TMJ
searchnav-menu
post-thumbnail

Penpoint

നേരെ തുഴയുമ്പോള്‍ നീളമേറും, നേരുമേറും

06 Mar 2024   |   4 min Read
റഫീസ് മാറഞ്ചേരി

രോ മനുഷ്യജന്മവും ഓരോരോ പുസ്തകങ്ങളാണെന്ന് നമ്മള്‍ പറയാറുണ്ട്. അനുഭവങ്ങളാണ് ആ പുസ്തകങ്ങളുടെ ചെറുപ്പ വലിപ്പം നിശ്ചയിക്കുന്നത്. 2019 ല്‍ അധികാരമേറ്റപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ഓരോ ഫയലും ഓരോ ജീവിതമാണെന്നാണ്. അങ്ങനെ നോക്കുമ്പോള്‍ ഓരോ സര്‍ക്കാര്‍ ജീവനക്കാരന്റെയും ജീവിതം നൂറുകണക്കിന് ഫയലുകളാണ്. അതില്‍ തീര്‍പ്പുകല്പിച്ചതും വേദനയോടെ മടക്കി അയച്ചതും തന്റേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് വൈകിയതുമായ ഒട്ടേറെ ജീവിതകഥകളുണ്ടാവും. പൂര്‍ണ്ണമായുമുള്ള വെളിപ്പെടുത്തലുകള്‍ അസാധ്യമെങ്കിലും സേവന 
കാലയളവുകളെ സത്യസന്ധമായി പകര്‍ത്താന്‍ കഴിയുക എന്നതൊരു വെല്ലുവിളിയാണ്. കാരണം, അതിലെ ഓരോ താളിലും സാക്ഷിപറയാന്‍ സേവനമനുഷ്ഠിച്ച പ്രദേശങ്ങളിലെ ഓരോ ജീവിതങ്ങളും ഇന്നും ശേഷിക്കുന്നുണ്ടാവും. അതുകൊണ്ടുതന്നെ സാഹചര്യത്തെ വര്‍ണ്ണിക്കാന്‍ കഴിയുമെന്നല്ലാതെ ഭാവനയുടെ മേമ്പൊടി വിതറി സര്‍വീസ് സ്റ്റോറി പറയുക എന്നത് അസാധ്യമാണ്.

മലപ്പുറം ജില്ലയുടെ അതിര്‍ത്തി പ്രദേശമായ മാറഞ്ചേരി ഗവ: സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വിനോദയാത്രാ സംഘാംഗമായി 1978 ല്‍ സന്ദര്‍ശകനായി സെക്രട്ടറിയേറ്റ് ഗാലറിയിലിരുന്ന അബ്ദുല്‍ ലത്തീഫ് എന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഭരണസിരാ കേന്ദ്രമായ അതേ സെക്രട്ടേറിയേറ്റില്‍ വീണ്ടുമെത്തുന്നത് 1991 നവംബര്‍ അവസാന വാരമാണ്, സെക്രട്ടറിയേറ്റ് അസിസ്റ്റന്‍ഡായി ജോലിയില്‍ പ്രവേശിക്കാന്‍. അധ്യാപനത്തില്‍ നിന്നും ഭരണ നിര്‍വഹണത്തിലേക്കുള്ള മാറ്റിപ്പാര്‍ക്കലില്‍ താങ്ങും തണലുമായവരെ ഓര്‍ത്തെടുത്തുകൊണ്ടാണ് നീളെ തുഴഞ്ഞ ദൂരങ്ങള്‍ എന്ന പുസ്തകത്തിലൂടെ അദ്ദേഹം തന്റെ ഓര്‍മ്മകള്‍ തുഴയുന്നത്. ആ തുഴച്ചിലിന്റെ ആരംഭത്തില്‍ത്തന്നെ തനിക്ക് പ്രചോദനമായ കുടുംബത്തെയും കാലമിത്ര കഴിഞ്ഞിട്ടും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയിലേക്ക് വഴിനടത്തിയവരെയും അദ്ദേഹം വിസ്മരിക്കുന്നുമില്ല.

സെക്രട്ടേറിയേറ്റിലേക്കുള്ള പടികയറ്റത്തില്‍ നാന്ദികുറിച്ച് ജന്മനാടായ മാറഞ്ചേരിയുടെ നന്ദി പറച്ചിലില്‍ പര്യവസാനിക്കുന്ന സര്‍വീസ് സ്റ്റോറിയില്‍ അനാവൃതമാവുന്നത് ഇരുപതോളം സര്‍ക്കാര്‍ വകുപ്പുകളിലെ നേര്‍ക്കാഴ്ച്ചകളാണ്. ജോലിയിലിരിക്കെ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുമതി നല്കുകയാണെങ്കില്‍ ഓരോ സര്‍വീസ് സ്റ്റോറിയും കേരളത്തില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്കും പ്രാദേശിക സംസ്ഥാന തലങ്ങളില്‍ ഭരണമാറ്റങ്ങള്‍ക്ക് വരെ അത് ഹേതുവാകുമായിരുന്നു എന്ന് തോന്നിപ്പോകും വിധത്തിലുള്ളതാണ് ഓരോ വെളിപ്പെടുത്തലുകളും. അഴിമതിയുടെ വളവുകളില്ലാതെ ഓര്‍മ്മയാകുന്ന തോണി നീളെ സഞ്ചരിക്കുമ്പോള്‍ പച്ചമഷി കാത്തിരിക്കുന്ന കറുത്ത ചായംപുരണ്ട കണ്ണീര്‍കഥകളുറങ്ങുന്ന ഫയലുകള്‍ വായനക്കാരനില്‍ പ്രതിഷേധത്തിന്റെ തീക്കനലുകള്‍ കോരിയിടും.



തന്റെ ജീവിതത്തില്‍ ആറുമാസം ആവര്‍ത്തിച്ചുകേട്ട 'ശരിയാക്കാം' എന്ന വാചകമായിരിക്കണം പിന്നീട് ആരോടെങ്കിലും 'ശരിയാക്കാം' എന്ന് പറയേണ്ടി വന്നപ്പോഴൊക്കെ അബ്ദുല്‍ ലത്തീഫിനെ അലട്ടിയതും തന്റെ മുന്നിലെത്തുന്ന ഫയലുകളുടെ സഞ്ചാരവേഗത വര്‍ദ്ധിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് ആക്കംകൂട്ടാന്‍ പ്രചോദനമായതും. അതോടൊപ്പം തന്നെ അനാവശ്യമായ നടപടിക്രമങ്ങള്‍ മാറ്റുന്നതിന് ആര് മുന്‍കൈ എടുക്കുമെന്ന മറുപടി കിട്ടാത്ത ചോദ്യം ബാക്കിവെക്കുകയും സ്വയം ചോദിക്കുക അല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലല്ലോ എന്ന് വായനക്കാരനോട് പരിതപിക്കുകയും ചെയ്യുന്നുണ്ട്. ആര് ആര്‍ക്കുവേണ്ടിയാണ് നടപടി ക്രമങ്ങള്‍ സൃഷ്ടിച്ചതെന്ന് നമ്മള്‍ സ്വയം ചോദിച്ചാല്‍ നമ്മള്‍ നമുക്കുവേണ്ടി തീര്‍ത്തതാണെന്നു സ്വയം പറയേണ്ടി വരും! ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുത്തവര്‍ രൂപപ്പെടുത്തുന്നതില്‍ ബഹുഭൂരിപക്ഷവും പൂര്‍ണ്ണ സന്തുഷ്ടരല്ല എന്നത് മാത്രമാണല്ലോ സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും നമ്മുടെ ജനാധിപത്യ പ്രക്രിയയില്‍ ഇന്നും ബാക്കിയാവുന്നത്.

മലബാര്‍ പ്രദേശത്ത് നിന്ന് വളരെ പരിമിതമായ ആളുകള്‍ മാത്രമാണ് അന്നുമിന്നും സെക്രട്ടേറിയേറ്റില്‍ ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ അറിയുന്നവരും കേട്ടറിയുന്നവരുമായ തദ്ദേശീയരായ  ഒട്ടനവധി പേരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കേണ്ടതായി വരും. തന്റെ വകുപ്പല്ലെങ്കില്‍ കൂടി ഇടപെടലുകള്‍ നടത്തേണ്ടതായും വരും. പ്രാദേശിക തലത്തിലുള്ള രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക, ഉദ്യോഗസ്ഥ തലത്തിലുള്ള സമ്മര്‍ദ്ദങ്ങളൊക്കെ നിരവധിയുണ്ടാവും. ജോലി സമ്മര്‍ദ്ദമൊക്കെ മാറ്റിവെച്ച് കുടുംബ മിത്രാദികള്‍ക്കൊപ്പം വിശ്രമിക്കാം എന്നുകരുതി വരുന്ന  വാരാന്ത്യങ്ങളിലാവും ഇത്തരം പ്രശ്‌നങ്ങള്‍ക്കൊക്കെ ചെവികൊടുക്കേണ്ടതായി വരിക. ഞാന്‍ വെറുമൊരു ഉദ്യോഗസ്ഥനാണെന്ന സത്യം എത്ര തവണ പറഞ്ഞാലും അതൊന്നും പരാതിക്കാര്‍ക്ക് മുമ്പില്‍ വിലപ്പോവില്ല. എങ്കിലും ഓരോ മടക്കയാത്രയും അദ്ദേഹത്തിന് കൂട്ട് വീട്ടിലെ പ്രത്യേക വിഭവങ്ങള്‍ക്കൊപ്പം നാട്ടുകാരുടെ വിവിധ രേഖകളുടെ പകര്‍പ്പുകളുമാണ്. പിന്നീടുള്ള ദിവസങ്ങളില്‍ സെക്രട്ടേറിയേറ്റിന് അകത്തും പുറത്തുമായി അന്വേഷണങ്ങള്‍ തുടങ്ങും. തിരിച്ചുചെല്ലുമ്പോള്‍ മറുപടികാത്ത് വീണ്ടും വീട്ടില്‍ ആളുകളെത്തും. മൊബൈലും മറ്റു വാര്‍ത്താവിനിമയ മാര്‍ഗങ്ങളും സാര്‍വത്രികമാവും മുമ്പുള്ള കാലമാണെന്ന് ഓര്‍ക്കണം.

താന്‍ വാങ്ങിയില്ലെങ്കില്‍ അത് മറ്റൊരാള്‍ വാങ്ങുമെന്ന് ചിന്തിച്ച് താനെന്തിന് വാങ്ങാതിരിക്കണമെന്ന് നിശ്ചയിക്കുന്നവരാണ് കൂടുതലും. എന്നാല്‍ താഴെയുള്ളവരും മുകളിലുള്ളവരും വാങ്ങുന്നുണ്ടെന്ന് കരുതി താന്‍ വാങ്ങുന്നില്ല എന്ന് ചാഞ്ചാട്ടമില്ലാതെ ദൃഢനിശ്ചയമെടുക്കാന്‍ കഴിയുന്നവരും സര്‍ക്കാര്‍ മേഖലയിലുണ്ട് എന്ന് അടിവരയിട്ട് പറയുന്നുണ്ട് തന്റെ ഡെപ്യൂട്ടേഷന്‍ കാലയളവിലെ ഓര്‍മ്മകള്‍ താളുകളിലേക്ക് പകര്‍ത്തിക്കൊണ്ട് അബ്ദുല്‍ ലത്തീഫ്. ഒപ്പം എങ്ങനെയൊക്കെയാണ് മാസവരുമാനത്തേക്കാള്‍ അധികംദിവസം വരുമാനമുള്ളവര്‍ സൃഷ്ടിക്കപ്പെടുന്നത് എന്നതിന്റെ നേര്‍സാക്ഷ്യവും. പാവപ്പെട്ടവന് കിട്ടേണ്ട സഹായങ്ങള്‍ അങ്ങനെ എത്രയെത്ര ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ജീവിതത്തെയായിരിക്കും ആര്‍ഭാടപൂരിതമാക്കിയിട്ടുണ്ടാവുക? ഒന്നുറപ്പാണ് നീതിയും ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടവന്റെ വിഹിതം പറ്റിയവര്‍ അധികകാലം ആ സുഖലോലുപതയില്‍ നീരാടിയിട്ടുണ്ടാവില്ല. കാലത്തിന്റെ പ്രയാണത്തില്‍ നേരല്ലാത്തതിനെല്ലാം അടിപതറുമല്ലോ. രാജപ്രൗഢിയോടെ വാണിരുന്ന അസിസ്റ്റന്റ് എഞ്ചിനീയറുടെ അറസ്റ്റ് വിവരിക്കുമ്പോള്‍ അത് വര്‍ത്തമാനകാലത്തെ ചിലര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാവുകയാണ്.



അഴിമതിയുടെ കറപുരളാതെ വിവിധ വകുപ്പുകളിലേക്ക് മാറാന്‍ കഴിഞ്ഞത് ഒരു അത്ഭുതമായാണ് എഴുത്തുകാരനും കാണുന്നത്. കീഴേയും മുകളിലുമുള്ള ഉദ്യോഗസ്ഥരുടെ ആഡംബരംനിറഞ്ഞ ജീവിതവും സൗകര്യങ്ങളും കാണുമ്പോള്‍ അടിപതറാതിരുന്നത് അത്ഭുതം മാത്രമല്ല, ഉറച്ച മനസ്സും അനുഭവങ്ങളുടെ തീക്ഷ്ണതയും നിലപാടിലെ കാര്‍ക്കശ്യവും വിശ്വാസത്തിന്റെ ഉറപ്പും സമ്മാനിച്ചതാണ് എന്ന് പറയാനാവും പക്ഷേ, വായനക്കാരന് താത്പര്യം. കടലിന്റെ മക്കള്‍ക്കായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച കാലഘട്ടം അത് ഉറപ്പിച്ച് പറയും. കടലിന് ഉപ്പുരസം പ്രകൃതി നല്‍കിയത് മാത്രമല്ല, തീരത്തെ മക്കളുടെ ദുരിതങ്ങള്‍ കൂടി അലിഞ്ഞാണെന്ന് പല വാര്‍ത്തകളും നമ്മോട് പറയാറുണ്ട്. ജോലിക്കും വരുമാനത്തിനും സ്ഥിരതയില്ലാത്ത മത്സ്യത്തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായാണ് അബ്ദുല്‍ ലത്തീഫ് കരുതിയത്. ആര്‍ക്കുംവേണ്ടാത്ത ജീവിതങ്ങളെപോലെ തന്നെ ആര്‍ക്കുംവേണ്ടാത്ത വകുപ്പിലേക്ക് പടികയറുമ്പോള്‍ തന്റെ അയല്‍നാടായ പൊന്നാനിയാണ്, തന്റെ അയല്‍ക്കാരാണ് എന്നത് മാത്രമായിരുന്നു ചിന്ത. അപൂര്‍ണ്ണമായ അപേക്ഷകള്‍ നിരസിക്കപ്പെടാതിരിക്കാനുള്ള ശ്രമങ്ങളുണ്ടായതും കാലിയായ വലകളുമായി മടങ്ങുന്ന നിരാശരായ മത്സ്യത്തൊഴിലാളികളെ പോലെ അവരുടെ അപേക്ഷകളൊന്നും തള്ളപ്പെടരുതെന്നും ചിന്തിക്കാന്‍ ജോലിയും വേഷവും യോഗ്യതകളും നോക്കാതെ എല്ലാവരെയും തുല്യരായി കാണാനുള്ള സന്മനസ്സ് കൂടി ഓരോ സര്‍ക്കാര്‍ ജീവനക്കാരനും വേണം.

അബ്ദുല്‍ ലത്തീഫിന്റെ സേവന വീഥിയിലെ ചെയ്തികള്‍ക്കെല്ലാം ഒരു പ്രത്യേക ജീവിതവ്യാകരണമുണ്ട്. മൂല്യങ്ങള്‍ കൈവിടാതെ സമൂഹത്തിലേക്ക് ഭംഗിനിറഞ്ഞ പ്രകാശങ്ങള്‍ ചൊരിഞ്ഞ്, സത്യത്തില്‍ വേരൂന്നി ഫലപ്രാപ്തികളിലേക്ക് വഴിനടത്തിച്ച്, പച്ചമഷിയാല്‍ നാനാവിധത്തിലുള്ള ജീവിതങ്ങളെ ഇടറിവീഴാതിരിക്കാന്‍ പ്രയത്‌നിച്ച് അനായാസം തുഴഞ്ഞു നടന്ന ഒരാള്‍. ആ മഷിയില്‍ കലര്‍പ്പൊന്നുമില്ലെന്ന് ഉറക്കെപറയാന്‍ മൂന്നുപതിറ്റാണ്ടിലധികം വരുന്ന അദ്ദേഹത്തിന്റെ സേവനകാലമാണ് സാക്ഷി, തെളിവായി അദ്ദേഹം പതിപ്പിച്ച മഷിയില്‍ ഇപ്പോഴും പുഞ്ചിരി വിടര്‍ത്തുന്നുണ്ടാവും ഒരായിരം മുഖങ്ങള്‍. നന്മയും വികസനവും സേവനവും മനുഷ്യത്വവും എല്ലാം ചേര്‍ന്ന ഒരു മാനവ മാതൃകയാവണം ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും എന്ന് ആഗ്രഹിക്കാത്ത ആരുമുണ്ടാവില്ല. കാരണം, ജീവിതത്തില്‍ ഒരിക്കലെങ്കിലും എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസിന്റെ പടികയറാത്തവരായി ആരുമുണ്ടാവില്ലല്ലോ!

ഒരു സര്‍ക്കാര്‍ ജീവനക്കാരന്, വിശിഷ്യാ ഉന്നത വകുപ്പുകളില്‍ ചുമതലകള്‍ കൈകാര്യം ചെയ്ത ഒരാള്‍ക്ക് ഒട്ടും എളുപ്പമല്ല തന്റെ സേവനകാലത്തെ പകര്‍ത്തി പുസ്തകമാക്കുകയെന്നത്. താന്‍ വേദനിപ്പിച്ച മനുഷ്യരോ, താന്‍ സ്വീകരിച്ച ഔദാര്യങ്ങളോ, ഇടപെടലുകളിലൂടെ മാറ്റിയതോ, തിരുത്തി സ്വന്തമാക്കിയതോ ഒന്നുമില്ലെന്ന് അത്രമേല്‍ ഉറപ്പുള്ള ഒരാള്‍ക്ക് മാത്രം സാധ്യമായ ഒന്നാണത്. കാരണം, എതിര്‍ത്ത് പറയാനായി മറുപക്ഷത്ത് അയാള്‍ ദ്രോഹിച്ചവരുടെ, അയാള്‍ക്ക് സമ്മാനം നല്‍കിയവരുടെ, അയാളിലൂടെ പലതും നേടിയവരുടെ ഒരു കൂട്ടമുണ്ടാവും. മാത്രമല്ല, തനിക്കുചുറ്റും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കറപുരണ്ടവര്‍ കൂടിയുണ്ടെന്ന് പറയാനൊരു ചങ്കൂറ്റംകൂടി വേണം. കാഴ്ച്ചയില്‍ ഈ പുസ്തകം വെറുമൊരു അനുഭവക്കുറിപ്പാണെങ്കില്‍ അകമാകെ ഏറെ ആശയ സമ്പുഷ്ടവും നമ്മെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും പ്രവര്‍ത്തനനിര്‍ദ്ദേശങ്ങളുമാണ്. വിവിധ വകുപ്പുകളിലെ തന്റെ അനുഭവങ്ങള്‍ക്കൊപ്പം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എങ്ങനെ ആയിരിക്കണമെന്നും ജനങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നതെന്നും അബ്ദുല്‍ ലത്തീഫ് പറഞ്ഞുവെക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന ജനങ്ങളുടെ നികുതി ശമ്പളമായി വാങ്ങുന്നവരുടെ അപഗ്രഥനവൈവിധ്യം തന്നെയാണ് നീളെ തുഴ ദൂരങ്ങളില്‍ ഉടനീളം ദൃശ്യമാവുക. മനുഷ്യത്വപരമായ ഇടപെടലിലൂടെ, നടപടിക്രമങ്ങളുടെ ലഘൂകരണത്തിലൂടെ, നന്മ മാത്രമെന്ന ലക്ഷ്യത്തിലൂടെ സര്‍വ്വോപരി ശമ്പളമല്ലാതെ വാങ്ങുന്നതൊക്കെ നാശത്തിലേക്ക് നയിക്കുമെന്ന നേരറിവിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മറ്റൊരു മുഖം സാധ്യമാണെന്ന് അബ്ദുല്‍ ലത്തീഫ് ജീവിതംകൊണ്ട് നമ്മോട് പറയുന്നു.

#Penpoint
Leave a comment