ഇന്നലെകളുടെ സിനിമകളും പി കെ നായരും
കേരളത്തിന്റെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ (ഐഎഫ്‌എഫ്‌കെ) ബഹുജന പങ്കാളിത്തം ആഗോള പ്രശസ്‌തമാണ്. ലോകത്തിലെ മറ്റുള്ള ഫിലിം ഫെസ്റ്റിവലുകളില്‍ നിന്നും ഐഎഫ്‌എഫ്‌കെയെ വേറിട്ടു നിര്‍ത്തുന്നത് സാധാരണക്കാരായ സിനിമ പ്രേക്ഷകരുടെ പങ്കാളിത്തമാണ്. കേരളത്തില്‍ വേരൂന്നിയ ഈ സിനിമ സംസ്‌ക്കാരത്തില്‍ സുപ്രധാനമായ പങ്കാളിത്തം വഹിച്ചതില്‍ ഒരാള്‍ പികെ നായരാണ്. പൂനയിലെ നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സിന്റെ പ്രചോദനവും, ചാലകശക്തിയുമായിരുന്ന നായരുടെ സംഭാവനകളില്‍ പ്രധാനമായിരുന്നു ഫിലിം സൊസൈറ്റികള്‍ക്ക് പ്രദര്‍ശനത്തിനായി സിനിമകള്‍ ലഭ്യമാക്കിയ തീരുമാനം. ആര്‍ക്കൈവ്‌സിന്റെ പക്കലുള്ള ലോക ക്ലാസ്സിക്കുകളായ സിനിമകള്‍ ഫിലിം സൊസൈറ്റികള്‍ വഴി പ്രദര്‍ശനത്തിനെത്തിയതാണ് വാണിജ്യ താല്‍പ്പര്യങ്ങള്‍ക്ക് മാത്രം ഊന്നല്‍ നല്‍കുന്ന സിനിമകള്‍ക്കപ്പുറം നിലനിന്ന സിനിമകളുടെ ഒരു സമാന്തര പ്രപഞ്ചത്തെ കേരളത്തിലെ ചെറുപ്പക്കാരുടെ ദൃശ്യബോധത്തില്‍ എത്തിച്ചത്. 1970 കളില്‍ കേരളത്തിലെ പ്രധാന നഗരങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന ഫിലം സൊസൈറ്റി പ്രസ്ഥാനം 80 കളോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പടര്‍ന്നു പന്തലിച്ചു.
വിദേശത്തും സ്വദേശത്തും നിന്നമുള്ള സിനിമ ക്ലാസ്സിക്കുകള്‍ ഫിലിം സൊസൈറ്റികള്‍ വഴി പ്രദര്‍ശനത്തിന് ലഭ്യമായതിന്റെ പ്രത്യക്ഷത്തിലുള്ള ഫലമാണ് ഐഎഫ്‌എഫ്‌കെ യിലെ ജനകീയ പങ്കാളിത്തം. മറ്റുള്ള സിനിമ ഫെസ്റ്റിവലുകള്‍ സെലിബ്രിറ്റികളുടെ പങ്കാളിത്തത്തിന്റെ പേരില്‍ ശ്രദ്ധ നേടുമ്പോള്‍ കേരളത്തിലെ ഫെസ്റ്റിവല്‍ അതിലെ ബഹുജന പങ്കാളത്തത്തിന്റെ പേരില്‍ ഇപ്പോഴും വേറിട്ടു നില്‍ക്കുന്നു. അതിന് നിമിത്തമായ നായരുടെ ജീവിതവും അദ്ദേഹം ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സംഭാവനയും കേരളത്തില്‍ വേണ്ടത്ര നിലയില്‍ ഇപ്പോഴും മനസ്സിലാക്കപ്പെട്ടിട്ടില്ല. "ഇന്നലെകളുടെ സിനിമകള്‍ എന്നത്തേക്കും" എന്ന പേരില്‍ ഫിലിം ഹെറിറ്റേജ് ഫൗണ്ടഷനും, മാതൃഭൂമി ബുക്ക്‌സും ചേര്‍ന്നു പ്രസിദ്ധീകരിച്ച കൃതി നായരുടെ സംഭാവനകളെ മനസ്സിലാക്കുവാന്‍ ഏറെ സഹായിക്കുന്നതാണ്. പല കാലങ്ങളിലായി നായര്‍ എഴുതിയ ലേഖനങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത സമാഹാരം Yesterday's Films For Tomorrow എന്ന പേരില്‍ 2017 ല്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ മലയാള പരിഭാഷയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത്. സിനിമ ആസ്വാദനത്തിന്റെ ഭാഷയിലും, ഉള്ളടക്കത്തിലും മലയാളത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പികെ സുരേന്ദ്രനാണ് പരിഭാഷ നിര്‍വഹിച്ചിട്ടുള്ളത്. ലോകസിനിമയുടെ നാള്‍വഴികള്‍ സൂക്ഷ്‌മമായി മനസ്സിലാക്കിയ ഒരു ചലച്ചിത്ര പഠിതാവിന്റെ സാന്നിദ്ധ്യം പരിഭാഷയില്‍ വ്യക്തമാണ്.
ഇന്ത്യയില്‍ ഒരു സിനിമ ആര്‍ക്കൈവ് അക്ഷരാര്‍ത്ഥത്തില്‍ ശൂന്യതയില്‍ നിന്നും സൃഷ്ടിച്ചുവെന്നതാണ് നായരുടെ സവിശേഷത. ഡിജിറ്റല്‍ പ്ലാറ്റുഫോമുകളില്‍ നിന്നും സിനിമ യഥേഷ്ടം ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന പുതിയ തലമുറ ആര്‍ക്കൈവ് നിര്‍മ്മിതി അത്ര വലിയ കാര്യമാണോയെന്നു സംശയിച്ചേക്കാം. അങ്ങനെയുള്ള സംശയങ്ങളെ പൂര്‍ണ്ണമായും ദൂരീകരിയ്‌ക്കുവാന്‍ സഹായിക്കുന്നതാണ് ഈ കൃതി. പരമേഷ് കൃഷ്‌ണന്‍ നായര്‍ എന്ന പികെ നായരുടെ ജീവിതത്തെ ആസ്‌പദമാക്കി സെല്ലുലോയ്‌ഡ് മാന്‍ എന്ന സിനിമയുടെ സംവിധായകനും, ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ ഡയറക്ടറുമായ ശിവേന്ദ്ര സിംഗ് ദുംഗാര്‍പുറിന്റെ ആമുഖവും, നായരുടെ ജീവിതത്തെയും അദ്ദേഹത്തിന്റെ സംഭാവനകളെയും പരിചയപ്പെടുത്തുന്ന രാജേഷ് ദേവ്‌രാജിന്റെ പ്രൗഢമായ അവതാകരികയും, പരിഭാഷകനായ സുരേന്ദ്രന്റെ സിനിമ ശ്വസിച്ച് ജീവിച്ച ഒരാള്‍ എന്ന കുറിപ്പും പുസ്‌തകത്തിന്റെ ഉള്ളടക്കത്തിലേക്ക് പ്രവേശിക്കുവാന്‍ വായനക്കാരെ പ്രാപ്‌തരാക്കുന്നു. സിനിമ മോഹവുമായി 1955 ല്‍ ബോംബെയിലെത്തിയെ നായര്‍ അന്നത്തെ ഹിന്ദി സിനിമയിലെ "ഇതിഹാസ തുല്യനായ" (അവതാരികകാരന്റെ ഭാഷയില്‍) സംവിധായകനായ മെഹബൂബിന്റെ പൈസ ഹെ പൈസ എന്ന സിനിമയുടെ നിര്‍മ്മാണത്തില്‍ പ്രതിഫലമില്ലാത്ത സഹായിയായി ചേരുന്നു. വരുമാനം കിട്ടിയില്ലെങ്കിലും ഇന്ത്യന്‍ സിനിമയിലെ ഒരു വഴിത്തിരിവായി വിലയിരുത്തപ്പെടുന്ന മെഹബൂബിന്റെ അടുത്ത പടമായ മദര്‍ ഇന്ത്യ-യുടെ നിര്‍മ്മാണം (1957) അടുത്തു നിന്നും കാണുവാന്‍ നായര്‍ക്ക് അവസരം ലഭിച്ചു. ബിമല്‍ റോയി എന്ന വിഖ്യാത ചലച്ചിത്രകാരന്റെ സിനിമ പ്രവര്‍ത്തനങ്ങളും അടുത്തറിയാന്‍ അദ്ദേഹത്തിന് സാധിച്ചു. ഒരോ സിനിമയും കാണുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കുറിച്ചു വയ്‌ക്കുന്ന ഒരു രീതി തുടക്കം മുതല്‍ അദ്ദേഹം സ്വീകരിച്ചിരുന്നു. സെന്‍സര്‍ തീയതി മുതല്‍ പ്ലേബാക്ക് ഗായകര്‍ വരെയും സിനിമ തുടങ്ങുന്നതിന് മുമ്പ് പ്രദര്‍ശിപ്പിക്കുന്ന പരസ്യ ചിത്രങ്ങള്‍ മുതല്‍ ഫിലിംസ് ഡിവിഷന്റെ ഹ്രസ്വ ചിത്രങ്ങള്‍ വരെയുള്ളവയുടെ വിവരണങ്ങള്‍ പ്രസ്‌തുത കുറിപ്പികളില്‍ നിറഞ്ഞു. രാജേഷ് ദേവ്‌രാജിന്റെ വാക്കുകളില്‍ പ്രസ്‌തുത കുറിപ്പുകള്‍ "60 വര്‍ഷം മുമ്പുള്ള ഇന്ത്യന്‍ സിനിമയുടെ അസാധാരണവും ഭ്രാന്തവുമായ രേഖയാവുന്നു".
സിനിമയുടെ പ്രപഞ്ചത്തില്‍ തന്റെ റോള്‍ സംവിധായകന്റേതല്ലെന്നു മനസ്സിലാക്കിയ നായര്‍ 1961 ല്‍ പുതുതായി ആരംഭിച്ച ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ റിസര്‍ച്ച് ആന്റ് റഫറന്‍സ് അസിസ്റ്റന്റായി ജോലി തേടി. 1964 ല്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ് രൂപീകരിച്ചതിന്റെ തൊട്ടടുത്ത വര്‍ഷം അതിന്റെ ക്യുറേറ്ററായി നായര്‍ നിയമിതനായി. 'ബാക്കി ചരിത്രം' എന്ന ചൊല്ലിനെ അക്ഷരാര്‍ത്ഥത്തില്‍ ശരിവെയ്‌ക്കുന്ന നായരുടെ ജീവിതത്തിന്റെ തുടക്കം അവിടെ ആരംഭിക്കുന്നു. 80 ശീര്‍ഷകങ്ങളോടെ ആരംഭിച്ച ആര്‍ക്കൈവ് 1991 ല്‍ അദ്ദേഹം വിരമിക്കുമ്പോള്‍ 12,000 ത്തോളം ശേഖരങ്ങളുള്ള ലോകത്തിലെ തന്നെ ശ്രദ്ധേയമായ ഫിലിം ആര്‍ക്കൈവായി മാറിയിരുന്നു. ആര്‍ക്കൈവിസ്റ്റ് എന്ന നിലയിലുള്ള തന്റെ അസാധാരണമായ നൈപുണ്യത്തിനൊപ്പം സിനിമയെന്ന കലാരൂപത്തെ അതിന്റെ സമഗ്രതയില്‍ മനസ്സിലാക്കിയ പ്രതിഭാശാലിയെ ഇന്നലെകളുടെ സിനിമകള്‍ എന്നത്തേക്കുമെന്ന കൃതിയില്‍ കാണാനാവും. നാഷണല്‍ ഫിലം ആര്‍ക്കൈവിന്റെ സ്വതന്ത്രമായ അസ്‌തിത്വം പോലും ഇല്ലാതാവുന്ന കാലഘട്ടത്തിലാണ് ഈ പുസ്‌തകം മലയാളത്തില്‍ ലഭ്യമാവുന്നതെന്ന കാര്യവും ശ്രദ്ധേയമാണ്. കെട്ടിലും മട്ടിലും പുലര്‍ത്തുന്ന ഗുണനിലവാരമാണ് ഈ പുസ്‌തകത്തിന്റെ മറ്റൊരു പ്രധാന സവിശേഷത. ഡിസൈന്‍, ഉള്ളടക്ക വിന്യാസം, പേപ്പറിന്റെ ഗുണമേന്മ തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തിലെ പുസ്‌തക പ്രസാധാനത്തില്‍ പൊതുവെ പ്രകടമാവുന്ന അലംഭാവം ഈ പുസ്‌തകത്തില്‍ കാണാനാവില്ല. ചലച്ചിത്ര മേഖലയില്‍ സവിശേഷമായ പഠനം നടത്തുന്നവര്‍ക്കും സാധാരണ വായനക്കാര്‍ക്കും ഒരുപോലെ ആസ്വാദ്യകരവും, പ്രയോജനപ്രദവുമാണ് 500 രൂപ വിലയുള്ള പുസ്‌തകം.