
യൂണിന്റെ പരാജയപ്പെട്ട രാഷ്ട്രീയ അട്ടിമറിയും, ദക്ഷിണ കൊറിയന്‍ രാഷ്ട്രീയ അന്തരീക്ഷവും
2024 ഡിസംബര്‍ 3-ന് കൊറിയന്‍ സമയം രാത്രി 10:25 ന്, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സുക്-യോള്‍ രാജ്യത്ത് സൈനിക നിയമം പ്രഖ്യാപിച്ചു. 1979-ലെ അവസാന സൈനികഭരണ പ്രഖ്യാപനത്തിന് 45 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള യൂണിന്റെ സൈനിക അട്ടിമറി ഞെട്ടലോടുകൂടിയാണ് കൊറിയന്‍ ജനതയും, അന്താരഷ്ട്ര സമൂഹവും നോക്കിക്കണ്ടത്. ജനങ്ങളുടെ സ്വാതന്ത്ര്യവും സന്തോഷവും കൊള്ളയടിക്കുന്ന ഉത്തരകൊറിയന്‍ അനുകൂല ഭരണകൂട വിരുദ്ധ ശക്തികളെ ഉടനടി ഉന്മൂലനം ചെയ്യാനും, രാജ്യത്തിന്റെ സ്വതന്ത്ര ഭരണഘടന സംരക്ഷിക്കാനും വേണ്ടിയാണ് താന്‍ സൈനിക നിയമം പ്രഖ്യാപിക്കുന്നതെന്ന് യൂണ്‍ യോങ്സാനിലെ പ്രസിഡന്‍ഷ്യല്‍ ഓഫീസില്‍ നടത്തിയ അടിയന്തര പ്രസ്താവനയില്‍ പറഞ്ഞു. അതേ പ്രസ്താവനയില്‍ തന്നെ, പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 'നിയമനിര്‍മ്മാണ സ്വേച്ഛാധിപത്യം' സ്വതന്ത്ര റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ ഭരണഘടനാ ക്രമത്തെ അട്ടിമറിക്കുന്നുവെന്നും ഒരു കലാപം ആസൂത്രണം ചെയ്യുന്ന വ്യക്തമായ രാഷ്ട്രവിരുദ്ധ നടപടിയെ പ്രതിനിധീകരിക്കുന്നു എന്നും യൂണ്‍ പ്രസ്താവിച്ചു. ഒറ്റ രാത്രികൊണ്ട് യൂണ്‍ നടത്തിയ സൈനിക അട്ടിമറി കൊറിയന്‍ സമൂഹത്തെ സ്തംഭിപ്പിച്ചെങ്കിലും, രണ്ടര മണിക്കൂറിനുള്ളില്‍ ഡെമോക്രറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ദേശീയ അസംബ്ലിയിലെ 300 അംഗങ്ങളില്‍ 190 പേരും സൈനിക നിയമം അസാധുവാക്കാന്‍ ഏകകണ്ഠമായി വോട്ട് ചെയ്യുകയും, ആറ് മണിക്കൂര്‍ നീണ്ട പരീക്ഷണത്തിന് ശേഷം സൈനിക നിയമം നിരസിച്ചുകൊണ്ടുള്ള നിയമസഭാ തീരുമാനം യൂണിന് അംഗീകരിക്കേണ്ടി വരികയും ചെയ്തു.
യൂണിന്റെ അടിയന്തര സൈനിക നിയമ പ്രഖ്യാപനം ആശ്ചര്യകരമായിരുന്നുവെങ്കിലും, അത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നില്ല. കഴിഞ്ഞ ഏപ്രിലില്‍ നടന്ന കൊറിയന്‍ പൊതു തിരഞ്ഞെടുപ്പിന് ശേഷം ദേശീയ അസ്സംബ്ലിയില്‍ വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തിയ ഡെമോക്രറ്റിക് പാര്‍ട്ടിയുടെ തീവ്രമായ രാഷ്ട്രീയ സമ്മര്‍ദ്ദത്തിനോടുള്ള യൂണിന്റെ പ്രതികരണത്തെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നിരുന്നു. മാത്രമല്ല, കഴിഞ്ഞ സെപ്റ്റംബറില്‍ പ്രതിരോധ മന്ത്രി ഷിന്‍ വോണ്‍-സിക്കിനെ മാറ്റിക്കൊണ്ട് കിം യോങ് ഹ്യൂണിനെ പ്രതിരോധ മന്ത്രിയായി നിയമിച്ചതിന് ശേഷം, സൈനിക നിയമം നടപ്പിലാക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് പല വിദഗ്ധരും ഇതിനകം ചര്‍ച്ച ചെയ്തിരുന്നു. യൂണിന്റെ ഏകപക്ഷീയമായ സൈനിക നീക്കം പ്രതിപക്ഷം ഉയര്‍ത്തുന്ന ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ പരിണിതമായാണ് പരക്കെ വീക്ഷിക്കപ്പെടുന്നത്. എന്നിരുന്നാലും, ഇത്തരമൊരു നീക്കത്തെ പ്രതിരോധിക്കുന്നതില്‍ കൊറിയയുടെ ഊര്‍ജസ്വലമായ ജനാധിപത്യ സംവിധാനത്തിന് കാര്യക്ഷമമായ പങ്ക് വഹിക്കാന്‍ സാധിച്ചു. പക്ഷെ, ഇത്തരം തീവ്രമായ രാഷ്ട്രീയ നടപടിയിലേക്ക് നയിക്കപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണ്?യൂണ്‍ സുക്-യോള്‍ | PHOTO: FACEBOOK
2022-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പകുതിയില്‍ താഴെ വോട്ടോടുകൂടെയും, 1% ല്‍ താഴെയുള്ള നേരിയ ഭൂരിപക്ഷത്തിലുമാണ് ദക്ഷിണ കൊറിയയുടെ പതിമൂന്നാം പ്രസിഡന്റായി യാഥാസ്ഥിക ക്യാമ്പില്‍ നിന്നും യൂണ്‍ സുക്-യോള്‍ അധികാരത്തില്‍ എത്തിയത്. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത്, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ മുന്നിര്‍ത്തിക്കൊണ്ട് യുവാക്കളെ സ്വാധീനിക്കുന്നതിലും, ലിംഗസമത്വ-കുടുംബ മന്ത്രാലയത്തെ നീക്കം ചെയ്യുമെന്ന വിവാദ പരാമർശങ്ങളിലൂടെയും യൂണ്‍ ശ്രദ്ധ നേടി. യൂണിന്റെ നിറം മങ്ങിയ തിരഞ്ഞെടുപ്പ് വിജയം അദ്ദേഹത്തിനുള്ള അംഗീകാരമെന്നതിലുപരി, മുന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്നിന്റെ നേതൃത്വത്തിലുള്ള പുരോഗമന ഭരണത്തിനോടുള്ള എതിര്‍പ്പായാണ് പരക്കെ വീക്ഷിക്കപ്പെട്ടിരുന്നത്. അധികാരത്തില്‍ എത്തുമ്പോള്‍, അന്നത്തെ നിയമസഭയില്‍ 1987 ലെ കൊറിയന്‍ ജനാതിപത്യവത്കരണത്തിന് ശേഷമുള്ള ഏറ്റവും ഭൂരിപക്ഷമുള്ള പ്രതിപക്ഷത്തെ നേരിടുക എന്ന വെല്ലുവിളിയും യൂണിന്റെ നേത്രത്വത്തിലുള്ള യാഥാസ്ഥിതിക ഭരണകൂടം നേരിട്ടു. എന്നിരുന്നാല്‍ പോലും അധികാരത്തില്‍ വന്നതിന് ശേഷം, മുന്‍ ജനാധിപത്യ-ഇടത് ഭരണകൂടത്തില്‍ നിന്നും വിഭിന്നമായിക്കൊണ്ട് ഉത്തരകൊറിയയുമായുള്ള ബന്ധത്തില്‍ പരുന്ത വീക്ഷണം നിലനിര്‍ത്തുകയും, യുണൈറ്റഡ് സ്റ്റേറ്റ്‌സുമായുള്ള ദക്ഷിണ കൊറിയയുടെ നിര്‍ണായക സഖ്യം ശക്തിപ്പെടുത്തുകയും, ചരിത്രപരമായ തര്‍ക്കങ്ങളെ പുനരാലോചിച്ചുകൊണ്ട് കൊറിയ-ജാപ്പനീസ് ബന്ധം മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് ദേശീയ വികാരമുള്ള ആഭ്യന്തര-വിദേശ നയത്തില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ക്ക് യൂണ്‍ നേതൃത്വം നല്‍കി. എങ്കിലും, ആഭ്യന്തര തലത്തില്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല.
2022 മുതല്‍ അഴിമതിയുടെയും, ദുര്‍ഭരണത്തിന്റെയും ആരോപണങ്ങളില്‍ യൂണിന്റെ ഭരണം മുങ്ങിക്കിടന്നു. പല ആഭ്യന്തര വിഷയങ്ങളും കൈകാര്യം ചെയ്യുന്നതില്‍ യൂണിന് വീഴ്ച സംഭവിക്കുകയും, അത് പ്രതിപക്ഷത്തുനിന്നും, പൊതു ജനങ്ങളില്‍ നിന്നും കടുത്ത പ്രതിഷേധത്തിലേക്ക് നയിക്കപ്പെടുകയും ചെയ്തു. ഉദാഹരണമായി, മെഡിക്കല്‍ സ്‌കൂള്‍ ക്വാട്ട വര്‍ധിപ്പിക്കാനുള്ള യൂണിന്റെ തീരുമാനത്തെ തുടര്‍ന്നുണ്ടായ ഡോക്ടര്‍മാരുടെ പ്രതിഷേധവും, ഇറ്റേവോണ്‍ ആള്‍ക്കൂട്ട ദുരന്തവും കൈകാര്യം ചെയ്തത് പ്രതിപക്ഷത്തുനിന്നും പൊതുജനങ്ങളില്‍ നിന്നും വ്യാപകമായ അപലപനം നേരിട്ടു. കൂടാതെ, സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി തന്റെ അധികാരം ഉപയോഗിച്ചുവെന്നും യൂണിനെതിരെ ആരോപണമുണ്ട്. 2023-ല്‍ ഒരു ദക്ഷിണ കൊറിയന്‍ നാവികന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തെ സ്വാധീനിക്കുന്നതില്‍ പ്രതിരോധ മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയതായി യൂണിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു, മാത്രമല്ല, ഈ അവകാശവാദം അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ വേണമെന്ന് പ്രതിപക്ഷം പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ ഒന്നില്‍ കൂടുതല്‍ തവണ യൂണ്‍ വീറ്റോ ചെയ്യുകയും ചെയ്തു. 2024 നവംബറില്‍, യൂണിന്റെ യാഥാസ്ഥിതിക തൊഴില്‍ നയങ്ങളോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് കൊറിയയിലെ പ്രധാന തൊഴില്‍ യൂണിയനുകള്‍ ശക്തമായി പ്രേതിഷേധിക്കുകയും, യൂണിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ബാനറുകള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു.REPRESENTATIVE IMAGE | WIKI COMMONS
ഭരണപരമായ പ്രശ്നങ്ങള്‍ക്ക് പുറമേ, അഴിമതി, പ്രസിഡന്‍ഷ്യല്‍ ഓഫീസിനുള്ളില്‍ അനാവശ്യ സ്വാധീനം ചെലുത്തല്‍ എന്നിവയില്‍ ആരോപണ വിധേയയായ യൂണിന്റെ ഭാര്യ കിം കിയോണ്‍ ഹീയും അദ്ദേഹത്തിന്റെ ചില പ്രശ്നങ്ങളുടെ കേന്ദ്രബിന്ദുവാണ്. യൂണ്‍ തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് നടന്ന സ്റ്റോക്ക് പ്രൈസ് കൃത്രിമത്വ പദ്ധതിയില്‍ മിസ്സ് കിം ഉള്‍പ്പെട്ടിരുന്നുവെന്ന ആരോപണം നേരിടുകയും, ആരോപണം അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തുന്ന പ്രതിപക്ഷത്തിന്റെ ബില്‍ യൂണ്‍ വീറ്റോ ചെയ്യുകയും ചെയ്തു. അതുകൂടാതെ, കഴിഞ്ഞ വര്‍ഷം അവസാനം, മിസ് കിം ഒരു 2,200 ഡോളര്‍ ഡിയോര്‍ പൗച്ച് സമ്മാനമായി സ്വീകരിക്കുന്നതായി കാണിക്കുന്ന സ്‌പൈ ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഈ സംഭവം അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയെ ഇളക്കിമറിക്കുകയും 2024 ഏപ്രിലിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പായി ഒരു പ്രധാന വിഷയമായി മാറി. തുടര്‍ന്ന് ഏപ്രിലില്‍ നടന്ന ദേശീയ അസംബ്ലി തിരഞ്ഞെടുപ്പില്‍ പ്രധാന പ്രതിപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെ ആഭ്യന്തര തലത്തില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാവുകയും, നിയമനിര്‍മ്മാണം നടത്താനും സാധാരണ നടപടിക്രമങ്ങള്‍ തുടരുന്നതിനും പ്രസിഡന്റിന്റെ പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കി.
സൈനിക അട്ടിമറി നടത്തുന്നതിനുള്ള യൂണിന്റെ ശ്രമം പ്രതിപക്ഷം, ഭരണകക്ഷി, പൊതുജനം, മറ്റു തല്പര ഗ്രൂപ്പുകള്‍ എന്നിവരുള്‍പ്പെടെ എല്ലാ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദമാണ്. തനിക്കും, ഭാര്യക്കുമെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളും, തുടരെ ജനപ്രീതി കുറയുകയും ചെയ്തതോടെ പ്രസിഡന്റിന് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ സമ്മര്‍ദ്ദം വര്‍ദ്ധിച്ചിരുന്നു. പ്രത്യേകിച്ചും, വിവാദ വിഷയങ്ങളില്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പീപ്പിള്‍ പവര്‍ പാര്‍ട്ടി (PPP) നേതാവ് ഹാന്‍ ഡോങ്-ഹൂണ്‍ പ്രസിഡന്റിനോട് പരസ്യമായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദം, കഴിഞ്ഞ സെപ്റ്റംബറില്‍ 22-ാം നിയമസഭയുടെ ആദ്യ റെഗുലര്‍ സമ്മേളനം ആരംഭിച്ചപ്പോള്‍ ശക്തമാവുകയും ചെയ്തു. പ്രത്യേകിച്ചും
പ്രഥമവനിതയ്‌ക്കെതിരായ നടപടികളില്‍ പ്രസിഡന്റില്‍ നിന്ന് ഉത്തരവാദിത്തം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം സഭാന്തരീക്ഷത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. പ്രഥമവനിതയ്ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ പ്രത്യേക കൗണ്‍സിലര്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം മൂന്നാം തവണയും പാസാക്കിയ ബില്ല് പ്രസിഡന്റ് വീറ്റോ ചെയ്ത് തള്ളിക്കളഞ്ഞു. അധികാരത്തില്‍ വന്നതിന് ശേഷം നിരന്തരമായി വളരെ താഴ്ന്ന നിലയില്‍ നിലനിന്നിരുന്ന യൂണിനോടുള്ള ജനപ്രീതി പ്രസിഡന്റും-നിയമസഭയും തമ്മിലുള്ള വര്‍ധിച്ചുവന്ന പിരിമുറുക്കത്തോടുകൂടി രൂക്ഷമാവുകയും, കഴിഞ്ഞ മാസങ്ങളില്‍ റെക്കോര്‍ഡ് താഴ്ന്ന അവസ്ഥയിലേക്ക് അംഗീകാര റേറ്റിംഗ് ഇടിയുകയും ചെയ്തു. രാജ്യത്ത് സൈനിക നിയമം നടപ്പിലാക്കിക്കൊണ്ട് യൂണ്‍ നടത്തിയ പ്രസ്താവനയില്‍, പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 'നിയമനിര്‍മ്മാണ സ്വേച്ഛാധിപത്യം' സ്വതന്ത്ര റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ ഭരണഘടനാ ക്രമത്തെ അട്ടിമറിക്കുന്നുവെന്ന പരാമര്‍ശം രാജ്യത്തെ പ്രതിപക്ഷത്തോടുള്ള പ്രസിഡന്റിന്റെ നിരാശയെ ഉയര്‍ത്തിക്കാട്ടുന്നതാണ്.കിം കിയോണ്‍ ഹീ, യൂണ്‍ സുക്-യോള്‍ | PHOTO: FACEBOOK
ജനങ്ങളില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും തനിക്ക് പിന്തുണ നഷ്ടപ്പെടുകയാണെന്നും, പ്രതിപക്ഷത്തിന്റെ തന്ത്രങ്ങള്‍ വിജയിക്കുകയാണെന്നും തോന്നിയതുകൊണ്ടാണ് മന്ത്രിസഭയിലെ തിരഞ്ഞെടുത്ത ചിലര്‍ മാത്രം പിന്തുണച്ചുകൊണ്ടുള്ള സൈനിക അട്ടിമറിക്ക്, ജനാധിപത്യത്തിനും നിയമങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള ലോക ക്രമത്തിനും വേണ്ടി വാദിച്ച യൂണ്‍ നിര്‍ബന്ധിതനായത്. യൂണിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും എന്താണ് ഇനി മുന്നിലുള്ളത് എന്ന ചോദ്യത്തെ പരിഗണിക്കുമ്പോള്‍, ഇനിയും 2.5 വര്‍ഷത്തോളം സ്ഥാന പദവി നിലനില്‍ക്കുന്ന ഭരണകക്ഷിക്ക് ശക്തമായ രാഷ്ട്രീയ പ്രതിസന്ധിയെ നേരിടേണ്ടി വരും എന്നത് തീര്‍ച്ചയാണ്. സൈനിക നിയമ ദുരന്തം ഉണ്ടായില്ലെങ്കിലും, 2025-ലേക്ക് പോകുന്ന യൂണിന്റെ രാഷ്ട്രീയ മൂലധനം അദ്ദേഹത്തിന്റെ ഭരണകക്ഷിയായ പിപിപിയിലെ പ്രസിഡന്‍ഷ്യല്‍ നോമിനി പ്രതീക്ഷകള്‍ക്ക് ഉത്തേജനം നല്‍കുമെന്ന് പ്രതീക്ഷിക്കാം. മാത്രമല്ല, പിപിപിയുടെ 108 അംഗങ്ങളില്‍ ഭൂരിപക്ഷമുള്ള യൂണ്‍ അനുകൂല വിഭാഗത്തിന് പ്രസിഡന്റിന്റെ നടപടികളെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നതിനാല്‍ ഭരണകക്ഷിയായ യാഥാസ്ഥിതിക പാര്‍ട്ടിക്കുള്ളിലെ ഭിന്നത കൂടുതല്‍ വ്യക്തമാകും. അതേസമയം, ഇംപീച്ച്മെന്റിനെക്കാള്‍ ഇഷ്ടപ്പെട്ട എക്‌സിറ്റ് റൂട്ട് എന്ന നിലയില്‍ യൂണിന്റെ രാജിയെ പ്രേരിപ്പിക്കാനാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി ഉദ്ദേശിക്കുന്നത്. ഡിസംബര്‍ 7 ന് നടന്ന ഇംപീച്ച്മെന്റ് വോട്ടിനെ യൂണ്‍ അതിജീവിച്ചെങ്കിലും, ദക്ഷിണ കൊറിയന്‍ സര്‍ക്കാരിനെ അരാജകത്വത്തിലേക്ക് തള്ളിവിടുകയും അതിന്റെ വിശ്വാസ്യതയെ ഗുരുതരമായി ദുര്‍ബലപ്പെടുത്തുകയും ചെയ്തതിന്റെ വീഴ്ചയില്‍ നിന്ന് യൂണ്‍ രക്ഷപ്പെടാന്‍ സാധ്യതയില്ല.
നിലവിലെ കൊറിയയിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍, പ്രത്യേകിച്ച് ദക്ഷിണ കൊറിയന്‍ പങ്കാളിത്തത്തിന്റെ പ്രയോജനത്തെ ചോദ്യം ചെയ്യുന്ന, വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തിനുള്ളില്‍ കടുത്ത ശബ്ദങ്ങള്‍ രൂപപ്പെടുത്താന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച്, 2026-2030 ലേക്കുള്ള കൊറിയയില്‍ തുടരുന്ന അമേരിക്കന്‍ സൈനിക പിന്തുണയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഒപ്പുവച്ച പ്രത്യേക ഉടമ്പടി, വഴിതെറ്റിയ സഖ്യകക്ഷികള്‍ക്കും തന്ത്രപ്രധാനമായ എതിരാളികള്‍ക്കും ഒരുപോലെ ട്രംപിന്റെ സാധ്യതയുള്ള താരിഫ്, ഉത്തരകൊറിയയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആണവ ഭീഷണി എന്നിവയുടെ പശ്ചാത്തലത്തില്‍ നിലവിലെ സാഹചര്യം ദോഷകരമാണ്. യൂണിന്റെ പരാജയപ്പെട്ട സൈനിക നീക്കം ദക്ഷിണ കൊറിയയുടെ ജനാധിപത്യത്തെ ദുര്‍ബലലപ്പെടുത്തുന്നില്ല എങ്കിലും, ഇത് അന്താരാഷ്ട്ര കാര്യങ്ങളില്‍ ദക്ഷിണ കൊറിയയുടെ നിലപാടില്‍ മാറ്റം വരുത്തും എന്ന് പ്രതീക്ഷിക്കുന്നു. ദക്ഷിണ കൊറിയന്‍ ജനാധിപത്യം യൂണിനെ അതിജീവിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല, അതുകൊണ്ട് തന്നെ, ദക്ഷിണ കൊറിയയുടെ അന്താരാഷ്ട്ര നിലയ്ക്കും തന്ത്രപരമായ ബന്ധങ്ങള്‍ക്കും സംഭവിച്ച ക്ഷതം ആഭ്യന്തര രാഷ്ട്രീയ പതനത്തേക്കാള്‍ പ്രാധാന്യമര്‍ഹിച്ചേക്കാം.