TMJ
searchnav-menu
post-thumbnail

Outlook

ജീവിതത്തിനുമേലുള്ള അവകാശപ്രഖ്യാപനമാണ് കുഞ്ഞാമന്റെ മരണം

04 Dec 2023   |   4 min Read
സണ്ണി എം കപിക്കാട്

കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെമ്പാടും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു ഡോ. എം കുഞ്ഞാമന്‍. സാമ്പത്തിക ശാസ്ത്രത്തില്‍ പ്രത്യേകിച്ച് മാക്രോ എകണോമിക്‌സില്‍ വളരെ അഗാധമായ പാണ്ഡിത്യവും അപൂര്‍വ്വമായ നിരീക്ഷണ പാഠവവും ഉണ്ടായിരുന്ന ആളാണ് ഡോ. കുഞ്ഞാമന്‍. അത്രയും മുതിര്‍ന്ന ഒരു അക്കാദമിക് പണ്ഡിതനെ ഒരുതരത്തിലും അംഗീകരിക്കാനോ ആദരിക്കാനോ കേരളം തയ്യാറായില്ല എന്നത് വളരെ ഖേദകരമായ കാര്യമാണ്. ആദ്ദേഹത്തിന്റെ തലമുറയില്‍ ജീവിച്ചിരിക്കുന്ന മലയാളികളില്‍ സാമ്പത്തിക ശാസ്ത്രത്തെ സംബന്ധിച്ച ഇത്രയും ഉന്നതമായ പാണ്ഡിത്യമുള്ള മറ്റൊരു മനുഷ്യന്‍ ഇല്ല എന്ന് നിസ്സംശയം പറയാമായിരിക്കെ എന്തുകൊണ്ടായിരിക്കാം കുഞ്ഞാമന്‍ എല്ലാ മേഖലയില്‍ നിന്നും ഒഴിവാക്കപ്പെട്ടത് ? അതിന്റെ കാരണം കുഞ്ഞാമന്‍ തന്നെ കണ്ടെത്തുന്നത് സ്വന്തം ജാതിയാണ്. പാലക്കാട് ജില്ലയിലെ പാണന്‍ ജാതിയില്‍ ജനിച്ചു വളര്‍ന്ന ഒരാളാണ് അദ്ദേഹം. ദരിദ്രമായ കുടുംബപശ്ചാത്തലത്തില്‍. ദാരിദ്ര്യം എന്നൊക്കെ ഇപ്പോള്‍ നമ്മള്‍ പറയുന്ന അര്‍ത്ഥത്തില്‍ അദ്ദേഹം അനുഭവിച്ചതിനെ എടുക്കരുത്. കഠിനമായ ദരിദ്ര പശ്ചാത്തലത്തില്‍ നിന്നും, അപമാനവീകരിക്കപ്പെട്ട പശ്ചാത്തലത്തില്‍ നിന്നും കടന്നുവന്ന ഒരു വ്യക്തിത്വമാണ് കുഞ്ഞാമന്റേത്. അതീവ സമര്‍ത്ഥനായ വിദ്യാര്‍ത്ഥി എന്ന നിലയ്ക്കും അധ്യാപകന്‍ എന്ന നിലയ്ക്കും പണ്ഡിതനെന്ന നിലയ്ക്കും ഒരു ബുദ്ധിജീവി എന്ന നിലയ്ക്കുമൊക്കെ അദ്ദേഹം തന്റെ ശേഷി ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. അങ്ങനെ ഒരു മനുഷ്യനെ ഒരുതരത്തിലും അംഗീകരിക്കാതെ യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ നിന്നും അപമാനിച്ച് പുറത്താക്കുകയാണ് ഉണ്ടായത് എന്നു പറയുന്നതില്‍ അതിശയോക്തി തീരെയില്ല. 

കേരളത്തില്‍ അദ്ദേഹത്തിന്റെ ചാരത്തുപോലും വരാന്‍ യോഗ്യതയില്ലാത്തവര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാരൊക്കെ ആയി ഇവിടെ വാഴിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കുഞ്ഞാമന്‍ ഒരിക്കല്‍പോലും പരിഗണിക്കപ്പെടാതിരുന്നത് ഒരു ദുര്‍ബല ജാതിയില്‍ പിറന്നതുകൊണ്ടാണെന്ന് കുഞ്ഞാമന്‍ തന്നെ പറയുമായിരുന്നു. മറ്റൊരു പ്രധാനപ്പെട്ട കാര്യം അദ്ദേഹത്തിന് സിദ്ധാന്തം കുട്ടികളോട് പറയുവാനുളള വാക്കുകളായിരുന്നില്ല, മറിച്ച് അദ്ദേഹം പിന്‍തുടര്‍ന്ന സിദ്ധാന്തത്തിന്റെ ധാര്‍മികത എല്ലാതരത്തിലും കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. ഒരു അനുസ്മരണ കുറിപ്പില്‍ ഡോ. എ കെ വാസു പറയുന്നൊരു കാര്യമുണ്ട്, കാര്യവട്ടം ക്യാമ്പസില്‍ അദ്ദേഹം പഠിക്കുന്ന കാലത്ത് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളും ദളിത് വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുന്നു. അത് പറഞ്ഞു പരിഹരിക്കാന്‍ കുഞ്ഞാമന്‍ സര്‍ മധ്യസ്ഥനാവുന്നു. അപ്പോള്‍ എസ്എഫ്‌ഐ നേതാക്കള്‍ 'ദളിത് വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ പ്രശ്‌നങ്ങളും ഞങ്ങള്‍ പരിഹരിക്കുന്നുണ്ട്, പിന്നെ എന്തിനാണവര്‍ പ്രത്യേകമായി സംഘടിക്കുന്നത്' എന്ന ന്യായവാദം ഉന്നയിച്ചപ്പോള്‍ കുഞ്ഞാമന്‍ സര്‍ പറഞ്ഞത് എന്റെ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ നിങ്ങള്‍ പരിഹരിക്കുന്നു എന്നതിന്റെ അര്‍ത്ഥം ഞാന്‍ കഴിവില്ലാത്തവനാണ് എന്നാണ്. അതുകൊണ്ട് ഇവരുടെ രക്ഷകര്‍ത്താക്കളാവാന്‍ നിങ്ങള്‍ ശ്രമിക്കരുത്. അവര്‍ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കട്ടെ എന്നാണ്. അതില്‍ വലിയൊരു രാഷ്ട്രീയമുണ്ട്. അതാണ് കുഞ്ഞാമന്‍ സാര്‍ പുലര്‍ത്തിയിരുന്ന എത്തിക്‌സ്. Knowledge without ethics is dangerous എന്ന് ഡോ. ബി ആര്‍ അംബേദ്കര്‍ പറയുന്നുണ്ട്. കേരളത്തിലെ ആഘോഷിക്കപ്പെടുന്ന പല പണ്ഡിതന്‍മാരും ഈ ഗണത്തില്‍ വരുന്നവരാണ്. അവര്‍ പറയുന്ന വാക്കുകളോടോ, അവര്‍ പറയുന്ന തത്ത്വശാസ്ത്രത്തോടോ ഒരു നൈതികതയും പുലര്‍ത്താത്ത മനുഷ്യരാണ് കേരളത്തില്‍ കൂടുതല്‍. അതില്‍ അക്കാദമീഷ്യന്മാരും നോണ്‍ അക്കാദമീഷ്യന്മാരും ഉള്‍പ്പെടും. എന്നാല്‍ കുഞ്ഞാമന്‍ വേറിട്ട വ്യക്തിത്വമായിരുന്നു. അദ്ദേഹം ദാരിദ്ര്യത്തെ ആഘോഷിക്കുകയാണ് എന്ന പരാതി ഉന്നയിച്ചത് ദളിത് ബുദ്ധിജീവികളാണ്. അവരൊക്കെ മനസ്സിലാക്കേണ്ട ഒരു കാര്യം അദ്ദേഹം ദാരിദ്ര്യത്തെ ആഘോഷിക്കുകയായിരുന്നില്ല, ദാരിദ്ര്യം എങ്ങനെയാണ് മനുഷ്യനെ തകര്‍ത്തെറിയുന്നത് എന്ന് സ്വന്തം ജീവിതം കൊണ്ട് വരച്ചിടുകയായിരുന്നു.  അനേകം പാഠങ്ങള്‍ ആ വാക്കുകളിലുണ്ട് എന്ന് മനസ്സിലാക്കുന്നതിന് പകരം കുഞ്ഞാമനെ ആക്ഷേപിക്കാനുള്ള ഒരായുധമായി അദ്ദേഹത്തിന്റെ ദരിദ്ര്യ ജീവിതത്തെ സംബന്ധിച്ച പരാമര്‍ശങ്ങളെ കേരളത്തില്‍ തലങ്ങും വിലങ്ങും എഴുതിയത് ദളിത് ബുദ്ധിജീവികള്‍ ആണെന്നതും നമ്മള്‍ ഓര്‍ക്കണം. 


ഡോ. എം കുഞ്ഞാമന്‍
അക്കാദമീഷ്യന്‍ എന്ന നിലയില്‍ കേരളം അദ്ദേഹത്തെ അംഗീകരിക്കില്ല. അദ്ദേഹത്തെ അപമാനിച്ച് പുറത്താക്കി. സ്വന്തം സമുദായത്തിലെ ബുദ്ധിജീവികള്‍ എന്ന പട്ടം കിട്ടിയവര്‍ കുഞ്ഞാമനെ അപമാനിക്കുവാനും ആക്ഷേപിക്കുവാനും ഒരുമടിയും കാണിച്ചില്ല. അദ്ദേഹം ഏറ്റവും അവസാനം കേരളത്തില്‍ നില്‍ക്കാന്‍ ഒരു നിവര്‍ത്തിയും ഇല്ലാതെ വന്നപ്പോഴാണ് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനായി ചേരുന്നത്. ആ സമയത്ത് TISS ലെ ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഞാന്‍ അവിടെ ചെല്ലുന്നുണ്ട്. അന്ന് കുഞ്ഞാമന്‍ സാറിനേയും കുട്ടികളേയും ഒരുമിച്ച് കാണുമ്പോള്‍ ആ കുട്ടികള്‍ കുഞ്ഞാമന്‍ സാറിന് കൊടുക്കുന്ന ആദരവും സ്‌നേഹവും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അദ്ദേഹം കുട്ടികളോട് പറയുമായിരുന്നത്രേ നിങ്ങള്‍ എന്നെ ബഹുമാനിക്കേണ്ട, എന്നോട് നിങ്ങള്‍ ബഹുമാനം ചോദിക്കുകയും ചെയ്യരുത് എന്ന്. ആ വാക്കില്‍ വലിയ വിധ്വംസകമായ ആശയം അടങ്ങിയിട്ടുണ്ട്. ബഹുമാനം എന്നത് നിര്‍ബന്ധിച്ച് കൊടുക്കേണ്ട ഇന്ത്യന്‍ കാസ്റ്റ് ഹൈറാര്‍കിക്ക് അകത്താണ് കുഞ്ഞാമന്റെ ആ വാക്കുകള്‍ പരിശോധിക്കേണ്ടത്. 

ഇവിടെ ആര്‍ക്കും ബഹുമാനം കൊടുക്കേണ്ടതില്ല എന്ന് കുഞ്ഞാമന്‍ തീരുമാനിക്കുമ്പോള്‍ ജാതിയുടെ അടിസ്ഥാന മൂല്യങ്ങളെ നിഷേധിക്കുന്ന പ്രവാചകസ്വരം ആ വാക്കില്‍ ഉണ്ടെന്ന് നാം മനസ്സിലാക്കണം. അത്രയും ധിഷണാശാലിയായ ആ മനുഷ്യന്‍ കേരളത്തില്‍ നില്‍ക്കാന്‍ നിവര്‍ത്തിയില്ലാതെയാണ് TISS ല്‍ കുറച്ചുകാലം അധ്യാപകനാവുന്നത്. അയ്യങ്കാളി സ്മാരക പ്രഭാഷണത്തിനുവേണ്ടി ഞാന്‍ TISS ല്‍ എത്തുന്ന സമയത്ത് കുട്ടികളുമായി സംസാരിച്ചു നില്‍ക്കുന്ന കുഞ്ഞാമന്‍ സാര്‍ അന്നേദിവസംതന്നെ രോഹിത് വെമൂല മരിച്ചതുമായി ബന്ധപ്പെട്ട് കുട്ടികള്‍ തയ്യാറാക്കിയ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ റിലീസിങ് പ്രോഗ്രാമില്‍ പങ്കെടുക്കുകയായിരുന്നു. ഞാന്‍ ആ പരിപാടിയില്‍ പങ്കെടുക്കാന്‍ ചെല്ലുമ്പോള്‍ കുഞ്ഞാമന്‍ സാര്‍ അവിടെ ഇരുന്ന് കേള്‍ക്കുകയാണ്. അതിന് അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. ഞാനിവിടത്തെ വലിയ അധ്യാപകന്‍ ആണെന്നോ ഞാന്‍ വളരെ വലിയ പണ്ഡിതന്‍ ആണെന്നോ ഉള്ള ഒരഹങ്കാരവും ആ മുഖത്ത് നമുക്ക് വായിക്കാന്‍ പറ്റില്ല. മനുഷ്യന്‍ അറിയേണ്ടകാര്യമാണ് എന്ന ഉത്തമ ബോധ്യത്തില്‍ അദ്ദേഹം കാണികള്‍ക്കിടയില്‍ ഇരുന്ന് ആദ്യന്തം കാര്യങ്ങള്‍ കേള്‍ക്കുകയായിരുന്നു. അതിനുശേഷം അന്ന് വൈകിട്ട് ഞാന്‍ നടത്തിയ പ്രഭാഷണത്തിലും ഒരു കേള്‍വിക്കാരനായി മുഴു സമയം അദ്ദേഹം ഉണ്ടായിരുന്നു. കേരളത്തിനു പുറത്ത്  പോകുമ്പോള്‍ മലയാളികളായ അധ്യാപകര്‍ എന്നോട് കാണിക്കുന്ന അവഗണന പലപ്പോഴും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അധ്യാപകരെന്ന നിലയില്‍ അവര്‍ എന്നെയൊക്കെ വിലയിരുത്തുന്നത് തെരുവുയുദ്ധക്കാര്‍ തെരുവ് പ്രാസംഗികര്‍ എന്നൊക്കെയുള്ള നിലയിലാണ് അതുകൊണ്ട് ഞാനൊന്നും പറയുന്നത് കേള്‍ക്കേണ്ട കാര്യംപോലുമില്ല എന്ന നിലപാടെടുക്കുന്ന നിരവധി അധ്യാപകരെ എനിക്ക് നേരിട്ടുതന്നെ അറിയാം അവിടെയാണ് കുഞ്ഞാമന്‍ സാര്‍ വ്യത്യസ്തനാവുന്നത്. അയാള്‍ എന്താണ് പറയുന്നത് എന്ന് കേള്‍ക്കാമല്ലോ, കേട്ടിട്ട് വിമര്‍ശനമുണ്ടെങ്കില്‍ പറയാമല്ലോ എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. 

അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഞാന്‍ വളരെ വേദനയോടെ ഓര്‍ക്കുന്ന ഒരു കാര്യം അദ്ദേഹം എന്നോട് പറഞ്ഞ വാക്കുകളാണ്. 'Sunny you did it well, കുഞ്ഞാമന് ഭയമാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്. ആ ഭയം സാമൂഹികമായ ഭയമാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. എല്ലാവരാലും ഒറ്റപ്പെട്ട്, എല്ലാവരാലും അവഗണിക്കപ്പെട്ട് അപമാനിക്കപ്പെട്ടാണ് ആ മനുഷ്യന്‍ ഇത്രയുംകാലം ജീവിതത്തെ പിടിച്ചു നിര്‍ത്തിയത് എന്നുകൂടി നമ്മള്‍ മനസ്സിലാക്കണം. ഒരാളുടെ മരണം ആണ് അയാളുടെ ജീവിതം എന്താണെന്ന് തെളിയിക്കുന്നത് എന്ന് ഒരു യൂറോപ്യന്‍ സിനിമാ സംവിധായകന്‍ പറയുകയുണ്ടായി. അതോര്‍മ്മപ്പെടുത്തുന്നവിധം അനാഥജഡമായിട്ടാണ് കുഞ്ഞാമന്‍ സാറിനെ സുഹൃത്ത് കണ്ടെത്തുന്നത്. അത്രമേല്‍ അനാഥമായിരുന്നു ആ ജീവിതം. അതില്‍ നമുക്കെല്ലാവര്‍ക്കും പങ്കുണ്ട്. പ്രത്യേകിച്ച് മലയാളികള്‍ക്ക്. എന്റെ ഏറ്റവും ആദരണീയനായ ജ്യേഷ്ഠസഹോദരനും സുഹൃത്തും എനിക്ക് വളരെയേറെ അടുപ്പമുള്ള ഒരാളുമായിരുന്നു കുഞ്ഞാമന്‍ സര്‍. അദ്ദേഹത്തിന്റെ വാക്കുകളെ ഒറ്റുകാരന്റെ വാക്കുകളായിക്കണ്ട മനുഷ്യര്‍ പോലും ഇന്ന് കേരളത്തില്‍ ഉണ്ടെന്ന് ഓര്‍ക്കണം. അങ്ങനെയുള്ളൊരു സ്ഥലത്തുനിന്ന് സ്വന്തം ജീവിതത്തിനുമേലുള്ള അവകാശപ്രഖ്യാപനമായിട്ടാണ് ആ മരണം കടന്നുവന്നത്. ആ മരണം നിശിതമായ ചില ചോദ്യങ്ങള്‍ കേരളീയ സമൂഹത്തിന്റെ മുന്നില്‍ വെക്കുന്നുണ്ട്. കേരളത്തിലെ സവര്‍ണരുടെ മുന്നില്‍ മാത്രമല്ല, കേരളത്തിലെ ദളിതര്‍ക്കുമുന്നിലും നിശിതമായ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതിനെ ഞാന്‍ ഭയപ്പാടോടെയാണ് ഓര്‍ക്കുന്നത്.

ആ മഹാ മനീഷിയുടെ ഓര്‍മ്മയ്ക്കു മുന്നില്‍ എല്ലാ ആദരാഞ്ജലികളും സമര്‍പ്പിക്കുന്നു.

#outlook
Leave a comment