ചുവപ്പില്‍ ഒരു പഠനം
കവിത എഴുതാനെന്നല്ല, വായനയ്ക്കുതന്നെ വഴങ്ങിക്കിട്ടുകയെന്നത് വ്യക്തിപരമായി പ്രയാസമേറിയ ഒന്നായിട്ടാണ് തോന്നിയിട്ടുള്ളത്. അതുപക്ഷേ, കവിതയെക്കുറിച്ച് വല്ലതും പറയുകയോ എഴുതുകയോ ചെയ്യേണ്ടിവരുമ്പോഴാണുതാനും. ഒന്നും പറയേണ്ട എങ്കില്‍, കവിത വളരെ സഹജമായി അറിയാവുന്ന ഒന്നായിത്തോന്നാറുമുണ്ട്. എന്നുവച്ച് കവിതയില്‍ ഇടപെടാത്ത ഒരാളല്ല. പുറത്തുകാണിക്കാനല്ലാതെ കവിത എഴുതാറുണ്ട്. അത് കവിത എന്ന വിചാരത്തോടെയൊന്നുമല്ല. കഥയോ അത്തരം ഏതെങ്കിലും ഘടനയോ ഇല്ലാതെ, വാക്കുകള്‍ ചേര്‍ത്ത്, സാമാന്യമായി കവിതയെന്ന് കരുതപ്പെടുന്നതിനോട് ഏതാണ്ട് സമാനമായി വരുന്ന രീതിയില്‍ എഴുതുന്നു എന്നുമാത്രം. അത് സര്‍ഗ്ഗാത്മകമായ ഒരു വാക്കുകളി (ഭാഷാഭ്യാസം) എന്നേ വിചാരിക്കാനുള്ളൂ. പിന്നെ, കവിതകള്‍ ഇംഗ്ലീഷില്‍ വായിക്കുമ്പോള്‍ മലയാളത്തിലേക്ക് മൊഴിമാറ്റാന്‍ തോന്നാറുണ്ട്. അതും സര്‍ഗ്ഗാത്മകതയെ പോഷിപ്പിക്കാനുള്ള സ്വകീയമായ ഒരു കളിയും ശ്രമവും മാത്രം. അവയില്‍ ചിലത് ഫേസ്ബുക്കിലിടും. മിക്കപ്പോഴും സ്‌കൂള്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ളതാവും. അവര്‍ക്ക് ഗുണപ്പെട്ടെങ്കിലോ എന്നുകരുതും. വീണാ റോസ്‌കോട്ടിനെയും ഐഷാ ഇസ്മയിലിനെയും പോലെ ചില ഉത്തമസുഹൃത്തുക്കള്‍ (രണ്ടാളും പ്ലസ് ടൂ ഇംഗ്ലീഷ് അദ്ധ്യാപികമാര്‍ കൂടിയാണ്) നന്നായെന്ന് പറയുകയും ഞാന്‍ മനസ്സിലാക്കിയതില്‍ വന്ന ചില സാരവത്തായ തെറ്റുകള്‍ പറഞ്ഞുതരുകയും ഞാനത് തിരുത്തുകയും ചെയ്യും. ഇതെല്ലാം എനിക്ക് വലിയ എക്‌സര്‍സൈസുകള്‍ തന്നെയായി ഗുണപ്പെടാറുണ്ട്. മറ്റുചിലര്‍ പോടാ ഉവ്വേ, എന്നമട്ടിലുള്ള കമന്റുകളിടാറുമുണ്ട്. എന്തുകൊണ്ട് പോടാ ഉവ്വേ എന്ന് വിശദീകരിക്കാത്തതുകാരണം, അവ ഗുണപ്പെടാറില്ല. മറ്റ് കവികളെപ്പറ്റിയോ കവിതകളെപ്പറ്റിയോ വിലയിരുത്താറോ പഠിക്കാറോ ഇല്ല. അദ്ധ്യാപകനെന്ന നിലയില്‍ കവിതയും ക്ലാസില്‍ ചര്‍ച്ച ചെയ്യാറുണ്ട്. പഠിപ്പിക്കാറുണ്ട്. വൈലോപ്പിള്ളിയെക്കുറിച്ച് വിശദമായ ഒരു പേപ്പര്‍ എം.എ.യ്ക്ക് പഠിച്ചപ്പോള്‍ ചെയ്തുനല്‍കിയത് വായിച്ചിട്ടാണ് ഡി. വിനയചന്ദ്രന്‍ മാഷ് എന്നെ ഇഷ്ടത്തോടെ കൂടെക്കൂട്ടിയത്. മനോജ് കുറൂരുമായും മറ്റുമുള്ള കൂട്ടുമൂലവും കവിതകളെയും കലയെയും അറിയുന്നതില്‍ ഇത്തിരിക്കൂടി ശ്രമമുണ്ടാക്കിയിട്ടുമുണ്ട്. ഇടയ്ക്ക് കെ.ആര്‍.ടോണി അദ്ദേഹത്തിന്റെ കവിതകളെപ്പറ്റി ഒരു ചര്‍ച്ച നടന്നപ്പോള്‍, അതിന് പ്രധാന അവതാരകനായി എന്നെ നിര്‍ദ്ദേശിക്കുകയും അത് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം ആമുഖമായി എഴുതിയത്, ഞാനൊരു കവിതാവിമര്‍ശകനോ കവിതാവിശകലനകാരനോ അല്ല എന്ന് എനിക്കുതന്നെ അറിയാം എന്നു ബോധ്യപ്പെടുത്താനാണ്. എന്നിട്ടും ഞാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്, അടുത്ത സുഹൃത്തും ഒരു പതിറ്റാണ്ടായി ഒന്നിച്ചു ജോലിചെയ്യുന്ന ആളുമായ രോഷ്‌നി സ്വപ്നയുടെ, ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച്, രണ്ടാംപതിപ്പിലേക്കു കടന്ന, ചുവപ്പ് എന്ന കവിതാസമാഹാരം വായിച്ചതിന്റെ വെളിച്ചത്തില്‍ ഒരു ആസ്വാദനം എഴുതാനാണ്. അത് വിലയിരുത്തലായിപ്പോകുമോ എന്ന പേടിയോടെയുമാണ്.
രോഷ്‌നിയെ എനിക്ക് നേരിട്ട് പരിചയമാകുന്നത് സര്‍വ്വകലാശാലയില്‍ വന്ന ശേഷമാണ്. പക്ഷേ, അതിനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞങ്ങള്‍ രണ്ടാളും ഒരു കഥാമത്സരസമ്മാനം പങ്കിട്ട സന്ദര്‍ഭമുണ്ടായിട്ടുണ്ട്. പരിചയപ്പെടുന്നതും രോഷ്‌നി അതോര്‍ത്ത് പറഞ്ഞുകൊണ്ടാണ്. എനിക്ക് പതുക്കെപ്പതുക്കെ മനസ്സിലായത്, രോഷ്‌നി കഥയെഴുത്ത് ഏതാണ്ട് അവസാനിപ്പിച്ചുകൊണ്ട് കവിതയെഴുത്തിലേക്ക് പൂര്‍ണ്ണമായി മുഴുകിത്തുടങ്ങിയെന്നാണ്. രോഷ്‌നി ഒരേസമയം പലതുമാണ്. കഥയെഴുതിത്തുടങ്ങി, നോവലിലേക്കുവന്നു. കവിതയിലാണ് കൂടുതലും പ്രവര്‍ത്തനം. സാഹിത്യത്തെപ്പറ്റി, നിരന്തരമായി എഴുതും. മറ്റുള്ളവരുടെ കവിതയെക്കുറിച്ചെഴുതുന്നതില്‍ ഒരു ലോപവുമില്ല. ചിത്രം വരയ്ക്കുകയും പാട്ടുപാടുകയും ചെയ്യും. അവ രണ്ടും കലകളെന്നനിലയില്‍ സാങ്കേതികമായി അഭ്യസിച്ചിട്ടുമുണ്ട്. ഇതെല്ലാം ചേര്‍ന്ന ഒരാളാണ് രോഷ്‌നി. എങ്കിലും എനിക്ക് നിരാശ, രോഷ്‌നി കഥാസാഹിത്യം വിട്ട് കവിതയില്‍ നിലയുറപ്പിക്കുന്നു എന്നതിലാണ്. അതിന് കാരണം, ഞാന്‍ കടുത്ത കഥാപക്ഷപാതിയായതാണ്. രോഷ്‌നി ഇപ്പോള്‍ കഥകളല്ലെങ്കിലും നോവലുകള്‍ എഴുതാറുണ്ട്. ശ്രദ്ധ, അരൂപികളുടെ നഗരം, കാമി എന്നിവ ഞാന്‍ വായിച്ചിട്ടുണ്ട്. കാമിയിലേക്കെത്തുമ്പോള്‍ നോവല്‍തന്നെയും കവിതയുടെ അടുക്കിലേക്കും അഴകിലേക്കും മാറിത്തുടങ്ങുന്നുണ്ട്. രോഷ്‌നി മുഴുവനായും കവി തന്നെ.
രോഷ്‌നി സ്വപ്ന | PHOTO: WIKI COMMONS
രോഷ്‌നിയുടെ കവിതകള്‍ ഈയടുത്ത കാലത്തായി വളരെയധികം മികവിലേക്ക് കടന്നേറുന്നതായി എനിക്ക് തോന്നുന്നു. കവിത വായിക്കുമ്പോള്‍ അറിയുകയും പിന്നെ, അതു മറന്നുപോകുകയും വീണ്ടും വായിക്കുമ്പോള്‍, പുതുതായി തോന്നുകയും ചെയ്യുന്നെങ്കില്‍ അത് അനുഭവലീനമായിത്തീരുന്നതുകൊണ്ടാണെന്നേ പറയാനാവൂ. പുതുതായിരിക്കെത്തന്നെ അത് മറന്നുമാഞ്ഞുപോയി എന്ന അര്‍ത്ഥത്തിലല്ല, ഓര്‍മയിലുണ്ടായിരിക്കെത്തന്നെ, അതിന്റെ അനുഭവമേ, കൃത്യമായിപ്പറഞ്ഞാല്‍ അനുഭൂതിയേ, ഓര്‍മയിലുള്ളൂ, അല്ലാതെ വാക്കുകളും അവയുടെ അടുക്കുമില്ല എന്നപോലെ. ഈയൊരു സാന്ദ്രമായ, എന്നാല്‍, എടുത്തുപെരുമാറാന്‍ വയ്യാത്തവിധം അലിഞ്ഞും അലുത്തും പോകുന്ന അനുഭവം രോഷ്‌നിയുടെ പുതിയ കവിതകളില്‍നിന്ന് കിട്ടുന്നുണ്ട്. ചുവപ്പിലെ മിക്ക കവിതകളും ഇങ്ങനെയൊരു അനുഭവത്തിന് ആധാരമാകുന്നുമുണ്ട്. എങ്കിലും ചുവപ്പിലെ കവിതകളില്‍ കാണുന്ന പൊതുവായ ചിലത് എടുത്തുപറയാനാകും. ഇവ ഏറിയകൂറും ഞാനിന്റെ കവിതയാണെന്നതാണ് അതില്‍ സുപ്രധാനം. കവി എന്നും പെണ്ണ് എന്നും സ്വയം കരുതുകയും നിരന്തരം വിളിച്ചുപറയുകയും ചെയ്യുന്ന ഒരു ഞാന്‍ ആവര്‍ത്തിച്ചുവരുന്ന അനേകം കവിതകള്‍ ചുവപ്പില്‍ കാണാം. കവികളില്‍പ്പലരും ഈ ഞാനിനെ ആസ്പദിച്ചാണ് കവിതയെഴുതുന്നതെന്ന് പൊതുവേ പറയാം. ഈ ശീലം കവിതയെ ചിലപ്പോഴെങ്കിലും ഏകതാനതയിലേക്കും ഒരു സഞ്ചയത്തിലേക്കും നയിക്കും. എന്നാലും, ഈ ഞാനിനെ വിടര്‍ത്തിമാറ്റി, മറ്റൊരു കവിത രോഷ്‌നിക്കു സാദ്ധ്യമാകുന്നില്ല. അപ്പോള്‍, ഈ ഞാനിന്റെ വിചാരാനുഭവലോകങ്ങളുടെ സൂക്ഷ്മതയാണു പിന്നെ പ്രധാനം. ആ സൂക്ഷ്മലോകത്തെ മുനകൂര്‍പ്പിച്ചുകൊണ്ടുവരാനുള്ള നിരന്തരമായ ശ്രമമാണ് രോഷ്‌നി ചുവപ്പിലെ കവിതകളിലൂടെ നടത്തുന്നതെന്നു വിചാരിക്കാം.
ചുവപ്പിലെ ആദ്യകവിതയായ അമ്മയെക്കാണാന്‍ പോകുമ്പോള്‍ ഇങ്ങനെയാണ് തുടങ്ങുന്നത്: ആരൊക്കെയാണ് പോയത്/ മീര, ഹരി, ജോണ്‍, കാവലാളന്‍, ഉമ്മര്‍/ പിന്നെ ഞാനും. ഇവിടെയാരംഭിക്കുന്ന ഞാന്‍ എന്ന കൂട്ടത്തിലൊരാള്‍, കവിതയുടെ അവസാനം പെട്ടെന്ന് ഞങ്ങളെക്കാണാതായി എന്ന് കൂട്ടത്തിലും കൂട്ടവും ആയി അലിഞ്ഞുതീര്‍ന്നുപോകുന്നത് കാണാം. പക്ഷേ, ഓരോ കവിതയിലും ഒരു ഞാന്‍ ആത്മഹത്യ ചെയ്യുന്നു എന്ന് വിചാരിക്കുന്ന (ജ്)ഞാനത്വത്തിന്റെ ഉടമ കൂടിയായ രോഷ്‌നിയുടെ പിന്നാലെ വരുന്ന കവിതകളില്‍ വേറേവേറേ ഞാനുകള്‍ ഇങ്ങനെ ആത്മഹത്യ നിര്‍വഹിക്കാനായി മാത്രമെന്നോണം ഉയിര്‍കൊള്ളുക കൂടി ചെയ്തുകൊണ്ടിരിക്കുന്നു. ഒന്നുകില്‍ ഞാന്‍ മരിച്ചിരിക്കണം അല്ലെങ്കില്‍ ഇതെന്റെ കാലമായിരിക്കില്ല (വെട്ടുക്കിളികള്‍ ഏകാന്തതയെക്കുറിച്ചുപറയുന്നു) എന്നും ഞാന്‍ എന്റെ ചോരയെ ആ ചാരത്തിലൊഴുക്കുന്നു (ഞാന്‍ തീവ്രവാദി) എന്നും എവിടെയെത്തിയിരിക്കാം അവന്‍/ എന്നുചോദിക്കുന്നു/ എന്നോടു ഞാന്‍ തന്നെ (പേടിയാകുമ്പോള്‍) ഞാന്‍ പലപാടും നിമന്ത്രിച്ചുകൊണ്ടേയിരിക്കുന്നു. എങ്ങനെയായിരിക്കും തന്റെ മരണമെന്ന് മരണാനന്തരമെന്ന കവിതയില്‍ ആ ഞാന്‍ ഉല്‍ക്കണ്ഠപ്പെടുന്നു. എന്റെ കവിത എന്ന് തന്നെത്തന്നെ നിര്‍വചിക്കാന്‍ യത്‌നിക്കുന്നു. ആത്മം എന്നാല്‍ ഭാഷ കുടിക്കുന്ന അനുഭവമാണെന്ന് വിചാരപ്പെടുന്നു. ശ്വാസമെന്ന കവിതയിലെപ്പോലെ എന്റെ മരണം എന്ന വിചാരം ആവര്‍ത്തിക്കുന്നുണ്ട്. ഞാനെന്നാല്‍പ്പക്ഷേ, ഞാന്‍ തന്നെയാകണമെന്നില്ല, എന്നെപ്പോലൊരാള്‍ ആകാം എന്ന് ഖനനം എന്ന കവിതയിലെപ്പോലെ ആശ്വസിക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നുണ്ട്.
REPRESENTATIVE IMAGE | FACEBOOK
മറ്റൊന്ന് ഈ ഞാനിനെയും മറ്റ് അസ്തിത്വങ്ങളെയും പേറുന്ന സ്ഥലമാണ്. ഇരിങ്ങാലക്കുടയാണ് രോഷ്‌നിയുടെ ദേശം. അതുകൊണ്ടുതന്നെ പരിചിതമായ ആ ഇരിങ്ങാലക്കുടയെ രോഷ്‌നി പല കവിതകളിലും സ്ഥലമായി കൊണ്ടുവരുന്നു. ഇരിങ്ങാലക്കുടക്കാര്‍ക്കല്ലാതെ അപരിചിതമായ ആ ദേശത്തെ, വാക്കുകള്‍കൊണ്ട് അനുഭവസ്ഥമായി ബന്ധിപ്പിക്കാനാണ് കവിതയിലെ ശ്രമം. എവിടേക്കും പോകുന്നത് ഇരിങ്ങാലക്കുടയില്‍നിന്നാണെന്ന് ഇരിങ്ങാലക്കുടയിലെ വഴികള്‍ എന്ന കവിതയില്‍ രോഷ്‌നി എഴുതുന്നു. സ്ഥലം ഒരു ഭാരമാകുന്നതുപോലെ എന്നാണ് ഒറ്റയ്ക്കു നടക്കുമ്പോള്‍ എന്ന കവിതയുടെ തുടക്കം. തുരങ്കത്തിലെ തീവണ്ടികളെന്ന കവിതയില്‍ തീവണ്ടി തുരങ്കത്തിന്റെ രണ്ടറ്റത്തെത്തിയ എന്നെയും നിന്നെയും ചേര്‍ത്തുപിടിക്കുകയാണ് എന്ന കല്പന കാണാം. തുരങ്കത്തിലെത്തിയല്ലോ നമ്മളെന്നാണ് ഇവിടെ തുടക്കത്തില്‍ ഞാന്‍ പറയുന്നതും. ഞാന്‍ എന്ന കഥാപാത്രം ഉള്ളിടത്തെല്ലാം, ഞാന്‍ മാത്രമല്ലാത്ത (അനേകാന്തമായ) സമയങ്ങളിലെല്ലാം നീ കൂടി ഇല്ലാതെ പറ്റില്ലല്ലോ. രോഷ്‌നിയുടെ കവിതയില്‍ ഈ നീയും ആവര്‍ത്തിക്കുന്നത് അതുകൊണ്ടുതന്നെ. നീ എന്നത് സെക്കന്റ് പേഴ്‌സനല്ല. ഫസ്റ്റ് പേഴ്‌സണിന്റെ അപരവിചാരവും വേവലാതിയും കൂടിയാണ്. നമ്മുടെ തീവണ്ടി ഓടുന്ന കടലിന്റെ പേര് നീ എന്നും ഞാന്‍ എന്നുമായിരുന്നല്ലോ എന്ന് പറയുമ്പോള്‍, രണ്ടു കരകളിലും രണ്ടായി കാണപ്പെടുന്ന കടല്‍ ഒന്നുതന്നെയാണെന്നുകൂടി അനുഭവസ്ഥമാകുന്നുണ്ട്. ഞാനും നീയും കഴിഞ്ഞാല്‍പ്പിന്നെ, അയാളെന്ന മൂന്നാംകക്ഷിയുടെ ആവിര്‍ഭാവത്തിനാണ് പ്രസക്തി. മറ്റാരോ മരിച്ചപ്പോള്‍ ഞാന്‍ അയാളുമൊത്തുപോയി (ഇറങ്ങിപ്പോക്ക്) എന്നോര്‍മിക്കുന്ന കവിത കവിതയില്‍ നിന്ന് അയാള്‍ ഇറങ്ങിപ്പോയത് വിവരിക്കുന്നു. പക്ഷേ, താന്‍ ഇറങ്ങിപ്പോകാന്‍ വിചാരിച്ചാല്‍ക്കൂടി ആരുടെ കവിതയില്‍നിന്നാകും അതു സാദ്ധ്യമാകുക എന്ന് അസ്വസ്ഥപ്പെടുകയും ചെയ്യുന്നു. ഞാനും നീയും അയാളുമുള്ള സ്ഥലം എന്നതിനപ്പുറത്ത്, അസ്ഥലമെന്നു വിളിക്കാവുന്നവിധത്തില്‍ കവിത എന്ന സങ്കേതം/ താവളം കൂടിയുണ്ട്. അമൂര്‍ത്താലയം എന്നു വേണമെങ്കിലതിനെ വിളിക്കാം. ആ കവിതയില്‍നിന്നാണ് ഇറങ്ങിപ്പോക്കും ഇറങ്ങിപ്പോകാനാകായ്കയും എല്ലാം വരുന്നത്. അവന്‍ കുടിച്ച വിഷം കലക്കിയത് ഞാനാണെന്ന് ഇതേ ഞാന്‍ മരിച്ചവരുടെ വീട് എന്ന കവിതയില്‍ കുറ്റസമ്മതം നടത്തുന്നതു കാണാം.
മരണം എന്നതുപോലെയും ഞാന്‍ എന്നതുപോലെയും കവിത എന്ന വാക്കും കവിതകളില്‍ ആവര്‍ത്തിച്ചുവരുന്നു. സൂക്ഷ്മമായി ഈ വാക്കുകളെ പിന്തുടര്‍ന്നാല്‍, അവ ആവര്‍ത്തിക്കുകയല്ല, ബലപ്പെട്ടു പെരുകുകയാണെന്നോ പെരുകി ബലപ്പെടുകയാണെന്നോ പോലും തോന്നാം. കണ്ടത് എന്റെ സ്വപ്നം തന്നെയായിരുന്നോ/ ഉറങ്ങിയതു ഞാന്‍ തന്നെയായിരുന്നോ (ഉസ്താദ് റാഷിദ് ഖാന്‍ പാടുമ്പോള്‍) എന്ന വിഭ്രമം സ്ഥലകാലഭ്രാന്ത് പോലെ, അനുഭവഭ്രാന്തുകൊണ്ടാകാനേ തരമുള്ളൂ. ഇതുപോലെ, ഇല്ലാത്ത ഒന്നിനെ, അതും കവിതയെ, ഉണ്ടെന്നു വിശദീകരിക്കുന്നത്, അത് ഇല്ല എന്നത് ഉണ്ട് എന്നു പറയുന്നതിനെ, കവിതയുടെ വിശദീകരണക്ഷമമല്ലാത്ത പ്രമേയാവിഷ്‌കാരമായിട്ടേ കരുതേണ്ടൂ. സാധ്യത എന്ന കവിതയില്‍ കാണുന്നതിങ്ങനെ:
വെറുതെയിരിക്കുന്ന/ ഒരു പൂച്ചയെയും/ അതിന്റെ/ ഇണയെയും/ അവരെ നോക്കിക്കൊണ്ട്/ മരക്കൊമ്പിലിരിക്കുന്ന/ കാക്കയെയും കുറിച്ച് / ഞാന്‍ എഴുതാന്‍ സാദ്ധ്യതയില്ലാത്ത/ ഒരു കവിതയുണ്ട്.
ഇല്ലാത്ത ഒരു നദി ഒഴുകുന്നതെങ്ങനെയാണെന്നറിയാമോ എന്ന് (ഇല്ലാത്ത ഒരു നദി) ചോദിക്കുന്നതും സമാനമാണ്. സ്വപ്നം എന്ന കുട്ടിയാണ് ഞാനെന്ന് തന്നെത്തന്നെ അടയാളപ്പെടുത്തുന്ന, കവിതയെ ഉടലായും സങ്കല്പിക്കുന്ന അതേ പേരിലുള്ള കവിതയിലെത്തുമ്പോള്‍ കവിയുടെ കലാസങ്കല്പവും താന്‍വിചാരവും എങ്ങനെയാണ് ചിലപ്പോഴെങ്കിലും കൊരുത്തുനില്‍ക്കുന്നതെന്നും തെളിയുകയാണ്. ഉടല്‍ എന്ന കവിത ആരുമെഴുതുകയുമില്ല, താനേ എഴുതപ്പെടുകയുമില്ലെന്നും അതിനാല്‍ സ്വപ്നം എന്ന കുട്ടിക്ക് (അത് രോഷ്‌നി സ്വപ്ന തന്നെയോ) അതൊരിക്കലും വായിക്കാനുമാവില്ലെന്ന് പരിതപിക്കുന്നതും വായനയില്‍ക്കാണാം. തത്സമയം എന്നെക്കണ്ട്/ എത്രമേല്‍ കോള്‍മയിര്‍ നിങ്ങളെന്ന്/ എന്നിലെ ആത്മാഹുതി എന്നാണ് അത്ര തത്സമയമല്ല ഞാന്‍ എന്നൊടുങ്ങുന്ന തത്സമയം എന്ന കവിതയില്‍ പറയുന്നത്. ഒട്ടകപ്പക്ഷിയെപ്പോലെ ഞാന്‍ എന്നിലേക്കു തലപൂഴ്ത്തി എന്ന് തുളകള്‍ എന്ന കവിതയില്‍ വീണ്ടും ഞാനിനെ ഞാനിലേക്ക് ചുരുക്കുന്നു. വിളി കേട്ടത് ഞാന്‍, ചെന്നത് മറ്റൊരു ഞാന്‍ (ഒന്ന് ബി) എന്നും കാണാം. മരിച്ചുകിടക്കാന്‍ എവിടെയും സ്ഥലമില്ലാത്തതിനാല്‍ ഞാന്‍ എന്റെ കവിതയിലേക്ക് തിരിച്ചുവരുന്നു എന്നാണ് ഒരു കവിതയുടെ തലക്കെട്ട്. ഇതില്‍ ഞാനും സ്ഥലവും കവിതയും സംഗമിക്കുകയും കവിത എന്ന (അ)സ്ഥലത്തെ സൂചിപ്പിക്കുകയോ ഉറപ്പിക്കുകയോ ചെയ്യുകയും ആണ്. ഇതേപോലെതന്നെ, ഞാന്‍, എന്റെ ഇന്ന പ്രവൃത്തി, അത് ഇങ്ങനെയൊന്നാണ് എന്ന പ്രഖ്യാപനങ്ങളും തുടരെക്കാണാം. അതുകൊണ്ടാണ് എനിക്ക് എന്റെ പേരുകിട്ടിയത് (കാല്‍നടയായി), അങ്ങനെയാണ് ഞാന്‍ ഒരു കൊലയാളിയായ കവിയായത് (കൊലയാളി), ഇനി ഒരേഴാമനും ഇടമില്ലാത്തവിധത്തില്‍ നീ എന്നില്‍ വേരോടിക്കഴിഞ്ഞു (ഏഴാംരംഗം), എന്റെ ഘാതകാ, പ്രണയമാണു നിന്നോട് (എന്റെ ഘാതകാ...) നിന്നെ ഞാന്‍ സ്‌നേഹിക്കുന്നുവെന്നു മന്ത്രിക്കുന്നത് നീ കേള്‍ക്കുന്നില്ലേ (മരിച്ചതിനുശേഷമായിരിക്കുമോ നാം പരസ്പരം കാണുക) പിറ്റേന്നു കാലത്ത് ഇന്നലെക്കണ്ട സ്വപ്നത്തില്‍ ഞാനൊരു കത്തുന്ന പന്തു കണ്ടുവെന്നു പറഞ്ഞിട്ടുമുണ്ടാകും (പൊട്ടിച്ചൂട്ട്), എന്നിങ്ങനെ പടരുന്ന ആത്മവിചാരങ്ങളുടെ കാവ്യപ്രകാശനങ്ങളാണ് കാണാനാകുക.
REPRESNTATIVE IMAGE | FACEBOOK
ഒപ്പംതന്നെ, പ്രേമവിചാരങ്ങളും കല്പനകളും വിചിത്രവും നിഷ്ഠുരവുമായി ആസുരഭാവത്തില്‍ കടന്നുവരുന്നു. എന്റെ ഘാതകാ എന്നാണു കാമുകനെ വിളിക്കുന്നത്. ആഴക്കിണറിലേക്കുള്ള വീഴ്ച പോലെയാണ് കവി പ്രേമത്തെ അറിയുന്നത് (ടൈറ്റില്‍ ഇല്ലാത്ത പ്രണയം). നീ എന്ന പ്രണയി ഒരു കവിതയായി പറന്നുവന്ന് എന്റെ കാഴ്ചയായി എന്നാണ് കടല്‍ ഒരു പാവാടക്കാരിയായിരുന്ന കാലത്ത് എന്ന കവിതയില്‍ കാണുന്നത്. നിഴല്‍ വേര്‍പ്പെട്ട ഞാന്‍ നടന്നുതീരാത്ത തേക്കിന്‍കാട് (തേക്കിന്‍കാട്) എന്ന് നേരത്തേ പറഞ്ഞപോലെ, സ്ഥലത്തെ, തനിക്കു പരിചിതവും എന്നാല്‍, വായനക്കാര്‍ക്ക് അപരിചിതവും ആയ ഒരു തേക്കിന്‍കാട് (അത് തൃശ്ശൂര്‍ നഗരത്തില്‍ കാണാനാവുന്ന തേക്കിന്‍ക്കാടിന്റെ ഒരു കവിതാബിംബമാണ്) സൃഷ്ടിക്കുന്ന കവിതയും കാണാനാകുന്നു. എന്നെങ്കിലും നിനക്കാകുമോ എന്നെയെങ്കിലുമൊന്നു വെട്ടിക്കൊല്ലാന്‍ (പേടി) എന്നത് അഭ്യര്‍ത്ഥനയോ താക്കീതോ ഭയപ്രസ്താവമോ എന്ന് വേര്‍തിരിക്കാനാവില്ല. നീയും ഞാനും വേറേ വേറേ എന്നു വേറിടുന്ന കവിതയ്ക്ക് വിലക്ക് എന്നാണ് പേര്. കവിതകളുടെ അവസാനഭാഗത്തുകാണുന്ന ഒരു കവിതയ്ക്ക് ഒരുപിടി ഞാന്‍ എന്നാണു പേരുതന്നെ. അവസാനത്തെ കവിതയായ പുലിയില്‍ ഞാന്‍ മാത്രമാണ് എല്ലാത്തിനും കാരണമെന്നും എങ്കില്‍ ഞാന്‍ കണ്ണടയ്ക്കാം, ഇലകള്‍ക്കിടയില്‍ ഒരു പുള്ളിപ്പുലി ഉണ്ട് എന്നും പറഞ്ഞ് സമാഹാരത്തില്‍നിന്ന് കവി വിരമിക്കുന്നു.
ഇങ്ങനെ, ഞാനുകളുടെ നരകോത്സവം പോലെ ഇരുളുന്ന സങ്കീര്‍ണ്ണസംഘനൃത്തമായും നീകളുടെ എതിര്‍നിലകളായും അയാളുകളുടെ അപരത്വങ്ങളായും കവിതയുടെ ഇല്ലായിടങ്ങളായും, ഇരിങ്ങാലക്കുടയായും തേക്കിന്‍കാടായും ഇവിടവും അവിടവുമായും വന്നുമായുന്ന സ്ഥലങ്ങളുടെ സഞ്ചയങ്ങളായും മാത്രമല്ല, രോഷ്‌നിയുടെ കവിതകള്‍ ചുവന്നുതിണര്‍ക്കുന്നത്. ഇതില്‍, ഗാഢമായ രാഷ്ട്രീയമുണ്ട്. ഗുഢമായ പരിഹാസമുണ്ട്. സംഗീതത്തിന്റെയും മന്ത്രോച്ചാരണങ്ങളുടെയും കമ്പനങ്ങളുണ്ട്. മനുഷ്യരുടെയും മരങ്ങളുടെയും കാടുകളുടെയും വെയിലിന്റെയും നിലാവിന്റെയും വെള്ളത്തിന്റെയും മത്സ്യങ്ങളുടെയും നിറവാര്‍ന്ന പ്രപഞ്ചസ്പന്ദങ്ങളുണ്ട്...വായനയില്‍ ഏറ്റവും പ്രബലമായും അനുഭവവേദ്യമായും നില്‍ക്കുന്ന ഘടകങ്ങളെ കണ്ടെടുക്കാന്‍ സാധിച്ചു എന്നതു മാത്രമേ ഉള്ളൂ. നൃത്തംചെയ്തുനീങ്ങുന്ന വാക്കുകള്‍ പൂമ്പാറ്റകളെപ്പോലെ കലര്‍ന്നും കലമ്പിയും പല വര്‍ണ്ണങ്ങള്‍ തീര്‍ത്തുദൂരേക്കു മാഞ്ഞുപോകുമ്പോള്‍, ചില നിറങ്ങളെ കൂടുതല്‍ കണ്ണില്‍ത്തട്ടിയതിന്റെ പേരില്‍ എടുത്തുപറഞ്ഞ്, ആ അനുഭവം മായാതിരിക്കാന്‍ ശ്രമിക്കുന്നു എന്നുമാത്രം. അപരിചിതമായതിനെ പരിചിതമാക്കുകയും പരിചിതമായതിനെ അപരിചിതമാക്കുകയും ചെയ്യുന്ന ബിംബവിദ്യകൂടിയാണു കവിത. അതിന് എല്ലാ വിധത്തിലും സമര്‍ത്ഥമായിരിക്കുന്നു രോഷ്‌നിയുടെ ചുവപ്പിലെ കവിതകള്‍.