
ഗൂഢലിപികളിലെഴുതിയ ധര്‍മ്മവ്യഥകള്‍
മനുഷ്യപ്രകൃതത്തേയും കുറ്റവാസനകളേയും അപരാധബോധത്തേയും കുറിച്ച് ആഴത്തിലുള്ള ദാര്‍ശനികാന്വേഷണങ്ങളില്‍ നിന്നാണ് ഡോസ്റ്റോവ്സ്‌കിയുടെ 'കുറ്റവും ശിക്ഷയും' എന്ന നോവലിലെ ധര്‍മ്മവ്യഥകളെ കുറിച്ചുള്ള പര്യവേക്ഷണങ്ങള്‍ രൂപം പ്രാപിക്കുന്നത്. അസ്തിത്വപ്രശ്നങ്ങളെയും മനുഷ്യബന്ധങ്ങളെയും ആഴത്തില്‍ പരിശോധിക്കുന്നതിനും തന്റെ ആഖ്യാനത്തെ ഇതുമായി അനുനാദത്തില്‍ കൊണ്ടുവരുന്നതിനും എഴുത്തുകാരന് തെളിമയുള്ള ജീവിതദര്‍ശനം ഉണ്ടായേ തീരൂ. അസ്തിത്വത്തേയും ധാര്‍മ്മികതയേയും സംബന്ധിക്കുന്ന അമൂര്‍ത്തവും സങ്കീര്‍ണ്ണവുമായ പ്രശ്നങ്ങളെ സംബോധന ചെയ്യുന്നതില്‍ എഴുത്തുകാരന്റെ ദാര്‍ശനികമനോഭാവത്തിനുള്ള പങ്ക് വളരെ വലുതാണ്. ലളിതമായ പ്രമേയങ്ങളെ നിരവധി അര്‍ത്ഥസൂചനകള്‍ കൊണ്ട് സമ്പന്നമാക്കാനും തന്റെ എഴുത്തിനെ ചിന്തോദ്ദീപകമായ സാഹിത്യകൃതിയായി പരിവര്‍ത്തിപ്പിക്കാനും ജീവിതദര്‍ശനത്തിന്റെ കരുത്തു കൊണ്ട് എഴുത്തുകാരനു കഴിയും. കഥാപാത്രങ്ങള്‍ക്കുള്ളിലെ വൈരുദ്ധ്യങ്ങളെയും പ്രചോദനങ്ങളെയും ഭീതിയെയും തിരിച്ചറിഞ്ഞ് ആവിഷ്‌ക്കരിക്കാന്‍ നോവലിസ്റ്റുകളെ പ്രാപ്തമാക്കുന്നത് അവരുടെ ദര്‍ശനമാണ്. ഉന്നതമായ ദാര്‍ശനിക വീക്ഷണമുള്ള നോവലിസ്റ്റ് കാലികമോ സാംസ്‌കാരികമോ വ്യക്തിനിഷ്ഠമോ ആയ അതിരുകളെ ഭേദിക്കുന്നു. വായനക്കാരുടെ വികാരങ്ങളെ മാത്രമല്ല ധിഷണയേയും അയാള്‍ ഉത്തേജിപ്പിക്കുന്നു. നമ്മുടെ നോവലെഴുത്തുകാരില്‍ ഇപ്പോള്‍ ഇതെല്ലാം ചെയ്യുന്നത് ഇ.സന്തോഷ്‌കുമാറാണ്. അധികാരത്തിന്റെ നൃശംസതയും സര്‍ഗാത്മകതയുടെ ശോഷണവും പ്രമേയങ്ങളായി സ്വീകരിച്ച 'അന്ധകാരനഴി'ക്കും ജ്ഞാന-വിജ്ഞാനങ്ങളുടെ പ്രശ്നീകരണങ്ങളിലൂടെ സഞ്ചരിക്കുന്ന 'ജ്ഞാനഭാര'ത്തിനും ശേഷം അഭയാര്‍ത്ഥികളുടെ ജീവിതലോകങ്ങളെ ചൂണ്ടി മനുഷ്യരാശി അഭിമുഖീകരിക്കുന്ന അസ്തിത്വപ്രശ്നത്തെ കുറിച്ചും പുരോലിപികള്‍ വായിക്കാനും ഗൂഢലിപികള്‍ നിര്‍മ്മിക്കാനും ജീവിതം മാറ്റിവെച്ച ഒരാളുടെ കഥയിലൂടെ മനുഷ്യബന്ധങ്ങളിലെ നിഗൂഢതലങ്ങളെ കുറിച്ചും അന്വേഷിക്കുന്ന ഒരു നോവല്‍ സന്തോഷ്‌കുമാര്‍ എഴുതിയിരിക്കുന്നു - 'തപോമയിയുടെ അച്ഛന്‍'.
ഈ നോവലിലെ പ്രധാന കഥാപാത്രങ്ങള്‍ - ഗോപാല്‍ ബറുവ, ശ്യാമല്‍ ബറുവ, തപോമയി, സുമന, ഡോ. തപസ് സര്‍ക്കാര്‍ - ബംഗാളികളാണ്. കേണല്‍ സന്താനം തമിഴ്നാട്ടുകാരനാണ്. പര്‍വീണയും ജഹാനും ദല്‍ഹിയിലേക്കു വന്ന അഭയാര്‍ത്ഥികളാണ്. ആഖ്യാതാവ് മലയാളിയാണ്. പുരാവസ്തുക്കള്‍ ശേഖരിച്ചു വില്‍പ്പന നടത്തുന്ന, ആഗോളതലത്തില്‍ സാമ്പത്തികബന്ധങ്ങളുള്ള ഒരു മല്ലു മാഫിയ നോവലിലുണ്ട്. ഒരു ചെറിയ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന ടോണി സേവ്യര്‍ ബാംഗ്ലൂരില്‍ ജീവിക്കുന്നയാളാണ്. ഇന്ത്യന്‍ സമൂഹം സാകല്യത്തില്‍ അനുഭവിക്കുന്ന ചില സാമൂഹിക, രാഷ്ട്രീയപ്രശ്നങ്ങള്‍ നോവലിന്റെ അന്തര്‍ധാരയായി പ്രവര്‍ത്തിക്കുന്നുണ്ട്. കല്‍ക്കത്തയും ഡല്‍ഹിയും - ഇന്ത്യയിലെ രണ്ടു പ്രമുഖ നഗരങ്ങള്‍ നോവലിന്റെ പ്രധാന പ്രമേയസ്ഥലങ്ങളായി വരുന്നു. നോവലിന് ഒരു പാന്‍ ഇന്ത്യന്‍ സ്വഭാവമുണ്ടെന്നു പറയാം.
വളരെ സങ്കീര്‍ണ്ണമായ പ്രമേയഘടനയുള്ള ഒരു നോവലാണിത്. അഭയാര്‍ത്ഥി ജീവിതങ്ങള്‍ -നിഴലുകള്‍ മാത്രമായി തീരുന്ന മനുഷ്യരുടെ പലായനങ്ങളും അവര്‍ നേരിടുന്ന ആക്രമണങ്ങളും ദുരിതങ്ങളും യാതനകളും -, മറ്റൊന്നിനുമല്ലാതെ സേവനത്തിനു മാത്രമായി സമര്‍പ്പിച്ച ജീവിതങ്ങള്‍, മനുഷ്യമനസ്സിലെ ധര്‍മ്മസമരങ്ങളും നിസ്സഹായതകളും, നിശബ്ദമായ ആത്മപീഡനങ്ങള്‍, പുരാവസ്തുശാസ്ത്രം, നിഗൂഢലിപികള്‍ എന്തിനെയാണ് സവിശേഷമായി ഫോക്കസ് ചെയ്യുന്നതെന്നു പറയാന്‍ കഴിയാത്തിടത്തോളം നിരവധി പ്രമേയങ്ങള്‍ കൂടിക്കുഴഞ്ഞാണ് നോവലിന്റെ ഇതിവൃത്തം രൂപം കൊള്ളുന്നത്. പല പ്രമേയങ്ങള്‍ കൂടിച്ചേരുന്ന സാകല്യത്തില്‍ നിന്നുകൊണ്ട് നമ്മുടെ കാലത്തേയും ചരിത്രത്തേയും ജീവിതത്തേയും നോക്കുകയും ആവിഷ്‌ക്കരിക്കുകയും ചെയ്യുന്നു, ഈ കൃതി. യാഥാര്‍ത്ഥ്യത്തിന്റെ ബഹുലതയെ കാണുന്ന നോവലിനെ ഏകാര്‍ത്ഥത്തിലേക്കു ചുരുക്കാനുള്ള ശ്രമങ്ങള്‍ പാളിപ്പോകുമെന്ന് ഉറപ്പാണ്.
REPRESENTATIVE IMAGE | WIKI COMMONS
ബംഗാളി കഥാപാത്രങ്ങളുടെ നാമങ്ങളും നോവലിന്റെ ശീര്‍ഷകം പോലും ബംഗാളി നോവലുകളുടെ വിവര്‍ത്തനങ്ങളെ ഏറെ താല്‍പ്പര്യത്തോടെ വായിച്ച തലമുറയിലെ മലയാളി വായനക്കാരെ പെട്ടെന്ന് ആകര്‍ഷിക്കും. കഥാനായകന്റെ പേര് കല്‍ക്കത്തയിലെ സുഹൃത്തിന്റെ നാമത്തില്‍ നിന്നും കടം കൊണ്ടതാണെന്ന് നോവലിസ്റ്റിന്റെ പിന്‍കുറിപ്പില്‍ വായിക്കാം. താരാശങ്കര്‍ ബാനര്‍ജിയുടെയോ വിഭൂതിഭൂഷണ്‍ ബന്ദോപദ്ധ്യായയുടേയോ ബിമല്‍മിത്രയുടെയോ നോവലുകളിലെ കഥാപാത്രങ്ങള്‍ ഏറ്റുന്നതു പോലെ ഈ നോവലിലെ കഥാപാത്രങ്ങള്‍ - പ്രത്യേകിച്ചും ഗോപാല്‍ ബറുവ, തപോമയി, സുമന എന്നിവര്‍ - ധര്‍മ്മചിന്തയുടെ ഭാരങ്ങളെ ചുമക്കുന്നു. ഒരു പക്ഷേ, മലയാളിയുടെ ചരിത്രത്തിന് അസാദ്ധ്യമായ കഥാപാത്രങ്ങളാണിവരെന്നു തോന്നുന്നു. പ്രവാസജീവിതം മലയാളിക്ക് ഏറെ പരിചിതമാണെങ്കിലും അഭയാര്‍ത്ഥിത്വത്തിന്റെ പ്രശ്നലോകം മലയാളികള്‍ക്ക് അന്യമാണ്. ബംഗാളി എഴുത്തുകാര്‍ പരിചയപ്പെടുത്തിയ മനുഷ്യരിലെ ധര്‍മ്മവ്യസനങ്ങളുടെ ലോകത്തെ പരിചയിച്ചവര്‍ക്ക് ഈ നോവലിലെ കഥാപാത്രങ്ങളുടെ ധര്‍മ്മവ്യഥകളും ബംഗാളിലെ മനുഷ്യരിലൂടെ ആവിഷ്‌ക്കരിക്കുന്നത് താല്‍പ്പര്യജനകമാകാം. തപോമയിയുടെ അച്ഛന്റെ ധര്‍മ്മപ്രശ്നങ്ങള്‍ മലയാളിയായ ആഖ്യാതാവിലേക്കു പകരുന്നതായി നാം മനസ്സിലാക്കുന്നുവെങ്കിലും മല്ലു മാഫിയയുടെ ചിത്രണത്തിലൂടെ മലയാളികളുടെ സാമാന്യമായ ആന്തരിക ലോകം മറ്റൊന്നാണെന്ന് നോവലിസ്റ്റ് സൂചിപ്പിക്കുന്നുണ്ടെന്നും തോന്നുന്നു.
ഡോക്ടര്‍ തപസ് സര്‍ക്കാരിനേയും ആഖ്യാതാവിനേയും മാറ്റിനിര്‍ത്തിയാല്‍ ഈ നോവലിലെ കഥാപാത്രങ്ങള്‍ ദു:ഖിതരോ ദു:ഖത്തിന്റെ ഉപാസകരോ ആണ്. സന്താനത്തിന്റെ മകള്‍ വൈഗ അവള്‍ക്ക് ഏറിയ സന്തോഷം ഉണ്ടാകുന്ന ഒരു സന്ദര്‍ഭത്തില്‍ അപസ്മാരം ബാധിച്ചു ബോധരഹിതയായി നിലത്തു കുഴഞ്ഞുവീണു മരിച്ചു പോകുന്നത്, മനുഷ്യന്‍ എത്തിച്ചേരുന്ന നൈതികാദര്‍ശമായി ദു:ഖം മാറിത്തീരുന്നതിന്റെ സൂചനയായി കാണാം. മകളുടെ മരണത്തിനു ശേഷം സന്താനം ഒരു താപസനെ പോലെ മാറിത്തീരുകയും ഗൂഢലിപികളുടെ അര്‍ത്ഥം തേടുന്നതു മാത്രമായി ജീവിതത്തെ ഒതുക്കുകയും ചെയ്യുന്നു. അദ്ദേഹം ഗോപാല്‍ ബറുവയ്ക്ക് എഴുതുന്ന കത്തുകളെല്ലാം ഗൂഢലിപികളിലാണ്. പിന്നീട് കത്തുകളുടെ മേല്‍വിലാസവും ഗൂഢലിപികളിലാകുന്നതോടെ ഗോപാലിന് കത്തുകള്‍ കിട്ടാതാകുന്നുണ്ട്. ഗുഢലിപികളില്‍ തന്റെ ധര്‍മ്മവ്യഥകളെയും കുറ്റബോധത്തെയും എഴുതാന്‍ ശ്രമിക്കുന്ന ഗോപാല്‍ ബറുവയെയും നാം കാണുന്നു. ദു:ഖത്തിന്റെ കാരണങ്ങള്‍ അജ്ഞേയമായി, ഗൂഢമായിരിക്കുന്നുവെന്ന പ്രതീതി ഇതു സൃഷ്ടിക്കുന്നു. പ്രിയസഖി യശോധരയേയും മകന്‍ രാഹുലനേയും കൊട്ടാരജീവിതത്തിന്റെ സുഖങ്ങളേയും ത്യജിച്ച് ദു:ഖത്തിന്റെ കാരണങ്ങള്‍ തേടിയിറങ്ങുന്ന ശ്രീബുദ്ധദേവന്റെ ധൈഷണികാദര്‍ശം നോവലിന്റെ ആഖ്യാനസ്ഥലങ്ങളിലെമ്പാടും പടര്‍ന്നു നില്‍ക്കുന്നുമുണ്ട്. സന്താനത്തിന്റെയും ഗോപാലിന്റെയും ആഖ്യാതാവിന്റെയും പുരാതനലിപികളോടുള്ള താല്‍പ്പര്യങ്ങള്‍ക്കപ്പുറത്ത് നിഗൂഢലിപികള്‍ ജീവിതത്തിന്റെ നിഗൂഢതയുടെ രൂപകമായി നോവലില്‍ മാറിത്തീരുന്നുണ്ട്. ഗോപാലിന്റെ എഴുത്തിലെ ലിപികളുടെ നിഗൂഢത ആ ജീവിതത്തിലും കാണുമെന്ന് ആഖ്യാതാവ് തുടക്കത്തിലേ ഊഹിക്കുന്നു.
ആഖ്യാതാവ് വായിച്ചെടുക്കുന്ന നിഗൂഢലിപികളിലൂടെ ഗോപാല്‍ബറുവ ഉള്ളില്‍ സൂക്ഷിച്ച ധര്‍മ്മവ്യസനങ്ങളുടെ, ഗോപാലിന്റെ മുഖത്ത് എപ്പോഴും തളം കെട്ടി നിന്ന ദു:ഖത്തിന്റെ, ഖേദത്തിന്റെ, അയാള്‍ എപ്പോഴും കൊള്ളുന്ന അതേ പഴയ മഴയുടെ ആന്തരാര്‍ത്ഥങ്ങള്‍ നമുക്കു ലഭിക്കുന്നുണ്ട്. എന്നാല്‍, തനിക്കു മാത്രം അറിയാവുന്ന തന്റെ അധര്‍മ്മപ്രവൃത്തിയെ തന്നിലൊടുങ്ങി അവസാനിക്കാന്‍ വിടാതെ നിഗൂഢലിപികളിലാണെങ്കില്‍ പോലും എഴുതിവയ്ക്കാന്‍ ഗോപാല്‍ പ്രേരിതനാകുന്നത് എന്തുകൊണ്ടാണ്? തീര്‍ച്ചയോടെ പറയാന്‍ ഉത്തരങ്ങള്‍ കിട്ടുന്നില്ലെങ്കില്‍ പോലും ഈ ചോദ്യം ഉന്നയിക്കപ്പെടേണ്ടതാണ്. ഗോപാല്‍ ബറുവ തന്റെ ളള്ളില്‍ ഗാഢമായ സങ്കടത്തെ പേറുന്നുണ്ടെന്ന് മകനായ തപോമയിയ്ക്കും സുഹൃത്തായ ഡോ. തപസ് സര്‍ക്കാരിനും അറിയാം. തന്റെ വ്യഥകളെ, അത് ആരോടും പറയുന്നില്ലെങ്കില്‍ പോലും, കടലാസില്‍ എഴുതിവയ്ക്കുന്നത് സ്വയം സമാധാനം കണ്ടെത്താന്‍ സഹായകമായിരിക്കുമെന്ന തപസ് സര്‍ക്കാരിന്റെ ഉപദേശം ഗോപാല്‍ ബറുവ സ്വീകരിച്ചതാകുമോ? തന്നെ മനസ്സിലാക്കുന്ന ആരെങ്കിലും തന്റെ ദു:ഖവും ഖേദവും വായിക്കട്ടെ എന്നു കരുതിയതാകുമോ? മറ്റാരോടും പറയാനില്ലാത്തതു കൊണ്ടാണ് ഈ സാഹസമെന്ന് ഡയറിക്കുറിപ്പുകളില്‍ നിന്നും ആഖ്യാതാവ് വായിക്കുന്നുണ്ട്. ആ ഡയറിക്കുറിപ്പുകള്‍ എഴുതാന്‍ ഗോപാല്‍ ബറുവ വല്ലാതെ വിഷമിച്ചിട്ടുണ്ടാകുമെന്ന് അയാള്‍ക്കു തോന്നുന്നുമുണ്ട്. സുമനയുടെ മരണം സങ്കടമല്ല, ആശ്വാസമാണ് ഉണ്ടാക്കിയയെന്ന് ഗോപാല്‍ എഴുതിയിരിക്കുന്നു. രണ്ടുപേര്‍ക്ക് മാത്രം അറിയാവുന്ന രഹസ്യം തന്നിലേക്കു മാത്രം ഒതുങ്ങുന്നതിന്റെ ആശ്വാസം. താന്‍ എഴുതിയ നിഗൂഢവാക്യങ്ങള്‍ തപോമയിക്ക് വായിക്കാനറിയുമോയെന്ന ഭയം ഗോപാലില്‍ എപ്പോഴുമുണ്ടായിരുന്നു. അവ ആഖ്യാതാവ് വായിച്ചെന്നറിയുമ്പോള്‍ ഗോപാല്‍ പരിഭ്രമിക്കുന്നുണ്ട്. തന്റെ ഡയറിക്കുറിപ്പുകള്‍ ആഖ്യാതാവിന്റെ പക്കല്‍ എത്തിച്ചേരുമെന്നു ദീര്‍ഘദര്‍ശനം നടത്തുന്ന ഗോപാല്‍ അയാളോട് അതു വായിക്കരുതെന്നും ആരും അറിയാതെ നശിപ്പിച്ചു കളയണമെന്നും അപേക്ഷിക്കുന്നുണ്ട്. തന്റെ ധര്‍മ്മലോപങ്ങള്‍ മറ്റുള്ളവര്‍ അറിയുന്നതിനെ ഗോപാല്‍ ഭയപ്പെട്ടിരുന്നു. എങ്കിലും അയാളിലൂടെ അത് എഴുതപ്പെട്ടു! തന്റെ ജീവിതം നിഗൂഢമാക്കി വയ്ക്കാന്‍ താന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് ഗോപാല്‍ ബറുവ സ്വയം ചോദിക്കുന്ന സന്ദര്‍ഭവും നോവലിലുണ്ട്. അയാള്‍ക്ക് ഉത്തരം കിട്ടുന്നില്ല.
നോവലിലെ പ്രധാന കഥാപാത്രത്തിന്‍റെ നാമം സ്വീകരിച്ചത് എഴുത്തുകാരന്‍റെ ഈ ബംഗാളി സുഹൃത്തില്‍ നിന്നാണ് - തപോമയി ബറൂവ
തപോമയി കരുതുന്നതു പോലെ അയാളുടെ അച്ഛന്‍ വലിയൊരു മനുഷ്യനായിരുന്നു. ഗോപാലിന്റെ ധാരാളം പ്രവൃത്തികള്‍ ഇതു സാധൂകരിക്കുന്നുണ്ട്. എല്ലാ വലിയ മനുഷ്യരും നേരിടുന്ന ധര്‍മ്മസങ്കടങ്ങളാണ് ഗോപാല്‍ ബറുവയും അഭിമുഖീകരിക്കുന്നത്. അയാള്‍ തന്റെ ന്യായബുദ്ധി കൊണ്ടും ധര്‍മ്മബോധം കൊണ്ടും സ്വയം വിചാരണ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ എല്ലാം സത്യസന്ധമായി എഴുതിവയ്ക്കുന്നു. തന്റെയും സുമനയുടെയും തപോമയിയുടെയും ജീവിതകഥ എഴുതിക്കഴിയുമ്പോള്‍ തന്റെ പ്രവൃത്തി എത്ര അധാര്‍മ്മികമായിരുന്നുവെന്ന് അയാള്‍ കൂടുതല്‍ വ്യക്തതയോടെ തിരിച്ചറിയുന്നുണ്ടാകണം. എഴുതപ്പെട്ട വാക്കിന്റെ ശക്തി അയാളെ വിടാതെ പിന്തുടരുന്നു. തന്റെ പ്രവൃത്തിയിലെ അധര്‍മ്മത്തിന്റെ ഭീകരത മനസ്സിലാക്കുന്ന സന്ദര്‍ഭങ്ങളില്‍ അപമാനിതനായി ഉള്ളില്‍ നിറയെ നിലവിളികളോടെ അതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ ഒരു സാധാരണമനുഷ്യനെ പോലെ ഗോപാല്‍ ബറുവ ആഗ്രഹിക്കുന്നു. ധര്‍മ്മസംഘര്‍ഷങ്ങളില്‍ ഉഴലുന്ന ആ വ്യഥിതനെ ഒരിക്കലും തോരാത്ത ആ പഴയ മഴ നനയിച്ചു കൊണ്ടേയിരുന്നു, അയാളിലെ ധര്‍മ്മസംഘര്‍ഷത്തിന്റെ ആവിഷ്‌ക്കരണമാണ് ഈ നോവലിന്റെ കാതലെന്നു പറയണം. ഗോപാല്‍ ബറുവയുടെ പരീക്ഷണഘട്ടങ്ങളെ വായിക്കുന്ന ഏതൊരാളും ഉള്ളില്‍ കരയുന്നുണ്ടാകണം. താന്‍ കണ്ണീരൊഴുക്കി കൊണ്ടാണ് നോവല്‍ വായിച്ചു തീര്‍ത്തതെന്ന് പ്രമുഖ നിരൂപകനായ എസ്. എസ്. ശ്രീകുമാര്‍ പറയുന്നുണ്ട്. പലര്‍ക്കും ഈ അനുഭവസാക്ഷ്യം പറയാനുണ്ടാകും. വലിയ മനുഷ്യനായ ഗോപാല്‍ ബറുവയുടെ അധാര്‍മ്മികവൃത്തിയുടേയും അയാളെ അതിലേക്കു വലിച്ചിഴയ്ക്കുന്ന സ്വാര്‍ത്ഥമോഹത്തിന്റേയും കഥയിലൂടെ നോവലിസ്റ്റ് എന്താണ് നമ്മോടു പറയുന്നത്? എല്ലാ മനുഷ്യരിലും അജ്ഞാതമായി കുടികൊള്ളുന്ന കുടിലബുദ്ധി പ്രവര്‍ത്തനക്ഷമമാകുന്ന പ്രകരണങ്ങളെ കുറിച്ചോ? ഗോപാല്‍ ബറുവ എന്താണ് ചെയ്തത്? സുമന അയാളോടു പറയുന്നതു പോലെ ഗോപാല്‍ ഒന്നും ചെയ്തില്ല! ചെയ്യാന്‍ കഴിയുന്ന പരോപകാരം സ്വാര്‍ത്ഥബുദ്ധി കൊണ്ട് ചെയ്യാതിരിക്കുന്നത് എത്രമേല്‍ നികൃഷ്ടമായ പാപകര്‍മ്മമായി മാറുന്നത് നാം വായിക്കുന്നു. ഗോപാല്‍ ബറുവ അനുഭവിക്കുന്ന ധര്‍മ്മവ്യഥയുടെ തീവ്രത അയാളുടെ പ്രവൃത്തി എത്ര കൊടിയ പാപമായിരുന്നെന്നു നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
സന്തോഷ്‌കുമാറിന്റെ ആഖ്യാനങ്ങളില്‍ ചില വാക്കുകള്‍ താക്കോലുകളായി മാറാറുണ്ട്. മന്ദഗതിയുടെ ഒരു മാനിഫെസ്റ്റോയായി മാറിത്തീരുന്ന 'നാരകങ്ങളുടെ ഉപമ' എന്ന കഥയില്‍ 'പതുക്കെ' എന്ന വാക്ക് പത്തു പ്രാവശ്യമെങ്കിലും പ്രത്യക്ഷപ്പെടുന്നതായി (പതിയെ, സാവധാനം, ധൃതിയില്ലാതെ എന്നീ വാക്കുകളും ഇതോടൊപ്പം പ്രത്യക്ഷപ്പെടുന്നു) ഞാന്‍ എഴുതിയിട്ടുണ്ട്. 'തപോമയിയുടെ അച്ഛ'നില്‍ മഴ, നിഴല്‍ എന്നീ വാക്കുകള്‍ ആവര്‍ത്തിച്ചു വരുന്നത് ആരുടെയും ശ്രദ്ധയില്‍ പെടും. ഗോപാല്‍ ബറുവയുടെ ഉള്ളില്‍ പെയ്യുന്ന പഴയ തോരാമഴയാണ് മഴ എന്ന വാക്കിനെ പിന്നെയും പിന്നെയും ആഖ്യാനത്തിലേക്കു കൊണ്ടുവരുന്നത്. ദ്വീപുനിവാസികളുടെ എല്ലാമെല്ലാം മുങ്ങിപ്പോയ ഒരു തോരാമഴയിലാണ് ഗോപാല്‍ ബറുവയുടെ ധര്‍മ്മബുദ്ധി വെറുങ്ങലിക്കുകയും ഒലിച്ചു പോകുകയും ചെയ്യുന്നു. ദ്വീപില്‍ പെയ്ത തോരാമഴ ഗോപാലിന്റെ മനസ്സിലേക്കു ഒരിക്കലും ശമിക്കാത്ത മഴയായി കുടിയേറുന്നു.
അഭയാര്‍ത്ഥിക്യാമ്പിലെ മനുഷ്യജീവിതങ്ങളെ നിഴലുകള്‍ എന്ന രൂപകം കൊണ്ട് നോവലില്‍ എഴുതിയിരിക്കുന്നു. ലോകയാഥാര്‍ത്ഥ്യത്തിന്റെ ഭാഗമാകാതെ, ഛായ മാത്രമായി മാറിത്തീരുന്നവര്‍. അഭയാര്‍ത്ഥികളുടെ രൂപകമായി ഈ വാക്ക് നോവലില്‍ പല പ്രാവശ്യം ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നുണ്ട്. എല്ലാ അഭയാര്‍ത്ഥികളും നിഴല്‍ പോലെ ഭാരരഹിതരാണെന്ന് ആഖ്യാതാവിനു തോന്നുന്നു. പ്രേതങ്ങളെ പോലെ കുറിയ അഭയാര്‍ത്ഥിമനുഷ്യര്‍ കുടിലുകളില്‍ നിന്നും തല നീട്ടുമ്പോള്‍ അതു മനുഷ്യരല്ല, നിഴലുകളാണെന്ന പ്രതീതിയാണ് അയാള്‍ക്കുണ്ടാകുന്നത്. അരണ്ട വെളിച്ചത്തില്‍ കഴിയുന്നവര്‍. ശ്മശാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു അഭയാര്‍ത്ഥിക്യാമ്പിനെ ചൂണ്ടി, മരിച്ചവരെ അടക്കിയതിനു മുകളില്‍ ജീവിച്ചിരിക്കുന്നവരെ അടക്കിയതായി ആഖ്യാതാവ് പറയുന്നു. അഭയാര്‍ത്ഥികളുടെ ശരീരഭാഷ ഭയമാണ്. ലോകത്തിന്റെ അറിവുകള്‍ അവരെ ഭയപ്പെടുത്തി. ആഖ്യാതാവ് ജഹാന്റെ നേരെ നോക്കുമ്പോള്‍ അയാള്‍ തല കുനിക്കുന്നു, തന്റെ ജീവിതം ഒരു കുറ്റകൃത്യമാണെന്ന പോലെ. സ്വന്തം നാടു വിട്ടുപോരുന്നവര്‍ പാതി മരിച്ചവരാണ്. പാതി മൃതദേഹവും ചുമന്നാണ് ഓരോ അഭയാര്‍ത്ഥിയുടെയും യാത്ര! ചിലര്‍ അത് ജീവിതാവസാനം വരെ തുടരുന്നു. ജഹാന്‍ നാടുവിട്ടു പോന്നവനാണ്. അഭയാര്‍ത്ഥിജീവിതത്തിന്റെ എല്ലാ ദുരിതങ്ങളും അനുഭവിച്ചവന്‍. ജഹാന്‍ തന്റെ രചനകളിലൂടെ സര്‍ഗ്ഗാത്മകതയെ പ്രകടിപ്പിക്കാന്‍ തുടങ്ങുകയും വിവാഹിതനാകുകയും പുതിയ ജീവിതം കരുപ്പിടിപ്പിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോഴേക്കും അഭയാര്‍ത്ഥിക്യാമ്പിനെതിരെ പ്രവര്‍ത്തിക്കുന്ന വിദ്വേഷത്തിന്റെ പ്രചാരകര്‍ അയാളെ കൊന്നുകളയുന്നു. അഭയാര്‍ത്ഥിക്യാമ്പില്‍ നിന്നും തപോമയിയുടെ അച്ഛനെ ശുശ്രൂഷിക്കുന്നതിനായി പര്‍വീണ അവരുടെ വീട്ടിലേക്കു വരുമ്പോഴും ഇടനാഴികളിലൂടെ ഇടയ്ക്കു മാത്രം സഞ്ചരിക്കുന്ന ഒരു നിഴലിനെ മാത്രമേ നാം കാണുന്നുള്ളൂ. തപോമയി പര്‍വീണയെ ഇഷ്ടപ്പെടുന്നതായി അറിയുന്ന ഗോപാല്‍, അവള്‍ ഒരാളല്ലെന്നും ഒരു നിഴല്‍ മാത്രമാണെന്നും നിഴലിനോടൊപ്പം ജീവിക്കുന്നത് ദുഷ്‌ക്കരമാണെന്നും പറയുന്നു. സുമന തന്നോടൊപ്പം ഒരു നിഴലിനെ പോലെയാണ് ജീവിച്ചതെന്ന് ഗോപാലിന് മറ്റൊരിക്കല്‍ ഓര്‍ത്തെടുക്കേണ്ടി വരുന്നുണ്ട്.ഇ സന്തോഷ് കുമാര്‍ | PHOTO: THE MALABAR JOURNAL
സമകാലലോകം നേരിടുന്ന അഭയാര്‍ത്ഥിപ്രശ്നം ആധുനികരാഷ്ട്രങ്ങളുടെ പൗരനിര്‍മ്മിതിയില്‍ കടന്നുകൂടിയ മനുഷ്യത്വവിരുദ്ധതയെ നമ്മുടെ മുന്നിലേക്കു കൊണ്ടുവരുന്നുണ്ട്. ജനാധിപത്യത്തിന്റെ മഹത്ത്വാകാംക്ഷകളില്‍ നിന്നും ഉയിര്‍ കൊണ്ട സ്വപ്നമെന്ന നിലയില്‍ നിന്നിരുന്ന ആധുനികപൗരന്‍ എന്ന സങ്കല്‍പ്പനം ലോപിച്ചു പോയിരിക്കുന്നു. ദേശീയതയുടെയും വംശീയതയുടെയും മതഭ്രാന്തിന്റെയും നീരാളിപ്പിടിത്തത്തില്‍ മനുഷ്യനെ മനുഷ്യനായി കാണുന്നതിനുള്ള ശേഷികളെ ഇല്ലാതാക്കുന്ന ഉപകരണമായി പൗരത്വം പരിവര്‍ത്തിക്കപ്പെടുന്നു. വെറുപ്പിന്റെ ശക്തികള്‍ക്ക് എത്ര മഹത്തായ ജനാധിപത്യമൂല്യത്തേയും മലിനീകരിച്ചു തങ്ങളുടേതാക്കി മാറ്റാന്‍ കഴിയുമെന്ന് സമകാലം പല രൂപേണയും തെളിയിക്കുന്നുണ്ടല്ലോ? പൗരത്വം വ്യക്തിഅവകാശങ്ങളുടെ ഉറപ്പിനെ സൂചിപ്പിക്കുന്നതായി കണക്കാക്കപ്പെടുമ്പോളും അഭയാര്‍ത്ഥിപ്രശ്നങ്ങളുടെ കാചങ്ങളിലൂടെ നോക്കിയാല്‍ ബഹിഷ്‌ക്കരണവും മര്‍ദ്ദനവും നിറഞ്ഞ നിര്‍മ്മിതിയായി അതിനെ കാണാന്‍ കഴിയും. പൗരത്വം നിയമപരമായ ബന്ധമാണ്. അഭയാര്‍ത്ഥികള്‍ പൗരനിര്‍വ്വചനത്തില്‍ നിന്നും പുറത്താക്കപ്പെട്ടിരിക്കുന്നതിനാല്‍ പൗരാവകാശങ്ങളുടെ സ്പെക്ട്രത്തില്‍ നിന്നും അവര്‍ ഒഴിവാക്കപ്പെടുന്നു. അഭയാര്‍ത്ഥികള്‍ക്ക് നിയമപരമായ സുരക്ഷയില്ല. ഇത് മനുഷ്യര്‍ക്കിടയില്‍ പൗരന്മാരും പൗരന്മാരല്ലാത്തവരും, 'അകത്തുള്ളവരും' 'പുറത്തുള്ളവരും' എന്ന കടുത്ത വിഭജനം സൃഷ്ടിക്കുന്നു, മനുഷ്യന്റെ വ്യക്തിത്വവും അന്തസ്സും അവസരങ്ങളും നിഷേധിക്കുന്ന അവസ്ഥയാണിത്. അതിര്‍ത്തി കടന്നുള്ള ക്രമരഹിതമായ പ്രവേശനം ക്രിമിനല്‍ കുറ്റമാക്കുന്ന നിയന്ത്രണങ്ങളും മറ്റും അഭയാര്‍ത്ഥികളെ സംരക്ഷണം ആവശ്യമുള്ളവരെന്ന നിലയ്ക്കല്ല, ഭീഷണികളായിട്ടാണ് കണക്കാക്കുന്നത്. വിഭാഗീയ രാഷ്ട്രീയവ്യവഹാരങ്ങള്‍ അവരെ ഭാരമോ ഭീഷണിയോ ആയി രൂപപ്പെടുത്തുന്നു. അന്താരാഷ്ട്രനിയമം അഭയാര്‍ത്ഥികളെ സംരക്ഷിക്കാന്‍ രാഷ്ട്രങ്ങളെ ബാദ്ധ്യസ്ഥമാക്കുന്നുണ്ടെങ്കിലും ഇന്ത്യയുള്‍പ്പെടെ ചില രാഷ്ട്രങ്ങള്‍ ആ നിയമത്തില്‍ പങ്കുചേരുന്നില്ല.
നിരുപാധികമാകേണ്ട അനുകമ്പ സോപാധികമായി തീരുന്ന ഒരു വ്യവസ്ഥയെ പൗരത്വം സൃഷ്ടിക്കുന്നുണ്ടെന്നു പറയാം. മനുഷ്യരുടെ സാര്‍വത്രിക അവകാശങ്ങളേക്കാള്‍ പൗരന്മാരുടെ അവകാശങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്ന ആഖ്യാനങ്ങളുണ്ടാകുന്നു. അഭയാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ സാര്‍വത്രികമായ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും തമ്മിലുള്ള ചേര്‍ച്ചയില്ലായ്മയെയാണ് തുറന്നുകാട്ടുന്നത്. പൗരത്വത്തെ ദേശീയതയുമായി ബന്ധിപ്പിക്കുന്ന ആഖ്യാനങ്ങള്‍ അന്യമതവിദ്വേഷത്തിലേക്കു നയിക്കപ്പെടുന്നതിന് നമ്മുടെ രാഷ്ട്രം തന്നെ സാക്ഷ്യം പറയുന്നുണ്ടല്ലോ? രാജ്യത്തിനകത്തുള്ള ചില മതവിഭാഗങ്ങളെ സാംസ്‌കാരികമായും സാമൂഹികമായും പാര്‍ശ്വവല്‍ക്കരിക്കുന്ന പ്രവണതയെ ത്വരിപ്പിക്കാന്‍ ഇത് ഉപയോഗിക്കപ്പെടുന്നു. അവരോട് സാംസ്‌കാരികദേശീയതയ്ക്കു കീഴ്പ്പെട്ടു ജീവിക്കണമെന്ന ആഖ്യാനങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നു. മനുഷ്യത്വരഹിതമായ മൂല്യമായി പൗരത്വം മാറുന്നതാണ് നാം ഇവിടെ കാണുന്നത്. സാര്‍വ്വദേശീയമായ ഐക്യദാര്‍ഢ്യത്തേയും മാനവികതയേയും മനുഷ്യസമത്വത്തെ കുറിച്ചുള്ള മഹാസങ്കല്‍പ്പനങ്ങളേയും തകര്‍ക്കുന്ന മൂല്യമായി പൗരത്വം പരിവര്‍ത്തിക്കപ്പെടുന്നു. ഈ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് രാജ്യാതിര്‍ത്തികളേക്കാള്‍ മാനവികതയ്ക്ക് മുന്‍ഗണന നല്‍കുന്ന ഒരു സാര്‍വ്വദേശീയസംവിധാനത്തെ കുറിച്ചുള്ള ചിന്ത ആവശ്യമാണ്. തീര്‍ത്തും നിസ്സഹായരും ഭയത്തില്‍ ജീവിക്കുന്നവരുമായ അഭയാര്‍ത്ഥികളുടെ കുടിലുകളെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമെന്നു പ്രചരിപ്പിക്കുന്നതിനെയും അവിടെ താമസിക്കുന്നവരെ ഭരണകൂടത്തിന്റെ ഉപകരണങ്ങള്‍ തന്നെ സംശയദൃഷ്ടിയോടെ മാത്രം നോക്കുന്നതിനെയും അഭയാര്‍ത്ഥികള്‍ വെറുപ്പിന്റെ പ്രചാരകരാല്‍ നിരന്തരം ആക്രമിക്കപ്പെടുന്നതിനെയും അവരുടെ കുടിലുകള്‍ കത്തിച്ചു നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു നടക്കുന്നതിനെയുമൊക്കെ ഈ നോവല്‍ എഴുതുന്നുണ്ട്. അഭയാര്‍ത്ഥികളായ ജഹാന്റെയും പര്‍വീണയുടെയും ഏറെ യാതനകളും പീഡനങ്ങളും നിറഞ്ഞ അനുഭവങ്ങളുടെയും പലായനത്തിന്റെയും കഥകളും എഴുതപ്പെടുന്നു. അഭയാര്‍ത്ഥി ക്യാമ്പിലെ ഓരോരുത്തര്‍ക്കും ജഹാനോ പര്‍വീണയോ പറയുന്നതിനു സമാനമായ കഥകള്‍ പറയാനുണ്ടാകുമെന്ന് തീര്‍ച്ച.
ജോര്‍ജിയോ അഗംബന്റെ 'ബഹിഷ്‌കൃതാവസ്ഥ' (State of Exception) എന്ന ആശയം അഭയാര്‍ത്ഥികളുടെ പ്രശ്നവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. ബഹിഷ്‌കൃതാവസ്ഥ അസാധാരണമല്ലെന്ന് അഗംബന്‍ സൂചിപ്പിക്കുന്നു. രാഷ്ട്രങ്ങളുടെ ചരിത്രത്തിലേക്കും വംശാവലിയിലേക്കും സഞ്ചരിച്ചു കൊണ്ടാണ് അഗംബന്‍ ഇതു സൂചിപ്പിക്കുന്നത്. റോമന്‍ നിയമത്തിന്റെ ഉത്ഭവം മുതല്‍ ഏറ്റവും പുതിയ വ്യവഹാരങ്ങള്‍ വരെ ഈ ചിന്തകന്‍ ഉദാഹരിക്കുന്നുണ്ട്. ഹിറ്റ്ലറുടെ കാലത്തെ കൊടിയ അരക്ഷിതാവസ്ഥയേയും അപരവല്‍ക്കരണത്തേയും കൂട്ടക്കൊലകളേയും കേവലം അപവാദങ്ങളോ ആപേക്ഷികമായ കാര്യങ്ങളോ ആയി ന്യൂനീകരിച്ചു കാണാന്‍ പാടില്ല. ജപ്പാന്റെ പേള്‍ ഹാര്‍ബര്‍ ബോംബാക്രമണത്തെ തുടര്‍ന്ന് അമേരിക്ക അപരിമിതമായ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും 40,000 ജപ്പാന്‍ പൗരന്മാര്‍ക്കൊപ്പം ജപ്പാന്‍ വംശജരായ 70,000 അമേരിക്കന്‍ പൗരന്മാരെ പുറത്താക്കുകയും ചെയ്തത് അഗംബന്‍ എടുത്തു പറയുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ അപരവല്‍ക്കരണത്തിന്റെ വ്യവസ്ഥ മിക്കപ്പോഴും നിലനിന്നിരുന്നു, അതു തുടരുകയാണ്. ഇപ്പോള്‍, നാസി തടങ്കല്‍പ്പാളയങ്ങളിലെ ജൂതന്മാരുടെ സാഹചര്യം ലോകത്തിന്റെ സാഹചര്യമായി മാറിയിരിക്കുന്നു. ബഹിഷ്‌കൃതാവസ്ഥ ആഗോളതലത്തില്‍ പരമാവധി വ്യാപിച്ചിരിക്കുന്നു. ഹിറ്റ്ലറുടെ നാളുകളില്‍ അപവാദമായി ചിലര്‍ കണ്ടിരുന്നത് ലോകമെങ്ങും ഭരണനയമായി മാറുമ്പോള്‍, ഏതു നിമിഷവും മാരകമായി മാറാവുന്ന ഒരു യന്ത്രമായി രാഷ്ട്രീയവ്യവസ്ഥ മാറുന്നു.
പേള്‍ ഹാര്‍ബര്‍ ബോംബാക്രമണം |PHOTO: WIKI COMMONS
എന്നാല്‍, ഇങ്ങനെ പറയുമ്പോഴും 'ഞാന്‍ ജീവിക്കുന്ന സമൂഹത്തിലെ തീര്‍ത്തും നിരാശാജനകമായ അവസ്ഥ എന്നില്‍ പ്രതീക്ഷ നിറയ്ക്കുന്നു' എന്ന മാര്‍ക്സി്ന്റെ വാക്കുകളെ അഗംബന്‍ ഇഷ്ടത്തോടെ സ്വീകരിക്കുന്നുണ്ട്. മാര്‍ക്സും അഗംബനും പ്രകടിപ്പിക്കുന്നത് നിരുത്തരവാദിത്തപരമായ ശുഭാപ്തിവിശ്വാസമല്ല. അഗംബന്റെ രാഷ്ട്രീയചിന്ത ചലനാത്മകമായ എതിര്‍ക്രമത്തിലേക്കുള്ള മാറ്റത്തില്‍ വിശ്വസിക്കുന്നുണ്ട്. 'നമ്മള്‍ അപകടത്തിലേക്ക് അടുക്കുന്തോറും രക്ഷാകരങ്ങളിലേക്കുള്ള വഴികള്‍ കൂടുതല്‍ പ്രകാശിച്ചു തുടങ്ങു'മെന്ന ഹൈഡഗറുടെ ആശയവും അഗംബനെ ആകര്‍ഷിക്കുന്നു. ഈ ആശയത്തിലേക്കു ഹൈഡഗറെ പ്രചോദിപ്പിച്ചത് ഹോള്‍ഡര്‍ലിന്റെ കവിതയായിരുന്നു. ഉല്‍ക്കണ്ഠയിലും നിരാശയിലും പോലും കുടികൊള്ളുന്ന വൈരുദ്ധ്യാത്മക വിവേകം ഹൈഡഗറില്‍ പ്രതീക്ഷയായി നിലകൊള്ളുന്നു. ആ തിരിച്ചറിവിന്റെ അന്തസ്സ് നഷ്ടപ്പെട്ടതായി പൊതുബോധം കരുതുന്നുവെങ്കിലും ഹൈഡഗറുടെ ചിന്തയില്‍ നഷ്ടപ്പെടാത്ത അന്തസ്സായിരുന്നു അത്. വീടിനു തീപിടിക്കുമ്പോഴാണ്, വീടിനെ നിര്‍മ്മിച്ച വാസ്തുവിദ്യ പ്രധാനമാണെന്നു തോന്നുന്നതെന്ന് അഗംബന്‍ തന്റെ ആദ്യപുസ്തകത്തില്‍ എഴുതുന്നുണ്ട്. കലയുടെ വിധിയുടെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തില്‍, അതിന്റെ യഥാര്‍ത്ഥ പദ്ധതി തെളിയുന്നു. ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികള്‍ ബഹിഷ്‌കൃതാവസ്ഥയെ അഭിമുഖീകരിക്കുന്ന സമകാലത്ത് രാഷ്ട്രീയ ഭവനത്തിനു തീ പിടിച്ചിരിക്കുന്നു. നമ്മുടെ രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ നന്നായി തെളിയുന്നത് ഇപ്പോഴാണ്, ഈ അഗ്‌നിബാധയിലാണ്. അഭയാര്‍ത്ഥികളുടെ പ്രശ്നം ഇന്ത്യയുടെ രാഷ്ട്രീയത്തിനേയും തീ പിടിപ്പിക്കുന്നതാണെന്ന് നമ്മുടെ എഴുത്തുകാരനും തിരിച്ചറിയുന്നുണ്ട്. സന്തോഷിന്റെ നോവലിന്റെ ഭാഷയിലും രൂപത്തിലും അതു നമുക്കു കാണാന്‍ കഴിയും. ആഖ്യാതാവ് തപോമയിയോടൊപ്പം ആദ്യമായി അഭയാര്‍ത്ഥിക്യാമ്പിലേക്കു പോകുന്നതിന്റെ വിവരണങ്ങള്‍ ഇങ്ങനെ വായിക്കാം.
'രണ്ടു വണ്ടികള്‍ നേര്‍ക്കുനേര്‍ വന്നാല്‍ പരസ്പരം നോക്കിനിന്ന് ഉരസാതെ കടന്നുപോകാനാവാത്തത്രയും ഇടുങ്ങിയ മനസ്സുകളിലേക്ക് പാതകള്‍ മെലിഞ്ഞു. ആ പാതയുടെ ഓരത്തുകൂടെയും നടന്നു നീങ്ങുന്ന മനുഷ്യര്‍. മുഷിഞ്ഞു പൊടിപറ്റിയ തെരുവുകളെ തണുപ്പു വന്നു മൂടിയിരിക്കുകയാണെന്നു തോന്നി. ഇടയ്ക്കിടെ എവിടെ നിന്നൊക്കെയോ നദി വന്നു മുന്നില്‍പ്പെട്ടു. തന്നിലേക്കു കയറിക്കയരി വരുന്ന ആവാസ സമുച്ചയങ്ങളെ കണ്ടു പരിഭ്രമിച്ച് ഒഴുകാന്‍ മറന്നുപോയതു മാതിരി കെട്ടിക്കിടക്കുന്ന അതിലെ കാളിമയാര്‍ന്ന ജലം. വാഹനത്തിന്റെ ചില്ലുകള്‍ ഉയര്‍ത്തിവച്ചിട്ടും അപ്പോഴെല്ലാം അളിഞ്ഞ ഗന്ധം അനുഭവപ്പെട്ടിരുന്നു. നദിയിലേക്കിറങ്ങുന്ന തകര്‍ന്ന പടവുകളില്‍ നായ്ക്കള്‍ കൂട്ടുചേര്‍ന്നു നില്‍ക്കുന്നു. കുറേ സമയം നദിയുടെ അതേ കാഴ്ചകള്‍ തുടര്‍ന്നു പോയി. വെളിച്ചം കുറഞ്ഞു വന്നു. നിരത്തുകളുടെ അരികില്‍ ചെറിയ തീക്കുണ്ഡങ്ങള്‍ കൂട്ടി തീ കായുന്ന യാചകര്‍. നിറയെ കീറലുകളുള്ള അവരുടെ കമ്പിളിക്കുപ്പായങ്ങള്‍. മുഷിഞ്ഞ തലപ്പാവുകള്‍, തന്നിലേക്കു തന്നെ ഉള്‍വലിഞ്ഞ് ചിന്താമഗ്‌നനായി നില്‍ക്കുന്ന ഒരു കഴുതയെ കണ്ടു. പാതയുടെ വശങ്ങളിലെ കാഴ്ചകളില്‍ കൂറ്റന്‍ എടുപ്പുകള്‍ മാറി, ചെറിയ കൂരകളായി. അവ തന്നെ ഭീതിയാലെന്നവണ്ണം ആവുന്നത്ര ഭൂമിയിലേക്കു കുനിഞ്ഞു. വണ്ടി തീരെ ഇടുങ്ങിയ ഒരു തെരുവിലേക്ക് എത്തിച്ചേര്‍ന്നപ്പോള്‍ റോഡരികില്‍ കളിച്ചിരുന്ന കുട്ടികള്‍ അതിനു ചുറ്റും ഓടിക്കൂടി.'
തീ പിടിച്ച ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സമകാലസ്ഥിതിയില്‍ നിരാശയും ഉല്‍ക്കണ്ഠയും രേഖപ്പെടുത്തുമ്പോഴും ഈ അശുഭാവസ്ഥയില്‍ കുടികൊള്ളുന്ന വൈരുദ്ധ്യാത്മകതയുടെ വിവേകത്തെ അഗംബനെ പോലെ ഇ. സന്തോഷ്‌കുമാറും ഉള്‍ക്കൊള്ളുന്നു. തപോമയി എന്ന കഥാപാത്രസൃഷ്ടിയില്‍ ലോകത്തെ കുറിച്ചുള്ള വലിയ പ്രതീക്ഷകള്‍ നിറയ്ക്കപ്പെട്ടിട്ടുണ്ട്. ഒരു പക്ഷേ, 'എന്തൊരു കഥാപാത്രമാണിത്?' എന്ന് ഓരോ വായനക്കാരനേയും ആശ്ചര്യപ്പെടുത്തുന്ന നിരവധി ഘടകങ്ങള്‍ തപോമയിയില്‍ കണ്ടെത്താന്‍ കഴിയും. നിഴലുകളായി മാറിത്തീര്‍ന്ന മനുഷ്യരെ പരിചരിക്കാനായി കോര്‍പ്പറേറ്റ് ഓഫീസിലെ തൊഴില്‍ ഉപേക്ഷിക്കുന്ന തപോമയിയുടെ ദൃഢനിശ്ചയവും ഇച്ഛാശക്തിയും വിനയം പോലും അസാമാന്യമാണ്. ഗോപാല്‍ദായ്ക്ക് കൃത്രിമം കാണിക്കാന്‍ കഴിയില്ലെന്നു പറയുന്ന തപസ് സര്‍ക്കാര്‍ ഇങ്ങനെ എഴുതിവയ്ക്കുന്നുണ്ട്. 'അയാളേക്കാള്‍ സത്യസന്ധനായ ആരാണുള്ളത്? അതുകൊണ്ടാണ് ഗോപാല്‍ദായ്ക്ക് തപോമയി എന്നൊരു മകനെ ലഭിച്ചതെന്നാണ് എന്റെ വിചാരം. ഗോപാല്‍ദായേക്കാള്‍ കൂടുതല്‍ നല്ല ആരെങ്കിലും ഭൂമിയിലുണ്ടെങ്കില്‍ അത് അവന്‍ മാത്രമായിരിക്കും.' ഈ വാക്കുകള്‍ വായിക്കുമ്പോള്‍ നല്ല മനുഷ്യര്‍ക്കു വേണ്ടി തിളയ്ക്കുന്ന ഒരു മനസ്സ് ഈ നോവലില്‍ പ്രവര്‍ത്തിക്കുന്നതായി തോന്നുന്നില്ലേ? തപസ് സര്‍ക്കാര്‍ ഗോപാല്‍ദായുടെ സത്യസന്ധതയെ കുറിച്ചു പറയുകയും പിന്നെ തപോമയിയുടെ നന്മയെ പ്രശംസിക്കുകയും ചെയ്യുമ്പോള്‍ നന്മയുടെ കേവലനാട്യങ്ങളെ നിഷേധിക്കുകയും അതിനെ പുനര്‍നിര്‍വ്വചിക്കുകയും ചെയ്യുന്നുണ്ട്. ഗോപാല്‍ ദായുടെ പുരാവസ്തുശേഖരത്തില്‍ നിന്നുള്ള പ്രതിമകളും മറ്റും മോഷ്ടിക്കുന്നത് തപോമയിയാണെന്ന് തപസ് സര്‍ക്കാരിന്നറിയാം. മനുഷ്യരുടെ ജീവിതത്തേക്കാളും, അവരുടെ വിശപ്പിനേക്കാളും വലുതാണോ പുരാവസ്തുക്കളുടെ ശേഖരം എന്ന ചോദ്യത്തിലാണ് തപോമയിയുടെ നന്മ തിളങ്ങുന്നത്. താന്‍ പുരാവസ്തുക്കളെ സ്വകാര്യമ്യൂസിയങ്ങള്‍ക്കു നല്‍കി കുറച്ചു പണം കൈപ്പറ്റുന്നതേയുള്ളുവെന്ന് അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു. പുരാവസ്തുക്കളുടെ സംരക്ഷണം മറ്റൊരു രൂപത്തില്‍ തപോമയി ഉറപ്പു വരുത്തുന്നുണ്ട്. സംസ്‌കാരമൊക്കെ വിശപ്പു മാറിയതിനു ശേഷം ഉണ്ടാകേണ്ട കാര്യമാണെന്ന് അയാള്‍ ആഖ്യാതാവിനോടു പറയുമ്പോള്‍ അയാളുടെ പ്രത്യയശാസ്ത്രദാര്‍ഢ്യവും തെളിയുന്നുണ്ട്. പിന്നീട്, ജഹാന്റെ സാഹിതീയ, കലാപ്രവര്‍ത്തനങ്ങളില്‍ സന്തോഷവാനാകുന്ന തപോമയിയില്‍ ഈ പ്രത്യയശാസ്ത്രം നിര്‍ണ്ണയവാദത്തിലേക്കു നിപതിക്കാതിരിക്കുന്നതും നാം അറിയുന്നു. ഇത്രമേല്‍ ആദര്‍ശപൂരിതമായി നിര്‍മ്മിച്ച ഒരു കഥാപാത്രം സാഹിത്യത്തിന് ആവശ്യമുണ്ടോയെന്ന ചോദ്യം ഉയര്‍ത്തപ്പെടേണ്ടതാണ്. ജീവിതത്തില്‍, രാഷ്ട്രീയത്തില്‍ - തീരുമാനമെടുക്കേണ്ടി വരുന്ന മണ്ഡലങ്ങളിലെല്ലാം അങ്ങേയറ്റത്തെ നിലപാടുകളും തീവ്രതകളും ഒട്ടും ആശാസ്യമല്ല. എന്നാല്‍, അര്‍ത്ഥങ്ങളെ സ്വരൂപിക്കുന്ന വ്യവഹാരങ്ങളില്‍ - തത്ത്വചിന്തയിലും സാഹിത്യത്തിലും - അതിപൂരിതവും തീവ്രവുമായ നിര്‍മ്മിതികള്‍ക്ക് സാംഗത്യമുണ്ട്. വിക്ടര്‍ യൂഗോ സൃഷ്ടിച്ച ബിഷപ്പ് മിറിയലിനെ പോലെ, ഡോസ്റ്റോവ്സ്‌കിയുടെ അലക്സി ഫയദരോവിച്ചിനെ പോലെ ബിമല്‍മിത്രയുടെ ദീപാങ്കുരനെ പോലെയുള്ള കഥാപാത്രങ്ങള്‍ സാഹിത്യത്തിന് ഇനിയും ആവശ്യമുണ്ട്. ലോകത്തിന്റെ വര്‍ദ്ധമാനമാകുന്ന എന്‍ട്രോപ്പിയില്‍, വീണ്ടും വീണ്ടും കറ പുരളുന്ന മനസ്സുകളെ വിമലീകരിക്കാന്‍ തപോമയിമാരെ ആവശ്യമുണ്ട്. സാഹിതീയവ്യവഹാരങ്ങള്‍ റാസ്‌കോള്‍നിക്കോവുമാരെ ആവശ്യപ്പെടുന്നതു പോലെ തന്നെ തപോമയിമാരേയും ആവശ്യപ്പെടുന്നു.
അഗമ്പെൻ | PHOTO: WIKI COMMONS
സംസ്‌കാരമൊക്കെ വിശപ്പു മാറിയതിനു ശേഷം ഉണ്ടാകേണ്ട കാര്യമാണെന്നു തപോമയി ആഖ്യാതാവിനോടു പറയുമ്പോള്‍, മാര്‍ക്സിസത്തിന്റെ സംസ്‌കാര ചരിത്ര വിശകലനങ്ങളിലേക്ക് എത്തിനോക്കുന്ന വാക്കുകളായി അതു മാറുന്നുണ്ട്. കൊസാംബി ഇങ്ങനെ എഴുതുന്നുണ്ട്: 'മനുഷ്യന്‍ ജീവിക്കുന്നത് അപ്പം കൊണ്ടു മാത്രമല്ല...ഭക്ഷ്യോല്‍പ്പാദകര്‍ക്ക് ആവശ്യമായതിലും കവിഞ്ഞ ഭക്ഷണം ലഭിക്കുക എന്നതായിരിക്കണം ഏതു സംസ്‌കാരത്തിന്റെയും അടിത്തറ. മെസോപൊട്ടേമിയയിലെ സിഗുറാത്ത് പോലെ അത്യുന്നത ഗോപുരക്ഷേത്രങ്ങളോ ചൈനയിലെ വന്‍മതിലോ ഈജിപ്തിലെ പിരമിഡുകളോ അംബരചുംബികളായ ആധുനികസൗധങ്ങളോ നിര്‍മ്മിക്കാന്‍ അതതിന്റെ കാലത്ത് അതതിനു അനുഗുണമായ തോതില്‍ ഗണ്യമായ ഭക്ഷ്യമിച്ചം ഉണ്ടായേ മതിയാവൂ.' സംസ്‌കാരം മിച്ചം വന്ന ചോറാണെന്ന ഈ സങ്കല്‍പ്പനത്തില്‍ അടിത്തറയും മേല്‍പ്പുരയും തമ്മിലുള്ള ഏകദിശീയമായ ബന്ധമാണ് മിക്കവാറും സൂചിപ്പിക്കപ്പെടുന്നതെന്ന വിമര്‍ശനമുണ്ടായേക്കാം. അടിത്തറയും മേല്‍പ്പുരയും തമ്മിലുള്ള ബന്ധം ഉഭയദിശീയമാണെന്നും ഉപരിഘടന അടിത്തറയെ സ്വാധീനിക്കുകയോ പരിവര്‍ത്തിപ്പിക്കുകയോ ചെയ്യുന്ന നിരവധി സന്ദര്‍ഭങ്ങള്‍ മനുഷ്യചരിത്രത്തിലുണ്ടെന്നും സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ഇത് ഭവശാസ്ത്രപരമായി അടിത്തറയ്ക്കുള്ള പ്രാഥമ്യത്തെ നിഷേധിക്കുന്നില്ല. അവശേഷഭക്ഷണം ഉല്‍പ്പാദനത്തിന്റെ മിച്ചമെന്ന പോലെ ഭൗതിക സാഹചര്യങ്ങളുടെ പ്രത്യയശാസ്ത്രപരമായ ഉപോല്‍പ്പന്നങ്ങളെയും പ്രതീകവല്‍ക്കരിക്കുന്നുണ്ട്. സംസ്‌കാരം ഉല്‍പ്പാദന രീതികളിലെ ചരിത്രപരമായ മാറ്റങ്ങളാല്‍ സ്വാധീനിക്കപ്പെട്ട ഒരു സഞ്ചിത പ്രക്രിയയാണെന്നു സൂചിപ്പിക്കുന്നുമുണ്ട്. തപോമയിയുടെ വാക്കുകള്‍ മാര്‍ക്സിസ്റ്റ് രീതിശാസ്ത്രത്തിലേക്കു നമ്മെ നയിക്കുന്നുവെന്ന കാര്യം മാനവികമായ എല്ലാ ഇടപെടലുകളും ദൃശ്യവും അദൃശ്യവുമായ നിരവധി വഴികളിലൂടെ മാര്‍ക്സിസവുമായുള്ള ചര്‍ച്ചയിലേക്കു നയിക്കപ്പെടുമെന്നതിന്റെ സൂചനയാണ്. അഭയാര്‍ത്ഥിക്യാമ്പിലെ പ്രശ്നങ്ങളെയും അവിടെ ബന്ധിതരായിക്കുന്നവരുടെ യാതനാപൂര്‍ണ്ണമായ ജീവിതത്തെയും ചൂണ്ടി സംസ്‌കാരമൊക്കെ വിശപ്പു മാറിയതിനു ശേഷം പറയേണ്ട കാര്യമാണെന്നു തപോമയി പറയുമ്പോള്‍ അഭയാര്‍ത്ഥികളായ മനുഷ്യരോടുള്ള അനുകമ്പാപൂരിതവും മാനവികവുമായ ഒരു നിലപാടിനെയാണ് നാം കേള്‍ക്കുന്നത്. ഇന്ത്യയിലെ ഭരണകൂടവും അതിനെ നയിക്കുന്ന രാഷ്ട്രീയവും ഇതിനു വിരുദ്ധമായ ദിശകളില്‍ ചലിച്ചു കൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭത്തിലാണ് തപോമയി എന്ന കഥാപാത്രം സൃഷ്ടിക്കപ്പെടുന്നതും അയാള്‍ ഈ വാക്കുകള്‍ പറയുന്നതും.
ജീവിതനിലവാരവുമായി ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര സൂചകങ്ങളുടെ കാര്യത്തിലും ഇന്ത്യാമഹാരാജ്യം കൂടുതല്‍ കൂടുതല്‍ നീചമായ സ്ഥിതിയിലേക്കു പതിച്ചു കൊണ്ടിരിക്കുമ്പോഴും രാജ്യത്തെ ചൂഴ്ന്നു നില്‍ക്കുന്ന ദാരിദ്ര്യമോ വിലക്കയറ്റമോ തൊഴിലില്ലായ്മയോ സ്ത്രീ സുരക്ഷയോ മാധ്യമസ്വാതന്ത്ര്യമോ പോലുള്ള പ്രശ്നങ്ങളില്‍ തരിമ്പും ശ്രദ്ധിക്കാതെ പ്രതിമകളുടെയും ക്ഷേത്രങ്ങളുടെയും പാര്‍ലമെന്റ് മന്ദിരത്തിന്റെയും മറ്റും നിര്‍മ്മാണത്തിനു കോടികണക്കിനു രൂപ ചെലവഴിക്കുന്ന ഹിന്ദുത്വ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യത്തെ അഭിസംബോധന ചെയ്യാതെ മിത്തുകളെ നിര്‍മ്മിക്കുന്ന പ്രക്രിയയിലാണ് മുഴുകിയിരിക്കുന്നതെന്നു കാണാം. യാഥാര്‍ത്ഥ്യത്തിലുപരി മിത്തുകളെയാണ് നിരക്ഷരരോ വിദ്യാരഹിതരോ ശാസ്ത്രാവബോധം ആര്‍ജ്ജിക്കാത്തവരോ ആയ ജനങ്ങള്‍ ആശ്രയിക്കുന്നതെന്നും അതിനാണ് ദീര്‍ഘകാലം മനുഷ്യമനസ്സുകളെ കീഴ്പ്പെടുത്താന്‍ കഴിയുന്നതെന്നും അറിയുന്ന ഹിന്ദുത്വത്തിന്റെ ഭരണം പാചകവാതകത്തിന്റെ വില കുറയ്ക്കുകയോ പാവപ്പെട്ട ജനങ്ങള്‍ക്ക് ആവശ്യസാധനങ്ങള്‍ക്ക് സബ്സിഡി നല്‍കുകയോ ചെയ്യാതെ ദീര്‍ഘകാലം മനുഷ്യരില്‍ വിശ്വാസമായി നിലകൊണ്ടേക്കാവുന്ന ക്ഷേത്രങ്ങളോ പ്രതിമകളോ നിര്‍മ്മിക്കുന്നു. അത്യന്തം കുടിലമായ ഒരു ബുദ്ധിയാണിത്. ഭരണനടപടികളില്‍ ജനതയോടു കരുണയോ അനുകമ്പയോ പ്രകടിപ്പിക്കാത്തവര്‍ തന്നെയാണ് അഭയാര്‍ത്ഥിക്യാമ്പുകള്‍ക്കു തീയിടുന്നതും പൗരത്വത്തെ മതവിഭാഗീയമായി പുനര്‍നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്നതെന്നും കൂടി കാണണം. സന്തോഷ്‌കുമാറിന്റെ നോവലിന്റെ അടിത്തട്ടില്‍ സമകാല ഇന്ത്യയെ ഭരിക്കുന്നവരുടെ കാരുണ്യരഹിതവും വിദ്വേഷജനകവുമായ രാഷ്ട്രീയത്തോടുള്ള വിയോജിപ്പുകള്‍ കൂടി വായിച്ചെടുക്കാം. ഈ വിയോജിപ്പുകള്‍ നേരിട്ടു പറയുന്ന സന്ദര്‍ഭങ്ങള്‍ നോവലിലുണ്ട് എന്ന നിലയ്ക്കല്ല, നോവലിന്റെ പ്രമേയവും ദര്‍ശനവും ബാഹ്യയാഥാര്‍ത്ഥ്യത്തോടു കൂടിച്ചേര്‍ന്ന് ഈ അര്‍ത്ഥങ്ങളെ നിര്‍മ്മിച്ചെടുക്കുന്നുണ്ട്. ഒരു കലാവസ്തു പ്രവര്‍ത്തിക്കുന്ന രീതിയില്‍ തന്നെ.
ഇ. സന്തോഷ്‌കുമാര്‍ ഇതുവരെ എഴുതിയ നോവലുകളില്‍ സ്ത്രീകഥാപാത്രങ്ങള്‍ ആഖ്യാനത്തിന്റെ കര്‍ത്തൃത്വപദവിയിലേക്കു വരുന്നത് 'വാക്കുകള്‍'എന്ന കൃതിയില്‍ മാത്രമാണ്. റോസിലിന്റെ അബോധത്തില്‍ നിറഞ്ഞിരിക്കുന്ന കുറ്റബോധം ചലച്ചിത്രങ്ങളിലെ നായികമാര്‍ക്ക് ശബ്ദം നല്‍കിയിരുന്ന അവളെ മൗനിയാക്കുന്ന കഥയാണ് ആ നോവലില്‍ നാം വായിച്ചത്. നമ്മുടെ സമൂഹത്തിലെ സ്ത്രീപുരുഷബന്ധങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിഷ്ഠൂരമായ പുരുഷാധികാരത്തെ രമണി, ശകുന്തള എന്നീ സ്ത്രീ കഥാപാത്രങ്ങളുടെ അനുഭവചിത്രണങ്ങളിലൂടെ 'അന്ധകാരനഴി'യില്‍ നോവലിസ്റ്റ് വരച്ചിട്ടിരുന്നു. 'തപോമയിയുടെ അച്ഛനി'ലെ സ്ത്രീകഥാപാത്രങ്ങള്‍ കഥാഘടനയില്‍ നേതൃപദവിയിലുള്ളവരല്ല. ജീവിതത്തില്‍ അവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ്, അഭയാര്‍ത്ഥിനികള്‍. പര്‍വീണ നിരന്തരം ആക്രമണങ്ങള്‍ക്കു വിധേയയായി. ചിരിക്കാന്‍ കഴിയുമെന്നു ഇനിയും തെളിയിക്കപ്പെടേണ്ടവളെന്ന് പര്‍വീണയെ കുറിച്ച് തപോമയി പറയുന്നുണ്ട്. നിഴല്‍ ജീവിതം നയിക്കുമ്പോഴും അവള്‍ വഹിക്കുന്ന ആത്മശക്തിയെ വായനക്കാര്‍ സ്പര്‍ശനം കൊണ്ടെന്ന പോലെ അറിയുന്നുണ്ട്. സുമന സ്വന്തം മകനു പോലും വായിക്കാനാവാത്ത ആദിമമായ ഒരു ഭാഷയായിരുന്നു. 'ആ ഇരുട്ടിന്റെ മനുഷ്യരുടെ ഛായ കുഞ്ഞില്‍ കാണുമെന്ന് നീ സംശയിച്ചു. സത്യത്തില്‍ അവന് സ്വന്തം ഛായയായിരുന്നെങ്കില്‍ നീ കൂടുതല്‍ ലജ്ജിക്കണമായിരുന്നു, ഗോപാല്‍' വലിയ നിസംഗതയോടെ സ്വയം സൃഷ്ടിച്ച ഏകാന്തതയില്‍ മൗനം വരിച്ചിരിക്കുന്ന സുമനയില്‍ നിറഞ്ഞു കത്തിക്കൊണ്ടിരുന്ന അഗ്‌നികുണ്ഡം ഈ വാക്കുകളിലൂടെ ബഹിര്‍ഗമിക്കുമ്പോള്‍ ആരും നടുങ്ങുന്നുണ്ടാവും. പിന്നെ, സുമന ജനാലയിലൂടെ കാര്‍ക്കിച്ചു തുപ്പുമ്പോള്‍ അവള്‍ തന്റെ ജീവിതത്തെ പുറത്തുകളയുകയാണെന്ന് ഗോപാലിനു തോന്നുന്നുണ്ട്. സുമനയും പര്‍വീണയും മലയാളത്തിലെ നോവല്‍ വായനക്കാര്‍ ഭാവിയിലേക്ക് ഓര്‍ത്തുവയ്ക്കുന്ന കഥാപാത്രങ്ങളായിരിക്കും.
REPRESENTATIVE IMAGE | WIKI COMMONS
വായനക്കാരെ വിചാരങ്ങള്‍ക്കും വീണ്ടുവിചാരങ്ങള്‍ക്കും പ്രേരിപ്പിക്കുന്ന ചില വാക്യങ്ങളെ ഈ നോവലില്‍ നിന്നും കണ്ടെടുക്കാം.
'ലോകത്ത് വലിയ ബുദ്ധിമാന്മാര്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇപ്പോള്‍ മടയന്മാരുടെ ഒരു സൈന്യം തന്നെ ആവശ്യമുണ്ട്.'
'ആര്‍ക്കും വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ഒരു ദുരൂഹഭാഷ സംവിധാനം ചെയ്യുന്നതെന്തിനാണ്? അങ്ങനെയാണെങ്കില്‍ ഭാഷയുടെ തന്നെ ആവശ്യമുണ്ടോ?'
'ഉടുപ്പുകള്‍ നഗ്‌നത മറയ്ക്കുന്നതു പോലെ പെരുമാറ്റം കൊണ്ടും നിശബ്ദതകള്‍ കൊണ്ടും ആളുകള്‍ തങ്ങളുടെ ആന്തരികജീവിതം മറച്ചുവെയ്ക്കുന്നു.'
'വിശപ്പു തീര്‍ക്കാനല്ലാതുള്ള കൊലകളാണ് കൂടുതല്‍ ഭീതിദം.'
'..ജീവിതം എന്നതു തന്നെ ഒരു നീണ്ട രോഗാവസ്ഥയാണ്. അതിന് ഒരു പരിഹാരമേയുള്ളൂ. മരണം. മരണത്തിലൂടെ സര്‍വ്വരോഗങ്ങളും ഭേദമാകുന്നു. അതുകൊണ്ട് ശരിയായ വൈദ്യന്‍ മരണമാകുന്നു.'
'ഇനിയൊരു മഹായുദ്ധമുണ്ടാവുകയാണെങ്കില്‍ വിവരങ്ങളാവും അണബോംബുകളേക്കാളും മാരകമാവുക. ഡാറ്റ, സന്ദേശങ്ങള്‍, അറിവുകള്‍'
'സാധുക്കളായ മനുഷ്യരെ ബുദ്ധിമുട്ടിക്കാനുള്ള അവകാശത്തെയാണ് നാം പലപ്പോഴും അധികാരമെന്നു വിളിക്കുന്നതെന്നു തോന്നും,'
'മനുഷ്യരെ മനുഷ്യരാക്കി മാറ്റിനിര്‍ത്തുന്നത് തലച്ചോറല്ല, ഹൃദയമാണെന്നു ഞാന്‍ വിശ്വസിക്കുന്നു.'
'കോര്‍പ്പറേറ്റുകള്‍ സര്‍ഗാത്മകതയെ കൊന്നുകളയുന്നു.'
'അച്ഛനാണ് എന്റെ വാക്കുകള്‍ നിര്‍മ്മിച്ചത്. അവയുടെ വളവുകള്‍ നീര്‍ത്തി, നേര്‍വരയിലാക്കി. ഒന്നോര്‍ത്താല്‍ മനുഷ്യര്‍ നിവര്‍ന്നു നില്‍ക്കുന്നത് ഭാഷയിലൂടെയാണ്, അല്ലേ?'
'സ്വന്തം മനസാക്ഷിയോടു പോലും നമ്മള്‍ പലതും ഒളിക്കുന്നു. ഇങ്ങനെ പറയാനാവാതെ കെട്ടിക്കിടക്കുന്ന കാര്യങ്ങളാണ് നിത്യദുരിതത്തിലേക്കു നയിക്കുന്നത്.'
തപോമയി എന്ന കഥാപാത്രം പ്രസരിപ്പിക്കുന്ന ഉന്നതമായ സ്നേഹവും മാനവികതയും വായനക്കാരനെ ഏറെ ആകര്‍ഷിക്കുന്നതാണെന്നു ഇനി പ്രത്യേകിച്ചു പറയേണ്ടതില്ല. അഭയാര്‍ത്ഥിപ്രശ്നം മനുഷ്യരാശിക്ക് ഏല്‍പ്പിക്കുന്ന വലിയ പരിക്കുകളെയും ധര്‍മ്മവ്യഥകളില്‍ പെട്ട് ഉഴലുന്ന കഥാപാത്രങ്ങളെയും അതിഗാഢതയില്‍ സന്നിവേശിപ്പിച്ചിരിക്കുന്ന ഒരു നോവലില്‍ തപോമയിയെ പോലെ പ്രസന്നമായ ഒരു കഥാപാത്രം എങ്ങനെയാണ് ഉരുവം കൊള്ളുന്നത്? അഗംബന്റെ വൈരുദ്ധ്യാത്മകചിന്ത ഈ നോവലിന്റെ വികലനത്തില്‍ പ്രസക്തമാകുന്നത് ഇവിടെയാണ്. പ്രതിസന്ധിയുടെ ഘട്ടങ്ങള്‍ കുഴപ്പങ്ങളുടെയും നിരാശയുടെയും നിമിഷങ്ങള്‍ മാത്രമല്ല, ദമിതമായിരിക്കുന്ന സാദ്ധ്യതകളെ വിവൃതമാക്കുന്നവ കൂടിയാണ്. ഋണാത്മകമെന്നു കരുതുന്ന അവസ്ഥകളില്‍ പോലും അന്തര്‍ലീനമായിരിക്കുന്ന വൈരുദ്ധ്യത്തിന്റെ ശക്തികള്‍ക്ക് ആ അവസ്ഥകളെ വിപരീതത്തിലേക്കു നയിക്കാന്‍ കഴിയുമെന്ന് അഗംബന്‍ പറയുന്നു. പ്രതിസന്ധിയെ അന്ത്യവിധിയായി കാണാതെ പരിവര്‍ത്തനത്തിന്റെ നിമിഷമായി കാണാന്‍ അഗംബന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഇ. സന്തോഷ്‌കുമാര്‍ തപോമയിയെ നിര്‍മ്മിക്കുന്നതും ഇങ്ങനെ തന്നെ! പ്രത്യാശകളില്ലാത്ത അവസ്ഥയില്‍ പോലും സമൂലമായി വ്യത്യസ്തമായിക്കൊണ്ട് സൃഷ്ടിപരതയുള്ളതായി മാറാന്‍ കഴിയുമെന്ന് തപോമയി എന്ന കഥാപാത്രത്തിന്റെ നിര്‍മ്മിതി സൂചിപ്പിക്കുന്നു. ചരിത്രപരമായ പദവിയില്‍ നിന്ന് പുറത്തുകടക്കാനുള്ള മനുഷ്യന്റെ കഴിവില്ലായ്മയെ മാറ്റിമറിക്കുന്നതില്‍ നോവലിന്റെ കല വീണ്ടും വിജയിക്കുന്നു.
അവലംബം:
1. ഇ സന്തോഷ്‌കുമാര്‍, തപോമയിയുടെ അച്ഛന്‍: ഡിസി ബുക്സ്, കോട്ടയം, 2024
2. Giorgio Agamben, State of Exception: Translated by Kevin Attell. Chicago University Press, 2005
3. Giorgio Agamben,The man without content: Standford University Press, USA, 1999
4. Giorgio Agamben, Idea of Prose: State University of NewYork Press, USA


