'ചുവപ്പി' നെ വെറുക്കുന്ന ആമ്പര്‍ തീരങ്ങള്‍
ആമുഖം
സന്തോഷ് ജോര്‍ജ് കുളങ്ങരയുടെയും സഫാരി ചാനലിന്റെയും കടന്നുവരവോടെ ലോകചിത്രങ്ങള്‍ മലയാളിക്കണ്ണുകളിലേക്ക് ദൃശ്യവിരുന്നായി എത്തിയ കാലത്തും നമുക്ക് സുപരിചിതമായ -അപരിചിതമായി കിടക്കുന്ന ചിലതില്‍ ഒന്നായ ബാള്‍ട്ടിക് രാജ്യങ്ങളെ നമുക്ക് മുന്നിലേക്ക് എത്തിക്കുകയാണ് 'ആമ്പര്‍ തീരങ്ങളും ബാള്‍ട്ടിക് വര്‍ത്തമാനങ്ങളും: സോവിയറ്റ് അനന്തര ദേശങ്ങളുടെയും മനുഷ്യരുടെയും ഒരു യാത്രാരേഖ' എന്ന പുസ്തകത്തില്‍ അമല്‍ എന്ന 'വിദ്യാര്‍ത്ഥി'. സോവിയറ്റിനെ അഗാധമായി സ്‌നേഹിക്കുന്ന, അതിനെ അടുത്തറിയാന്‍ ശ്രമിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ യാത്രാവിശകലനമാണ് ഈ പുസ്തകം. ഒരു സെമസ്റ്റര്‍ പഠനം ലിത്വാനിയയിലും ലാഥ്വിയയിലും എസ്റ്റോണിയയിലും ചിലവഴിച്ചപ്പോള്‍ തന്റെ ചിന്തകളിലെ രാഷ്ട്രീയധാരകളെയും ചേതോവികാരങ്ങളെയും അടുത്തറിയാനും അനുഭവവേദ്യമാക്കാനും കഴിഞ്ഞ അഭിലാഷ നിവൃതിയിലാണ് അമല്‍ യാത്രയുടെ അന്ത്യം കുറിക്കുന്നത്.
യാത്രാവിവരണമെന്നതില്‍ നിന്ന് മാറി കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ചരിത്രവും ഇടതുപക്ഷ എഴുത്തുകളുടെ വായനക്കാരനുമായ ഒരാള്‍ സോവിയറ്റ് അനന്തര കാലത്ത് ഉണ്ടായ മാറ്റങ്ങള്‍ യാത്രയിലൂടെ വിശകലനം ചെയ്യുകയാണ് ഇവിടെ. ഇന്ത്യയും സോവിയറ്റും തമ്മിലുണ്ടായിരുന്ന അഭേദ്യമായ ബന്ധവും കേരള സമൂഹത്തില്‍ സോവിയറ്റിനോടുള്ള അകമഴിഞ്ഞ പ്രണയവും തന്റെ ചര്‍ച്ചയില്‍ ഉടനീളം ഉയര്‍ന്നു വരുന്നുണ്ട്. ഒരു യൂറോപ്യന്‍ യാത്ര എന്ന നിലയില്‍ ബാള്‍ട്ടിക്കിന്റെയും യൂറോപ്പിന്റെയും സൗന്ദര്യം വായിക്കാനും, ഒരു തല്പ്പരജ്ഞാനിയായ വിദ്യാര്‍ത്ഥിയുടെ സ്വയം തിരിച്ചറിവുകളയും ഈ പുസ്തകത്തില്‍ കാണാം. വായനക്കാരനായ ഞാന്‍ ഇതില്‍ രണ്ടിനെയും നിരീക്ഷിക്കാനും ആസ്വദിക്കാനും വിമര്‍ശിക്കാനും ഇഷ്ടടപ്പെടുന്നു.
'ആമ്പര്‍ തീരങ്ങളും ബാള്‍ട്ടിക് വര്‍ത്തമാനങ്ങളും' കവര്‍ പേജ് | PHOTO: WIKI COMMONS
വായനയിലേക്ക്
ലിത്വാനിയയില്‍ തുടങ്ങി എസ്റ്റോണിയയില്‍ അവസാനിക്കുന്ന തന്റെ യാത്രയില്‍ പല ജീവിതങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താനും അതുവഴി പച്ചയായ ലിത്വാനിയയെയും ലാഥ്വിയയെയും
എസ്റ്റോണിയയെയും അവ നിലകൊള്ളുന്ന, മൂടിവെച്ചിട്ടുള്ള ഉണങ്ങാത്ത വ്രണങ്ങളെ കണ്ടെത്താനും അമലിന് കഴിയുന്നു. ഡെന്മാര്‍ക്, സ്വീഡന്‍, പോളണ്ട് എന്നിവരുടെ കയ്യേറ്റങ്ങള്‍ക്കും ജര്‍മന്‍ കടന്നുകയറ്റത്തിനും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ക്കും കൂട്ടക്കൊലകള്‍ക്കും, സോവിയറ്റ് അധിനിവേഷത്തിനും ഇരയായ കഥകള്‍ പറയാനുള്ള ബാള്‍ട്ടിക് രാജ്യങ്ങളെ ചരിത്രത്തിന്റെ സഹായത്താല്‍ മാത്രമല്ലാതെ നിലവിലുള്ള നിയോലിബറല്‍ ആശയങ്ങളിലൂടെയും അമല്‍ വിലയിരുത്തുന്നു. ഇസ്ലാമോഫോബിയ പോലെ ലോകശ്രദ്ധ നേടേണ്ട ഒന്നാണ് ബാള്‍ട്ടിക് രാജ്യങ്ങളുടെ റൂസോഫോബിയ. ഇതിന്റ ഉത്ഭവം സോവിയറ്റ് യൂണിയന്റെ കാലത്തെ റൂസിഫിക്കേഷന്‍ (റഷ്യന്‍വല്‍ക്കരണം) ആയി തുടങ്ങിയതാണ്. ഒരേ സമൂഹമെന്ന് ബാഹ്യമായി തോന്നുമെങ്കിലും സോവിയറ്റിന്റെ കൂടെയുള്ള സമയത്ത് തന്നെ വ്യത്യസ്തമായിരുന്ന സമൂഹങ്ങള്‍ ആയിരുന്നു ഇവ. എന്നിട്ടും ഭൂരിപക്ഷവാദവും ദേശിയവാദവും ന്യൂനപക്ഷവേട്ടയാടലുകളും ഭാഷാപരമായും സാംസ്‌കാരികപരമായുമുള്ള സോവിയറ്റ് അധിനിവേഷവും ഇതിന് വഴിവെച്ചു. പോര്‍ച്ചുഗലിലെ ജനങ്ങളുടെ ഫേടോ എന്ന സംഗീതം അവരുടെ വിഷമങ്ങളെയും പ്രതിഷേധങ്ങളെയും പ്രതിനിധീകരിക്കുമ്പോള്‍ ലിത്വാനിയയില്‍ 'പാട്ടുകളുടെ വിപ്ലവ'ത്തിലൂടെ പ്രകടമാകുന്നു. സംഗീതം എന്ന ആഗോള ആയുധം ആണ് ഇവിടെയും ആയുധം. സോഷ്യലിസം പിന്തുടര്‍ന്ന ഒരു സമൂഹം സോവിയറ്റിന്റെ പതനത്തിന് ശേഷം സോഷ്യലിസത്തെ തിരസ്‌ക്കരിച്ചതും വടക്കന്‍ യൂറോപ്പിലേക്ക് ലയിപ്പിച്ചതും ചരിത്രത്തോടുള്ള പ്രതികാരമായി മുതലാളിത്തത്തെ ആലിംഗനം ചെയ്യുന്നതും ലിത്വാനിയയിലെ വിരളമായ ദിനങ്ങള്‍ കൊണ്ട് വ്യക്തമാകുന്നു. ഈ മുതലാളിത്ത സ്‌നേഹം ജനങ്ങളുടെ ദുരിതങ്ങളും അഭിലാഷങ്ങളും ക്ലേശങ്ങളും വകവെക്കാതെയാണ്. സാധനങ്ങളുടെ വിലകേട്ട് ഞെട്ടിയതും സൂപ്പര്‍മാര്‍ക്കറ്റല്ലാതെ മറ്റൊരു ഉപാധിയില്ലാത്തതും അമലിനെ പോലെ ആ സമൂഹത്തിലെ സാധാരണക്കാരിലും നടുക്കം ഉണ്ടാക്കാം. തന്റേതായ രാഷ്ട്രീയബോധ്യമുള്ള വ്യക്തിയെയാണ് പലപ്പോഴും അമല്‍ അവതരണത്തിലൂടെ പ്രകടമാക്കുന്നത്. ഇറാസ്‌മെസ് സ്റ്റുഡന്റ്‌സ് നെറ്റ്വര്‍ക്ക് എന്ന വിദ്യാര്‍ത്ഥിസംഘടന തുറന്നുകാണിക്കുന്ന ആരാഷ്ട്രീയബോധം എങ്ങനെ വിദ്യാര്‍ത്ഥി സമൂഹത്തെ നിരന്തരഇടപെടലുകളിലെ ഗതി മാറ്റുന്നുവെന്നും മാനുഷികതലങ്ങള്ളില്‍ നിന്നും അകറ്റുന്നുവെന്നും സോവിയറ്റ് അനന്തര ലിത്വാനിയന്‍ നയങ്ങളോടും സമീപനങ്ങളോടും കൂടെ ചേര്‍ത്തുവായിക്കേണ്ടതാണ്.
ബാൾട്ടിക് രാജ്യങ്ങളിലെ സോവിയറ്റ് അധിനിവേശം | PHOTO: PTI
വിദ്യാര്‍ത്ഥി സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ച ഒരു പ്രവര്‍ത്തകന്‍ ഇവിടെ പ്രത്യക്ഷമാകുന്നുണ്ട്. വില്‍നസ് ഓള്‍ഡ് ടൗണും അവിടുത്തെ ഭോജനശാലകളും ഹിന്ദു മതമെന്ന് അവകാശപ്പെടുന്ന ഇസ്‌ക്കോണ്‍ സൊസൈറ്റിയും അവരുടെ വിശ്വാസങ്ങളും പൂര്‍വകാല ഇന്ത്യയുമായി സോവിയറ്റിനുണ്ടായിരുന്ന ബന്ധത്തിന്റെ ഉദാഹരണമായിരിക്കാം. ഈ യാത്ര അതിന്റെ മികവില്‍ എത്തിക്കുന്നത് വ്യത്യസ്ത ജീവിതങ്ങളുടെ പരസ്പര സംവാദങ്ങള്‍ തന്നെയാണ്. വില്‍നസ് നഗരത്തിലെ 'കീഴടക്കലിന്റെയും സ്വാതന്ത്ര്യപ്രക്ഷോഭങ്ങളുടെയും മ്യൂസിയം' എന്ന് 2011 ല്‍ പേരുമാറ്റിയ മ്യൂസിയം ഹത്യയുടെ മ്യൂസിയം എന്ന് അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ജര്‍മനിയില്‍ ആദ്യ ആറുമാസ ഹോളോക്കോസ്റ്റ് കാലയളവില്‍ രണ്ട് ലക്ഷം ജൂതരെ കൊന്നിട്ടുണ്ടെങ്കില്‍ അത് വംശഹത്യ തന്നെയാണ്. സോവിയറ്റുകള്‍ 50 വര്‍ഷം കൊണ്ട് കൊന്ന എഴുപത്തിനാലായിരം ലിത്വനിയക്കാര്‍.... അതും ഹത്യ തന്നെയാണ്... അവരുടേതും ജീവന്‍ തന്നെയല്ലേ!? മലകൊണ്ട് കുന്നിനെ മറക്കാം.... എന്നാല്‍ കുന്ന് അപ്പോഴും നിലനില്‍ക്കുന്നില്ലേ!? എത്രയോ ജനങ്ങള്‍ നാടുകടത്തപ്പെട്ടിട്ടുണ്ട്? അതും എണ്ണപ്പെടേണ്ടതല്ലേ?
യാത്ര സമുദ്രം ആണെന്നും യാത്ര ചെയ്യുന്നവര്‍ അതിലെ പരല്‍ മീനുകള്‍ ആണെന്നും പറഞ്ഞത് പാതിരാ സൂര്യന്റെ നാട്ടിലെത്തിത്തിയ എസ് കെ പൊറ്റെക്കാട്ട് ആണ്. അത്‌പോലെ യാത്രയെ മനോഹരമാക്കുന്നത് പരിജയപ്പെടുന്ന മനുഷ്യരിലൂടെയാണ്. വൃദ്ധരുടെ സ്‌കൂളില്‍ നിന്ന് പരിജയപ്പെട്ട സ്റ്റാലിന്റെ കാലത്ത് സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ട വായോധികനും ഇത്തരത്തില്‍ അമലിനെ ചിന്തിപ്പിച്ച ഒരാളാണെന്ന് വിശ്വസിക്കുന്നു. ഇന്ത്യകാരന്‍ ആയതുകൊണ്ടും സോവിയറ്റിനെയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പിന്തുണയെയും ചര്‍ച്ചക് ഇടുമ്പോഴും ശാന്തമായ കടല്‍ ക്ഷുഭിതമാമാകുന്നത് പോലെ ഈ സമൂഹങ്ങളിലെ മനസ്സുകള്‍ അസ്വസ്ഥമാകുന്നുണ്ട്.
കീഴടക്കലിന്റെയും സ്വാതന്ത്ര്യപ്രക്ഷോഭങ്ങളുടെയും മ്യൂസിയം | PHOTO: PTI
ഉപസംഹാരം
തന്റെ പ്രബന്ധാവതരണങ്ങളും പഠനപ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും ഒരുതലത്തില്‍, തിരിച്ചറിവുകളും ബോധ്യങ്ങളും ആഭ്യന്തരമായ മണ്ഡലത്തില്‍, ഇതേ വേളയത്തില്‍ തന്നെ ഒളിഞ്ഞിരിക്കുന്ന ബാള്‍ട്ടിക് എന്ന മനോഹാരിതയെ വായനക്കാര്‍ക്ക് മുന്നില്‍ എത്തിക്കാനും അമല്‍ മറക്കുന്നില്ല. വില്‍നസ് നഗരവും, ഓള്‍ഡ് ടൗണും, വില്‍നസ് ട്രക്കായ് എന്ന കോട്ടയും,'വംശഹത്യയുടെ മ്യൂസിയവും', ഉര്‍മസ് ചന്തയും, കൗണ്‍സ്സിലെ സ്റ്റാലിന്റെ പ്രതിമയും, കത്തോലിക്കാ പള്ളിയായി മാറ്റപ്പെട്ട കൗനസിലെ ഓര്‍ത്തഡോക്‌സ് പള്ളിയും, വിഥുനാസും, പേഗന്‍ കല്ലറകളും ഹില്‍ ഓഫ് വിച്ചസും എല്ലാം അമലിന്റെ യാത്രയില്‍ തന്നെ സ്വയം പുതുക്കിപണിയുന്നതില്‍ കാരണങ്ങളായ സ്ഥലങ്ങളാണ്.
ഓരോ യാത്രയും സ്വയം തിരിച്ചറിവിന് കാരണമാകുന്നത് അത് നല്‍കുന്ന അനുഭവങ്ങള്‍ കൊണ്ടും കണ്ടുമുട്ടുന്ന വ്യക്തികള്‍ കാരണവുമാണ്. നമ്മുടെ ചരിത്രാനുഭവങ്ങളാണ് നമ്മുടെ ചിന്തകളും അഭിപ്രായങ്ങളും. അത് നിഷേധിച്ചിട്ടോ എതിര്‍ത്തിട്ടോ കാര്യമില്ലന്ന് സരുണാസ് പറയുന്നുണ്ട്. അത് തന്നെയാണ് സഞ്ചാരിയായ അമലും ചെയ്തത്. കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് ചരിത്രമല്ല ബാള്‍ട്ടിക് രാജ്യങ്ങള്‍ക്ക് പറയാന്‍ ഉള്ളത്. അതുകൊണ്ട് തന്നെ ബാള്‍ട്ടിക് 'ചുവപ്പിനെ' വെറുക്കുന്നു.