TMJ
searchnav-menu
post-thumbnail

Penpoint

ആ നെല്ലിമരം പുല്ലാണ്; പൊതുബോധങ്ങൾ പൊളിച്ചെഴുതപ്പെടുമ്പോൾ

28 Mar 2024   |   7 min Read
രമേഷ് പെരുമ്പിലാവ്

ന്ത്യന്‍ സമൂഹത്തിലെ ഒരു പ്രധാന ഘടകമാണ് 'ജാതി'. ഒരു വ്യക്തി ജനിച്ചയുടനെ അവന്റെ ഭാഗധേയം നിശ്ചയിക്കുന്നത് 'ജാതി'യാണ്. ജനിക്കുക എന്നത് ഒരു വ്യക്തിയുടെ അവകാശത്തില്‍ പെട്ടതല്ല. അങ്ങനെയാണെങ്കില്‍ പിന്നെ ഞാന്‍ എന്തിനാണ് ഒരു ഭാഗിയുടെ വീട്ടില്‍ ജനിച്ചത്? ഈ നാടിന്റെ മഹത്തായ സാംസ്‌കാരിക പൈതൃകത്തിന്റെ കാവല്‍ക്കാര്‍ എന്ന് സ്വയം വിളിക്കുന്നവര്‍ സ്വന്തം ഇഷ്ടപ്രകാരമാണോ ആ വീടുകളില്‍ ജനിച്ചത്? അതെ, ഇതിനെ ന്യായീകരിക്കാന്‍ അവര്‍ തീര്‍ച്ചയായും പല മതഗ്രന്ഥങ്ങളുടെയും സഹായം തേടുന്നു. സമത്വവും സ്വാതന്ത്ര്യവും വാദിക്കാത്ത, ഫ്യൂഡല്‍ പ്രവണതകള്‍ സ്ഥാപിക്കുന്ന ദൈവശാസ്ത്രങ്ങള്‍.
                - ഓംപ്രകാശ് വാല്‍മീകി, എച്ചില്‍

രജനിയുടെ ആത്മകഥ വായിച്ചപ്പോള്‍, ഞാന്‍ എന്റെയും കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍ത്തുപോയി. എന്റെയൊക്കെ ചെറുപ്പത്തില്‍ അമ്മ വീട്ടുജോലിക്ക് പോകുമായിരുന്നു. ഞങ്ങള്‍ക്ക് വീട്ടിലൊക്കെ വലിയ കഷ്ടപ്പാട് ആയിരുന്നു. അച്ഛന് റോഡ് പണിയാണ്. അമ്മ പാടത്തും പറമ്പിലും ഒക്കെ ജോലിക്ക് പോകുന്നു. ചില വീടുകളിലും ജോലിക്ക് പോകും. അങ്ങനെയൊക്കെയാണ് കുടുംബം കഴിഞ്ഞു പോയിരുന്നത്. ദാരിദ്ര്യം ശരിക്കും അനുഭവിച്ചിട്ടുണ്ട്. എട്ടുമക്കള്‍ ഉണ്ടായിരുന്ന വലിയ കുടുംബവുമായിരുന്നു ഞങ്ങളുടേത്. 

സാമ്പത്തികമായി മുന്നിട്ടുനിന്നിരുന്ന മുസ്ലീം സമുദായത്തിലെ വീടുകളിലെ കല്യാണത്തിനും പെരുന്നാളിനുമൊക്കെ ഞങ്ങള്‍ ചെറിയ കുട്ടികള്‍ വിളിക്കാതെ പോകുമായിരുന്നു. മുത്തച്ചേട്ടന് അതൊന്നും ഇഷ്ടമല്ല. ചേട്ടന്‍ വിവരം അറിഞ്ഞാല്‍ വീട്ടില്‍ വന്ന് നല്ല അടി വെച്ചുതരുമായിരുന്നു. അമ്മ ജോലിക്ക് പോകുന്ന വീട്ടിലെ പഴയ വസ്ത്രങ്ങള്‍ ഉപയോഗിച്ചിട്ടുള്ള ഒരാളാണ് ഞാന്‍. കളിയാക്കിയാലും അവ ഊരിക്കളയണം എന്നൊന്നും തോന്നാനുള്ള പക്വതയുണ്ടാവുകയോ ദാരിദ്ര്യം സമ്മതിക്കുകയോ ചെയ്തിട്ടില്ല. പത്താംക്ലാസ് കഴിയുന്നതുവരെ എനിക്ക് ചെരിപ്പ് വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഒരിക്കല്‍ സ്‌കൂളിലെ കിണറ്റിന്‍ കരയില്‍ ആരോ മറന്നുവെച്ച വലിയ ചെരുപ്പ് ഇട്ട് നടന്ന്, ഞാന്‍ ചെരുപ്പ് കള്ളന്‍ എന്ന പേരും ഉണ്ടാക്കിയിട്ടുണ്ട്. അത്തരം അനുഭവങ്ങളിലൂടെ കടന്നുവന്ന ഒരാളെന്ന രീതിയില്‍, ദളിതര്‍ക്ക് മാത്രമല്ല അക്കാലത്തെ 70കളിലെ ഈഴവര്‍ക്കും, നായന്മാര്‍ക്ക് താഴെയുള്ള ജാതിയില്‍പെട്ടവര്‍ക്കൊക്കെയും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വേണം പറയാന്‍. തീര്‍ച്ചയായും ദളിതരുടെ കാര്യം അതിലും, ഭീകരമായിരിക്കാമെന്നത് കുഞ്ഞാമന്‍ സാറിന്റെ അനുഭവങ്ങളിലൂടെ നാം ആദ്യമേ അറിഞ്ഞിട്ടുണ്ട്.

എം കുഞ്ഞാമന്‍ | PHOTO: WIKI COMMONS
ജാതിയോ മതമോ എവിടെയും അഡ്രസ്സ് ചെയ്യരുതെന്ന് വിചാരിക്കുന്ന ഒരാളാണ് ഞാന്‍. മതവും ജാതിയുമൊക്കെ അടിവസ്ത്രം പോലെ സ്വകാര്യമായിരിക്കുന്നതാണ് നല്ലത്. എന്നാല്‍ ഇക്കാലത്ത് മനുഷ്യര്‍ അടിവസ്ത്രം മാത്രം ധരിക്കുന്നതും ഒരു ശീലമായിരിക്കുന്നു. ജാതിയും മതവും പോലെ. 

ജാതി വിഷയമായ ഇത്തരം കാര്യങ്ങള്‍ ഈ പുസ്തകത്തിന്റെ വായനയുടെ ഭാഗമായിട്ട് സാന്ദര്‍ഭികമായി പറഞ്ഞുവെന്ന് മാത്രം. അത്തരം ചില അനുഭവങ്ങള്‍ എന്റെയും സ്വന്തം അനുഭവങ്ങളായി കൂടി എനിക്ക് വായിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പറയുകയായിരുന്നു.

ഹിന്ദി സാഹിത്യകാരനായ ഓം പ്രകാശ് വാല്‍മീകി യുടെ എച്ചില്‍ (ജൂദ്ധന്‍)' എന്ന ആത്മകഥയില്‍ ജാതിയുടെ ഭീകരമായ അവസ്ഥയെ വിവരിച്ചിട്ടുണ്ട്.

'പട്ടികളെ തൊടാം. പൂച്ചകളേയും കാലികളേയും തൊടാം. ചൂഹ്രകളെ തൊട്ടു കൂടാ. ചൂഹ്രകളെ തൊട്ടാല്‍ പാപം പോക്കാന്‍ ഏഴുവട്ടം കുളിക്കണം. ചൂഹ്രകളെ മനുഷ്യരായി ആരും കണക്കാക്കിയില്ല. അതിഭീകരമായ തൊട്ടുകൂടായ്മയാണ് നിലനിന്നിരുന്നത്'.

ഒരു ദളിതനായി ജനിച്ചു എന്ന ഒറ്റ കാരണംകൊണ്ട് ഓം പ്രകാശിന് നേരിടേണ്ടി വന്ന പീഡാനുഭവങ്ങള്‍ ആണ് ഇതിലെ ഉള്ളടക്കം. ദളിതജീവിതം തീരാവേദനയാണ്. ജനനം മുതല്‍ മരണം വരെ അനുഭവങ്ങളുടെ തീക്കുണ്ഡത്തിലൂടെയാണ് കടന്നുപോകേണ്ടി വരുന്നത്. സ്‌കൂള്‍ ജീവിതം മുതലുള്ള വേദനാജനകമായ അനുഭവങ്ങള്‍ നമ്മുടെ മനസ്സിലും പൊള്ളലേല്പിക്കുന്നു. ഏറെ പണിപ്പെട്ടതിന് ശേഷമാണ് ഓം പ്രകാശിന് സ്‌കൂളില്‍ പ്രവേശനം ലഭിച്ചത്. ചൂഹ്രചെക്കാ എന്നുള്ള നിരന്തരമായ അവഹേളനം നേരിടേണ്ടി വന്ന ഓം പ്രകാശിന് പക്ഷേ, അദ്ധ്യാപകര്‍ കൊടുത്ത അധ്യയനം സ്‌കൂള്‍ തൂത്തുവാരാനുള്ളതായിരുന്നു. സവര്‍ണഹിന്ദു മതത്തെ നേരിട്ട് ഉന്നതവിദ്യാഭ്യാസം നേടുന്ന കഥ സംഭവബഹുലമാണ്. ജാതി കാരണം മര്‍ദ്ദനമേല്‍ക്കേണ്ടി വരുന്ന പല സംഭവങ്ങളുണ്ടായിരുന്നു അദ്ദേഹത്തിന്റെ ആത്മകഥയില്‍.

ഓം പ്രകാശ് വാല്‍മീകി | PHOTO: WIKI COMMONS
പുതിയകാലത്ത് 'ആ നെല്ലിമരം പുല്ലാണ്' എന്ന തന്റെ ആത്മകഥയിലൂടെ രജനിയും അത് തന്നെയാണ് പറയുന്നത്. നിങ്ങളൂരിയെറിയുന്ന ഉടുപ്പുകള്‍ ആരൊക്കെയോ സ്‌കൂളുകളിലേക്ക് ഇട്ടുകൊണ്ട് പോകുന്നുണ്ട്. അവരോട് ചിലരിപ്പോഴും ചോദിക്കുന്നുണ്ട്, ഇതാരുടെ ഉടുപ്പുകള്‍? അപ്പോള്‍ ആ കുട്ടികള്‍ക്ക് അവയെ ഊരി എറിയണമെന്നു തോന്നും. രജനിക്ക് അങ്ങനെ തോന്നിയതിനെക്കുറിച്ചും ഈ പുസ്തകത്തിലുണ്ട്. 

ഉപയോഗിച്ച വസ്ത്രങ്ങള്‍ ഉപയോഗിക്കണം എന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥയുടെ പ്രസ്താവനയെ ദളിത് യുവതികള്‍ എതിര്‍ത്തത്, നമ്മള്‍ പുതിയ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കൂ എന്ന് പറഞ്ഞു കൊണ്ടാണ്. എന്നാല്‍ അയ്യന്‍കാളിയുടെ പിന്‍മുറക്കാര്‍ക്ക് ഇക്കാലത്തും പുത്തനുടുപ്പുകള്‍ വാങ്ങുവാന്‍ വേണ്ട തൊഴില്‍ സാഹചര്യം ഇല്ലായെന്നതാണ് സത്യം. നമ്മുടെ ഭരണകൂടവും പൊതുബോധവും ദളിതര്‍ക്കും താഴ്ന്ന ജാതിക്കാര്‍ക്കും അവരുടെ അവകാശങ്ങളെ കുറിച്ചവര്‍ സംസാരിക്കുമ്പോള്‍, അത് തങ്ങള്‍ നല്‍കുന്ന അവകാശങ്ങള്‍ മാത്രമാണ് എന്ന് കരുതുന്നുണ്ട്.

സ്‌കൂളില്‍ പോലും പട്ടികജാതി കുട്ടികള്‍ വോട്ട് ബാങ്ക് മാത്രമാവുന്നതിനെ കുറിച്ച് എഴുത്തുകാരി പറയുന്നുണ്ട്. 

'ഞങ്ങളുടെ ഏറ്റവും മുന്നിലെ ബെഞ്ചില്‍ മേരി എന്ന് പേരുള്ള കാണാന്‍ ഭയങ്കര സുന്ദരിയായ ഒരു കുട്ടിയുണ്ട്. ഒരു ചെറിയ കുട്ടി. അവളുടെ ചുറ്റും ആണ്‍കുട്ടികളുടെ കൂട്ടമാണ്. അതുകഴിഞ്ഞ് രണ്ടാമത്തെ ബെഞ്ചില്‍ രേഖ എന്നൊരു കുട്ടിയുണ്ട്, അവളും സുന്ദരിയായിരുന്നു. അവിടെയും ആണ്‍കുട്ടികള്‍ വന്നു പരിചയപ്പെടലാണ്. ഞങ്ങള്‍ നാലാമത്തെ ബെഞ്ചിലാണ് ഞങ്ങളോട് ഒരു പട്ടിക്കുറുക്കന്‍ പോലും വന്ന് പേരുപോലും ചോദിക്കുന്നില്ല. ഈ ഭാഗത്തോട്ട് ഒന്നും ആള്‍ക്കാര്‍ വരുന്നില്ലല്ലോ എന്ന് ഞാന്‍ മനസ്സില്‍ ആലോചിച്ചു. രേഖയുടെയും മേരിയുടെയും ഒക്കെ കണ്ണുകള്‍ കാണാന്‍ ഭയങ്കര രസമായിരുന്നു. ആരെയും പെട്ടെന്ന് ആകര്‍ഷിക്കും. ഞങ്ങളുടെ ബെഞ്ചില്‍ എല്ലാം പട്ടികജാതി കുട്ടികളായിരുന്നു. ആകപ്പാടെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ട് ചോദിക്കാന്‍ മാത്രമാണ് ഞങ്ങളുടെ അടുത്തേക്ക് ആരെങ്കിലും വരിക. അല്ലാണ്ട് റൊമാന്‍സിനൊന്നും ആ ഭാഗത്തേക്ക് ഒരൊറ്റ എണ്ണത്തിനെയും കാണില്ല.

നെല്ലിമരം ഒരു പ്രതീകമാണ്; തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്ന ആ ഒരു നെല്ലി മരം ഉലച്ചാല്‍ നെല്ലിക്കായ വീഴും. അതൊന്ന് ഓടിച്ചെന്നെടുത്തു കടിച്ചശേഷം തൊടിയിലെ കിണര്‍വെള്ളം കോരിക്കുടിച്ചാല്‍ എന്ത് മധുരമെന്ന് തോന്നും. ഓ എന്‍ വി കുറുപ്പിന് അങ്ങനെയൊക്കെ തോന്നിയിരുന്നു. രജനിയുടെ ഭാഷയില്‍ നായന്മാര്‍ക്കൊക്ക പുലയക്കുട്ടികളോട് പുച്ഛമായിരുന്നു. അപ്പോള്‍ സ്‌കൂളില്‍ നനഞ്ഞും നാറിയും വലിഞ്ഞു കയറി ചെല്ലുന്ന പുലയപ്പെണ്‍കുട്ടിക്ക് അഥവാ വിദ്യാലയാങ്കണത്തില്‍ ഒരു നെല്ലിമരം ഉണ്ടായിരുന്നെങ്കില്‍ അതൊരു നെല്ലിമരം ആകുമായിരുന്നില്ല. അത് വെറും പുല്ലാകുമായിരുന്നു. കാരണം അവള്‍ക്ക് സ്‌കൂള്‍ എന്നത് വിദ്യാലയത്തോടൊപ്പം പീഡനാലയം കൂടി ആയിരുന്നു. സ്‌കൂളിലും കോളേജിലും ഒരിക്കല്‍പ്പോലും പേരിനാല്‍ വിളിക്കപ്പെടാത്ത ജന്മങ്ങളെക്കുറിച്ച് അറിയുമോ? രജനി ആ അനുഭവം എങ്ങനെ ഇരിക്കുമെന്ന് പറഞ്ഞുതരുന്നുണ്ട് ഈ ആത്മകഥയില്‍.


ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവ നിലനില്‍ക്കുന്ന സമൂഹത്തിന്റെ ഭാഗമാണ്. ജാതിചിന്ത പുലര്‍ത്തുന്ന സമൂഹത്തിന്റെ പ്രതിഫലനങ്ങള്‍ ഈ സ്ഥാപനങ്ങളിലും പ്രകടമാകും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രം ജാതിരഹിതമാവും എന്ന് പ്രതീക്ഷിക്കാനാവില്ല. ഈ സ്ഥാപനങ്ങള്‍ ജാതിമുക്തമായി വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളും എന്നത് ഒരു ഉട്ടോപ്യന്‍ സ്വപ്നമാകും. യാഥാര്‍ത്ഥ്യത്തെ അവഗണിക്കുന്നത് പോലെയാകുമത്. എന്നാല്‍ ഈ സ്ഥാപനങ്ങളിലേക്ക് ദലിത് വിദ്യാര്‍ത്ഥികള്‍ വരുന്നത് മറ്റൊരു യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ്. അവര്‍ക്ക് അവിടെയും ജാതിക്കെതിരെ പോരാടേണ്ടതുണ്ട്. ഇന്ത്യയില്‍ നിങ്ങള്‍ ഏതു പൊതുവിടത്തില്‍ പോയാലും ഏതു സ്ഥാപനത്തില്‍ പോയാലും അവിടെയെല്ലാം ജാതിയുണ്ട്.

നമ്മുടെ അധികാര കേന്ദ്രങ്ങള്‍ വരെ ദലിത് മനുഷ്യരെ എങ്ങനെ നോക്കിക്കാണുന്നുവെന്ന് 'രാജ് ചേട്ടായി എന്ന് വിളിക്കുന്ന സ്വന്തം സഹോദരനെ കുറിച്ച് പറയുന്ന ഭാഗത്തില്‍ രജനി വിവരിക്കുന്നുണ്ട്: 

വിദേശികളൊക്കെ വരുന്ന ഒരു യോഗ സെന്റര്‍ ആയിരുന്നു അത്. അവിടെ വന്നപ്പോള്‍ ഉധ എന്ന് പേരുള്ള ഒരു ജര്‍മ്മന്‍കാരിയെ പരിചയപ്പെട്ടു. പിന്നെ അവര്‍ തമ്മില്‍ സ്‌നേഹത്തിലായി യോഗയുടെ ക്ലാസ്സ് കഴിഞ്ഞപ്പോള്‍ ജര്‍മ്മന്‍കാരി തിരിച്ചുപോയി രാജ് ചേട്ടായിനോടുള്ള പ്രേമം മൂത്തുപോയ ജര്‍മ്മന്‍കാരി അടുത്ത ഫ്‌ലൈറ്റിന് തന്നെ തിരിച്ചുവന്നു. പിന്നെ കുറച്ചുനാള്‍ ഇവിടെ താമസിച്ച് എന്റെ ആങ്ങളയെയും കൂട്ടിയാണ് ജര്‍മ്മനിയിലേക്ക് തിരിച്ചുപോയത്. അവിടെ ചെന്ന് അവര്‍ കല്യാണം കഴിച്ചു. ഇപ്പോള്‍ അവര്‍ ജര്‍മ്മനിയില്‍ താമസിക്കുകയാണ്. അവര്‍ക്ക് 13 വയസ്സുള്ള ഒരു മകളുണ്ട് അവര്‍ രണ്ടുപേരും ഒരിക്കല്‍ ഒരു അവധിക്കാലത്ത് നാട്ടില്‍ വന്നിരുന്നു.

രാജുചേട്ടനെയും ഭാര്യയെയും കാണുമ്പോള്‍ ഇവിടത്തെ എസ്‌ഐക്ക് ഒക്കെ വെറുതെ ദേഷ്യം വരും. രണ്ടുപേരുംകൂടി നടന്നുപോകുമ്പോള്‍ ചേട്ടത്തിയെ ചൂണ്ടി ചേട്ടായിയോട് ഇതാരാടാ നിന്റെ ഭാര്യയാണോ എന്നൊക്കെ വെറുതെ ചോദിക്കും. ഇത് കുശുമ്പിന്റെ പുറത്തുള്ള ചോദ്യങ്ങളാണ്. പുലയരെ വിദേശികള്‍ കല്യാണം കഴിക്കുന്നത് സഹിക്കാന്‍ പറ്റാത്തതിന്റെ ചോദ്യമാണ്. ആള്‍ക്കാരൊക്കെ തുറിച്ച് നോക്കി മദാമ്മയുടെ കൂടെ നീഗ്രോ പോകുന്നു എന്നൊക്കെ പറയും. ഒരിക്കല്‍ രണ്ടുപേരും കൂടി മാത അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ അവരെ കാണാന്‍പോയി. പോയപ്പോള്‍ അവിടെ ചേട്ടന്റെ ഭാര്യയെ മാത്രം അവരെ കാണാന്‍ അനുവദിച്ചു. ചേട്ടനെ കടത്തിവിട്ടില്ല അതാണ് അമൃതാനന്ദമയി ആശ്രമത്തിലെ വര്‍ണ്ണ, ജാതി, വിവേചനം.

ഇത്തരത്തില്‍ അനുഭവകഥനത്തിലൂടെ രജനിയുടെ പുസ്തകം പല രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്നുണ്ട്. ബന്ധങ്ങള്‍, വിദ്യാഭ്യാസം, സ്‌നേഹം, കരുതല്‍, ഈഗോ എന്നിങ്ങനെ എല്ലാം വിഷയമാകുന്നു. പുസ്തകത്തില്‍ ഒരിടത്ത് വിവാഹിതയാകുന്ന സ്ത്രീ, വരന്റെ വീട് കണ്ട് തൃപ്തിപ്പെടണം എന്ന് പറയുന്നുണ്ട്. തന്റെ മൂത്തസഹോദരിയുടെ കാഴ്ചപ്പാടിലൂടെയാണ് രജനി ആ വിപ്ലവകരമായ കാഴ്ചപ്പാട് തുറന്നെഴുതുന്നത്.

രജനി | PHOTO: FACEBOOK
ചേച്ചിയെ കല്യാണം കഴിച്ച് കൊണ്ടുപോയ വൈക്കം മേഖലയില്‍ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ജോലി കുറവായിരുന്നു. സ്ത്രീകള്‍ക്ക് പായ നെയ്ത് പോലുള്ള ജോലികളും ഉണ്ടായിരുന്നു. കടുത്തുരുത്തിയില്‍ ടൗണിനടുത്തുള്ള സ്ഥലത്തുനിന്ന് വൈക്കത്തേക്ക് പോയപ്പോള്‍ ഒരു പുരോഗമനം ഇല്ലാത്ത സ്ഥലത്ത് പെട്ടതുപോലെ ചേച്ചിക്ക് തോന്നി. അവിടെ ദിവാകരേട്ടന്റെ പ്രായംചെന്ന അച്ഛനെയും അമ്മയെയുമെല്ലാം ചേച്ചി നന്നായി നോക്കുമായിരുന്നു. ചേച്ചി പിന്നീട് പെണ്‍മക്കളെ കെട്ടിച്ചുവിടുമ്പോള്‍ ആദ്യംപോയി, ആ കുട്ടി താമസിക്കുന്ന സ്ഥലം കാണണമെന്ന് പറയുമായിരുന്നു. പെണ്‍മക്കള്‍ പോയി സ്ഥലം കണ്ട് ഇഷ്ടപ്പെടണം. അവരാണ് അവിടെ പോയി താമസിക്കേണ്ടത്.

ഭൂമിയുടെ രാഷ്ട്രീയമാണ് രജനിയുടെ അടിസ്ഥാന പ്രമേയം. ഭൂരഹിതാവസ്ഥ ഏറ്റവും മാരകമായി അനുഭവപ്പെടുന്നത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആണല്ലോ. കതകില്ലാത്ത വീടും കക്കൂസില്ലായ്മയും അവളുടെ വ്യക്തിത്വത്തെ തന്നെ ഉലച്ചുകളയും. സമൂഹവുമായി കീഴ്‌നിലയില്‍ ഉള്ളവരുടെ എഴുതപ്പെട്ട ജീവിതങ്ങള്‍ അവയിലെ വിധ്വംസകമായ വാക്കുകള്‍കൊണ്ട് തകര്‍ത്തത്, കെട്ടിപ്പൊക്കിയ നമ്മുടെ നവോത്ഥാന നിര്‍മ്മിതികളെയാണ്. ജാതികളെ മിനുക്കിയ ഇന്ത്യന്‍ അവസ്ഥയില്‍ അനുഭവിച്ച ജീവിതമാണ് രജനിയില്‍ ഭാഷയായും രാഷ്ട്രീയ വിചാരമായും രൂപപ്പെടുന്നത്. ദാരിദ്ര്യവും, വിശപ്പും, വസ്ത്രമില്ലായ്മയും, പള്ളിക്കൂടമില്ലായ്മയും, ഭൂമിയില്ലായ്മയും, അന്യര്‍ക്ക് വേണ്ടിയുള്ള കഠിനാധ്വാനവും രജനിയുടെ എഴുത്തില്‍ പലയിടത്തായി കാണാം.

ചേച്ചിയുടെ ജീവിതത്തെക്കുറിച്ച് പറയുന്ന ഭാഗത്തില്‍ അത്തരം ചില പരാമര്‍ശങ്ങള്‍ കാണാം. ഞാന്‍ ചേച്ചിയുടെ കൂടെ തമ്പുരാന്റെ വീട്ടില്‍ പോയിട്ടുണ്ട്. ആ വീട്ടില്‍ നിറയെ മുല്ലപ്പൂക്കള്‍ ഉണ്ട്. മുല്ലപ്പൂ പറിക്കാനാണ് ഞാന്‍ അവിടെ പോകാറ്. പൂമ്പാറ്റ, ബാലമംഗളം തുടങ്ങിയ കഥാപുസ്തകങ്ങള്‍ ഉള്ളതുകൊണ്ട് അത് വായിക്കാനും പോകും. അവര്‍ക്ക് പടിപ്പുരയും സ്വന്തം വീടുമായി രണ്ട് വീടുകള്‍ ഉണ്ട്. ഞങ്ങള്‍ക്ക് പടിപ്പുര വരെ മാത്രമേ പ്രവേശനമുള്ളൂ. വീട്ടിനകത്തേക്ക് ഒന്നും കയറ്റത്തില്ല. ചേച്ചിക്കാണെങ്കില്‍ തമ്പുരാന്റെ വീട്ടില്‍ ഒരുപാട് പണികള്‍ ഉണ്ടായിരുന്നു. പാത്രം കഴുകണം, നെല്ല് പുഴുങ്ങണം, പശുവിനെ കുളിപ്പിക്കണം, റബര്‍ ഷീറ്റുകള്‍ ഒക്കെ വില്‍ക്കാന്‍ ആയിട്ട് കൊണ്ടുപോകണം. പക്ഷേ, ഈ പണികള്‍ക്കെല്ലാം കൂലി ഒന്നും കൊടുത്തിരുന്നില്ല. ഓണത്തിനും വിഷുവിനും ഡ്രസ്സ് വാങ്ങിക്കൊടുക്കും. വിഷുവിന് കുറച്ച് പൈസ കൊടുക്കും. അത്രയേ ഉള്ളൂ. അല്ലാതെ ചെയ്ത പണിക്ക് ഒന്നും കൊടുക്കില്ല. അവര്‍ക്ക് പണി എടുത്തുകൊടുക്കേണ്ടത് ഞങ്ങളുടെ എന്തോ ബാധ്യത പോലെയായിരുന്നു. ദലിത് ജീവിതത്തെ രജനി ഏറ്റവും ലളിതമായ പറച്ചിലിലൂടെ നമുക്ക് മുന്നില്‍ എത്തിക്കുമ്പോള്‍ കേരളമെന്ന രാഷ്ട്രീയ പ്രബുദ്ധ സമൂഹം വെറും നുണയാണെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നു. എന്നാല്‍ അവര്‍ ആരോടും ശത്രുതാപരമായി സംസാരിക്കുന്നില്ല. വ്യവസ്ഥയോട് കലഹിക്കുമ്പോഴും നന്മയുള്ള മനുഷ്യരെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു. ഈ പുസ്തകം ഒരു ബയോപിക് കാണുംപോലെ വായിച്ചു തീര്‍ക്കാം. ദൃശ്യങ്ങള്‍ക്കൊപ്പമാണ് അനുവാചകന്റെ സഞ്ചാരം. അവ നമ്മെ ബാല്യത്തിലെത്തിക്കും. ചിരിപ്പിക്കുകയും കരയിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. അതോടൊപ്പം, ഏറ്റവും വൃത്തിഹീനവും സുരക്ഷിതത്വമില്ലാത്തതുമായ സാഹചര്യങ്ങളില്‍ പണിയെടുത്ത് ജീവിക്കുന്ന ദളിത് സ്ത്രീകള്‍ എത്ര ഉയര്‍ന്ന നിലവാരത്തിലുള്ള രാഷ്ട്രീയ വിദുഷികള്‍ ആണെന്ന് ആദരവോടെ ഓര്‍ക്കും. 

REPRESENTATIONAL IMAGE: WIKI COMMONS
ഇതില്‍ രജനി അവരുടെ ദാമ്പത്യകാലത്തെപറ്റി പറയുന്നത് ഏറെ വേദനയോടെയെ വായിച്ചുപോകാന്‍ കഴിയുകയുള്ളൂ. സംശയരോഗമുള്ള ഭര്‍ത്താവ് അവരുടെ ജീവിതം നരകതുല്യമാക്കിയ ചില ഭാഗങ്ങള്‍.

എനിക്ക് ചില സമയത്ത് മരിക്കാന്‍ തോന്നും. ഒന്നോ രണ്ടോ പ്രാവശ്യം എന്നെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. അതുപോലെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ മെഡിക്കല്‍ കോളേജില്‍ പോയാല്‍ ആണ്‍ ഡോക്ടര്‍മാര്‍ എന്നെ പരിശോധിച്ചാല്‍ അന്ന് പ്രശ്‌നമാണ്. എവിടെ ചെന്നാലും അവിടുത്തെ ഒരാളെ വെച്ച് എന്നെ പറയുക എന്നത് അയാളുടെ ഒരു സ്വഭാവമായി. എന്നെ തകര്‍ത്ത് മുഴുവനായും അയാളിലേക്ക് എന്നെ അടിപ്പിക്കുക എന്നായിരുന്നു അയാള്‍ ശ്രമിച്ചത്. അതൊരു അസുഖമാണെന്ന് ഓര്‍ത്ത് അയാളെ ചേര്‍ത്തുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍, എന്നെ തകര്‍ക്കുന്ന കാര്യങ്ങളാണ് മുഴുവന്‍ കയ്യിലുള്ളത്. ഈ സംഭവങ്ങള്‍ പുറത്തുപറയാന്‍ എനിക്ക് നാണക്കേടായി. പുറത്തറിഞ്ഞാല്‍ വിഷയമാണെന്ന് ഓര്‍ത്ത് ഞാന്‍ ആരോടും പറയാറുമില്ല. ഞാന്‍ എല്ലാം സ്വയം അനുഭവിച്ചു തീര്‍ത്തു. അയാളുടെ സുഹൃത്തുക്കള്‍ വരുമ്പോള്‍ ഞാന്‍ വീടിനു പുറത്തിറങ്ങാതെയായി. ചായ കൊടുക്ക് എന്നൊക്കെ പറയുമെങ്കിലും അത് കൊടുത്ത് സുഹൃത്തുക്കള്‍ പോയി കഴിഞ്ഞാല്‍ പിന്നെ വഴക്കാണ്. പിന്നെ പിന്നെ സുഹൃത്തുക്കള്‍ വന്നാല്‍ ഞാന്‍ അവരെ മൈന്‍ഡ് ചെയ്യാതെയായി. ഞാന്‍ ഒരു മര്യാദ ഇല്ലാത്തവളായിത്തീര്‍ന്നു. ഒരാള്‍ വീട്ടില്‍ വന്നാല്‍ എനിക്ക് ശരിയായി പെരുമാറാന്‍ കഴിയാതെ വന്നു. ഞാന്‍ ആരോടും സംസാരിക്കാതെയായി. എല്ലാവരും എന്നെക്കുറിച്ച് ഞാന്‍ ആരോടും മിണ്ടത്തില്ല എനിക്ക് ഭയങ്കര അഹങ്കാരമാണ് എന്ന് പറഞ്ഞുതുടങ്ങി. വഴക്കുകളുടെ എല്ലാം അവസാനം അയാള്‍ ഞാന്‍ അറിയാതെ പറഞ്ഞുപോയതാണ് എന്നും പറയും. ഇത് ജീവിതകാലം മുഴുവന്‍ തുടര്‍ന്നുപോയി.

താന്‍ ജീവിച്ച ഒരുകാലത്തിന്റെ രേഖാചിത്രങ്ങള്‍ ഒരു സിനിമയിലെന്നവണ്ണം ആവിഷ്‌കരിക്കാന്‍ രജനിക്ക് സാദ്ധ്യമായിട്ടുണ്ട്. മലയില്‍ നിന്ന് ഒഴുകുന്ന ഒരു തോട്, പുഴയില്‍ ചേരുന്ന പോലെ വായനയില്‍ തടസ്സങ്ങളൊന്നുമില്ലാതെ നമ്മെ കൊണ്ടുപോകും. അരികുവല്‍കരിക്കപ്പെട്ട ഒരു പെണ്‍ജീവിതത്തിന്റെ മറികടക്കലുകള്‍, സാമൂഹ്യവും, സാമൂഹ്യേതരവുമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിന്റെ സവിശേഷ സൗന്ദര്യാനുഭവങ്ങളും ശക്തിയുംകൊണ്ട് സമ്പന്നമാണ് ഈ ജീവിതമെഴുത്ത്. നിത്യജീവിതത്തിന്റെ ദലിത് സ്ത്രീപകര്‍പ്പവകാശം എന്ന് വിശേഷിപ്പിക്കാവുന്ന ഈ രചന നിലവിലെ 'ആത്മകഥ' സാമൂഹ്യചരിത്രത്തിനുമേല്‍ മറ്റൊരു വായന സാധ്യമാക്കുന്ന രാഷ്ട്രീയാധികാരമാവുന്നുണ്ട്. വാക്കുകളുടെ അനുഭവസൂക്ഷ്മതയും, ആഖ്യാനത്തിന്റെ മാനവികതയും ദലിത് ജീവിതത്തിന്റെ ആഴത്തിലുള്ള ചരിത്രാവബോധങ്ങളെ സൃഷ്ടിക്കുന്നുണ്ട്.

തന്റെ ആത്മകഥ എഴുത്തുകാരി അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:

ഞാന്‍ കരുതിയത് എന്റെ അനുഭവങ്ങള്‍ മോശമാണ്, ഞാന്‍ ഒരു പരാജയമാണ് എന്നായിരുന്നു. എന്റെ അനുഭവങ്ങളും വലുതാണ് എന്ന് എനിക്ക് മനസ്സിലായില്ല. എന്നെപ്പോലെ ധാരാളം ആളുകള്‍ ഈ അനുഭവങ്ങളിലൂടെ കടന്നുപോകുന്നതാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. അതെനിക്ക് പ്രത്യേകമായ ഒരു ഊര്‍ജ്ജം നല്‍കി. പിന്നീടാണ് എനിക്ക് എന്തുകൊണ്ട് ഒരു പുസ്തകം എഴുതിക്കൂടെ എന്ന ചിന്ത ഉണ്ടാകുന്നത്. അങ്ങനെയാണ് ഞാന്‍ ഈ പുസ്തകം എഴുതിയത്. ഈ പുസ്തകം പൂര്‍ണമായും എന്റേതാണെന്ന് ഞാന്‍ പറയില്ല, എന്നെപ്പോലുള്ള ഒരുപാട് സ്ത്രീകളുടേതാണ്. പക്ഷേ, ഈ പുസ്തകം എനിക്ക് ഇനിയും എഴുതാനുള്ള ഊര്‍ജ്ജം തന്നിട്ടുണ്ട്. അതിനിടയില്‍ ജോലി അന്വേഷിക്കുന്നുണ്ട്, ഇനിയും എനിക്കൊരു ജോലി കിട്ടുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. എന്റെ മക്കളെയും എനിക്ക് നന്നായി വിദ്യാഭ്യാസം ചെയ്യിക്കണം. ആ നെല്ലിമരം പുല്ലാണ് എന്നാണ് ഈ പുസ്തകത്തിന് ഞാന്‍ കൊടുക്കുന്ന പേര്. കാരണം, ജീവിതത്തിന്റെ ഓര്‍മ്മകളിലേക്ക് തിരിച്ചുപോയി ഒന്നുലര്‍ത്തി രസിക്കാന്‍ എനിക്ക് പ്രത്യേകിച്ച് നെല്ലിമരങ്ങള്‍ ഒന്നും ഇല്ലായിരുന്നു.

കഥയിലോ, നോവലിലോ, കവിതയിലോ, യാത്രാക്കുറിപ്പുകളിലോ തുടങ്ങിയ സാഹിത്യ മേഖലകളിലൊന്നും അത്രയൊന്നും വിപുലമായി പ്രകടമാകാത്ത ദലിത് എഴുത്തുകള്‍, ആത്മകഥകളിലാണ് തീവ്രമായോ, അതിനുമപ്പുറമോ സംവേദനപരമായി സവര്‍ണ സാഹിത്യ മൂല്യങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തുന്നത്. അത്തരത്തില്‍ നിരവധി കൃതികള്‍ ഉണ്ടായിട്ടുണ്ട്. വലിയ അര്‍ത്ഥത്തില്‍ അവ രാഷ്ട്രീയപരമായും സ്വത്വപരമായും സമൂഹമാറ്റത്തിന് പ്രേരണ നല്‍കുന്നതാണ്. ചരിത്രത്തില്‍ നിന്നും നേടിയെടുത്ത പ്രതിരോധത്തിനുള്ള ഊര്‍ജ്ജം ഈ രേഖപ്പെടുത്തലുകളുടെ അടിത്തറയാണ്. കരുത്തുറ്റ സാമൂഹികാഖ്യാനങ്ങളായി ഇവയെ പരിഗണിക്കാതിരിക്കാന്‍ മറ്റു ന്യായങ്ങളൊന്നുമില്ല. പാര്‍ശ്വവല്‍കരിക്കപ്പെട്ട ഇത്തരം മനുഷ്യരുടെ ജീവിതം വായനക്കാരിലേക്കെത്തിക്കാന്‍ ഗൂസ് ബെറി ബുക്‌സ് നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ്.


#Penpoint
Leave a comment