എടത്തട്ട നാരായണന്‍, ചരിത്രത്തിലും ഓര്‍മ്മയിലും
എടത്തട്ട നാരായണന്‍ എന്ന പേര് ഇന്നത്തെ തലമുറയ്ക്ക് അപരിചിതമായിരിക്കും. മാധ്യമപ്രവര്‍ത്തകരില്‍ പോലും അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടുള്ളവര്‍ അപൂര്‍വമായിരിക്കും. ആരായിരുന്നു എടത്തട്ട നാരായണന്‍. ഇന്ത്യയിലെ ആദ്യത്തെ വാര്‍ത്താവാരികയായ 'ലിങ്ക്' ആദ്യത്തെ ഇടതുപക്ഷ ഇംഗ്ലീഷ് ദിനപത്രമായ 'പേട്രിയറ്റ്' എന്നിവുടെ സ്ഥാപക പത്രാധിപരായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത സ്ഥാനമുള്ള പ്രസിദ്ധീകരണങ്ങളാണ് ഇവ രണ്ടും.
പത്രപ്രവര്‍ത്തനത്തിലൂടെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മികച്ച പത്രാധിപരിലൊരാളായി വളരുകയും പത്രപ്രവര്‍ത്തനത്തില്‍ ഉന്നതമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്ത ആളായിരുന്നു എടത്തട്ട നാരായണന്‍ എന്ന മലയാളി. വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ പിന്‍ബലമില്ലാതെ ഇടതുപക്ഷ വീക്ഷണമുള്ള ഒരു വാരികയും പത്രവും തുടങ്ങുകയും രണ്ടും വിജയകരമായി നടത്താമെന്ന് തെളിയിക്കുകയും ചെയ്ത ആളായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പത്രപ്രവര്‍ത്തനരംഗം പ്രഗത്ഭരായ മലയാളി പത്രപ്രവര്‍ത്തകര്‍ അടക്കി വാണിരുന്ന ഒരു കാലമുണ്ടായിരുന്നു. മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനത്തില്‍ വിശ്വസിച്ചിരുന്ന അവര്‍ പത്രസ്വാതന്ത്ര്യം മറ്റൊന്നിനും വേണ്ടി അടിയറവെക്കാന്‍ ഒരുക്കമായിരുന്നില്ല. അധികാര സ്ഥാപനങ്ങളെയോ പദവികളെയോ അവര്‍ വകവെച്ചിരുന്നില്ല. തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ അവര്‍ സര്‍വസ്വതന്ത്രന്മാരായി പ്രവര്‍ത്തിച്ചു. പോത്തന്‍ ജോസഫും എടത്തട്ട നാരായണനുമൊക്കെ ഈ പാരമ്പര്യത്തിന്റെ കണ്ണികളായിരുന്നു. എന്നാല്‍ എടത്തട്ട നാരായണനെയോ അദ്ദേഹത്തിന്റെ സംഭാവനകളെയോ ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തില്‍ കാര്യമായി അടയാളപ്പെടുത്തിയിട്ടില്ല.
എടത്തട്ട നാരായണന്‍ | PHOTO: WIKI COMMONS
എടത്തട്ട നാരായണനെ ചരിത്രത്തിലേക്കും ഓര്‍മകളിലേക്കും തിരികെയെത്തിക്കുക എന്ന ദൗത്യം നിര്‍വഹിക്കുകയാണ് പി. രാംകുമാര്‍. എടത്തട്ട നാരായണന്‍ പത്രപ്രവര്‍ത്തനവും കാലവും എന്ന ജീവചരിത്ര രചനയിലൂടെ മാധ്യമപ്രവര്‍ത്തനത്തെ കുറിച്ച് വ്യത്യസ്തമായ സങ്കല്പങ്ങളും ആ മേഖലയില്‍ വ്യത്യസ്തമായ മൂല്യബോധങ്ങളും ഉണ്ടായിരുന്ന ഒരു കാലത്തെക്കുറിച്ചുള്ള അന്വേഷണവും കൂടിയാണ് രാം കുമാറിന്റെ പുസ്തകം.
എടത്തട്ടയെക്കുറിച്ചുള്ള പുസ്തക രചന വളരെയേറെ ശ്രമകരമായ ഒരു ഉദ്യമമായിരുന്നുവെന്ന് രാംകുമാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹം തന്റെ വ്യക്തിജീവിതത്തെക്കുറിച്ചോ പത്രപ്രവര്‍ത്തനത്തെക്കുറിച്ചോ ഒരുവരിപോലും എഴുതിയിട്ടില്ല. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ആരംഭകാലത്ത് തുടങ്ങി, അരനൂറ്റാണ്ടിലധികം കാലം മുഴുവന്‍ സമയ പത്രപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനു മുന്‍പും പിന്‍പും ഇന്ത്യയിലെ പ്രധാനപ്പെട്ട പത്രങ്ങളില്‍ എടത്തട്ട ആ കാലഘട്ടത്തിലെ ഇന്ത്യയിലെ പ്രധാന നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. പക്ഷേ, ആ അനുഭവങ്ങളൊന്നും അദ്ദേഹം രേഖപ്പെടുത്തിയില്ല. 22 വര്‍ഷക്കാലം നീണ്ടുനിന്ന ശ്രമങ്ങള്‍ക്കൊടുവിലാണ് ഈ ജീവചരിത്രഗ്രന്ഥം യാഥാര്‍ത്ഥ്യമായത്. വിവിധ കാലഘട്ടങ്ങളില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന ആളുകളുമായി സംസാരിച്ചും മറ്റു ഗവേഷണങ്ങള്‍ നടത്തിയുമാണ് രാം കുമാര്‍ എടത്തട്ടയുടെ ജീവിതം ചരിത്രവുമായി രേഖപ്പെടുത്തുന്നത്.
ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഇംഗ്ലീഷ് പത്രപ്രവര്‍ത്തനം ഇന്ത്യയില്‍ ഉരുത്തിരിഞ്ഞുവരുന്നതിന്റെ ഒരു നേര്‍ചിത്രം ഈ പുസ്തകത്തില്‍ നിന്നു ലഭിക്കും. പോത്തന്‍ ജോസഫ്, ചലപതി റാവു, ദുര്‍ഗാദാസ്, ശങ്കര്‍, പി. വിശ്വനാഥ്, കെ. ശാമറാവു, സ്വാമിനാഥ് സദാനന്ദ്, പി. വിശ്വനാഥ്, ശ്യാം ലാല്‍ തുടങ്ങി ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്തെ അതികായന്‍മാരെക്കുറിച്ചുള്ള വിവരണംകൊണ്ട് സമ്പന്നമാണ് ഈ പുസ്തകം. അതുപോലെ തന്നെ ജവഹര്‍ലാല്‍ നെഹ്‌റു, പികെ കൃഷ്ണമേനോന്‍, മൊറാര്‍ജി ദേശായി, ബിജു പട്നായ്ക്, രാജ് കുമാരി അമൃത് കൗര്‍ തുടങ്ങി അക്കാലത്തെ പ്രമുഖരായ പല നേതാക്കന്മാരും ഉള്‍പ്പെട്ട പല സംഭവങ്ങളും ഈ പുസ്തകത്തില്‍ അനാവൃതമാവുന്നുണ്ട്. പുസ്തകത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്ന ഒരു വ്യക്തിത്വം അരുണാ ആസഫ് അലിയാണ്. ആ ധീരവനിതയും എടത്തട്ട നാരായണനും തമ്മിലുള്ള വ്യക്തിബന്ധത്തെ വിവരിക്കുന്നതില്‍ രാം കുമാര്‍ അസാമാന്യമായ കൈയ്യടക്കം പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ആദര്‍ശ പ്രചോദിതമായ പത്രപ്രവര്‍ത്തനത്തിന്റെ ആള്‍രൂപമായിരുന്നു എടത്തട്ട നാരായണന്‍. സമത്വത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു പുതിയ ലോകത്തിന്റെ സൃഷ്ടിക്കായി പത്രപ്രവര്‍ത്തനത്തിന് ക്രിയാത്മകമായ സംഭാവന നല്‍കാന്‍ കഴിയും എന്ന് വിശ്വസിച്ച തലമുറയുടെ പ്രതിനിധി. അതുകൊണ്ടുതന്നെ അധികാരത്തോടു സത്യം പറയാനുള്ള ബാധ്യത ഉണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. അടിയന്തരാവസ്ഥക്കാലത്ത് തന്റെ സ്ഥാപനത്തെയും പ്രസിദ്ധീകരണങ്ങളെയും നിലനിര്‍ത്തുന്നതിനുവേണ്ടി അദ്ദേഹം അനുഭവിച്ച ആത്മസംഘര്‍ഷങ്ങള്‍ രാം കുമാര്‍ വിശദമാക്കുന്നുണ്ട്. സഞ്ജയ് ഗാന്ധിയുടെ പേര്‍ തന്റെ പ്രസിദ്ധീകരണങ്ങളില്‍ അച്ചടിക്കില്ല എന്ന ഉറച്ച തീരുമാനത്തിന്റെ പേരില്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്ന വെല്ലുവിളികള്‍ സമഗ്രാധിപത്യത്തിന്റെ കാലത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നു.
വ്യത്യസ്തമായ മൂല്യബോധങ്ങളുള്ള ഒരു കാലഘട്ടത്തിലെ മാധ്യമപ്രവര്‍ത്തകനായിരുന്നു എടത്തട്ട നാരായണന്‍. അദ്ദേഹത്തെിന്റെ ജീവചരിത്രം വായിക്കുമ്പോള്‍ ആ കാലഘട്ടത്തെ അനുഭവവേദ്യമാക്കാന്‍ കഴിയുന്നു എന്നത് രാം കുമാറിന്റെ മികവാണ്. ഈ പുസ്തകത്തെ തൊടുമ്പോള്‍ നാം ഒരു കാലത്തെയാണ് തൊടുന്നത്.