TMJ
searchnav-menu
post-thumbnail

Outlook

ഗുസ്തി താരങ്ങൾ വിജയിക്കും, കർഷകരെ പോലെ

07 Jun 2023   |   6 min Read
സുഖ്ദേവ് സിംഗ്

രുപാട് പഠിച്ചവരുടെ ഭാഷയാണ് ഇംഗ്ലീഷ്. സാധാരണകർഷകർ അത്ര വിദ്യാഭ്യാസമുള്ളവരല്ല എന്നറിയാമല്ലോ. അതുകൊണ്ട് തന്നെ ഞാൻ ഹിന്ദിയിൽ സംസാരിക്കാം. പലരും കരുതുന്നപോലെ മണ്ണിൽ പണിയെടുക്കുന്ന കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയത് മോദി സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷികനിയമങ്ങളോട് കൂടിയല്ല. എൺപതുകൾ മുതൽക്കെ പഞ്ചാബ് ദരിദ്രമായിരുന്നു. അന്ന് പ്രധാനമായും രണ്ട് പ്രശ്നങ്ങളാണ് ഉണ്ടായിരുന്നത്, ഭൂമിയുടെ ഉത്പാദനക്ഷമത കുറയുന്നതും ജലദൗർലഭ്യവും. പിന്നീട് കീടനാശിനികളുടെ അമിതോപയോഗം കാരണം ഭക്ഷണത്തിൽ വിഷം കലർന്ന് ആളുകളുടെ ആരോഗ്യത്തിന് കാര്യമായ പ്രശ്നങ്ങളുണ്ടായി തുടങ്ങി. ഭട്ടിൻഡ ബികനീർ ക്യാൻസർ എക്സ്പ്രസ്സ് ഒക്കെ അതിൻ്റെ ഫലമാണ്. 

അന്ന് മുതൽക്കെ പല കർഷകയൂണിയനുകളും ഇത്തരം പ്രശ്നങ്ങളെ കുറിച്ച് കർഷകരോട് സംസാരിച്ചു തുടങ്ങിയിരുന്നു. പക്ഷേ കർഷകർക്ക് കാര്യങ്ങൾ നടന്ന് പോവുന്നുണ്ടല്ലോ എന്ന ചിന്ത മാത്രമായിരുന്നു. ഒരു തരത്തിൽ അത് സത്യവും ആയിരുന്നു. പോകെ പോകെ പൊട്ടാഷിൻ്റെയും കീടനാശിനിയുടെയും ഒക്കെ ഉപയോഗം വളരെയധികം ഉയർന്നു. മണ്ണിൻ്റെ ഫലഭൂയിഷ്ഠത കുറയും തോറും ആളുകൾ രാസവളത്തിന്റെ ഉപയോഗവും കൂട്ടി. ട്രാക്ടർ വില ഉയർന്നു. ട്രാക്ടർ ലോൺ 16% ആയി. കാറിന് ജിഎസ്ടി കുറയുകയും ട്രാക്ടറിന് ജിഎസ്ടി ഉയരുകയും ചെയ്തു. ഒന്നാലോചികണം, ട്രാക്ടർ ഭക്ഷണം തരാൻ സഹായിക്കും. പക്ഷേ കാറിന് അത് കഴിയില്ല. ട്രാക്ടർ ഉണ്ടെങ്കിലെ പാടത്തെ പണി നടക്കൂ. കാർ ഉണ്ടായത് കൊണ്ട് പാടത്തെ പണി നടക്കില്ല. പറഞ്ഞിട്ടെന്താണ് കാര്യം. എപ്പോഴും ഞങ്ങൾ കർഷകർക്കാണ് ഇത്തരം ബുദ്ധിമുട്ടുകൾ വന്ന് ഭവിക്കുന്നത്. അങ്ങനെ നോക്കി ഇരിക്കെ ട്രാക്ടറിന് വീണ്ടും വില കൂടി. ഉത്പാദനച്ചെലവ് വീണ്ടും വീണ്ടും കൂടി. ഒരു കടം പെരുകുമ്പോൾ അടുത്ത കടം. അങ്ങനങ്ങനെ കടം വല്ലാതെ പെരുകി കർഷകർക്ക് നിൽക്കകള്ളിയില്ലാതായി.

കർഷക സമരത്തിൽ നിന്ന് | Photo: PTI

പഞ്ചാബിലെ 90% കൃഷിഭൂമിയും പല പല ബാങ്കുകളിലായി ഈട് വച്ചിരിക്കയാണ്. ഏറ്റവും അധികം ഈട് വയ്ക്കപെട്ടിരിക്കുന്നത് എസ്ബിഐയിൽ തന്നെയാണ്. പണ്ടൊക്കെ പൊതുമേഖല ബാങ്കുകളിൽ നമ്മൾ അങ്ങോട്ട് ചെന്ന് എത്ര ലോൺ കിട്ടുമെന്ന് മാനേജറോട് ചോദിക്കും. ഇപ്പോഴിതാ സ്വകാര്യ ബാങ്കുകളും കർഷകർക്ക് കടം നൽകി തുടങ്ങിയിരിക്കുന്നു. നിങ്ങൾക്ക് എത്ര രൂപയുടെ വായ്പ വേണം, അവർ ഇങ്ങോട്ട് വന്ന് ചോദിക്കുകയാണ്. ചിലവിനാണെങ്കിൽ ഒരു കുറവുമില്ല. ലോണും കിട്ടും. കൃഷിഭൂമിയത്രയും പണയത്തിലായിട്ട് നിയമവ്യവഹാരങ്ങൾ കൂടി ദുസാദ്ധ്യമായ അവസ്ഥ. അതിൻ്റെ കൂടെയാണ് കൊറോണ വരുന്നത്. ഞങ്ങൾ ഏതാണ്ട് കഴുത്തൊപ്പം വെള്ളത്തിലായ അവസ്ഥ. അങ്ങനെ കഴുത്തറ്റം വെള്ളത്തിലായപ്പോൾ മോദി സർക്കാർ തീരുമാനിച്ചു, "ശരി, ഇനി നമ്മുടെ കർഷകരെ കൂടി നന്നാക്കി കളയാം". ബാക്കിയെല്ലാം നേരെ ആക്കിയല്ലോ.

2020 ജൂൺ 5-ാം തീയതി യൂണിയൻ ക്യാബിനറ്റ് കാർഷികനിയമങ്ങൾ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. ഇത് ശരിക്കും വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ ആവശ്യമായിരുന്നു. 2017 ലെ വേൾഡ് ഇക്കണമിക് ഫോറത്തിൽ എടുത്ത തീരുമാനമാണിത്. സർക്കാർ കോർപ്പറേറ്റുകളുടെ ആവശ്യം അന്ധമായി നടപ്പിലാക്കുക മാത്രമായിരുന്നു. കോപ്പറേറ്റുകൾക്ക് ഇതെങ്ങനെയെങ്കിലും നടപ്പിലാക്കിയെടുക്കണമായിരുന്നു. സർക്കാർ അതിനു വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറായിരുന്നു. ഓരോ തവണ സർക്കാരുമായി സംസാരിക്കാൻ പോകുമ്പോഴും ഞങ്ങൾക്കത് മനസ്സിലാവുന്നുണ്ടായിരുന്നു. സർക്കാർ സ്വന്തമായി നിർമ്മിച്ച നിയമമാണെങ്കിൽ അതിലെന്തെങ്കിലും ഒരു യുക്തിചിന്ത സർക്കാരിനും വേണ്ടേ? ഞങ്ങളുടെ ചോദ്യങ്ങൾക്ക് അവരുടെ പക്കൽ ഉത്തരം ഉണ്ടായിരുന്നില്ല. അതോടെ ഞങ്ങൾക്ക് മനസിലായി, ഇത് വേറെയാർക്കൊ വേണ്ടിയുള്ള നിയമമാണ്.

മറ്റൊന്ന് കൂടിയുണ്ട്. പഞ്ചാബിലെ കൃഷിയിടങ്ങളിൽ പണിയെടുക്കാൻ യു പി ബിഹാർ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന പലരും സ്വന്തമായി കൃഷിയിടങ്ങൾ ഉളളവരാണ്. മാർക്കറ്റിൽ വിളവിന് കൃത്യമായി വില ലഭിക്കാതെ ആയതാണ് അവരെ വെറും ജോലിക്കാരാക്കി മാറ്റിയത്. പലർക്കും അതൊരു വെളിപാട് കൂടി ആയിരുന്നു. ഈ സമരം വിജയിച്ചത് മണ്ണിൽ പണിയെടുക്കുന്ന കർഷകരുടെ മനഃശക്തി കൊണ്ട് കൂടിയാണ്. ഈ മൂന്ന് നിയമങ്ങൾ നിലവിൽ വന്നാൽ കർഷകർ കർഷകരല്ലാതാവും എന്നവർ തിരിച്ചറിഞ്ഞു. അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ്ങ് കമ്മിറ്റി ആക്ട് (APMC ACT) ഇല്ലാതാവുക എന്നാൽ മിനിമം സപ്പോർട്ട് പ്രൈസ് (MSP) ഇല്ലാതാവുകയാണ്. യുപിയിലും ബിഹാറിലും നിന്നുള്ളവർ പഞ്ചാബിലേക്കെങ്കിലും വരുന്നുണ്ട്. ഞങ്ങളെങ്ങോട്ട് പോകും?പാകിസ്താനിൽ പോകാൻ പറ്റില്ലല്ലോ? അല്ലെങ്കിലും ഞങ്ങളുടെ മണ്ണ് വിട്ട് ഞങ്ങൾ എവിടെ പോകാനാണ്? ഞങ്ങൾക്ക് ഞങ്ങളുടെ മണ്ണ് സംരക്ഷിക്കണമായിരുന്നു. അത് ഞങ്ങളുടെ നിലനില്പിന്റെ ആവശ്യമായിരുന്നു. എംഎസ്പി കൂടി ഇല്ലാതായാൽ ഞങ്ങളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി അടിക്കും പോലെയായിരുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ മണ്ണ് വിട്ടു കൊടുക്കാൻ മനസില്ലായിരുന്നു. പിന്നങ്ങോട്ട് രണ്ടും കൽപ്പിച്ചുള്ള പോരാട്ടം ആയിരുന്നു.


Representational Image:  PTI

ഒന്നും നടക്കാതെ വരുമ്പോൾ നമ്മളെന്താണ് ചെയ്യുക? സർക്കാർ നമ്മുടെ ഒച്ച കേൾക്കും വരേക്കും സമരം ചെയ്യും. മണ്ണ് രക്ഷിക്കാൻ ഞങ്ങൾ ഏതറ്റം വരെയും പോകുമെന്ന് തീരുമാനിച്ചു ഉറപ്പിച്ചിരുന്നു. കർഷകരുടെ കൂട്ടായ്മ എന്നാൽ മണ്ണിൽ പണി എടുക്കുന്നവർ മാത്രമല്ല. അവരുടെ കുടുംബങ്ങൾ കൂടി അടങ്ങിയതാണ്. ആദ്യമൊക്കെ നിങ്ങൾ ജയിലിൽ പോയാലോ എന്ന് ചോദിച്ച് കൊണ്ടിരുന്നവർ തന്നെ പിന്നീട് മുന്നിട്ട് ഇറങ്ങാൻ തുടങ്ങി. നിങ്ങളെന്തിന് പോകുന്നു എന്ന് ചോദിച്ചവർ ഞങ്ങളും കൂടി വരുന്നു എന്ന് പറഞ്ഞ് കൂടെ ഇറങ്ങാൻ തുടങ്ങി. അങ്ങനെയാണ് ഞങ്ങൾ ഡൽഹിയിലേക്ക് പോവുക എന്ന തീരുമാനത്തിലെത്തിയത്. അതോടുകൂടി, എന്ത് വില കൊടുത്തും ഇവരുടെ ഐക്യം തകർത്തെ പറ്റൂ എന്ന് സർക്കാറും തീരുമാനിച്ചു. സർക്കാരിന് അതൊരു തരം വാശി പോലെയായിരുന്നു. ഹിന്ദു സിഖ്, സിഖ് ജാട്ട്, ഹിന്ദു മുസ്ലീം, പാകിസ്താനി ഖാലിസ്താനി അങ്ങനെ പല തരത്തിലുള്ള ഭിന്നിപ്പിക്കലുകളാണ് പരീക്ഷിക്കപ്പെട്ടത്. 

അതുകൊണ്ടുള്ള ഒരു ഗുണം എന്താണെന്ന് വെച്ചാൽ പഞ്ചാബ് ഹരിയാന രാജസ്ഥാൻ വെള്ളപ്രശ്നത്തിന് ഒരു പരിഹാരമായി എന്നുള്ളതാണ്. ഹരിയാനയിലെ ജാട്ടുകളും സിഖുകളും തമ്മിലുള്ള പ്രശ്നം വെള്ളത്തെക്കാൾ ആഴമേറിയ ഒന്നായിരുന്നു. അതുകൊണ്ട് തന്നെ അവർ ജാട്ടുകളോട് പറഞ്ഞു, "പഞ്ചാബികളോട് വെള്ളം ചോദിച്ചു നോക്കൂ, അവർ തരുമോ എന്നറിയാമല്ലോ." അത് സർക്കാരിൻ്റെ വക ഒരു അറ്റകൈ പ്രയോഗം ആയിരുന്നു. "നിലം ഇല്ലാതെ ഞങ്ങൾക്ക് വെള്ളം എന്തിന്, മുങ്ങിമരിക്കാനോ?" എന്ന മറുചോദ്യമാണ് പക്ഷേ അവർക്ക് ഉത്തരമായി ലഭിച്ചത്. സാധാരണ ജാട്ടിൻ്റെ, സാധാരണകൃഷിക്കാരുടെ ബിജെപിയോടുള്ള ചോദ്യമായിരുന്നു അത്. ജാട്ടുകൾ കൊച്ചുവർത്തമാനം പറയാറില്ല. അവർക്ക് ഇത്തിരി വാശി കൂടുതലുള്ള കൂട്ടത്തിലാണ്. ചുരുക്കി പറഞാൽ വെട്ട് ഒന്ന് തുണ്ടം രണ്ട് എന്ന രീതിയാണ്. അതുകൊണ്ട് എന്തുണ്ടായി, പാടത്ത് പണിയെടുക്കുന്നവരും കർഷകരോട് ചേർന്നു. കർഷകരുടെ നിലം പോയാൽ ഞങ്ങളെവിടെ പണിയെടുക്കുമെന്ന ചോദ്യം അവർ ഓരോരുത്തരും ചോദിച്ചു. അവർക്കത് നിലനില്പിൻ്റെ പ്രശ്നമായിരുന്നു.

പക്ഷേ കർഷകസമരം വിജയിച്ചത് കർഷകരും പാടത്ത് പണിയെടുക്കുന്നവരും മാത്രം ഒന്നിച്ച് നിന്നത് കൊണ്ടല്ല. ഒരുപാട് ആളുകൾ ഞങ്ങൾക്ക് ഒപ്പം നിന്നു. പല ഇടങ്ങളിൽ നിന്ന് നമുക്ക് കിട്ടിയ പിന്തുണ ചെറുതല്ല. സഹായങ്ങൾ, ചേർത്തുനിർത്തലുകൾ ഒക്കെയും പല വഴിക്കായി വന്നുചേരുകയായിരുന്നു.അപ്പോഴാണ് സ്വകാര്യവൽക്കരണത്തിൻ്റെ കാര്യം വരുന്നത്. അപ്പോൾ ഞങ്ങൾ പറഞ്ഞു, "നോക്കൂ, ഇത് സ്വകാര്യവത്കരണമല്ല, കോർപ്പറേറ്റുവത്കരണമാണ്. എൻ്റെ അഞ്ചേക്കർ സ്ഥലം, എൻ്റെ സ്വകാര്യ സ്വത്ത്, അതിനിയെങ്ങനെ സ്വകാര്യവത്കരിക്കും. എൻ്റെ സ്ഥലം തട്ടിയെടുത്ത് ഒരു കോർപ്പറേറ്റിന് നൽകുന്നത് എങ്ങനെയാണ് സ്വകാര്യവൽകരണമാവുന്നതെന്ന ചോദ്യം ഓരോ കർഷകരും ചോദിച്ചുതുടങ്ങി. എഴുത്തും വായനയും അറിയാത്ത ആളുകൾ വരെ കോർപ്പറേറ്റുവൽകരണത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങി. ഡബിൾയുടിഒയെ കുറിച്ച്, അവരുടെ നയങ്ങളെ കുറിച്ച് ഓരോരുത്തരും സംസാരിച്ചു തുടങ്ങി. സമരത്തിലേക്ക് ഞങ്ങൾ വെറുതെ എത്തിയതല്ല. അതിൽ ഞങ്ങളുടെ നിലനില്പിന് വേണ്ടിയുള്ള മഹത്തായൊരു അതിജീവനസ്വപ്നം ഉണ്ടായിരുന്നു."

അവിടെ ജന്തർമന്ദറിൽ നടക്കുന്ന സമരമില്ലേ, അതിനെ കുറിച്ച് തന്നെ പറയാം. ഫോഗാട്ട് സഹോദരങ്ങളിൽ ഒരാൾ ഞങ്ങളോട് പറഞ്ഞു, "ഞങ്ങൾക്ക് ഒരു ദിവസമോ മറ്റോ സമരം ചെയ്യേണ്ടി വരും എന്നാണ് തുടങ്ങിയപ്പോൾ കരുതിയത്. പെട്ടെന്ന് തന്നെ ഞങ്ങളെ സംസാരിക്കാൻ വിളിക്കുമെന്ന് ഞങ്ങൾ വിചാരിച്ചു. പക്ഷേ അത് നടന്നില്ല. രാത്രി, പന്ത്രണ്ട് മണിയ്ക്ക് പെൺകുട്ടികളെ അവിടെ നിന്നും നീക്കം ചെയ്യാൻ ശ്രമിച്ചപ്പോൾ അവർ കരഞ്ഞുതുടങ്ങിയിരുന്നു. പിന്നീട് ഹരിയാനയിൽ നിന്നും പഞ്ചാബിൽ നിന്നും ആളുകൾ എത്തി തുടങ്ങി. നിങ്ങളോടൊപ്പം ഞങ്ങളുണ്ടെന്നുപറഞ്ഞു. അവർ ചോദിച്ചു, ഞങ്ങളുടെ പെൺകുട്ടികൾ കരയുമ്പോൾ എങ്ങനെയാണ് കൂടെ നിൽക്കാതെ ഇരിയ്ക്കുക". നോക്കൂ, സമരങ്ങളിലേയ്ക്ക് ആളുകൾ എത്തിച്ചേരുകയാണ്. അതുകൊണ്ട് തന്നെ എനിക്ക് ഉറപ്പാണ്, അവരുടെ സമരം ജയിക്കും. കർഷകസമരം എങ്ങനെ വിജയിച്ചുവോ അതുപോലെ തന്നെ. കാരണം സത്യം അവരോടൊപ്പം ആണ്. 


ഗുസ്തിതാരങ്ങളുടെ  സമരത്തിൽ നിന്ന് | Photo: PTI

ആരും ഒരു നേരമ്പോക്കിന് വേണ്ടി സമരം ചെയ്യാറില്ല. വ്യവസ്ഥ പരാജയപ്പെട്ട് തുടങ്ങുമ്പോൾ അതിനോട് കൂടെ പരാജയപ്പെട്ട് പോകാതിരിക്കാൻ നമുക്ക് ഒന്നിച്ച് നിന്ന് സമരം ചെയ്യേണ്ടി വരും. നോക്കൂ, ചിലപ്പോൾ പ്രശ്നം ആദിവാസികളുടെ ആയിരിക്കും. അതല്ലെങ്കിൽ കർഷകരുടെ, ചിലപ്പോൾ അസംഘടിതരായ തൊഴിലാളികളുടെ; പക്ഷേ, അനീതികളെ ചോദ്യം ചെയ്യേണ്ടി വരുമ്പോൾ, വ്യവസ്ഥ തകരാറിലാവുമ്പോൾ ആളുകൾ സമരം ചെയ്യുന്നവരുടെ കൂടെയുണ്ടാകും. പുതിയ കർഷകനിയമങ്ങൾ നിലവിൽ വന്നാൽ ഓരോ കർഷകരുടെയും നിലനില്പ് പ്രശ്നമാകും എന്ന് വന്നപ്പോഴാണ് ഹരിയാനയിലെ ജാട്ടും, പഞ്ചാബിലെ സർദാറും ഒന്നിച്ച് വന്നത്. ഞങ്ങളങ്ങനെ കർഷകർ മാത്രമായി തീർന്നു. 

ജാട്ടുകൾ ഹുക്ക വലിക്കാറുണ്ട്. സിഖുകാർക്ക് ഒരിക്കലും സഹിക്കാൻ വയ്യാത്ത ഒന്നാണ് ഈ ഹുക്ക വലി. സമരപരിസരങ്ങളിലിരുന്ന് ജാട്ടുകൾ ഹുക്ക വലിക്കുമ്പോൾ, "ജീ, ഇത്തിരി മാറി ഇരുന്നു വലിക്കാമോ" എന്ന് ഒരു സർദാർ ചോദിച്ചാൽ ഒരിത്തിരി മാറി ഇരുന്നു ഹുക്ക വലിക്കുന്ന ജാട്ടുകൾ അവിടെയൊരു സാധാരണമായ കാഴ്ചയായിരുന്നു. പഴയ വൈരങ്ങൾ പരസ്പരം ഇടം കൊടുത്തുകൊണ്ടുള്ള, ആദരവ് കൊടുത്തുകൊണ്ടുള്ള, പരസ്പരം വേദനിപ്പിക്കാതെയുള്ള ഒരു സഹവർത്തിത്തമായി പരിണമിക്കുന്നു. ഹുക്ക വലി ചെറിയൊരു കാര്യമാണ്. പക്ഷേ വലിയൊരു ലക്ഷ്യത്തിന് വേണ്ടിയുള്ള ഒരു സമരം ചെറിയ ചെറിയ സംഭവങ്ങളിലൂടെ വലിയ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. ഞങ്ങളുടെ സമരത്തിൽ ടോൾ പ്ലാസകൾ നിന്നുപോയിരുന്നു. ഏതാണ്ട് ഒരു സമാന്തരവ്യവസ്ഥ സൃഷ്ടിച്ചുകൊണ്ടാണ് കർഷക സമരം മുന്നേറിയത്. നോക്കൂ, സമരം ഒരു മോശം കാര്യമല്ല. കോർപ്പറേറ്റ് ടാക്സ് 30% നിന്നും 22%മായി കുറച്ചത് അടുത്തിടയ്ക്കാണ്. അതോടെ ജിഎസ്ടിയുടെ ഭാരം സാധാരണക്കാരൻ്റെ മേലെ വന്ന് പതിച്ചു. 

കഴിഞ്ഞ ദിവസം ഒരു റിപ്പോർട്ട് വന്നിരുന്നു. കോർപ്പറേറ്റുകൾ കുറച്ച് നികുതി അടച്ചു കൂടുതൽ ലാഭം ഉണ്ടാക്കുന്നു. അവർക്ക് ഇളവുകളുണ്ട്. പാവപ്പെട്ടവർ കൂടുതൽ നികുതി അടയ്ക്കുന്നു. ഈ കഴിഞ്ഞ ഇടയ്ക്ക് മറ്റൊരു റിപ്പോർട്ട് കൂടി കണ്ടു. അന്ന് വരെ ഞാൻ കരുതിയത് പണക്കാരാണ് കൂടുതൽ നികുതി അടയ്ക്കുന്നത് എന്നാണ്. ആ ധാരണ മാറി. 50% ആളുകളുടെ കയ്യിൽ വെറും 3% സമ്പത്താണുളളത്. അവരാണ് 74% നികുതി അടയ്ക്കുന്നത്. ഇന്ത്യയുടെ 75% സമ്പത്ത് കയ്യിലുള്ള ആദ്യത്തെ പത്ത് ആളുകൾ ഉണ്ടല്ലോ, അവരാകെ അടച്ചിരിക്കുന്നത് വെറും 3% നികുതിയാണ്. അതായത് സാധാരണക്കാരുടെ ചിലവിലാണ് കോർപ്പറേറ്റുകൾ ജീവിക്കുന്നത്. അവർ സമ്പത്ത് ഊറ്റി എടുക്കുകയാണ്. സമരം ചെയ്യുക എന്നത് അവകാശം തന്നെയാണ്. കോർപ്പറേറ്റുകൾ കൊണ്ടുവരുന്ന പോളിസികൾ നടപ്പിലാക്കുക എന്നത് മാത്രമാണ് ഈ സർക്കാരിൻ്റെ നയം. 

Representational Image: PTI

അവസാനമായി, എർത്ത് ഓവർഷൂട്ട് ദിനത്തെകുറിച്ച് കൂടി പറയണം എന്ന് കരുതുന്നു. മനുഷ്യർക്ക് ഉപയോഗിക്കാനാവുന്ന ഭൗമവിഭവങ്ങൾക്ക് പരിധിയുണ്ട്. ഓരോ വർഷവും മനുഷ്യരുടെ ഉപയോഗത്തിന് ശേഷം ഭൂമിക്ക് വീണ്ടും പുനർനിർമ്മിക്കാൻ കഴിയുന്ന വിഭവങ്ങളുടെ പരിധി എത്തിച്ചേരുന്ന ദിവസമാണ് എർത്ത് ഓവർഷൂട്ട് ദിനം. 1970 ൽ ഡിസംബർ 30 ആയിരുന്നു എർത്ത് ഓവർഷൂട്ട് ഡേ. ഈ വർഷം അത് ജൂലായ് 27 ആണ്. അതായത്, ഒരു വർഷം ഉപയോഗിക്കാവുന്ന ഭൗമവിഭവങ്ങളുടെ പരിധി ജൂലായ് ആകുമ്പോഴേക്കും കഴിയുന്നു. അത്രയ്ക്കാണ് നമ്മൾ വിഭവങ്ങൾ ഉപയോഗിക്കുന്നത്. അതുകഴിഞ്ഞ് നമ്മൾ ഓരോ വിഭവങ്ങൾ എടുത്ത് ഉപയോഗിക്കുമ്പോഴും അത് ഭൂമിയുടെ രക്തം ഊറ്റിയെടുക്കുന്നപോലെയാണ്.

നമ്മൾ പറയാറില്ലേ, സ്വിറ്റ്സർലൻഡ് ഒരു വികസിതരാജ്യമാണെന്ന്. രാജ്യങ്ങളുടെ കണക്ക് എടുക്കുമ്പോൾ, മേയ് 13, ഞാൻ നിങ്ങളോടിത് പറയുന്ന ദിവസം, അവരുടെ വിഭവപരിധി കഴിഞ്ഞിരിക്കുന്നു. ഓരോ ദിവസവും അവർ കൂടുതൽ വിഭവങ്ങൾ എടുത്തുകൊണ്ടിരിക്കുകയാണ്. മുലപ്പാൽ ഓരോ കുഞ്ഞിൻ്റെയും അവകാശമാണ്. പക്ഷേ, അത് അമ്മയുടെ രക്തം കുടിക്കാനുള്ള അവകാശമല്ല. ഇപ്പൊ നടക്കുന്നത് ഭൂമി എന്ന അമ്മയുടെ രക്തം കുടിക്കലാണ്. നമ്മൾ എത്ര മാത്രം വിഭവങ്ങൾ അധികമായി ഉപയോഗിക്കുന്നുവോ അത്ര മാത്രം നമ്മൾ ഭൂമിയുടെ ചോര ഊറ്റി കുടിക്കുന്നു. 

പരിസ്ഥിതി, കൃഷി, ഭക്ഷ്യസുരക്ഷ, വിശപ്പ്, പോഷകാഹാരക്കുറവ്, ആരോഗ്യം; ഇവയൊക്കെ പരസ്പരം കെട്ടുപിണഞ്ഞുകിടക്കുകയാണ്. ഇവയോരോന്നും പരസ്പരപൂരകങ്ങളാണെന്ന് തിരിച്ചറിഞ്ഞ് ഒന്നിച്ചുകൊണ്ടുപോകാൻ ശ്രമിക്കേണ്ടത് എല്ലാവരുടെയും ചുമതലയാണ്. ഒന്ന് ഒന്നോട് ചേർന്ന് അഭേദ്യമായി നിൽക്കുകയാണ്. ഈ നിലയ്ക്ക് കണ്ടാലെ മനുഷ്യൻ്റെ യഥാർത്ഥ പ്രശ്നങ്ങൾക്ക് ശരിയായ ഉത്തരങ്ങൾ കണ്ടെത്തുവാൻ കഴിയൂ. കോർപ്പറേറ്റുവൽകരണവും അവരുടെ കൊള്ളയും അവസാനിപ്പിക്കേണ്ടതുണ്ട്. പ്രകൃതിയോടും മനുഷ്യരോടും ഹിതകരമായി സഹവർത്തിക്കുന്ന ഒരു വ്യവസ്ഥ സാധ്യമാണ്. പരസ്പരമുള്ള ഒരു കൊടുക്കൽ വാങ്ങലായി അതിനെ മനസിലാക്കേണ്ടതുണ്ട്. നമ്മൾ അതിനെ കുറിച്ചാണ് സംസാരിക്കുന്നത്. മനുഷ്യന് പ്രകൃതി ഇല്ലാതെ ഒരു നിലനില്പില്ല. 

(കർഷകനേതാവായ സുഖ്ദേവ് സിംഗ് മുംബൈയിൽ വെച്ച് നടന്ന ആൾ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ നാഷണൽ കോൺഫറൻസിൽ നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്തരൂപം)

പരിഭാഷ: ധനുഷ, എക്സിക്യൂട്ടീവ് മെമ്പർ TSBEA (AIBEA)


#outlook
Leave a comment