ശബ്ദങ്ങളിലെ അവാച്യമായ നിശബ്ദത
നദി, ഓരോ നിമിഷവും അതേ നദിയല്ല; നദിയുടെ അടിത്തട്ടിലുള്ള കല്ലുകളും അങ്ങനെ തന്നെയാണ്. രൂപങ്ങളൊക്കെയും അങ്ങനെ തന്നെ. മാറിക്കൊണ്ടേയിരിക്കുന്നു. നാം ഉച്ചരിക്കുന്ന വാക്കുകളും അതുപോലെ തന്നെ; നിരന്തരം പുതുമയുടെ ആശ്ചര്യങ്ങളെ ജനിപ്പിക്കുന്നു. എം.പി. പ്രതീഷിന്റെ കവിതകളും വസ്തുകവിതകളും (object poetry) അത്തരം ആശ്ചര്യങ്ങളില്‍ നിന്ന് മുളപൊട്ടുന്നതാണ്, ഒപ്പം കവിതകളിലെ മുറിവുകളും. എല്ലാം തുടര്‍ച്ചയായി ഒഴുകികൊണ്ടിരിക്കുന്നു, മാറ്റങ്ങള്‍കൊണ്ടും പരിവര്‍ത്തനപ്പെട്ടും ആയിത്തീരുകയാണ്. ഓരോന്നും ഒരോ ജനനമാണ്, അതിന്റേതായ അസ്ഥിത്വത്തോടുകൂടി. എന്നാല്‍ ഓരോന്നും ജനനത്തിലൂടെയും മരണത്തിലൂടെയും അഴുകലിലൂടെയും മറ്റൊന്നായി പോഷിക്കുകയും സംയോജിക്കുകയും ചെയ്യുന്നു. ദൃഢമായത് മറ്റൊരു സമയത്ത് ദ്രവമാകുന്നു, വായുവായും ആവിരൂപമായും മാറുന്നു. അത്തരം പാരസ്പര്യത്തില്‍ എല്ലാം ഒരുമിച്ചു ചേരുന്നു. നമ്മളും അതിന്റെ ഭാഗമാകുന്നു.
ഭാഷ
എന്താണ് ഭാഷ? രൂപമെന്നതുപോലെ ഉള്‍ചേര്‍ന്നും, കൂട്ടിച്ചേര്‍ത്തും, വിട്ടുകളഞ്ഞും പുതുരൂപങ്ങള്‍ ഉണ്ടാക്കുന്നവയാണ് വാക്കുകള്‍. ഉപയോഗം കൊണ്ട്, ഇഴചേര്‍ക്കുകയും വിട്ടുകളയുകയും ചെയ്തുകൊണ്ട് വാക്കുകള്‍ പുതിയ അര്‍ത്ഥങ്ങള്‍ കൈവരിക്കുന്നു. പ്രതീഷിന് ഭാഷ പ്രധാനപ്പെട്ടതാണെങ്കിലും ഭാഷയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം യുക്തിപരമായ ഒരു വ്യവഹാര (dialectic praxis)മാണ്. ശരീരം പാഠം (text)
ആയും, പാഠം രൂപമായും, വീണ്ടും പാഠം ശരീരത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്ന പ്രക്രിയ. വാക്ക് അതിന്റെ അര്‍ത്ഥതലങ്ങളുമായി, അതിന്റെ രൂപം ഉരുവാക്കപ്പെടുന്ന ശരീരവുമായി, നിരന്തരമായ സംഘര്‍ഷത്തിലാണ്. അതുകൊണ്ട് അധികാര ശക്തികളുമായി ബന്ധിപ്പിക്കുന്ന സാധ്യതകളില്‍ നിന്ന് അതിനെ അദ്ദേഹം സ്വതന്ത്രമാക്കുന്നു. എം പി പ്രതീഷിന്റെ കവിതകളില്‍ നിരന്തരമായി വാക്കുകള്‍ ശരീരത്തിലേക്കോ, വസ്തുക്കളിലേക്കോ ലയിക്കാന്‍ കാത്തിരിക്കുന്നു.
എം.പി. പ്രതീഷ് | PHOTO: FACEBOOK
മുറിവുകള്‍ ഉണക്കുക
മുറിവുകളിലൂടെ പ്രകാശം പ്രവേശിക്കുന്നുവെന്ന് പലര്‍ക്കുമറിയാം. എന്നാല്‍ അതിന്റെ ഗോചരവും അഗോചരവുമായ നിരവധി രൂപങ്ങള്‍, അകത്തും പുറത്തും, അതിന്റെ നിലക്കാത്ത വേദനയും പരിവര്‍ത്തനങ്ങളും, ഒരു നിഗൂഢസമസ്യായാഥാര്‍ത്ഥ്യമായി നിലകൊള്ളുന്നു. സൗഖ്യപ്പെടാനുള്ള നിരന്തര ക്ഷണമാണത്. നിശബ്ദതയിലും ആത്മബന്ധത്തിലും മുറിവും സൗഖ്യദായകനും പരസ്പരം കണ്ടുമുട്ടുന്നു. ചില നേരങ്ങളില്‍ പ്രതീഷിന്റെ കവിതകള്‍ മുറിവ് തുന്നിക്കെട്ടുന്ന സൂചിയും നൂലുമാകുന്നു. ചിലപ്പോള്‍ അവ മുറിവ് പൊതിയുന്ന മൃദുലവസ്ത്രമാവുന്നു. സ്വയം സൗഖ്യമാകാനനുവദിച്ചുകൊണ്ട് വാക്കുകള്‍ കൊണ്ടും രൂപങ്ങള്‍കൊണ്ടും പ്രതീഷ് വ്യത്യസ്തങ്ങളായ നിരവധി കാര്യങ്ങളെ കൂട്ടിവെയ്ക്കുന്നു: ഒഴുക്ക്, ചലനം, നിശ്ചലമായി നില്‍ക്കുന്നവ, നിശബ്ദത, കാത്തുനില്‍പ്പ്, സ്പര്‍ശനം, സമയം, ഇടം എന്നിങ്ങനെ. സൗഖ്യമാകലില്‍ ശരീരം മറ്റെല്ലാ ശരീരങ്ങളുമായി, അവയുടെ നിമന്ത്രണങ്ങളുമായി ബന്ധപ്പെടുന്നു. മനുഷ്യര്‍ ചിലപ്പോഴൊക്കെ സ്വയം കാഠിന്യമുള്ളവരാക്കുന്നു, അലിഞ്ഞുചേരലിനും ഓരോന്നുമായി ഇഴചേര്‍ന്ന് സൗഖ്യപ്പെടാനുള്ള സാധ്യതകള്‍ കാണുന്നതിനും വിമുഖരായിക്കൊണ്ട്.
മുറിവേല്‍ക്കുന്ന ദൈവം
ഈര്‍പ്പമുള്ളിടത്തേക്ക് നിസ്സഹായനായ ഒരു തവള നീങ്ങുന്നത് പോലെയാണ് പ്രതീഷ് ദൈവത്തിലേക്ക് എത്തിച്ചേരുന്നത്. ദൈവം മുറിഞ്ഞു പോകുന്നതും ദുര്‍ബലവും മൃദുലവും പ്രഹരിക്കപ്പെടാനും തോല്‍പ്പിക്കപ്പെടാനും അനുവദിക്കുന്നതും എന്നാല്‍ അന്തമില്ലാതെ മുളയെടുക്കുന്നതുമാണ്. അവള്‍ നിരവധിയായ രൂപങ്ങളില്‍, വസ്തുക്കളില്‍, സന്നിഹിതവും അസന്നിഹിതവും ആകുന്നു. പ്രതീഷിന്റെ കവിതകളില്‍ ദൈവത്തെ സര്‍വ്വശക്തനായ സൃഷ്ടാവും നിയന്താവും സംഹാരകനുമായിട്ടല്ല നാം കാണുന്നത്. ഈര്‍പ്പമായും, മുളയ്ക്കുകയും ഇല്ലാതാവുകയും ചെയ്യുന്നതായുമാണ്. അവള്‍ ദുര്‍ബലയാണ് (vulnerable), കുരുവിയുടെ കൂടും മുട്ടകളും പോലെ. അവളുടെ പാദംതൊട്ട് പ്രാര്‍ത്ഥിക്കാന്‍ ശ്രമിക്കുമ്പോള്‍, വളരെ ശ്രദ്ധയോടെ നാമതുചെയ്യണം. കാരണം ഇന്ന് ദൈവങ്ങള്‍ പോലും അഗാധ വേദനയിലാണ്.
ശരീരത്തിലേക്കു മടങ്ങുക
ഭാഷ അക്ഷരങ്ങളില്‍ അതിന്റെ ശരീരം കണ്ടെത്തുന്നു. ഭാഷ ശരീരത്തിലേക്കുള്ള ക്ഷണമാണ്. അത് ഭാഷയെ ഉണര്‍ത്തുന്നതാണ്. ഭാഷയില്ലാതെ രൂപങ്ങളിലേയ്ക്ക് നമുക്ക് എത്തിച്ചേരാം. പക്ഷെ നാം ഭാഷ ഉപയോഗിക്കുന്നു. വാക്കുകള്‍ ഉപയോഗിച്ച് പ്രകൃതിവസ്തുക്കളെയും ആകൃതിയേയും ചമയ്കുകയും ഈ രൂപങ്ങളില്‍ അര്‍ത്ഥങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. പ്രതീഷിന്റെ കവിത നമ്മെ
ജീവിതത്തിലേക്കും ഭൂമിയിലേക്കും ക്ഷണിക്കുന്നു. അവിടെ ചെന്നെത്തുമ്പോള്‍ നദികള്‍, മരങ്ങള്‍, പക്ഷികള്‍ എന്നിവ സ്വയം സംസാരിക്കുന്നതു കേള്‍ക്കാന്‍. പ്രതീഷിന്റെ കവിത, വസ്തുകവിതകള്‍ (object poems) എല്ലാം തന്റെ ശരീരത്തിന്റെ തന്നെ വിപുലീകരണമാണ്. ശരീരം വിരലുകളുടെ അഗ്രങ്ങളില്‍ അവസാനിക്കുന്നതല്ല പ്രതീഷിന്. അത് മറ്റ് ശരീരങ്ങളുടെ ഭാഗമാണ്. അവയുടെ പാഠവും അര്‍ത്ഥങ്ങളും നമ്മുടെ സാംസ്‌കാരിക ഇടത്തില്‍ നിന്ന് വളരെ അകലെയാണ്. പദാര്‍ത്ഥം തന്നെയാണ് ഇവിടെ ഭാഷ.
ആ കവിതകള്‍ താന്‍ ജീവിക്കുന്ന ഇടങ്ങളിലേക്ക് കടക്കുകയും അവയുമായി ചേരുകയും അവിടെനിന്ന് അകലുകയും ചെയ്യുന്നതിന്റെ രേഖയാണ്, സൂക്ഷ്മമായ അടയാളങ്ങളാണ്. നിശബ്ദതകള്‍ക്കും രൂപങ്ങള്‍ക്കുമിടയില്‍ അതു പ്രവേശിക്കുന്നു. രൂപങ്ങളുടെ ശൂന്യതയും ശബ്ദങ്ങളിലെ അവാച്യമായ നിശബ്ദതയുമാണത്.