേരളത്തിലാണ് വടക്കന്‍പാട്ടുസിനിമകള്‍ പിറവിയെടുക്കുന്നത്. അതുകൊണ്ടുതന്നെ ബഹുഭര്‍ത്തൃത്വം അനുഷ്ഠിക്കുന്ന നാടുവാഴിത്ത സ്ത്രീയായയല്ല വടക്കന്‍പാട്ടുസിനിമകളിലെ നായികമാര്‍ അവതരിപ്പിക്കപ്പെട്ടത് മറിച്ച്,  ദേശരാഷ്ട്രം രൂപകല്‍പ്പന ചെയ്ത ഭര്‍ത്താവായ പുരുഷനില്‍ തന്റെ കാമന ജീവിതത്തെ ഒതുക്കി നിര്‍ത്തിയ ഒതുങ്ങിയ ലൈംഗിക തൃഷ്ണയുള്ള, പതിവ്രതയായ, ചരിത്ര്യവതിയായ ആധുനിക സ്ത്രീയായാണ്. വടക്കന്‍പാട്ടുകളിലെ ഉണ്ണിയാര്‍ച്ച നാടുവാഴിത്ത സ്ത്രീയാതുകൊണ്ടുതന്നെ ഒന്നിലധികം ലൈംഗികബന്ധങ്ങളുണ്ടാവുക ഒട്ടും അസ്വാഭാവികമായ കാര്യമല്ല. മച്ചുനിയനായ ചന്തുവിനോട് ഉണ്ണിയാര്‍ച്ചക്ക് താല്പര്യമുണ്ടായിരുന്നതായി പാട്ടുകളില്‍ സൂചനയുണ്ട്. എന്നാല്‍, ഇത്തരത്തില്‍ ചന്തുവിനോട് താല്‍പ്പര്യം കാണിക്കുന്ന നാടുവാഴിത്ത സ്ത്രീയായല്ല സിനിമയില്‍ ഉണ്ണിയാര്‍ച്ച അവതരിപ്പിക്കപ്പെടുന്നത് മറിച്ച് കുഞ്ഞിരാമനെ മാത്രം ഭര്‍ത്താവായി സ്വീകരിച്ച പതിവ്രതയായ ഭാര്യയായാണ്. സിനിമയിലെ ഉണ്ണിയാര്‍ച്ചക്ക് ചന്തു ആങ്ങള സ്വന്തം സഹോദരനെപ്പോലെതന്നെയാണ്. ആങ്ങളയെന്നു കരുതിത്തന്നെയാണ് ആറ്റുമണമ്മേലേക്കു ക്ഷണിച്ചതെന്ന് അവള്‍ പറയുന്നുണ്ട്.  ചൂലുകൊണ്ട് അടിച്ചത് അനുവാദമില്ലാതെ കിടപ്പറയില്‍ പ്രവശിച്ചതുകൊണ്ടാണ്. ഉണ്ണിയാര്‍ച്ചയുടെ ലൈംഗിക താല്‍പ്പര്യങ്ങള്‍ കുഞ്ഞിരാമനില്‍ മാത്രം നിക്ഷിപ്തമാണെന്ന് സ്ഥാപിച്ചുകൊണ്ട്  അവളുടെ പാതിവ്രത്യത്തെ ഉറപ്പിക്കുകയാണ് സിനിമ ചെയ്യുന്നത്. കാവിലും ചാത്തോത് കുങ്കിയും (തച്ചോളി ഒതേനന്‍), കടത്തനാട്ട് മാക്കവും (കടത്തനാട്ട് മാക്കം), തുമ്പോലാര്‍ച്ചയും (തുമ്പോലാര്‍ച്ച) ബാല (പൊന്നാപുരംകോട്ട) യുമെല്ലാം ഇപ്രകാരം പതിവ്രതകളായാണ് അവതരിപ്പിക്കപ്പെട്ടത്. 

പാതിവ്രത്യവും കന്യകാത്വവും ചോദ്യം ചെയ്യപ്പെടുമ്പോള്‍ കടുത്ത ശിക്ഷാരീതികളിലൂടെ ആധുനികസ്ത്രീയും കടന്നുപോകുന്നുണ്ട്. കന്യകാത്വം സംശയിക്കപ്പെട്ടപ്പോള്‍ നാട്ടുകാരുടെയും നാടിന്നുടയവരുടെയും മുന്നില്‍ വെച്ച് അഗ്‌നിപരീക്ഷയ്ക്ക് വിധേയമായി കന്യകാത്വം തെളിയിക്കാനാണ് തുമ്പോലാര്‍ച്ച കല്പിക്കപ്പെടുന്നത്. കടത്തനാട്ട് മാക്കത്തിന് മരണശിക്ഷയാണ് വിധിച്ചത്. കണ്ണപ്പനുണ്ണിയില്‍ ചന്തു ബലാല്‍സംഗം ചെയ്ത പൂജാരിയുടെ മകളും കൊല്ലപ്പെടുന്നു. ഇപ്രകാരം, ലൈംഗിക അതിക്രമത്തിന് വിധേയരായ സ്ത്രീകളെല്ലാം മരണപ്പെടേണ്ടതുണ്ട് എന്നും സ്വന്തം ജീവന്‍ നഷ്ട്ടപ്പെടുത്തിയും സ്ത്രീകള്‍ അവരുടെ മാനം നിലനിര്‍ത്തേണ്ടതുണ്ട് എന്നും  വടക്കന്‍പാട്ട് സിനിമകള്‍ നിസ്സംശയം പറഞ്ഞുവെക്കുന്നുണ്ട്.   

ലൈംഗികമായ അക്രമങ്ങള്‍ തങ്ങളുടെയും കുടുംബത്തിന്റെയും നാടിന്റെയും മാനം നശിപ്പിക്കുമെന്നു തന്നെയാണ് വടക്കന്‍പാട്ടു സിനിമകളിലെ നായികമാര്‍ കരുതുന്നത്. അതുകൊണ്ടുതന്നെ മാനം നശിച്ച് തങ്ങള്‍ ജീവിച്ചിരിക്കില്ല എന്നാണവര്‍ പ്രഖ്യാപിക്കുന്നത്. തച്ചോളി മരുമകന്‍ ചന്തുവില്‍ പൊന്നാപുരം കോട്ടയിലെ കണ്ടര്‍ മേനോന്‍ മാതുവിനെ തട്ടിക്കൊണ്ടു പോകുമ്പോള്‍ തനിക്കും കുടുംബത്തിനും നാടിനും ഉണ്ടായ നാണക്കേടും ചീത്തപ്പേരും ഓര്‍ത്താണ് അവള്‍ കരയുന്നത്. സ്ത്രീകളുടെ മാനം നാടിന്റെ രാഷ്ട്രത്തിന്റെ മാനമായി പരിഗണിക്കപ്പെടുന്നു. സ്ത്രീയുടെ പാതിവ്രത്യം, ചാരിത്ര്യം, കന്യകാത്വം, മാനം, പരിശുദ്ധി തുടങ്ങിയ കാഴ്ചപ്പാടുകള്‍ക്ക് വലിയ തോതിലുള്ള പ്രാധാന്യമാണ് വടക്കന്‍പാട്ടുസിനിമകള്‍ നല്‍കുന്നത്. ഇവിടെ  ശ്രദ്ധിക്കേണ്ടുന്ന കാര്യം ഈഴവ സ്ത്രീയായ ഉണ്ണിയാര്‍ച്ചയും നായര്‍ സ്ത്രീയായ കാവിലും ചാത്തോത്തു കുങ്കിയും ഒരേ തരത്തിലുള്ള പാതിവ്രത്യ സങ്കല്പങ്ങള്‍ക്കുള്ളിലാണ് നില്‍ക്കുന്നത് എന്നതാണ്. അതോടൊപ്പം തന്നെ സ്ത്രീയ്ക്ക് നേരെയുള്ള അതിക്രമങ്ങള്‍ നാടിനും (രാഷ്ട്രത്തിനും) നേരെയുള്ള അതിക്രമങ്ങളായുമാണ് സിനിമകളില്‍  അവതരിപ്പിക്കപ്പെടുന്നത്.



ചുരുക്കത്തില്‍, പാതിവ്രത്യസങ്കല്‍പം ഒരോ കാലഘട്ടത്തിലും പലതായിരുന്നു എന്നാണ് രണ്ടു കാലഘട്ടങ്ങളിലെ കലാസൃഷ്ടികളായ വടക്കന്‍പാട്ടുകളും വടക്കന്‍പാട്ടുസിനിമകളും വിശകലനം ചെയ്യുമ്പോള്‍ മനസ്സിലാവുന്നത്. അതിനര്‍ത്ഥം ആദിമകാലം മുതല്‍ ഏകതാനമായ ഒരു സ്വത്വം സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നില്ല എന്നതാണ്. കൂടാതെ, നാടുവാഴിത്തത്തില്‍ നിന്നും മുതലാളിത്തത്തിലേക്ക് / ആധുനിക ദേശരാഷ്ട്ര സംവിധാനത്തിലേക്ക് സമൂഹം പരിണമിച്ചപ്പോള്‍ സ്ത്രീയെ കേന്ദ്രീകരിച്ചുള്ള പാതിവ്രത്യ സങ്കല്‍പ്പങ്ങള്‍ കൂടുതല്‍ ശക്തമായിത്തീരുകയാണ് ചെയ്യുന്നത് നാടുവാഴിത്തകാലത്ത് ജാതിയുടെ വിശുദ്ധിയാണ് സ്ത്രീയുടെ പാതിവ്രത്യത്തിലൂടെ സംരക്ഷിക്കപ്പെട്ടതെങ്കില്‍ മുതലാളിത്തവ്യവസ്ഥിതിയില്‍ ജാതിയുടെ മാത്രമല്ല രാഷ്ട്രത്തിന്റെയും വിശുദ്ധിയും മാനവുമാണ് അതിലൂടെ പരിരക്ഷിക്കപ്പെടുന്നത്. 


(1961 നും 1979 നും ഇടയ്ക്കുള്ള സിനിമകളെയാണ് ഈ പഠനത്തില്‍ കൂടുതലും വിശകലനം ചെയ്തിട്ടുള്ളത്.)

ഗ്രന്ഥസൂചി
1.    Achyuta Menon, Chelanattu., 1956, Ballads of North Malabar, University of Madras, Madras.F.P.1935. Vol.1
2.    Achyuta Menon,Nair, S.K.,  Chelanattu., 1955, Ballads of North Malabar, University of Madras, Madras, Vol. 2
3.    Anatha Krishna Iyer, L.K. 1981, The Tribes and Castes of Cochin, vol.1 ,2., Cosmo Publications New Delhi
4.    Ivekovnic, Rada and Mostov, Julie., 2002, From Gender and Nation (Ed.),New Delhi,Zooban An Association of Kali for Women
5.    Mosse, George L., 1983, Nationalism and Sexuality in Nineteenth - Century Europe, , Culture and Society, July /August 
6.    Uma Chakravarti, 1993, Conceptualising  Brahmanical Patriarchy in Early India : Gender, Caste, Class and State , Economic and Political Weekly, Vol. 28,No. 14, April 3,pp 579 - 585

7.    അച്യുതാനന്ദന്‍, കെ.വി,1994, 24 വടക്കന്‍പാട്ടുകള്‍,, എച്. ആന്‍ഡ് സി പബ്ലിക്കേഷന്‍, തൃശൂര്‍ 
8.    അപ്പുണ്ണി നമ്പ്യാര്‍, എം.സി, 1983, വടക്കന്‍പാട്ടുകള്‍,മലബാര്‍ ബുക്ക്‌സ്,വടകര
9.    ഗണേഷ്, കെ.എന്‍., 1997, 224, കേരളത്തിന്റെ ഇന്നലെകള്‍, സാംസ്‌കാരിക പ്രസിദ്ധീകണ വകുപ്പ്, കേരളം സര്‍ക്കാര്‍
10.    ബാലകൃഷ്ണന്‍, പയ്യന്നൂര്‍., 2008, വടക്കന്‍പാട്ടുകളിലെ വീരാംഗനമാര്‍, ഗ്രാസ് റൂട്ട്‌സ് ,കോഴിക്കോട്

11.    ഭാസ്‌കരനുണ്ണി, പി. 2012, 471, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം , കേരള സാഹിത്യ അക്കാദമി ,തൃശ്ശൂര്‍, F.P 1988f)

12.    നമ്പ്യാര്‍, എ. കെ., 2000, വടക്കന്‍പാട്ട് പഠനങ്ങള്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ,സെന്റര്‍ ഫോര്‍ ഫോക്ലോര്‍ സ്റ്റഡീസ്
13.    വേലായുധന്‍ പണിക്കശ്ശേരി, 2012, സഞ്ചാരികള്‍ കണ്ട കേരളം, ,കറന്റ് ബുക്ക്‌സ്, കോട്ടയം

14.    ഷിബി, കെ, 2015, ശരീരം, അഭിനിവേശം, അധികാരം, -ലൈംഗികതയുടെ ചരിത്രമാനങ്ങള്‍, സ്ത്രീ - ലിംഗനീതി, വികസനം ( വികസനമേഖലാ സെമിനാര്‍ 10 ),എ .കെ .ജി പഠന ഗവേഷണ കേന്ദ്രം, തിരുവനന്തപുരം.
15.    ഷീബ, കെ.എം., 2014 അടുക്കളയില്‍നിന്നും അരങ്ങത്തേക്കും തിരിച്ചും ആധുനിക മലയാളസ്ത്രീയുടെ കുടുംബരൂപ നിര്‍മ്മിതികള്‍, സംഘടിത ,ഒക്ടോബര്‍, വോ.4 , ലക്കം 4.
16.    സ്‌ക്കറിയാ സെക്കറിയ., (എഡി.) 1994, തച്ചോളിപ്പാട്ടുകള്‍, (പ്രസിദ്ധീകരണ വിവരങ്ങള്‍ ലഭ്യമല്ല)


#outlook
Leave a comment