പലസ്തീനെ അസ്ഥിരീകരിക്കുന്ന സയണിസവും രാഷ്ട്രീയ ഇസ്ലാമിസവും
പലസ്തീന് വീണ്ടെടുക്കാനും ഒരു സ്വതന്ത്ര രാഷ്ട്രമായി നിലനില്ക്കാനുമുള്ള വിമോചനാത്മക പ്രവര്‍ത്തനങ്ങളാണ് യാസര്‍ അറാഫത്തും പിഎല്‍ഒവും നടത്തിയത്. അതിന് സോവിയറ്റ് യൂണിയന്റെയും ഇന്ത്യ ഉള്‍പ്പെടെയുള്ള സ്വതന്ത്ര രാജ്യങ്ങളുടെയും പിന്തുണയുണ്ടായിരുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായത്തോടെ സയണിസ്റ്റ് അധിനിവേശത്തെ പ്രതിരോധിച്ച സാര്‍വ്വദേശീയസൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ദീപ്തനാമമായിരുന്നു യാസര്‍ അറാഫത്. രാജ്യമില്ലാത്ത രാജ്യത്തിന്റെ പ്രതിനിധിയായി നമ്മുടെ രാജ്യം അറാഫത്തിന് കല്പിത പദവി നല്‍കി സ്വീകരിച്ചു.
1967 ലെ യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചെടുത്തതും പിന്നീട് സോവിയറ്റ് സഹായത്തോടെ പലസ്തീന്‍ വിമോചിപ്പിച്ചെടുത്തതുമായ ഭൂപ്രദേശങ്ങള്‍ ചേര്‍ത്ത് പലസ്തീന്‍രാഷ്ട്രം യാഥാര്‍ത്ഥ്യമാക്കാനാണ് അറാഫത്ത് ശ്രമിച്ചത്. കിഴക്കന്‍ ജറുസലേം കേന്ദ്രമായി പലസ്തീന്‍ രാഷ്ട്രം യാഥാര്‍ത്ഥ്യമാക്കാനും തീരുമാനമുണ്ടായി. ഈയൊരു സാഹചര്യത്തിലാണ് മുസ്ലിം ബ്രദര്‍ഹുഡിന്റെ പലസ്തീന്‍ ഘടകമായി ഹമാസ് രംഗത്ത് വരുന്നതും അറാഫത്തിലും പിഎല്‍ഒവിലും അവിശ്വാസം സൃഷ്ടിക്കുന്ന പ്രചരണങ്ങളും തീവ്രവാദപരമായ ഇടപെടലുകളും നടത്തുന്നതും. അതിന് പിറകില്‍ മൊസാദും അമേരിക്കയും ആയിരുന്നെന്ന നിരീക്ഷണങ്ങള്‍ ശക്തമായി ഉയര്‍ന്നു വന്നു. പിഎല്‍ഒ വിന്റെ അസ്ഥിരീകരണത്തെ തുടര്‍ന്നാണ് പലസ്തീന്‍ പ്രശ്‌നം ഇസ്രായേല്‍ ഇച്ഛിക്കുന്ന തരത്തിലേക്ക് എത്തിച്ചേര്‍ന്നത്.
പാലസ്തീനികൾ ഗാസ മുനമ്പിലെ അതിർത്തി വേലിയിൽ ആഘോഷിക്കുന്നു | PHOTO: PTI
2006 ഓടെ ഗാസയില്‍ ഹമാസും വെസ്റ്റ്ബാങ്കില്‍ ഫത്താ പാര്‍ട്ടിയുമാണ് ഭരണം കയ്യാളുന്നത്. പലസ്തീന്‍ സര്‍ക്കാരുകളെ നോക്കുകുത്തിയാക്കിക്കൊണ്ട് ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളുടെയും ഹിംസാത്മകമായ ബലപ്രയോഗങ്ങളുടെയും പശ്ചാത്തലത്തില്‍ മാത്രമെ ജനാധിപത്യവാദികള്‍ക്ക് ഇപ്പോഴത്തെ സംഭവങ്ങളെ കാണാന്‍ കഴിയൂ. ഇസ്രായേലിലെയും പലസ്തീനിലെയും ജനങ്ങളെ മരണത്തിലേക്കും ദുരിതങ്ങളിലേക്കും തള്ളിവിട്ട ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും അവസാനിപ്പിച്ച് അന്താരാഷ്ട്ര ധാരണകള്‍ക്കനുസരിച്ച് പലസ്തീന്‍ രാഷ്ട്രം യാഥാര്‍ത്ഥ്യമാക്കുകയു പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിക്കുകയുമാണ് വേണ്ടത്. അതിനാണു യുഎന്‍ മുന്‍കൈ എടുക്കേണ്ടത്.
ലോകത്തെല്ലായിടത്തും മനുഷ്യര്‍ക്കിടയില്‍ ഭിന്നതയും വിദ്വേഷവും പടര്‍ത്തുന്ന വംശീയ വര്‍ഗീയ പ്രസ്ഥാനങ്ങള്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശതന്ത്രങ്ങളിലാണ് ഹിംസാത്മകമായി വളര്‍ന്നുവന്നത്. പശ്ചിമേഷ്യയിലെ എണ്ണ സമ്പത്തും വാണിജ്യ പാതകളും വരുതിയിലാക്കാനുള്ള പാശ്ചാത്യ സാമ്രാജ്യത്വതാല്പര്യങ്ങളാണ് ഇസ്രായേല്‍ രാഷ്ട്രം ഉണ്ടാക്കുന്നതിലേക്കെത്തിയത്. ജൂയിഷ് രാഷ്ട്രസിദ്ധാന്തങ്ങളാണ് പലസ്തീന്‍ ജനതക്ക് അവരുടെ ജന്മനാട് നഷ്ടമാക്കിയത്. ആഗോള സമൂഹത്തിന്റെ പിന്തുണയാടെ പലസ്തീന് വേണ്ടി പൊരുതിയ യാസര്‍ അറാഫത്തിന്റെ നേതൃത്വത്തിലുള്ള പലസ്തീന്‍ വിമോചന പ്രസ്ഥാനത്തെ തകര്‍ക്കാനായിട്ടാണ് അതിതീവ്ര നിലപാടുകള്‍ പ്രചരിപ്പിച്ച് ഹമാസ് രംഗപ്രവേശം ചെയ്തത്. സയണിസം പോലെ രാഷ്ട്രീയ ഇസ്ലാമിസവും അറബ് ദേശീയതയെ തകര്‍ക്കാനുള്ള തന്ത്രങ്ങളിലാണ് ജന്മമെടുത്തതും പ്രതിലോമപരമായ ധര്‍മ്മം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതും. എല്ലാ വര്‍ഗീയ വംശീയവാദികളും ക്രൂരതയെ ജീവിത മൂല്യമാക്കുന്നവരും സംസ്‌കാര സംഘര്‍ഷങ്ങളുടെ രക്തപങ്കിലമായ ഒരു ലോകത്തില്‍ മനുഷ്യരാശിയെ തളച്ചിടുന്നവരുമാണ്.