TMJ
searchnav-menu
post-thumbnail

Outlook

സുംബ: മതിപ്പില്ലാത്ത വിമർശനം, മാറുന്ന തലമുറയെ തളർത്താനാകില്ല.

17 Jul 2025   |   3 min Read
നീനു കെ ജയന്‍

ഭൗതികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായി കേരള സർക്കാർ പാഠ്യപദ്ധതിയിൽ സുംബ (Zumba) എന്ന ഫിറ്റ്‌നസ് കായികരൂപത്തെ ഔദ്യോഗികമായി ഉൾപ്പെടുത്തുവാനുള്ള തീരുമാനം ആരോഗ്യപരമായ ഒരു വലിയ ചുവടുവയ്പായിരുന്നു. എന്നാൽ അതിനെ പിന്തുടർന്ന് സമൂഹത്തിൽ ഉയർന്നുവന്ന പ്രതികരണങ്ങൾ അത്രയും പുരോഗമനപരമായിരുന്നില്ല.

സുംബ: ആരോഗ്യത്തിൻ്റെയും അവകാശബോധത്തിൻ്റെയും വിപ്ലവം.

സുംബ എന്നത് ഒരു ലാറ്റിൻ അമേരിക്കൻ പാരമ്പര്യ താള-നൃത്തത്തെ അടിസ്ഥാനമാക്കിയുള്ള ഫിറ്റ്‌നസ് പരിപാടിയാണ്. കായികചലനങ്ങളിലൂടെ ദൈനംദിന സമ്മര്‍ദ്ദവും, ചൂടും കുറയ്ക്കാൻ, ശരീരത്തിന് ഊർജ്ജം പകരാൻ, മാനസിക ആരോഗ്യത്തിന് ശാന്തിയും ആവേശവും നൽകാൻ സുംബ സഹായിക്കുന്നു. ലോകമെമ്പാടുമുള്ള ആരോഗ്യവിദഗ്ധരും ഫിറ്റ്‌നസ് പരിശീലകരും ഇതിൻ്റെ പ്രാധാന്യം അംഗീകരിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലെ വീട്ടമ്മമാർ പ്രത്യേകിച്ച് വീട്ടിനകത്ത് ദൈനംദിന കർമ്മഭാരത്തിൽ അകപ്പെട്ടവർ,വിദ്യാർത്ഥിനികൾ, ജോലി ചെയ്യുന്ന സ്ത്രീകൾ എല്ലാവരും കൃത്യമായ വിശ്രമമോ, കായികസാന്ദ്രതയോ ഇല്ലാതെ ജീവിക്കുന്നവരാണ്. സുംബ പോലെ ആഘോഷപരവും സൗഹൃദപരവുമായ രീതിയിൽ സ്വതന്ത്രമായി ചലിപ്പിക്കാൻ, ആരോഗ്യ ബോധം വളർത്തുവാൻ, അത് കൂടാതെ ആത്മവിശ്വാസം പകരുവാൻ ശക്തമായ ഒരു കായിക മാതൃക വേറെയില്ല.

REPRESENTATIVE IMAGE | WIKI COMMONS
വിമർശനങ്ങൾ എന്തിന് വരുന്നു?

ഇവിടെ പ്രശ്നം സുംബ എന്ന പരിപാടിയിൽ അല്ല. സ്ത്രീയുടെ ശരീരമെന്ന ആശയത്തിലും, അതിൽ സമൂഹം കാണുന്ന ആശങ്കകളിലുമാണ്. നമ്മുടെ സംസ്കാരത്തിൽ സ്ത്രീയുടെ ശരീരം അനന്തമായതും വെളിച്ചംകൂടാതെ ഇരുണ്ടതുമായ ആഖ്യാനങ്ങളിലൂടെ മാത്രം അവതരിപ്പിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ഇവയ്ക്ക് പിന്നിൽ സ്ത്രീകളുടെ ശരീരത്തിൻ്റെയും മനസ്സിൻ്റെയും സ്വാതന്ത്ര്യത്തോടുള്ള അസഹിഷ്ണുതയാണ്. ഇവിടെ വിമർശിക്കപ്പെടേണ്ടത് സുംബയല്ല സ്ത്രീയുടെ ശരീരത്തെ ഇനിയും നിയന്ത്രിക്കണമെന്ന് വിശ്വസിക്കുന്ന സാമൂഹിക മനോഭാവങ്ങളാണ്.

വസ്ത്രം ഒരു ആരോഗ്യപരമായ തിരഞ്ഞെടുപ്പാണ്, വിമർശനത്തിനുള്ള പ്രമേയമല്ല.

സുംബ പരിശീലനത്തിൽ സ്ത്രീകളുടെ വേഷം വിമർശിക്കുന്നത് പൗരാണിക ദൃഷ്ടികോണത്തിൻ്റെ പ്രതിഫലനമാണ്. സമകാലീന സമൂഹത്തിൽ, ആരോഗ്യപരമായ ഫിറ്റ്നസ് പ്രവർത്തനങ്ങളിൽ സ്ത്രീകൾ പങ്കെടുക്കുന്നത് അവരുടെ ശാരീരികവും മാനസികവുമായ ശാക്തീകരണത്തിൻ്റെ ഭാഗമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. സുംബ പോലുള്ള ഹൈ ഇൻറൻസിറ്റി ആക്റ്റിവിറ്റികൾക്ക് അനുയോജ്യമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് സൗകര്യത്തിൻ്റെയും ചലനസ്വാതന്ത്രത്തിൻ്റെയും അടിസ്ഥാനത്തിലാണ്. ഇവ വിയർക്കൽ കുറയ്ക്കാനും, ശരീര ചലനത്തിന് തടസ്സമാകാതെ ആകെയുള്ള പ്രകടനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള വിമർശനം, പൊതുവെ അവർ ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തെ സഹിക്കാനാകാത്ത സാമൂഹിക മനോഭാവത്തിൽ നിന്നും ഉരുതിരഞ്ഞു വരുന്നതാണ്.

“സംസ്‌കാരം എങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നു എന്നതിൻ്റെ രാഷ്ട്രീയമാണ് ഇവിടെയുള്ളത്.”

REPRESENTATIVE IMAGE | WIKI COMMONS
ഇത് സംസ്കാര വിരുദ്ധമാണ്" എന്ന പ്രതികരണം വളരെയധികം ശ്രദ്ധിപ്പെടേണ്ടതുണ്ട്. സംസ്‌കാരം ആരുടേതാണ്? ആരാണ് നിർവചിക്കുന്നത്? അതെന്തിനാണ് എപ്പോഴും സ്ത്രീയെ നിയന്ത്രിക്കാൻ മാത്രം ഉപയോഗിക്കുന്നത്? സ്ത്രീകൾ സുംബ ചെയ്യുന്നത് സംസ്കാര വിരുദ്ധമാകുന്നത് എങ്ങനെയാണ്? സുംബ എന്തുകൊണ്ടും വനിതകളുടെ സംസ്കാരത്തോട് വിരുദ്ധമല്ല, മറിച്ച് അത് നമ്മുടെ ആധുനികതയുടെ, ആത്മബോധത്തിൻ്റെ, ആത്മസംസ്കാരത്തിൻ്റെ പ്രതീകമാണ്.

പാശ്ചാത്യതയുടെ നാമത്തിൽ ഇതെല്ലാം വരുന്നു എന്നൊരു ക്ലീഷെ ആരോപണമുണ്ട്. പക്ഷേ, ആരോഗ്യവും സജീവതയും ലോകമാകെയുള്ള മനുഷ്യാവകാശങ്ങളുടെ ഭാഗമായി കണക്കാക്കപ്പെടുമ്പോൾ അത് സ്ത്രീകൾക്ക് മാത്രം അനുവദിക്കരുത് എന്ന അഭിപ്രായം തന്നെ സമഗ്രമായി തിരുത്തപ്പെടേണ്ടതുണ്ട്.

ലഹരിക്കെതിരെ : ഫിറ്റ്നസ്, ഫ്രീഡം, ഫ്യൂച്ചർ

ഇന്ന് യുവതലമുറയെ ബാധിക്കുന്ന വലിയ സാമൂഹിക പ്രശ്നങ്ങളിലൊന്നാണ് ലഹരി മരുന്നുകളുടെ ഉപയോഗം. സാമൂഹികമാധ്യമങ്ങളിലെ സമ്മർദ്ദവും, ജീവിതത്തിലെ നിരന്തരമായ സമ്മർദ്ദങ്ങളും, ദിശയില്ലായ്മയും ചേർന്നപ്പോൾ പലരും തങ്ങളെ താൽക്കാലികമായി മറക്കാൻ മയക്കുമരുന്നുകൾ സ്വീകരിക്കുന്നു. അതുവഴി അടിമപ്പെടേണ്ടി വരുന്ന പുതുതലമുറയെ സുംബ പോലുള്ള ആധുനിക ഡാൻസ് ഫിറ്റ്നസ് ആക്റ്റിവിറ്റികൾ വഴി പുറത്തുകൊണ്ടുവരുവാൻ സാധിക്കുന്നതാണ്.

REPRESENTATIVE IMAGE | WIKI COMMONS
സുംബ, ജോളിയോടെയും എനർജിയോടെയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു വ്യായാമരൂപം മാത്രമല്ല അത് ഒരു മെന്റൽ ലൈഫ്സ്റ്റൈൽ ആയി മാറ്റപ്പെട്ടിട്ടുണ്ട്. യുവാക്കൾക്ക് ഇത് മാനസികവും ശാരീരികവുമായ സോഷ്യൽ എനറർജിയും പോസിറ്റീവ് ആറ്റിറ്റ്യൂഡും അവരുടെ മനസിന് പുതുമയും ഉല്ലാസവുമാണ് നൽകുന്നത്. അതോടൊപ്പം തന്നെ ഉദ്ദേശ്യബോധ്യമുള്ള ഒരു തലമുറയും  രൂപപ്പെടുന്നു.

ഇതൊരു ഗ്രൂപ്പ് ആക്റ്റിവിറ്റിയാകുന്നതിനാൽ, സുഹൃത്തുക്കളുമൊത്ത് ഒരുമിച്ച് സമയം ചെലവഴിക്കാനും, ഒറ്റപ്പെടലിൽ നിന്നും മുക്തി നേടാനും സഹായിക്കുന്നു. ഇതിനെ ആൺ, പെൺ ആഭാസമായി കണക്കാക്കപ്പെടുമ്പോൾ, സദാചാരത്തിൻ്റെ പേരിൽ അടിച്ചമർത്തുന്ന പരമ്പരാഗത ചിന്താഗതികളിലേക്ക് നമ്മെ പിന്നോട്ട് വലിക്കുന്ന സംസ്കാരമാന്യങ്ങൾ ഇതുവരെ പൊളിഞ്ഞിട്ടില്ല എന്ന് മനസിലാക്കാം.

നവതലമുറയ്ക്ക് ശരീരശാസ്ത്രപരവും മാനസികപരവുമായ സംരക്ഷണത്തിന്, സുംബ ഒരു ശാക്തീകരണ മാർഗമാണ്. വിമർശനമല്ല പ്രോത്സാഹനമാണ് വേണ്ടത്.

REPRESENTATIVE IMAGE | WIKI COMMONS
സുംബ പോലുള്ള പ്രവർത്തനങ്ങൾ അക്കാദമിക് അടിസ്ഥാനത്തിലേക്ക് ഉൾപ്പെടുത്തുന്നതിലൂടെ, വിദ്യാർത്ഥികളെ ശരിയായ ദിശയിലേക്കും ആരോഗ്യകരമായ ജീവിതശൈലിയിലേക്കും നയിക്കാൻ കഴിയും. ഇതുവഴി, അവരുടെ സമയം, ഊർജ്ജം എന്നിവ ഉപദേശപൂർവം ഉപയോഗപ്പെടുത്താൻ അവസരമാകും.

അതെ സമയം, സുംബയെ വിവാദമാക്കുന്നവരും വിമർശിക്കുന്നവരും ഇതിൻ്റെ ഗൗരവം മനസ്സിലാക്കാത്തവരാണ്. അവരുടെ വിമർശനങ്ങൾ പലപ്പോഴും അറിവില്ലായ്മയും കാഴ്‌ചക്കുറവുമാണ് പ്രതിഫലിപ്പിക്കുന്നത്. സ്ത്രീകളുടെ വേഷം അല്ലെങ്കിൽ ഡാൻസ് മൂവ്സ് എന്നീ അതിസൂക്ഷ്മ കാര്യങ്ങളിൽ വിമർശനം ചൂണ്ടികാട്ടുന്നത് പ്രശ്നത്തിൻ്റെ യഥാർത്ഥ അന്തസ്സിനെ അവഗണിക്കുന്നു. ഇതിൻ്റെ പിന്നിലുള്ള ആത്മശക്തീകരണവും, കൂട്ടായ്മയും, പോസിറ്റീവ് ലൈഫ്‌സ്റ്റൈൽ കാണുവാനും അതിനെ പിന്തുണയ്ക്കാനും, വിദ്യാഭ്യാസ സംവിധാനത്തിൽ അതിനെ ഉൾപ്പെടുത്തുവാനും, അത് വിലമതിക്കാനും സമൂഹം തയ്യാറാകേണ്ടതുണ്ട്. ആരോഗ്യവും വിമുക്തിയും സ്ത്രീയുടെ അവകാശങ്ങളാണ്. അതിനെ വിമർശിക്കുന്നത് പുരുഷാധിപത്യമുള്ള സാമൂഹിക മാനസികതയുടെ ഉദയം മാത്രമാണ്.

സുംബ ഒരു 'കായിക പരിപാടി' മാത്രമല്ല, അതൊരു സാമൂഹിക വിപ്ലവം കൂടിയാണ്. അതൊരിക്കലും സ്ത്രീകൾക്ക് എതിരല്ല, മറിച്ച് അവരുടെ ദൈനംദിന ജീവിതത്തിനുള്ള ഏറ്റവും ശക്തമായ സമരം തന്നെയാണ്.




#outlook
Leave a comment