TMJ
searchnav-menu
post-thumbnail

Outlook

ലോക പരിസ്ഥിതി ദിനവും യുദ്ധവിരുദ്ധ ചിന്തകളും

05 Jun 2025   |   5 min Read
കെ പി സേതുനാഥ്

കാലാവസ്ഥ വ്യതിയാനവും, അതിന്റെ തിക്തഫലങ്ങളും ഓരോ രാജ്യങ്ങളുടെയും സൈനികമായ തയ്യാറെടുപ്പുകളുടെ ഭാഗമായുള്ള ജ്ഞാനോൽപ്പാദനത്തിനും അതനുസരിച്ചുള്ള അടവുകളുടെയും, തന്ത്രങ്ങളുടെയും രൂപീകരണത്തിനുമുള്ള ഒരു സുപ്രധാന ഘടകമായി ഇപ്പോൾ മാറിയിരിക്കുന്നു. ദേശരക്ഷയുടെ പേരിലുള്ള ഇടുങ്ങിയതും, സങ്കുചിതവുമായ പരികല്പനകളാണ് സൈനിക കേന്ദ്രിതമായ കാലാവസ്ഥ ജ്ഞാന രൂപീകരണത്തിനുള്ള മുഖ്യപ്രേരണ. ശാസ്ത്ര-സാങ്കേതിക മേഖലയിലെ പുതിയ അറിവുകളും, കണ്ടെത്തലുകളും സൈനിക-വ്യവസായ സമുച്ചയത്തിന്റെ താൽപ്പര്യങ്ങൾക്കായുള്ള ജ്ഞാനോൽപ്പാദനമായി ചുരുങ്ങുന്നതും അതിന്റെ ഭാഗമാണ്. അമേരിക്കൻ സൈനിക-വ്യവസായ സമുച്ചയത്തിന്റെ ചുക്കാൻ പിടിക്കുന്ന പെന്റഗൺ 2003-ൽ തന്നെ കാലാവസ്ഥ മാറ്റം അമേരിക്കയുടെ 'സുരക്ഷക്ക്' ഉയർത്തുന്ന ഭീഷണിയെ പറ്റിയുള്ള പഠനങ്ങൾ തുടങ്ങിയിരുന്നു. മനുഷ്യ നിർമ്മിതമായ കാലാവസ്ഥ വ്യതിയാനത്തെകുറിച്ചുള്ള നിഗമനങ്ങളെ അമേരിക്കയിലെ മുഖ്യധാര സാമ്പത്തിക-രാഷ്ട്രീയ നേതൃത്വങ്ങൾ ഏതാണ്ട് പൂർണ്ണമായും സംശയമുനയിൽ നിർത്തിയ കാലത്താണ് പെന്റഗൺ ഗോപ്യമായി ഈ വിഷയത്തെ പറ്റി പഠനങ്ങളും, തയ്യാറെടുപ്പുകളും നടത്തിയത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പോലെ കാലാവസ്ഥ മാറ്റം എന്നൊന്നില്ലെന്ന് ശഠിക്കുന്നവർ അമേരിക്കയിൽ ഇപ്പോഴും കുറവല്ല എന്നോർക്കുമ്പോഴാണ് പെന്റഗൺ പഠനങ്ങളുടെ പ്രസക്തി കൂടുതൽ വെളിപ്പെടുക.

ഡൊണാൾഡ് ട്രംപ് | PHOTO : WIKI COMMONS
പെന്റഗൺ പഠനം

2003-ലെ പെന്റഗൺ പഠനത്തിലെ ചില സുപ്രധാന നിഗമനങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം; കാലാവസ്ഥ മാറ്റത്തിന്റെ തിക്തഫലങ്ങൾ മൂലം വീടും, നാടും ഉപേക്ഷിക്കാൻ നിർബന്ധിതമാവുന്ന കാലാവസ്ഥ അഭയാർത്ഥികളുടെ പ്രവാഹം, ആഭ്യന്തര കലാപങ്ങൾ, കാർഷിക വിള നാശം, കുടിവെള്ള ക്ഷാമം, രോഗാതുരത, നഗരങ്ങളിലെ ചേരികൾ എന്നിവയായിരിന്നു അവ. അമേരിക്കയുടെ സൈനിക-വ്യവസായ സമുച്ചയത്തിന് ഇവ ഓരോന്നും ഉയർത്തുന്ന വെല്ലുവിളികളും, ഭീഷണികളും, അവസരങ്ങളും ഇഴ കീറി പരിശോധിക്കുന്ന പഠന റിപ്പോർട്ടുകളും, വിശകലനങ്ങളും പിൽക്കാലങ്ങങ്ങളിൽ കൂടുതൽ വ്യാപകമായി. അമേരിക്ക മാത്രമല്ല ചൈനയടക്കമുള്ള വലിയ രാജ്യങ്ങൾ ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ കാലാവസ്ഥ വ്യതിയാനം ദേശരക്ഷക്ക് ഉയർത്തുന്ന ഭീഷണിയെപ്പറ്റിയുള്ള പഠനങ്ങളിൽ വ്യാപൃതരാണ്. കാലാവസ്ഥ മാറ്റത്തെ പറ്റിയുള്ള പഠനത്തിന് 2008-ൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ഒരു വിദഗ്ദ്ധ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. നെതർലാൻഡ്‌സിലെ ഹേഗ് കേന്ദ്രമാക്കി ഇന്റർനാഷണൽ മിലിട്ടറി കൗൺസിൽ ഫോർ ക്ലൈമറ്റ് ആൻഡ് സെക്യൂരിറ്റി (ഐഎംസിസിഎസ്) എന്നൊരു സ്ഥാപനം 2019 മുതൽ പ്രവർത്തിക്കുന്നു. ആഗോളതലത്തിലെ സൈനിക സുരക്ഷയും, കാലാവസ്ഥ മാറ്റവും സംബന്ധിച്ച പഠനങ്ങളാണ് ഐഎംസിസിഎസിന്റെ പ്രധാന പരിപാടി. കാലാവസ്ഥ മാറ്റമെന്ന ഗുരുതരമായ പാരിസ്ഥിതിക വിഷയം വിവിധ വർണ്ണങ്ങളിലുള്ള സങ്കുചിത-നിക്ഷിപ്‌ത താല്പര്യക്കാരുടെ ജ്ഞാനോൽപ്പാദനത്തിനുള്ള ഉപകരണങ്ങളിൽ ഒന്നായി മാറിയ കാര്യം സൂചിപ്പിക്കുന്നതിനാണ് ഇക്കാര്യത്തിൽ സൈനിക-വ്യവസായ സമുച്ചയം നടത്തുന്ന ഇടപെടലുകളെ കുറിച്ചുള്ള ഒരു ലഘു വിവരണം നൽകിയത്. കാലാവസ്ഥ മാറ്റത്തിനും തന്മൂലമുള്ള പാരിസ്ഥിതിക വിനാശത്തിലും മുഖ്യപങ്കു വഹിക്കുന്ന ഒന്നാണ് സൈനിക-വ്യവസായ സമുച്ചയമെന്ന വിവരം പലപ്പോഴും സംവാദങ്ങളിൽ നിന്നും ഒഴിവാക്കുന്നതിനാണ് മേൽവിവരിച്ച തരത്തിലുള്ള  ജ്ഞാനോൽപ്പാദനം ഉപകരിക്കുക.

REPRESENTATIVE IMAGE | WIKI COMMONS
യുദ്ധവും, സദാ യുദ്ധ സന്നദ്ധമായ തയ്യാറെടുപ്പുകളുമാണ് സൈനിക-വ്യവസായ സമുച്ചയത്തെ കാലാവസ്ഥ മാറ്റത്തിനും തദ്വാര പരിസ്ഥിതി വിനാശത്തിനും ഇടയാക്കുന്ന പ്രധാന സ്രോതസ്സുകളിൽ ഒന്നാക്കി മാറ്റുന്നത്. ഫോസിൽ ഇന്ധനത്തിന്റെ ഉപയോഗം ഒരു അളവ്കോലായെടുത്താൽ ഒരു സ്ഥാപനമെന്ന നിലയിൽ ലോകത്തിൽ ഏറ്റവുമധികം മലിനീകരണം നടത്തുന്നതിൽ അമേരിക്കൻ സൈനിക-വ്യവസായ സമുച്ചയമായ പെന്റഗൺ ഒന്നാം സ്ഥാനം അലങ്കരിക്കുന്നു. ദി പെന്റഗൺ, ക്ലൈമറ്റ് ചേഞ്ച് ആൻഡ് വാർ: ചാർട്ടിങ് ദി റൈസ് ആൻഡ് ഫാൾ ഓഫ് US മിലിട്ടറി എമിഷൻസ് എന്ന പുസ്തകത്തിൽ ഓക്സ്ഫോർഡ് സർവകലാശാലയിൽ രാഷ്ട്രമീമാംസകയായ  Neta C. Crawford ഈ വിഷയം വിശദമായി കൈകാര്യം ചെയ്യുന്നു. സ്ഥാപനങ്ങളെന്ന നിലയിൽ സൈനിക-വ്യവസായ സമുച്ചയങ്ങൾ കാരണമുണ്ടാകുന്ന മലിനീകരണത്തെയും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിനേയും നിഷ്ഭ്രമമാക്കുന്നതാണ് യുദ്ധം സൃഷ്ടിക്കുന്ന മലിനീകരണം. ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ ആദ്യ 60 ദിവസങ്ങളിൽ പുറന്തള്ളിയ ഹരിതഗൃഹ വാതകങ്ങൾ 20 ചെറുകിട സാമ്പത്തിക രാജ്യങ്ങൾ ഒരു വർഷം മുഴുവൻ പുറന്തള്ളുന്നതിന് തുല്യമായിരുന്നു എന്നൊരു പഠനം ചൂണ്ടിക്കാട്ടുന്നു. അപ്പോൾ കഴിഞ്ഞ മൂന്ന് വർഷമായി എത്രമാത്രം കാർബണും മറ്റു വിഷ വാതകങ്ങളും  അന്തരീക്ഷത്തിലേക്ക് പുറന്തള്ളിയിട്ടുണ്ടാവും എന്ന് ഊഹിക്കാവുന്നതാണ്. സമാനമായ തോതിലോ അതിൽ കൂടുതലോ ആണ് യുക്രൈൻ യുദ്ധത്തിലും സംഭവിക്കുന്നത്. യുക്രൈനിലെ വായുവും, വെള്ളവും, മണ്ണും വിഷലിപ്തമായതടക്കമുള്ള പാരിസ്ഥിതിക ചിലവ് 56.4 ബില്യൺ ഡോളർ (1 ബില്യൺ = 100 കോടി) ആണെന്ന് കണക്കാക്കപ്പെടുന്നു. വിയറ്റ്നാം യുദ്ധം കഴിഞ് അര നൂറ്റാണ്ടു പിന്നിട്ടിട്ടും അമേരിക്ക വർഷിച്ച ഏജന്റ് ഓറഞ്ച് എന്ന കളനാശിനി കെമിക്കലും, മറ്റുള്ള വിഷലിപ്‌ത ആയുധങ്ങളും വിയറ്റ്നാമിൽ വരുത്തിയ പരിസ്ഥിതി നാശം ഇപ്പോഴും പരിഹരിച്ചിട്ടില്ലെന്ന് നരവംശ-പരിസ്ഥിതി ശാസ്ത്രജ്ഞയായ പമേല മക്കിൾവീ ഒരു ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. യുദ്ധമെന്ന രാഷ്ട്രീയ-സാമൂഹ്യ വ്യാധി അവസാനിപ്പിക്കുന്നതിനായി ആഗോള തലത്തിലുള്ള യുദ്ധവിരുദ്ധ സമാധാന പ്രസ്ഥാനങ്ങൾ പരിസ്ഥിതി സംരക്ഷണത്തിന്റെ അവിഭാജ്യ ഭാഗമായി മാറേണ്ടതിന്റെ ആവശ്യകത ഈ കണക്കുകൾ ശക്തമായി മുന്നോട്ടു വയ്ക്കുന്നു.  

ദി പെന്റഗൺ, ക്ലൈമറ്റ് ചേഞ്ച് ആൻഡ് വാർ: ചാർട്ടിങ് ദി റൈസ് ആൻഡ് ഫാൾ ഓഫ് US മിലിട്ടറി എമിഷൻസ് | PHOTO : WIKI COMMONS
യുദ്ധമെന്ന സാമൂഹ്യ രോഗം

ഗുരുതരമായ രാഷ്ട്രീയ-സാമൂഹ്യ മനോരോഗമായി മാറിയിരിക്കുന്നു യുദ്ധം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആർഭാടത്തോടെ കൊണ്ടാടപ്പെടുന്ന ഉച്ചകോടികളിൽ സമാധാനത്തെ കുറിച്ച് അലക്കിത്തേച്ച ഭാഷയിൽ പ്രഭാഷണം നടത്തുന്ന ലോകനേതാക്കൾ തൊട്ടടുത്ത നിമിഷം തങ്ങളുടെ ദേശത്തിന്റെ ആത്മാഭിമാനം കാത്തുസൂക്ഷിക്കാൻ യുദ്ധമല്ലാതെ മറ്റു മാർഗ്ഗമില്ലെന്ന് ആണയിടുന്ന സ്ഥിതിയാണ്. നിവർത്തിയില്ലാത്ത സാഹചര്യങ്ങളിൽ സംഭവിക്കുന്ന ദുരന്തമെന്നതിനുപരി യുദ്ധം ഇപ്പോൾ വളരെ കൃത്യമായ ആസൂത്രണത്തിലൂടെ നടപ്പിലാക്കുന്ന ഒരു സ്ഥിരസംവിധാനമായി (പെർമനെന്റ് വാർ) മാറിയെന്ന നിഗമനങ്ങൾ അസ്ഥാനത്തല്ല. ഈ സ്ഥിതിവിശേഷത്തെ അന്ത്യകാല സൈനിക വാദം (End Times Militarism) എന്ന് ചിലർ വിശേഷിപ്പിക്കുന്നു. വികലമായ ചരിത്ര വ്യാഖ്യാനങ്ങളും, വംശ ശുദ്ധിയും, മതാത്മകമായ ഗൂഢാലോചനാ സിദ്ധാന്തങ്ങളും, വെറുപ്പുകളും ചേർന്ന ഭാഷയും, ചിഹ്നങ്ങളും അതിനായി നിരന്തരം സൃഷ്ടിക്കപ്പെടുന്നു. സമൂഹത്തെ പൂർണ്ണമായും സൈനികവൽക്കരിക്കാനും,  ഏറ്റവും ശക്തവും,   വിനാശകാരികളുമായ ആയുധങ്ങൾ സംഭരിക്കാനും, മുൻകൂർ യുദ്ധങ്ങൾ (പ്രിൻറിവ് വാർ) നടത്താനുമുള്ള ഒരു സാമൂഹിക വ്യഗ്രത അങ്ങനെ രൂപപ്പെടുന്നു. ‘ധാർമികമായ അന്തിമ യുദ്ധം’ എന്ന സമവാക്യത്തിലൂടെ എല്ലാത്തരം ഹീനതയും ന്യായീകരിക്കപ്പെടുന്നു. സൈനിക ശക്തിയെ ജീവനേക്കാൾ പ്രധാനമായ രക്ഷയായി മാത്രമല്ല, ദിവ്യമായ ഇടപെടലിനുള്ള ഉപാധിയായി കൂടി കാണുന്നു. അതിന്റെ ഭാഗമായി പരിസ്ഥിതിയെയും, മനുഷ്യാവകാശങ്ങളെയും അടിച്ചമർത്തുന്നു.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
അന്ത്യകാല സൈനികവാദം ഫാസിസ്റ്റ് അടിയന്തരതയും, മതാധിഷ്ഠിത ദേശീയതയും കൂട്ടിച്ചേർത്ത്  ‘നല്ലതും ചീത്തയും തമ്മിലുള്ള അന്തിമ പോരാട്ടം’ എന്ന ബൈനറിയുടെ ലോകവീക്ഷണം ഉയർത്തിപ്പിടിക്കുന്നു. ഈ ബൈനറിയുടെ ഉറവിടം ശൂന്യതയിൽ അല്ല.  സൈനിക-വ്യവസായ സമുച്ചയമെന്ന ഭൗതികാടിത്തറയിലാണ് അതിന്റെ ഉറവിടം. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ നേട്ടങ്ങള്‍ക്കൊപ്പം, മനുഷ്യ നിർമ്മിതമായ  പ്രതിസന്ധികളും ആധുനിക ലോകം സൃഷ്ടിക്കുന്നു. ആഗോള ആയുധ വ്യവസായവും,  വ്യാപാരവും അതിന്റെ ഭാഗമായ യുദ്ധങ്ങളും, ഭീകരതയും, മനുഷ്യരാശി മാത്രമല്ല ഭൂമിയും നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നായി മാറിയിരിക്കുന്നു. സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) ന്റെ കണക്കുകൾ പ്രകാരം 2024-ൽ ആയുധങ്ങൾക്കും പടക്കോപ്പുകൾക്കുമായി ലോകം ചിലവഴിച്ച തുക 2.7 ട്രില്യൺ ഡോളർ (2.7 ലക്ഷം കോടി ഡോളർ) ആണ്. ഈ തുകയുടെ ഒന്നര ശതമാനം അതായത് 330 ബില്യൺ ഡോളർ ചിലവഴിച്ചാൽ അടുത്ത 10 വർഷങ്ങൾക്കുള്ളിൽ ലോകത്തിൽ നിന്നും പട്ടിണി തുടച്ചു നീക്കാനാവുമെന്ന് ചില പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഇന്ത്യ ഒരു ഉദാഹരണമായി പരിശോധിക്കാം. 2024 ൽ യുക്രൈൻ കഴിഞ്ഞാൽ ഏറ്റവുമധികം ആയുധങ്ങൾ ഇറക്കുമതി ചെയ്ത രാജ്യം ഇന്ത്യയാണ്. 85 ബില്യൺ ഡോളർ അഥവാ 7.31 ലക്ഷം കോടി രൂപയാണ് ഇതിനായി ചിലവഴിച്ചത്. ഇന്ത്യയിലെ 81 കോടി ജനങ്ങൾക്ക് സമഗ്രമായ ഭക്ഷ്യസുരക്ഷ ഉറപ്പിക്കാൻ അടുത്ത അഞ്ചു വർഷം വേണ്ടി വരുന്ന തുക 11 ലക്ഷം കോടി രൂപയാണെന്ന് ചില പഠനങ്ങൾ പറയുന്നു. അതായത് ഒരു വർഷം ആയുധം ഇറക്കുമതി ചെയ്യുന്ന തുകയുടെ പകുതി കൂടി ചേർത്താൽ പട്ടിണിക്കാരില്ലാത്ത രാജ്യമായി ഇന്ത്യ മാറും.

REPRESENTATIVE IMAGE | WIKI COMMONS
ആയുധവ്യാപാരം


ആയുധ നിർമ്മാണവും വ്യാപാരവും പ്രതിനിധാനം ചെയ്യുന്ന മനുഷ്യാവകാശ ലംഘനങ്ങളും, ആഗോള തലത്തിൽ അവ വരുത്തുന്ന പ്രത്യാഘാതങ്ങളും അടിയന്തിര പ്രാധാന്യം അർഹിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ വിഷയം മാത്രമല്ല ഒരു പാരിസ്ഥിതിക വിഷയം കൂടിയാണെന്ന് ഈ കണക്കുകൾ ബോധ്യപ്പെടുത്തുന്നു. പ്രാദേശിക-ദേശീയ തലങ്ങളിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെ ഒരു യുദ്ധവിരുദ്ധ സമാധാന പ്രസ്ഥാനം അടിയന്തിരമായി രൂപം കൊടുക്കേണ്ടിയിരിക്കുന്നു എന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്.  ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ വികാസത്തെ വിനാശകരവും, പ്രകൃതി-പരിസ്ഥിതി വിരുദ്ധവുമായ ഒന്നിലേക്ക് തിരിച്ചു വിടാൻ ആയുധ വ്യവസായം കാരണമാകുന്നു. അതു വഴി സാമൂഹിക നീതി, ആരോഗ്യ സൗകര്യങ്ങള്‍, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുന്നു.

ആയുധനിർമ്മാണത്തിനും കച്ചവടത്തിനും വിനിയോഗിക്കുന്ന സാമ്പത്തിക ശക്തിയെ മനുഷ്യരുടെയും പ്രകൃതിയുടെയും ക്ഷേമത്തിനായി തിരിച്ചു വിടേണ്ടത് ഇന്ന് അനിവാര്യമായ ആവശ്യമാണ്. രാജ്യങ്ങള്‍ തമ്മിൽ പരസ്പരവിശ്വാസം വളര്‍ത്താനും, ചർച്ചകൾ വഴി തര്‍ക്കങ്ങള്‍ പരിഹരിക്കാനുമുള്ള ഇടപെടലുകൾ ശക്തിപ്പെടുത്തേണ്ടത് മനുഷ്യരുടെ മാത്രമല്ല ഭൂമിയുടെ നിലനിൽപ്പിനും അനിവാര്യമായിരിക്കുന്നു.  

അഭിപ്രായ ഭിന്നതകളോട് സഹിഷ്ണുതയും, നന്മയുടെ മാനദണ്ഡങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്ന നവമാനവികതയുടെ ലോകം രൂപപ്പെടുത്താന്‍ കൂട്ടായ പരിശ്രമങ്ങൾ ആവശ്യമാണ്. നീതിക്കും, സമാധാനത്തിനുമായി പരിസ്ഥിതിയെ ബഹുമാനിക്കുന്ന പുതിയ ദിശയിലേക്ക് മാറേണ്ട കാലമാണിതെന്ന് ലോക പരിസ്ഥിതി ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു.


#outlook
Leave a comment