TMJ
searchnav-menu
post-thumbnail

Penpoint

ഫിക്ഷനിലെ അറബ് ആഫ്രിക്കൻ സ്വത്വ മുദ്രകൾ

29 May 2023   |   4 min Read
എം ലുഖ്മാന്‍

സുഡാനിൽ ആഭ്യന്തര സംഘർഷം രൂക്ഷമായ ഈ നാളുകളിലാണ് ഞാൻ ത്വയ്യിബ് സാലിഹിനെ വീണ്ടും അറബിയിൽ വായിക്കുന്നത്. സുഡാനിലെ രണ്ടു കക്ഷികൾ തമ്മിലുള്ള അധികാരത്തിന് വേണ്ടിയുള്ള മത്സരത്തിൽ, പതിനായിരങ്ങൾ പലായനം ചെയ്യുമ്പോൾ, നൂറുകണക്കിന് മനുഷ്യർ കൊല്ലപ്പെടുമ്പോൾ, രക്ഷകവേഷത്തിൽ അമേരിക്കയും ബ്രിട്ടനും സംസാരിക്കുമ്പോൾ, ആലോചിച്ചുപോയി ത്വയ്യിബ് സാലിഹ് ജീവിച്ചിരുന്നുവെങ്കിൽ ഈ അശുഭകാലത്തെക്കുറിച്ച് എത്രമേൽ സങ്കടപ്പെടുമായിരുന്നുവെന്ന്. ഖർതൂമിനെക്കുറിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആദ്യം കേൾക്കുന്നത്, അദ്ദേഹത്തിലൂടെയാകണം. 1966 ൽ പ്രസിദ്ധീകരിച്ച, ലോക സാഹിത്യത്തിലെ മഹാനോവലുകളിലൊന്നിലൂടെ. മൗസിമുൽ ഹിജ്റതി ഇല ശമാൽ - വടക്കോട്ടുള്ള പലായന കാലം.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച അറബ് നോവലുകളിലൊന്നായി വിലയിരുത്തപ്പെടുന്നു, ത്വയ്യിബ് സാലിഹിന്റെ പടിഞ്ഞാറിലേക്കുള്ള പലായന കാലം. ആ നോവൽ വായിക്കുമ്പോൾ, പലതരം തീമുകൾ; സംഘർഷഭരിതമായവയും മധുരമുള്ളവയും മനസ്സിലൂടെ കടന്നുപോകുകയായിരുന്നു. ആഫ്രിക്കക്കാരന്റെ ഭൂമിയിൽ അധിനിവേശം നടത്തുന്ന യൂറോപ്യർ, അവരുടെ മേൽ സാംസ്‌കാരിക 'നവീകരണ' ശ്രമങ്ങൾ നടത്തുന്നത്, ആഫ്രിക്കൻ ഗ്രങ്ങളിലെ മനുഷ്യരുടെ പച്ച ജീവിതങ്ങൾ, യൂറോപ്പിലേക്ക് കുടിയേറുമ്പോൾ അവരിൽ സംഭവിക്കുന്ന സാംസ്‌കാരിക ശിഥിലീകരണങ്ങൾ, യൂറോപ്പാണ് മീതെയെന്ന ബോധത്തെ കീഴ്മേൽ മരിച്ചു ആഫ്രിക്കൻ കരുത്തിനെ പ്രകടിപ്പിക്കാനുള്ള ശ്രമങ്ങൾ, എല്ലാ ആധുനികതാ സങ്കല്പങ്ങൾക്കുമപ്പുറം നൂറ്റാണ്ടുകളിലെ ജീവിതം ആസ്വദിച്ച് തുടരുന്ന ആഫ്രിക്കൻ മനുഷ്യർ - അങ്ങനെ എത്രയെത്ര തീമുകളാണ് സങ്കീർണ്ണമായ കഥപറച്ചിലിലൂടെ ത്വയ്യിബ് സാലിഹ് കൊണ്ടുവരുന്നത്. ആദ്യം നോവലിന്റെ ഭാഷയെപ്പറ്റി പറഞ്ഞുതുടങ്ങാം. എഴുത്തെന്ന കലയിൽ, ഭാഷ പ്രധാനമാണല്ലോ. ഭാഷ സംഗീതമാണ്. ചിലപ്പോൾ സാന്ദ്രമായ സംഗീതം. ചിലപ്പോൾ ഇരമ്പുന്ന സംഗീതം. ത്വയ്യിബ് സാലിഹിന്റെ അറബി, വായിക്കുമ്പോൾ ഉള്ളിൽ സംഗീതം രൂപപ്പെടുത്തുന്ന ശൈലിയിലുള്ളതാണ്. സങ്കീർണ്ണമല്ല, എന്നാൽ, ലളിതവുമല്ല. രണ്ടിനും മധ്യേയുള്ള ഒരു വിവരണ ഭാഷ. തുടക്ക വാക്യം മലയാളത്തിലേക്ക് വിവർത്തനം ചെയ്‌താൽ ഇങ്ങനയുണ്ടാകും: "ഞാൻ എന്റെ ജനങ്ങളിലേക്ക് മടങ്ങിയത്, പ്രിയരേ, നീണ്ട വിടവിനു ശേഷമാണ്. ആ ഏഴുവർഷങ്ങൾ ഞാൻ യൂറോപ്പിൽ പഠിക്കുകയായിരുന്നു. അനേക കാര്യങ്ങൾ ഞാൻ പഠിച്ചു. ഏറെ കാര്യങ്ങൾ എന്നിൽ നിന്ന് നഷ്ടമാവുകയും ചെയ്തു. അതു മറ്റൊരു കഥയാണ്. ഏറ്റവും പ്രധാനം, നെയിൽ കരയിൽ കിടക്കുന്ന എന്റെ ആ ചെറു ഗ്രാമത്തിലേക്ക്, അവിടെയുള്ള പ്രിയപ്പെട്ടവരിലേക്ക് ഉള്ളിലെ ഇഷ്ടസാകല്യങ്ങളോടെ ഞാനെത്തിയെന്നതാണ്." കഥയുടെ അകക്കളങ്ങളിലെ വന്യതകളിലേക്ക് വായനക്കാരനെ, പിടിച്ചുകൊണ്ടുപോകുകയാണ് പിന്നീട് കഥപറച്ചിലുകാരൻ.

വാസ്തവത്തിൽ ഇതാരുടെ കഥയാണ്. ത്വയ്യിബ് സാലിഹിന്റെ തന്നെ കഥയാണോ. അദ്ദേഹം അനുഭവിച്ച സാംസ്‌കാരിക സംഘർഷത്തിന്റെ വിടവുകളെ രണ്ടു പ്രധാന കഥാപാത്രങ്ങളെ മുൻനിർത്തി അവതരിപ്പികയായിരുന്നോ. എഡ്വേർഡ് സൈദിന്റെ ഓറിയന്റലിസം പ്രസിദ്ധീകരിക്കുന്നത് 1979 ലാണ്. കിഴക്കിനു മേൽ പടിഞ്ഞാറിന്റെ ജ്ഞാനപരവും സാംസ്കാരികവുമായ അധിനിവേശത്തിന്റെ വിവിധ അടരുകളെ അങ്ങേയറ്റം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഗ്രന്ഥം. എന്നാൽ അതിനും പതിമൂന്നു വർഷങ്ങൾക്ക് മുമ്പ്, ത്വയ്യിബ് സ്വാലിഹ് ആ പ്രമേയത്തെ അഗാധമായ ഉൾവെളിച്ചം വായനക്കാർക്ക് നൽകുന്ന വിധത്തിൽ അവതരിപ്പിച്ചു. 


ത്വയ്യിബ് സാലിഹ്

സുഡാനിലെ, ഖർതൂമിൽ നിന്ന് മുന്നൂറു കി.മി അകലെ നൈൽ നദിയോട് ചാരി നിലകൊള്ളുന്ന അദ്ദബ്ബ ഗ്രാമത്തിലാണ് ത്വയ്യിബ് സാലിഹ് ജനിക്കുന്നത്. ഖാർതൂമ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം ബ്രിട്ടനിലേക്ക് ഉപരിപഠനത്തിനായി പോകുന്നുവദ്ധേഹം. സയൻസ് പഠിച്ചു, ആധുനിക കൃഷിരീതികൾ തന്റെ നാട്ടിൽ വ്യാപകമാക്കണം എന്ന ലക്ഷ്യത്തോടെ തിരിച്ചുവന്നെങ്കിലും കലയുടെയും സാഹിത്യത്തിന്റെയും മേഖലയിലേക്ക് തിരിയാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. ദീർഘകാലം ബി.ബി.സി അറബിക് റേഡിയോയിൽ ഉദ്യോഗസ്ഥനായിരുന്നു.

ഈ നോവലിലെ കഥപറച്ചിലുകാരൻ ത്വയ്യിബ് സാലിഹിന്റെ വ്യക്തതയുള്ള രൂപവും, പ്രധാന കഥാപാത്രമായി വരുന്ന മുസ്തഫ സഈദ് അദ്ദേഹത്തിനുള്ളിലെ മിത്തിക്കൽ ആഫ്രിക്കക്കാരനും ആണെന്ന് കരുതാനാണ്, സൂക്ഷ്മ വായന നടത്തിയപ്പോൾ ന്യായം. കഥയിലേക്ക്‌ വരാം. ഏഴുവർഷക്കാലത്തെ യൂറോപ്യൻ പഠനാനന്തരം നാട്ടിലെത്തുന്ന കഥാപാത്രം, നോവലിൽ ഉടനീളം പേര് നൽകാതെ, വിശേഷങ്ങൾ പങ്കുവെക്കുന്നവനായി നിലനിൽക്കുന്നു. ഗ്രാമത്തിന്റെ ശാലീനതകളിലേക്ക് പ്രവേശിക്കുമ്പോൾ, തന്റെ കൊച്ചുനാളുകളിൽ കണ്ടിട്ടേയില്ലാത്ത ഒരു മനുഷ്യനെ കാണുന്നു. മുസ്തഫ സഈദ് എന്നാണ് ആളുകൾ അദ്ദേഹത്തെ വിളിക്കുന്നത്. കൃഷിയാവശ്യാർത്ഥം ഖർതൂമിൽ നിന്ന് ആ ഗ്രാമത്തിലെത്തിയ ഒരാളാണ് മുസ്തഫ സഈദെന്നും പിന്നീട് ആ നാട്ടിൽ അദ്ദേഹം സ്ഥിരതാമസമാക്കിയെന്നും പിതാവടക്കമുള്ളവർ കഥപറച്ചിലുകാരനോട് വിവരിക്കുന്നുണ്ട്. ആദ്യം കണ്ടതുമുതലേ, മുസ്തഫ സഈദ് ഒരു അസാധാരണ മനുഷ്യനാണെന്നും, അയാളുടെ ഉൾജീവിതം അറിയണമെന്നുമുള്ള മോഹം അദ്ദേഹത്തിൽ ശക്തമാകുന്നു. അതിനു വേണ്ടി മുസ്തഫ സഈദിനെ സന്ദർശിക്കുന്നു. വിശേഷങ്ങൾ ആരായുന്നു.ഖർതൂമിൽ നിന്നെത്തി, എന്നുളള എല്ലാവർക്കും അറിയാവുന്ന വിവരങ്ങൾ മാത്രം അയാൾ പങ്കുവെക്കുന്നു.


ത്വയ്യിബ് സാലിഹ്
ആയിടെ ഗ്രാമീണ സഹകരണ സംഘത്തിന്റെ ഒരു പാർട്ടി നടക്കുന്നു. അവിടേക്കു കഥപറച്ചിലുകാരനും മുസ്തഫ സഈദും മറ്റു ചിലരുടെ കൂടെയെത്തുന്നു. മദ്യം കൂടുതൽ കഴിച്ച മുസ്തഫ സഈദ് ഒരു ഇംഗ്ലീഷ് കവിത ചൊല്ലുന്നു. ഉറച്ച ഇംഗ്ലീഷ് ഉച്ചരണം. വാക്കുകൾ കൃത്യം. താളം കൃത്യം. യൂറോപ്പിൽ നിന്നെത്തിയ പേരില്ലാത്ത കഥാപാത്രം അതുകേട്ട് അതിശയിക്കുന്നു. പിറ്റേന്ന് മുസ്തഫ സഈദിനെ കാണാൻ പോകുന്നു. തലേന്ന് ആലപിച്ച കവിതയെക്കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹം ഒഴിഞ്ഞുമാറുന്നു. എന്നാൽ അന്ന് രാത്രി ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ, കഥപറച്ചിലുകാരന്റെ അടുത്തേക്ക് മുസ്തഫ സഈദെത്തുന്നു. തന്നെ വന്നു കാണാനാവശ്യപ്പെടുന്നു. ആ പോക്കിൽ മുസ്തഫ സയീദ് തന്റെ യഥാർത്ഥ രൂപം വിശദീകരിക്കുന്നു.

ഖർതൂമിൽ ജനിച്ച മുസ്തഫ സഈദിന്‌ ചെറുപ്പത്തിലേ പിതാവ് നഷ്ടപ്പെടുന്നു. പിന്നീട് തെരുവുകളിൽ അലഞ്ഞു നടക്കുമ്പോൾ, ഒരിക്കൽ കുതിരപ്പുറത്ത് സവിശേഷ വസ്ത്രം ധരിച്ച പട്ടാളക്കാരൻ എത്തുന്നു. കൂടെക്കളിച്ച കുട്ടികൾ ഓടിയൊളിച്ചു. മുസ്തഫ സഈദ് അവിടെത്തന്നെ നിന്നു. സ്‌കൂളിൽ പഠിക്കാൻ മോഹമുണ്ടോ എന്ന് ആരാഞ്ഞു അദ്ദേഹം. ഉണ്ടെന്നു മുസ്തഫ സഈദും. അങ്ങനെ അല്പം ദൂരെയുള്ള യൂറോപ്യൻ നിർമ്മിത സ്‌കൂളിൽ അദ്ദേഹം എത്തുന്നു. ആഫ്രിക്കക്കാരെ യൂറോപ്പിന് വിധേയപ്പെടുന്ന തരത്തിലുള്ള 'സാംസ്‌കാരിക വിദ്യശീലരാക്കുക' എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ആയിരുന്നുവത്. മുസ്തഫ സഈദ് അവിടെത്തെ ഏറ്റവും മികച്ച വിദ്യാർത്ഥിയായി മാറുന്നു. അസാധാരണ ബുദ്ധി വൈഭവം പ്രകടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ധിഷണ കണ്ട്, ഉപരിപഠനത്തിനായി പതിനാലാം വയസിൽ കൈറോയിലേക്കും പിന്നീട് ലണ്ടനിലേക്കും, പൂർണ്ണ ഗ്രാന്റോടെ പഠിക്കാൻ അയക്കുന്നു. ആ പഠനം മുസ്തഫ സഈദിന്റെ ബോധ്യങ്ങളിലും സമീപനങ്ങളിലും വരുത്തുന്ന മാറ്റങ്ങളാണ്, പല അടരുകളിലൂടെ നോവൽ പിന്നീട് വിവരിക്കുന്നത്.

യൂറോപ്പിലെ ഏറ്റവും പ്രധാന ആഫ്രിക്കൻ അക്കാഡമിക് ആയി മുസ്തഫ സഈദ് മാറുന്നു. ആഫ്രിക്കയുടെ സാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥകളെക്കുറിച്ചു പുസ്തകം എഴുതുന്നു. ബ്രിട്ടീഷുകാർ അവതരിപ്പിച്ചു ആഫ്രിക്കയിൽ നിന്ന് ഭിന്നമായി, ഒരു ആഫ്രിക്കക്കാരന്റെ ആഫ്രിക്കയെ അദ്ദേഹം അവതരിപ്പിക്കുന്ന ഗംഭീര പഠനങ്ങൾ വരുന്നു. ഈസ്റ്റിലെ എക്സോട്ടിക് ആയിട്ടുള്ള സംസ്കാരങ്ങയിലേക്ക് യൂറോപ്പിലെ വിദ്യാർഥികൾ നോക്കുന്ന കൊളോണിയൽ കാലത്തിന്റെ അവസാന ഘട്ടങ്ങളാണത്. മുസ്തഫ സയീദ് എല്ലാവരുടെയും മോഹ സ്കോളർ ആകുന്നു. അതിനിടെ, തന്നെ പഠിക്കാനെത്തിയ പലതരം പശ്ചാത്തലങ്ങളിൽ നിന്നുള്ള യൂറോപ്യൻ പെൺകുട്ടികളെ മുസ്തഫ സഈദ് വശീകരിക്കുന്നു. അവരുമായി ശാരീരിക ബന്ധങ്ങൾ ഉണ്ടാക്കുന്നു. ഒരു ഘട്ടം കഴിഞ്ഞാൽ ഉപേക്ഷിക്കുന്നു. ഉമ്മയുടെ മരണ വിവരം കേട്ട് പോകാൻ പോലും തോന്നാത്ത തരം ഒരു നിർജീവത അദ്ദേഹത്തിൽ രൂപപ്പെടുന്നു. മനസ്സിന്റെ അഗാധതയിൽ ആഫ്രിക്കൻ സ്വത്വവും ബാഹ്യ കേളികളിൽ നൈമിഷിക സുഖങ്ങളെ പുൽകുന്ന വിരുദ്ധ സ്വത്വവും- കുറേക്കൂടെ യൂറോപ്യൻ എന്നു പറയാവുന്ന- അദ്ദേഹത്തിൽ പ്രവർത്തിക്കുന്നു. സഈദിന്റെ ഇരയായ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടു ഏഴുവർഷം അദ്ദേഹത്തിന് ജയിൽ ശിക്ഷക്ക് പോകേണ്ടി വരുന്നു.പിന്നീടാണ് ഒരു അവതാരം പോലെ മുസ്തഫ സഈദ് ആ ഗ്രാമത്തിലെത്തുന്നത്. അവിടത്തെ ഒരാളായി മാറുന്നത്. വിവാഹം കഴിച്ചു രണ്ടു കുട്ടികളുടെ പിതാവാകുന്നത്. ഓറഞ്ചു കൃഷിക്കാരനാകുന്നത്. ആ നാട്ടിലെ കാർഷിക മേഖലയെ സംഘടിത രൂപത്തിലും ശാസ്ത്രീയമായും വിന്യസിപ്പിക്കുന്നത്. ഒരു സാധാ ആഫ്രിക്കക്കാരൻ എന്ന സ്വത്വത്തിന്റെ പരിശുദ്ധിയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. തുടർന്ന്, ഒരു വെള്ളപ്പൊക്ക കാലത്ത് മുസ്തഫ സഈദ് അപ്രത്യക്ഷമാകുന്നു. അദ്ദേഹം മരിച്ചുപോയെന്നു നാട്ടുകാർ കരുതുന്നു.

മുസ്തഫ സഈദ് ആരായിരുന്നു എന്ന അന്വേഷണം കഥ പറച്ചിലുകാരൻ തുടർന്നും നടത്തുന്നു. അദ്ദേഹത്തിന്റെ സ്വകാര്യറൂമിലെ പുസ്തക ശേഖരത്തിൽ വിവിധ യൂറോപ്യൻ സാഹിത്യങ്ങളും ബൈബിളും ഖുർആനും ഒക്കെ കണ്ടെത്തുന്നു. യൂറോപ്പിന്റെ സാംസ്‌കാരിക കോളനിവത്കരണത്തെ ശക്തമായി ഖണ്ഡിക്കുന്ന മുസ്തഫ സഈദിന്റെ പുസ്തകങ്ങളും കണ്ടെത്തുന്നു. ഈ കഥ പറച്ചിലുകൾ സംഭവിക്കുന്നതോടൊപ്പം ആഫ്രിക്കൻ ജീവിതത്തിന്റെ നന്മ, ശുദ്ധി, കലർപ്പില്ലാത്ത മാനുഷിക ബന്ധങ്ങൾ എല്ലാം പല ഘട്ടങ്ങളിൽ കടന്നുവരുന്നു. 

ഈ പുസ്തകത്തിന്റെ അറബി മൂലം സൂക്ഷ്മമായി വായിച്ചപ്പോൾ, ചരിത്രത്തിലൂടെ അസാധാരണ ഉൾവെളിച്ചത്തോടെ സഞ്ചരിക്കുന്ന പ്രതീതിയുണ്ടായി എനിക്ക്. വിശദമായ എഴുത്തുകൾ ഈ പുസ്തകവുമായും ബന്ധപ്പെട്ടും, ത്വയ്യിബ് സാലിഹിന്റെ എഴുത്തുകളുമായി ബന്ധപ്പെട്ടും ഇനിയും നടത്താനുണ്ട്. അറബ് എഴുത്തുകാരിലെ മഹാപ്രതിഭയായിരുന്നു ത്വയ്യിബ് സാലിഹെന്ന് മനസ്സിലാക്കാൻ ഈ 150 പേജുള്ള കൃതി മാത്രം മതി. വളരെയേറെ അപൂർണ്ണമായ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.


#Penpoint
Leave a comment