TMJ
searchnav-menu
post-thumbnail

Penpoint

മനുഷ്യന് ഒരു സൂത്രവാക്യം; പല മാനങ്ങളുള്ള സൃഷ്ടി

10 May 2024   |   3 min Read
ലക്ഷ്മി കെ എസ്

ത്തരാധുനിക എഴുത്തുകാരനായ സുരേഷ് പേരിശ്ശേരിയുടെ നോവലായ 'മനുഷ്യന് ഒരു സൂത്രവാക്യം' വായനയുടെ ആസ്വാദനക്കുറുപ്പില്‍ ആദ്യം പറയേണ്ടത്, വായനയ്ക്ക് ശേഷവും നിങ്ങളിലെ മനുഷ്യനെ ഉലച്ചുവിടുന്ന ഒരുപിടി കഥാപാത്രങ്ങളുടെ ഓര്‍മ്മകളാണ്. അന്‍പതുകള്‍ മുതല്‍ ഇരുപത്തൊന്നാം നൂറ്റാണ്ട് വരെ നീണ്ടുകിടക്കുന്ന കാലഘട്ടത്തിന്റെ രാഷ്ട്രീയവും സാമൂഹികവും ആയ ജീവിതത്തിന്റെ കഥ പറയുന്ന നോവല്‍ ഒരു ദേശത്തിന്റെ ആഖ്യാനമായി മാത്രം ഒതുങ്ങുന്നില്ല. ആ ദേശത്തിലെ എണ്ണിയാലൊടുങ്ങാത്ത വിവിധ തരക്കാരായ ജനങ്ങളുടെ കഥകള്‍ പറയുമ്പോഴും ഇതില്‍ വന്നുപോകുന്ന ഒരു കഥാപാത്രം പോലും തന്റെ തനിമ നിലനിര്‍ത്താതെ കടന്നുപോകുന്നുമില്ല. ഒരുവട്ടം മാത്രം വന്നുപോകുന്നവര്‍ പോലും വായനയില്‍ മിഴിവോടെ നില്‍ക്കുന്ന മാജിക്. മനുഷ്യമനസ്സിന്റെ അസ്ഥിരങ്ങളായ ചിന്തകളുടെ, പരത്തിപ്പറയാത്ത സൂചനകള്‍ തന്നുപോകുന്ന വിശകലനങ്ങളുടെ ധാരാളിത്തംകൊണ്ട് ഇതൊരു മനഃശാസ്ത്രപരമായ നോവലാണെന്നും പറയാം. മുരളി എന്ന കേന്ദ്രകഥാപാത്രത്തിന്റെ ജീവിതത്തെ ആഖ്യാനം ചെയ്യുന്നതോടൊപ്പം ഒരു കാലഘട്ടത്തിലെ ജനങ്ങളുടെ ജീവിതപ്പോരിന്റെ നേര്‍ചിത്രവും കൂടിയാണ് 'മനുഷ്യന് ഒരു സൂത്രവാക്യം'. അതേസമയം തന്നെ നായകനായ മുരളിയുടെ സ്ത്രീ സങ്കല്‍പ്പത്തില്‍ നിന്നും ജീവന്‍ ഉള്‍ക്കൊള്ളുന്ന മീരാബെന്നുമായുള്ള അയാളുടെ ബന്ധങ്ങള്‍ ഇതിനെ അത്യപൂര്‍വ്വചാരുതയുള്ള ഒരു പ്രേമഗാഥയായും മാറ്റുന്നു. 

'മുരളി എനിക്കിപ്പോള്‍ ശ്വാസം എടുക്കാന്‍ ത്രാണിയില്ല. നീ മുഖം കുനിക്കൂ. നിന്റെ ചുണ്ടുകള്‍ എന്റെ ചുണ്ടുകളില്‍, ദാ ഇതുപോലെ ചേര്‍ത്തുവയ്ക്കൂ. കോര്‍ത്ത് പിടിക്കൂ. നീയിപ്പോള്‍ എന്റെ നിശ്വാസങ്ങളുടെ മണമറിയുന്നില്ലേ? ജീവന്റെ രുചിയറിയുന്നില്ലേ?' 

'നിന്റെ ചുടുനിശ്വാസങ്ങള്‍ എന്റെ തണുത്തുറഞ്ഞ ശരീരത്തിന് ജീവന്‍ പകരുമോ? എന്നേ കുടഞ്ഞുണര്‍ത്തുമോ? ഇനി നാക്ക് കൊണ്ടെന്റെ നാക്ക് കടിച്ച് പിടിച്ചിട്ട് നിന്റെ തൊണ്ടക്കുഴലില്‍ നിന്നും എനിക്ക് ജീവന്‍ പകുത്തു തരൂ.' സിസ്റ്റര്‍ മേരിയുമായുള്ള ആത്മബന്ധത്തിന്റെ ഈ ഒരൊറ്റ രംഗം മാത്രം മതി അവരുടെ സ്നേഹത്തിന്റെ തീവ്രത വെളിപ്പെടുത്താന്‍. 

ഇതൊരു പ്രേമനോവലാണോ, സാമൂഹ്യ നോവലാണോ, രാഷ്ട്രീയ നോവലാണോ, മനഃശാസ്ത്ര നോവലാണോ, സീരിയസ് നോവലാണോ എന്നൊക്കെ ചോദിച്ചാല്‍ ഇതൊരു സൂത്രവാക്യങ്ങളുടെ നോവലാണ് എന്നേ എനിക്ക് പറയാനാകൂ. സൂത്രവാക്യങ്ങള്‍ സ്നേഹത്തില്‍ തുടങ്ങി സ്നേഹത്തില്‍ അവസാനിക്കുന്നു.

മനുഷ്യന്‍, ജീവിതം മുതലായ പദങ്ങളൊക്കെ നിര്‍വചനാതീതമാണ്. മനുഷ്യന് ഒരു സൂത്രവാക്യം അസാദ്ധ്യമാണെന്ന് നോവലിന്റെ ആമുഖത്തില്‍ പറയുന്ന നോവലിസ്റ്റ്, നോവലിനുള്ളില്‍ 'മനുഷ്യനെന്നാല്‍ സ്നേഹ'മാണെന്ന് പോരുവഴിയുടെ കഥാകാരന്‍ ചക്കരയമ്മാവനെക്കൊണ്ട് പറയാതെ പറയിക്കുന്നു. ലോകത്തില്‍ എല്ലാറ്റിനെയും പരസ്പരം ബന്ധിപ്പിക്കുന്ന ഘടകം സ്‌നേഹമായതിനാല്‍ തന്നെ ഈയൊരു സൂത്രവാക്യം തികച്ചും ഉചിതമാണ്. സൂത്രവാക്യങ്ങളുടെ ഘോഷയാത്രയ്ക്കിടയില്‍ ശരിയായ സൂത്രവാക്യം തെളിയണമെങ്കില്‍ ചിലപ്പോള്‍ ഒരു വായന പോരാതെ വരും. ജന്മത്തിന്റെ പൊരുള്‍ അന്വേഷിച്ചൊടുവില്‍ ആഘോഷമാക്കേണ്ടതാണ് ജീവിതമെന്ന് തിരിച്ചറിയുമ്പോഴേക്കും മണ്ണായിത്തീരുന്ന ജീവിയാണ് മനുഷ്യന്‍ എന്ന തത്വം നോവലില്‍ മിഴിവാര്‍ന്നുനില്‍ക്കുന്നു.

സുരേഷ് പേരിശ്ശേരി | PHOTO: FACEBOOK
''പോരുവഴിവാസികളുടെ സ്നേഹത്തിന്റെയും സ്നേഹരാഹിത്യത്തിന്റെയും നിസ്സഹായതകളുടെയും ഭയവിഹ്വലതകളുടെയും കഥകള്‍ കണ്ടുവളര്‍ന്ന മുരളിയുടെ, ജീവിതത്തെപ്പറ്റിയുള്ള മാറിമാറി വരുന്ന ഉള്‍ക്കാഴ്ചകളാണ്, തിരിച്ചറിവുകളാണ് നോവലിന്റെ ആത്മാവ്'' എന്ന് അവതാരികയില്‍ വി. ആര്‍. സുധീഷിന്റെ കണ്ടെത്തല്‍ ശ്രദ്ധേയമാണ്. പോരുവഴി ദേശത്തിലെ പ്രധാന കുടുംബങ്ങളിലൊന്നായ ഇലഞ്ഞിക്കല്‍ തറവാട്ടില്‍ തായ്‌വേരുകളുള്ള മുരളിയുടെ ജീവിതം അനാവരണം ചെയ്യപ്പെടുന്നതിലൂടെ മറ്റനേകം കഥാപാത്രങ്ങളുടെ ജീവിതവും പ്രകാശിതമാകുന്നു. ഇലഞ്ഞിക്കല്‍ ഭാര്‍ഗ്ഗവന്‍പിള്ള, നാരായണിയമ്മ, ലക്ഷ്മിയമ്മ, സഖാവ് കൃഷ്ണപിള്ള, രാമന്‍നായര്‍, ചക്കരയമ്മാവന്‍ എന്നറിയപ്പെടുന്ന മാലൂര്‍ കേശവന്‍നായര്‍, മൂരി ഗോപാലപിള്ള, വത്സല, ഗോപാലന്‍, ഹരി, തമ്പിച്ചേട്ടന്‍, തമ്പുരാന്‍, മീരാബെന്‍, വിപ്ലബ്ബ് മണ്ഡല്‍, ഭാനുമതിയമ്മ തുടങ്ങി ഒട്ടനവധി കഥാപാത്രങ്ങള്‍ അനുവാചക ഹൃദയത്തില്‍ സ്ഥാനം പിടിക്കുമെന്ന് തീര്‍ച്ചയാണ്. 

കഥാപാത്രങ്ങളുടെ മാനസികപരിസരങ്ങളും കൃത്യമായി ചിത്രീകരിക്കാന്‍ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും തളരാതെ ധൈര്യത്തോടെ മുന്നോട്ടുപോകാനും വനിതകളുടെ ഉന്നമനത്തിനും മറ്റുമായി മഹിളാസമാജം സ്ഥാപിക്കുകയും ചെയ്ത ലക്ഷ്മിയമ്മ നല്ലൊരു മാതൃകയാണ്. സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി നിസ്വാര്‍ത്ഥസേവനം നടത്തിയ സഖാവ് കൃഷ്ണപിള്ള, പരസ്പര സ്നേഹത്തെക്കുറിച്ച് ഉദ്ബോധിപ്പിക്കുന്ന ചക്കരയമ്മാവന്‍, പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തന്റേതായ ദര്‍ശനങ്ങള്‍ അവതരിപ്പിക്കുന്ന മീരാബെന്‍ എന്നിങ്ങനെ ഓരോ കഥാപാത്രങ്ങളും അവരുടേതായ സന്ദേശങ്ങള്‍ വായനക്കാരന് നല്‍കുന്നുണ്ട്. അതുപോലെ ദേശത്തിലെ നാനാജാതിമതസ്ഥരെ ഒന്നിച്ചുനിര്‍ത്തുന്ന പോരുവഴിയമ്മയ്ക്കും നോവലിലേറെ പ്രാധാന്യമുണ്ട്. അറുപതുകളിലെയും എഴുപതുകളിലെയുമൊക്കെ ഇന്ത്യാമഹാരാജ്യത്തിന്റെ സാമൂഹികാവസ്ഥകളും അതില്‍ത്തന്നെ കേരളത്തിന്റെയും പോരുവഴിദേശത്തിന്റെയും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരികാന്തരീക്ഷങ്ങളും നോവലില്‍ വ്യക്തമാക്കുന്നുണ്ട്. പോരുവഴിദേശചരിത്രത്തിന്റെ തന്നെ ഭാഗമായ വാര്‍ത്താബോര്‍ഡും ശ്രദ്ധയര്‍ഹിക്കുന്നു.

പോരുവഴിദേശത്തിലെ പൂര്‍വ്വികരായ കച്ചാലനെയും കല്ലിച്ചനെയും കുറിച്ചുള്ള കലഹത്തിന്റെ കഥ ചക്കരയമ്മാവനാണ് മുരളിക്ക് പറഞ്ഞുകൊടുക്കുന്നത്. അതിലൂടെ വെറുപ്പ് പോരുവഴിദേശക്കാര്‍ക്ക് നിഷിദ്ധമാണെന്നും പരസ്പര സ്നേഹം നിലനിര്‍ത്തണമെന്നും ചക്കരയമ്മാവന്‍ മുരളിയെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. എങ്കിലും വെറുപ്പ് അവനില്‍നിന്ന് വിട്ടുമാറുന്നുണ്ടോ എന്ന് വായിച്ചറിയുകയാണ് നന്ന്. ചക്കരയമ്മാവന്റെ കഥകള്‍ മുരളിയിലെന്നപോല അനുവാചകനിലും ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. കാലാന്തരത്തില്‍ ലഭിക്കുന്ന തിരിച്ചറിവുകള്‍ മുരളിയുടെ സ്വഭാവത്തിലും പ്രകടമാകുന്നു. സ്വന്തമായൊരു കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുക്കുകയും അതിന് പേറ്റന്‍സി സ്വന്തമാക്കുകയും ചെയ്ത മുരളിയുടെ കഠിനാദ്ധ്വാനവും പ്രാധാന്യമര്‍ഹിക്കുന്നു. ലക്ഷ്മിയമ്മയുടെ മരണത്തെത്തുടര്‍ന്ന് നാട്ടിലെത്തുന്ന മുരളി തിരികെ കല്‍ക്കത്തയിലേക്ക് പോകുന്നില്ല. 

''ബുദ്ധിമാനില്‍നിന്നും അറിവുള്ളവനിലേക്കുള്ള പകര്‍ന്നാട്ടം'' കേള്‍ക്കുമ്പോള്‍ കൗതുകകരമാണ്. മുരളിക്ക് അത് സാധ്യമാകുന്നുണ്ടോ? ആത്മവിശ്വാസവും അലിവും ശാന്തതയും ലഭിക്കുന്നതിനുള്ള സൂത്രവാക്യങ്ങളെന്തെല്ലാം? അതൊക്കെ വായിച്ചറിയുന്നതാണ് സൗന്ദര്യം, സുഖകരം. ഓട്ടമവസാനിപ്പിച്ച് നടക്കുവാന്‍ തുടങ്ങുന്ന മുരളി അശരണര്‍ക്കായൊരു ആലയം ആരംഭിക്കുകയും ചെയ്യുന്നതോടെ കഥാഗതി അന്ത്യത്തോടടുക്കുന്നു. അതുപോലെ തലമുറകളുടെ മാറ്റത്തിലൂടെ പോരുവഴിദേശത്തിനും പരിസ്ഥിതിക്കും ഉണ്ടായ മാറ്റങ്ങളും നോവലില്‍ ആവിഷ്‌കരിക്കപ്പെടുന്നുണ്ട്.

REPRESENTATIVE IMAGE | FACEBOOK
''അര്‍ത്ഥസങ്കീര്‍ണ്ണങ്ങളായ ജീവിതമുഹൂര്‍ത്തങ്ങള്‍ തിങ്ങിനില്‍ക്കുന്ന ഈ കൃതിയുടെ അന്തര്‍ധാര ജീവിതത്തെപ്പറ്റിയുള്ള മനുഷ്യന്റെ അവസാനിക്കാത്ത ചോദ്യങ്ങള്‍ തന്നെയാണ്.' എന്ന് ബ്ലര്‍ബില്‍ സക്കറിയ പറഞ്ഞിരിക്കുന്നത് തീര്‍ത്തും ശരിയാണ്.   
'കാലചരിത്രവും കുടുംബ ബന്ധങ്ങളും സമാന്തരമായി സഞ്ചരിക്കുമ്പോള്‍ത്തന്നെ മുരളി എന്ന കഥാപാത്രത്തിന്റെ ജീവിതത്തെപ്പറ്റിയുള്ള അന്വേഷണങ്ങളാണ് നോവലിന്റെ പ്രത്യക്ഷകേന്ദ്രം.'' എന്നാണ് നോവലിന്റെ കേന്ദ്രബിന്ദുവിനെക്കുറിച്ച് അവതാരികയില്‍ വി. ആര്‍. സുധീഷ് നിരീക്ഷിക്കുന്നത്. 

മുരളിയുടെ അന്വേഷണങ്ങളും തലമുറകളുടെ അന്തരത്തില്‍ നാടിനുണ്ടായ മാറ്റങ്ങളുമെല്ലാം നോവലിന് കാലികപ്രസക്തി നല്‍കുന്നുണ്ട്. മുപ്പത്തിയഞ്ച് അദ്ധ്യായത്തിലൂടെ മുരളിയുടെയും പോരുവഴിദേശത്തിന്റെയും കഥ പറയുന്ന സുരേഷ് പേരിശ്ശേരിയുടെ 'മനുഷ്യന് ഒരു സൂത്രവാക്യം' എന്ന നോവല്‍ ആഖ്യാനത്തിലും അവതരണത്തിലും സ്വീകരിച്ചിരിക്കുന്ന മാര്‍ഗ്ഗവും അനുവാചകശ്രദ്ധ പിടിച്ചുപറ്റുന്നു. ഓരോ അദ്ധ്യായത്തിന്റെയും ആരംഭത്തില്‍ത്തന്നെ പ്രതിപാദ്യവിഷയത്തിലെ പ്രാധാന്യമര്‍ഹിക്കുന്ന വരികള്‍ സൂത്രവാക്യങ്ങളായി നല്‍കിയിരിക്കുന്നു. ഭൂത-വര്‍ത്തമാനകാലങ്ങളെ സവിശേഷരീതിയില്‍ വിന്യസിച്ചുകൊണ്ടുള്ള ആഖ്യാനം മികവുറ്റതാണ്. ഭാഷ ലളിതവും വായനാസുഖമുള്ളതുമാണ്. മുരളിയുടെ ജീവിതകഥ വായിക്കുന്ന അനുവാചകന് മനസ്സില്‍ ആഴത്തില്‍ പതിയുന്ന ഒട്ടേറെ വരികള്‍ കണ്ടെത്താനാകുമെന്നതും നിസ്സംശയമാണ്. അതുകൊണ്ടുതന്നെ 'മനുഷ്യന് ഒരു സൂത്രവാക്യം' സഹൃദയന് മികച്ച വായനാനുഭൂതി പകരുമെന്നതും തീര്‍ച്ചയാണ്.

പ്രസാധകര്‍ - ചിന്ത പബ്ലിഷേഴ്‌സ്
വില  520 രൂപ.  ചിന്ത, ദേശാഭിമാനി സ്റ്റാളുകളിലും ആമസോണിലും നോവല്‍ ലഭ്യമാണ്. ഫെബ്രുവരി 2024 ന് പ്രകാശിതമായ നോവലിന് 2024 മെയില്‍ സെക്കന്‍ഡ് ഇമ്പ്രഷന്‍ ആയി. ആമസോണില്‍ നോവല്‍ പുതിയ പതിപ്പ് പ്രത്യേക ഡിസ്‌കൗണ്ടോടെ പോസ്റ്റേജ് ഉള്‍പ്പടെ  375 രൂപയ്ക്ക് ഇപ്പോള്‍ ലഭ്യമാണ്.





#Penpoint
Leave a comment