വംശഹത്യയുടെ നേര്‍ചിത്രം: 'സിന്‍' എന്തുകൊണ്ട് വായിക്കപ്പെടണം
ഹരിത സാവിത്രി എന്ന ഗവേഷകയുടെയും എഴുത്തുകാരിയുടെയും സഞ്ചാരവഴികളില്‍നിന്നും വെളിപ്പെടുന്ന വാങ്മയ ചിതങ്ങളില്‍ ഭയംകൊണ്ട് വായടിപ്പിക്കുന്ന ഭരണകൂട ചരിത്രത്തിന്റെ നേര്‍ക്കഥയാണ് ഈ പുസ്തകം. കാല ദേശങ്ങള്‍ക്കപ്പുറം ഉയര്‍ന്നുവരുന്ന സമൂഹത്തിലെ ന്യൂനപക്ഷങ്ങള്‍ നേരിടേണ്ടിവരുന്ന അവസ്ഥയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഈ നോവല്‍ എഴുത്തുകാരിയുടെ ഫീല്‍ഡ് വര്‍ക്ക് അനുഭവത്തെ മുന്‍നിര്‍ത്തിയുള്ളതാണ്. കേവലം ഒരു ഫീല്‍ഡ് വര്‍ക്ക് റിപ്പോര്‍ട്ട് ആയി ഇത് വിശദീകരിച്ചിരുന്നുവെങ്കില്‍ അക്കാദമികമായിട്ടുള്ള ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന ഈ വര്‍ക്ക് ഫിക്ഷനാകുമ്പോള്‍ കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ശിഥിലമാകുന്ന ദേശ രാഷ്ട്ര സങ്കല്‍പ്പങ്ങളെയും, അന്താരാഷ്ട്ര സാമൂഹിക സുരക്ഷ ക്ഷേമ പദ്ധതികളുടെ പരാജയങ്ങളെയും തുറന്നു കാട്ടുന്നു. ചരിത്രപരമായ സംഭവങ്ങളെയും കാലഘട്ടങ്ങളെയും കേന്ദ്രീകരിച്ചുള്ള റിയലിസ്റ്റിക് ഫിക്ഷന്റെ ശൈലിയെ പിന്തുടരുന്ന രചനാ ശൈലിയാണ് ഹരിതയുടെ ഈ നോവലില്‍ ഉള്ളത്. 397 പേജുകളുള്ള ഈ രചന വായനക്കാരെ പിടിച്ചിരുത്തുകയും ഹൃദയം കൊണ്ട് ചിന്തിക്കുന്നവരില്‍ കണ്ണുനീര്‍ പടര്‍ത്തുകയും ചെയ്യും. ചിന്തിക്കാന്‍ ബുദ്ധിമാത്രം മതിയെങ്കില്‍ നിങ്ങള്‍ക്കിതിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ എഴുത്തുകാരിയുടെ ഭാവന മാത്രമായി തോന്നിപ്പോകും.
ഹരിത സാവിത്രി | PHOTO: FACEBOOK
കഥാ പശ്ചാത്തലം:
സിന്‍ എന്ന നോവലില്‍ അവതാരിക എഴുതിയ എന്‍ എസ് മാധവന്‍ ഈ നോവലിന്റെ കഥാപശ്ചാത്തലത്തെ കുറിച്ച് വിശദമായി വിവരിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ട് കൊല്ലപ്പെടുന്നു എന്നുള്ളതിന്റെ ചരിത്രം അക്കാദമികമായും സാമൂഹികമായും മനസ്സിലാക്കേണ്ടത് ഓരോ മനുഷ്യരുടെയും കടമയായി ഞാന്‍ കാണുന്നു. ഇത് കുര്‍ദുകളുടെ കഥയാണ്. കുര്‍ദുകളുടെ പോരാട്ടവീര്യത്തിന്റെയും ഭരണകൂട പീഡനത്തിനിരയായ അനേകായിരം സ്ത്രീകളുടെയും കുട്ടികളുടെയും അവര്‍ക്കുവേണ്ടി തെരുവിലും ഒളിവിലും പോരടിക്കാന്‍ ഇറങ്ങുന്ന പുരുഷന്റെയും കഥയാണ്. ഇറാഖ്, ടര്‍ക്കി, സിറിയ, അര്‍മേനിയ എന്നീ രാജ്യങ്ങളില്‍ ചിതറിക്കിടക്കുന്ന കുര്‍ദുവംശജര്‍ ജനിച്ചയിടങ്ങളില്‍ രാജരഹിതരായി മാറുകയും, റിപ്പബ്ലിക് ഓഫ് തുര്‍ക്കിയില്‍ കുര്‍ദുകള്‍ക്ക് സാംസ്‌കാരികവും, ജനാധിപത്യവും, മനുഷ്യാവകാശവും, പൗരത്വവും ഉറപ്പാക്കാന്‍ ശ്രമിച്ച വിവിധ കുര്‍ദിഷ് വിമത ഗ്രൂപ്പുകളും തമ്മിലുള്ള സായുധ പോരാട്ടമാണ് ഈ കഥയുടെ പശ്ചാത്തലം. പോരാട്ടങ്ങളില്‍ തളര്‍ന്നു വീഴുന്നവരെയും. അടിച്ചമര്‍ത്തലിനു വിധേയപ്പെടുന്നവരെയും, തിരിച്ചുവരില്ലാത്തവിധം ജയിലറകളില്‍ തളച്ചിടുന്നവരെയും, ക്രൂര പീഡനങ്ങള്‍ക്കൊടുവില്‍ കത്തിച്ചാമ്പലാകുന്ന സ്ത്രീ ശരീരത്തെയും, മനസ്സ് മരവിച്ച സ്ത്രീ ഹൃദയങ്ങളെയും, അനാഥമാക്കപ്പെട്ട ബാല്യങ്ങളെയും, പുഞ്ചിരിക്കാന്‍ മറന്നു പോയ ഓരോ മനുഷ്യരെയും ഈ നോവലില്‍ നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും. ജനിച്ച രാജ്യങ്ങളിലെ ന്യൂനപക്ഷമായി മാറുന്നവര്‍ ഭീകരമായ കൂട്ടക്കൊലകള്‍ക്കും വംശഹത്യക്കും വിധേയമാകുമ്പോള്‍ പുറംലോകം ഇതൊന്നും അറിയാതെ തമാശയോടെ ഇതിനെ കാണുന്നു. ചരിത്രം പരിശോധിച്ചാല്‍ 1925, 1932, 1975 -1990 വരെയും ഒടുവില്‍ 2015-2016 ലും പലവിധ സൈന്യങ്ങളാലും സഖ്യങ്ങളാലും കൂട്ടക്കുരുതികള്‍ക്ക് വിധേയമായവരാണ് കുര്‍ദുകള്‍.
കഴിഞ്ഞ 30 ദിവസം കൊണ്ട് പതിനായിരത്തിലേറെ ജനങ്ങള്‍ ഗസ്സയില്‍ ഇസ്രായേലിന്റെ ഭരണകൂട സയണിസ്റ്റ് ഭീകരതയില്‍ കൊല്ലപ്പെടുമ്പോഴും അതില്‍ 4000 പേര്‍ കുട്ടികള്‍ മാത്രമാകുമ്പോഴും നിസ്സഹായരായി നോക്കി നില്‍ക്കുന്ന ഒരു ജനസമൂഹത്തിന് മുന്നിലാണ് ഞാന്‍ സിന്‍ വായിച്ചത്. കൊല്ലരുത്... കൊല്ലരുത്... കൊല്ലരുത്... എന്നല്ലാതെ സമൂഹത്തിന്റെ മുന്നിലേക്ക് മറ്റൊന്നും ഈ അവസരത്തില്‍ പറയുവാന്‍ നമുക്കാവില്ല. എന്തുകൊണ്ട് സ്ത്രീകള്‍ എന്തുകൊണ്ട് കുട്ടികള്‍ എന്നുള്ള ചോദ്യം നമുക്ക് മുന്നില്‍ ഉയരുമ്പോള്‍ അതിന്റെ ഉത്തരം പുരുഷന്റെ ആത്മവീര്യം തകര്‍ക്കുവാന്‍ അവന്റെ സ്ത്രീയെ തടങ്കലിലാക്കുകയോ അല്ലെങ്കില്‍ അവളുടെ ശരീരത്തെ ബലാത്കാരമായി പ്രാപിക്കുകയോ ചെയ്യുക എന്നുള്ള അധിനിവേശത്തിന്റെ അല്ലെങ്കില്‍ ഭീഷണിയുടെ മുഖമായി അതു മാറുന്നു. 2015-16 കാലഘട്ടത്തില്‍ നടന്ന കുര്‍ദു വംശീയത നടന്ന ടര്‍ക്കി സന്ദര്‍ശിച്ച എഴുത്തുകാരിയുടെ ഫീല്‍ഡ് നോട്ട് ആണ് ഈ നോവല്‍.
നോവലിൻറെ ആമുഖത്തിൽ ഇപ്രകാരം എഴുത്തുകാരി കുറിക്കുന്നു;
'ആ പട്ടണത്തിന്റെ പുകപിടിച്ച കറുപ്പുനിറം എന്റെ കണ്ണുകളെ തളര്‍ത്തി. വഴിനീളെ വലിയ കുഴികള്‍ ആയിരുന്നു. കുടിക്കാന്‍ എന്തെങ്കിലും വാങ്ങാം എന്ന് കരുതി കയറിയ ഒരു കടയുടെ ഭിത്തിയില്‍ റോക്കറ്റ് ആക്രമണം അവശേഷിപ്പിച്ച ഒരു വലിയ വിള്ളല്‍ കാണാമായിരുന്നു. ഭിത്തികളില്‍ എല്ലാം ബുള്ളറ്റുകള്‍ തീര്‍ത്ത ദ്വാരങ്ങള്‍. മരവിച്ച മുഖങ്ങള്‍. ചിരിക്കാന്‍ മറന്നുപോയ മനുഷ്യര്‍. മൂന്നുവര്‍ഷം മുന്‍പ് നടന്ന ആക്രമണങ്ങളുടെ മായാ പാടുകള്‍ ചുമന്നു നടക്കുന്ന നിര്‍ജീവരായ കുറെയാളുകള്‍. ഓരോ ദിവസവും അവിടുത്തെ ന്യൂനപക്ഷ സമുദായത്തോട് കാട്ടുന്ന വേര്‍തിരിവ്. അധികാരത്തെ ആയുധമാക്കി അവരെ അടിച്ചമര്‍ത്താനുള്ള ഭരണകൂടതന്ത്രങ്ങള്‍. വംശഹത്യയുടെ ആസൂത്രണവും നടപ്പിലാക്കലും, നിര്‍ബന്ധിത നിരോധാനങ്ങള്‍, രാഷ്ട്രീയ പകപോക്കലുകള്‍, ഒളിച്ചോട്ടങ്ങള്‍, പീഡന കേന്ദ്രങ്ങള്‍, സഹജീവികളെ ഈച്ചകളെ പോലെ കൊന്നൊടുക്കുന്നതിന് ദേശീയ വാദത്തിന്റെ മറവില്‍ ന്യായീകരിക്കാനുള്ള അറപ്പില്ലായ്മ, മതത്തിന്റെ പേരിലുള്ള ഭിന്നിപ്പിക്കല്‍, രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി മതത്തിനെ ദുരുപയോഗം ചെയ്യല്‍ എല്ലാത്തിനും പുറമേ ഭയംകൊണ്ട് ഒരു ജനതയുടെ വായടപ്പിക്കാന്‍ ഭരണകൂടം പ്രയോഗിക്കുന്ന കുറുക്കുഴികള്‍'.
നോവലിലൂടെ:
പ്രണയവും പ്രതികാരവും പകയും കണ്ണീരും നിറഞ്ഞുനില്‍ക്കുന്ന ഇടവഴികളാണ് ഈ നോവലിലെ ഓരോ അധ്യായവും. ബാഴ്‌സലോണയില്‍ നിന്നും കാമുകനെ തേടിയുള്ള യാത്രയില്‍ ടര്‍ക്കിയിലെത്തുന്ന സീത എന്ന ഇന്ത്യന്‍ വംശജയെ ഭീകരവാദി എന്ന് മുദ്രകുത്തുന്നു. അതോട ടര്‍ക്കിഷ് പട്ടാളത്തില്‍ നിന്നും അവള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങള്‍ ക്രൂരമാണ്. ദേവ്‌റാന്‍ എന്ന കുര്‍ദു വംശജന്റെ കാമുകിയായിരുന്നു സീത. സീതയില്‍ നിന്നും ആരംഭിക്കുന്ന കഥ തിമൂര്‍ എന്ന ടര്‍ക്കിഷ് വംശജനിലൂടെ വംശഹത്യാ നയങ്ങളെ ചോദ്യം ചെയ്യുകയാണ്. ദേവ്‌റാന്റെ സഹോദരനായ അര്‍മാന്‍ കഥയുടെ ആദ്യം മുതല്‍ അവസാനം വരെ മറ്റുള്ളവര്‍ക്ക് തീവ്രവാദിയായി അനുഭവപ്പെടും. അര്‍മാന്റെ കാമുകിയായിട്ടുള്ള ദില്‍വയുടെ കൊലപാതകം അര്‍മാനെ രണ്ടാംതരം പൗരന്മാരായി ജീവിക്കുന്ന വിഭാഗങ്ങളുടെ സമഗ്ര വിമോചനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയിലേക്ക് എത്തിക്കുന്നു. സീതയുടെ ദേവ്‌റാനെ തേടിയുള്ള യാത്രയില്‍ മുസ്തഫയെയും, 60 വയസ്സായ നര്‍ജസ്സിനെയും ദേവ്റാന്റെ അമ്മയായ അയ്‌റെനെയും, നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായി റോജാവാ എന്ന പട്ടിയെയും നമുക്ക് കാണാന്‍ സാധിക്കും.
കുര്‍ദു വംശജനായ ദേവ്‌റാനെ പ്രണയിച്ച സീതയുടെ ഉദരത്തില്‍ ദേവ്റാന്റെ കുഞ്ഞ് വളരുമ്പോള്‍ അയാളെ തിരക്കിയെത്തുന്ന സീത ഒടുവില്‍ ദേവ്‌റാന്റെ വീട്ടില്‍ അഭയം പ്രാപിക്കുന്നു. ദേവ്‌റാനെ കിട്ടാത്ത ദേഷ്യത്താല്‍ സീതയെ ടര്‍ക്കിഷ് ഭരണകൂടം വലിച്ചിഴച്ചു കൊണ്ടുപോകുന്നു. അതിദാരുണമായ പീഡനങ്ങളുടെ ദിവസങ്ങള്‍ അവിടെ സീതയെ കാത്തിരിക്കുന്നു. ഒടുവില്‍ സുരയ്യപ്പാ ആശുപത്രിയില്‍ മരണത്തോട് മല്ലിട്ട് കിടക്കുന്ന സീതക്ക് വേണ്ടി ബാഴ്‌സലോണ യൂണിവേഴ്‌സിറ്റിയിലും ഇന്ത്യന്‍ തെരുവുകളിലും സമരങ്ങള്‍ ശക്തമാകുന്നു. അനേകായിരം വിദ്യാര്‍ഥികള്‍ ഭരണകൂടത്തിന്റെ ലാത്തിക്ക് ചോരകൊണ്ട് മറുപടി പറയുമ്പോള്‍ ചിലര്‍ വെടിയുണ്ടകളെ ഹൃദയത്തില്‍ ഒളിപ്പിച്ചു. നയതന്ത്ര ബന്ധങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നു. ബാഴ്‌സലോണയിലെ സമരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മാര്‍ക്ക് എന്ന ചെറുപ്പക്കാരന്റെ വികാരപരമായിട്ടുളള പ്രസംഗം കഥയുടെ ഗതി തന്നെ മാറ്റിമറിക്കുന്നുണ്ട്. സീതയുടെ മനുഷ്യാവകാശ ലംഘനത്തെ ലോകത്തിനു മുന്നില്‍ പിനാര്‍ എന്ന മാധ്യമപ്രവര്‍ത്തക വെളിപ്പെടുത്തുന്നതോടെയാണ് ഈ സംഭവ വികാസങ്ങള്‍ ശക്തമായി മുന്നോട്ടുപോകുന്നത്. ഇവിടെ കഥ മാത്രമേ അവസാനിക്കുന്നുള്ളൂ. നഷ്ടപ്പെട്ടുപോയ കുര്‍ദുകളുടെ ജീവിതമോ അവരുടെ ആത്മാഭിമാനമോ അവരുടെ ജന്മദേശത്തെ കുറിച്ചുള്ള ചിന്തകളോ ഓര്‍മ്മകളോ അവസാനിക്കുന്നില്ല. സംഘര്‍ഷത്തിന്റെ ആയിരം തിരമാലകള്‍ മനസ്സില്‍ ആര്‍ത്തടിക്കുന്ന അനുഭവവേദ്യമായിട്ടുള്ള നിമിഷങ്ങളെ ഓരോ അധ്യായത്തിലും കുറിച്ചെടുത്തുകൊണ്ടാണ് ഹരിത സാവിത്രി എന്ന എഴുത്തുകാരി തന്റെ സിന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. അവതാരികയില്‍ എന്‍ എസ് മാധവന്‍ പറയുന്നതുപോലെ ''ബുദ്ധി നല്‍കുന്നത് സൂചനയാണെങ്കിലും ഇച്ഛാശക്തി ശുഭാപ്തി വിശ്വാസം പകരുന്നു''. ജീവിതം എന്താണെന്ന് സുഖലോലുപതയില്‍ തിരിച്ചറിയാന്‍ കഴിയാത്ത അല്ലെങ്കില്‍ അധമപ്രവര്‍ത്തനത്തിന് കൂട്ടുനില്‍ക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ ജീവിക്കുന്ന സാധാരണക്കാരന്‍ പോലും മറന്നുപോകുന്ന ആ സത്യത്തെ വ്യക്തമായി മനസ്സിലാക്കി തരികയാണ് ഹരിത സാവിത്രി.
നഗരങ്ങളായ സൂറിലെയും ജിസ്‌റയിലെയും ദീയര്‍ബക്കിലെയും അവസ്ഥകളെ ഹരിത ഇവിടെ വിശദമായി പറഞ്ഞു പോകുന്നുണ്ട്. പോരാട്ടത്തിന് ഇറങ്ങിയ പെണ്‍കുട്ടികളെയും, കുര്‍ദുവംശത്തില്‍ പിറന്ന പെണ്‍കുട്ടികളെയും ജിസ്‌റയിലെ നിലവറയില്‍ ഇട്ട് കൂട്ടബലാല്‍സംഗം ചെയ്തതിനുശേഷം കത്തിച്ചു കളഞ്ഞതിന്റെ തിരുശേഷിപ്പുകള്‍ പോലും ബാക്കി വയ്ക്കാതെ മാറുന്ന നഗരത്തിന്റെ മായിക ഭാവത്തെ ഹരിത എഴുത്തിലൂടെ കാണിച്ചു തരുന്നു. മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന ജയിലുകളുടെ അവസ്ഥ 'ചോര' എന്ന അധ്യായത്തില്‍ കാണാം. മൂത്രം കുടിപ്പിക്കുകയും നിരന്തരമായി പീഡിപ്പിക്കുകയും ചെയ്യുന്ന മനുഷ്യത്വത്തിന്റെ ഒരറ്റം പോലും കാണാനില്ലാത്ത പ്രതികാരം മാത്രം മുന്നില്‍ കണ്ട് എല്ലാവരെയും അടിമകളായി കാണുകയും ചെയ്യുന്ന അവസ്ഥയെ എഴുത്തുകാരി ചിത്രീകരിക്കുന്നുണ്ടെങ്കില്‍ അത് ഫീല്‍ഡിലൂടെയും ഇന്റര്‍വ്യൂവിലൂടെയും എഴുത്തുകാരിക്ക് കിട്ടിയ അനുഭവത്തില്‍ നിന്നും മാത്രമാണ്.
എങ്ങനെയാണ് നയതന്ത്രത്തില്‍ ഇളക്കങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയുക എന്നതിനെക്കുറിച്ച് വിശദമായിത്തന്നെ നോവലില്‍ പ്രതിപാദിക്കുന്നു. സത്യം പറയുന്ന മാധ്യമപ്രവര്‍ത്തകര്‍ പലായനം ചെയ്യപ്പെടേണ്ടി വരുന്ന കഥകള്‍ ആദ്യമായിട്ടല്ല വായിക്കുന്നത്. വീണ്ടുമത് ആവര്‍ത്തിക്കപ്പെടുമ്പോള്‍ കേട്ട കഥകള്‍ എല്ലാം സത്യമായിരുന്നു എന്ന് തോന്നിപ്പോകുന്നു. സ്ത്രീകളുടെ തുടകള്‍ക്കിടയിലാണ് കുടുംബത്തിന്റെ മാനം എന്ന് കാണുന്ന പ്രാകൃത കുടുംബ ചിന്താ രീതികളുടെ ആവര്‍ത്തനവും സമൂഹം എത്രമാത്രം പുരോഗമിച്ചാലും സ്ത്രീയുടെ ശരീരം ആഘോഷിക്കുവാന്‍ മാധ്യമങ്ങളും സമൂഹവും മറക്കുകയില്ല എന്നും നോവലിലൂടെ പറയാതെ പറയുകയാണ് ഹരിത.
സിന്‍ എന്തുകൊണ്ട് വായിക്കപ്പെടണം.
കരുതല്‍ തടങ്കലില്‍ ജീവിക്കുന്ന ജനസമൂഹത്തിന്റെ കഥയാണ് സിന്‍ പറയുന്നത്. ഇസ്രായേലി ഭരണകൂടത്തിന്റെ വേലിക്കെട്ടുകള്‍ തീര്‍ക്കുന്ന, സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന, പതിനായിരത്തിനും മുകളില്‍ ആള്‍ക്കാര്‍ മരിച്ചുവീഴുന്ന ഗസ്സയുടെ ചിത്രം നമുക്ക് മുന്‍പില്‍ തെളിയുമ്പോള്‍ എന്തുകൊണ്ട് സിന്‍ എന്ന് പറയുന്ന ഈ നോവലിന് കൂടുതല്‍ പ്രാമുഖ്യം ഉണ്ടാകുന്നു എന്ന് ഞാന്‍ ഓര്‍ത്തുപോകുന്നു.
ജനിച്ച മണ്ണില്‍ അഭയാര്‍ത്ഥികളായി മാറിയ പാലസ്തീന്‍ ജനതയുടെ ജീവിതത്തെ ഇസ്രായേലി പട്ടാളക്കാരുടെ തോക്കിനു മുമ്പില്‍ നിസ്സഹായരായി വളരുന്ന ബാല്യങ്ങള്‍, ജനിക്കുമ്പോള്‍ മുതല്‍ തീവ്രവാദികളായി മുദ്രകുത്തപ്പെടുന്നവര്‍, അവകാശങ്ങള്‍ക്കുവേണ്ടി സ്വാതന്ത്ര്യത്തിനു വേണ്ടി രാജ്യത്തിനുവേണ്ടി എല്ലാത്തിനെയും ത്യജിക്കുന്ന പ്രതിരോധശേഷിയുള്ള ഒരു ജനത നമുക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ സിന്‍ ആവര്‍ത്തിക്കപ്പെടുന്നു. മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര സംഘടനകളും മരണത്തിന്റെ കണക്കുകള്‍ മാത്രം ശേഖരിക്കാന്‍ നിയോഗിക്കപ്പെട്ടവരായി മാറിയിരിക്കുന്നു. അണുവായുധത്തിന്റെ അന്വേഷണത്തിനായി ഇറാഖിന്റെ മണ്ണിലേക്ക് ഇറങ്ങി പുറപ്പെട്ട യുണൈറ്റഡ് നേഷന്‍ ദൗത്യസംഘത്തിന്റെ ഒരു ഇലയനക്കം പോലും പാലസ്തീന്‍ വിഷയത്തില്‍ കാണുന്നില്ല. മരിച്ചവരെ മാത്രം എണ്ണത്തില്‍പ്പെടുമ്പോള്‍ ഇനി മരിക്കാന്‍ പോകുന്നവരെ മനപ്പൂര്‍വ്വം വിസ്മരിക്കുന്ന കാഴ്ചയും കാണുന്നു.
''ഒരെല്ലു പോലും ബാക്കിയാവാതെ കത്തി തീര്‍ന്നവര്‍, പട്ടാളക്കാര്‍ ജീവനോടെ കുഴിച്ചിട്ടവര്‍, കാണാതായവര്‍, ഇവരെയൊക്കെ യു എന്‍ ഏതു കണക്കില്‍ പെടുത്തും !
ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍, പട്ടാളക്കാരുടെ തല്ലുകൊണ്ട് നിത്യരോഗികളായി തീര്‍ന്ന നിരപരാധികളായ ചെറുപ്പക്കാര്‍, കുട്ടികള്‍, വാട്ടര്‍ ടാങ്കുകളിലും ഭക്ഷണങ്ങളിലും മലം കലര്‍ത്തിയതിനാല്‍ പടര്‍ന്നുപിടിച്ച രോഗങ്ങള്‍ മൂലം ചികിത്സ കിട്ടാതെ മരിച്ച കുഞ്ഞുങ്ങള്‍, മരിക്കാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ ഇവരെയൊക്കെ യുഎന്‍ എങ്ങനെ കണക്കില്‍ പെടുത്തും?''
ഇസ്രായേലിന്റെ വേർതിരിക്കൽ മതിൽ | PHOTO: WIKI COMMONS
ഭരണകൂടങ്ങള്‍ വലിയ മതിലുകള്‍ തീര്‍ക്കുന്ന തുറന്ന ജയിലുകള്‍ പാലസ്തീനിലും ടര്‍ക്കിയിലും മെക്‌സിക്കോയിലും ഉണ്ട്. കുര്‍ദുകളുടെ ബന്ധനം 911 കിലോമീറ്ററിലുള്ള വന്മതിലുകൊണ്ട് തുര്‍ക്കി ഭരണകൂടം തീര്‍ക്കുമ്പോള്‍ 25 അടി പൊക്കത്തില്‍ 650 കിലോമീറ്ററില്‍ ഗസ്സയെ ഇസ്രായേല്‍ വരിഞ്ഞു മുറുകുന്നു. ചരിത്രമാണ് ആത്മാഭിമാനത്തെ ഉണര്‍ത്തുന്ന പ്രധാന ഘടകമെങ്കില്‍ 1918 ല്‍ പാലസ്തിനില്‍ അഭയാര്‍ത്ഥി-അധിനിവേശത്തെ തുടര്‍ന്ന് എത്തിയവര്‍ ഇന്ന് പാലസ്തീന്‍ ജനതയെ തുറന്ന ജയിലിട്ടു നരകിപ്പിക്കുന്നു. അതില്‍ പ്രതികരിച്ചാല്‍ തീവ്രവാദി എന്ന ലേബലും അടിച്ചേല്‍പ്പിക്കുന്നു. ആരുടെയായിരുന്നു രാജ്യം എന്നത് ചോദിക്കാന്‍ പാടില്ല. തുറന്ന ജയില്‍ എന്നുള്ളത് അവിടെ ഒരു സംഘര്‍ഷം ഉണ്ടാവുമ്പോള്‍ മാത്രമാണ് നാം ചര്‍ച്ച ചെയ്യപ്പെടുന്നത്. സ്വാതന്ത്ര്യത്തിന്റെ ശ്വാസം കിട്ടിയിട്ട് വര്‍ഷങ്ങളായ ഒരു ജനവിഭാഗമാണ് നമുക്ക് മുന്നില്‍ ജീവിച്ചു മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. നാളെ അവര്‍ നമ്മളെ തേടിയും വരും