TMJ
searchnav-menu
post-thumbnail

Penpoint

അപ്പുറം തേടുന്ന അനന്തതയുടെ ആഖ്യായിക

16 Sep 2023   |   3 min Read
വിജയകുമാരന്‍ വി

കവി വി.ജി തമ്പിയുടെ ആദ്യ നോവല്‍ 'ഇദം പാരമിതം' ഒരു ആസ്വാദനം

ല്ലാറ്റിന്റെയും ശൂന്യത മനസ്സിലാക്കിയ അവലോകിതേശ്വര ബോധിസത്വന്‍ സഹീപുത്രന് (Shaariputra, ശ്രീപുത്രന്‍) ഉപദേശിച്ചു കൊടുക്കുന്ന ഹൃദയസൂത്രമാണ് ഇദം പാരമിതം, (Now, The beyondness). പ്രജ്ഞാപരമിതയെ (ജ്ഞാനത്തിന്റെ പൂര്‍ണതയെ) ആശ്രയിച്ച്, പരിമിതികളെ മറികടന്ന് പാരമ്യത്തിലേക്കുളള യാനം; ആ പ്രയാണത്തെ അനുവദിച്ചു കൊടുക്കുക. 'കടന്നുപോകുന്നവരാവുക.' (Be passers by) എന്ന സുവിശേഷ വാക്യം ഓര്‍ക്കുക.  ചിലപ്പോള്‍ ഒറ്റവാക്യംകൊണ്ട് ഒരു പുസ്തകം നിങ്ങളുടെ പ്രിയമാകെ നേടും. നിങ്ങള്‍ നടക്കാന്‍ ആഗ്രഹിച്ച വഴിയിലൂടെയെല്ലാം ഇതിലെ  നായകന്‍ സഞ്ചരിക്കുമ്പോള്‍, ആ യാത്രാ വിശേഷങ്ങള്‍ നിങ്ങളെ  കൊതിപ്പിക്കും.

തീരുനെല്ലിക്കോട് പക്ഷിപാതാളത്തിനടുത്തുള്ള പഴയൊരു ബംഗ്ളാവില്‍ നിന്ന് തുടങ്ങുന്നു ലെവിന്റെ നീണ്ട യാത്ര. യഥാര്‍ത്ഥത്തില്‍ അതിനും മുമ്പ്  പന്ത്രണ്ടാം വയസ്സില്‍ വീടുവിട്ടിറങ്ങിയപ്പോള്‍ തുടങ്ങിയതാണ് ഈ അലച്ചില്‍. ലെവിന്റെ നഗരം തൃശൂരാണ്. ചിറകളും കൊക്കര്‍ണികളുമുള്ള ശക്തന്റെ രാജ്യം.

അനുജന്റെ മുങ്ങിമരണത്തില്‍ കുറ്റമാരോപിച്ച് വീട്ടില്‍ ഒട്ടും ദയാപരനല്ലാതായി പിതാവ്. അതു കൂടി പരിഹരിച്ചായി മാതാവിന്റെ സ്നേഹം. പൂര്‍ത്തിയാകാത്ത ആത്മകഥയുടെ പേരാണ് അമ്മ; അതൊരു ക്രിയാപദമാണ്, ലെവിന്‍ ചിന്തിക്കുന്നു. അവസാനകാലത്ത് ലെവിന്‍ ഒരു പിഞ്ചുകുഞ്ഞിനെപ്പോലെ ലാളനയോടെ അമ്മയെ പരിചരിക്കുന്നുണ്ട്. അടച്ചുപൂട്ടിയ രഹസ്യങ്ങള്‍ പഴുത്തു വിങ്ങിയപ്പോഴാണ് അമ്മ രോഗിയായത്.' പ്രായമാവുക എന്നതൊരു ശമാവസ്ഥയാണ്. വിറളികള്‍ ഇല്ലാതാവുന്ന, ദുശ്ശാഠ്യങ്ങള്‍ ഇല്ലാതാവുന്ന' കാലത്തെ ആഷാമേനോന്‍ ആമുഖ പഠനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഫാത്തിമ മുതല്‍ പൂജ, റോസെറ്റ, സമരിയ ലെവിന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ പലരുമുണ്ട്. മൈത്രിയുടെ അടരുകളില്‍ സമരിയയുടെ തീവ്രരാഗം വിശുദ്ധമായി നിലകൊണ്ടു. തിരുച്ചുവപെരൂരില്‍ വൈകാരിക അഭയമായ മൗനഭിക്ഷു അലിവ് സ്വീകരിച്ചും കൊടുത്തും ലെവിനെ നിലനിര്‍ത്തി. വര്‍ഷങ്ങള്‍ക്കുശേഷം ഹിമാലയത്തില്‍ വെച്ച് അക്ഷരപേടകം സമ്മാനിക്കുന്നു. അലോഷ്യസച്ചന്റെ പാതി പൂര്‍ത്തിയായ ചിത്രത്തിലെ യേശുവായിരുന്നു ലെവിന്‍. 'എന്നെയല്ല എന്നിലേക്കാണ് അച്ചന്‍ നോക്കുന്നത്. എനിക്കുള്ളിലെ പേടികള്‍ ചുരണ്ടി മാറ്റി, ആത്മവിശ്വാസം തന്നു.' ഒരേ ദുഃഖത്തില്‍ വീണ് വീണ്ടും വീണ്ടും കരയരുത്.



വിചാരങ്ങളില്‍ നഷ്ടപ്പെടാതെ ജീവിക്കാന്‍ ഓര്‍മ്മപ്പെടുത്തിയ ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ വിചാരവേദിയില്‍ പരിചയപ്പെട്ട, കെയ്റോയില്‍ നിന്നുള്ള റോസെറ്റ. തുടര്‍ന്ന് കെയ്റോ സര്‍വകലാശാലയിലേക്ക്. ലെവിനുളളില്‍ പ്രജ്ഞാ പാരമിതം തെളിയുന്നൊരു സന്ദര്‍ഭമുണ്ട്. 'സൂക്ഷിച്ചു വെയ്ക്കാനുള്ള എല്ലാ ത്വരകളും അപാരതയോടു മുഖംതിരിക്കലാണ്. കാത്തിരിക്കുക മാത്രമേ ആകാവൂ. ഒന്നും സൂക്ഷിച്ചു വെയ്ക്കരുതേ, നിന്നിലെ ആനന്ദം പോലും.' അഗാധമായ ഒരുള്‍ക്കൊള്ളലിന്റെ തീവ്രതയില്‍ ലെവിനെ റോസെറ്റ ഓര്‍മ്മിപ്പിച്ചു.

പണ്ഡിതയായ യവന സുന്ദരി ഹൈപേഷ്യയുടെ ഭൂഖണ്ഡത്തില്‍ നിന്ന്, പിരമിഡുകളെ ദര്‍ശിച്ച് ലെവിന്‍ നീണ്ട യാത്ര തുടങ്ങുന്നു. ഈജിപ്ഷ്യന്‍ സൂഫി, സുലൈമാന്‍ സൈദാണ് ബസ്സിന്റെ സാരഥി. സ്വാമി സത്യപ്രേം, മിത്ര, ഹെബ തുടങ്ങിയവര്‍ സഹയാത്രികര്‍. ഈ യാത്രയിലെ ചില ദൃശ്യങ്ങള്‍ സ്പര്‍ശിക്കാതെ പോകാനാവില്ല. അതില്‍ ആദ്യത്തേത് പടിഞ്ഞാറന്‍ തുര്‍ക്കിയിലെ ആക്സിയര്‍ എന്ന സ്ഥലത്തുള്ള മുല്ലാ നസിറുദ്ദീന്റെ ഖബറാണ്. വെറുതെ ഒരു വാതില്‍ താഴിട്ടു പൂട്ടിവെച്ചിരിക്കുന്നു. ചുറ്റിനും ചുമരുകളില്ല! മുല്ല മരിക്കുന്നതിനു മുന്‍പ് പറഞ്ഞു വെച്ചതാണത്രേ. അതിന്റെ താക്കോല്‍ മൃതദേഹത്തോടൊപ്പം വെയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഉള്‍ക്കാഴ്ച്ചയുടെ വല്ലാത്തൊരു പ്രഹരം തന്നെ. ഒളിപ്പിക്കാനും സംരക്ഷിക്കാനും സൂക്ഷിക്കാനും യാതൊന്നുമില്ലാത്ത, ഉണ്ടെങ്കില്‍ത്തന്നെ അതിനു സാധ്യമല്ലാത്ത ഒരു കുഞ്ഞു ജീവിതത്തില്‍ നാം കാട്ടിക്കൂട്ടുന്ന കരുതല്‍ നാടകങ്ങള്‍ക്ക് ഇതിലും വലിയ പരിഹാസമില്ല.

അലക്സാന്‍ഡ്രിയയില്‍ ഖാലീഫ് ഒമര്‍ അഗ്നിക്കിരയാക്കിയ ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥശാല, തുടര്‍ന്ന് ഇസ്താംബൂള്‍, പിന്നെ ടെഹറാനിലെത്തി അവിടത്തെ സൂഫി സംഗീതമേളയില്‍ പങ്കു ചേര്‍ന്നു. 'സമ' എന്ന ശ്രവണത്തിന്റെ ആഘോഷം. ഹിന്ദുക്കുഷ് പര്‍വ്വത നിരകളും അഫ്ഗാന്‍ അതിര്‍ത്തിയും കടന്ന് ബാമിയാനിലെ ഗ്രാമ വീടുകളില്‍ തങ്ങി, ബുദ്ധ പ്രതിമകള്‍ കണ്ട് കാബൂളും ഖാണ്ഡഹാറും പിന്നിട്ട് കറാച്ചി വഴി അഹമ്മദാബാദിലെത്തി, പിന്നെ പൂനയിലെ രജനീഷ് ആശ്രമത്തില്‍ അവസാനിച്ച യാത്രാപഥം. സത്യപ്രേമും മിത്രയും അങ്ങോട്ടു തന്നെ. ഡൈനാമിക് മെഡിറ്റേഷനിലൂടെ ഒരു നെടുവീര്‍പ്പ് വാര്‍ന്നു പോയ അനുഭവം.

നീണ്ട ഇടവേളയ്ക്കുശേഷം ലെവിന്‍ സമരിയയെ കാണുന്നു. ബുദ്ധന്റെയും യേശുവിന്റെയും ഒരു ചേര്‍ച്ചയാണ് സമരിയയില്‍. അച്ഛന്‍ സുവിശേഷകന്‍, അമ്മ ബുദ്ധമത വിശ്വാസിയും. സമരിയയുടെ ശാന്തിനികേതന്‍ കാലം. ഒരു തുള്ളി ബുദ്ധനെ അമ്മ എനിക്കുളളില്‍ തളിച്ചിട്ടുണ്ട് എന്നാണ് സമരിയ പറയുന്നത്. ഒരു ബുദ്ധ ബോധം - യാതൊരു കുറ്റബോധവുമില്ലാതെ വളരണം; ഉള്ളില്‍ ശരിയെന്നു ബോദ്ധ്യമുള്ള ഒന്നിനെയും നിരസിക്കരുത്. അതുകൊണ്ടു തന്നെ താഴ് വരയില്‍ 'മാഞ്ഞുപോയ' ഹേമന്തിന്റെ കുഞ്ഞിനെ കുറ്റബോധമേതുമില്ലാതെ ഗര്‍ഭത്തില്‍ ചുമക്കുന്നു. തീവ്രവും വിശുദ്ധവുമായ പ്രണയം ലെവിനോട് പുലര്‍ത്തുന്നു. 'We can change our script' ആ ഒറ്റ വാക്യത്തില്‍ അമ്മ ഭൂതകാലത്തെയാകെ മായ്ച്ചുകളഞ്ഞു. (ഈ നോവലിലെ  ഏറ്റവും പ്രിയപ്പെട്ട രണ്ടാമത്തെ വാക്യം: ജീവിതത്തിന്റെ തിരക്കഥ, അതു നമുക്കു മാറ്റിയെഴുതാനാവും) ഇന്ത്യന്‍ സന്യാസത്തെക്കുറിച്ചാണ് സമരിയ ഗവേഷണം നടത്തുന്നത്. സന്യാസത്തിലെ വൈവിധ്യംതേടി ലെവിനുമൊത്തുള്ള യാത്രകള്‍ ദലൈലാമയുടെ ആശ്രമത്തിലും നിത്യയോടൊപ്പം ഫേണ്‍ഹില്ലിലും എത്തുന്നു. അനിശ്ചിതത്വത്തില്‍ ആറാടാനുള്ള ത്രാണിയാണ് സന്യാസമെന്നും ചിരിച്ചും കളിച്ചും സ്വായത്തമാക്കുന്നതാണ് ധ്യാനമെന്നും ലെവിന്‍ കണ്ടെത്തുന്നുണ്ട്. സന്യാസി, അയാള്‍ മുക്തനാവുന്നത് നിര്‍വ്വചനങ്ങളില്‍ നിന്നാണ്.

കവി വി ജി തമ്പി | PHOTO: WIKI COMMONS
മെല്‍ബണില്‍ നിന്നെത്തുന്ന ഗുരു നിത്യയുടെ സുഹൃത്തും രോഗിയുമായ ഹെഡ വാക്കറെ ഗുരു പരിചരിക്കുന്നു. ഒരു കരിഞ്ഞ വസന്തം കണക്കിനെയാണ് അവര്‍ അവിടെ എത്തുന്നത്. മൊസാര്‍ട്ടിന്റെ സിംഫണിയും ആപ്പിള്‍ നീരുമായി ഗുരു സമീപത്തു തന്നെ. രമണാശ്രമത്തിലെത്തുന്ന ലെവിന് ഉത്തരമല്ല, ഗംഭീരമായ ഒരു ചോദ്യമാണ് കിട്ടിയത്, നാന്‍ യാര്‍ ? കാശിയില്‍ അഘോരികളുടെ നദീതടത്തിലും തുടര്‍ന്ന് ഹിമാലയത്തിലും ലെവിന്‍ എത്തുന്നു. അഘോരിയെന്നാല്‍ ഘോരമായ നിര്‍ഭയത്വമാണ്.

സമരിയയ്ക്ക് അമ്മയെക്കാള്‍ അമ്മയായ, കാലിഫോര്‍ണിയയില്‍ നിന്ന് ബുദ്ധസന്യാസിനിയാവാന്‍ ഇന്ത്യയിലെത്തിയ ഹിമാചലിലെ ദീദിയുടെ ആര്‍ക്കിടെക്ചര്‍ ഗുരുകുലം. നിയതമായ ചുവരുകളില്ലാത്ത, പുറംചുവരുകള്‍ നിറയെ കിളികള്‍ക്ക് രാത്രി വന്നു പാര്‍ക്കാന്‍ പൊത്തുകള്‍ തീര്‍ത്ത വീടുകളെക്കുറിച്ച് ദീദി പറയുന്നു. പ്രസവത്തോടെ സമരിയ ഒരു കുഞ്ഞു നക്ഷത്രത്തെ അമ്മയെ ഏല്പിച്ച് കടന്നുപോകുന്നു. തേടി നടന്ന നിഷ്‌കളങ്കതയുടെ ഏറ്റവും കരുണാര്‍ദ്രമായ ഓര്‍മ്മകള്‍ ഒരുപിടി ചാരമായി കടല്‍ കൊണ്ടുപോകുന്നതു നോക്കി ലെവിന്‍ മന്ത്രിക്കുന്നു: നേരമായി, നേരമായി.

ഇത് ഒരു യാത്രയുടെ പുസ്തകം കൂടിയാണ്. സന്ധ്യാസമയത്തെ ഒരിളംകാറ്റ് കടന്നുപോകുന്ന ലാഘവത്തോടെയാണ് ലെവിന്‍ ആത്മാന്വേഷണവുമായി ചരിക്കുന്നത്. വ്യത്യസ്തവും മനോഹരവുമായ ആ യാത്രാപഥങ്ങള്‍ പുതിയൊരു അനുഭൂതി നല്‍കാതിരിക്കില്ല. 'ആത്മാന്വേഷണ നിര്‍ഭരവും' 'അപ്പുറമെന്തെന്നാരായുന്നതുമായ' ഈ ഗ്രന്ഥത്തിന് ആഴമുള്ള പഠനം നിര്‍വ്വഹിച്ചിരിക്കുന്നത് ആഷാമേനോനാണ്. മധുരവും സുഗന്ധവും ലഹരിയുമുള്ള മഹുവ പൂക്കളാല്‍' എല്ലാ ആകസ്മികതകളും നന്ദിപൂര്‍വ്വകമായ സ്വീകാരത്തിലൂടെ ബോധപ്രാപ്തിയിലേക്കു പരിണമിക്കുന്ന യാത്രാ വിസ്മയങ്ങളായി നോവലില്‍ ഉടനീളം പടര്‍ന്നു നില്‍ക്കുന്നതായി' ധ്യാന്‍ തര്‍പ്പണ്‍ സാക്ഷ്യപ്പെടുത്തുന്നു. ഏറ്റവും സംഗതമായ ഉദ്ധരണികളാല്‍ സമൃദ്ധമാണ് വി.ജി.തമ്പിയുടെ ഈ കൃതി. മനോഹരമായ ഈ പുസ്തകം മാതൃഭൂമിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.


#Penpoint
Leave a comment