
ഗൂഢലിപിയുടെ വ്യവഹാരങ്ങൾ, പലായനത്തിന്റെയും
മനുഷ്യജീവിതം എത്രമാത്രം സങ്കീർണ്ണമാണോ അത്രമാത്രം ദുരൂഹവുമാണ്. ഒരാൾ മനസ്സിൽ ഒളിപ്പിച്ച വികാരങ്ങളെ, അത് സന്തോഷമോ, സന്താപമോ ആകട്ടെ പൂർണ്ണമായി വായിച്ചെടുക്കാനുള്ള ഭാഷ ഇന്നും അപ്രാപ്യമാണ്. മാനുഷിക ബന്ധങ്ങൾക്ക് വില കൊടുക്കാത്ത കാലത്ത് ഹൃദയബന്ധങ്ങളെക്കുറിച്ചും തീവ്രസ്നേഹത്തെക്കുറിച്ചും പറയാനും എഴുതാനും കഴിയുക ബന്ധങ്ങൾക്ക് അത്രമാത്രം വില കൽപ്പിക്കുന്നവർക്കാണ്.
ഏത് രാജ്യത്തായാലും ഏത് പരിതസ്ഥിതിയിലായാലും മനുഷ്യമനസ്സിലെ വേദനകൾക്കും ഏകാന്തതയ്ക്കും ഒരേ ഛായയാണ്. ദുഃഖങ്ങളെല്ലാം ഉള്ളിലൊതുക്കി ഒരു നേർത്ത ചാറ്റൽ മഴയിലോ നിയോൺ ബൾബിന്റെ മങ്ങിയ വെളിച്ചത്തിലോ അവർ അഭയം പ്രാപിക്കും. കേൾക്കാനാളില്ലാതെ എത്രമാത്രം സങ്കടങ്ങളാണ് ശ്വാസംമുട്ടി മരിച്ചിട്ടുണ്ടാവുക. വ്യത്യസ്തരായ ചില മനുഷ്യർ തങ്ങളുടെ ഹൃദയ രഹസ്യം മറ്റാരുമറിയരുത് എന്ന ദൃഢനിശ്ചയത്തോടെ ഏതെങ്കിലും ഗൂഢഭാഷയിൽ (ലിപി ) എഴുതി വയ്ക്കുകയും ചെയ്യും. തനിക്ക് മാത്രം വായിക്കാവുന്ന ലിപി. തന്റെ രഹസ്യങ്ങളെല്ലാം അങ്ങനെ വരികൾക്കുള്ളിലാക്കി അവർ ആത്മരതിയടയും.
ലോകം മുന്നേറുന്നതനുസരിച്ചു മനുഷ്യൻ സ്വാർത്ഥമതികളാവുകയും അധികാരത്തിന്റേയും അഹങ്കാരത്തിന്റേയും പിടിയിലമരുകയും ചെയ്യുന്നത് സ്വാഭാവികമാണ്. എങ്കിലും എപ്പോഴെങ്കിലും ഈ ഓട്ടമെല്ലാം എന്തിനാണെന്ന് ഒരു നിമിഷം ഓർക്കുന്നത് നല്ലതായിരിക്കും. ഒരു മനുഷ്യൻ നിർബന്ധിതമായും സന്ദർശിക്കേണ്ട കുറച്ച് സ്ഥലങ്ങളാണ് ഒരു ജയിൽ, മെന്റൽ ഹോസ്പിറ്റൽ, മാറാരോഗികളെ പരിചരിക്കുന്ന ഒരു വാർഡ്. കൂടാതെ ഏതെങ്കിലും ഒരു അഭയാർത്ഥി ക്യാമ്പ്. മനുഷ്യൻ എത്ര നിസ്സാരനാണെന്ന സത്യം തിരിച്ചറിയാൻ ഇതിനോളംനല്ല പോംവഴിയില്ല.
മനുഷ്യ ജീവിതത്തിലെ തീവ്രവ്യഥകളേയും ആത്മബന്ധങ്ങളുടെ ഇഴയെടുപ്പത്തേയും സൂക്ഷ്മമായി തന്റെ കൃതികളിൽ ആവിഷ്കരിക്കുന്ന എഴുത്തുകാരനാണ് ഇ സന്തോഷ് കുമാർ. അദ്ദേഹത്തിന്റെ ഓരോ കൃതികളും എടുത്തു പരിശോധിച്ചാൽ ബന്ധങ്ങൾ ചെലുത്തുന്ന സ്വാധീനം വ്യക്തമാണ്. അത്തരത്തിൽ ബന്ധങ്ങളുടെ തീവ്രത ആഖ്യാനം ചെയ്യുന്നതോടൊപ്പം പുതിയൊരു ഭൂമികയും വ്യത്യസ്തമായൊരു കഥാതന്തുവും പരിചയപ്പെടുത്തുന്ന പുതിയ നോവലാണ് 'തപോമയിയുടെ അച്ഛൻ'. പ്രാദേശികതയുടെ മതിൽക്കെട്ടിൽ നിന്നും മാറി നിന്നുകൊണ്ട് കൽക്കത്തയുടെ തെരുവുകളും സുന്ദർബൻ ദ്വീപുകളും ഇവിടെ കഥാഭൂമികയാകുന്നു.
ഗോപാൽ ബറുവ എന്ന മനുഷ്യൻ തന്റെ ജീവിതാന്ത്യം വരെ ഒരു ഗൂഢലിപിയുമായി ബന്ധപ്പെട്ടിരിക്കുന്നത് നോവലിൽ കാണാം. ഏകാന്തതയും വിരസതയും ഒഴിവാക്കാൻ അയാൾ സ്വയം കണ്ടെത്തിയ വഴിയായിരുന്നു അത്. ഏത് കോഡുകളും കൈകാര്യം ചെയ്യുന്ന മിലിട്ടറിയുടെ രഹസ്യ ഏജൻസിയിലേക്ക് കേണൽ സന്താനം ഗോപാൽ ബറുവയെ ചേർത്തുവെച്ചത് അയാളുടെ സാമർത്ഥ്യം മനസ്സിലാക്കി തന്നെയാണ്. തന്റെ മരണംവരെയോ അല്ലെങ്കിൽ അതിനുശേഷമോ താൻ മനസ്സിൽ സൂക്ഷിച്ച രഹസ്യങ്ങൾ ആരും അറിയരുതെന്ന് ഗോപാൽബറുവ ആഗ്രഹിച്ചു. എന്നാൽ ഇവിടെ ആഖ്യാതാവ് ആ രഹസ്യം കണ്ടെത്തുകയാണ്. ഗോപാൽ ബറുവയെ പോലെ ലിപികളുടെ രഹസ്യത്തിലേക്ക്, അതിലുപരി ഒരു മനുഷ്യന്റെ മനസ്സിന്റെ ഉള്ളറകളിലേക്കുള്ള ചുഴിഞ്ഞുനോട്ടം കൂടിയാണ് തപോമായിയുടെ അച്ഛൻ എന്ന നോവൽ.
REPRESENTATIVE IMAGE | WIKI COMMONS
അച്ഛൻ-മകൻ ബന്ധത്തിന്റെ തീവ്രമായൊരു ഇഴയടുപ്പം നോവലിൽ ദർശിക്കാം. അച്ഛനും അമ്മയും ഒരിക്കൽ അഭയാർത്ഥികളായിരുന്നു എന്ന യാഥാർത്ഥ്യത്തിൽ നിന്നാണ് തപോമയി അഭയാർത്ഥികൾക്കായുള്ള ഷെൽട്ടർ എന്ന സന്നദ്ധ സംഘടനയുടെ ഭാഗമാകുന്നത്. രേഖകൾ ഇല്ലാത്ത മനുഷ്യൻ ഒരു പാഴ്വസ്തു മാത്രമാണെന്ന തിരിച്ചറിവിൽ അയാൾ ഒരുപാട് മനുഷ്യർക്ക് താങ്ങും തണലുമാകുന്നു. അച്ഛൻ പകർന്നു നൽകിയ 'വാക്കും' വിവേകവും തന്നെയാണ് മുന്നോട്ടു നയിക്കുന്നതെന്ന് അയാൾ വെളിപ്പെടുത്തുന്നുണ്ട്. അന്തേവാസികൾക്ക് വിദ്യാഭ്യാസവും ഭക്ഷണവും വസ്ത്രവും പ്രദാനം ചെയ്യുന്നതോടൊപ്പം മെച്ചപ്പെട്ട ജീവിതസാഹചര്യമൊരുക്കാനും നിമിത്തമാകുന്നത് തപോമയിയുടെ അച്ഛൻ തന്നെയാണ്.
പലായനത്തിന്റേയും കുടിയേറ്റത്തിന്റേയും ഭയാനക ദൃശ്യങ്ങൾ നോവലിൽ കടന്നുവരുന്നുണ്ട്. പ്രകൃതിദുരന്തങ്ങൾ മൂലമോ മനുഷ്യരുടെ ഇടപെടൽ മൂലമോ അധിവസിക്കുന്ന ഇടങ്ങളിൽ നിന്ന് പലായനം ചെയ്യേണ്ടിവരുന്ന നിസ്സഹായരായ മനുഷ്യർ. ഉടുത്ത വസ്ത്രമല്ലാതെ മറ്റൊന്നും അവശേഷിക്കാത്ത വിധത്തിൽ ദരിദ്രരായവരാണ്. ദാരിദ്ര്യവും രോഗവും അവരിൽ പലരേയും ആക്രമിക്കുമ്പോൾ കയറിച്ചെല്ലുന്ന ഏതെങ്കിലും ഒരു തീരപ്രദേശത്ത് അവർ വേരുകളാഴ്ത്തുന്നു. കൂടെ വന്നവരിൽ മരണം സംഭവിച്ചവരുടെ ശവസംസ്കാരം ആ തീരത്ത് തന്നെ നടത്തി അവിടെ ബന്ധം സ്ഥാപിക്കുന്നു. നഗരത്തിലെ ഏതെങ്കിലുമൊരു മാലിന്യമലയുടെ ചരിവിൽ കഴിയുന്ന അഭയാർത്ഥികൾ ഓരോ നിമിഷവും ഭീതിയോടെയാണ് കഴിഞ്ഞു കൂടുന്നത്. പുകഞ്ഞു കൊണ്ടിരിക്കുന്ന മാലിന്യങ്ങൾ ഒരു വശത്ത്, ഒരു മഴ കൊണ്ട് താങ്ങി നിർത്തിയതെല്ലാം അപ്രത്യക്ഷമാകാം എന്ന സത്യം മറ്റൊരിടത്ത്, അഭയാർത്ഥി ക്യാമ്പുകളിൽ പോലും ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകളുടെ ദയനീയത, 'രാവും പകലും ഇരുട്ടു മാത്രം കാണുന്ന' നിസ്സഹായരായ മനുഷ്യരാണവർ.
നോവലിന്റെ കേന്ദ്ര കഥാപാത്രങ്ങൾ തപോമയിയും അദ്ദേഹത്തിന്റെ അച്ഛൻ ഗോപാൽ ബറുവയുമാണെങ്കിലും കുടുംബ ഡോക്ടർ തപസ്സ്, കേണൽ സന്താനം, തപോമയിയുടെ അമ്മ സുമന, അവരുടെ ആദ്യ ഭർത്താവ് ശ്യാമൾ ദാ, ക്യാമ്പിലെ അന്തേവാസികളായ ജഹാൻ, പർവീണ എന്നിവരും നോവലിൽ ശ്രദ്ധയാകർഷിക്കുന്ന കഥാപാത്രങ്ങളാണ്. ഈ കഥാപാത്രങ്ങളെല്ലാം വിഷാദത്തിന്റെ കണ്ണികളാൽ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതാണ് നോവൽ വ്യക്തമാക്കുന്നത്. തപോമയിയോടും ഗോപാൽ ബറുവയോടും ഒരുപോലെ ഡോക്ടർ ചോദിക്കുന്നുണ്ട് നിങ്ങളുടെ മുഖത്തെ നിസ്സംഗതയുടെയും അല്ലെങ്കിൽ വിഷാദത്തിന്റെയും കാരണമെന്താണെന്ന്. വലിയൊരു വീട്ടിലെ മടുപ്പിക്കുന്ന ഏകാന്തതയിലാണ് തപോമായി തന്റെ കുട്ടിക്കാലം ചെലവഴിക്കുന്നത് എന്ന് കാണാം. സംസാരിക്കാത്ത കുട്ടി എന്ന ലേബലിൽ നിന്ന് അയാൾ വഴിമാറി നടന്നത് വളരെ വൈകിയാണ്. ഗോപാൽ ബറുവയും പൊതുവേ മൗനിയാണ്. കേണലാകട്ടെ മകളുടെ രോഗാവസ്ഥയിലും അപ്രതീക്ഷിത മരണത്തിലും ആകെ തകർന്ന മനുഷ്യൻ. വിക്കനും മുടന്തനുമായാണ് ശ്യാമൾ ദാ നോവലിൽ പ്രത്യക്ഷപ്പെടുന്നത്. മറ്റുള്ളവരെ അഭിമുഖീകരിക്കാനുള്ള മടിയാണ് ഇവിടെ ശ്യാമൾദായുടെ വിക്കിന് കാരണമെന്ന് ആഖ്യാതാവ് കണ്ടെത്തുന്നു. ആദ്യ ഭർത്താവിന്റെ വിയോഗവും പലായനവും സുമനയെ വിഷാദത്തിലാഴ്ത്താൻ കാരണമാകുന്നു. ജഹാനും പർവീണയും ഒരുപോലെ അഭയാർത്ഥി ക്യാമ്പുകളിൽ അവനവനിലേക്ക് മാത്രം ഒതുങ്ങി ജീവിക്കുന്നവരാണ്. പരസ്പരം സ്നേഹിച്ചിട്ടും ഒന്നിച്ചു ജീവിക്കാനാകാതെ തന്റെ അസ്തിത്വം തിരഞ്ഞു തിരഞ്ഞ് ആ മാലിന്യ കൂമ്പാരത്തിൽ തന്നെ മരിച്ചു കിടക്കാനായിരുന്നു ജഹാന്റെ വിധി.
സ്വാർത്ഥതയാൽ താൻ ചെയ്ത ഒരു തെറ്റ് അതാരും കണ്ടില്ലല്ലോ എന്ന് സമാശ്വസിച്ച് പുതുജീവിതവുമായി പൊരുത്തപ്പെട്ട് കഴിയുമ്പോൾ, തന്റെ തെറ്റിനൊരു ദൃക്സാക്ഷിയുണ്ടെന്നും അല്ലെങ്കിൽ അത് മനസ്സിലാക്കിയ ഒരാളുണ്ടെന്നുമുള്ള തിരിച്ചറിവിലാണ് ഗോപാൽ ബറുവ തളരുന്നത്. സ്വന്തമെന്ന് കരുതുന്ന പലതും സ്വന്തമല്ല എന്ന് തിരിച്ചറിയുന്ന ആ നിമിഷം തകർന്നു പോകുന്ന നിരവധി മനുഷ്യരുടെ പ്രതീകമാണ് അദ്ദേഹം. ഒരുപാട് രഹസ്യങ്ങളെ ഉള്ളിൽ സൂക്ഷിച്ച് കനം പേറിയ മനസ്സുമായി നടക്കുമ്പോഴാണ് അയാൾ അതെല്ലാം മറ്റൊരു ലിപിയിൽ ഡയറിയിലേക്ക് പകർത്തുന്നത്.
ഇ സന്തോഷ് കുമാർ | PHOTO: THE MALABAR JOURNAL
നോവലിൽ ഗോപാൽ ബറുവ കാണുന്ന ഓരോ മഴയും അയാളുടെ മനസ്സിലേക്ക് ഓരോ ഓർമ്മകളായാണ് എത്തുന്നത്. പേടിപ്പെടുത്തുന്ന ഓർമ്മയാണ് ദ്വീപിൽ വെച്ചുണ്ടായ ഭീകരമായ മഴ, കുടിയേറ്റത്തിന് കാരണമായ മഴ. പഴയ മരക്കസേരയിലിരുന്ന് അയാൾ മഴ കാണുന്നു. നേർത്ത മഴത്തുള്ളികൾ അയാളുടെ വസ്ത്രത്തിൽ നനവുള്ള ഭൂപടങ്ങൾ സൃഷ്ടിക്കുന്നു. അപ്പോഴും പുതിയ മഴയെ അയാൾ കാണുന്നുണ്ടായിരുന്നില്ല. മനസ്സിൽ നിന്നും ഒരിക്കലും തോർന്നുപോകാതെ കാലം ചെല്ലും തോറും കനത്തു കനത്തു വരുന്ന അശാന്തമായ മഴ. നൂറു കുട ചൂടിയാലും നനഞ്ഞൊലിക്കുന്ന അതേ മഴയിലായിരുന്നു ഗോപാൽ ബറുവയുടെ ജീവിതവും.
ഇ. സന്തോഷ് കുമാറിന്റെ മിക്കവാറും എല്ലാ രചനങ്ങളേയും പോലെ തന്നെ തികച്ചും ശാന്തമായ എന്നാൽ ഒഴുക്കുള്ള രീതിയിൽ തന്നെയാണ് 'തപോമയിയുടെ അച്ഛൻ' എന്ന നോവലിന്റെ ആഖ്യാനവും. എഴുത്തുകാരൻ നേരിട്ട് കഥ പറയുന്ന രീതി ഇവിടെയും അദ്ദേഹം സ്വീകരിച്ചിരിക്കുന്നു. പാശ്ചാത്യ നാടുകളുമായുള്ള ബന്ധം കഥാസന്ദർഭങ്ങൾക്ക് പകിട്ടു കൂട്ടുന്നു. കൂട്ടത്തിൽ എടുത്തു പറയേണ്ട സൈരന്ത്രി, ഗ്രാമീ എന്നീ പഴയ ലിപികളെക്കുറിച്ച് കൂടുതൽ പഠിക്കാനും വായനക്കാരെ അതിന്റെ ഭാഗമാക്കാനും എഴുത്തുകാരന് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. ഭാഷ നഷ്ടപ്പെട്ടവരേയും അംഗപരിമിതരേയും ബന്ധങ്ങൾക്ക് അമിത പ്രാധാന്യം കൊടുക്കുന്നവരെയും, ബന്ധത്തിൽ വിള്ളൽ സംഭവിക്കുന്നവരേയും ഒരുപോലെ തന്റെ ഓരോ എഴുത്തിലും സന്നിവേശിപ്പിക്കാൻ എഴുത്തുകാരന് കഴിയുന്നു എന്നതും അദ്ദേഹത്തിന്റെ എഴുത്തിന്റെ മാന്ത്രികതയായി കണക്കാക്കാം.
'തപോമയിയുടെ അച്ഛൻ' എന്ന നോവൽ ഗൂഢലിപികളുടെ അന്വേഷണമാണ്. പലായനത്തിലും കുടിയേറ്റത്തിലും ഉറ്റവർ നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ വ്യഥകളാണ്. പ്രണയവും രതിയും ഒരുപോലെ വിഷാദത്തിന്റെ നീലിമ പടർത്തുന്ന മനുഷ്യരുടെ നോവാണ്. അതിലുപരി ഒരു അച്ഛന്/ഒരു മനുഷ്യന് മകനോടുള്ള ആത്മബന്ധമാണ്.


