TMJ
searchnav-menu
post-thumbnail

Penpoint

മൂളലില്‍ നിന്നും അനുഭൂതിയെ പകര്‍ത്തുന്നു

28 Jul 2023   |   6 min Read
ജിഷ്‌ണു കെ എസ്

ഗില സജിയുടെ 'മൂങ്ങയില്‍ നിന്ന് മൂളലിനെ വേര്‍പെടുത്തും വിധം', 'എങ്ങനെ മായ്ച്ചുകളയും ഒരാള്‍ വന്ന് പോയതിന്റെ അടയാളങ്ങള്‍' എന്നീ രണ്ടു കവിതാ സമാഹാരങ്ങളിലെ കവിതകളുടെ വായനാനുഭവം പങ്കിടാനാണ് ഈ എഴുത്തിലൂടെ ഞാന്‍ ശ്രമിക്കുന്നത്. ഓരോരുത്തരുടേയും കലാനുഭവം തികച്ചും അവരവര്‍ ആര്‍ജ്ജിച്ചെടുത്തതായ അന്തര്‍ജ്ഞാനത്തിന്റേയും, അനുഭവങ്ങളുടേയും പരിസരങ്ങളില്‍ നിന്നുമായതിനാല്‍ തന്നെ ഇത്തരം വയനകള്‍ തികച്ചും വ്യക്തിപരവും, ഏകപക്ഷീയമായ നിരീക്ഷണങ്ങള്‍ നിറഞ്ഞതുമായിരിക്കുമെന്ന് എനിക്കും ബോധ്യമുണ്ട്. വായനക്കാരുടെ പ്രതികരണങ്ങള്‍ (readers-responses) വിമര്‍ശന സാഹിത്യത്തിന്റെ ഭാഗവുമാണല്ലോ. ഓരോ കൃതികള്‍ക്കും കിട്ടുന്ന വിവിധ വായനകള്‍ അല്ലെങ്കില്‍ വിശദമായ അഭിപ്രായങ്ങള്‍ ചേര്‍ത്തുവെച്ചാല്‍ ഒരു സമഗ്ര നിരൂപണമാകുമെന്ന് നോര്‍മന്‍ ഹോളണ്ട്, റൊണാള്‍ഡ് ബാര്‍ത്ത്, വുള്‍ഫ്ഗാങ് ഐസര്‍ തുടങ്ങിയ ഒട്ടേറെ പ്രഗത്ഭര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഇതിനാല്‍ തന്നെ ഓരോരുത്തരും അവര്‍ വായിച്ച കൃതികളെക്കുറിച്ചുള്ള അവരവരുടെ വായനാനുഭവങ്ങള്‍ രേഖപ്പെടുത്തേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു.

അനുഭൂതികളുടെ പ്രതിബിംബങ്ങള്‍

എസ്ര പൗണ്ട്, ടി.എസ് എലിയറ്റ്, യോസ ബുസണ്‍, എലിസബത്ത് ബിഷപ്പ്, ജെറാര്‍ഡ് മാന്‍ലി ഹോപ്കിന്‍സ് തുടങ്ങിയ കവികളുടെ തിരഞ്ഞെടുത്ത കവിതകളെ മുന്‍നിര്‍ത്തി 'ആന്‍ ഇന്‍ട്രൊഡക്ഷന്‍ റ്റു ഫിക്ഷന്‍, പോയട്രി ആന്‍ഡ് ഡ്രാമ' (6th എഡിഷന്‍, പേജ്-660) എന്ന പുസ്തകത്തിലൂടെ എക്‌സ്. ജെ കെന്നഡിയും, ഡാന ജിയോയയും പ്രതീകബിംബങ്ങളെക്കുറിച്ച് നിരീക്ഷണങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഈ നിരീക്ഷണങ്ങളെ സംക്ഷേപിക്കുകയാണെങ്കില്‍; അനുഭവത്തെ (ദൃശ്യാനുഭവം / ശ്രവ്യാനുഭവം / ഘ്രാണാനുഭവം / രസാനുഭവം / സ്പര്‍ശനാനുഭവം / ഇതര വൈകാരികാനുഭവങ്ങളും) ഒരൊറ്റ പദത്താലോ, പദങ്ങളെ ക്രമപ്പെടുത്തി ബന്ധിപ്പിച്ചു കൊണ്ടോ സംവേദനക്ഷമം ആക്കുന്നതിനാണ് കവിതയില്‍ പ്രതീകബിംബങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

''വായനക്കാരെ എല്ലാം കാട്ടിക്കൊടുക്കുക, എന്നാല്‍ അവരോട് അതിനെക്കുറിച്ച് ഒന്നും വിശദമാക്കേണ്ടതില്ലെന്ന്'' ഹെമിങ് വേ അഭിപ്രായപ്പെട്ടതായി വായിച്ചിട്ടുണ്ട്. സൂക്ഷ്മാംശത്തില്‍ പരിശോധിക്കുകയാണെങ്കില്‍ ഹെമിങ് വേയുടെ അഭിപ്രായം പ്രതീതി സങ്കേതമായി കാണുവാന്‍ സാധിക്കും. കവികള്‍ പലരും പ്രതീതി കല്പനകള്‍ തങ്ങളുടെ എഴുത്തില്‍ ഉപയോഗപ്പെടുത്താറുണ്ട്. രഗില തന്റെ കവിതകളില്‍ ഇന്ദ്രിയാനുഭൂതികളെ പ്രതീകങ്ങളിലൂടെയാണ് സംവേദിപ്പിക്കുവാന്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ വളരെ ശ്രമകരമായ എഴുത്തു രീതിയാണിത്. കണിശതയുള്ള ജാഗ്രത കാവ്യഭാഷാ തിരഞ്ഞെടുപ്പിലും ബിംബ നിര്‍മിതിയിലും ഉണ്ടാവേണ്ടതുണ്ട്. അതിനാല്‍ തന്നെ ഇനിയും എഴുത്തിന്റെ മാറ്റു കൂട്ടുവാനുള്ള കാവ്യഭാഷാപരമായ ഇടങ്ങള്‍ രഗിലയുടെ കവിതകളില്‍ ഉണ്ടെന്ന് ഞാന്‍ പങ്കിടുവാന്‍ ആഗ്രഹിക്കുന്നു.



വിവിധങ്ങളായ ഇന്ദ്രിയാനുഭവങ്ങളേയും വൈകാരികാനുഭവങ്ങളേയും പ്രതീകങ്ങളിലൂടെ രഗില തന്റെ കവിതയില്‍ കോര്‍ത്തെടുക്കുന്നുണ്ട്. ഒരൊറ്റ നിമിഷത്തില്‍ ഉടലെടുക്കുന്നതും നീണ്ടു നില്‍ക്കുവാന്‍ ഇടയുള്ളതുമായ അനുഭൂതികളെ പകര്‍ത്തുകയാണ് പൊതുവേ രഗില തന്റെ കവിതകളില്‍. പിയറി ഷെപ്യൂസിന്റെ കവിതകളില്‍ കണ്ടിട്ടുള്ള ഒരു പ്രത്യേകതയും ഇതു തന്നെയാണ്.

'ഇരുട്ടിനെ മാടി നടക്കുമ്പോള്‍
പിന്നില്‍നിന്നൊരു കാലൊച്ച.
തിരിഞ്ഞു നോക്കി.
കെട്ടിടങ്ങളുടെ നിഴലുകള്‍ തമ്മില്‍
തൊടുന്നതല്ലാതൊന്നും കണ്ടില്ല.
നടത്തത്തിന്റെ വേഗം കൂട്ടി,
പിന്നാലെയുള്ളൊച്ചയും വേഗം കൂട്ടി.
ഇടയ്‌ക്കൊന്നു നിന്നു
കൂടെ ഒച്ചയും നിന്നു...'

'ദുരൂഹം' എന്ന ഈ കവിതയില്‍ ഭയത്തെ പകര്‍ത്തിയ സമീപനം ശ്രദ്ധേയമായി തോന്നി. ദൃശ്യാനുഭവത്തേയും ശബ്ദാനുഭവത്തേയും ക്രമപ്പെടുത്തിയതു കൊണ്ടാണ് ഭയത്തെയും അതില്‍ നിന്നും ഉടലെടുക്കുന്ന ദുരൂഹമായ അനുഭവത്തെയും ഈ കവിതയില്‍ ആഖ്യാനം ചെയ്തിരിക്കുന്നത്. 'രാത്രിപ്പേടി' എന്ന മറ്റൊരു കവിതയില്‍ ഭയത്തിനെ പകരുന്ന ഇരുട്ടും ഭയത്തിനെ അകറ്റുന്ന വെളിച്ചവും ശബ്ദാനുഭവത്തിലൂടെ ദൃശ്യവത്കരിച്ചിരിക്കുന്നുണ്ട്.

'രാത്രിയെ പേടിയ്ക്കാതിരിക്കാന്‍
ചീവീടിന്റെ കുത്തുന്ന കലമ്പല്‍
വെള്ളംപോലെ തെളിഞ്ഞ കുപ്പിയിലാക്കി
കാവല്‍ വെച്ചു.'

എന്ന് പറയുമ്പോള്‍ തന്നെ;

'മൃഗങ്ങളുടെ കാട്ടില്‍ നിന്ന്
മുരള്‍ച്ചകള്‍ നിലാവിനെ കീറുമോയെന്ന് തോന്നി.' എന്നും പറയുന്നു.

ഭയത്തെ മനോഹരമായി ആഖ്യാനം ചെയ്യുന്ന മറ്റൊരു കവിതയാണ്
'മൂങ്ങയില്‍നിന്ന് മൂളലിനെ വേര്‍പെടുത്തും വിധം'.

'മരത്തിന്നിടയിലെവിടെയോ ഉണ്ട്.
വല്ലാത്തൊരു കനമാണതിന്
കേള്‍ക്കുമ്പോള്‍
ഉള്ളിലുള്ളതെന്തോ ചോര്‍ന്ന്
പുറത്തേയ്ക്ക് വന്ന്
കൂടുതല്‍ ഭീതിയോടെ
കണ്ണുരുട്ടി നില്‍ക്കും.'

'കൈവിട്ടുപോയ ഒരു കൂവലിനെപ്പറ്റി' എന്ന കവിതയില്‍ കൊതി മൂത്ത് കറി വെച്ച് കഴിക്കുവാന്‍ പിടച്ച കോഴിയുടെ കൂവല്‍ ഒരു സ്‌നേഹാനുഭവമാകുകയും വിശപ്പിന്റെ കൂവലും കോഴിയുടെ കൂവലും ഒന്നായി ലയിക്കുകയും ഒടുവില്‍ രണ്ടു കൂവലുകളും വേര്‍തിരിച്ചെടുക്കുവാനാവാത്ത ഒരനുഭവം ആവുകയും ചെയ്യുന്നത് വളരെ മനോഹരമായി ആഖ്യാനം ചെയ്യുന്നു.

'' Eroticism cannot be entirely revealed without poetry' എന്ന് ജോര്‍ജ്ജ് ബാറ്റയില്‍ ദ റ്റെര്‍സ് ഓഫ് ഇറോസ്സില്‍ പരാമര്‍ശിക്കുന്നതുപോലെ; സ്വയമോ അതുമല്ലെങ്കില്‍ രണ്ടിണകള്‍ തമ്മില്‍ ഉഭയസമ്മതപ്രകാരമായതോ ആയിട്ടുള്ള ലൈംഗികതയുടെ ഒരു തലം എന്നത് കാവ്യാത്മകമാണെന്ന അനുഭവ പരിസരമാണ് എനിക്കുള്ളത്. 


''.... you burn me....''

''You came, and I was mad for you

And you cooled my mind that burned with longing......'' എന്ന് സാഫോയെപ്പോലെ തന്നെ ശരീരത്തെക്കുറിച്ചും, ലൈംഗികാഭിലാഷത്തെക്കുറിച്ചും മധ്യകാലഘട്ടത്തിലെ വെല്‍ഷ് കവി ഗ്വര്‍ഫുള്‍ മെച്ചെയ്‌നിന്റെ Poem to the Vagina, Poem to the Penis എന്നീ കവിതകളിലുള്‍പ്പെടെ കവിതയുടെ ബൃഹത്തായ ചരിത്രത്തിലുടനീളം ഇന്ദ്രിയാഭിനിവേശത്തിനെ കാവ്യാത്മകമായി വര്‍ണ്ണിക്കുന്ന അനേകം കവിതകള്‍ ഉണ്ട്. ഈ ഒരു തുടര്‍ച്ചയുടെ ഭാഗമായിട്ടാണ് രഗില സജിയുടെ 'എങ്ങനെ മായ്ച്ചുകളയും ഒരാള്‍ വന്ന് പോയതിന്റെ അടയാളങ്ങള്‍' എന്ന സമാഹാരത്തിലെ 'മേലാകെ', 'എങ്ങനെ മായ്ച്ചുകളയും ഒരാള്‍ വന്ന് പോയതിന്റെ അടയാളങ്ങള്‍', 'വണ്ടിയോടിക്കലും ഇണചേരലും തമ്മില്‍', 'പ്രേമം@കുളിമുറി' എന്ന കവിതകളും; 'മൂങ്ങയില്‍നിന്ന് മൂളലിനെ വേര്‍പെടുത്തും വിധം' എന്ന സമാഹാരത്തിലെ 'ഇറോട്ടിക്ക് ക്വോട്ട്‌സ്', 'മറുക്', 'തൊടല്‍', 'രണ്ടാളുകള്‍ നടക്കുന്നതിന്‍മേല്‍', എന്ന കവിതകളും ഞാന്‍ ചേര്‍ത്തു വായിക്കുന്നത്. ഇക്കവിതകളില്‍ വെച്ച് ഏറ്റവും മികച്ച രീതിയില്‍ രതിജന്യമായ അനുഭവത്തേയും അനുഭൂതിയേയും ബിംബകല്പന ചെയ്തിട്ടുള്ള കവിതകള്‍ 'വണ്ടിയോടിക്കലും ഇണചേരലും തമ്മില്‍' എന്ന കവിതയും, 'ഇറോട്ടിക്ക് ക്വോട്ട്‌സ്'' എന്ന കവിതയും, 'മറുക്' എന്ന കവിതയുമാണ്.

'പാലത്തിലൂടെ
വേഗത പരമാവധി കുറച്ചാണയാള്‍ വണ്ടിയോടിച്ചത്;
അവളുടെ നാഭിയില്‍ നിന്ന്
യോനീമുഖത്തേക്കുള്ള സഞ്ചാരം പോലെ.
വണ്ടിക്കും പാലത്തിനും
ചോട്ടില്‍
അവളുടെ സകല ലിഖിതങ്ങളും
ഒഴുകിപ്പിരിഞ്ഞു പോവുന്നല്ലോയെന്ന്
അയാള്‍ കിതച്ചു.'

(വണ്ടിയോടിക്കലും ഇണചേരലും തമ്മില്‍)

'കറുത്ത സൂര്യന്‍
അഴിഞ്ഞ് വീണതിന്റെ വട്ടം
ഒതുക്കത്തില്‍ കിടക്കുന്നു.
ചുണ്ടുചേര്‍ത്തെത്ര നീ
നുണഞ്ഞിട്ടും
തുളുമ്പാതെ തുടിക്കുന്നു.
എത്രമായ്ച്ചാലും
നിന്റെ തുപ്പല്‍ ചുവയ്ക്കുന്നു.

.............

ഉദിച്ചു നില്‍ക്കുന്നു
ഉടലില്‍
കുറഞ്ഞുപോകാതെ തേന്‍ കറ.'

(മറുക്)

'ഉഷ്ണരാത്രികളില്‍
വിയര്‍പ്പുകള്‍ ചേര്‍ന്നുണ്ടാവുന്നു കടല്‍.
അതിന്റെ കരയില്‍
ഞണ്ടുകള്‍ നമ്മുടെയുറക്കം തിന്നുന്നു.

.............

ഒരു വെള്ളം
മറ്റൊരു വെള്ളത്തെ
തൊടുമ്പോല
നമ്മള്‍ കലര്‍ന്ന് പോകുന്നു

.............

നിന്റെ വായ്ക്കുള്ളിലൊരു
മുലക്കണ്ണ്.
എന്റെ വായ്ക്കുള്ളിലും.
നമ്മുടെ ഭാഷ ചുരത്തുന്നത് നോക്കൂ.'

(ഇറോട്ടിക്ക് ക്വോട്ട്‌സ്)


ഗില സജി 

'പ്രേമം@കുളിമുറി', 'മറുക്' എന്നീ കവിതകളും, 'ഇറോട്ടിക്ക് ക്വോട്ട്‌സ്' എന്ന സെന്‍ഷ്വല്‍ കവിതാശകലങ്ങളും വായിക്കുമ്പോള്‍ സ്വിസ്സ് ചിത്രകാരി അലോസ് കോര്‍ബാസ്സിന്റെ ചിത്രങ്ങളിലേയും, ഡാനിഷ്-ഫ്രഞ്ച് കലാകാരിയായായ ടീന മരിയ എലീന ബക്കിന്റെ ജലഛായ ചിത്രങ്ങളിലേയും ഇന്ദ്രിയാഭിനിവേശത്തിന്റെ ഇഴയടുപ്പങ്ങളും നിറച്ചാര്‍ത്തുകളാണ് കണ്‍മുന്നില്‍ മിന്നിയത്.

ഉടലും പ്രകൃതിയും

ഉടലും പ്രകൃതിയും ഭൗതികമാണ്. എന്നാല്‍ പ്രകൃതിയുടെ ഭാഗം തന്നെയായ ഉടലിനേയും, പ്രകൃതി / ലോകം / ഇടം എന്നതിനേയും സ്ഥിരം അസ്ഥിരം എന്നീ ദ്വന്ദാവസ്ഥയിലൂടെ നോക്കിക്കാണുവാനും രഗിലയുടെ കവിതകളില്‍ ഇതെങ്ങനെയാണ് പ്രകടമാകുന്നതെന്നും ചൂണ്ടിക്കാട്ടുവാനാണ് ശ്രമിക്കുന്നത്.

സ്ഥിരം അസ്ഥിരം എന്നീ ദ്വന്ദാവസ്ഥകള്‍ക്കിടയിലെ സമയക്രമത്തിനെ രേഖപ്പെടുത്തുമ്പോള്‍ ഉടല്‍ സ്ഥിരാവസ്ഥയെയും പ്രകൃതി അഥവാ ഇടം അസ്ഥിരമായ അവസ്ഥയെയും സൂചിപ്പിക്കുന്നു. അസ്ഥിരമായ അവസ്ഥയുടെ കമ്പനങ്ങള്‍ എങ്ങനെയെല്ലാം സ്ഥിരാവസ്ഥയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് സൂക്ഷ്മദര്‍ശനം ചെയ്യേണ്ടതായ ഒന്നാണ്. ഈ സൂക്ഷ്മദര്‍ശനത്തിന്റെ ധ്വനിയും പ്രതിധ്വനിയും രഗിലയുടെ ഒട്ടുമിക്ക കവിതകളിലെല്ലാം കണ്ടെത്തുവാന്‍ സാധിക്കുന്നുണ്ട്.

''തീവണ്ടികള്‍ പ്ലാറ്റ്ഫോമിലേക്ക് വരുമ്പോഴും
പോകുമ്പോഴും
ആയിരക്കണക്കിനാളുകളുടെ ശ്വാസം
കൂടിക്കുഴഞ്ഞ് ഭൂമി വിറയ്ക്കുന്നു.''

'ശ്വാസം' എന്ന കവിതയിലെ ഈ വരികള്‍ സ്ഥിരം അസ്ഥിരം എന്നീ ദ്വന്ദാവസ്ഥകള്‍ക്കിടയിലെ ധ്വനിഭേദങ്ങളെ വളരെ മനോഹരമായി കാട്ടിത്തരുന്നുണ്ട്.

രഗിലയുടെ എല്ലാ കവിതകളിലും ഉടലും പ്രകൃതിയും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ലയിക്കുന്നുമുണ്ട്, അതുപോലതന്നെ എല്ലാ കുടുക്കുകളും, ഒട്ടലുകളും അഴിഞ്ഞ് വിടുതലും പ്രാപിക്കുന്നുണ്ട്.

''കുളിച്ച് പോരുമ്പോള്‍
എനിക്കൊപ്പം പുഴയും പോന്നു.''

എന്ന വരിയില്‍ മേല്‍പ്പറഞ്ഞ ലയം സാധ്യമാക്കുമ്പോള്‍ തന്നെ അതേ കവിത അവസാനിക്കുന്ന -

 'എന്റെ മൃതദേഹത്തിന്റെ തണുപ്പല്ലാതെ
 തിരിച്ച് പോകുമ്പോള്‍
 പുഴയ്ക്ക് ഞാനൊന്നും മടക്കിക്കൊടുക്കില്ല.''

എന്ന വരികളിലൂടെ വിടുതലും രത്യുന്മാദത്തിന്റെ തീവ്രതയുടെ ഇഴയടുപ്പവും വായിച്ചെടുക്കുവാന്‍ സാധിക്കും.

ഉടല്‍ പ്രകൃതിയാവുന്ന ഭൗതികാതീതമായ അനുഭൂതിയെ രേഖപ്പെടുത്തുന്ന കവിതയാണ് 'കാടാവല്‍'. ''മാഞ്ഞുപോയ നദി' എന്ന കവിതയില്‍ ഇതേ അനുഭൂതിയുടെ മറ്റൊരു തലം ഇങ്ങനെ രേഖപ്പെടുത്തുന്നുമുണ്ട്-

'മുറികളുടെ മൂലകളിലൊക്കെ
ചെടികളുണ്ടായിരുന്നു.
അവയുടെ നീണ്ടുവെളുത്ത
വേരുകളില്‍ കിടന്നാണ് നമ്മളുറങ്ങിയിരുന്നത്.
ഉറക്കത്തിനിടെ പല ഋതുക്കള്‍
ജലത്തിന്റെ തണുത്ത അറകളിലേയ്ക്ക്
സ്വപ്നങ്ങളുണ്ടാക്കി ഒഴുക്കിവിട്ടു.'

പ്രകൃതിയുടെ രൂപാരൂപങ്ങളിലേക്ക് ഉടലെന്ന രൂപം അഴുകിച്ചേരുന്നതിനെ 'മരിക്കുമ്പോള്‍ മാത്രം സാധ്യമാവുന്നത്' എന്ന കവിതയില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്-

'മരിച്ചയാള്‍ക്കുള്ളില്‍ നിന്ന്
ജനിച്ചനാള്‍ മുതല്‍ക്കുള്ള ഈര്‍പ്പം
മണ്ണിലേക്ക് ചുരന്നു.
ആളുകള്‍ക്കുള്ളില്‍ നിന്ന്
വേര്‍പ്പെട്ട ഓര്‍മ്മ
അതേ രാത്രിയില്‍ അയാളെ
കൂടുതല്‍ ശാന്തമായൊരുറക്കത്തിലേക്ക് വീഴ്ത്തി.
നെറ്റിമേല്‍ വരച്ചിട്ട
ദൈവത്തിന്റെ അടയാളം
പുഴുക്കള്‍ മറ്റൊരുവിധം
മാറ്റിവരച്ചിടാന്‍ തുടങ്ങി.
എല്ലാ തെറ്റുകളില്‍ നിന്നും
വേര്‍പ്പെടുത്തിയെടുത്ത ദൈവമേ എന്ന്
ഉറക്കിലയാള്‍ പിറുപിറുക്കും.
പക്ഷിയുടെ ചിറകില്‍നിന്ന്
തൂവലെന്നമാതിരി
മണ്ണിന് മോളില്‍നിന്നയാളുണ്ടായിരുന്നതിന്റെ
ശ്വാസം അടര്‍ന്നുകൊണ്ടിരുന്നു.'

ഈ രണ്ട് സമാഹാരങ്ങളിലേയും കവിതകളിലെ ഉടല്‍, പ്രകൃതി ദര്‍ശനങ്ങളെ മുന്‍നിര്‍ത്തി ചിന്തിക്കുമ്പോള്‍ മനസ്സിലാക്കുന്നത്; അസ്ഥിരമായ പ്രകൃതിയുടെ തന്നെ സമവ്യാപ്തമായ സ്ഥിര പ്രകൃതത്തിന്റെ രൂപമായിട്ടാണ് ഉടലിനെ സങ്കല്പിക്കുന്നതെന്നാണ്. അതിനാല്‍ തന്നെ കവി ജൈവം - അജൈവം, മൂര്‍ത്തം - അമൂര്‍ത്തം, ദൃശ്യം - അദൃശ്യം എന്നിങ്ങനെ പ്രകൃതിയെ വേര്‍തിരിക്കുന്നില്ലെന്നാണ്. പകരം ഇവയെ എല്ലാം തനിക്ക് വഴങ്ങുന്ന ഭാഷായാല്‍ രേഖപ്പെടുത്തുവാന്‍ ശ്രമിക്കുന്നതായിട്ടാണ്. 'മൂങ്ങയില്‍നിന്ന് മൂളലിനെ വേര്‍പെടുത്തും വിധം' എന്ന സമാഹാരത്തിലെ 'ഒരു പൂവിന്റെ ആത്മഭാഷണം', 'ചിത്രകാരന്‍' എന്നീ കവിതകള്‍ എന്റെ ഈ നിഗമനത്തിനെ സാധൂകരിക്കുന്ന കവിതകളാണ്.



ഉടലെന്ന രാഷ്ട്രീയ രൂപം

സ്ത്രീ ശരീരം സഹജമായി ഭൗതികമായ പ്രവാഹങ്ങളില്‍ പെട്ടെന്ന് വശംവദമാകുന്നതും, ഗോപ്യമാക്കുവാന്‍ സാധിക്കാത്തതും, പ്രവചനാതീതമായതുമാണെന്ന് കണക്കാക്കി എക്കാലത്തും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുവെന്ന് ജനറ്റ് പ്രൈസും മാര്‍ഗരിറ്റ് ഷില്‍ഡ്രിക്കും ചേര്‍ന്ന് എഡിറ്റ് ചെയ്ത 'ഫെമിനിസ്റ്റ് തിയറി ആന്‍ഡ് ദി ബോഡി' എന്ന പുസ്തകത്തിലെ ആമുഖത്തില്‍ പ്രസ്താവിക്കുന്നുണ്ട്. ഈ പ്രസ്താവന ശരിയാണെന്ന് എനിക്ക് തോന്നുന്നു. കാരണം ഫെമിനിസം ശരീരവുമായി ബന്ധപ്പെട്ട എന്തോ ഒന്നാണെന്ന പുരുഷ കേന്ദ്രീകൃത പൊതുബോധം നമുക്കിടയില്‍ ഉണ്ടായിട്ടുണ്ട്. ശരീരം തന്നെയാണ് സ്ത്രീയുടെ സ്വത്വവുമെന്ന ഈ പൊതുബോധം തന്നെയാണ് ബൗദ്ധികസമത്വത്തിനായുള്ള സ്ത്രീപക്ഷ പ്രവര്‍ത്തനങ്ങളെ പിന്നോട്ട് ഉന്താനുപയോഗിക്കുന്നതും. വോയറിസ്റ്റിക്, ഫെറ്റിഷിസ്റ്റിക് ആനന്ദത്തിനുള്ള ഒരു വസ്തുവായിട്ടാണ് പെണ്‍ ശരീരങ്ങളെ കാണുന്നതെന്ന് 'വിഷ്വല്‍ പ്ലെഷര്‍ ആന്‍ഡ് നറേറ്റീവ് സിനിമ' എന്ന പ്രബന്ധത്തില്‍ ലോറ മുള്‍വെ നിരീക്ഷിക്കുന്നതും ഇതുപറയുമ്പോള്‍ ഓര്‍ത്തുപോകുന്നു. ഈ പുരുഷ ബോധത്തിനെ കാലങ്ങളായി ചോദ്യം ചെയ്യുകയും, പ്രതിരോധിക്കുകയും ചെയ്യുന്ന കലകളും സാഹിത്യവും നമുക്ക് മുന്നിലുണ്ട്. സാഫോ, ഗ്വര്‍ഫുള്‍ മെച്ചെയ്ന്‍ എന്നിവര്‍ മുതല്‍ മാഗി മില്ലര്‍, ഒമോട്ടാര ജെയിംസ് തുടങ്ങിയ അനേകം സ്ത്രീ കവികളുടേ കവിതകളില്‍ സ്ത്രീ ശരീരത്തിനെ കേവലം പുരുഷന്റെ (മാത്രം) കാമതൃഷ്ണയെ തൃപ്തിപ്പെടുത്തുന്ന വസ്തു മാത്രമായി കാണുന്ന ബോധത്തിനെ ചോദ്യം ചെയ്യുകയും, പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്.

ഇന്ത്യന്‍ സ്ത്രീ കവികളുടെ പല കവിതകളിലും മേല്‍പരാമര്‍ശിച്ച ഉടല്‍ രാഷ്ട്രീയത്തിന്റെ സ്വരം വരുന്നതായിട്ടുണ്ടെങ്കില്‍ത്തന്നെയും, മന്ദക്രാന്ത സെന്നിന്റെ Kali - The Dark Goddess, The Believer പോലുള്ള കവിതകളാണ് ഇതെഴുതുമ്പോള്‍ എന്തുകൊണ്ടോ മനസ്സില്‍ തിളങ്ങുന്നത്.

രഗിലയുടെ കവിതകളില്‍ പലതിലും ഉടല്‍ ഒരു അനുഭൂതിമണ്ഡലമാകുമ്പോല്‍ തന്നെ കൃത്യമായ ഉടല്‍ രാഷ്ട്രീയവും അവയില്‍ സന്നിവേശിപ്പിക്കുവാന്‍ ശ്രദ്ധിക്കുന്നുതായി മനസ്സിലാക്കുവാന്‍ സാധിച്ചിട്ടുണ്ട്.

'അവ രണ്ട് യോനികളായിരുന്നു.
അകലെയിരുന്ന് ഞാനവരെ ശ്രദ്ധിച്ചു.
രണ്ടാളും ഏതോ സെമിത്തേരിയില്‍ നിന്നിറങ്ങി വന്നതാണ്.
കടല്‍ക്കരെ ആയതിനാലും
ഇരുട്ടായതിനാലും
അവര്‍ സ്വതന്ത്രരായിരുന്നു.'

'രണ്ട് യോനികള്‍' എന്ന രഗിലയുടെ കവിത തുടങ്ങുന്നതിങ്ങനെയാണ്. ഈ കവിതയുടെ അവസാന വരികളായ

'സാക്ഷികളാരും ഇല്ലായിരുന്നെങ്കില്‍
ഞാനിത് നിങ്ങളോട്
പറയുമായിരുന്നില്ല.
സെമിത്തേരിയിലേക്കല്ല, കാഴ്ചക്കപ്പുറത്തെ
രണ്ട് വീടുകളിലേക്ക്,
രണ്ടായിരം വീടുകളുടെ പിന്നാമ്പുറത്തേക്കാണ്
അവ പോയത്'

എത്തുമ്പോള്‍; നമ്മുടെ സമൂഹത്തിലെ സ്ത്രീകള്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തേയും, ഇടത്തിന്റെ പരിധികളേയും കാട്ടിത്തരുന്നതിനൊപ്പം ഈ വ്യവസ്ഥിതിക്കു നേരെ ചോദ്യസ്വരം ഉയര്‍ത്തുന്നതും വായിച്ചെടുക്കുവാന്‍ സാധിക്കും. 'കാടിറങ്ങി വന്ന മുലകള്‍' എന്ന മറ്റൊരു കവിതയില്‍

'നീ കാണുന്ന സ്വപ്നത്തിലേക്ക്
രണ്ട് മുലകള്‍ കാട് കടന്ന്
വരുന്നു.
ഏതോ വന്യമൃഗത്തിന്റെ
പൂച്ചക്കണ്ണുകളെന്ന് നീ പേടിക്കുന്നു.'

എന്നെഴുതുന്നു. നമ്മുടെ കാവ്യസങ്കല്പങ്ങളില്‍ എല്ലാം തന്നെ സ്ത്രീയുടെ മുലകള്‍ ഇറോട്ടിക് അനുഭൂതിയുടെ സൗന്ദര്യം പേറുന്ന ബിംബങ്ങളോ അതുമല്ലെങ്കില്‍ മാതൃത്വത്തിന്റെ ബിംബമോ ആണ്. 'കാടിറങ്ങി വന്ന മുലകള്‍' എന്ന കവിതയില്‍ രത്യുന്മാദവും മാതൃത്വത്തിന്റെ ധ്വനിയും ലയം പ്രാപിക്കുമ്പോള്‍ തന്നെ ഭീതിയുടെ (ഭയത്തെ അധികാരവുമായി ചേര്‍ത്തുവായിക്കേണ്ടതുണ്ട്) ബിംബകല്പനയെന്നോണം മുലകള്‍ ഏതോ വന്യമൃഗത്തിന്റെ പൂച്ചക്കണ്ണുകളായി പൂര്‍വ മാതൃകകള്‍ ഇല്ലാതെ സങ്കല്പനം ചെയ്യുന്നു എന്ന സവിശേഷതയും ഈ കവിതയ്ക്കുണ്ട്.

ക്വിഡിറ്റി ഇന്റര്‍നാഷണല്‍ ലിറ്റററി ജേര്‍ണലിന്റെ പോയറ്ററി എഡിറ്ററായ ലിസ ഹിഗ്‌സ് കവിയായ ഏഡ ലിമോണിനോട് ഇരുളടഞ്ഞ ഒരു കാലത്ത് എങ്ങനെയാണ് പ്രതീക്ഷകള്‍ കണ്ടെത്തുന്നതെന്ന് ചോദിച്ചപ്പോള്‍, ലിമോണ്‍ നല്‍കിയ മറുപടി: 'ഭൗതിക ശരീരത്തെ ആഘോഷിക്കുന്നതും ശരീരത്തിന്റെ നിയന്ത്രണങ്ങള്‍ക്കപ്പുറത്തേക്ക് പോകുന്നതുമായ കലകള്‍ നമുക്ക് സൃഷ്ടിച്ചെടുക്കുവാന്‍ സാധിക്കുന്നതിലൂടെ ഒരുപക്ഷെ ഇരുളടഞ്ഞ കാലത്ത് പ്രതീക്ഷകള്‍ കണ്ടെത്തുവാന്‍ സാധിക്കും' എന്നാണ്. രഗില സജിയുടെ 'മൂങ്ങയില്‍നിന്ന് മൂളലിനെ വേര്‍പെടുത്തും വിധം', 'എങ്ങനെ മായ്ച്ചുകളയും ഒരാള്‍ വന്ന് പോയതിന്റെ അടയാളങ്ങള്‍' എന്നീ രണ്ടു കവിതാ സമാഹാരങ്ങളും വായിച്ചുതീരുമ്പോള്‍ ഈ ഒരു സംഭാഷണമാണ് ഓര്‍മിച്ചെടുക്കുവാന്‍ സാധിച്ചത്.


#Penpoint
Leave a comment