ആ തോക്ക് തുരുമ്പോടെയെങ്കിലുമിപ്പോഴുമുണ്ട്
ചരിത്രം ഭാവിതലമുറകൾക്കായി കൊടുംചതികളും കരുതിവെച്ചിട്ടുണ്ടെന്ന് ദിനേന വ്യക്തമായിവരുകയാണ്. മതേതരരാഷ്ട്രമാണെന്ന് ഭരണഘടനയിൽ ആണയിട്ടുപറയുന്ന രാഷ്ട്രത്തെ ജീർണസംസ്‌കാരത്തിന്റെ ഏറ്റവും ജുഗുപ്‌സാവഹമായ ചിഹ്നങ്ങളാൽ പൊതിയുന്നത് തുടർ പ്രക്രിയയായിരിക്കുകയാണല്ലോ. ഏകാധിപത്യത്തിന്റെയും രാജാധിപത്യത്തിന്റെയും മാത്രമല്ല, അജ്ഞതയും അരുതുകളും വർണവിവേചനവും മുഖമുദ്രയായ നാടുവാഴിത്ത സംസ്‌കാരത്തെ പാർലമെന്ററിയാക്കി പുനഃരാനയിക്കുന്നത് മൂർധന്യദശയിലാണ്. അങ്ങനെയുള്ള സന്ദർഭത്തിലാണ് പഴയ ഒരു തൊണ്ടിമുതൽ പ്രദർശനശാലയിൽ നിന്ന് അപ്രത്യക്ഷമാകുന്നത്. ജനദൃഷ്ടിയിൽ നിന്ന് മറയ്ക്കാൻ ലോക്കറിലേക്ക് മാറ്റിയതായിപ്പറയുന്ന ആ തൊണ്ടിമുതൽ വലിയൊരാസൂത്രണത്തിന്റെ ഭാഗമായി ലോക്കർസഹിതം ഔദ്യോഗികമായി കൊള്ളയടിക്കപ്പെടുന്നതും ആ തൊണ്ടിമുതൽ അതിന്റെ കഥപറയുന്നതുമടക്കം വിഭാവനംചെയ്യുന്ന നോവലാണ് വിനോദ് കൃഷ്ണയുടെ 9 mm ബെരേറ്റ.
ചരിത്രത്തെ അപനിർമ്മിച്ചുകൊണ്ടല്ല, ചരിത്രത്തെ വർത്തമാനംകൊണ്ട് പൂരിപ്പിച്ചുകൊണ്ട് സ്ഫുടമാക്കിയാണ് വിനോദ് കൃഷ്ണയുടെ രചന. ചരിത്രത്തെ ചരിത്രമാക്കിത്തന്നെയും വർത്തമാനത്തെ പ്രതീകാത്മകമായ കഥാഖ്യാനമായി വിളക്കിച്ചേർത്തുമാണ് മഹാത്മാവിന്റെ ജീവനെടുത്ത ബെരേറ്റയെ അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളുടെ മനസ്സിലൂടെ താൻ സഞ്ചരിക്കുകയല്ല അവരെ തന്റെ ഹൃദയത്തിലൂടെ കടത്തിവിടുകയായിരുന്നുവെന്ന് എഴുത്തുകാരൻ പറയുന്നുണ്ട്. ഗാന്ധിജിയെ ഒരു മതഭ്രാന്തൻ വെടിവെച്ചുകൊന്നുവെന്നും ഗാന്ധിജി ബിർളാഹൗസിൽ പ്രാർത്ഥനായോഗത്തിനായി നടന്നുനീങ്ങുമ്പോൾ നാഥുറാം വിനായക് ഗോഡ്സെ എന്ന ആൾ വെടിയുതിർക്കുകയായിരുന്നുവെന്നുമുള്ള ചുരുക്കക്കഥമാത്രമാണ് പാഠപുസ്തകങ്ങളിൽപ്പോലും പരക്കേയുണ്ടായിരുന്നത്. ഗാന്ധിജിയെക്കുറിച്ചുള്ള പാഠങ്ങൾ ചരിത്രപുസ്തകങ്ങളിൽ നിന്ന് പുറത്താക്കപ്പെടുകയും ആ ഒഴിവിലേക്ക് സവർക്കർ സ്തുതിയെ കയറ്റിവെക്കുകയും ചെയ്യുന്ന ചരിത്രസന്ദർഭത്തിൽ ആ കൊടുംപാതകം വ്യക്തിപരമായ ഒരു കുറ്റകൃത്യമല്ല, ദീർഘകാലത്തെ ആസൂത്രണത്തിലൂടെ നടപ്പാക്കിയ രാഷ്ട്രീയമായ അരുംകൊലയാണെന്ന യാഥാർത്ഥ്യത്തെ ഹൃദയസ്പർശിയായി ഓർമിപ്പിക്കുക മാത്രമല്ല, ആ കൊടുംകൊലയുടെ ആയുധം ഇന്ത്യാചരിത്രത്തിനും വർത്തമാനത്തിനുംമേൽ നിർത്താതെ തീതുപ്പിക്കൊണ്ടിരിക്കുകയോ അതിന് ഉന്നം പാർത്തുനിൽക്കുകയോ ആണ് എന്ന ഓർമിപ്പിക്കൽ കൂടിയാണെന്നതാണ് നോവലിന്റെ സാധാരണയിൽ കവിഞ്ഞ പ്രാധാന്യവും പ്രസക്തിയും ഔചിത്യവും.
ഗാന്ധിവധത്തിലെ മുഖ്യകുറ്റവാളികളായ നാരായണൻ ആപ്തേ, നാഥുറാം വിനായക് ഗോഡ്സെ എന്നിവരിലൂടെയും സമാന്തരമായി ഗൂഗിളിൽ നിന്ന് രാജിവെച്ച് നാട്ടിൽ പ്രവർത്തിക്കാനായി അമേരിക്കയിൽ നിന്ന് തിരിച്ചുവരുന്ന ഐ ടി വിദഗ്ധരായ ശിവറാം ഗോധ്ര, വിമൽ വൻസാര എന്നിവരിലൂടെയുമാണ് 9 mm ബെരേറ്റ എന്ന നോവലിന്റെ സഞ്ചാരം. ആപ്തേയുടേയും ഗോഡ്സേയുടെയും ആത്മാവ് തന്നിൽ ഏകോപിച്ചിട്ടുണ്ടെന്ന് കരുതുന്നയാളാണ് ഗോധ്രയും ഏറെക്കുറെ വിമലും. അമേരിക്കയിൽ നിന്ന് ഡൽഹിയിലെത്തി അവിടെനിന്ന് ട്രെയിനിൽ യാത്ര ചെയ്യുകയാണ് ഗോധ്രയും വൻസാരയും. ഗോധ്രയുടെ മുമ്പിലിരിക്കുന്ന കശ്മീരി പെൺകുട്ടി ഒരു തടിച്ച പുസ്തകത്തിന്റെ വായനയിലാണ്. ഗോധ്ര കുറേ പരിശ്രമിച്ചിട്ടും അതേതു പുസ്തകമാണെന്ന് കണ്ടുപിടിക്കാനാവുന്നില്ല. ഒടുവിൽ നേരിട്ടുചോദിച്ചപ്പോൾ പെൺകുട്ടി ഭാവഭേദമൊന്നുമില്ലാതെ പറയുന്നു- 9 mm ബെരേറ്റ. അപ്പോൾ ഗോധ്രയും വൻസാരയും വിളറുകയാണ്.
'9 mm ബെരേറ്റ' പുസ്തകത്തിന്റെ കവർ
ഗോഡ്സേയും നാരായൺ ആപ്തേയും ഗാന്ധിയെ കൊല്ലുകയെന്ന ജീവിതലക്ഷ്യം നിറവേറ്റാൻ ഗ്വാളിയറിലെ ഡോ. ദത്താത്രേയ പാർച്ചുറൈ മുഖേന 9 mm ബെരേറ്റ തോക്കും സംഘടിപ്പിച്ച് ഗ്വാളിയറിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുകയാണ്. നിരാഹാരംകൊണ്ടോ സ്വാഭാവികമായോ ഗാന്ധി മരിച്ചാൽ ജീവിതലക്ഷ്യം നിറവേറ്റാനാവില്ല, എത്രയും പെട്ടെന്നുതന്നെ വെടിവെച്ചുകൊല്ലണം, ഒരു വെടി മതിയെങ്കിലും മൂന്നെങ്കിലും വെക്കുമെന്നെല്ലാം ചിന്തിച്ചും ചർച്ചചെയ്തും യാത്രചെയ്യുകയാണവർ. വലിയ ലക്ഷ്യമുണ്ടായിരിക്കെ മനസ്സ് പതറരുതെന്നും കാല്പനികമായിക്കൂടെന്നും മറ്റും ഗുരുവായ സവർക്കർ ഉപദേശിച്ചതിന്റെ ഓർമയിൽ അവർ ആവേശം പ്രകടമാക്കാതെ, പരമാവധി സംയമനത്തോടെ നീങ്ങുകയാണ്...
ഭൂതത്തിൽ അഥവാ ചരിത്രത്തിൽ ഇതാണെങ്കിൽ വർത്തമാനത്തിൽ നടക്കുന്നത് നാഗ്പൂരിലെ ഉന്നതതല ചർച്ചയാണ്. അമേരിക്കയിൽ നിന്ന് ദേശാഭിമാനം കാരണം തിരികെയെത്തിയ വിദഗ്ധർ ഗോധ്രയും വൻസാരയും തയ്യാറാക്കിയ പ്രൊജക്ടുകൾ നാഗ്പൂരിലെ തലവനെ കാണിക്കുകയാണ്. ഡിജിറ്റൽ ആർമി, ട്രോൾ തുടങ്ങിയ കാര്യങ്ങളിലൂടെ എങ്ങനെ ധ്രുവീകരണമുണ്ടാക്കാം, വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കാം എന്നിവയ്ക്കുള്ള പ്രൊജക്ടുകളുടെ പ്രസന്റേഷൻ. സർവോന്ത നേതാവ് തലകുലുക്കി അതംഗീകരിക്കുകയുമാണ്.
മനുഷ്യൻ ആധുനികനാകുമ്പോൾ മതത്തിൽ നിന്ന് പുറത്തുകടക്കുകയും കുറേക്കൂടി ആധുനികനാകുമ്പോൾ മതത്തിലേക്ക് തിരികെ കയറുകയും ചെയ്യുന്നുവെന്ന് വിമാനത്തിൽ വെച്ച് ഒരാൾ പറഞ്ഞത് അശരീരിപോലെ ഗോധ്രയുടെയും വൻസാരയുടെയും മനസ്സിൽ മുഴങ്ങുന്നുണ്ട്. തോക്കാണോ ഉണ്ടയാണോ ആദ്യമുണ്ടായതെന്ന സന്ദേഹം ഒരിക്കൽ ഗോഡ്സെ പരസ്യമായി ഉന്നയിക്കുന്നുണ്ട്. രണ്ടുമല്ല, കൊല്ലണമെന്ന ചിന്തയ്ക്കാണ് മൂപ്പെന്ന പാഠം ഗുരുസ്ഥാനീയനായ ആപ്തേ ഓർമിപ്പിക്കുന്നു. തയ്യൽക്കാരനായിരുന്ന ഗോഡ്സേയിലെ വിധ്വംസകത്വം കണ്ടെത്തി ഗാന്ധിഘാതകനായി വളർത്തിയെടുക്കുന്നതിൽ സവർക്കർ വഹിച്ച പങ്കിലേക്ക് വെളിച്ചംവീശുന്ന ചരിത്രത്തിലൂടെ സഞ്ചരിക്കുന്നുണ്ട് നോവലിസ്റ്റ്. ചിപ്പ്വൻ ബ്രാഹ്‌മണർ ജാതീയമായി അത്യുന്നതരാണെന്നും ആര്യരക്തമാണ് സിരകളിലൊഴുകുന്നതെന്നും പരമ്പരാഗതമായി വിശ്വസിക്കുന്ന ഗോഡ്സെ ചെറുപ്പത്തിൽ പെൺവേഷത്തിലായത് അന്ധവിശ്വാസത്തെ തുടർന്നാണ്. അന്തർമുഖനായ അയാളുടെ ജീവലക്ഷ്യം തന്റെ കൈകൊണ്ടുവേണം ഗാന്ധി കൊല്ലപ്പെടാൻ എന്നതാണ്. നാരായൺ ആപ്തേയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്ലാൻ അനുസരിച്ച് 1948 ജനുവരി 20 ന് നടത്തിയ ദൗത്യം പരാജയപ്പെട്ടതോടെ കൊലയാളിസംഘത്തിന്റെ സമ്പൂർണനേതൃത്വത്തിൽ സ്വയം അവരോധിക്കുകയാണ് ഗോഡ്സെ. കോടതിരേഖകളിലൂടെയും ഗോഡ്സെയുടെ തന്നെ മൊഴിയിലൂടെയും കപൂർ കമ്മീഷൻ റിപ്പോർട്ടിലൂടെയും വ്യക്തമായ ആ ചരിത്രത്തെ സവിശേഷമായി വിന്യസിച്ചവതരിപ്പിക്കുന്ന നോവലിസ്റ്റ് കുറ്റവാളികളായ ഗോഡ്സെ, ആപ്തേ, വിഷ്ണു കാർക്കറെ, മദൻലാൽ പഹ്വ, ദിഗമ്പർ ബഡ്ഗേ, ശങ്കർ കിസ്തയ്യ, ഡോ. ദത്താത്രേയ പാർച്ചുറൈ എന്നിവരെ കൃത്യമായി വരച്ചുകാട്ടുന്നതിലൂടെ ചരിത്രത്തിന് പുതിയ തെളിച്ചമുണ്ടാകുന്നു. ഗാന്ധിജിയുടെ ഉപവാസം, അതിനാധാരമായ പ്രശ്നങ്ങൾ, വർഗീയലഹള, സമാധാന ചർച്ചകൾ... അത്തരം സംഭവങ്ങളുടെ വിവരണം, അത് ഏറെക്കാലമായി ചർച്ച ചെയ്യുന്നതായിട്ടും ഉദ്വേഗജനകമായി മുന്നോട്ടുപോകുന്നുണ്ട്.
വിനോദ് കൃഷ്ണ
എന്നാൽ അതല്ല, നോവലിലെ പ്രധാന ഉള്ളടക്കത്തിന് സമാന്തരമായി നീങ്ങുന്ന യഥാർത്ഥ ഫിക്ഷനാണ് സമകാലികമായി പ്രസക്തി കൂടുതൽ. കശ്മീരിൽ നിന്നുള്ള പെൺകുട്ടി 9 mm ബെരേറ്റ എന്ന പുസ്തകം വായിക്കുന്നതിലൂടെ തുടക്കംകുറിക്കുന്ന കഥ അവസാനിക്കുന്നത് കശ്മീരി പെൺകുട്ടി സാമൂഹികമായ ഒരനുഷ്ഠാനത്തിലെന്നപോലെ കൊല്ലപ്പെടുന്നതോടെയാണ്. 9 mm ബെരേറ്റ വായിച്ച പെൺകുട്ടിയാണോ അതെന്നത് അപ്രസക്തം. സമകാലീന ഇന്ത്യൻ അവസ്ഥ ജാതീയവും മതപരവുമായ വിവേചനവും ചൂഷണവും വെറുപ്പിന്റെ ഉത്പാദനവുമടക്കമുള്ള കാര്യങ്ങൾ ഗോഡ്സേയുടെയും ആപ്തേയുടെയും പുനഃരവതാരങ്ങളിലൂടെ വെളിവാക്കുകയാണ്. ട്രോളന്മാരിലൂടെ ഡിജിറ്റൽ ആർമി നടത്തുന്ന പ്രവർത്തനം വെറുപ്പിന്റെ ഉത്പാദനം മാത്രമല്ല, അവർ നേരിട്ടുതന്നെ കൊലകൾ നടത്തുന്നുവെന്നും വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലെ പോലീസ് ഐ.ജിയായിരുന്ന അശോക് ചാവ്ഡെ, ചലച്ചിത്ര സംവിധായകൻ കിരൺ ഡോലാക്കിയ, ഒഡിഷയിലെ മിഷനറിയായ എബ്രഹാമിനെയും മകനെയും (ഗ്രഹാംസ്റ്റീനിന്റെ ഛായയുള്ള കഥാപാത്രം) ചാവേറുകൾ കൊലചെയ്യുകയാണ്. നരേന്ദ്ര ധാബോൽക്കർ അടക്കമുള്ളവരുടെ കൊലപാതകമാണ് മേൽ കഥാപാത്രങ്ങളിലൂടെ സൂചിപ്പിക്കുന്നത്. ഹെയിറ്റ് കാമ്പയിൻ നടത്തിപ്പുകാരായ ശിവറാം ഗോധ്രയും വിമൽവൻസാരയും ഗൂഢാലോചനകളിൽ മാത്രമല്ല പ്രയോഗത്തിലും പ്രത്യേകിച്ച് ഗോധ്ര വലിയ പങ്ക് വഹിക്കുന്നു.
ചിത്രകാരൻ ദീപേഷ് അധിയോഗിയാണ് നോവലിലെ ഏക മലയാളി കഥാപാത്രം. മേധാ കോഹ്ലെയാണയാളുടെ പങ്കാളി. മുംബെയിൽ ഒരു ചിത്രപ്രദർശനം നടത്തുന്നതിനിടയിലാണ് അവിടെ സ്ഫോടനമുണ്ടാക്കിയത്. സ്ഫോടകവസ്തു നിറച്ച ഒരു തബല പ്രദർശനനഗരിയുടെ വരാന്തയിൽ കൊണ്ടുവെക്കുകയായിരുന്നു. രാജ്യദ്രോഹിയായ ചിത്രകാരൻ എന്നാക്ഷേപിച്ച് ഗുണ്ടകൾ പ്രദർശനനഗരിക്കുനേരെ കല്ലേറുനടത്തിക്കൊണ്ടിരിക്കെയാണ് മറ്റൊരു സംഘം കൊണ്ടുവെച്ച തബല പൊട്ടിത്തെറിക്കുന്നത്. സ്ഫോടനത്തിൽ ദീപേഷിന് ഗുരുതരമായി പരിക്കേറ്റു. പ്രധാനപ്പെട്ട ചിത്രങ്ങളെല്ലാം കത്തിനശിച്ചു.
ആരാണ് സ്ഫോടകവസ്തുവാണെന്നറിയാതെ തബല കൊണ്ടുവെച്ചത്. രാം ചമർ എന്ന അജ്മൽ റാസ... ശിവറാം ഗോധ്രയുടെ വീട്ടുവേലക്കാരനായ ലക്ഷ്മൺ ഗാവന്തിന്റെ ബന്ധുവാണ് രാം ചമർ. സർക്കാർവക ജോലിയാണെന്ന് പറഞ്ഞാണ് രാം ചമറിനെ റിക്രൂട്ട് ചെയ്യുന്നത്. അടിമയായ ഗാവന്ത് അത് വിശ്വസിക്കുന്നു. രാംചമറും അടിമയാകുന്നു. ഗോധ്ര രാഷ്ട്രീയമേലാളന്മാർക്ക് ഏൽപ്പിച്ചുകൊടുക്കുന്ന രാംചമറിനെ അവർ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. ചെറു ശസ്ത്രക്രിയക്കിരയാക്കുന്നു. പിന്നെ പേരുമാറ്റുന്നു, ആധാറടക്കം പുതിയതുണ്ടാക്കുന്നു. അങ്ങനെ അയാൾ അജ്മൽ റാസ എന്ന ചാവേറാകുന്നു. അയാളെക്കൊണ്ടാണ് ചിത്രപ്രദർശനനഗരയിൽ സ്ഫോടനമുണ്ടാക്കിയത്. അടുത്തതായി അന്ധവിശ്വാസത്തിനെതിരെ ബിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട നരേന്ദ്ര കനിത്കറിനെയാണ് ചാവേർ ശരിപ്പെടുത്തുന്നത്. രാംചമർ എന്ന അജ്മൽ വാതിലിൽ മുട്ടി ഒരു കൊറിയർ കൈമാറുകയായിരുന്നു. ഈ കൊലകൾ നടത്താൻ ഇരയായി ചാവേറായി പ്രവർത്തിച്ച രാംചമറിനെ കൊല ചെയ്യാനും അവർ സമർത്ഥമായ അവസരമൊരുക്കിയിരുന്നു. തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ഉപായമെന്നനിലയിൽ ഡിജിറ്റൽ ആർമി കണ്ടുപിടിച്ച ഉപാധിയാണ് മതസമ്മേളനത്തിൽ സ്ഫോടനമുണ്ടാക്കൽ. അതിനായി തെരഞ്ഞെടുത്തതും അജ്മൽ റാസയെത്തന്നെ. സ്ഫോടകവസ്തുവെച്ച് ഓടിയ അയാളെ പോലീസ് ഏറ്റുമുട്ടലിൽ വെടിവെച്ചുകൊല്ലുന്നു. അത് തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിക്കുന്നു.
ഒഡിഷയിലെ ഗ്രഹാംസ്റ്റീനിനെയും മക്കളെയും കൊലചെയ്ത സംഭവത്തെ ഓർമിപ്പിക്കുന്നതാണ് നാഗേശ്വർ മഹാതോ എന്ന അടിമസമാനനെക്കൊണ്ട് ചെയ്യിച്ച എബ്രഹാം കൊല. ആദിവാസികൾക്കിടയിൽ ആതുരശുശ്രൂഷാപ്രവർത്തനവും സാക്ഷരതാപ്രവർത്തനവുമെല്ലാം നടത്തുന്ന മിഷനറിയായ എബ്രഹാമിനെയും മകനെയും കൊല ചെയ്തത് അവരുടെ ജീപ്പിൽ ബോംബ് വെച്ചാണ്. രംചമറിനെ സർക്കാർ ജോലിക്കാരനാക്കാമെന്ന് പറഞ്ഞ് റിക്രൂട്ടുചെയ്തതുപോലെതന്നെ റിക്രൂട്ട് ചെയ്തതാണ് നാഗേശ്വറിനെ. അയാളെയാണ് മിഷനറി വധത്തിന്റെ ചാവേറാക്കിയത്. തെളിവുകൾ നശിപ്പിക്കാൻ നാഗേശ്വറിനെ ജീവനോടെ സംസ്‌കരിക്കുകയും... റോഡിലെ വൻകുഴിയിലേക്ക് തള്ളി ടാറൊഴിക്കുകയും അതിന്മേൽ റോളറിട്ട് വെടിപ്പാക്കി വർക്ക് ഇൻ പ്രോഗ്രസ് ഗോ സ്ലോ എന്ന ബോഡ് വെക്കുകയുമായിരുന്നു.
ശിവറാം ഗോധ്രയുടെയും സംഘത്തിന്റെയും ഡിജിറ്റൽ ആർമി പ്രവർത്തനം പുരോഗമിക്കെ തലതൊട്ടപ്പനായ അമിത് ചന്ദ്രപുരോഹിതുതന്നെ അവരെ നേരിട്ടുകണ്ട് ചർച്ച നടത്തുന്നുണ്ട്. കാരവാനിലെത്തി രഹസ്യമായി ചർച്ച. ഹാഷ് ടാഗ് ഉപയോഗിച്ചും അല്ലാതെയുമുള്ള ഹെയിറ്റ് കാമ്പയിൻ. മന്ത്ര എന്ന ഇ- കൊമേഴ്സ് ഗ്രൂപ്പ് ബ്രാൻഡ് അമ്പാസഡറായി നടൻ ഖാനെ നിയോഗിച്ചത് കോടാനുകോടികൾ പ്രതിഫലത്തിനാണ്. മന്ത്രയെ ഒരു പാഠം പഠിപ്പിക്കാൻ ഗോധ്രയും വൻസാരയും കണ്ടുപിടിച്ച ട്രോൾയത്നം അമിത്ചന്ദ്ര പുരോഹിതിന് ഇഷ്ടമാകുന്നു. അമിതിന്റെ ഗുഡ്ബുക്കിലായതോടെ സ്വാമി ശിവാനന്ദ്, ആഭിചാരക്രിയകൾകൂടി വശമായ പ്രകൃതി ഠാക്കൂർ എന്നിവരും ഗോധ്രയുടെയും വൻസാരയുടെയും ഇഷ്ടക്കാരാകുന്നു. നവമാധ്യമങ്ങളിലെ വെറുപ്പുല്പാദനവും അവശ്യഘട്ടങ്ങളിൽ പ്രായോഗികമായി നടപ്പാക്കലും ഇവർ സംയുക്തമായി. മന്ത്രയുടെ പരസ്യത്തിൽ ദുശ്ശാസനൻ ദ്രൗപദിയുടെ വസ്ത്രാക്ഷേപം നടത്തുമ്പോൾ നീളമുള്ള സാരി തിരയുന്ന കൃഷ്ണനെയെന്നതുപോലൊരു ദൃശ്യം... ഹിന്ദുത്വത്തെ ആക്ഷേപിക്കുന്നതിനെ എതിർക്കാൻപോലുമാരുമില്ലേയെന്ന് അതിനടയിൽ പാകിസ്താൻകാരൻ പറയുന്നതുപോലെ വ്യാജ സന്ദേശം... പോരേ, ട്രോളുകൾ പ്രവഹിക്കുകയായി. രണ്ടുനാൾകൊണ്ട് വിപണിയിൽ 10 ശതമാനം പുറകോട്ടാക്കാൻ ഇതുമതിയെന്ന് ഗോധ്രയും വൻസാരയും... ഇതാണ് മോഡൽ.
കേരളത്തിൽ എലത്തൂർ സ്വദേശിയായ ചിത്രകാരൻ ദീപേഷ് സ്ഫോടനത്തിൽ പൊള്ളലേറ്റ് അവശനായപ്പോൾ നാട്ടിലേക്ക് മടങ്ങുന്നുണ്ട്. പങ്കാളിയായ മേധ കൊഹ്ലേ അയാളെതേടിയെത്തുന്നുണ്ട്. മേധ മടങ്ങുന്നതിന് തൊട്ടുമുമ്പ് ദീപേഷ് തൂങ്ങിമരിക്കുകയാണ്. അയാൾക്ക് പുതിയ സമീപനരീതിയിൽ ഒരു ചിത്രം പൂർത്തിയാക്കാനുണ്ടായിരുന്നു. ഇന്ത്യൻ അന്തരീക്ഷത്തിൽ സമകാല പ്രസക്തിയുള്ള ഒരു ചിത്രം. റോമൻ ചാരിറ്റയെന്ന ക്ലാസിക് ചിത്രത്തിന്റെ പുനരാവിഷ്‌കാരം. പട്ടിണി കിടന്നുമരിക്കാൻ വിധിക്കപ്പെട്ട് ജയിലിലടക്കപ്പെട്ട പിതാവിനെ ഇരുമ്പഴിക്കുള്ളിലൂടെ മുലയൂട്ടുന്ന മകളുടെ ചിത്രം... അത് പൂർത്തിയാക്കാനാകാതെയാണയാൾ മരിക്കുന്നത്.
പങ്കാളി മരിച്ചതോടെ മേധ പഴയ സുഹൃത്തായ വിമൽ വൻസാരയോടൊപ്പം താമസമാക്കുകയാണ്. ഐ.ടി വിദഗ്ധയായ മേധ വിമലിന്റെ നിർദേശാനുസരണം വിദ്വേഷോത്പാദനത്തിന്റെ പങ്കാളിയാവുന്നു...ട്രോളുകൾ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നതിന്റെ മാനേജ്മെന്റ് വിഭാഗത്തിൽ... പക്ഷേ ഒരിക്കൽ മേധ പറയുകയാണ്, വിമൽ ഇവിടെ ഞാനൊരു സ്വപ്നം കണ്ടു..ചുവന്ന ടൈ ധരിച്ച അസ്ഥികൂടം. വൻസാര ഒന്നും മിണ്ടിയില്ല. പക്ഷേ മേധ വീണ്ടും പറഞ്ഞു. ഈ മുറി നിറയെ ഞാൻ ഇൻഡോർ പ്ലാന്റ്സ് വെക്കട്ടെ... മുമ്പൊരിക്കൽ മേധയുടെ അപ്പാർട്ട്‌മെന്റിൽ പോയപ്പോൾ അകത്ത് നിറയെ ചെടികൾ കണ്ടപ്പോൾ വിമൽ അദ്ഭുതംകൂറിയതാണ്. അപ്പോൾ മേധ പറഞ്ഞത് മോശം വായു മുഴുവൻ അത് ആഗിരണം ചെയ്തുകൊള്ളുമെന്നാണ്...
സാംസ്‌കാരികരംഗത്തെ ഇടപെടലിന്റെ ഒരു നഖചിത്രവും നോവലിൽ സമഞ്ജസമായി ചേർത്തിട്ടുണ്ട്. പ്രശസ്ത ചലച്ചിത്രതാരമായ ഊർമിളാ കപൂറിനെ ഗോധ്രയും വൻസാരയും പരിചയപ്പെടുന്നു. ചലച്ചിത്രനിർമാണ സംരംഭത്തിൽ താല്പര്യമുള്ളതായി അവർ ഊർമിളയെ അറിയിക്കുന്നു. ഹിറ്റ് സിനിമകളുടെ സംവിധായകനായ കിരൺ ഡോലാക്കിയയുടെ ഇന്തോ-പാക് ബന്ധമുള്ള കഥ ഉള്ളടക്കമായ സിനിമയാണ് ഡോലാക്കിയ അടുത്തതായി നിർമ്മിക്കുന്നത്. ഊർമിളയാണ് നായിക. ഊർമിള വഴി ഡോലാക്കിയയെ പരിചയപ്പെടുന്ന വിദ്വേഷ ഡിജിറ്റൽ ആർമിക്കാർ അദ്ദേഹത്തിന് മുമ്പിൽ ഒരു നിർദേശം വെക്കുകയാണ്. ഞങ്ങൾക്ക് വേണ്ടി ഒരു സിനിമ നിർമ്മിക്കണം. 300 കോടി രൂപ ചെലവാക്കാമെന്ന് ശിവറാം ഗോധ്ര പറയുന്നു... കഥയേതെന്ന് ചോദിച്ചപ്പോൾ ഗോഡ്സേയുടെ കഥയെന്ന്. പേരുപോലും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന്... ദി മഹാത്മ ഹു കിൽഡ് ഗാന്ധി... അതാണ് പേര്. അത് പറഞ്ഞത് മറ്റാരുമല്ല, പാർച്ചുറൈയാണ്. ഗ്ലാളിയറിലെ ഹിന്ദുമഹാസഭാ നേതാവ്, ഗാന്ധിയെ കൊല്ലാൻ തോക്ക് സംഘടിപ്പിച്ചുകൊടുത്തയാൾ. അയാളാണ് ഒരു പത്രാഭിമുഖത്തിൽ ഗോഡ്സേയെക്കുറിച്ച് മേൽപറഞ്ഞ വാക്യം പറഞ്ഞത്. ഗാന്ധിജിയെ കൊന്ന മഹാത്മാവ്! ഇതുകൂടി കേട്ടതോടെ അയാൾ മഹാത്മയല്ല, മതഭ്രാന്തനാണെന്ന് ഡോലാക്കിയ... കുപിതരായി ഗോധ്രയും വൻസാരയും. ഗോധ്ര കീശയിൽ നിന്ന് പിസ്റ്റൾ പുറത്തെടുക്കുന്നു. ധൈര്യമുണ്ടെങ്കിൽ വെക്കുവെടിയെന്ന് സംവിധായകൻ. ഗോധ്രയ്ക്ക് അധൈര്യമുണ്ടായിരുന്നില്ല.
പാകിസ്താൻകാരിയുമായി ഡോലാക്കിയക്ക് പ്രണയമുണ്ടായിരുന്നെന്നും അതുമായി ബന്ധപ്പെട്ട ഏതോ കാരണത്താൽ ആത്മഹത്യചെയ്തതാകാമെന്ന കഥയും രേഖയും റെഡി. എന്നാൽ ഊർമിളാ കപൂർ മുഖപുസ്തകത്തിലൂടെ അതിനെ ചോദ്യംചെയ്തു. ഡോലാക്കിയ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അതോടെ ഡിജിറ്റൽ ആർമി ആയിരം ഖഡ്ഗങ്ങളുമായി ഉറഞ്ഞാടി. നവമാധ്യമത്തിലെ പോസ്റ്റ് പിൻവലിച്ച്, സിനിമാഭിനയത്തൊഴിലുപേക്ഷിച്ച് അവർക്ക് രാജ്യം വിടേണ്ടിവരുകയായിരുന്നു.
9 mm ബെരേറ്റയുടെ ആധുനികമായ, സമകാലികമായ പ്രയോഗവും ഗാന്ധിവധവും അടുത്തടുത്തുള്ള അധ്യായങ്ങളായാണ് വരുന്നത്. അതിലേക്കെത്തുന്നതിന് അല്പം ദൂരമുണ്ട്. കശ്മീർ കുപ്വാരയിൽ ഭരണകൂട പീഡനമേറെയേറ്റ ഒരു കുടുംബത്തിലെ അംഗമായ പെൺകുട്ടി, ആ പെൺകുട്ടിയാണോ ആദ്യഭാഗത്ത് തീവണ്ടിയിൽ 9 mm ബെരേറ്റ വായിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെന്നത് അവ്യക്തം. പക്ഷേ ആ പെൺകുട്ടി, പേര് ആബിയ മഖ്ധൂമി, അവൾ മഹാരാഷ്ട്രയിൽ അറസ്റ്റിലാവുന്നു. ഡൽഹി സർവ്വകലാശാലയിലെ സമരനേതാക്കളിലൊരാളാണവൾ. അവൾ ബോംബെയിൽ പ്രസംഗിക്കാനെത്തിയതാണ്. പക്ഷേ ടിക്കറ്റില്ലാ യാത്രയെന്ന പേരിൽ അറസ്റ്റിലാവുന്നു. ജനാധിപത്യാവകാശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും പ്രസംഗിച്ചതിന് സ്വാഭാവികമായും രാജ്യദ്രോഹക്കുറ്റം ചുമത്തുകയാണ്. പോലീസ് കസ്റ്റഡിയിൽ നിന്ന് അവൾ ശിവറാം ഗോധ്രയുടെ വീട്ടിലെ കോൺസൻട്രേഷൻ ക്യാമ്പിലെത്തുന്നു. അവിടെ കൊടിയ പീഡനം. ഇവിടെയാണ് നാരായൺ ആപ്തെയുടെയും ഗോഡ്സെയുടെയും ആത്മാവ് തന്നിൽ കുടികൊള്ളുന്നതായി ശിവറാം ഗോധ്ര പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന പ്രതീതിയുണ്ടാകുന്നത്. നാരായൺ ആപ്തേ സ്വന്തം വിദ്യാർത്ഥിനിയായ മനോരമാ സി വിയെ കാമുകിയും വെപ്പാട്ടിയുമാക്കിയതിന് പുറമെ ബലാൽക്കാരത്തിനുള്ള അവസരങ്ങളൊന്നും പാഴാക്കാറില്ല. നോവലിൽ അയാൾ ഗ്വാളിയറിൽ നിന്ന് തോക്കുമായി വരുമ്പോൾ ട്രെയിനിലെ കക്കൂസിലേക്ക് ഒരു മുസ്ലിം യുവതിയെ തളളിയിട്ട് ബലാൽക്കാരം ചെയ്യുന്നുണ്ട്. കാമാർത്തിക്കൊപ്പം പകയും അതിൽ അന്തർലീനമാണ്. ഡൽഹിയിലെ സർവ്വകലാശാലയിലെ ആബിയ മഖ്ധൂമിയെ ശിവറാം ഗോധ്ര ആപ്തേയുടെ അതേ വികാരത്തിൽ ബലാൽക്കാരംചെയ്യുന്നു. പൂർണ ഗർഭിണിയായ ശേഷം മറ്റൊരു രഹസ്യ ക്യാമ്പിലെത്തിക്കുകയാണവളെ. അവിടെവെച്ച് വിദ്വേഷ ആർമിക്കാരുടെ നേതാക്കളായ സ്വാമി ശിവാനന്ദയും പ്രകൃതി ഠാക്കൂറും അവളെ പലവിധേന സമ്മർദത്തിലാക്കുന്നു. ഡൽഹി സർവ്വകലാശാലയിലെ സമരത്തിന് പിന്നിൽ പാകിസ്താൻ അനുകൂലികളാണെന്ന് പറയിക്കാനാണ് ശ്രമം. അതിനായി വീഡിയോചിത്രീകരണമടക്കം നടത്തുകയാണ്. എന്നാൽ അവൾ ധീരമായി ചെറുക്കുകയാണ്. പത്രസമ്മേളനം നടത്തി തീവ്രവാദിയുടെ പേരുപറയണമെന്ന് ശിവറാം ഗോധ്ര ആവശ്യപ്പെട്ടപ്പോൾ അവൾ പറഞ്ഞു. ആ തീവ്രവാദി നിങ്ങളാണ്... ഗോഡ്സേയെപ്പോലെ മതഭ്രാന്തനാണ് നിങ്ങൾ... ഗോധ്ര അവളുടെ മഖത്താഞ്ഞടിച്ചു. അബോധാവസ്ഥയിൽ അവൾ രാജ്യദ്രോഹിയാണെന്ന്ആരോപിക്കുന്ന വീഡിയോ അതിനകം എഡിറ്റ് ചെയ്ത് ലോകമാകെ എത്തിച്ചു. ഗർഭിണിയായ രാജ്യദ്രോഹിയെ ശിക്ഷിക്കണമെന്ന് ട്രോളുകളുടെ പെരുമഴ...
നാഥുറാം ഗോഡ്‌സെ | Photo: Wiki Commons
പുറത്ത് അമിത് പുരോഹതിന്റെ റാലി നടക്കുകയാണ്. അവിടേക്ക് ആബിയ എടുത്തെറിയപ്പെടുകയാണ്... അപ്പോൾ വൈകീട്ട് 5.17 രാജ്യദ്രോഹിയെ കൊല്ല് എന്ന് ആരവമുയരവേ ശിവറാം ഗോധ്ര 9 mm ബെരേറ്റ കീശയിൽ നിന്നെടുത്ത് ആബിയക്കുനേരെ വെടിയുതിർത്തു. ഗോധ്രയും വിമൽ വൻസാരയും അമേരിക്കയിൽ നിന്ന് വരുമ്പോൾ കശ്മീർക്കാരിയായ യുവതി വായിച്ചുകൊണ്ടിരുന്ന 9 mm ബെരേറ്റ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം, ആ പുസ്തകം വായിച്ചപ്പോൾ പെൺകുട്ടിക്കുണ്ടായ സ്വപ്നാത്മകവിചാരം എന്നൊക്കെ ഈ അനുഭവത്തെ വ്യാഖ്യാനിക്കാം. സർഗാത്മകകൃതികളിൽ അതാവാമെന്ന് കോടതികളും അനുശാസിക്കുന്നുണ്ടല്ലോ. കേരളാസ്റ്റോറി എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയ വിധി പ്രസക്തമാണ്.
9 mm ബെരേറ്റ രണ്ടുകാലത്തെക്കുറിച്ചാണ്, രണ്ട് നോവലുകൾ കൂട്ടിക്കലർത്തിയതുപോലെ പറയുന്നതെങ്കിലും വിടർത്താനാവാത്തവിധം ആഭ്യന്തരമായി ഒട്ടിച്ചുചേർത്തിരിക്കുന്നുവെന്നതാണ് ശ്രദ്ധേയം. ഗാന്ധിജിയെ കൊലചെയ്തത് ഒരു രാജ്യത്തിന്റെ ആത്മാവിനെയാകെ കലക്കിമറിക്കുകയും തിരിച്ചിടുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ദീർഘകാല പരിശ്രമത്തിലൂടെ നടപ്പാക്കിയ ആശയപരവും ഭൗതികവുമായ പദ്ധതിയാണെന്നാണ് ഒരു ഡിറ്റക്ടീവ് നോവലിന്റെയത്ര വായനാക്ഷമതകൂടി ഉൾച്ചേർത്ത് അവതരിപ്പിക്കുന്നത്. പഴയ ചെങ്കോലുകൾകൊണ്ട് പുതിയ കാലത്തെ പിടിച്ചെടുത്ത് തടവിലാക്കുന്നതിനുള്ള തീവ്രയത്നങ്ങൾ നടക്കുമ്പോൾ സത്യമിതാണെന്ന് ആർജ്ജവത്തോടെ വിളിച്ചുപറയുന്നുവെന്നതാണ് വിനോദ് കൃഷ്ണയുടെ നോവലിന്റെ മേന്മ. മലയാളത്തിലെ രാഷ്ട്രീയനോവലുകളിൽ വളരെ ഉയരത്തിൽത്തന്നെയാണിതിന്റെ സ്ഥാനം.