TMJ
searchnav-menu
post-thumbnail

Penpoint

ഞാന്‍ എന്നെത്തന്നെ വായിക്കുകയാണ്

04 Jan 2024   |   9 min Read
ഡോ. രോഷ്നിസ്വപ്ന

ത്രമേല്‍ ആഹ്ലാദമാണോ കവിത തരുന്നത്? കഴിഞ്ഞ ദിവസം ഒരു മാധ്യമ സുഹൃത്ത് ചോദിച്ചു. 'poet എന്നത് ഒരു സെലിബ്രേഷന്‍ സ്‌പേസ് അല്ലെ? എനിക്ക് ഉത്തരമുണ്ടായില്ല. കവിത അങ്ങനെയൊരു സെലിബ്രേഷൻ സ്‌പേസ് ആണോ ഇക്കാലമത്രയും എനിക്ക് തന്നുകൊണ്ടിരിക്കുന്നത്? അല്ലല്ലോ എന്ന് ഉള്ളിലൊരുവള്‍. എഴുത്തിന്റെ സമയം തീവ്രമായ നിരാശയോ വേദനയോ സമ്മാനിച്ച്, ദിവസങ്ങള്‍ക്കു ശേഷം ഉറയൂരി മറ്റൊരുടുപ്പില്‍ കടന്ന് ഇരുന്ന് അല്ലെങ്കില്‍ ഉടുപ്പുകളൂരിയെറിഞ്ഞ് എന്നെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് കടന്നുവരുന്ന ചിലവയാണ് എന്റെ കവിതകള്‍...  ചില സമയങ്ങളില്‍ ഞാനെന്നോടു തന്നെ ചോദിക്കും. എന്തിനാണീ കവിതകള്‍? എന്തിനാണീ ചിത്രങ്ങള്‍? 

ഒരുറുമ്പിനുപോലും നിന്നെ കേള്‍ക്കേണ്ടതില്ല. നീ എഴുതിയില്ലെങ്കില്‍ ലോകം തവിടുപൊടിയാവുകയില്ല. അത്രമേല്‍ ഒറ്റക്കാവുന്ന സമയങ്ങളില്‍ എനിക്കതിനു മറുപടി പറയാന്‍ കഴിയാറുണ്ട്. ഒരു പക്ഷെ മരണമെന്നു തന്നെ നിനച്ച്, അതിലേക്ക് ഉടലിനെ പ്രാപ്തമാക്കും വിധം ഉന്മാദമെന്നെ ആവേശിച്ചിരിക്കാം... കോടാനുകോടി കവികള്‍ അനുഭവിച്ച അതെ ഉന്മാദം.

പരിണാമങ്ങള്‍ എത്രയൊക്കെ വന്നാലും യൂണിവേഴ്‌സല്‍ ആയ ഒരു അംശം കവിതയില്‍ ഉണ്ടാകും. അതിന് കൃത്യമായ രാഷ്ട്രീയമുണ്ടാവും. അത് കവിതയുടെ ശരിയുമാണ്. മനുഷ്യരുടെ ബുദ്ധിയും ധിഷണയും പരസ്പരം എങ്ങനെയൊക്കെയോ ബന്ധപ്പെട്ടു കിടക്കുന്നുണ്ടല്ലോ. ഒരു തരം കോ റിലേഷന്‍ !
ഈ സര്‍വ്വകാലികതയെ കവിതയിലും ഖനനം ചെയ്‌തെടുക്കാന്‍ എളുപ്പമാണ്. ഐഡിയോളജികല്‍, സൗന്ദര്യ ശാസ്ത്ര ബോധ്യങ്ങള്‍, രീതികള്‍, ശൈലികള്‍, സഹജാവബോധങ്ങള്‍ ഇവയൊക്കെ വേറെ വേറെ ആയിരിക്കും. ഭാഷയിലാണല്ലോ കവിത ആദ്യാവസാനം പൂക്കുന്നത്. ഓരോ കാലത്തെയും കവികള്‍ ഈ ഭാഷയില്‍ പുതുക്കപ്പണികള്‍ ചെയ്തിട്ടുമുണ്ട്. ഇത് തീവ്രമായ ഒരു രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണ്. ജീവിതത്തിന്റെ അന്തംവിടല്‍ മതി ഏതു കാലത്തും കവിതയെ അങ്ങേയറ്റം രാഷ്ട്രീയ പ്രബുദ്ധമാക്കാന്‍. ഭൂമി മുഴുവന്‍ ഊര്‍ജ്ജപ്രസരിതകമാക്കാന്‍ കെല്‍പ്പുള്ള വെളിച്ചം കവിതക്കുണ്ട്. ഒന്ന് ഉറഞ്ഞു വെളിച്ചപ്പെട്ടാല്‍ ഒരു കവിയും ഉരുകിപ്പോകുന്നത്രക്ക് ഊര്‍ജ്ജം !

'മരിച്ചു കഴിഞ്ഞാല്‍
കഴിഞ്ഞു
പിന്നെ
ഒന്നുമില്ല'

എന്ന് ജീവിതത്തെക്കുറിച്ച് ആറ്റൂര്‍ എഴുതിയതിനേക്കാള്‍ വലുതായൊന്നുമില്ല.

'സ്വന്തം ജീവിതത്തെ 
മാറി നിന്ന് 
നോക്കാന്‍ ആവുകയില്ല
.....
എന്നാല്‍ 
ജീവിതത്തിന്റെ 
കരയിലോ 
അതിരിലോ 
ഇരിക്കാന്‍ 
പറ്റുകയില്ല 
അതിന് 
കരയോ അതിരോ 
ഇല്ല'

എന്ന് എസ്. ജോസഫ് (ജീവിതം). 

ജീവിതത്തിന്റെ സൂക്ഷ്മതകള്‍ അന്വേഷിക്കുമ്പോഴല്ല, അല്ലാത്തപ്പോള്‍ അവ കാണപ്പെടും. 

'ഉണരുമ്പോഴും 
ഉറങ്ങുമ്പോഴും 
ജനനത്തിനു മുമ്പുള്ള 
പതിനായിരം കാലങ്ങളേയും 
ജനിച്ചതിന് ശേഷമുള്ള 
പതിനായിരം കാലങ്ങളെയും 
ഓര്‍മ്മിക്കണം'

എന്ന് ചുള്ളിക്കാടിന്റെ കവിതയിലേത് പോലെ കൊടുങ്കാറ്റും വെള്ളപ്പൊക്കവുമാകുന്നു. ചിലപ്പോള്‍ ഉണര്‍ച്ചകള്‍ അമ്പരപ്പിലേക്കാവുന്നു. 

എസ്. ജോസഫ് | PHOTO: FACEBOOK
'നോക്കുമ്പോഴൊക്കെ 
ഞാന്‍ 
നിന്റെയകത്താണ്. 
നോക്കാത്തപ്പോഴും 
അകത്തില്ലെന്നാരു കണ്ടു !?'

എന്ന് കെ. ജയശീലന്‍ എന്ന കവി അമ്പരക്കുന്നത് എനിക്ക് വേണ്ടിക്കൂടിയാണ്. ഞാന്‍ എന്ന നിര്‍മ്മിതിയെ ജീവനില്‍ നിന്നടര്‍ത്തിമാറ്റി എഴുതിനോക്കാന്‍ തോന്നുന്നത് അങ്ങനെയാണ്. സ്ഥലകാലങ്ങളെ പരമാവധി ചുരുക്കിയാണ് ഞാന്‍ എന്നെ നിര്‍വചിക്കുന്നത് എന്ന് കരുതാനാണ് എനിക്കപ്പോളിഷ്ടം... എല്ലുകള്‍ പുതുക്കിപ്പണിതുകൊണ്ട്... മജ്ജ മാറ്റി വച്ചുകൊണ്ട്... 
എന്നിട്ടും അനുവാദം ചോദിക്കാതെ രോമത്തുളകളിലൂടെ മലിനജലം അകത്തെത്തുന്നു. അളവുതൂക്കങ്ങള്‍ കൃത്യമായിട്ടു കൂടി, തൊലി തുളച്ച് ഇരച്ചുവരുന്നു. പല നിലവിളികളും ഞാന്‍ മനഃപൂര്‍വം കേള്‍ക്കാറില്ല. പല മുറിവുകളും ഞാന്‍ കണ്ടില്ലെന്ന് നടിക്കുന്നു. സമയം വൈകിയിട്ടൊന്നുമില്ല. എന്റെ ഉള്ളില്‍ ആരോ എന്നെ ഉടച്ചു വാര്‍ക്കുന്നുണ്ട്. ഞാന്‍ മാത്രമല്ല, ഞാന്‍ എന്ന തോന്നലും വെറുതെയാണ്. 
ജീവിതത്തോടൊപ്പം മരണത്തെയും സ്വപ്നം കാണുന്നതെങ്ങനെയാണ്.

All goes onward and outward
nothing collapses 
And to die is different 
from what anyone 
supposed and
luckier

എന്ന  Walt Witman ന്റെ കവിത മരണത്തിലേക്കും ജീവിതത്തിലേക്കും മാറി മാറി കൊതിപ്പിക്കുന്നുണ്ട്. 'കവി 'എന്ന പേരില്‍ ആറ്റൂര്‍ ഒരു കവിതയെഴുതിയിട്ടുണ്ട്.

'നാലാംതരത്തിലായിരുന്നപ്പോള്‍ 
നാലുവരി ഗാഥയിലെഴുതി 
അമ്മയെ കാണിച്ചു. 
മുണ്ട് തോരാനിടുകയായിരുന്ന 
അമ്മ എന്തോ പറഞ്ഞു. 
രാജാവിന്റെ പേരുള്ള കോളേജില്‍ 
പത്തു മുറിക്കെട്ടിടത്തില്‍ 
ഒപ്പം പാര്‍ക്കുന്ന കൂട്ടുകാര്‍ 
അടക്കം പറഞ്ഞു.
ഇവന്‍ കവി 
പരദേശത്തെ പഠിത്തം തീര്‍ന്നു 
ഊര് ചുറ്റുമ്പോള്‍ 
ആരൊക്കെയോ പരിചയപ്പെടുത്തി 
ഇയാള്‍ കവിയാകുന്നു. 
ഇപ്പോള്‍ വളരെക്കഴിഞ്ഞു 
സ്വകാര്യമായി 
അറിയുന്നു 
ഞാനൊരു കവിയായിരുന്നു'

അല്ല അത്രമേല്‍ എളുപ്പമോ ആഹ്ലാദകരമോ അല്ല കവിയായിരിക്കല്‍...

ഒപ്പമുള്ളവരെ, കടന്നു പോയവരെ വായിക്കല്‍ കൂടിയാണല്ലോ ജീവിതം... 2023 ല്‍ വായിച്ചു കൂടെപ്പോന്ന ചില കവിതകള്‍ ഉണ്ട്. ചിലത് വിട്ടുപോയേക്കാം. ഇനിയും പൂരിപ്പിക്കപ്പെടാന്‍ കാത്തു നില്‍പ്പുണ്ടാവാം. ഓര്‍മ്മകള്‍ നഷ്ടമാവുന്ന കാലത്ത് ഞാന്‍ നിങ്ങളെ വായിച്ചിരുന്നു എന്ന് ഈ എഴുത്തുകള്‍ എന്നെ ഓര്‍മ്മിപ്പിച്ചേക്കാം. ഈ പട്ടിക അപൂര്‍ണ്ണമാണ്.. കവിത എഴുതിക്കൊണ്ടിരിക്കുന്ന ഒരാള്‍ എന്തിനു മറ്റുള്ളവരുടെ കവിതകളെക്കുറിച്ച് എഴുതണം എന്നതിന് മേല്‍പ്പറഞ്ഞതായിരിക്കാമെന്റെ ഉത്തരം.

നമ്മുടെ കവിത മനുഷ്യ ചരിത്രത്തോട് പ്രതികരിക്കുകയും സംവദിക്കുകയും തര്‍ക്കിക്കുകയും ചെയ്തു തുടങ്ങിയ എഴുപതുകളില്‍ നിന്ന് 2023 ലെത്തിയ കവിതയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 
'തോട്ടി' മനുഷ്യരുടെ ആവാസഇടങ്ങളില്‍ നിന്ന് പറന്നു പൊന്തുന്ന ഈച്ചകള്‍ നമ്മുടെ തന്നെ മാലിന്യങ്ങളില്‍ നിന്നാണ്. അവന്‍ വൃത്തിയാക്കുന്നവരോടുള്ള നമ്മുടെ നോട്ടങ്ങളിലേക്ക് എപ്പോഴെങ്കിലും നാം തിരിഞ്ഞ് നോക്കിയിട്ടുണ്ടോ?

ബാലചന്ദ്രൻ ചുള്ളിക്കാട് | PHOTO: FACEBOOK
തോട്ടിയോട് നീയാരെന്ന് കാലം ചോദിക്കുന്നു.
ലോകമാണ് അയാള്‍ക്ക് വിധി പറയുന്നത് 
നീ തോട്ടി'
നീചജാതി
,ജന്മപാപി,
അസ്പൃശ്യന്‍
ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോന്‍.'

കവിതയില്‍ വേലായുധന്‍ എന്ന ശിഷ്യന്‍ നാണുഗുരുവിനോടു ചോദിക്കുന്നുണ്ട് തോട്ടി ബ്രഹ്‌മമാണോ ?
ഗുരു പറഞ്ഞു തോട്ടിയും ബ്രഹ്‌മം. മലവും ബ്രഹ്‌മം.

മൗനത്തിന്റെ മണല്‍പ്പരപ്പില്‍ എവിടെയോ ഒരഗ്‌നിപര്‍വ്വതം കണ്ണുതുറക്കുന്നുണ്ട് എന്ന് കെ ജി എസ് എഴുതിയത് ഓര്‍മ്മ വന്നു. നമ്മുടെ മുന്നിലേക്ക് ആത്മപരിശോധനയുടെ സമയത്തെ നീട്ടി വെക്കുന്നു ഈ കവിത. കവിതയില്‍ ചുള്ളിക്കാട് ഒറ്റയ്ക്ക്... മുന്നേ നടക്കുന്നു.

ലോറന്‍സ് ആദ്യമായി
പാതാളത്തില്‍നിന്ന് കണ്ണുകളുയര്‍ത്തി,
മലത്തില്‍നിന്ന് മാനത്തേക്കു നോക്കുന്നു.
സൂര്യന്‍ അയാളുടെ കണ്ണുകള്‍ക്കു തീയിട്ടു.

തുടര്‍ന്നുപോരുന്ന നമ്മുടെ മനുഷ്യപരമ്പരയുടെ ഇങ്ങേയറ്റത്ത് തൊണ്ണൂറു കഴിഞ്ഞ് ആണിക്കിടക്കയില്‍ മരണകാലം കാത്തുകിടക്കുന്ന ആ മനുഷ്യന്‍ ഞാനോ നിങ്ങളോ ആകാമല്ലോ!

'ഞാന്‍ വന്ന തീവണ്ടി പോവുകയാണ്' - പറയുന്നത് കല്പറ്റ. അതിനു നീട്ടിക്കുറുക്കലിന്റെ ഈണമുണ്ടാകും. സ്വയം പര്യാപ്തമായ ഒരു ലാവണ്യ ബോധമാണ് കല്പറ്റ പിന്തുടരുന്നത്. അവ്യവസ്ഥിതങ്ങളില്‍ നിന്ന് ക്രമത്തിലേക്കും ക്രമരാഹിത്യത്തിലേക്കും കല്പറ്റക്ക് വേഗം കടക്കാം.

ഈ കവിത നോക്കൂ.

'അതാ
ഞാനിറങ്ങിയ തീവണ്ടി അകന്നകന്ന് ചെറുതായി ചെറുതായി ഇല്ലാതാകുന്നു.'

എന്നാണ് തുടക്കം. തീവണ്ടിയെ മറ്റൊരു ആവാസ ഇടമാക്കി മാറ്റുന്നു കവി.

അവിടെ ആളുകളുണ്ട്. ഭാഷയുണ്ട്.
പുസ്തകവും കാപ്പിയുമുണ്ട്.
പെട്ടെന്ന് അതില്ലാതാകുന്നു.

ഇല്ലാതാകുന്ന ഇടങ്ങള്‍ രാഷ്ട്രീയ സ്ഥലങ്ങളാകുകയും ഓര്‍മ്മയില്‍ നിലനില്‍ക്കുകയും ഓര്‍മ്മ തുടച്ചുമാറ്റാനാകാതെ മനുഷ്യര്‍ക്ക് മുന്നില്‍ അധികാരം നിഷ്പ്രഭമാകുകയും ചെയ്തിട്ടുണ്ട്. അത് ചരിത്രമാണ്.

'കുറഞ്ഞ കാലം സന്തോഷത്തോടെ
പാര്‍ത്ത ഒരിടം ആണില്ലാതാകുന്നത്.'

വായിച്ചും, ഓര്‍മിച്ചും, അനുകമ്പപ്പെട്ടും കഴിച്ചുകൂട്ടിയ ഒരിടം എന്ന് കവിത പറയുന്നു.

കൽപറ്റ നാരായണൻ | PHOTO: WIKI COMMONS
'സംശയിക്കാതെ
മുന്നോട്ടു പോയ
ചലിക്കുന്ന
ഒരു കാലമാണ്
ഇല്ലാതാവുന്നത്.'

ഭീതിയിലേക്കുള്ള മനുഷ്യന്റെ പ്രയാണം എത്രഎളുപ്പം സംഭവിക്കുന്നു! ഇതുവരെ ഞാന്‍ ജീവിച്ച ജീവിതം എന്നില്‍നിന്നകന്നകന്നില്ലാതാകുന്ന കാഴ്ച ജീവനോടെ കാണുകയാണോ ഞാന്‍?
ലോക വ്യവസ്ഥയുമായി ഇടറി നില്‍ക്കുന്ന വാക്കിന്റെ നിലനില്‍പ്പാകുന്നു ചിലപ്പോള്‍ കവിത. അനന്യവും അതിസൂക്ഷ്മവുമായ അനുഭവം കവിതയാവുന്ന 'കാറ്റില്‍ പിടയുന്ന മരത്തിലെ അവസാനത്തെ ഇലപോലെ പിന്നില്‍ തനിച്ച് ഞാന്‍.' എന്ന് കവിത അവസാനിക്കുന്നു.

'നിങ്ങള്‍ക്ക് ആശയങ്ങള്‍ കൊണ്ട് കവിത മെനയാനാവില്ല. അതിനു വാക്കുകള്‍ തന്നെ വേണം എന്ന് പറഞ്ഞ കവിയാണ് മല്ലാര്‍മേ. കവിതയുടെ ഭാഷ, രൂപം ഒക്കെത്തന്നെ ഈ മെനയലില്‍ കവിക്കൊപ്പമുണ്ട്.'

മല്ലാര്‍മേ പറയും പോലെതന്നെ കവിതയില്‍ രൂപത്തിന്റെ അഴിച്ചുപണികള്‍ നിരന്തരം ചെയ്യുമ്പോഴും സൂക്ഷിക്കുന്ന വാക്കുകളുടെ സൂക്ഷ്മമായ ചരിത്രവീക്ഷണം ഗോപികൃഷ്ണനില്‍ ഉണ്ട്.
'ഇന്ത്യയുടെ കൂട്ടുകാരന്‍' എന്ന കവിത നോക്കു. ഭാഷയുടെ അതിനിഗൂഢമായ വിനിമയങ്ങളിലൂന്നിക്കൊണ്ട് കവി മുമ്പും കവിതകള്‍ എഴുതിയിട്ടുണ്ട്. അതില്‍ ഓര്‍മ്മയും ചരിത്രവും കടന്നുവന്നിട്ടുണ്ട്.
ഈ കവിതയിലും ഓര്‍മ്മ പ്രധാന അടരാണ്.

'കൊന്നു എന്നതിന്
മരിച്ചു  എന്നു പറയുന്ന ഒരു കൂട്ടുകാരന്‍
എനിക്കുണ്ടായിരുന്നു.'

എന്നാണ് കവിത തുടങ്ങുന്നത്. രാവണന്റെയും, ഡെസ്ഡിമോണയുടെയും വര്‍ഗീസിന്റെയും, ഖസാക്കിലെ രവിയുടെയും ഇടപ്പള്ളിയുടെയും മരണങ്ങള്‍ പുനര്‍വിചിന്തനത്തിന് വിധേയമാകുന്നു.

'അയാളുടെ കഥനങ്ങളില്‍
രാമന്റെ മടിയില്‍ കിടന്ന്
ആ കണ്ണുകളിലേയ്ക്ക് സ്‌നേഹപൂര്‍വ്വം നോക്കിയാണ്
രാവണന്‍ ശരീരം വെടിഞ്ഞത്.
പിടിച്ചുവെയ്ക്കാന്‍ വെമ്പിയ
ഒഥല്ലോയുടെ കൈകളെ നിരാശമാക്കിയാണ്
ഡെസ്ഡിമോണ മറഞ്ഞത്.
തിരുനെല്ലിക്കാട്ടില്‍
പോലീസ് തോക്കിന്റെ സ്‌നേഹവലയത്തില്‍
ചിരിച്ചു ചിരിച്ചാണ് വര്‍ഗ്ഗീസ് മരിച്ചത്. 
കക്കയത്തെ രാത്രിയില്‍
നിറനക്ഷത്രങ്ങളെ നോക്കിപ്പാടിയാണ്
രാജന്‍ പുഴയില്‍ അലിഞ്ഞു ചേര്‍ന്നത്.
അവനെഴുതിയപ്പോള്‍
ഖസാക്കിന്റെ ഇതിഹാസത്തിലെ പാമ്പ്
രവിയുടെ വിഷം
ഊറ്റിക്കുടിക്കുന്ന
ഭിഷഗ്വരനായി.
അവന്‍ പാടിയപ്പോള്‍
ഇടപ്പള്ളിയുടെ മണിമുഴക്കം
ഉണരുവിന്‍,നിങ്ങളുണരുവിന്‍
എന്ന് തുടങ്ങുന്ന
സാര്‍വ്വദേശീയഗാനമായി.'

ഗാന്ധിയുടെയും. ഗൗരി ലങ്കേഷിന്റെയും മരണങ്ങള്‍ക്ക് മറ്റൊരു പാഠം ഉണ്ടാകുന്നു. പ്രളയഭൂമിയും ഹിരോഷിമയും ചരിത്രത്തില്‍ നിന്നടര്‍ന്ന് മറ്റൊരു കഥനത്തിന്റെ ശബ്ദമാകുന്നു. ഭൂതകാലം വാര്‍ത്തമാനത്തിന് വഴിമാറുന്നു. ഹിംസയുടെ ചരിത്രമാണ് കവിത നിവര്‍ത്തുന്നത്. ആരാഷ്ട്രീയതകളുടെ മറ്റൊരു മുഖം....
കവിത അവസാനിക്കുന്നു.

ഗൗരി ലങ്കേഷ് | PHOTO: PTI
'ഇപ്പോഴവന്‍ ഇസ്രയേലിലാണ്..
ഗാസയില്‍ ചെന്ന്
ഓരോ പതിനഞ്ചു മിനിറ്റിലും
ഓരോ കുട്ടിയുടെ
മുടി കൂട്ടിപ്പിടിച്ച്
കഴുത്തു മുറിച്ച് മുറിച്ച്
ലോകത്തിന്റെ തൊലിയില്‍
രോമാഞ്ചമുണ്ടാക്കുകയാണ്.'

അവന്‍ ഞാനല്ലോ എന്ന് ആറ്റൂര്‍.

ടി. പി വിനോദിനെ വായിക്കുമ്പോള്‍ മിരോസ്ല ഹോലൂബിനെയാണോര്‍മ്മവരിക. അത്രമേല്‍ സൂക്ഷ്മമായി ഈ കവി വാക്കുകളെ ഒരു കുഞ്ഞിനെപ്പോലെ സ്പര്‍ശിക്കുന്നല്ലോ എന്ന് തോന്നും. ഐന്ദ്രിയാനുഭൂതികളില്‍ സ്പര്‍ശം പ്രധാനമാണ്. 'നിഴലുകളുടെ അലമാര' എന്ന കവിത വായിക്കുമ്പോള്‍ അങ്ങനെ തോന്നും.

'പണ്ടുവായിച്ച പുസ്തകം
ഒന്നുകൂടി കാണുവാന്‍
അലമാര തുറന്നു പരതി
പുറത്തേക്കെടുക്കുമ്പോള്‍
അതിന്റെ നിഴല്‍
മറ്റു പുസ്തകങ്ങളിലേക്ക്
ചാഞ്ഞുവീഴുന്നൊരു
നിമിഷാര്‍ദ്ധമുണ്ടായി.'

എന്നാണ് കവിത തുടങ്ങുന്നത്. പിന്നീട് ആ നിഴലിനെ വ്യക്തമായിക്കാണാനുള്ള വ്യഗ്രത. അല്ലെങ്കില്‍ നിഴലിനെ പിടിച്ചു കെട്ടാനുള്ള ആക്കം! ബോര്‍ഹസ്സിന്റെ അലിഫ് എന്ന കഥയില്‍ ആത്മജ്ഞാനത്തിന്റെ വെളിച്ചം കണ്ടെത്തുന്ന ഒരു കഥാപാത്രമുണ്ട്. അയാള്‍ അത് കണ്ടെത്തുന്ന നിമിഷം കഥ അവസാനിക്കുന്നു. വെളിച്ചം വായനക്കാരന്റെ കണ്ണിലേക്ക് പടരുന്നു.

കൈ അനക്കാതെ പിടിച്ചും,
മുന്നോട്ടും, പിന്നോട്ടും
പലദിശകളില്‍
കൈ നീക്കിയും
കവി/കവിത 
നിഴലിന്റെ സാധ്യതകളെണ്ണുകയാണ് പിന്നീട്, ഓര്‍മ്മകളുടെ പേടകത്തില്‍!.
 
അലമാരയിലെ പുസ്തകങ്ങളുടെ
താളുകള്‍ക്കിടയില്‍
എത്രയെത്ര നിഴലുകള്‍
ഉറങ്ങുന്നുവെന്നാലോചിച്ചു.
 
പുസ്തകങ്ങളുടെ അലമാരക്ക് നിഴലുകളുടെ അലമാര എന്ന് പേര് മാറ്റുന്നതോടെ ശരി തെറ്റുകളുടെ ആലോചനകള്‍ കടന്നു വരുന്നു.

a poem is not
one of the last
but of the first things of man.

എന്ന് ഹോലൂബ് വീണ്ടും..
 
വെളിച്ചത്തിന്
നിഴലുകളെ ശേഖരിക്കാനുള്ള
ഉപാധികള്‍ മാത്രമാണ്
നമ്മളും നമ്മുടെ യാഥാര്‍ത്ഥ്യങ്ങളുമെന്ന്
എനിക്കെന്റെ
ഓര്‍മ്മകളെയും
ആഗ്രഹങ്ങളെയും
പഠിപ്പിക്കണം.'

എന്നാണ് കവിത അവസാനിക്കുന്നത്. ഒരാളുടെ ഏകാന്തതകളെ കവിതയില്‍ വായിക്കുമ്പോള്‍, പക്ഷി, നനഞ്ഞ ചിറകുകള്‍ ഒതുക്കുന്നതിന്റെ ഒച്ച കേള്‍ക്കാം.

പ്രണയത്തിന്റെ അതി തീവ്രമായ ഒരനുഭവം 'ഉണ്ടായിരുന്നുവോ നമ്മള്‍' എന്ന കവിതയില്‍ നിന്ന് വിജയലക്ഷ്മി തന്നു. എനിക്ക് അത്രമേല്‍ പ്രിയപ്പെട്ടവളാണ് ഈ കവി. എന്റെ സ്‌നേഹത്തിലേറ്റമപാരതേ എന്ന അവരുടെ തന്നെ വരികളാണ് എനിക്ക് തിരിച്ചു കൊടുക്കാനുള്ളത്. ഈ കവിതയെന്നല്ല മിക്ക കവിതകളിലും പ്രണയമാണ് വിജയലക്ഷ്മിയുടെ Concern. ഇതില്‍ ഓര്‍മ്മയാണ് നീറുന്നത്.

വിജയലക്ഷ്മി | PHOTO: WIKI COMMONS
ഇങ്ങു ദൂരത്തുണ്ടൊരോര്‍മ്മ, നേരായിട്ടു-
മുണ്ടായിരുന്നുവോ നമ്മള്‍?'

എന്ന് പ്രതീതി യാഥാര്‍ഥ്യത്തിന്റെ നേര്‍ത്ത സന്ദേശങ്ങള്‍, ഉണ്ടോ ഇല്ലയോ ജീവന്‍ എന്ന ആശങ്കകള്‍, നിലനില്‍പ്പിന്റെ നേര്‍ത്ത മര്‍മ്മരങ്ങള്‍! സമയ ദൂരങ്ങളെ വകഞ്ഞു വരുന്ന ഓര്‍മ്മ.
വെള്ളത്തില്‍ വീണ നിഴലിനെ തങ്ങളുടെ അസ്തിത്വത്തിന്റെ നേരിയ നൂലുകളായി കവി കണ്ടെടുക്കുകയാണ്. പച്ചിലകളില്‍ വെയില്‍ വീഴുമ്പോള്‍ തെളിയുന്ന പച്ചക്ക് വേണ്ടി ഞാന്‍ എത്രയോ നിറങ്ങള്‍ ചേര്‍ത്തിരിക്കുന്നു ഒരുകാലം എന്ന ഓര്‍മ്മ എന്നില്‍ തിളച്ചു വന്നു.

'പായുന്ന മേഘങ്ങളായ്,
തിളങ്ങിക്കണ്ട
രൂപങ്ങള്‍
തേഞ്ഞുതീരുമ്പോള്‍
സന്ദേശവാക്യങ്ങള്‍ മാഞ്ഞു സായംകാല
സന്ദേഹമായി മാറുമ്പോള്‍,
അന്തിച്ചെമപ്പിന്നിടയ്ക്കുതിര്‍ന്നമ്പിളി-
ച്ചെമ്പകത്തെല്ലൊടുങ്ങുമ്പോള്‍
എല്ലുകള്‍ക്കുള്ളില്‍ക്കരണ്ടുനീങ്ങും ശീത-
സംക്രമം പൂര്‍ണമാവുമ്പോള്‍

വെള്ളത്തില്‍ നീണ്ടുവീഴും നിഴല്‍ പോലെയ-

ന്നുണ്ടായിരുന്നുവോ നമ്മള്‍?

എന്ന് വീണ്ടും..

നമ്മള്‍ എന്ന ദ്വിവചനത്തില്‍ നിന്ന് നമ്മള്‍ എന്ന ഏക വചനമായി കവിത നിലനില്‍ക്കുന്നു. പ്രണയമല്ലാതെ മറ്റെന്തിനാവുമീ ചിറകനക്കം!..

നമ്മള്‍ ഒരിക്കലും ഉണ്ടായിരുന്നില്ലല്ലോ എന്നൊരാന്തല്‍ എന്റെയുള്ളില്‍ നിന്ന്.....!

'സമ്മാനിക്കാന്‍ 
കയ്യിലൊന്നുമില്ലെന്ന
കാരണത്താലാണു
നീ കാണാന്‍ വരാഞ്ഞത്
എന്നറിഞ്ഞു.

ചുണ്ടുകളുള്ള കാലത്തോളം

കാമുകസന്നിധിയില്‍
പ്രണയിനി
ദരിദ്രയാവുന്നതെങ്ങനെ?'

എന്ന് 'സമ്മാനിക്കാന്‍ 'എന്ന കവിതയില്‍ വീരാന്‍ കുട്ടിയും...

അതും പ്രണയം തന്നെ.

സുധീഷ് കോട്ടേമ്പ്രം എഴുതിയ 'ആഫ്റ്റര്‍ ഇമേജ്' വായിക്കുമ്പോള്‍ Who is the third who always walks behind you എന്ന് വീണ്ടും അനുഭവിച്ചു. വെളിച്ചവും ഇരുട്ടും വെളിച്ചപ്പരപ്പിലിരുട്ടിന്‍ ചുഴിയും ആ ഇരുള്‍ത്തുരന്നു പോകുന്ന വെട്ടവും അതിന്റെ  വാള്‍ത്തലയും കവിതയിലേക്ക് പതിയെ വരുന്നു.
എന്താണ് കാഴ്ച? കാഴ്ചക്ക് ശേഷം എന്താണ് നിലനില്‍ക്കുക? ഓര്‍മ്മയല്ലാതെ മറ്റെന്ത്?

ഓര്‍മ്മയില്‍ രണ്ട് അംശങ്ങളുണ്ടല്ലോ! മിനറല്‍ മെമ്മറിയും വെജിറ്റബിള്‍ മെമ്മറീയും. കാണുകയും കേള്‍ക്കുകയും തൊടുകയും രുചിക്കുകയും സ്പര്‍ശിക്കുകയും ചെയ്യുമ്പോള്‍ ഓര്‍മ്മയുടെ ഉള്ളടരിലേക്ക് ആ അനുഭൂതികള്‍ സംഭരിക്കപ്പെടുന്നുണ്ട്. പിന്നീട് മനസ്സ് അത് സന്ദര്‍ഭം പോലെ ഓര്‍ത്തെടുക്കുന്നു. പക്ഷെ, അസാന്നിധ്യങ്ങള്‍ ഓര്‍മ്മയുടെ ഏത് തിരിവിലാണ് സംഭരിക്കപ്പെടുന്നത്? അറിയില്ല.
സുധീഷിന്റെ കവിത സംസാരിക്കുന്നത് ഇപ്പോള്‍ ഇല്ലാത്ത ഒരാള്‍ /അല്ലെങ്കില്‍ ഇപ്പോള്‍ കാഴ്ച്ചയില്‍ ഇല്ലാത്ത ഒരാളുടെ ദൃശ്യം / ഓര്‍മ്മയിലുള്ള ഒരാളെകുറിച്ചാണ്.
വിശ്വദര്‍ശനം പോലൊരു കവിത ജി. ശങ്കരക്കുറുപ്പ് എഴുതിയത് സായന്തനത്തിന്റെ കാഴ്ച കണ്ട അതെ നിമിഷമല്ലല്ലോ! അജന്തയെന്ന കവിത ആര്‍ രാമചന്ദ്രനില്‍ പിന്നീട് വന്ന അനുഭൂതിയാണല്ലോ!.

'ഇല്ലാത്തൊരാളിന്‍ കനം വെപ്പുകുടിയില്‍
തീനുറക്കില്‍
കിനാക്കിടപ്പില്‍
വിട്ടുപോയവര്‍ ഇരട്ടിക്കുന്നുണ്ടാ- 
മൊരാളടര്‍ന്നതിന്‍
മുറിവായില്‍.

വേറിട്ടൊരാളൊന്നാകെ തീരില്ലു, 
തിളങ്ങുമറവുമാടിന്‍ കണ്ണുപോല്‍
ഉണര്‍വില്‍ ഉയിരിന്‍ പിടപ്പില്‍ 
ഉണ്ടായിരുന്നതിന്നധിക വ്യാപ്തിയില്‍'

എന്ന് കവിത അവസാനിക്കുന്നു. കാഴ്ചയുടെ, ഓര്‍മ്മയുടെ, അനുഭവത്തിന്റെ അധികവ്യാപ്തിയില്‍ത്തന്നെ. സംഗീതത്തിന്റെ അവസാന സ്വരവും ആലപിച്ച ശേഷം നിലനില്‍ക്കുന്ന നിശബ്ദതയിലാണല്ലോ ആ സംഗീതം സംവദിക്കപ്പെടുക!

സുധീഷ് കോട്ടേമ്പ്രം | PHOTO: WIKI COMMONS
ഒ.പി. സുരേഷ് എഴുതിയ 'അനന്തരം ഞാന്‍ പറന്നു പോകുന്നു' എന്ന കവിത, വായനയില്‍ അപരലോകങ്ങളെ സ്പര്‍ശിക്കുന്നു. ആവര്‍ത്തനങ്ങളില്‍ നിന്ന് അഴിഞ്ഞു പോകുന്ന ജീവിതമാണ് മുന്നില്‍.
അതും അച്ചടക്കമുള്ള ആവര്‍ത്തനങ്ങള്‍! മറിച്ചെന്തെങ്കിലും ഓര്‍ക്കാനാവാത്ത ഏറെക്കുറെ സമാന ജീവിതം, ദൈനംദിനം. 'മതിലിനകത്ത് വീടിനെയടയ്ക്കുന്നു. വീടിനകത്ത് ജീവിതങ്ങള്‍, ജീവിതത്തിനകത്ത് ശൂന്യത, ജന്മം തിന്നുതീരാത്ത നിബിഡത.'

ജോണ്‍ ബെര്‍ജെര്‍ കവിതയുമായി ബന്ധപ്പെട്ട ചില ചെറിയ കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്. അതില്‍ നൈതികതയും കവിതയും തമ്മിലുള്ള ബന്ധത്തെപറ്റിയാണ് പ്രസ്തുത കുറിപ്പ്. Hour of Poetry 
എന്ന പേരില്‍ എന്നാണോര്‍മ്മ. അനുഭവങ്ങളെ അനുഭവങ്ങള്‍ തന്നെയായി നിലനിര്‍ത്താന്‍ ആകുമെങ്കില്‍ കവിത എന്തിന് എന്നദ്ദേഹം ചോദിക്കുന്നുണ്ട്. അനുഭവങ്ങള്‍ അങ്ങനെ തന്നെ നില നില്‍ക്കില്ലല്ലോ. അപ്പോള്‍ കവിത വേണം. പടര്‍ന്നു പോകുന്ന അനുഭവങ്ങളുടെ ആവിഷ്‌കാരങ്ങളില്‍ എത്ര കണ്ട് ആ അനുഭവങ്ങളുടെ സത്ത മുഴുവനായും ഉണ്ടാകും?
ഒ. പി സുരേഷ് ഇത്തരത്തില്‍ കവിതയെ അന്വേഷിക്കുന്നു. കണ്ടെത്തുന്നു.

ഊക്കനൊരു പൊട്ടിത്തെറിപോലെ എന്ന് ഈ കവിതയില്‍

അനന്തമായി അടങ്ങിയിരിക്കാന്‍ പഞ്ചഭൂതങ്ങള്‍ക്കൊന്നിനുമാവില്ല എന്ന തിരിച്ചറിവ് കവിയിലുണ്ട്. അവയാലുണ്ടാക്കിയ മനുഷ്യരെയോര്‍ത്ത് കവി ചിരിക്കുന്നുമുണ്ട്.

'പുറത്തുചാടിയ ശ്വാസത്തിനൊപ്പം
ഞാനപ്പോള്‍ മണംപിടിച്ചിറങ്ങുന്നു.
വെയില്‍ തിന്നും വരാന്തയില്‍ കാഴ്ച കാഞ്ഞിരിക്കുന്നു.'
പിന്നീട് കാഴ്ചകള്‍ മെരുങ്ങുന്നു.
തൊടിയില്‍ ഒരു മരം, ചില്ലയില്‍ ഒരു കിളി  തമ്മില്‍ കോര്‍ക്കുന്ന
കണ്ണുകള്‍......
  
കല ഒരേസമയം അപരാനുഭവങ്ങളിലേക്ക് കുതറല്‍ കൂടിയാണല്ലോ ! വ്യക്തിയില്‍ നിന്ന് മനുഷ്യാനുഭവങ്ങളിലേക്ക്, ചരിത്രാനുഭവങ്ങളിലേക്ക്, ആത്മീയാനുഭവങ്ങളിലേക്ക്, പടരുന്നു.
'സമസ്തലോകവും ചിറകടിദൂരത്തില്‍ ക്രമപ്പെടുത്തിയ കൃഷ്ണമണികളില്‍ അമിതഭാരത്താല്‍ അമര്‍ന്നുപോയ ഞാന്‍ ജടിലചിത്രമായ് പ്രതിബിംബിക്കുന്നു' എന്നാണ് പിന്നീട് കവി പറയുന്നത്.

അപരത്തിന്റെ അനന്യതയെ നേര്‍ക്കുനേര്‍ കാണുകയാണയാള്‍. ആദികാലം മുതലുള്ള കവിതയുടെ വേരുകള്‍ അയാളില്‍ ആഴ്ന്നിറങ്ങുന്നു. അയാള്‍ മനുഷ്യനും കവിയുമാകുന്നു.

'കിളിയുടെ ശ്വാസം പിടിച്ചെടുത്തു ഞാന്‍ മനുഷ്യന്റെ ശ്വാസം
അതിനു നല്‍കുന്നു.'

എന്ന് കവിത അവസാനിക്കുമ്പോള്‍ ആത്മബലിയുടെ, കവിത തെളിയുന്നു. വ്യക്താനുഭവത്തിന്റെ അതിരുകള്‍ വകഞ്ഞു കൊണ്ട് മനുഷ്യന്‍ എന്ന വലിയ അനുഭവം ലോകത്തിന്റെ പടര്‍പ്പാവുന്നത് ഇങ്ങനെയല്ലാതെ മറ്റെങ്ങനെ?

'മത്സ്യത്തിന്റെ മരണം' എന്ന പേരില്‍ പി ടി ബിനു എഴുതിയ കവിതയില്‍ ഈ അനുഭവം മറ്റൊരു രീതിയില്‍ തെളിയുന്നു. കാല്‍പ്പനികമായ അനുഭൂതിയെ നിലനില്‍പ്പിന്റെ അടയാളങ്ങളിലേക്ക് പടര്‍ത്തുന്ന കവിതയാണിത്. പ്രഭാതം മുറ്റത്തെഴുതിയ പൂന്തോട്ടം കാണാന്‍ കവിയുടെയുള്ളിലെ കുട്ടി നഗ്‌നനായി പോകുകയാണ്.
 തിരിച്ചെത്തുമ്പോള്‍; കയ്യില്‍ ഇലയില്‍ നിന്നു പതിപ്പിച്ചെടുത്ത നിലാവ്, കണ്ണുകള്‍ നിറയെ തൊടിയിലെ കിളികളും ശലഭങ്ങളും. കാലില്‍ പൂമരുതും മഞ്ഞും കലര്‍ന്ന നനവ്. വൈയക്തികാനുഭവത്തിന്റെ നേരിയ വെളിച്ചം. മായികമായ ബിംബ കല്പനകള്‍! ആ കുട്ടി പെട്ടെന്ന് അപരനാകുന്നു /അവനാകുന്നു. ആത്മത്തെ പുറത്തെടുത്തു നോക്കിക്കാണും.

പി ടി ബിനു | PHOTO: WIKI COMMONS
പഴയ കഥയില്‍ നിന്ന് നനച്ച അവില്‍ കാവ്യ ബിംബമാകുന്നു. വരയ്ക്കുന്ന ചിത്രങ്ങളും, ആകാശം മരങ്ങളുടെ പാട്ടു കേള്‍ക്കുന്നതും കൊറ്റികള്‍ മേഘങ്ങളാകുന്നതും കവിതയില്‍ ഭാവനയുടെ അതീതലോകങ്ങളെ കാട്ടിത്തരുന്നു.. ആരും ഒന്നും തിരിച്ചറിയുന്നില്ല.

'അവര്‍ എഴുതിപ്പഠിച്ച വാക്കുകളിലല്ല പറഞ്ഞത്.'

എന്നാണ് കവി മനസ്സിലാക്കുന്നത്. പായുന്ന മൃഗത്തെ അസ്ത്രംകൊണ്ട് എയ്തുനിര്‍ത്തിയപോലെ അവര്‍ അവനെ നോക്കിച്ചിരിക്കുന്നു. പിന്നീടാണ് കവിതയില്‍ മായികത അതിന്റെ ഭ്രമാത്മക സൗന്ദര്യം വെളിപ്പെടുത്തുന്നത്.

'അവന്‍ ഇലയില്‍ നിന്നൊരരുവിയെടുത്ത് 
തേക്കുകുളത്തിലെ കലങ്ങിയ വെള്ളത്തിലേക്കൊഴുക്കി.
ജലം തെളിഞ്ഞുവരുന്നത് താമര വിരിയുന്നതുപോലെ അവരുടെ കണ്ണുകളില്‍ വരച്ചു. പേരു വിളിച്ചപ്പോള്‍ പൊന്തിവന്ന മത്സ്യത്തിനു നേരെ ഒരുവന്‍ ചെളിയില്‍ ഒളിപ്പിച്ച തെറ്റാലി തൊടുത്തു.
എന്റെ പെരുവിരല്‍ മുറിഞ്ഞ് രക്തമൊഴുകി.'

എന്നാണ് കവിതക്കൊടുവില്‍. ഭാവനയുടെ അതിതീവ്രമായ ആഘാതത്തില്‍ കവിതയിലെ മത്സ്യത്തോടൊപ്പം നീന്തിപ്പോകുന്നു. നിശബ്ദനായിരുന്നു സ്വന്തം കവിതയിലേക്കുറ്റു നോക്കുമ്പോളാണ് ബിജു റോക്കിയുടെ ഈ കവിത ജനിച്ചതെന്ന് തോന്നുന്നു. 'സൈലന്റ് വാലി' എന്ന കവിത ഒരു സ്ഥല ഭൂപടത്തിന്റെ ഓര്‍മ്മയാണ്. വൈരുദ്ധ്യാത്മകമായ ബിംബകല്‍പ്പനകള്‍ കൊണ്ട് വ്യത്യസ്തമായ ഒരു കവിത. അട്ടപ്പാടി ചുരം റോഡില്‍ സയാമീസിരട്ടകള്‍ പോലെ പോകുന്ന രണ്ട് കഴുതകളുടെ ദൃശ്യത്തില്‍ നിന്നാണ് കവിത തുടങ്ങുന്നത്. പരിസരം കവിതയ്ക്ക് അനുകൂലമായി ഒരുങ്ങുന്നു. അപരമെന്ന സങ്കല്പം ഒരു പോലെ എന്ന ഏകകത്തിലേക്ക് വരുന്നു. ജീവനെ കൂട്ടിപ്പിടിച്ച് എന്ന പോലെ ഒരുമിച്ച്... ജലാശയത്തിലേക്ക് ഒരുപോലെ നോക്കിക്കൊണ്ട്....

കഴുതകളുടെ കര്‍ത്തൃത്വത്തിലേക്ക് പിന്നീട് ഒരു പടര്‍ച്ച സംഭവിക്കുന്നു. വീട്ടിലേക്ക് മടങ്ങുമ്പോള്‍, തോളില്‍ കയ്യിട്ട് ഒപ്പമുണ്ടായിരുന്ന, കൂട്ടുകാരനെ ഓര്‍ക്കുകയാണ് കവി.
താനും അവനുമെന്ന ദ്വന്ദം രണ്ട് ജീവികളിലൂടെ ഓര്‍മ്മയില്‍ പുന:സൃഷ്ടിക്കുന്നു. കാലിലെ കുട്ടിക്കെട്ടിയ പഴയ കയര്‍ച്ചുറ്റ് കാണുകയാണ് കവി. തെരുവിലെ കഴുതകള്‍ പെറ്റുപെരുകാതെയിരിക്കാന്‍ ഇണചേരാനാകാത്ത വിധം കെട്ടിവിട്ടതാണെന്ന് പറഞ്ഞുകേള്‍ക്കുന്നു കവി. നിശബ്ദരായി ചുരമിറങ്ങുന്നവര്‍ യഥാര്‍ത്ഥത്തില്‍ ആരാണ്?

വിദ്യ പൂവഞ്ചേരി 'പാട്ടും പകലും' എന്നൊരു കവിത എഴുതിയിട്ടുണ്ട്. സമയമാണ് മുഖ്യസ്പര്‍ശം.

രാത്രി തീരുന്നില്ല. അതറിയാതെ 
വീടിനുമുന്നിലുള്ള ഗന്ധരാജക്കൊമ്പിലിരിക്കുന്ന ഇരട്ടവാലന്‍പക്ഷി പക്ഷിയെകണ്ട് കവിക്ക് പാട്ടു പാടാന്‍ തോന്നി. പാട്ട് തെരഞ്ഞിട്ടും കിട്ടുന്നില്ല. അവിടെയും സമയമാണ് പ്രധാനം. ഇരുട്ടിലാണ് തിരയുന്നത് കിട്ടുന്നില്ല. തിരച്ചില്‍ നിര്‍ത്തി തിരിച്ചു വന്നപ്പോളതാ ഗന്ധരാജന്‍കൊമ്പില്‍ അപ്പോഴും ഇരിക്കുന്ന പക്ഷിയുടെ വാലില്‍ തൂങ്ങിക്കിടക്കുന്നു പാട്ടും പകലും. പക്ഷി പറന്നു പോകുന്നു. കവിയുടെ ഒച്ച നിലക്കുന്നു.

മാര്‍കേസിന്റെ ഒരു കഥയില്‍ ചിറകുകള്‍ മുളച്ച ഒരു മനുഷ്യനെക്കുറിച്ച് പറയുന്നുണ്ട്. ലോകം ആ മനുഷ്യനെ കാഴ്ചവസ്തുവാക്കുന്നു. അയാള്‍ക്ക് പറക്കാന്‍ ആകുന്നില്ല. പറക്കാനല്ലെങ്കില്‍ പിന്നെന്തിന് ചിറക്! പാടാനല്ലെങ്കില്‍ പിന്നെന്തിന് ശബ്ദം! അനുഭൂതിയുടെ നേര്‍ത്ത അനക്കമാണീ കവിത.

ലോകക്രമത്തിന്റെ ഭയപെടുത്തുന്ന പകര്‍ച്ചകള്‍ സിന്ധു കെ.വിയുടെ 'പെറ്റച്ഛന്‍ 'എന്ന കവിതാ വായന സമ്മാനിച്ചു. അച്ഛനും മകളും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ പൂത്തുവരുന്ന കവിത!
അച്ഛനില്‍ മകള്‍ തീര്‍ക്കുന്ന കവിത. ശിലയും അലിഞ്ഞുപോകുന്ന നിലാവേത്?എന്നാണ് മകള്‍ ചോദിക്കുന്നത്. തുടര്‍ന്ന് പലയിടങ്ങളില്‍... പല കാലങ്ങളില്‍... പല മുഖങ്ങളില്‍ കഥ പറയുന്ന അച്ഛന്‍..!. മകളെ ഉയരത്തിലേക്ക് ഊഞ്ഞാലിലേക്ക് ആട്ടിവിടുന്ന അച്ഛന്‍.

അവളുടെ ആടലില്‍ തട്ടി കാതങ്ങള്‍ അകലെ തെറിച്ചുവീഴുകയാണയാള്‍. അയാള്‍ യാത്ര തുടരുന്നു. നടത്തറയില്‍, പൂരപ്പറമ്പില്‍ മകളുടെ കൈ അയയുന്നതറിഞ്ഞ ഒരച്ഛന്‍ നിസ്സഹായനായി മാറിനില്‍ക്കുന്നു.
ലോകം മകളെയുംകൊണ്ട് യാത്ര തുടരുന്നു. ഒടുവിലെത്തുമ്പോള്‍ ഉണ്ടാകുന്ന നടുക്കമാണ് കവിത. വിശദീകരിക്കേണ്ടതില്ല.

'ഇരുട്ടില്‍
സ്വയം തകര്‍ന്ന്
അയാള്‍ മകളിലേക്ക്
കൈ നീട്ടുന്നു.
അവള്‍ ഭയന്നു മാറുന്നു'

ഈ വായന അപൂര്‍ണ്ണമാണ്. ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് ഇത് പൂരിപ്പിക്കുമായിരിക്കും. വായനയും ജീവിതവും ഇങ്ങനെ തന്നെ പോകുമായിരിക്കും.


#Penpoint
Leave a comment