TMJ
searchnav-menu
post-thumbnail

Penpoint

യാത്രികനായി മനസ്സിന്റെ മറുകടയാളം

10 Feb 2024   |   2 min Read
വയലാര്‍ ശരത് ചന്ദ്രവര്‍മ്മ

വിനീത് വിശ്വദേവ് കവിതയുടെ എഴുത്തരങ്ങില്‍ വന്നെത്തിയതേയുള്ളൂ. വഴിതെറ്റി വന്നതല്ല എന്ന് ഇതിലെ രചനകള്‍ ശരിവയ്ക്കും. ഒരു വിഷയത്തില്‍ ഓരോ രചയിതാവിനും തന്റേതായ വ്യാഖ്യാനമുണ്ടാകും. വിനീതിനുമുണ്ട് വ്യക്തമായ അക്ഷരക്കൂട്ടുകളുള്ള കാഴ്ചപ്പാടുകള്‍.

കാത്തിരിക്കുന്നവരാണ് നമെല്ലാം. തിഥി നോക്കിയും നോക്കാതെയും വന്നു പോകുന്നവരുണ്ട്. എന്നിട്ടും എത്താത്ത ആരെയോ നാമിപ്പോഴും കാത്തിരിക്കുന്നു, ആരെന്നോ, എന്തെന്നോ വ്യക്തതയില്ലാതെ. അതുപോലെ തന്നെ അനുഭവങ്ങളും വ്യത്യസ്തമായിരിക്കുന്നതിനാല്‍ ഒരുവന് അവന്റെ അനുഭവമാണ് ശരി. അലഞ്ഞവരും, അനുകരിച്ചവരും, മടിച്ചിരുന്നവരുമൊക്കെ ഒടുവില്‍ നിഷ്പ്രഭമായി പൊട്ടിത്തീരുന്ന അനുഭവം മാത്രമാണ് ജീവിതം എന്നറിയുന്നവരും അല്ലാത്തവരും ഇവിടെയുള്ള കാലം കൊട്ടാരങ്ങള്‍ കെട്ടിയും, സ്വപ്നം കണ്ടും അനുഭവം പങ്കിടുന്നു.

ഇരുട്ടിന്റെ കറുപ്പുകീറി ആയിരമായിരം കണ്ണുകളില്‍ പലനാളുകളായി പല ജന്മങ്ങളായി സൂര്യന്‍ വെളിച്ചം പുരട്ടുന്നുണ്ടെങ്കിലും, ആകാശനീലിമ കണ്ട് വിസ്മയിച്ച മനുഷ്യന്‍ ഉള്‍ക്കണ്ണുകളില്‍ ഇരുട്ട് പുരട്ടിയിരിക്കുന്ന കാട്ടാളന്‍ തന്നെ. അതിനെ പിന്‍താങ്ങുന്നു 'കൗടില്യമീ യുദ്ധം'. അഭയമെന്ന പദത്തിനെ അഭയാര്‍ത്ഥിയാക്കുന്ന, നാട് മരണവീടാക്കുന്ന യുദ്ധം. ഉത്തരങ്ങള്‍ തുടക്കത്തില്‍ തന്നെ മരിച്ചുവീണതിനാല്‍ അനാഥരാകുന്ന ചോദ്യങ്ങളാണ് യുദ്ധം.

വിനീത് വിശ്വദേവ് | PHOTO: WIKI COMMONS
ജൈവവൈവിധ്യങ്ങളുടെ കലവറയായ ആരണ്യങ്ങളുടെ നാശവും കടലും കരയും പുണരുന്നതിലെ ആവേശവും ഇടകലര്‍ന്ന ജീവിതത്തിലെ ഇഷ്ടങ്ങളുടെ സദ്യ രുചികരമാണ്. ആയിരം വേഷപ്പകര്‍ച്ചകളാകുന്ന കണ്ണെഴുതാത്ത കഥപ്പെണ്ണിന്റെ കണ്ണുകള്‍ക്ക് കണിയാകുന്നത് വിഷം പുരണ്ട വിളകളും, വില കൊടുത്തു വാങ്ങുന്ന കര്‍ണ്ണികാരങ്ങളുമാണ്. കര്‍ഷകന്റെ വേദനയിലെ തോഴന്‍, ഒഴുക്കു മെലിഞ്ഞു കേഴുന്നവളുടെ കരയിലെ ഏകന്‍, കാതരയുടെ കാമുകന്‍, കെ റെയിലിന്റെ കല്‍ക്കുറ്റികള്‍ സാധുവിന്റെ കൈകളില്‍ തറയുന്ന ആണികളെന്നറിയുന്നവന്‍, മിന്നുന്ന വേഷത്തിനുള്ളില്‍ വിങ്ങുന്ന ഗള്‍ഫുകാരന്‍.. ഇവയെല്ലാം ഈ കാവ്യക്കുടുക്കയില്‍. പ്രകൃതിയുടെ കൃതിയായ ഗ്രാമഭംഗി കണ്ട്, ചായപ്പീടികയിലെ നാട്ടുവര്‍ത്തമാനം കേട്ടുകൊണ്ടൊരു ചായ കുടിച്ച്, ചിമ്മുന്ന താരക കന്യയുടെ മിഴിയോടു മിഴി കൂട്ടിമുട്ടിച്ച്, ജീവിതത്താളുകളിലെ കുറിപ്പുകള്‍ വായിച്ച്, മാറ്റങ്ങളുടെ മുന്നോട്ടുള്ള പാച്ചിലിനിടയില്‍ തിരികെയൊന്ന് നടക്കാനൊരു മോഹം, പലരെയും പോലെ വിനീതിനും.

പയ്യാരമില്ലാതെ, പരിഭവമില്ലാതെ സ്വയം സ്ഫുടം ചെയ്‌തെടുത്ത താരാട്ടിനൊപ്പം, തന്നെ നിറയ്ക്കുന്ന മിഴികളുമായി നടക്കുന്ന നായികയാമങ്ങളുടെ കൂട്ടുമുണ്ട് താള്‍വഴികളില്‍. ആശകള്‍ കൂട്ടിവച്ചുണ്ടാക്കിയ ശ്രീകോവിലിലെ പൂജാരിയില്‍ നിന്ന് നിഗൂഢ വിപഞ്ചിക വീട്ടുന്ന ഗന്ധര്‍വ്വനായി മാറുന്നു അവളുടെ നൃത്തവേളകളില്‍. ഒന്നിനും നേരമില്ലാത്തവരുടെ കൂടെ പായുമ്പോഴും, പ്രണയത്തെ, നൊമ്പരത്തെ, ഓര്‍മ്മകളെയൊക്കെ നിര്‍വ്വചിക്കുവാന്‍ സമയം കണ്ടെത്തിയ കവിമനസ്സ് വീണ്ടും മീട്ടി നായികയെ പാതി മെയ്യാക്കുവാനുള്ള രാഗ വിസ്താരത്തില്‍. ഇതിവൃത്തമില്ലാതെ വാക്കുകള്‍ ചേര്‍ക്കുന്നവരുടെ പ്രാകൃത സ്വഭാവം വരുത്തുന്ന പതനത്തില്‍, മര്യാദ മറന്ന് മദിക്കുന്ന യൗവ്വനത്തിന്റ മരണത്തില്‍ നിരാശകൊള്ളാതെ പോവുക സാദ്ധ്യമല്ല ഈ കവിഹൃദയത്തിനും. എഴുത്ത് മരുന്നാക്കാനേ കഴിയൂ.മഞ്ഞുകണങ്ങളുടെ ഓര്‍മ്മകളിലെ പ്രഭാതത്തിളക്കമുള്‍പ്പെടെ നമ്മുടെ പ്രകൃതിയുടെ മുദ്രകളാകെ ഉടച്ചുകളയുന്ന നരമേധാവിത്വത്തിനെതിരെ ഒറ്റമുറിവാസിയായ പ്രവാസി വിയര്‍പ്പിനെ അത്തറാക്കി മാറ്റുന്ന, കടലിനക്കരെയുള്ള കഠിനജീവിതത്തിനിടയിലും പൊതുതുന്നു. പ്രവാസിയുടെ സ്വപ്നങ്ങളോടും, ഏകാന്തതയുടെ ഭ്രാന്തിനോടുമൊക്കെ ചേര്‍ന്ന് കരിഞ്ഞ ദിനങ്ങള്‍ കോര്‍ത്തെഴുതുന്ന മൗനനൊമ്പരങ്ങളുടെ കണക്കുപുസ്തത്തിലുമുണ്ട് കാമമശുദ്ധമാക്കാത്ത പ്രേമാമൃതാക്ഷരങ്ങള്‍.

മാതാവിന്റെ മുലപ്പാല്‍ മധുരംകൂട്ടി മലയാളം പഠിക്കണം. അറിഞ്ഞു വിതയ്ക്കണം, മൊഴിഞ്ഞു വളര്‍ത്തണം, അരിഞ്ഞു തിരുത്തി മിനുക്കണം, തിരുത്തേണ്ടത് തിരുത്തണം. അങ്ങനെ മനസ്സിനെ മഥനം ചെയ്ത് മരണമെന്ന കോമാളിയെ ജീവിതാര്‍ത്ഥം പഠിപ്പിക്കണം, രംഗബോധമുള്ളവനാക്കണം.

മാസ്‌ക് ധരിച്ച് മുഖച്ഛായ മാറ്റിയാലും, യുദ്ധങ്ങളുടെ പ്രഹരങ്ങളേറ്റാലും, ആയിരം മോഹങ്ങള്‍ പൂവണിയുന്ന യാത്രികനായി മുന്നോട്ടു പോവുക. വാടകയും, സമരവുമൊന്നും നഷ്ടമല്ല, സ്‌നേഹം നന്മ ഇവ ലാഭമാകുമ്പോള്‍. പ്രതീക്ഷ കൈവിടാതക്ഷരങ്ങളെ കൂട്ടുകാരാക്കുക. പരലോകം പൂകുംമുമ്പേ പറയാനേറെയുണ്ടെന്നറിഞ്ഞെഴുതുക.

 

#Penpoint
Leave a comment