TMJ
searchnav-menu
post-thumbnail

Penpoint

വാടകയ്‌ക്കൊരു ഹൃദയത്തില്‍ താമസിക്കുന്ന ആധുനിക ജീവിതങ്ങള്‍

27 Oct 2023   |   7 min Read
നവാസ് എം. ഖാദര്‍

ആരംഭം

ജീവിതം ലളിതമായിത്തന്നെ ചിലതൊക്കെ മനുഷ്യരെ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ മനുഷ്യര്‍ ഉള്‍കൊള്ളുന്ന സത്യ ബോധനങ്ങള്‍ പഠനങ്ങളില്‍ നിന്നും വിഭിന്നമായിരിക്കും. ഒരു പുരുഷന്‍ ഒരേസമയം നിരവധി സ്ത്രീകളോട് സ്‌നേഹ-കാമ സല്ലാപങ്ങള്‍ നടത്തുകയും ഉത്തമ കുടുംബനാഥനായി ജീവിക്കുകയും ചെയ്യുന്നു. 1973 ല്‍ പത്മരാജന്‍ തന്റെ സാമൂഹിക ചുറ്റുപാടുകളിലെ നിരീക്ഷണങ്ങളില്‍ നിന്നും സൃഷ്ടിച്ച അശ്വതിക്ക് ഉത്തമ കുടുംബിനിയാകാനോ മുന്ന് പുരുഷനില്‍ തന്റെ ആത്മാവിന്റെ സംതൃപ്തി കണ്ടെത്തുവാനോ സാധിച്ചില്ല. ഇന്നും കേരളത്തിലെ സ്ത്രീ സമൂഹത്തിനിടയില്‍ പത്മരാജന്‍ പടച്ചു വിട്ട അശ്വതിയുടെ പ്രതിനിധികള്‍ ധാരാളം ജീവിക്കുമ്പോഴാണ് അന്‍പതാണ്ടുകള്‍ പിന്നിടുന്ന മാനസിക വ്യവഹാരങ്ങളുടെ കഥ പറയുന്ന 'വാടകയ്‌ക്കൊരു ഹൃദയം' വീണ്ടും ചര്‍ച്ചയാകുന്നത്. 
കാലാതീതമായി രചിക്കപ്പെട്ട വാക്കുകള്‍ക്ക് ഇനി വരും കാലങ്ങളെയും തൃപ്തിപ്പെടുത്താന്‍ സാധിക്കുകതന്നെ ചെയ്യും. പത്മരാജന്‍ തന്റെ മനസ്സിന്റെ പ്രതലത്തില്‍ കോറിയിട്ടിരിക്കുന്ന മറകളെ ചികഞ്ഞു നോക്കേണ്ടതും അതിലെ ആധുനിക റിയലിസത്തെ കണ്ടെത്തേണ്ടതും വായനക്കാരാണ്. പ്രണയം ജീവിതത്തിന്റെ താളങ്ങളെ സുഖാനുഭൂതിയില്‍ എത്തിക്കുകയും, പിന്നെ ജീവിത ചക്രത്തെ നിയന്ത്രിക്കുകയും ഒടുവില്‍ കെട്ടുകള്‍ പൊട്ടിച്ച് അനന്തമായ ജീവിതത്തില്‍ അനാഥമാവുകയും ചെയ്യുന്ന കോമാളിത്തരങ്ങള്‍ കാണിക്കയും ചെയ്യുമ്പോള്‍ ആരും കാണാതെ പോകുന്ന ഒന്നാണ് മനസ്സ്. വേദനിക്കുകയും, വേദനിപ്പിക്കുകയും, ഇഴുകിച്ചേരുകയും, ആടി ഉലയുകയും ചെയ്യുന്ന മനസ്സിന്റെ വിഭ്രാന്തികളെ എങ്ങനെ അടയാളപ്പെടുത്താനാകും എന്നത് ഓരോ മനസ്സിലും വ്യത്യാസപ്പെട്ടിരിക്കുന്നു.

വാടകയ്ക്കൊരു ഹൃദയം അനുഭവത്തില്‍

ഒരു ചെറിയ കാഴ്ചയില്‍ രൂപപ്പെട്ട സ്‌നേഹത്തില്‍ നിന്നുമാണ് ഞാന്‍ എന്റെ ഹൃദയത്തെ വാടകയ്ക്കു ചോദിച്ച പ്രിയപ്പെട്ട ഒരുവളെ ഒരിക്കല്‍ കണ്ടു മുട്ടിയത്. ''പ്രിയപ്പെട്ടത്'' എന്നാണ് അവള്‍ എന്നെ അഭി സംബോധന ചെയ്തത്. പ്രണയത്തിന്റെ തുടിപ്പുകളോ, കാമത്തിന്റെ പ്രസരിപ്പോ അവളില്‍ ഞാന്‍ കണ്ടില്ല. വായനയുടെ ആഴങ്ങളില്‍ ചെന്ന് മനസ്സിന്റെ വ്യഥകളെ മറക്കാന്‍ ശ്രമിക്കുന്ന ഭ്രാന്തമായ വികാരങ്ങളുടെ ഉള്‍ക്കാഴ്ചയാണ് അവള്‍ എനിക്ക് നല്‍കിയത്. ഭൂമിയുടെ അറ്റം കണ്ടിട്ടുണ്ടോ എന്നവള്‍ എന്നോട് ചോദിച്ചപ്പോള്‍ അവള്‍ക്കുമുന്നില്‍ എന്ത് പറയണമെന്നറിയാതെ ഞാന്‍ കുഴങ്ങി. എന്റെ കണ്ണില്‍ നോക്കി അവള്‍ പറഞ്ഞു, ''തെളിഞ്ഞ കണ്ണുകളോടെ നിറഞ്ഞ പുഞ്ചിരിയോടെ അകമഴിഞ്ഞ ചേര്‍ത്തു പിടിക്കലില്‍, നിങ്ങളെന്നെ ഭൂമിയുടെ അറ്റത്തെത്തിച്ചുവെന്ന് നിങ്ങള്‍ എന്നാണ് അറിയുക'... ഞാന്‍ ആദ്യമായും അവസാനമായും അഞ്ചു മിനിറ്റില്‍ താഴെ മാത്രം കണ്ട പ്രിയപ്പെട്ടത് എന്നോട് ഇത് പറഞ്ഞ് കയ്യില്‍ വെച്ചുതന്ന പുസ്തകമാണ് 'വാടകയ്ക്കൊരു ഹൃദയം'. സ്വന്തമാക്കാന്‍ ആഗ്രഹിക്കാതെ ചേര്‍ത്തുപിടിക്കലില്‍ ഈ ലോകം താനാണെന്നു പറയുന്ന സ്ത്രീയുടെ മാനസിക വികാരത്തെ മനസ്സിലാക്കാന്‍ എനിക്കായില്ല എന്നത് അത്ഭുതപ്പെടുത്തുന്ന സത്യമായി എനിക്ക് തോന്നുന്നില്ല. കാരണം, ഞാന്‍ കണ്ട പുരുഷന്മാരില്‍ ചേര്‍ത്തുപിടിക്കലിന്റെ സ്‌നേഹത്തെ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടവരാണ് അധികവും. അതെ, ആഴം അറിയാത്ത മനസ്സിന്റെ ഭാവനകളെ സംതൃപ്തിപ്പെടുത്തുവാനും പ്രണയപരമായ കാമനകളെ പൂര്‍ത്തീകരിക്കുവാന്‍ സംതൃപ്തിയും സമാധാനവും സ്‌നേഹവും പ്രണയവും ഒഴുകി നടക്കുന്ന കടല്‍പ്പരപ്പില്‍ ഇതെല്ലാം നിങ്ങളാണെന്നും ഇതെല്ലാം നിങ്ങളുടേതാണെന്നും ഒരു സ്ത്രീ ഒരു പുരുഷനോട് പറയുന്നത് അത്രമേല്‍ പ്രയാസകരം. അത് തിരിച്ചറിയപ്പെടാതെ പോകുന്നത് സ്വാഭാവികം.

നോവല്‍ മുഖവുര

ഞാന്‍ പലപ്പോഴും ചിന്തിക്കുന്നുണ്ട് വാടകയ്ക്ക് എടുത്ത ഹൃദയം ഉണ്ടായിരുന്നുവെങ്കില്‍ ജീവിതം ഏതുതരത്തില്‍ ആകുമായിരുന്നു. വാടകയ്ക്ക് എടുത്ത ഹൃദയത്തില്‍ ഒരു പരിധി വരെ മാത്രമേ താമസിക്കാന്‍ സാധിക്കുകയുള്ളൂ. സ്വന്തമാക്കുന്ന ഹൃദയങ്ങളിലാണ് നശ്വരമായ ജീവിതത്തെ അനശ്വരമാക്കാന്‍ സാധിക്കുകയുള്ളൂ. നമ്മുടെയെല്ലാം ജീവിതത്തില്‍ ഓര്‍മ്മകളില്‍ നിന്ന് എല്ലാ വാക്കുകളും മറവിയുടെ മണ്‍ കൂനകള്‍ക്കിടയില്‍പെട്ടതുപോലെ ആകുന്ന നിമിഷങ്ങള്‍ ഹൃദയം വാടകയ്ക്ക് നല്‍കുമ്പോള്‍ അനുഭവപ്പെട്ടേക്കാം. അത്രമേല്‍ പ്രിയപ്പെട്ടത് എന്ന് നാം കരുതുന്ന പലതും ഒരു വാടകക്കാരായിരുന്നു എന്നുള്ളത്, കുത്തിനോവിക്കുന്ന വേദനകള്‍ നല്‍കുന്നത് അത്രമേല്‍ വിശ്വസിക്കുന്നവര്‍ ആകുമ്പോള്‍ പൊളിഞ്ഞു വീഴുന്ന വാടക ഹൃദയങ്ങള്‍ ഭൂമിയില്‍ അനുദിനം വളര്‍ന്നു വരികയും ചെയ്യും. ഹൃദയങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ കേവലം ശാരീരിക സംതൃപ്തിക്ക് പുറമേ ദുഃഖങ്ങളില്‍ ആശ്വസിപ്പിക്കുവാനും, തളരുമ്പോള്‍ കോരിയെടുക്കുവാനും, കൂട്ടായി ഒരു പുരുഷനുണ്ടാകുമെന്ന്  വിശ്വസിക്കുന്നു. അത് അവര്‍ക്ക് നല്‍കുന്നത് വല്ലാത്തൊരു ബലം ആണ്.

പത്മരാജന്‍ | PHOTO: WIKI COMMONS
പരപുരുഷ - പരസ്ത്രീ ബന്ധങ്ങളിലെ കാഴ്ചപ്പാടുകളെ ഹൃദയസ്പര്‍ശിയായ വരികള്‍ കൊണ്ട് എഴുതിച്ചേര്‍ത്തിരിക്കുന്ന വിരഹ വിലാപ പ്രണയ കാവ്യമാണ് വാടകയ്ക്ക് ഒരു ഹൃദയം. സീതയെ കഷ്ടപ്പെടുത്തുവാന്‍ പുരുഷന് കഴിയും പാഞ്ചാലിക്കവന്‍ എന്തും ചെയ്യും എന്നു പറയുന്ന പ്രയോഗത്തിലെ ആധുനിക വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ഉത്തരം വിശാലതയുള്ളതും എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയവുമായ ഒന്നാണ്. പല ഹൃദയങ്ങളില്‍ ചേക്കേറി കാമനകളില്‍ വിരുന്നൊരുക്കുകയും പല ജീവിതമുഹൂര്‍ത്തങ്ങളില്‍ ഇഴുകി ചേരുകയും ചെയ്യുന്നവര്‍ ഒടുവില്‍ എത്തപ്പെടുന്ന അവരുടേതായ ലോകങ്ങളില്‍ അവര്‍ മാത്രമായി മാറുകയും ചെയ്യുന്ന അത്ഭുതം നിറയ്ക്കുന്ന അനിര്‍വജനീയ ഇടമാണ് ഹൃദയം.

സ്ത്രീകളിലെ മാനസിക വികാരത്തെ തിരിച്ചറിയാന്‍ കഴിയാത്ത പുരുഷന്മാരുടെ കഥയാണ് ഒരു വശത്തുകൂടി നോക്കുമ്പോള്‍ ഈ പുസ്തകം നിര്‍വചിക്കുന്നത്. എന്നാല്‍ മറ്റൊരു വശത്ത് പുരുഷ ജീവിതത്തില്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചു നിരര്‍ത്ഥകമാകുന്ന സ്ത്രീ ജീവിത കഥയാണോ എന്ന് നമുക്ക് തോന്നിപ്പോകും. ജീവിതങ്ങളിലെ അസംതൃപ്തിയും അവഗണനയും പ്രണയവും കാമവും യൗവനവും ഇഴകിയാടുന്ന ഹൃദയ വികാരങ്ങളെ വളര്‍ത്തുന്ന പ്രണയ വിരഹ കാവ്യമാണ് ഈ നോവല്‍. ചില നേരങ്ങളില്‍ കണ്ണുനീര്‍ കൊണ്ട് സത്യം രചിക്കുന്ന സ്ത്രീ പുരുഷ നിമിഷങ്ങളെ ഹൃദയരക്തം ചാലിച്ചുകൊണ്ട് പത്മരാജന്‍ ഇവിടെ രേഖപ്പെടുത്തുന്നു.

മുറിവേറ്റ ഹൃദയങ്ങളുടെ വേദനകളുമായാണ് വാടകയ്‌ക്കെടുത്ത ഹൃദയവുമായി ചിലര്‍ ജീവിക്കുന്നത്. ഹൃദയത്തെ സ്വന്തമാക്കാന്‍ ആഗ്രഹമില്ലാതെ വാടകയ്ക്ക് എടുക്കുന്ന കാലഘട്ടത്തിന്റെ നേര്‍സാക്ഷ്യവുമായി ഈ കൃതി ഏറെ പൊരുത്തപ്പെട്ട് പോകുന്നു. പത്മരാജന്‍ നല്‍കുന്ന വായനയുടെ മാറുന്ന വികാരങ്ങള്‍ കോര്‍ത്ത മുനകള്‍ കൊണ്ട് നിങ്ങളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ ചില നേരം നിങ്ങള്‍ വേദനിക്കുകയും ചില നേരം നിങ്ങള്‍ ചിരിക്കുകയും ചിലനേരം നിങ്ങള്‍ ഭ്രാന്തനാവുകയും ചെയ്യും. അതെ, നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തെ വാടകയ്ക്ക് കൊടുത്ത വരും, നിങ്ങള്‍ മറ്റൊരാളുടെ ഹൃദയത്തെ വാടകയ്ക്ക് എടുത്തവരും ആണെങ്കില്‍ ഉറപ്പായും നിങ്ങളില്‍ ഇത് പകര്‍ത്തുന്ന രസാനുഭവങ്ങള്‍ വ്യത്യസ്തമായിരിക്കും.

അശ്വതി

സ്ത്രീ ജീവിതത്തിന്റെ മാനസിക സംതൃപ്തിയെ ആഴത്തില്‍ അറിയാന്‍ ശ്രമിച്ചു പരാജയപ്പെട്ടതും ചഞ്ചല ഹൃദയമുള്ളതുമായ കഥാപാത്രമായി എത്തുന്നവളാണ് അശ്വതി. സ്‌നേഹത്തിനു ലാളനയുടെയും വാത്സല്യത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും അര്‍ത്ഥങ്ങള്‍ നല്‍കുന്ന പരമേശ്വരന്റെ സ്‌നേഹത്തെ മനസ്സിലാക്കാതെ കാമുകന്റെ കാമത്തിന് നിലമൊരുക്കുമ്പോള്‍ ഒരിക്കല്‍ പിടിക്കപ്പെടുമെന്നവള്‍ കരുതുന്നുണ്ട്. അവിടെ സംതൃപ്തിയില്ലാത്ത കുടുംബ ജീവിതമാണ് അവളെ കാമുക ദാഹത്തിനു പ്രേരിപ്പിക്കുന്നത്. സ്ത്രീയുടെ മാനസിക വ്യവഹാരങ്ങളെ കാണാതെ കൃഷി ജ്വരത്തില്‍ ജീവിക്കുന്ന പരമേശ്വരന് തന്റെ ബലഹീനതകളെ കൃത്യമായി അറിയാമെങ്കിലും തന്റെ ഭാര്യക്കായി വിട്ടുവീഴ്ച്ചകള്‍ ചെയ്യുന്ന മനസ്സിന് ഉടമയാണ് അയാള്‍. സ്ത്രീകളുടെ മനസ്സിനെ മനസ്സിലാകുന്നതില്‍ പരാജയപ്പെട്ടവരാണ് അശ്വതിയുടെ ജീവിതത്തെ മനസ്സിലാക്കാത്തത് എന്ന പൊതു അഭിപ്രായത്തെ ഈ കഥയുടെ 'ഈ' സാഹചര്യത്തില്‍ ഞാന്‍ അംഗീകരിച്ചു തരുന്നില്ല. ഭര്‍ത്താവിന്റെ സുഹൃത്തും മുറച്ചെറുക്കനുമായ കാമുകന്റെ ഒപ്പം എന്തിനവള്‍ ഇറങ്ങി പോകുന്നു എന്ന ചോദ്യം കഥയില്‍ ഉയര്‍ന്നു വരുന്നുണ്ട്. അത് മറ്റൊന്നുമല്ല, മുറച്ചെറുക്കനായ കേശവന്‍കുട്ടിയുമായി രഹസ്യ സംയോഗം നടത്തുന്നത് നേരില്‍ കണ്ട പരമേശ്വരന്റെ മുന്നില്‍ ഉടുതുണി തിരയുന്ന അശ്വതിയില്‍ പരമേശ്വരന്റെ പ്രതികരണമില്ലായ്മ ഏറെ പ്രക്ഷുബ്ധമായ ജീവിത മുഹൂര്‍ത്തത്തെ മുന്നോട്ട് പ്രദാനംചെയ്യുന്നു. തന്റെ രഹസ്യത്തെ തിരിച്ചറിഞ്ഞിട്ടും തന്നോട് കാട്ടുന്ന സ്‌നേഹത്തെ കുത്തിക്കീറുന്ന കാരമുള്ളായി അനുഭവപ്പെടുന്ന അശ്വതിക്ക് ആ ജീവിതത്തില്‍ നിന്നും പിന്നെ രക്ഷപ്പെടുകയാണ് ആകെയുള്ള മാര്‍ഗം. കട്ടിലില്‍ കിടക്കുന്ന പരമേശ്വരന്റെ നിശ്ശബ്ദസാന്നിധ്യത്തില്‍ കാമുകന്റെ ഒപ്പം ഇറങ്ങിപ്പോകുന്ന ഭാര്യയെ നോക്കി നെഞ്ചുപൊട്ടിക്കരയുന്ന ഭര്‍ത്താവിന്റെ മാനസിക വ്യവഹാരത്തെ കുറിച്ച് സംസാരിക്കാന്‍ തയ്യാറാകാത്തത്തു തന്നെയാണ് രചനയില്‍ സ്ത്രീപക്ഷ വാദികള്‍ മുക്കിക്കളയുന്നത്. അത്, സ്ത്രീയുടെ സ്വാതന്ത്ര്യമാണ് എന്ന് പറയുന്ന ഫെമിനിസ്റ്റ് രീതിയെ എതിര്‍ക്കുന്നില്ല. എന്നാല്‍, ഈ സ്വാതന്ത്ര്യത്തെ സ്ത്രീയുടെ മനസ്സ് മനസ്സിലാക്കാന്‍ കഴിയാത്ത പുരുഷന്മാരുടെ കഥയാണ് എന്ന് വാദിക്കുന്നത് ഏതു രീതിയില്‍ അംഗീകരിക്കാന്‍ സാധിക്കും.

വാടകയ്‌ക്കൊരു ഹൃദയം നോവല്‍ |  PHOTO: WIKI COMMONS
കേശവന്‍ കുട്ടിയുടെ കൂടെ ജീവിതം തുടങ്ങുന്ന അശ്വതി അനുദിനം അനുഭവിക്കുന്ന വീര്‍പ്പുമുട്ടല്‍ എന്തായിരുന്നു? കാമലാളനകള്‍ മാത്രമല്ല ജീവിതത്തില്‍ വേണ്ടതെന്നു തിരിച്ചറിയുന്ന അശ്വതിക്ക് തന്നോടൊപ്പം ഇത്തിരി നേരം ചിലവഴിക്കാന്‍ കഴിയാത്ത തിരക്കുകാരനായ കേശവന്‍ കുട്ടിയില്‍ ജീവിതം ശ്വാസം മുട്ടുന്നു. പരമേശ്വരന്‍ ചേട്ടന്റെ ഓര്‍മ്മകള്‍ സ്വന്തം ഭര്‍ത്താവിന് മുന്നില്‍ വിതുമ്പി പറയുന്നവള്‍ ഭര്‍ത്താവിന്റെ അവിഹിതത്തില്‍ നെഞ്ചുപൊട്ടി കരയുന്നതും കാണാം. കേശവന്‍കുട്ടിക്ക് അശ്വതിയുടെ മാനസിക വ്യവഹാരത്തെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. സാധിക്കണമെന്ന് വാശിപിടിക്കാന്‍ അശ്വതിക്ക് ആവുകയുമില്ല. കാരണം, വിവാഹത്തിന് മുന്നേ തന്റെ മുറച്ചെറുക്കനായിരുന്നു, വിവാഹത്തിന് ശേഷം തന്റെ അവിഹിത കാമുകനുമാണ്. തന്റെ ഇഷ്ടങ്ങളുടെ ദളങ്ങള്‍ വിടര്‍ത്തുന്നതിനപ്പുറം കേശവന്‍ കുട്ടിയുടെ കാമ പൂര്‍ത്തീകരണത്തിനാണ് വിവാഹ ശേഷം അയാള്‍ കുടുതലും അശ്വതിയെ സമീപിച്ചത്. രാത്രിയില്‍ ഉഴുതുമറിയാന്‍ എത്തപ്പെടുന്ന ഇടമായി കാണുന്ന ഒരുവന്റെ മുന്നില്‍ തന്റെ കാല്‍പ്പനികതയെ സംരക്ഷിക്കാന്‍ പിന്നീടവള്‍ ശ്രമിച്ചതുമില്ല. ശ്വാസം മുട്ടലുകളില്‍ നിന്നും ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചവള്‍ക്കു നിരര്‍ത്ഥക ജീവിതമാണ് പിന്നീട് ലഭിച്ചത്.

ആണ്‍കോയ്മയുടെയും ആണധികാരത്തിന്റെയും ദുഷിപ്പ് പേറി നടന്ന കേശവന്‍കുട്ടി അശ്വതിയുടെ യൗവനത്തെ അവഗണനകള്‍ കൊണ്ടും പീഡനങ്ങള്‍ കൊണ്ടും ആസ്വദിച്ച് പോന്നിരുന്നു. പ്രത്യാശകളെ ജീവിതത്തില്‍ അശ്വതി കണ്ടത് തന്റെ ഉദരത്തില്‍ ജന്മമെടുക്കുന്ന ഹൃദയത്തുടിപ്പില്‍ നിന്നുമാണ്. ജാതിയുടെ അതിപ്രസരത്തില്‍ ഉയര്‍ന്നു പൊങ്ങുന്ന സാമൂഹിക അന്തരീക്ഷത്തില്‍ നോവലിന്റെ കഥാ പശ്ചാത്തലം വികസിക്കുകയും പ്രസവത്തിനായി കേശവന്‍ കുട്ടിയുടെ വീട് വിട്ടിറങ്ങുന്ന അശ്വതി പിന്നീട് അയാളുടെ ജീവിതത്തില്‍ നിന്നും അകലങ്ങളിലേക്ക് മറയുകയുമാണ്. തന്റെ പുരുഷന്റെ പൗരുഷത്തെ കൊല്ലുന്നവളായി അശ്വതിയെ കാണാമെങ്കിലും ഒടുവില്‍ താനല്ലാതെ മറ്റൊരുവളില്‍ ആകൃഷ്ടനാകുന്ന കേശവന്‍ കുട്ടിയെ എന്നന്നേക്കുമായി അവള്‍ ഹൃദയത്തില്‍ നിന്നും മുറിച്ചു മാറ്റുന്നു.

സദാശിവന്‍ പിള്ളയെ കാമഭ്രാന്തനായ കഥാപാത്രമായി വായനക്കിടയില്‍ തോന്നുമെങ്കിലും ബെല്‍റ്റ് കൊണ്ടുള്ള അടിയുടെ പാടില്‍ അശ്വതിയുടെ കഴുത്തില്‍ തലോടുന്ന മൃദുല വികാര പുരുഷ പ്രതിനിധിയായി പിന്നീട് കാണാം. 'അശ്വതിപിള്ളേ' എന്ന ഒറ്റവിളിയില്‍ പൊട്ടിയൊഴുകുന്ന ജീവിത സ്‌നേഹ വികാരങ്ങളെ അനിര്‍വര്‍ണീയമായി തന്നെ പത്മരാജന്‍ അടയാളപ്പെടുത്തുന്നു. രണ്ടു പുരുഷന്മാരാലും തകര്‍ന്ന ഹൃദയവുമായി നില്‍ക്കുന്ന അശ്വതിയെയും അവളുടെ മകളെയും സദാശിവന്‍ പിള്ള നെഞ്ചോട് ചേര്‍ക്കുമ്പോള്‍ അശ്വതിയുടെ ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് എത്തുന്നു. അശ്വതി ആഗ്രഹിക്കുന്ന മാനസിക സുഖം അവിടെ ലഭിക്കുന്നുണ്ടോ? കേശവന്‍ കുട്ടി തന്റെ സൗകര്യത്തെക്കാളുപരി തന്റെ ഭാര്യ സുഖലോലുപതയില്‍ ജീവിക്കണം എന്നുള്ള തൃഷ്ണയില്‍, തന്റെ ഭാര്യക്ക് തന്നോടൊപ്പം ജീവിക്കുന്ന സമയത്ത് അവളുടെ കഷ്ടപ്പാടുകളെ മറക്കാനും ജീവിതം സന്തോഷിക്കുവാനും സാധിക്കണമെന്ന അയാളുടെ ആഗ്രഹത്തെ അയാള്‍ പൂര്‍ത്തീകരിക്കുന്നു. എന്നാല്‍ അവിടെയും അശ്വതിക്ക് നഷ്ടപ്പെടുന്നത് സ്‌നേഹ നിധിയായ ഭര്‍ത്താവിന്റെ കരുതലും സാമിപ്യവുമാണ്. മുന്ന് പുരുഷന്മാരാലും ജീവിതത്തെ പൂര്‍ണ്ണമായി ചലിപ്പിക്കാന്‍ സാധിക്കാത്ത സ്ത്രീയുടെ പ്രതീകമാണ് അശ്വതി. മുന്‍പ് പറഞ്ഞ സ്ത്രീ പക്ഷ വിമര്‍ശനങ്ങള്‍ നില നിര്‍ത്തുമ്പോഴും ഒന്ന് വ്യക്തമാണ് സ്ത്രീകളുടെ മനസ്സിന്റെ ചലനതയെ, അതിന്റെ ആഴത്തെ എങ്ങനെ മനസ്സിലാക്കാം അടുത്തറിയാം എന്ന് ചിന്തിക്കുന്ന അല്ലെങ്കില്‍ അതിനു ശ്രമിക്കുന്ന പുരുഷ കേസരികള്‍ വളരെ കുറവാണ്.

മാലിനി 

സിനിമയുടെ മോഹങ്ങളില്‍ നിന്നുണ്ടായ ബോധ്യങ്ങള്‍ കൊണ്ട് തിരികെ നാട്ടിലെത്തുന്ന മാലിനിക്ക് പിന്നീട് ജീവിതം ഒരു വാശിയായിരുന്നു. സുഖിച്ചു ജീവിക്കാനും തന്നെക്കാള്‍ ഉപരിയായി തന്നെമാത്രം സ്‌നേഹിക്കാനും അവള്‍ പഠിച്ചിരുന്നു. നാട്ടിലെ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്ന കേശവന്‍ കുട്ടിക്ക് അവളുടെ ശരീരത്തോടുള്ള ദാഹം കാരണം രാഷ്ട്രീയത്തിലും ജീവിതത്തിലും തോല്‍വി നേരിടുമ്പോള്‍ അവളുടെ അതേശരീരം കവചമാക്കി എം.എല്‍.എ ആകുവാനും അയാള്‍ക്കാകുന്നു. രവീന്ദ്രന്‍ എന്ന ചെറുപ്പക്കാരന്റെ ഒപ്പം ജീവിതം തുടങ്ങുന്ന മാലതി അയാളില്‍ നിന്നും ലഭിക്കാവുന്ന അവസാന മൂല്യവും രുചിച്ചതിനു ശേഷം കേശവന്‍ കുട്ടിയില്‍ ചേക്കേറുന്നു. അതിനു മറ്റൊരു പണക്കാരന്റെ മുന്നില്‍ അവള്‍ എത്തുന്നത് വരെയാണ് ആയുസുണ്ടായത്. മാലിനിയെ നിങ്ങള്‍ ഏങ്ങനെ കാണുന്നു. വെറുമൊരു നാടകക്കാരിയായോ? അതോ ശരീരം വില്കുന്നവളായോ? എന്നാല്‍ മാലിനിയെ അടയാളപ്പെടുത്തുക വിഷമകരമാണ്. തന്റെ ജീവിത സാഹചര്യത്തോട് ഇടിച്ചു നിന്ന് ജീവിക്കുന്ന നാള്‍ അത്രയും സന്തോഷം മാത്രം ആഗ്രഹിക്കുന്നവളാണ്. അശ്വതിക്കൊരു മറയുണ്ടെങ്കില്‍ മാലിനിക്ക് അതില്ല. അവള്‍ സ്വതന്ത്രയാണ്. പുരുഷ പീഡനത്തെ അവള്‍ എറിഞ്ഞുടയ്ക്കുന്നു. അവള്‍ ആര്‍ത്തു ചിരിക്കുന്നു, മതിയാവോളം കുടിക്കുന്നു, സുഖപാരമ്യത്തിലെത്താന്‍ അവള്‍ ആഗ്രഹിക്കുന്നു. ചില ജീവിതങ്ങളെ ഒറ്റവാക്കില്‍ 'പിഴ' എന്ന് മുദ്രകുത്തുന്നവര്‍ക്ക് ഓരോ ജീവിതങ്ങളുടെയും ഉള്‍ക്കാഴ്ചയെ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല.

വാടകയ്‌ക്കൊരു ഹൃദയം സിനിമ | PHOTO: WIKI COMMONS
സരസ്വതി

മാലിനിയുടെ അനിയത്തിയാണ് സരസ്വതി. കുടുംബത്തില്‍ ഒരാളെയെങ്കിലും രക്ഷപ്പെടുത്താനുള്ള ശിവരാമന്‍ നായരെന്ന അച്ഛന്റെ സ്വപ്നത്തിനു ജീവിതം കൊണ്ട് ഉത്തരം എഴുതിയവള്‍. മാലിനിയില്‍ മടുപ്പ് അനുഭവിച്ച കേശവന്‍കുട്ടി സരസ്വതിയില്‍ അടുക്കുവാന്‍ ശ്രമിക്കുമ്പോള്‍ അതിനാദ്യം തടസ്സം നില്‍ക്കുന്നത് ശിവരാമന്‍ നായരാണ്. മകളുടെ മാനത്തിനു വിലപറയാന്‍ വന്നവന്റെ ജീവനെടുത്ത് അയാള്‍ ജയിലിലേക്കു പോകുമ്പോഴും സരസ്വതിയിലെ അഗ്‌നിയെ അണച്ച് കളയുവാന്‍ ആര്‍ക്കും സാധിച്ചില്ല. മുന്നേറ്റത്തിലൂടെ ജീവിത വിജയത്തിലെത്തുന്ന സരസ്വതിയുടെ ഹൃദയ വിചാരങ്ങള്‍ വിജയ ചരിത്രത്തെ കുറിക്കുകയാണ്.

ഉപസംഹാരം.

മുറിവേറ്റ ഹൃദയങ്ങളില്‍ കാര്‍ത്യായനിയമ്മയും, കാമാക്ഷിയുമെല്ലാം എത്തുമ്പോഴും കഥയുടെ വ്യത്യസ്ത പശ്ചാത്തലത്തെ ഒരുക്കുന്ന അമാനുഷിക കഴിവാണ് പത്മരാജനെ തന്റെ രചനയുടെ അമ്പതു വര്‍ഷങ്ങള്‍ക്കു ശേഷവും കാലാനുവര്‍ത്തിയായ എഴുത്തുകാരനാക്കി മാറ്റുന്നത്. മനുഷ്യമനസ്സിന്റെ മനോവലയങ്ങളെ ലകാനെന്ന മനോവിശ്ലേഷകന്‍ നിര്‍വചിക്കുന്നുണ്ട്. ബോധ അബോധ തലങ്ങളുടെ പ്രക്രിയകള്‍ ഒരു വ്യക്തിയുടെ ചിന്താ രീതികളെ എങ്ങനെ സ്വാധീനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സ്ത്രീയുടെയോ പുരുഷന്റെയോ മനോവലയങ്ങളില്‍ ഭാവന സൃഷ്ടിക്കുന്ന പ്രതികരണത്തെ ഇവിടെ അശ്വതിയിലും മാലിനിയിലും സരസ്വതിയിലും കാണാനാകുന്നുണ്ട്. അതുപോലെ തന്നെ സ്ത്രീകളാല്‍ ചതിക്കപ്പെട്ടവരാണ് പരമേശ്വരനും, കേശവന്‍ കുട്ടിയും. 

എഴുത്തുകാരന്‍ ഉദ്ദേശിക്കുന്നതു തന്നെയാണോ ഞാന്‍ ഉദ്ദേശിക്കുന്നത് എന്നതും, എന്റെ വീക്ഷണം തന്നെയാണോ മറ്റു വായനക്കാര്‍ക്കും ഉള്ളത് എന്നതും ചിന്തിക്കേണ്ട സാഹചര്യം എനിക്കില്ലാത്തതു പോലെയാണ് കഥയിലെയും ജീവിതത്തിലെയും സ്ത്രീകളുടെ ജീവിതം. പുരുഷ കേന്ദ്രീകൃത സമൂഹത്തിലെ എല്ലാവിധ ദുഷിപ്പുകളിലും ജീവിക്കുന്ന സ്ത്രീകളാണ് ഇതിലെ നായികമാര്‍. അതുകൊണ്ട് അവര്‍ക്കു നോവലില്‍ നല്‍കുന്ന പ്രധാന്യം സ്ത്രീപക്ഷ കഥാ വ്യവഹാര അപഗ്രഥനത്തെ തൃപ്തിപ്പെടുത്തുന്നതാണ്. അതേ അവസ്ഥയില്‍ തന്നെ പുരുഷ മനസ്സിന്റെ വിഷമതകളെ നോവലില്‍ അടയാളപ്പെടുത്തുന്നുമുണ്ട്.

വാടകയ്ക്കൊരു ഹൃദയം എന്ന സിനിമ ഞാന്‍ കണ്ടിട്ടില്ല. ചിലപ്പോള്‍ അതില്‍ ഇനിയും മാറ്റങ്ങള്‍ ഉണ്ടായേക്കാം. പല സ്ത്രീകളില്‍ പലര്‍ പല സമയത്ത് കൂട് കൂട്ടി ഒടുവില്‍ ഇറങ്ങിപ്പോകുന്ന അവസ്ഥയുടെ നേര്‍ചിത്രമാണ് ഈ കൃതി. കാലങ്ങള്‍ക്കു മുന്‍പേ സഞ്ചരിച്ച ഈ എഴുത്തുകാരന്റെ തൂലികയ്ക്കു മുന്‍പില്‍ എന്റെ ഹൃദയവും വാടകയ്ക്ക് ഒരുങ്ങുന്നു. ഒടുവില്‍ അനന്തമായ ഇരുട്ടിന്റെ ലോകത്ത് ഒറ്റയായി നില്‍ക്കേണ്ടി വരുമെന്ന തിരിച്ചറിവ് ഉണ്ടെങ്കില്‍ പോലും...#Pen point
Leave a comment