അനാഥത്വത്തിന്റെ നേര്‍ക്കാഴ്ചകള്‍; പുഴക്കുട്ടി.
അനാഥത്വം, ലോകത്തിന്റെ എല്ലായിടങ്ങളിലുമുള്ള കുഞ്ഞുങ്ങള്‍ ഇരയാക്കപ്പെടുന്ന ഏറ്റവും നിസ്സഹായാവസ്ഥ. പലസ്തീന്‍ സംഘര്‍ഷങ്ങളുടെ നിഴലിലിരുന്ന് ഞാനൊരു പുസ്തകത്തിന്റെ രണ്ടാംവായനയിലേര്‍പ്പെട്ടു. പുഴക്കുട്ടി. മുക്താര്‍ ഉദരംപൊയില്‍ എഴുതിയ നോവല്‍. മലയാളി മുസ്ലീം ജീവിതത്തിന്റെ ഒരു വലിയ ഏട് ഈ പുസ്തകത്തിലുണ്ട്. ഒരു കാലത്ത് കേരളത്തിന്റെ വിവിധയിടങ്ങളില്‍, വിശിഷ്യാ മലബാര്‍ മേഖലയില്‍ 'യതീംഖാന'കള്‍ സ്ഥാപിക്കപ്പെട്ടു. അനാഥകളെ സംരക്ഷിക്കേണ്ടത് തന്റെ സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന പ്രവാചകവചനത്തിന്റെ ചുവടുപറ്റിയണ് ഇത്തരം യതീംഖാനകള്‍ സ്ഥാപിതമായതെന്നതില്‍ തര്‍ക്കമില്ല.
മാതാവോ പിതാവോ ഇല്ലാത്ത കുട്ടികളേയും അവരിരുവരുമില്ലാതാവുന്ന കുട്ടികളേയും തീരെ സാമ്പത്തികശേഷിയില്ലാത്ത വീടുകളിലെ കുട്ടികളെയുമാണ് അക്കാലത്ത് യതീംഖാനകളില്‍ ചേര്‍ത്തിരുന്നത്. (ഇന്നതില്‍ മതപഠനത്തിന്റെ പല ഇടപെടലുകളുമുണ്ട്. അത് ചര്‍ച്ചചെയ്യാന്‍ ഈ കുറിപ്പ് തുനിയുന്നില്ല). ഇങ്ങനെ യതീംഖാനകളുടെ അസൗകര്യങ്ങളിലേക്ക് മക്കളെ പറഞ്ഞു വിട്ടിരുന്നത് അവര്‍ക്ക് ശോഭനമായ ഭാവി ലഭിക്കുമെന്നും പാരത്രികലോകത്തിന്റെ പഠനവും അറിവും നേടി അവര്‍ 'ഈമാന്‍' ഉള്ളവരായി തീരുമെന്ന പ്രതീക്ഷകള്‍ കൊണ്ടും മാത്രമായിരുന്നില്ല. വിശപ്പെന്ന ഏറ്റവും വലിയ ശത്രുവില്‍ നിന്നും തങ്ങളുടെ മക്കള്‍ രക്ഷപ്പെടുമെന്ന ആഗ്രഹമായിരുന്നു. മറ്റൊന്ന്, ഒരു കുടുംബത്തില്‍ സംഭവിക്കുന്ന ദാമ്പത്യപ്രശ്നങ്ങളില്‍ ഇരയാക്കപ്പെടുന്ന കുട്ടികള്‍ മറ്റുള്ളവര്‍ക്ക് ബാധ്യതയായി മാറുമെന്ന ചിന്തയിലും ബാല്യകൗമാരങ്ങളെ യതീംഖാനകളിലേക്ക് എത്തിച്ചിട്ടുണ്ട്. ഇത്തരം വിശദമായ മുസ്ലീം ചരിത്രത്തില്‍ നിന്നുകൊണ്ടുകൂടെയല്ലാതെ പുഴക്കുട്ടിയുടെ വായന പൂര്‍ണമാവില്ല.
PHOTO: WIKI COMMONS
ബാല്യത്തിലുള്ള കഥാപാത്രങ്ങളുടെ ചെറുസംഭാഷണങ്ങളിലൂടെ ഒരു പുസ്തകം മലര്‍ത്തി തുറന്നുവെക്കുന്നതു പോലെ നെഞ്ച് തുറന്നുവെച്ച്, ആ നേര്‍ത്ത ഹൃദയത്തിലേക്ക് തിളച്ചുപൊന്തിയ ഈയമുറ്റിക്കുന്ന വേദന നല്‍കുന്നുണ്ട്. അതിനൊരാള്‍ അനാഥനാവണമെന്നോ ഇപ്പറയുന്ന അനാഥാലയ പരിസരങ്ങള്‍ പരിചിതമാവണമെന്നോ ഇല്ല. വെറും പച്ച മനുഷ്യനായാല്‍ മാത്രം മതി.
മാതാവ് മറ്റൊരാളുടെ ഭാര്യയായി പോയതു പോലുമറിയാതെ അനാഥാലയത്തിന്റെ ചുവരില്‍ ചാരി ഉമ്മയേയും കാത്തു നില്‍ക്കുന്ന ഒരു കുഞ്ഞിനെ വെറുതെയെങ്കിലും സങ്കല്‍പ്പിച്ചാല്‍ പോലും 'നെഞ്ഞ്' പിടയില്ലേ?
സ്വന്തം പിതാവിനെ, മറ്റാരയോപോലെ വഴിവക്കില്‍വെച്ചു കാണുമ്പോള്‍ എത്രയായിരിക്കും വേദന? കൊടും വേദനകളുടെ വേദനകളാണതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. പിരാന്തന്‍ അബുവെന്ന കഥാപാത്രം എയ്യുന്ന ചോദ്യങ്ങള്‍ ആരുടെ കണ്ണിലാണ് കൊള്ളുന്നത്. ഇല്‍മ് പഠിച്ചു പഠിച്ച് ഭ്രാന്തായതെന്നു നാട്ടുകാര് പറയുന്ന നോവലിലെ അബുവെന്ന ഈ കഥാപാത്രത്തെ നിത്യജീവിതത്തില്‍ മറ്റൊരു പേരില്‍ കണ്ടിട്ടുണ്ട്. അതെന്റെ ചെറുപ്പകാലത്താണ്. ഏതോ യതീംഖാനയില്‍ പഠിച്ച്, പിന്നീടെപ്പോഴോ മനസ്സിന്റെ നൂലുപൊട്ടിയൊരു ചെറുപ്പക്കാരന്‍. അയാള്‍ ആരോടെന്നില്ലാതെ ഖുറാന്‍ വചനങ്ങളുരുവിട്ട് നടക്കുന്നത് കണ്ടപ്പോള്‍ പലതവണ അയാളെ കളിയാക്കിയിട്ടുണ്ട്. പക്ഷേ ഈ പുസ്തകം വായിച്ചപ്പോള്‍ അയാള്‍ സ്വയം സംസാരിച്ചതെല്ലാം വെറുതയായിരുന്നില്ലെന്നു തോന്നുന്നു.
വിശപ്പിന്റെ കാര്യവുമതെ. സ്വയമനുഭവിച്ച വിശപ്പുകള്‍ പലതവണ ഈ പുസ്തകത്തിന്റെ വായനയില്‍ തികട്ടിവന്നു. അതേസമയം ഒരു യതീംഖാനയുടെയുള്ളില്‍ ജീവിക്കേണ്ടി വന്നില്ലെന്ന ആശ്വാസവുമുണ്ട്. ആദ്യമായെരു യതീംഖാന കണ്ടത് ഇപ്പോഴുമോര്‍മ്മയുണ്ട്; ഉപ്പയുടെ ജ്യേഷ്ഠന്റെയും പെങ്ങളുടെയും രണ്ടാണ്‍കുട്ടികള്‍, ഏകദേശം എന്റെ സമപ്രായക്കാര്‍. അവര്‍ കുറച്ചുകാലം വടകര, വില്യാപ്പള്ളിയിലുള്ള ഒരു യതീംഖാനയിലായിരൂന്നു. ഏതോ ഒരു വെള്ളിയാഴ്ച അവരെ കാണാന്‍, അതിലൊരാളുടെ ഉമ്മയുടെ കൂടെയായിരുന്നു പോയത്. ശുഭ്രവസ്ത്രധാരികളായ ഒരു കൂട്ടം സമപ്രായക്കാരെ അവിടെ കണ്ടപ്പോള്‍ അന്നും ഉള്ള് കാളിയിരുന്നു. അതെന്തിനായിരുന്നെന്നുവെച്ചാല്‍ എന്നെയും ആ നിയന്ത്രിത സ്വാതന്ത്ര്യത്തിലേക്ക് ചേര്‍ക്കുമെന്ന ഭയമായിരുന്നു. ഇന്നാണത് വ്യക്തമായി തിരിച്ചറിയുന്നത്.
REPRESENTATIVE IMAGE: WIKI COMMONS
പക്ഷേ കാലം കുറച്ചുമാസങ്ങള്‍ യതീംഖാനയിലെ തൊഴിലാളിയായി എന്നെ കാത്തുവച്ചിരുന്നു.അവിടത്തെ ജീവിതങ്ങള്‍ നേരിട്ട് കണ്ട് തരിച്ചിരിക്കുകയെന്നല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയാത്ത അതിതീവ്രനിസ്സഹായാവസ്ഥ. അതൊരിക്കലും ശാരീരികം മാത്രമല്ല, മാനസികവുമായിരുന്നു. മേല്‍സൂചിപ്പിച്ച അനാഥത്വങ്ങള്‍ വലിയ മാറ്റമില്ലാതെ ഇപ്പോഴും സംഭവിക്കുന്നുണ്ട്. അതിനിയും തുടരുമെന്നാണ് വ്യസനത്തോടെ കരുതുന്നത്. കാരണം വിശപ്പും അനാഥത്വവും ലോകത്ത് എല്ലായിടത്തും ഒന്നാണ്. അതിന്റെ വൈകാരികതകള്‍ അതിര്‍ത്തികളില്ലാത്ത ലോകത്തിന് സമമാണ്.
ഒരേ യതീംഖാനയുടെ രണ്ട് കെട്ടിടങ്ങളിലായി പകുക്കപ്പെട്ട തന്റെ കുഞ്ഞുപെങ്ങളുടെ വിശപ്പും മുഖവും കഥാപാത്രമായി മാറുമ്പോള്‍ ചെറുതെങ്കിലും ഒരേ കൂരക്കുള്ളിലെ ജീവിതം സ്വര്‍ഗതുല്യമാണെന്നു വെളിപ്പെടുന്നു. എത്ര കഴിച്ചാലും 'പള്ള' നിറയാത്ത കൂട്ടുകാരന്റെ വിശപ്പ് ഡാര്‍ക് ഹ്യൂമറിന്റെ സാധ്യതയിലാണ് എഴുത്തുകാരന്‍ പറയുന്നത്. അതേ സമയം ഇത്തരം സ്ഥാപനങ്ങളിലെ പുഴുക്കുത്തുകളെക്കുറിച്ചും യാതൊരു സങ്കീര്‍ണതകളുമില്ലാതെ നോവലിസ്റ്റ് വ്യകതമാക്കുന്നുണ്ട്. ആ കൈച്ചുരുക്കത്തില്‍ ഇതൊരു ചരിത്രാഖ്യായികയാണ്. വിശപ്പിന്റെയും സൗഹൃദത്തിന്റെയും പരസ്പ്പര സ്നേഹത്തിന്റെയും മാനുഷികതയുടെയും യതീംഖാന ചരിത്രം. ഇത്തരമനേകം ചിന്തകളിലൂടെയാണ് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുഴക്കുട്ടി ഒഴുകുന്നത്.