
പട്ടുനൂൽപ്പുഴു എന്ന പാരഡോക്സ്
വിരോധാഭാസങ്ങളുടെ (paradox) പുസ്തകമാണ് എസ് ഹരീഷിന്റെ പുതിയ നോവലായ പട്ടുനൂൽപ്പുഴു. പുറമേ ശാന്തമായും സംഭവരഹിതമായും കാണപ്പെടുന്ന നോവലിനെ വായനക്കാരുടെ മനസ്സിൽ പ്രക്ഷുബ്ധത സൃഷ്ടിക്കാൻ പ്രാപ്തമാക്കുന്നത് ഈ വൈരുദ്ധ്യങ്ങളാണ്.
കഥാനായകനായ സാംസയുടെ സംരക്ഷകനും സുഹൃത്തുമായ സ്റ്റീഫൻ വർഷത്തിലൊരിക്കൽ ഭ്രാന്ത് വരുന്നയാളാണ്. ഭ്രാന്തിന്റെ കാലം മുഴുവൻ ഈന്ത് മരത്തിൽ കെട്ടിയ ചങ്ങലയിൽ ബന്ധിതനായിരിക്കും അയാൾ. എന്നാൽ ഒരു ഭ്രാന്തന് പൊതുവേ കൽപ്പിച്ചു കൊടുക്കുന്ന സ്വഭാവസവിശേഷതകൾക്ക് തികച്ചും വിരുദ്ധനാണ് ഭ്രാന്ത് ഇല്ലാത്ത കാലത്ത് അയാൾ. സ്കൂളിൽ പോകുന്ന സാംസയെ സംരക്ഷിക്കാൻ അയാൾ കൂടെയുണ്ട്. കാലിന് സ്വാധീനക്കുറവുള്ള ഒരു പെൺകുട്ടിയെ മനോഹരമായി അയാൾ പ്രണയിക്കുന്നുണ്ട്. അവൾക്കു മുന്നിലേക്കെത്തുന്ന നേരങ്ങളിൽ ഒരു ഭ്രാന്തന് സമൂഹം അനുവദിച്ചുകൊടുത്ത വൃത്തിഹീനമായ വേഷവിധാനങ്ങൾക്ക് വിരുദ്ധമായി, സ്വയം മിനുക്കി സുന്ദരനാകുന്നുണ്ട് സ്റ്റീഫൻ. സ്റ്റീഫന്റെ മരണത്തിലുമുണ്ട് പരിഹാസത്തോളം പോന്ന ഒരു വിരോധാഭാസം. അയാൾ ഒറ്റയ്ക്ക് ചുമന്ന് അടുക്കിക്കയറ്റിയ അരിച്ചാക്കുകൾ മറിഞ്ഞുവീണാണ് സ്റ്റീഫൻ മരിക്കുന്നത്.
ആദ്യ അധ്യായത്തിൽത്തന്നെ പ്രത്യക്ഷപ്പെടുന്ന, സാംസയ്ക്ക് അജ്ഞാതയായ പതിമൂന്നുകാരി പെൺകുട്ടിയെക്കുറിച്ച് പറഞ്ഞുകൊടുക്കുന്ന ദാമുവിന്റെ കാര്യം തന്നെയെടുക്കാം. കുട്ടിക്കാലത്തെ ഓരോ ഓർമ്മയും ഒരു ചിത്രത്തിലെന്നതുപോലെ അയാളുടെ മനസ്സിലുണ്ട്. ഇളയ കൂടപ്പിറപ്പ് മരിച്ചതും, കുഴിച്ചിട്ടതും, വീടൊഴിഞ്ഞ് പോയതും, വളർത്തുനായ ചത്തപ്പോൾ അവളുടെ അടുത്ത് കുഴിച്ചിടേണ്ടതായിരുന്നു എന്ന് അയാളുടെ അമ്മ പറഞ്ഞതുമൊക്കെ ദാമുവിന് കൃത്യമായി ഓർമ്മയുണ്ട്. എന്നാൽ ഈ ഓർമ്മകളെല്ലാം സാംസയോട് പങ്കുവെച്ച കാര്യം അപ്പപ്പോൾ തന്നെ അയാൾ മറന്നു പോകുന്നു.REPRESENTATIVE IMAGE | WIKI COMMONS
സാംസയുടെ നായ ഇലു നോവലിൽ ആദ്യാവസാനമുള്ള മറ്റൊരു കഥാപാത്രമാണ്. അവസാന ഭാഗമെത്തുമ്പോൾ അത് മരിക്കുന്നു. ഒരു മൃഗത്തിന് സാധാരണ സംഭവിക്കുന്ന മരണമല്ല ഇലുവിനെ കാത്തിരുന്നത്. ഒരു മനുഷ്യനെപ്പോലെ തൂങ്ങിമരിക്കുകയാണ് അത്. ജീവിച്ചിരുന്ന കാലത്ത് ആ നായയെ, സാംസയുടെ അമ്മയായ ആനി ഒരിക്കലും പരിഗണിച്ചിരുന്നില്ല. അതിന് ആഹാരം കൊടുക്കാനോ, അതിനെ കുളിപ്പിക്കാനോ മെനക്കെടുന്നില്ല. ഒടുവിൽ ഇലു മരിച്ച ശേഷമാണ് താൻ അതിനോട് ഒരു പരിഗണനയും കാണിച്ചില്ലല്ലോ എന്ന് ആനി കുണ്ഠിതപ്പെടുന്നത്. ഭൂതകാലത്തിലെ തന്റെ പല പ്രവൃത്തികളെയും ഓർത്ത് കുണ്ഠിതപ്പെടേണ്ടി വരുന്ന കഥാപാത്രമാണ് ആനി.
സാംസയ്ക്ക് പേരിടുന്ന ലൈബ്രേറിയൻ മാർക്ക് സാർ വളരെയധികം ആന്തരികവൈരുദ്ധ്യങ്ങൾ പേറുന്ന മറ്റൊരു കഥാപാത്രമാണ്. പൊതുവേ ശാന്തസ്വഭാവക്കാരനും, പുസ്തകപ്രേമിയുമായ അയാൾ വാഹനങ്ങൾ പൊളിക്കുന്നത് കണ്ടുനിൽക്കാൻ ഏറെ താല്പര്യമുള്ളയാളാണ്. അത് അയാളുടെ രഹസ്യജീവിതമാണ്. വാഹനങ്ങൾ തച്ചുപൊളിക്കുന്നത് കണ്ടാസ്വദിക്കാൻ ദീർഘദൂരം യാത്ര ചെയ്യുന്നുണ്ട് മാർക്ക് സാർ. തന്റെ ബാഹ്യപ്രകൃതത്തിന് വിരുദ്ധമായി ഹിംസാത്മകമായ ഒരു ആന്തരികസ്വത്വം അയാൾക്കുണ്ട്.
നോവലിന്റെ ഏതാണ്ട് പകുതി ഭാഗം മുതൽ സാംസയുടെ ജീവിതത്തിലെ പല പ്രധാന മുഹൂർത്തങ്ങൾക്കും സാക്ഷിയാകുന്ന ഒരു മൂക കഥാപാത്രമാണ് പാണ്ടിക്കാരന്മാർ കൊണ്ടുവരുന്ന മുട്ടനാട്. ലേഹ്യമാക്കാൻ കൊണ്ടുവന്നതാണ് അതിനെ. മുട്ടനാടിനെ കാണിച്ച് പാണ്ടിക്കാരന്മാർ തങ്ങളെ പറ്റിക്കുമെന്നും, ആരുടെയും കണ്ണുപറ്റാത്ത സമയത്ത് ആടിനെ അവിടെനിന്ന് അവർ മാറ്റിക്കളയുമെന്നും, ലേഹ്യത്തിൽ ചേരുന്ന മാംസം ഈ മുട്ടനാടിന്റേതായിരിക്കില്ല എന്നും നാട്ടുകാരൊന്നടങ്കം വിശ്വസിക്കുന്നു. എന്നാൽ അവരെയെല്ലാം സാക്ഷികളാക്കി പാണ്ടിക്കാരന്മാർ ഒടുവിൽ ആ മുട്ടനാടിനെ കശാപ്പു ചെയ്യുന്നു. അതിന്റെയുള്ളിൽ നിന്ന് വിലമതിക്കാനാവാത്ത ഗോരോചനം എന്ന ഔഷധവും ലഭിക്കുന്നു. (മരണത്തിൽ നിന്ന് ജീവദായിനി ലഭിക്കുന്ന, ഒന്നിനെ കൊന്ന് മറ്റൊന്നിന് മരുന്നാക്കുന്ന വൈരുദ്ധ്യം).എസ് ഹരീഷ് | PHOTO: FACEBOOK
കടം വാങ്ങിയ പണം തിരികെക്കൊടുക്കാഞ്ഞതിന് സാംസയുടെ അച്ഛനോട് തട്ടിക്കയറുന്ന ഉതുപ്പാൻ തൊട്ടടുത്ത നിമിഷം, അതിന് സാക്ഷിയായ കുട്ടിയായ സാംസയെ ഓർത്ത് ദുഃഖിക്കുന്നു. പിന്നെ സാംസയുടെ മനസ്സിൽ നിന്ന് ആ ദുരനുഭവം മായ്ച്ചു കളയാനുള്ള ശ്രമങ്ങളാണ് അയാൾ നടത്തുന്നത്. കടം കൊടുത്ത പണം തിരികെ വാങ്ങാൻ ധാർഷ്ട്യപൗരുഷം നിറഞ്ഞ ഭാവത്തോടെ വീട്ടിൽ കയറി വരുന്ന മോഹനൻ അടുത്ത നിമിഷം താൻ ചെയ്ത തെറ്റിനെയോർത്ത് മാപ്പ് പറഞ്ഞ് തിരികെപ്പോകുന്നു. വൈരുദ്ധ്യങ്ങളുടെ ഘോഷയാത്ര.
ഇതൊക്കെയാണെങ്കിലും പട്ടുനൂൽപ്പുഴുവിലെ വൈരുദ്ധ്യത്തിലെ ആഴവും പരപ്പും വെളിപ്പെടുത്തുന്നത് സാംസയ്ക്ക് അവന്റെ അമ്മയും അച്ഛനുമായുള്ള ബന്ധത്തിലൂടെയാണ്. നോവലിന്റെ ആരംഭത്തിൽ, താൻ കണ്ട ഒരു സ്വപ്നം മറ്റൊരാൾ കൂടി കണ്ടതായി സാംസയ്ക്ക് അനുഭവപ്പെടുന്നുണ്ട്. തന്റെ അതേ പ്രായമുള്ള (പതിമൂന്ന് വയസ്സുള്ള) ഒരു പെൺകുട്ടിയാണ് അതെന്ന് അവൻ കരുതുന്നു. ദാമു പറഞ്ഞ കഥയിൽ നിന്ന് കിട്ടിയ മരിച്ചുപോയ പെൺകുട്ടിയെ എപ്പോഴും തന്നോടൊപ്പമുള്ള, തന്റെ സ്വപ്നങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന സഹചാരിയായി അവൻ സങ്കൽപ്പിക്കുന്നു. അവളോട് അവൻ മനസ്സുകൊണ്ട് സംവദിക്കുന്നു. തനിക്ക് പേരിട്ട ലൈബ്രേറിയൻ മാർക്ക് സാറിനെക്കൊണ്ട് അവൾക്കും അവൻ, ഒരു പേര് നൽകുന്നു. ആ പേര് വിളിച്ച് അവനവളോട് സങ്കല്പത്തിൽ സംസാരിക്കുന്നു. എന്നാൽ നോവലിന്റെ ഒടുവിൽ, അരൂപിയായി മാത്രം നിൽക്കുന്ന ആ സ്ഥിരസാന്നിധ്യത്തിന്റെ ശരിയായ അസ്തിത്വം വായനക്കാർക്ക് വെളിപ്പെടുന്നുണ്ട്. അത് സാംസയുടെ അമ്മയായ ആനി തന്നെയാണ്. പതിമൂന്നാം വയസ്സിൽ ദീനം വന്ന് കിടക്കുമ്പോൾ സാങ്കല്പികമായി സൃഷ്ടിച്ച ഒരു പതിമൂന്നുകാരൻ ആൺകുട്ടിയോട് സംസാരിച്ചിരുന്ന ആനി നോവലിന്റെ അവസാന അധ്യായത്തിൽ ആ കുട്ടിക്ക് സാംസയുടെ മുഖമായിരുന്നു എന്ന് മനസ്സിലാക്കുന്നു. പാപ്പൻ അവൾക്കിടാനായി കണ്ടുവെച്ചിരുന്ന പേര് തന്നെയായിരുന്നു മാർക്ക് സാർ സാംസയുടെ അരൂപിയായ പെൺകുട്ടിക്ക് നൽകുന്നതും- നടാഷ.
ആത്മാവ് കൊണ്ട് താൻ സംവദിച്ചിരുന്ന തന്റെ പ്രിയ തോഴൻ തന്റെ മകൻ തന്നെയായിരുന്നു എന്ന് മനസ്സിലാക്കി അവനെ കാത്തിരിക്കുന്ന ആനിയെ ചിത്രീകരിച്ചുകൊണ്ടാണ് നോവൽ അവസാനിക്കുന്നത്. ഉള്ളിന്റെയുള്ളിൽ അവർ സംവദിച്ചിരുന്നത് തമ്മിൽത്തമ്മിലായിരുന്നുവെന്ന് ഒടുവിൽ അവർ തിരിച്ചറിയുന്നു. എത്ര മനോഹരമായിരിക്കും നോവലിന്റെ അവസാന പേജിന് ശേഷമുള്ള ആ അമ്മയുടെയും മകന്റെയും ജീവിതമെന്ന് ഓരോ വായനക്കാരും ചിന്തിക്കും. മനസ്സുകൊണ്ട് പോലും അവർക്ക് സംസാരിക്കാനായേക്കും. എപ്പോഴും ഒപ്പമുണ്ടായിരുന്ന സാംസയും ആനിയും, തങ്ങൾക്കിടയിലെ ആ അതീന്ദ്രിയ സൗഹൃദം തിരിച്ചറിയുന്നത് നഷ്ടപ്പെടുമെന്ന് അവർ എപ്പോഴും ഭയന്നിരുന്ന, സംശയിച്ചിരുന്ന വിജയന്റെ (സാംസയുടെ അച്ഛന്റെ) നാടുവിടലിന് ശേഷമാണ്. ആവേശത്തോടെ, അരക്ഷിത ബോധത്തോടെ അയാളെ ആഞ്ഞുപുൽകാൻ ആനിയും സാംസയും എപ്പോഴും ശ്രമിച്ചിരുന്നു. അയാളെ നഷ്ടപ്പെടുന്നത് തങ്ങളെ അനാഥരാക്കും എന്ന് ഏറ്റവും തീവ്രമായി ഭയന്നിരുന്നു. എന്നാൽ ആ അനാഥത്വമാണ് അവരെ ശരിക്കും സനാഥരാക്കുന്നതും. അസാന്നിധ്യത്തിലൂടെ മാത്രം സ്വാസ്ഥ്യം നൽകുന്ന വിജയന്റെ (നോക്കൂ, ജീവിതത്തിൽ കൈവെച്ചതിലെല്ലാം പരാജയം വരിക്കുന്ന അയാളുടെ പേരിൽത്തന്നെ എന്തൊരു വിരോധാഭാസം) സാന്നിധ്യമാഗ്രഹിക്കുന്ന ആനിയുടെയും സാംസയുടെയും കഥയാണ് പട്ടുനൂൽപ്പുഴു എന്ന നോവൽ. ഇതാണ് ഈ രചനയിൽ ഇണക്കിച്ചേർത്തിരിക്കുന്ന ഏറ്റവും വലിയ വൈരുദ്ധ്യവും. നോവലിന്റെ തുടക്കത്തിൽ നൽകിയിരിക്കുന്ന കാഫ്കയുടെ വാക്കുകളിലൂടെ എഴുത്തുകാരനും അതിലേക്കൊരു ചൂണ്ടുപലകയിടുന്നു.വില്യം ഷേക്സ്പിയർ | WIKI COMMONS
The Well Wrought Urn എന്ന പുസ്തകത്തിൽ പാരഡോക്സുകളെക്കുറിച്ച് വിശദമായ പഠനം നടത്തുന്നുണ്ട് ക്ലെയാന്ത് ബ്രൂക്സ് (Cleanth Brooks). ഈ പുസ്തകത്തിലെ The Language of Paradox എന്ന ലേഖനത്തിൽ, കവിതകളിൽ പാരഡോക്സിന്റെ ( വൈരുദ്ധ്യങ്ങളുടെ) സ്വാധീനത്തെക്കുറിച്ച് പറയുന്നുണ്ട്. പൂർണതയുള്ള ഒരു കവിത കൊത്തുപണികൾ ചെയ്ത് മനോഹരമാക്കിയ ഒരു കലശം (urn) പോലെയാണ്. പുറമെ നിന്ന് നോക്കുന്നവർ അതിന്റെ രൂപഭംഗിയിൽ ആകൃഷ്ടരാകുന്നു. എന്നാൽ, ഈ കലശം ഫീനിക്സ് പക്ഷിയുടെ ചിതാഭസ്മവും ഉൾക്കൊള്ളുന്നുണ്ട് (Reference- “Phoenix and the Turtle” by William Shakespeare). ചാരത്തിൽ നിന്ന് ചിറകടിച്ചുയരാൻ കഴിയുന്ന ഫീനിക്സ് പക്ഷിയുടെ സാന്നിധ്യം കലശത്തിന്റെ ഉള്ളിൽ അറിയുമ്പോഴാണ് വായനക്കാരന് കൃതിയുടെ ഭംഗി/ശക്തി യഥാർത്ഥത്തിൽ മനസ്സിലാകുന്നത്. ഫീനിക്സ് പക്ഷിയുടെ ചാരമായാണ് പാരഡോക്സ് കവിതയിൽ വർത്തിക്കുന്നത്. ഉള്ളിൽ നിന്ന് ചിറകടിച്ചുയരുന്ന ആന്തരികവൈരുദ്ധ്യങ്ങളുടെ ശക്തി ആസ്വാദനതലത്തെ പലമടങ്ങ് വർദ്ധിപ്പിക്കുന്നു. പട്ടുനൂൽപ്പുഴു വായിച്ച വായനക്കാരുടെ ഉള്ളിലും അറിഞ്ഞോ അറിയാതെയോ ഈ വൈരുദ്ധ്യങ്ങൾ പ്രവർത്തിക്കുന്നു. അതുതന്നെ വായനയുടെ രസവും, പുസ്തകത്തിന്റെ ശക്തിയും. വെറുമൊരു പുഴു, ജീവൻ കളയുന്നതിലൂടെ മാത്രം സ്വത്വം കൈവരിച്ച് പട്ടുനൂൽപ്പുഴുവാകുന്നതിലും വലിയ വിരോധാഭാസം വേറെയില്ലല്ലോ.