ജൈവഘടികാരത്തിലെ ഉള്‍വിളി
അങ്ങനെ ഇ. ഉണ്ണികൃഷ്ണന്‍ എന്ന പക്ഷിയും മുത്തുപിള്ള എന്ന മനുഷ്യനും ഒപ്പം ഏട്ടന്‍കിളി ബാബുഭരദ്വാജും കുട്ടിക്കുരങ്ങന് സ്വന്തം കുഞ്ഞിനെന്നപോലെ ചോറുവാരി കൊടുക്കുന്ന മാണിക്കമ്മയും സലിം അലിയും ഇന്ദു ചൂഡനും ലയാര്‍ഡ് എന്ന പക്ഷിശാസ്ത്രജ്ഞനും ഈ ഉഷ്ണതരംഗത്തിനൊപ്പം എന്റെ വായനാമുറിയില്‍ പറന്നെത്തി.
മുത്തുപിള്ള ലഘു ഉപന്യാസമോ ഫോട്ടോ ഫിക്ഷനോ കഥയോ, നോവല്‍ തന്നെയോ എന്ന സന്ദേഹത്തിന്റെ പെരുന്തച്ഛന്‍കിണറിന്റെ വക്കിലിരുന്നാണ് ഒരു പക്ഷി, പക്ഷിശാസ്ത്ര പുസ്തകം തിരുത്തിയെഴുതുന്നത് എന്ന് വ്യക്തം.
കാടുകാണാതെ മരങ്ങള്‍ മാത്രം കാണുന്ന സൂക്ഷ്മത്തിനപ്പുറം പോകാത്ത സ്ഥൂല ശരീരികളുടെ ജീവിതശീലങ്ങള്‍ക്കിടയില്‍, ഹിംസാഭരിതമായ പഠനരീതികളുടെ ക്രൂരസമീപനങ്ങള്‍
അപകടത്തിലെത്തിക്കുന്ന നമ്മെ നേരിന്റെ ആകാശവഴികളില്‍ കൊണ്ടുവന്ന് നിര്‍ത്തുന്നു മുത്തുപിള്ള.
പ്രകൃതി പഠനവും ഫോക്ലോറും ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റ് ജ്ഞാനവിഭാഗങ്ങളും തലങ്ങും വിലങ്ങും കൊയ്തുകഴിഞ്ഞ പാടമാണ്. അവിടെ ഉതിര്‍ന്നുവീണ കതിരുകള്‍ കൊത്തിപ്പെറുക്കിയെടുത്ത് സ്വരുക്കൂട്ടിയെടുക്കുന്ന കരുതലാണ് നമ്മുടെ അതിജീവനത്തിന് ജീവശ്വാസമാകുന്നത്. ഈ അറിവും തിരിച്ചറിവുമാണ് മുത്തുപിള്ളയുടെ ജൈവികമായ ഉള്‍വിളി.
മുത്തുപിള്ള- തീര്‍ത്തും വിചിത്രവും മനുഷ്യസഹജവുമായ ഒരു പേര്. 'മസ്‌കിക്കാപ്പ മുത്തു' എന്നാണ് മുത്തുപിള്ളയുടെ ശാസ്ത്രനാമം. എരുതൊച്ച പഠിക്കാന്‍ പോയി വാല്‍ ചിതലിന് കൊടുത്ത കാരോടന്‍ ചാത്തന്റെ കൂട്ട് കണ്ണ് വായിച്ച് വായിച്ച് പൊള്ളക്കണ്ണനായി മാറിയ ഒരു കുഞ്ഞുപക്ഷിയാണ് ഈ മുത്ത്. ഭയങ്ങളുടെ ലോകത്ത് നിര്‍ഭയത്വം ശീലിച്ച പക്ഷി. ആണവ പരീക്ഷണങ്ങളും കാട്ടുതീയും പോലുള്ള ഉന്മൂലന കലാപരിപാടികളെയെല്ലാം അതിജീവിച്ച് പറക്കാനും ജീവിക്കാനും കഴിഞ്ഞ ഒരു പക്ഷി തന്റെ ആദിജീവിതം തൊട്ട് വര്‍ത്തമാനകാല സംഭവവികാസങ്ങളെ വരെ വിഹഗ വീക്ഷണത്താല്‍ നമ്മുടെ മുമ്പില്‍ അനാവൃതമാക്കുന്നു.
REPRESENTATIVE IMAGE | FACEBOOK
പൂര്‍വ്വാചലത്തിന് വടക്ക് കിഴക്ക് പ്രദേശങ്ങളില്‍ നിന്നും മുത്തുപിള്ള പക്ഷികള്‍ മഞ്ഞുകാല ദേശാടനത്തിനായി എത്തുന്നു. ആഴ്ചകളോ, മാസങ്ങളോ നീളുന്ന ദേശാടന യാത്രയില്‍ പക്ഷികള്‍ നിലത്തിരിക്കലും ആഹാരം തേടലും അപൂര്‍വ്വം. പറക്കുക, പറക്കുക... ദേശസൗന്ദര്യങ്ങളെ ആവോളം നുകരുക...
തുലാപ്പത്തിന് തെയ്യക്കാവുകള്‍ ഉണരുമ്പോള്‍ സൈബീരിയയില്‍ നിന്നും യൂറേഷ്യയില്‍ നിന്നും ചീനയില്‍ നിന്നും പറന്നെത്തി ഒറ്റയ്‌ക്കോരോ അഭയത്തുരുത്തുകളില്‍ ഇരതേടി ജീവിക്കുന്ന മുത്തുപിള്ളകള്‍. ഇവിടുത്തെ കളത്തിലരിയും, പാട്ടും തെയ്യവും, മീനപ്പൂരമെന്ന വസന്തോത്സവവും ഒക്കെ മുത്തുപിള്ളയുടെയും ജീവിതത്തിന്റെ ഭാഗമാണ് ; വെടിക്കെട്ടൊഴികെ.
ഓണക്കാലമാണ് ഇവരുടെ ഇങ്ങോട്ടുള്ള യാത്രയുടെ തയ്യാറെടുപ്പ് കാലം. അക്കാലത്ത് കഴിച്ച പ്രാണിക്കൊഴുപ്പുകളുടെ ഊക്കിലാണ് ആയിരക്കണക്കിന് കാതങ്ങള്‍ മുത്തുപിള്ള എന്ന ചെറുവിമാനം ഇന്ധനം നിറക്കാതെ പറന്ന് വരുന്നത്.
ബാഹ്യവിവരണങ്ങള്‍ക്കപ്പുറം മുത്തുപിള്ളയുടെ പേരിന്റെ ഉല്‍പത്തിയും ജാതിയെന്ന ജീവശാസ്ത്ര പരികല്പനയും ലക്ഷോപലക്ഷം വര്‍ഷമായി തുടരുന്ന ജീവല്‍ പ്രയാണത്തിന്റെ റൂട്ട് മാപ്പുകളില്‍ മനുഷ്യന്റെ തീര്‍പ്പുകള്‍ വരുത്തിവയ്ക്കുന്ന വഴിത്തിരിവുകളുടെ കാരണമന്വേഷിക്കുന്ന പക്ഷി / മനുഷ്യരാഷ്ട്രീയവും ഉള്ളൊഴുക്കായി പടരുന്നു ഈ കൃതിയില്‍. നമ്മുടെ അറിവും ബോധ്യവും ഊഹങ്ങളും ഇവിടെ തൂവല്‍ കൊഴിക്കുന്നു. അസ്തമിക്കാറായ സൂര്യന്‍ പെട്ടെന്ന് തിരിച്ചുദിച്ച് പ്രകാശം പരത്തുന്നതുപോലെ പക്ഷി ദിനസരിയുടെ സമഗ്രത നിഗൂഢമായ ചിരിപോലെ ചിറക് വിടര്‍ത്തുന്നു.
ചിറകറ്റാല്‍ പക്ഷികളും മനുഷ്യരാകും എന്ന നിരീക്ഷണം സമകാല ആകുലതകളെ കൊത്തിക്കുടഞ്ഞ് പുറത്തെടുക്കുന്നു. രാജ്യവും പൗരത്വവും നഷ്ടപ്പെട്ട ആയിരക്കണക്കിന് റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ വംശഹത്യയില്‍ നിന്നും രക്ഷതേടി ഒടിഞ്ഞ ചിറകുമായി കൂട്ട് നഷ്ടപ്പെട്ട പക്ഷികളെ പോലെ പറന്ന് നീങ്ങുന്നത് വിവരിക്കുമ്പോള്‍ അനിശ്ചിത ജീവിതങ്ങളുടെ നിലവിളികള്‍ തൊണ്ടയില്‍ വാക്കുകളില്ലാതെ കുരുങ്ങിക്കിടക്കും. പ്രജനനത്തിന്റെ ഉള്‍വിളികളാല്‍ കൂട് തേടുന്ന കിളികള്‍ കരിഞ്ഞ മരക്കൊമ്പുകളില്‍ നിന്ന് നെടുവീര്‍പ്പിന്റെ ഭാണ്ഡക്കെട്ടുകളുമായി അന്യദേശങ്ങളിലേക്ക് അഭയാര്‍ത്ഥി മനുഷ്യരെപോലെ നീങ്ങുന്ന കാഴ്ച ഭൂമിയുടെയും ആകാശത്തിന്റെയും അവസ്ഥാന്തരങ്ങളുടെ ഞെട്ടിപ്പിക്കുന്ന ചിത്രമാണ്. പുതുകാലത്തിന്റെ രാഷ്ട്രീയ നിര്‍ദയത്വത്തെ നിശിത ഭാഷയില്‍ ഇവിടെ ചിക്കി പുറത്തിടുന്നു.
ഇ. ഉണ്ണികൃഷ്ണന്‍ | PHOTO: PRASOON KIRAN
മുത്തുപിള്ള ഈശ്വരവിശ്വാസിയേയല്ല എന്നത് ഇക്കാലത്തെ ഏറ്റവും ആപത്കരമായ പ്രസ്താവനയാണ്. വിശ്വാസവും അധികാരവും അതിന്റെ തൂവല്‍ പരസ്പരം വെച്ച്മാറുമ്പോള്‍ ആ ഇണചേരലിന്റെ അപ്രമാദിത്വം അതിനോട് ചേര്‍ന്നുനില്‍ക്കാത്ത എല്ലാറ്റിനേയും വംശനാശത്തിലേക്ക് അരിഞ്ഞുവീഴ്ത്തുമ്പോള്‍ മുത്തുപിള്ളേ നീ നിന്റെ ചിറകുകളെപ്പറ്റി, സ്വാതന്ത്ര്യത്തെപ്പറ്റി ആശങ്കപ്പെടേണ്ടതുണ്ട്.
മുത്തുപിള്ള പുനര്‍ജന്മത്തിലും വിശ്വസിക്കുന്നില്ലല്ലോ. പൂര്‍വികര്‍ നല്‍കിയ അശരീരികളും രൂപ വര്‍ജിതങ്ങളുമായ അനുഭവപാഠങ്ങളാണ് തന്നെ ജീവിപ്പിച്ചത് എന്ന മുത്തുപിള്ളയുടെ ഊറ്റം ഈശ്വരീയമായ ഉല്‍പത്തി ബോധത്തെ നിഷ്‌ക്കരുണം തള്ളിക്കളയുന്നു.
അതോടെ ഇവിടുത്തെ ഗവേഷണ പൊള്ളത്തരങ്ങളും മറനീക്കി പുറത്തുവരുന്നു. ഒരു വിഷയം പഠിക്കുമ്പോള്‍ അത് സംബന്ധിച്ച് അതുവരെ എഴുതപ്പെട്ട ഇതര പാഠങ്ങള്‍ കാണാന്‍ ശ്രമിക്കാതെ, കണ്ടാലും കടപ്പാട് രേഖപ്പെടുത്താതെ കൈ നനയാതെ, എന്നാല്‍ പുതുതായി വലിയ കാര്യം കണ്ടെത്തിയെന്ന്് വലിയ വാര്‍ത്തകളായി ആഘോഷിക്കുന്നതരം ഗവേഷണ പാഠങ്ങളെ മുത്തുപിള്ള തന്നെ കൊത്തിയെടുത്ത് ചവറുകൊട്ടയിലേക്ക് നിക്ഷേപിക്കുന്നു.
ഉയരാത്ത ശിരസ്സിന്റെ പേരാണ് ജാതി. ഈ തലതാഴ്ത്തി നടക്കല്‍ പക്ഷികളും അനുഭവിക്കുന്നുണ്ട്. അവര്‍ക്കും ജാതിപേരുണ്ട്. അവിടെ പറയിയും ബ്രാഹ്‌മിണിയുമുണ്ട്. കൃഷ്ണപരുന്ത് ബ്രാഹ്‌മിണി കൈറ്റാണ്. ഇരുണ്ട നിറമുള്ള ചക്കിപ്പരുന്ത് പറയിക്കൈറ്റും. ലക്ഷണ അവലക്ഷണങ്ങള്‍ വഹിച്ചുകൊണ്ട് അവരും അധഃകൃതജന്മം ജീവിക്കുന്നു...
മുത്തുപിള്ളയുടെ പേരിലും ജാതി പ്രത്യക്ഷമായി നില്‍ക്കുന്നുണ്ടല്ലോ. പക്ഷേ, ഇവിടെ ജാതിതിരഞ്ഞ് എഴുത്തുകാരന്‍ പോകുന്നത് മറ്റൊരു അര്‍ത്ഥ തലത്തിലേക്കാണ്. ഇവിടെ ജാതി സ്പീഷിസ് ആണ്. ജീവ ജാതിയെ അതിന്റെ സ്പെസിഫിക് നെയ്മില്‍ അറിയാനാണ് ടാക്സോണമി. ആ അര്‍ത്ഥത്തില്‍ ഇതിന്റെ അന്വേഷണം ഉണ്ണികൃഷ്ണന്‍ വോറൊരു വഴിക്ക് തിരിച്ചുവിടുന്നു. മുത്തുപിള്ളയുടെ പേരിന്റെ അര്‍ദ്ധഭാഗം ലയാര്‍ഡ് എന്ന പ്രകൃതിശാസ്ത്രജ്ഞനിലും, മറ്റേപകുതി ഭൂതകാലത്തിന്റെ ഇരുണ്ട ജാതികുഴല്‍ ശരീരത്തിലേക്കെത്തി അവിടെ നിന്ന് അതിനെ മോചിപ്പിക്കലുമായി മാറുന്നു.
ഇതിനിടയില്‍ കാഞ്ഞാം പോത്ത് പോലുള്ള മറ്റ് ജീവികളുടെ വംശചരിത്രവും കടന്നുവരുന്നു. മനുഷ്യന്റെ ഉല്‍പത്തിയോടെ മനുഷ്യ കേന്ദ്രീകൃതമല്ലാത്ത ഒരു പ്രാപഞ്ചികാന്വേഷണത്തിന്റെ ഫയല്‍ അടച്ചുവെച്ചതെങ്ങനെയാണെന്ന് കാഞ്ഞാന്‍ പോത്ത് വിവരിക്കുന്നു. അവര്‍ക്ക് മുമ്പില്‍ കരയില്ല. കടലിനെ ഉള്‍ക്കൊള്ളുന്ന വലിയ പാത്രത്തിന്റെ വക്കുമാത്രമാണത്. പലകോടി സൂക്ഷ്മജീവികള്‍ക്കൊടുവില്‍ ബഹുകോശ ജീവികളുടെ സങ്കീര്‍ണ്ണ ശരീരങ്ങളാല്‍ ഉരുവപ്പെട്ട വംശചരിത്രങ്ങളുടെ സത്യപുസ്തകമാണ് ഇവിടെ തുറക്കപ്പെട്ടത്. അങ്ങനെ നാനാതുറകളിലേക്ക്, ചരിത്ര വസ്തുതകളിലേക്ക്, പ്രകൃതി ചരിത്രത്തിലേക്ക്, യുക്തി ഭദ്രതയിലേക്ക്, ഭാവനയുടെ നിറശോഭയിലേക്ക് ആഖ്യാനത്തെ പടര്‍ത്തുന്നു.
REPRESENTATIVE IMAGE | FACEBOOK
വിശാലമായ വനത്തിന്റെ തീവ്ര സഞ്ചാരത്തേക്കാള്‍ പരിചിത മേഖലയിലെ സൂക്ഷ്മനിരീക്ഷണം പ്രകൃതിയുമായി ചേര്‍ന്നവന് അനിവാര്യമാണെന്ന് ത്രികാല ജ്ഞാനിയായ മുത്തുപിള്ളയുടെ 'പക്ഷിരാഷ്ട്രീയകഥയുടെ വേറിട്ട ആഖ്യാനം നമ്മെ ഓര്‍മിപ്പിക്കുന്നു. ഭൂമിയെ ഇപ്പോഴും വാസയോഗ്യമാക്കുന്ന മാണിക്കയമ്മയെപോലുള്ള ചെറുജീവിതങ്ങളെക്കുറിച്ചുള്ള ഉപാഖ്യാനങ്ങള്‍ കൂടിച്ചേര്‍ന്നാണ് കല്പനയും യാഥാര്‍ത്ഥ്യവും വേര്‍തിരിച്ചറിയാനാവാത്തവിധം മുത്തുപിള്ളയെന്ന കല്പിതകഥ രേഖപ്പെടുത്തപ്പെടുന്നത്. ചിലയിടങ്ങളില്‍ ബോധപൂര്‍വമുപയോഗിച്ച ദീര്‍ഘവാക്യങ്ങളുടെ ശൈലീകൃത സ്വഭാവത്തില്‍ നിന്നും അയത്‌നലളിതമായാണ് ലളിതവും സ്വാഭാവികവുമായ ആഖ്യാനത്തിലേക്ക് സംക്രമിക്കുന്നത്. ഭാഷയാല്‍ പ്രകൃതിയെ അടയാളപ്പെടുത്തവേ തന്നെ പ്രകൃതി അതിന്റെ ആഖ്യാനത്തിനായി ഒരു പക്ഷിഭാഷ രൂപപ്പെടുത്തിയെടുക്കുന്നു എന്ന പാരസ്പര്യം ഈ കൃതി മുമ്പോട്ടുവെക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രകൃതിസ്‌നേഹികളെയും സാഹിത്യ പ്രേമികളെയും
മുത്തുപിള്ള എന്ന കുഞ്ഞുപക്ഷി തനിക്കൊപ്പം ലോകസഞ്ചാരത്തിന് ക്ഷണിക്കുന്നു.