ആഗസ്റ്റ് 17: ചരിത്രത്തിലെ വ്യര്‍ത്ഥവ്യാകരണം
സന്ദേഹങ്ങളില്ലാത്ത അന്വേഷകന് മുന്നില്‍ ലിഖിത ചരിത്രം ഖരരൂപത്തിലാണ്. അയാള്‍ സ്വീകാര്യര്‍ നല്‍കിയ വിശദീകരണങ്ങളില്‍ തൃപ്തിപ്പെടുന്നു. പക്ഷേ, യാഥാര്‍ത്ഥ്യം മറ്റൊന്നല്ലേ എന്ന് സംശയിക്കുന്ന ഒരാള്‍ക്ക് അതുപോരാ. അയാളുടെ ഭാവനയില്‍ ചരിത്രം ദ്രവരൂപത്തിലാണ്. എവിടേക്കും ഒഴുകി പരക്കാവുന്നത്ര സ്വാതന്ത്ര്യം, ഭാവന ആ വായനക്കാരന് നിര്‍ലോഭം അനുവദിക്കുന്നു. പ്രതിപക്ഷത്തിന്റെ മറുവായനയിലാണ് അയാള്‍ക്ക് താല്പര്യം. ചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരാള്‍ മനസ്സില്‍ സൂക്ഷിക്കുന്ന സ്വാതന്ത്ര്യമാണീ നോവലെന്ന് എസ്.ഹരീഷ് തന്റെ 'ആഗസ്റ്റ് 17' ന് ആമുഖമായി കുറിച്ചിരിക്കുന്നതും അതുകൊണ്ടാണ്. ചരിത്രത്തേയും രാഷ്ട്രീയത്തേയും അപാരമായ സ്വാതന്ത്ര്യത്തോടെ ഫിക്ഷനില്‍ തിരയുന്ന പരിശ്രമമാണ് 'ആഗസ്റ്റ് 17'. ഒപ്പം, കല്പിത ചരിത്ര ഭാവനയെന്ന മുന്‍കൂര്‍ ജാമ്യത്തെ റദ്ദു ചെയ്തുകൊണ്ട്, മറ്റെല്ലാ വിശദീകരണങ്ങളുടെയും അതിഭാരത്തെ കുടഞ്ഞു കളഞ്ഞുകൊണ്ട് ഇന്ത്യന്‍ സാമൂഹ്യാവസ്ഥയുടെ അപഗ്രഥനമായും നോവല്‍ മാറുന്നു.
കഥകള്‍ ചരിത്രമായി രൂപംമാറുന്ന കാലത്താണ് ആഗസ്റ്റ് 17 എഴുതപ്പെടുന്നത്. എന്നാല്‍, ചരിത്രത്തെ കഥയായി വായിക്കൂ എന്ന നിര്‍ദേശമാണ് ഈ നോവല്‍ വായനക്കാരന് നല്‍കുന്നത്. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നുവെങ്കിലും തിരുവിതാംകൂര്‍ മാത്രം സ്വതന്ത്ര രാജ്യമായി തുടരുകയാണ് നോവലില്‍. അപ്പോഴും തിരുവിതാംകൂറിന്റെ ചരിത്ര പശ്ചാത്തലം ഈ നോവലിന്റെ ഭ്രമണപഥമായി നിലനില്‍ക്കുന്നു. ആ ചരിത്ര മുഹൂര്‍ത്തങ്ങളുടെ വിമര്‍ശനാത്മക വിശകലനമാണ് അച്ചുതണ്ട്.
സ്വാതന്ത്ര്യസമര സേനാനിയായ ബഷീറിന്റെ നീക്കങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന രഹസ്യാന്വേഷകനാണ് ആഗസ്റ്റ് 17 ലെ പ്രധാന കഥാപാത്രം. ബഷീര്‍ പോകുന്നിടത്തെല്ലാം അയാളും ഏതോ രാഷ്ട്രീയരഹസ്യം തിരഞ്ഞു പോകുന്നു. ആഖ്യാതാവിന് ബഷീറിനെ വലിയ പിടിയില്ല. എന്നാല്‍, ഈ ബഷീറിനെ വായനക്കാരന് നല്ല പരിചയമുണ്ട്. മതിലുകളും അനുരാഗത്തിന്റെ ദിനങ്ങളും പ്രേമലേഖനവും ബാല്യകാലസഖിയും എഴുതിയ ആളാണ് വായനക്കാരന്റെ ബഷീര്‍. അതിനാല്‍, ഒരിടത്ത് ബഷീറും രഹസ്യാന്വേഷകനും തമ്മിലുള്ള സംഭാഷണം ആഗസ്റ്റ് 17 എന്ന നോവലിന്റെ പ്രവേശനകവാടമായി വായനക്കാരന് അനുഭവപ്പെടുന്നു.
ബഷീര്‍ ചോദിക്കുന്നു:
'എടാ, മനുഷ്യര്‍ കണ്ടുപിടിച്ച ഏറ്റവും അപകടകാരിയായ ആയുധം എന്താണ്?'
അപരന്റെ മറുചോദ്യങ്ങള്‍ ഇതൊക്കെയാണ്.
'തോക്ക്?'
'പീരങ്കി?'
'രാസായുധം?'
'ബോംബ്?'
ബഷീര്‍ പറയുന്നു:
'അതൊന്നുമല്ല. കഥയാണ് ഏറ്റവും ഭയങ്കരന്‍. എല്ലാ കഥയേം പേടിക്കണം. കഥ മനുഷ്യരെക്കൊണ്ട് സ്‌നേഹിപ്പിക്കും. വെറുപ്പിക്കും. ഭ്രാന്ത് പിടിപ്പിക്കും. കൊല്ലിക്കും…'
ഇതോടെ, ഭാവനയുടെ അതിരുകളെക്കുറിച്ചോര്‍ത്ത് വിരണ്ടു പോകുന്ന രഹസ്യാന്വേഷകന്‍ മേലാവിലേക്ക് അയയ്ക്കുന്ന മാസാന്ത്യ റിപ്പോര്‍ട്ടില്‍ ഇങ്ങനെ വ്യക്തമായി എഴുതുന്നു:
'ധര്‍മരാജ്യം എന്ന നിരോധിക്കപ്പെട്ട ലഘുരേഖ പ്രസിദ്ധീകരിച്ച ശേഷം നാടുവിട്ടു കൊച്ചി രാജ്യത്ത് ഒളിവില്‍ താമസിച്ച് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബഷീര്‍ എന്നയാള്‍ക്ക് ഭ്രാന്താണ്.'
ഈ ഭ്രാന്ത് ഉണ്മയാണ് എന്ന ബോധ്യത്തിലേക്ക് വളര്‍ത്തുന്ന വീക്ഷണ സമഗ്രതയും ദാര്‍ശനികതയും രാഷ്ട്രീയ ബോധ്യവും തിരുവിതാംകൂറിന്റെ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററിയായി ആഗസ്റ്റ് 17 ല്‍ പ്രവര്‍ത്തിക്കുന്നു.
അധികാരത്തിന്റെ ചാക്രികസ്വഭാവം ക്രൗര്യമാണെന്ന മൂല്യവിചാരം നോവല്‍ പകരുന്നു. ഏതു കാലത്തും ഉത്തരവുകള്‍ക്ക് കീഴില്‍ സാധാരണക്കാരായ മനുഷ്യര്‍ വിധിയെ പഴിച്ചുകൊണ്ട് നിസ്സഹായരായി ഞെരിഞ്ഞമരുന്ന ചരിത്രബോധത്തെ കാണിച്ചു തരുന്നു. ദേവസ്യ, ഏലിക്കുട്ടി തുടങ്ങിയവരിലൂടെ കുടിയേറ്റ കേരളത്തിന്റെ ദുരിതചരിത്രവും ആഗസ്റ്റ് 17 വരച്ചിടുന്നു.
നോവലിലെ ഭാസി എന്ന് പേരുള്ള രഹസ്യാന്വേഷകന്‍ അധികാരം നിയോഗിച്ച ചാരനാണ്. സ്വാതന്ത്ര്യം അന്വേഷിക്കുന്ന മനുഷ്യരുണ്ടോ എന്നാണ് ചാരന്റെ അന്വേഷണം. സ്വാതന്ത്ര്യദാഹം അധികാരത്തിനെതിരാണ്. അത് ചാരനറിയാം. ഏകാധിപത്യം മനുഷ്യര്‍ക്ക് നല്‍കുന്ന കൊടിയ പീഡനങ്ങളെക്കുറിച്ചും അറിയാം. എന്നിട്ടും അയാള്‍ ചാരനായി തുടരുന്നു. അനുഭവപ്പെടാത്ത സ്വാതന്ത്ര്യം സ്വാതന്ത്ര്യമല്ല. അതാണ് ഒരു ചാരന്റെ ചരിത്ര ദര്‍ശനം. എന്നിട്ടും, നോവലില്‍ ഒരിടത്ത് അയാള്‍ സംശയിക്കുന്നതിങ്ങനെയാണ്:
'ബഷീര്‍ എന്നെ എഴുതി ഉണ്ടാക്കിയതാണോ എന്ന് ഞാന്‍ ഭയക്കുന്നു…'
ഭാവനാത്മകമായ ഊര്‍ജം യഥേഷ്ടമുള്ള ബഷീറിയന്‍ കഥാപാത്രം മാത്രമാണ് ഇയാളെന്ന് 'അനുരാഗത്തിന്റെ ദിനങ്ങള്‍' വായിച്ചവര്‍ക്ക് എളുപ്പം പിടികിട്ടും.
മഹത്തായ തിരുവിതാംകൂര്‍ രാജ്യം പൂര്‍ണ സ്വതന്ത്രമാകുന്നതിന് രണ്ടു ദിവസം മുന്‍പ് കൊല്ലങ്കോട് രാജാവിന്റെ വീട്ടിലും ഇലപ്പുള്ളിയിലെ വീട്ടിലും പോലീസ് ബഷീറിനെ തിരഞ്ഞെത്തുന്നുണ്ട്. എന്നാല്‍ ബഷീര്‍ അവിടെനിന്നും മാഞ്ഞുപോയിരുന്നു. ബഷീര്‍ മാഞ്ഞുപോയത് കഥയിലേക്കാണ് എന്ന് വായനക്കാരന് മാത്രം മനസ്സിലാകുന്നിടത്താണ് മൂന്നുഭാഗങ്ങളുള്ള നോവലിന്റെ ഒന്നാംഭാഗം അവസാനിക്കുന്നത്.
രണ്ടാംഭാഗം വിരസവും അലസവുമായ രീതിയിലാണ് എഴുതിയിരിക്കുന്നതെന്ന് നോവലിന്റെ ക്രിയാംശത്തെക്കുറിച്ചും ലക്ഷ്യകേന്ദ്രത്തെക്കുറിച്ചും പര്യാലോചിക്കുന്നവര്‍ക്ക് പ്രത്യക്ഷത്തില്‍ അനുഭവപ്പെടാം. തിരുവിതാംകൂറിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ വികല വിശദീകരണം മാത്രമായി മാറിയോ എന്നും സംശയിക്കാം. എന്നാല്‍ ബഷീര്‍, രഹസ്യാന്വേഷകന്‍ എന്നീ ദ്വന്ദങ്ങളില്‍ നിന്നും വിടുതല്‍ നേടുന്ന ആഖ്യാനകല പരിമിതികളില്ലാത്ത രചനാസ്വാതന്ത്ര്യം ആഘോഷിക്കുന്നത് ഈ ഭാഗത്ത് കാണാം. നോവലില്‍ ഉള്ളടങ്ങിയിരിക്കുന്ന വിശാലകല്‍പ്പനകള്‍, വ്യത്യസ്തതകള്‍, സ്ഥല-കാലാതിര്‍ത്തികള്‍ എന്നിവയെല്ലാം ഏകീകരിക്കപ്പെടുകയാണിവിടെ.
ഒരിടത്ത് ഇങ്ങനെ വായിക്കാം:
'കാണാന്‍ പറ്റാത്ത ചെറുജീവികളാണ് ലോകത്ത് കൂടുതല്‍. അവരുടെ രഹസ്യ പ്രപഞ്ചമാണ് എനിക്കുചുറ്റും. എന്റെ ഉള്ളിലും പുറത്തും രഹസ്യമായി അവരുണ്ട്. ഞാന്‍ നടക്കുമ്പോള്‍ അവരുടെ ലോകമാണ് നടക്കുന്നത്. അവരാണ് ശരിക്കുമുള്ളത്. ഞാനൊരു കള്ളമാണ്...'
ഈ ബോധ്യം ചരിത്രപരമായും രാഷ്ട്രീയപരമായും സംഭവിക്കുന്ന നിയന്ത്രണമായി, തുടര്‍ന്ന് നോവലില്‍ നിവര്‍ന്നുവരുന്നു. അപഹരിക്കപ്പെട്ട വാസ്തവചരിത്രങ്ങളുടെ മര്യാദ കഥാപാത്രങ്ങളെ ഭരിക്കുന്നു.
എസ് ഹരീഷ് | The Malabar Journal
ഈ ഭാഗം നോക്കൂ:
'കേരളോല്പത്തി മുതലുള്ള ചേര സാമ്രാജ്യം തന്നെയാണ് തിരുവിതാംകൂര്‍. അതാണ് തിരുവിതാംകൂര്‍ രാജാവിനെ പെരുമാള്‍ എന്ന് വിളിക്കുന്നത്. ഉപഭൂഖണ്ഡത്തില്‍ അടുത്ത കാലത്ത് മാത്രമാണ് മറ്റു രാജ്യങ്ങള്‍ രൂപീകൃതമായത്. ചോദ്യമുന്നയിച്ച പത്രക്കാരന്‍ പിറ്റേന്ന് ഒരു അശ്ലീല പുസ്തകം കയ്യില്‍ സൂക്ഷിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടു...'
പരസ്പര ബന്ധമില്ലാത്ത വാചകങ്ങളുടെ യുക്തിപൂര്‍വമായ ആഖ്യാനം എന്ന് തോന്നിപ്പിക്കുകയും ആന്തരിക ഫലിതത്തെ സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്യുന്ന രചനാരീതിക്ക് ഉദാഹരണമാണിത്. ഇത്തരത്തില്‍ അനേകം ഭാഗങ്ങള്‍ നോവലിന്റെ ഘടനയെ ദൃഢമാക്കുന്നു. തിരുവിതാംകൂര്‍ ചരിത്രം ഇതല്ലെന്ന് വായനക്കാരന് വ്യക്തമാണ്. ഇങ്ങനെ ആയിരുന്നെങ്കില്‍ എന്നത് ഭാവന. കാലം, സ്ഥലം, വ്യക്തികള്‍ എന്നിവ ഒന്നായിരിക്കുമ്പോഴും സംഭവങ്ങളുടെ വാസ്തവത്തെ നോവലിസ്റ്റ് മറുവായനയ്ക്ക് വിധേയമാക്കുന്നു. ബഷീര്‍, സോമര്‍സെറ്റ് മോം, സര്‍ സി.പി.രാമസ്വാമി അയ്യര്‍, കെ.സി.എസ്.മണി, അക്കാമ്മ ചെറിയാന്‍, ടി.കെ.നാരായണപിള്ള, ശ്രീകണ്ഠന്‍ നായര്‍, വല്ലപ്പുഴ വൈദ്യന്‍, കെ.സി.ജോര്‍ജ്, ടി.വി.തോമസ്, കുമാരന്‍ വക്കീല്‍, പി.കെ.പത്മനാഭന്‍, കെ.കെ.നായര്‍ എന്നിങ്ങനെ അനേകം രാഷ്ട്രീയമനുഷ്യര്‍ ഈ നോവലില്‍ അവതരിപ്പിക്കപ്പെടുന്നു. എന്നാല്‍, അവര്‍ ഭാഗഭാക്കാകുന്ന ചരിത്ര മുഹൂര്‍ത്തങ്ങളില്‍ വലിയ അളവില്‍ ഭാവന കലര്‍ന്നിരിക്കുന്നു. പ്രതിചരിത്രം എന്ന് വ്യാഖ്യാനിക്കാവുന്ന രചനാ രീതി അവലംബിക്കുന്ന നോവലുകള്‍ അന്വേഷിക്കുന്നവര്‍ക്ക് ആഗസ്റ്റ് 17 വലിയ വായനാനുഭവം പകര്‍ന്നു നല്‍കും.
നോവലിന്റെ മൂന്നാംഭാഗം സമകാലിക ഇന്ത്യനവസ്ഥയുടെ പരിച്ഛേദം പോലെയാണ് രേഖപ്പെടുന്നത്. അവനവനോട് തന്നെയുള്ള പ്രതിബദ്ധത പോലും കുറ്റകരമായി മാറുകയാണ്. സ്വാതന്ത്ര്യം പൂര്‍ണമായും നിഷേധിക്കപ്പെട്ട ഒരു രാജ്യത്ത് പ്രജകള്‍ പരസ്പരം അപരിചിതരായി തീരുന്നത് നോവല്‍ കാണിച്ചു തരുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍, അഴികള്‍ക്കുള്ളിലാകുന്നു. രാജ്യം അന്യാധീനപ്പെടുന്നു.
ആഖ്യാതാവായ ചാരനും ഒടുവില്‍ എത്തുന്നത് ജയിലിലാണ്. ചരിത്രം തിരുത്തി എഴുതാനുള്ള ശ്രമമാണ് അയാളും നടത്തുന്നത്. പക്ഷേ, എത്ര മാറ്റി എഴുതിയിട്ടും ശരിയാകാത്ത ചരിത്രം അയാളെയും ഭയപ്പെടുത്തുന്നു. ചരിത്രം നിശ്ചല സ്ഥലരാശിയായി മാറുന്നു. ശൂന്യതയും ഇരുട്ടുമാണ് അയാള്‍ക്കുള്ള വിരുന്ന്. അയാളുടെ വിലാപമാണ് നോവലിന്റെ അവസാന പുറം. തെറ്റിയെഴുതി ഉപേക്ഷിച്ച ചരിത്ര കടലാസുകള്‍ കയ്യിലെടുത്ത് അയാള്‍ കരയുന്നു:
'ദൈവമേ എന്റെ നാടിനോട് ഞാന്‍ എന്താണ് ചെയ്തത്? എനിക്കുള്ള കുറ്റപത്രമാണ് ഇതൊക്കെ. എന്റെ ചെയ്തിയുടെ ഫലങ്ങള്‍ നിറഞ്ഞ കടലാസുകള്‍...'
അര്‍ത്ഥശൂന്യമായ ഉപചാരം മാത്രമായി തീരുകയാണ് അയാളുടെ ഖേദവും കണ്ണീരും. അധികാരം കിരാതവ്യവസ്ഥ പോലെ മനുഷ്യര്‍ക്കുമേല്‍ പ്രവര്‍ത്തിച്ച ചരിത്രം വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതെന്തെന്ന ചോദ്യം ആഗസ്റ്റ് 17 ഉന്നയിക്കുന്നു. ചരിത്രപാഠങ്ങളുടെ വ്യര്‍ത്ഥ വ്യാകരണം ആഗസ്റ്റ് 17 ചൂണ്ടിക്കാട്ടിത്തരുന്നു.