TMJ
searchnav-menu
post-thumbnail

Outlook

ഗുസ്തി താരങ്ങളുടെ സമരം; മുഖം തിരിക്കുന്നവർ മറുപടി പറയേണ്ടിവരും

02 Jun 2023   |   4 min Read
മിസ്‌രിയ ചന്ദ്രോത്ത്

നാധിപത്യത്തിൽ ബിജെപി സർക്കാർ വിശ്വസിക്കുന്നില്ല, ജനാധിപത്യം പുലരേണ്ടത് അവരുടെ ആവശ്യവുമല്ല, ദ ടെലിഗ്രാഫ് ചൂണ്ടിക്കാണിച്ചതുപോലെ 2023 BC യിലേക്ക് രാജ്യത്തെ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ ഗുസ്തി താരങ്ങളെ തെരുവിൽ നിർത്തിക്കൊണ്ട് ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്ന നയം സ്വയം കുത്തുന്ന കുഴിയാണെന്ന് സർക്കാർ തിരിച്ചറിയുന്നില്ല. യുപി രാഷ്ട്രീയത്തിൽ പകരക്കാരനില്ലാത്ത വിധം സ്വാധീനമുള്ള ക്രിമിനലാണ് ബ്രിജ് ഭൂഷൺ. 38 ക്രിമിനൽ കേസിൽ പ്രതിയാണയാൾ. അതിൽ പീഡനം, മോഷണം, കൊലപാതക ശ്രമം ഇങ്ങനെയുള്ള എല്ലാമേഖലകളിലും പ്രവർത്തി പരിചയവുമുണ്ട്. 1992 ൽ ബാബറി മസ്ജിദ് തകർത്ത കേസിലും ബ്രിജ് ഭൂഷൺ പ്രതിയാണ്. 1990 കളിൽ ബോംബെ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികൾക്ക് അഭയം നൽകി എന്ന പേരിൽ അറസ്റ്റിലാവുകയും തീവ്രവാദ പ്രവർത്തനങ്ങൾതടയൽ നിയമപ്രകാരം ജയിലിലാവുകയും ചെയ്തിട്ടുണ്ട്. 2022 ൽ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ പണ്ടൊരു കൊലപാതകം നടത്തിയിട്ടുണ്ട് എന്ന് യാതൊരു മടിയുമില്ലാതെയാണ് ബ്രിജ് ഭൂഷൺ വിളിച്ച് പറഞ്ഞത്. ഇതൊക്കെയായിരുന്നിട്ടും ആറ് തവണ ബ്രിജ് ഭൂഷൺ ഉത്തർപ്രദേശിൽ നിന്ന് പാർലമെന്റ് എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരുതവണ സമാജ് വാദി പാർട്ടിയുടേയും അഞ്ച് തവണ ബിജെപിയുടേയും ടിക്കറ്റിലാണ് അയാൾ മത്സരിച്ച് ജയിച്ചത്. അയോധ്യ മുതൽ ശ്രാവസ്തിവരെയുള്ള സ്ഥലങ്ങളിലായി 50 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളും കാര്യമായ രാഷ്ട്രീയ സ്വാധീനവും ബ്രിജ് ഭൂഷണ് കീഴിലുണ്ട്. 

2008 ലാണ് ബിജെപി ബ്രിജ് ഭൂഷണെ പുറത്താക്കുന്നത്. അവിശ്വാസ പ്രമേയത്തിൽ യുപിഎയ്ക്ക് അനുകൂലമായി വോട്ട് ചെയ്തതിനായിരുന്നു നടപടി. എന്നാൽ അയാളെ സമാജ്വാദി പാർട്ടി ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയും 2009 ൽ കൈസർഗഞ്ച് മണ്ഡലത്തിൽ സീറ്റ് നൽകുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ വിജയിച്ച ബ്രിജ് ഭൂഷൺ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് സമയമാകുമ്പോഴേക്കും ബിജെപിയിൽ തിരിച്ചെത്തി. 2014 ലും 2019 ലും കൈസർഗഞ്ചിൽ തന്നെ ബിജെപിക്ക് വേണ്ടി മത്സരിച്ചു. പ്രതിചേർക്കപ്പെടുന്ന കേസുകളിൽ നിന്നെല്ലാം ബ്രിജ് ഭൂഷൺ തെളിവില്ലാ കാരണം പറഞ്ഞ് ഇറങ്ങി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ അയാളെ പിണക്കുന്നതിനോട് ബിജെപിക്ക് ഒട്ടും താൽപര്യമില്ല. 


Photo: PTI

ഗുസ്തി ഫെഡറേഷൻ തലപ്പത്തിരുന്നുകൊണ്ട് തന്റെ പദവിയും കൈകരുത്തും ആൾബലവും കാണിക്കുകയാണ് ബ്രിജ് ഭൂഷൺ ചെയ്തത്. 2021 ൽ പരസ്യമായി ഒരു ഗുസ്തി താരത്തെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതിൽ ബ്രിജ് ഭൂഷൺ നടത്തിയ പ്രതികരണം ഇങ്ങനെയാണ് ''ഞാൻ ചെറുതായി ഒന്ന് തൊട്ടേയുള്ളു, ശക്തിയായി അടിച്ചിട്ടില്ല. അടിച്ചിരുന്നെങ്കിൽ അവൻ ദൂരെ പോയി വീഴുമായിരുന്നു'' ഈ പ്രതികരണത്തിൽ അയാളുടെ മുഴുവൻ ധാർഷ്ട്യവും കാണാം. തന്നെ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല, എന്ന ധാർഷ്ട്യം. ആ ധാർഷ്ട്യം തന്നെയാണ് ഗുസ്തി താരങ്ങളുടെ സമരത്തോടും അയാളും സർക്കാരും കാണിക്കുന്നത്. ഏഴ് വനിതാ താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ പരാതിയുമായി രംഗത്ത് വന്നത്. പ്രായപൂർത്തി ആവാത്ത ഒരാൾ കൂടിയുണ്ട് പരാതിക്കാരിൽ. ബ്രിജ് ഭൂഷൺ ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്നാണ് പരാതി. ഗുസ്തി ഫെഡറേഷൻ സ്ഥാനത്തിരിക്കാൻ ബ്രിജ് ഭൂഷൺ അർഹനല്ലെന്ന് പറഞ്ഞുകൊണ്ട് അവർ ജന്തർ മന്തറിൽ സമരം നടത്തി. തുടർന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ ചർച്ചയിൽ ബ്രിജ് ഭൂഷണെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കും എന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്ന് അന്ന് അവർ സമരം അവസാനിപ്പിച്ചു. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. താരങ്ങൾ അന്വേഷണത്തിൽ ക്ഷമ കാണിക്കണം എന്നാണ് സമരം തുടങ്ങി ഒരുമാസം കഴിഞ്ഞ് ഠാക്കൂറിന്റെ ഇപ്പോഴത്തെ നിലപാട്. മാത്രമല്ല കായിക രംഗത്തെ തകർക്കുന്ന ഒരു നടപടിയും താരങ്ങൾ സ്വീകരിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ നല്ലൊരാവശ്യം ആണ് മന്ത്രിയുടേത്. ആരോപണ വിധേയനായ ബ്രിജ് ഭൂഷണെ സംരക്ഷിക്കുകയും പരാതിക്കാരെ പ്രതിസ്ഥാനത്ത് നിർത്തുകയും ചെയ്യുന്ന ഠാക്കൂറിന്റെയും കൂട്ടരുടേയും നിലപാട് കേന്ദ്ര സർക്കാരിന് ഒരു പ്രശ്നമേയല്ല. 

ജനാധിപത്യ രീതിയിൽ സമരത്തെ നേരിടാതെ സമരക്കാരെ പ്രശ്നക്കാരായി ചിത്രീകരിച്ച് കൈകഴുകാനുള്ള ശ്രമങ്ങളും നടക്കുന്നു. ജനാധിപത്യവും മതേതരത്വവും കാറ്റിൽ പറത്തിക്കൊണ്ട് ചെങ്കോലേന്തി ''പ്രധാനമന്ത്രി- 2023 BC'' നടത്തിയ പാർലമെന്റ് ഉദ്ഘാടനത്തിന് സകല മര്യാദകളോടും കൂടി ഗുസ്തി താരങ്ങൾ പ്രതിഷേധം നടത്താൻ ശ്രമിച്ചത് ഇക്കൂട്ടർക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് മഹിളാ മഹാ പഞ്ചായത്ത് നടത്താനൊരുങ്ങിയ താരങ്ങൾക്കെതിരെ കലാപശ്രമം, നിയമവിരുദ്ധമായി സംഘം ചേരൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊലീസുദ്യോഗസ്ഥരെ അക്രമിച്ചു എന്നൊക്കെ പറഞ്ഞുകൊണ്ട് ഐപിസി 147,149, 186, 332, 335 ഉൾപ്പെടെയുള്ള വകുപ്പുകൾ ചാർത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 

എന്നാൽ സമരം ശക്തമാവുകയാണ്. സമരക്കാർ ഒരിഞ്ച് പിന്നോട്ടില്ല, കുറച്ചുപെണ്ണുങ്ങൾ നടത്തുന്ന സമരം തുടങ്ങിയതുപോലെ അവസാനിക്കും എന്നൊരു നാട്യം സർക്കാരിനോ, ബിജെപിക്കോ, ബ്രിജ് ഭൂഷൺ-ഠാക്കൂർ കൂട്ടത്തിനോ ഉണ്ടെങ്കിൽ അതങ്ങനെ എളുപ്പത്തിൽ അവസാനിക്കില്ല. നീതി നടപ്പിലാക്കുക എന്നതാണ് ഇവിടെ ആവശ്യം. നീതി, ന്യായം, പൗരാവകാശം, തുല്യതാ, ജനാധിപത്യ മര്യാദ ഇതൊന്നും ബ്രിജ് ഭൂഷണിന്റെയും ടീമിന്റേയും ഡിക്ഷ്ണറിയിൽ ഇല്ല എങ്കിലും ഗുസ്തി താരങ്ങൾ അവർക്ക് ലഭിക്കേണ്ടുന്ന അവകാശങ്ങളും നീതിയും വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചിട്ടില്ല എന്നാണ് സാഹചര്യം വ്യക്തമാക്കുന്നത്. ഇതിനുമുമ്പ് ബിജെപി സർക്കാർ കണ്ട, നേരിട്ട ഒരു പ്രധാനപ്പെട്ട സമരമായിരുന്നു കർഷക സമരം. 358 ദിവസമാണ് സമരം നീണ്ടുനിന്നത്. ഏകദേശം 719 പേർ അവകാശ പോരാട്ടത്തിൽ മരിച്ചുവീണു എന്നാണ് റിപ്പോർട്ടുകൾ. 358 ദിവസം സമരം നടത്തുക ഒട്ടും എളുപ്പമായിരുന്നില്ല. എന്നാൽ വിവാദമായ മൂന്ന് കാർഷിക ബില്ലും കേന്ദ്ര സർക്കാരിനെ കൊണ്ട് പിൻവലിപ്പിക്കാൻ സമരക്കാർക്ക് സാധിച്ചു. കർഷകരുടെ പ്രതിഷേധാഗ്‌നി മറികടക്കാൻ കേന്ദ്രം ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രഖ്യാപിക്കേണ്ടി വന്നു. തുടക്കത്തിൽ തന്നെ സമരം അടിച്ചമർത്താനായിരുന്നു കേന്ദ്രത്തിന്റെ ശ്രമം. സമരക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ ശക്തമായിരുന്നു. കർഷകർക്കെതിരെ പൊലീസിനെ അഴിച്ചുവിട്ട് അക്രമം നടത്തി. ലഖിംപുരിയിൽ കർഷകർ പ്രതിഷേധിക്കവെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് സമരത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറ്റിയത്. എട്ടുപേരാണ് ഈ അതിക്രമത്തിൽ കൊല്ലപ്പെട്ടത്. ഈ മരണങ്ങൾക്കെല്ലാം ഉത്തരവാദി സർക്കാർ മാത്രമാണ്. ഇപ്പോൾ ഗുസ്തി താരങ്ങളുടെ സമരം കർഷകർ ഏറ്റെടുത്തിരിക്കുകയാണ്. ഇതവസാനിക്കാൻ പോകുന്നില്ല, ഭയക്കേണ്ടതുണ്ട് എന്ന് വിനേഷ് ഫോഗട്ട് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. മുഖംതിരിച്ചിരിക്കുന്ന സർക്കാരിനുള്ള സൂചന തന്നെയാണത്, ഭയക്കേണ്ടതുണ്ട്.


Photo: PTI

രാജ്യത്തിന് അഭിമാനമായ നേട്ടങ്ങൾ കൈവരിച്ച ഈ വനിതകളുടെ നേതൃത്വത്തിൽ, അവർക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമണത്തിനെതിരെ ചെറുത്തുനിൽപ്പ് നടത്തുമ്പോൾ അധികാര കേന്ദ്രങ്ങളിൽ നിന്ന് മാത്രമല്ല, പൊതു രാഷ്ട്രീയ മണ്ഡലത്തിൽ നിന്നോ, പൊതുജനങ്ങളിൽ നിന്നോ വിഷയത്തിന്റെ ഗൗരവത്തിന് ചേർന്ന പിന്തുണ ലഭിക്കുന്നുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ഇന്ത്യൻ ഒളിംമ്പിക്‌സ് കമ്മിറ്റി പ്രസിഡന്റും നിലവിൽ രാജ്യസഭ മെമ്പറുമായ പിടി ഉഷയെ പോലുള്ളവരുടെ നിലപാടുകൾ ലജ്ജിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. രാജ്യത്തിന് വേണ്ടി നേടിയ മെഡലുകൾ ഗംഗ നദിയിൽ ഒഴുക്കുമെന്ന് പറഞ്ഞ ഗതികേടിലേക്ക് രാജ്യത്തെ എത്തിക്കുന്നതിൽ മറ്റു സ്‌പോർട്‌സ് താരങ്ങൾ നടത്തുന്ന കുറ്റകൃത്യമായ മൗനം കൂടി കാരണമാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന മഹാ മാമാങ്കം കഴിഞ്ഞിരിക്കുന്നു. ആഘോഷങ്ങളും. ഇനിയെങ്കിലും മഹാന്മാരായ ക്രിക്കറ്റ് താരങ്ങൾ തങ്ങളുടെ രാജ്യസ്‌നേഹം ഇങ്ങനെയല്ല പ്രകടിപ്പിക്കേണ്ടത് എന്ന് തിരിച്ചറിയേണ്ടതുണ്ട്. മഹാനായ ബോക്‌സിങ് താരം മുഹമ്മദലി തനിക്ക് നേരിട്ട വംശീയ അധിക്ഷേപത്തിന് പകരമായി ഒളിംമ്പിക്‌സ് മെഡൽ ഒഹിയോ നദിയിലേക്കെറിഞ്ഞ ചരിത്രത്തെയാണ് സമകാലിക ഇന്ത്യ ഓർമിപ്പിക്കുന്നത്.

സമരപന്തലിൽ നിന്നും പ്രതിഷേധത്തെ തുടർന്ന് ഓടി പോകേണ്ടി വന്ന പി ടി ഉഷയുടെയും മീനാക്ഷി ലേഖിയുടെയും അനുഭവത്തിൽ നിന്ന് യൂണിയൻ ഗവണ്മെന്റ് പാഠം പഠിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ദിവസവും 71 ലക്ഷം രൂപ പ്രിന്റ് മീഡിയയിൽ മാത്രം അഡ്വർടൈസ്‌മെന്റിന് ചെലവഴിക്കുന്ന നയങ്ങളിലും ഗോഡി മീഡിയയിലും ആണ് യൂണിയൻ ഗവണ്മെന്റിന് ഇനിയും പ്രതീക്ഷ എങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വലിയ രാഷ്ട്രീയചലനങ്ങൾ രൂപപ്പെടുത്തുന്നത് ചെറിയ പ്രക്ഷോഭങ്ങൾ ആളിപടർന്നുകൊണ്ടാകും എന്ന കാര്യം മനസിലാക്കുന്നത് നല്ലതാണ്.


#outlook
Leave a comment