
കവിതയ്‌ക്കെന്തെല്ലാം മഷിപ്പാത്രങ്ങള്‍?
ജി. ഹരികൃഷ്ണന്‍ ഭൗതികശാസ്ത്ര അദ്ധ്യാപകനാണ്. സര്‍ഗാത്മകതയുള്ളവര്‍ പല മേഖലകളില്‍ തങ്ങളുടെ ശേഷി പ്രകടിപ്പിക്കും. ഹേനെയുടെ ഒരു കവിതയില്‍ നിന്നും പ്രചോദനം സ്വീകരിച്ചു കൊണ്ട് ഹരികൃഷ്ണന്‍ തയ്യാറാക്കിയ 'പരിണാമം' എന്ന ചലച്ചിത്രം, പരിസ്ഥിതി, വിദ്യാഭ്യാസം, ആദിവാസിജീവിതം എന്നീ മേഖലകളിലേക്കെല്ലാം പ്രകാശം ചൊരിയുന്നതായിരുന്നു. ഹരികൃഷ്ണന്‍ കവിയുമാണ്.
ഹരികൃഷ്ണനിലെ കവി എഴുതുന്ന വരികള്‍ ആദ്യമായി വെളിച്ചം കാണുന്നത് 2012ല്‍ പുറത്തിറങ്ങിയ 'നിമിഷങ്ങളുടെ പുസ്തകം' എന്ന സമാഹാരത്തിലൂടെയാണ്. 'നിമിഷങ്ങളുടെ പുസ്തക'ത്തിലും രണ്ടാമത്തെ സമാഹാരമായ 'മരാകാശ'ത്തില്‍ പ്രത്യേകവിഭാഗത്തിനു നല്‍കിയ 'സമയത്തില്‍ വരച്ചത്' എന്ന ശീര്‍ഷകത്തിലും ഒക്കെയുള്ള പ്രത്യക്ഷമായ കാലസൂചനകള്‍ ഈ പുതിയ സമാഹാരത്തിലെ ശീര്‍ഷകത്തിനുമുണ്ട് 'സമയസഞ്ചാരികള്‍'. കാലം ഒരു പ്രഹേളികയാണ്. ജീവിതത്തെ എഴുതുന്ന വലിയ എഴുത്തുകാരുടെ മുന്നില്‍ മാത്രമല്ല, ശാസ്ത്രജ്ഞന്മാര്‍ക്കും തത്ത്വചിന്തകന്മാര്‍ക്കും മുന്നില്‍ പിടികിട്ടാത്ത ഗണമായി കാലം പ്രത്യക്ഷപ്പെടുന്നു. കാലത്തിന് ഭൗതികമായ അസ്തിത്വമുണ്ടോ? കാലത്തിനു ദിശയുണ്ടോ? കാലത്തിനു പിന്നിലേക്കു സഞ്ചാരം സാദ്ധ്യമാണോ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍ തത്ത്വചിന്തകരും ശാസ്ത്രജ്ഞരും തര്‍ക്കിക്കുന്നതു കാണാം. ഇമ്മാനുവേല്‍ കാന്റ് സ്ഥല-കാലങ്ങളെ മനുഷ്യമനസ്സിന്റെ നിര്‍ദ്ദേശങ്ങളായി കണ്ടപ്പോള്‍ ഐന്‍സ്റ്റൈന്റെ ആപേക്ഷികതാസിദ്ധാന്തം സ്ഥല-കാലങ്ങളുടെ ഭൗതികാസ്തിത്വം തെളിയിച്ചതായി ഉറപ്പിക്കുന്നവരുമുണ്ട്. എല്ലാവരും അവരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം കാലത്തിന്റെ ഓരോ ചക്രത്തിലും വീണ്ടും വീണ്ടും ജീവിക്കുമെന്നു വിശ്വസിച്ച ബിഷപ്പ് തെമെസിയസ് മുതല്‍ ലോകത്തെ വിഴുങ്ങുന്ന ഉരഗകാല ('കാലാഹിനാ പരിഗ്രസ്തമാം ലോകവും')ത്തെ കല്‍പ്പന ചെയ്യുന്ന എഴുത്തച്ഛന്‍ വരെ എല്ലാ മാനവികവ്യവഹാരങ്ങളും കാലത്തെ അറിയാന്‍ ശ്രമിക്കുന്നു. എന്നിട്ടും അത് അജ്ഞേയമായി തുടരുന്നു. നമ്മുടെ കവിയും പരിശ്രമം തുടരുന്നു.
“ഒരു പ്രകാശകണത്തിന്നൊപ്പം
പുറപ്പെട്ടുപോന്നതോ
ഒരു നിമിഷത്തില്‍ പ്രപഞ്ചഭ്രമണം
കഴിച്ചിതോ
ഒരിക്കലുമുറങ്ങാത്തൊരാള്‍
ഇരുളിലിരിപ്പതോ”
കാലത്തേയും പ്രകാശത്തേയും കുറിച്ചുള്ള മകളുടെ ചോദ്യങ്ങള്‍ക്കും അച്ഛന്റെ ഉത്തരങ്ങള്‍ക്കും ഇടയില്‍ നക്ഷത്രങ്ങളില്‍ മണികര്‍ണ്ണികയിലെ വെളിച്ചം എന്ന കല്‍പ്പനയില്‍ നാം ഒട്ടുനേരം നില്‍ക്കുന്നു. നക്ഷത്രങ്ങള്‍ക്കും മണികര്‍ണ്ണികാഘട്ടിലെ ചിതയില്‍ നിന്നുള്ള വെളിച്ചമെന്ന പോലെ ഒരു അന്ത്യകാലം കാണുന്നു. പ്രകാശവര്‍ഷങ്ങള്‍ക്കകലെ ജ്വലിച്ചു കൊണ്ടിരുന്ന നക്ഷത്രം ഇപ്പോള്‍ കെട്ടടങ്ങിയിട്ടുണ്ടാകാമെങ്കിലും പ്രപഞ്ചത്തിന്റെ ഇങ്ങേക്കോണില്‍ അതിന്റെ ജ്വലിക്കുന്ന രൂപത്തെ തന്നെ നാം കാണുന്നു. സ്ഥല-കാലങ്ങള്‍ കൊണ്ട് പ്രകൃതി സൃഷ്ടിക്കുന്ന ഭൗതികപ്രഭാവമാണത്. ശാസ്ത്രാന്വേഷണത്തിന്റെ സര്‍ഗാത്മകത പകരുന്ന ജ്ഞാനദീപ്തിയെ കവിതയിലേക്ക് ആവാഹിക്കുകയാണ്. അച്ഛനും മകളും പങ്കുചേരുന്ന സംഭാഷണത്തിന്റെ ഘടനയും 'നാം കാണുന്നതെല്ലാം കഴിഞ്ഞകാലത്തേതല്ലേ?' എന്ന ചോദ്യത്തിലെ ധിഷണയും സൗന്ദര്യവും ശാസ്ത്ര-സാഹിത്യവ്യവഹാരങ്ങളുടെ സവിശേഷമായ ലയനത്തെ സാദ്ധ്യമാക്കിയിരിക്കുന്നു. നോവ എന്ന കവിതയില്‍ നക്ഷത്രമരണം എന്ന പ്രമേയം കൂടുതല്‍ വിസ്തൃതമാനങ്ങള്‍ ആര്‍ജ്ജിക്കുന്നതു കാണാം.REPRESENTATIVE IMAGE | WIKI COMMONS
“അറിയുന്നില്ല നീ
ആളും നോട്ടം
പണ്ടേ മരിച്ച നക്ഷത്രത്തിന്‍ വെട്ടമെന്ന്
അറിയുന്നില്ല
ആകര്‍ഷണത്തിര
അതിന്‍ പിടഞ്ഞൊടുങ്ങലെന്ന്”
നക്ഷത്രരേണുക്കള്‍ പല രൂപങ്ങളില്‍ പുനര്‍ജ്ജനിക്കുന്നുവെന്ന വാക്കുകളോടെയാണ് ഈ കവിത അവസാനിക്കുന്നത്. We are all made of star dust എന്ന കവിത കിനിയുന്ന ശാസ്ത്രജ്ഞവാക്യത്തെയാണ് ഹരികൃഷ്ണന്റെ കവിത ഇതരരൂപത്തില്‍ എഴുതുന്നത്. ശാസ്ത്രത്തിന്റെ സൗന്ദര്യമൂല്യം കൊണ്ട് സാഹിത്യത്തിലേക്കു പാലം നിര്‍മ്മിക്കാനാകുമെന്നാണ് ഹരികൃഷ്ണന്‍ കരുതുന്നത്.
ആധുനിക ശാസ്ത്രത്തിന്റെ യാഥാര്‍ത്ഥ്യാന്വേഷണവ്യഗ്രതയിലും സര്‍ഗാത്മകസൗന്ദര്യത്തിലും ആണ്ടുമുങ്ങി തന്റെ ക്ലാസുകളെ കലാനുഭവങ്ങളാക്കി(കഥകളിയനുഭവമോ പഞ്ചാരിമേളാനുഭവമോ തീയാട്ടുകളത്തിന്റെ ചിത്രവര്‍ണ്ണാനുഭവമോ തുള്ളുന്ന വെളിച്ചപ്പാടിന്റെ പ്രവചനാനുഭവമോ നാടന്‍ കലാകാരന്റെ വായ്ത്താരിയോ ആക്കി) മാറ്റിയിരുന്ന ഒരു അദ്ധ്യാപകന് നല്‍കുന്ന ശ്രദ്ധാഞ്ജലിയാണ് ഈ സമാഹാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കവിത. ഒരു പക്ഷേ, ആധുനിക ശാസ്ത്രത്തിന്റെ ഒരു അദ്ധ്യാപകന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്ന മറ്റൊരു കവിത, അതിന്റെ ദൈര്‍ഘ്യത്തിലും ചാരുതയിലും, മലയാളഭാഷയില്‍ എഴുതപ്പെട്ടിട്ടില്ലെന്നു തോന്നുന്നു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഭൗതികശാസ്ത്ര അദ്ധ്യാപകനായിരുന്ന ഡോ. ടി.എന്‍.വാസുദേവന്‍, ഹരികൃഷ്ണന്റെ മദ്ധ്യമാവതി എന്ന കവിതയിലൂടെ അര്‍ഹമായ രീതിയില്‍ ആദരിക്കപ്പെടുന്നു. കവിത കൊണ്ടു നിര്‍മ്മിച്ച മനുഷ്യനായിരുന്നു മാഷ്. ഓരോ വാക്കിലും ഓരോ ചേഷ്ടയിലും കവിത. വാസുദേവൻ മാഷിന്റെ ക്ലാസില്‍ ഒരിക്കലെങ്കിലും ഇരുന്നിട്ടുള്ളവര്‍ക്ക്, അദ്ദേഹത്തോട് അല്‍പ്പനേരമെങ്കിലും വര്‍ത്തമാനം പറഞ്ഞിട്ടുള്ളവര്‍ക്ക് ഈ കവിതയുടെ ആന്തരാര്‍ത്ഥങ്ങള്‍ കൂടുതല്‍ മനസ്സിലായേക്കാമെങ്കിലും കവിതയില്‍ പ്രത്യക്ഷപ്പെടുന്ന, കവിതയില്‍ നിറഞ്ഞു കവിയുന്ന ഭൗതികശാസ്ത്രത്തിന്റെ, പഞ്ചാരിമേളത്തിന്റെ, കര്‍ണ്ണാടിക്-ഹിന്ദുസ്ഥാനി സംഗീതങ്ങളുടെ, കഥകളിപ്പദങ്ങളുടെ, സാഹിത്യകൃതികളുടെ, യാത്രാസ്ഥലങ്ങളുടെ നാമരൂപങ്ങളും ഗണങ്ങളും തന്നെ ആരെയും അത്ഭുതാധീനരാക്കും. മനുഷ്യന്റെ ധൈഷണികവും സൗന്ദര്യാത്മകവുമായ വ്യവഹാരങ്ങളെയൊക്കെ അതിന്റെ ഉന്നതമൂല്യത്തില്‍ മനസ്സിലേക്ക് ആവാഹിച്ചിരുന്ന, അതിനെ മനം നിറഞ്ഞ് ആനന്ദിച്ച് അറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്തിരുന്ന, ആ സൗന്ദര്യത്തെ തന്റെ പ്രവൃത്തികളിലൊക്കെയും പ്രസരിപ്പിച്ചിരുന്ന ഒരു മനീഷിക്ക് അദ്ദേഹത്തിന്റെ ക്ലാസുകളില്‍ ഇരിക്കുകയും അദ്ദേഹത്തോടൊപ്പം ഏറെ നടക്കുകയും പരസ്പരം സംവദിക്കുകയും ചെയ്ത ശിഷ്യന്‍ നല്‍കുന്ന ഈ കവിതാഞ്ജലി മലയാളഭാഷയ്ക്ക് പുതിയ അനുഭവമാണ്.
“ഡിപ്പാര്‍ട്ടുമെന്റിന്റെ ചുമര്‍ ചേര്‍ന്ന്/ മുഖം നോക്കാതെ/
ഡിറാക്ക് നടക്കും പടി/ ക്ലാസിലേക്കു മാഷുടെ പ്രവേശം./
കറുത്തബോര്‍ഡില്‍ കളമെഴുതിക്കൊണ്ട് വന്ദനം./ ന്യൂട്ടനും മാക്‌സ്‌വെല്ലും ഐന്‍സ്റ്റൈനും /എമ്മാ നോയ്ഥറും നിരക്കും പുറപ്പാട്/ പറവെട്ടത്തില്‍ നീണ്ട നടപ്പ് /പതികാലത്തില്‍ തുടങ്ങും ക്വാണ്ടം മെക്കാനിക്‌സ്./ഷ്രോഡിങര്‍ സമവാക്യം ചെന്നു തൊടും/ദൂരതീരങ്ങള്‍/
ഹാമില്‍ട്ടോണിയന്‍ ഡൈനമിക്‌സില്‍ നിന്നും/ ഹൈസണ്‍ബര്‍ഗ് സമവാക്യത്തിലേക്കുള്ള/തുരങ്കപാതകള്‍/ ഉരുട്ടുചെണ്ട കൊട്ടിക്കയറിച്ചെന്നുകാട്ടും/ ഡിറാക് സമവാക്യത്തിന്റെ മാജിക്/"
“ധര്‍മ്മരാജ വായിച്ചു കൊണ്ടിരിക്കെ ചാടിയെഴുന്നേറ്റ്
മാതലിയുടെ ആട്ടച്ചുവടു വയ്ക്കുന്നു, വാസ്വേവന്‍ മാഷ്.
കോഴിക്കോട് പാസഞ്ചറില്‍ ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍
പങ്കുവയ്ക്കും യാത്രികര്‍ക്ക് കാതോര്‍ത്ത് ലോകം കൂടുതല്‍ സുന്ദരമായെന്ന് അമേരിക്കയിലിരുന്നോര്‍ക്കുമ്പോള്‍ ദേശത്തിന്റെ കഥയിലെ ഇലഞ്ഞിപ്പൊയില്‍ എന്ന പേരിന് എന്തൊരു ഭംഗി എന്ന്"
“ഓര്‍ക്കുന്നോരോ തീയ്യാട്ടുശേഷവും അച്ഛനൊപ്പം നടന്ന രാത്രി നീണ്ട നടത്തങ്ങള്‍, കുട്ടനെല്ലൂര്‍ പൂരത്തിന് അര്‍ദ്ധരാത്രി അമ്പലക്കെട്ടില്‍ വടക്കു പടിഞ്ഞാറേ കോണില്‍ വിരിവയ്ക്കുന്നു വാസ്വേവന്‍ മാഷ്
ആറാട്ടുപുഴ രാത്രി/ അമ്പലനടയില്‍ പഞ്ചാരി ഒന്നാം കാലം/ ഒന്നാമത്തെ ആന/ ഗോപുരം കടന്നു വരുന്ന വരവ്/ നോക്കിനില്‍ക്കുന്നു വാസുദേവൻ മാഷ്.” സ്വന്തം പുസ്തകങ്ങള്‍ക്ക് ചോടേ ഒടുക്കം കിടക്കുമ്പോള്‍ ക്ലാസില്‍ ഫിസിക്‌സ് പഠിപ്പിക്കുമ്പോഴുള്ള അതേ ചിരിയോടെ അത്ര സുന്ദരനായി വാസുദേവൻ മാഷ്.
നമ്മുടെ വ്യവഹാരങ്ങള്‍ സത്യ, ശിവ, സൗന്ദര്യങ്ങളാകണമെന്നാണല്ലോ? ശാസ്ത്രത്തിന് സത്യദീക്ഷയുണ്ട്, സൗന്ദര്യവുമുണ്ട്, ധര്‍മ്മദീക്ഷയുണ്ടോയെന്ന കാര്യത്തില്‍ താന്‍ സന്ദേഹിയാണെന്ന് വാസുദേവൻ മാഷ്. മറ്റൊരു മാഷിനെ കുറിച്ചുള്ള ഒരു കവിത കൂടി ഈ സമാഹാരത്തിലുണ്ട്, മാഷ് എന്ന പേരില്‍. ചില്ലുകൂട്ടിലെ മാഷിന്റെ കിടപ്പിനെ കവി കാണുന്നു. എങ്ങോട്ടു പോയിരിക്കാം മാഷുടെ ഉള്ളിലെ പുസ്തകങ്ങള്‍, മാഷുടെ ഉള്ളിലെ സിനിമകള്‍. ഇങ്ങനെ ആശ്വസിച്ചു കൊണ്ടാണ് കവിത അവസാനിക്കുന്നത് - ഞങ്ങള്‍ ക്ലാസെടുക്കുമ്പോള്‍ ഞങ്ങളുടെ കുട്ടികള്‍ ഇടയ്ക്കു കാണുന്നുണ്ടാവാം മാഷിനെ.
ആദ്യത്തെ രണ്ടു സമാഹാരങ്ങളിലും കാണാത്തത്ര പ്രണയകവിതകള്‍ ഈ സമാഹാരത്തിലുണ്ട്.
“ആ നിമിഷത്തിലേക്കു എത്ര തവണ തിരിച്ചുവന്നിരിക്കാം നമ്മള്‍
പിന്നീടുള്ള ഓരോ മുഖാമുഖത്തിലും”
“ജന്മങ്ങള്‍ പൂണ്ടു പിടിച്ച നില്‍പ്പില്‍
ഉയിര്‍പ്പൂ നിറങ്ങള്‍ സൗഗന്ധികള്‍ നമ്മളില്‍.”
“അത്ര കുറച്ചു മാത്രം സ്‌നേഹം പകുത്തവര്‍
അന്യോന്യം വലിച്ചെറിഞ്ഞെത്ര പരുക്കന്‍ വാക്കുകള്‍?
വീണ്ടുമടുത്തു കൈപിടിച്ചും തള്ളിമാറ്റിയും
ചവിട്ടുമോ വൃത്തനൃത്തമിരുവര്‍ നാം?
ഒരു നിമിഷത്തില്‍ ആഞ്ഞുയര്‍ന്നുയര്‍ന്നാഴി മഴയായ് തൂവുന്നു
നനയുന്നു നമ്മള്‍”.REPRESENTATIVE IMAGE | WIKI COMMONS
കാലത്തിന്റെ അകലത്തിലാണല്ലോ, വിരഹത്തിലാണല്ലോ ലാവണ്യം സമഗ്രാനുഭവമാകുന്നത്. ചില പ്രണയകവിതകള്‍ക്ക് പശ്ചാത്തലമായി മിക്കപ്പോഴും റെയില്‍വേ സ്റ്റേഷനുണ്ട്. പ്ലാറ്റ്‌ഫോമുകള്‍, തീവണ്ടി മുറികള്‍, മുറിച്ചു കടക്കുന്ന പാളങ്ങള്‍, കാത്തിരിപ്പുസ്ഥലങ്ങള്‍ പലതും ആവര്‍ത്തിച്ചു വരുന്നു. ജീവിതത്തിന്റെ രൂപകമായി മിക്കപ്പോഴും പ്രത്യക്ഷപ്പെടുന്ന യാത്ര കവി എഴുതാതെ തന്നെ ഈ കവിതയിലും അങ്ങനെയാകുന്നു.
ഇയ്യോബിന്റെ കുറിപ്പുകള്‍ ദാര്‍ശനികമാനമുള്ള കവിതയാണ്. പഴയ നിയമത്തിലെ ഈ നായകനാമം മനുഷ്യന്റെ ധര്‍മ്മവ്യഥകളുടെ ഭാരം മുഴുവന്‍ പേറുന്നതാണല്ലോ? ദൈവത്തിന്റെ/കേന്ദ്രകര്‍ത്തൃത്വത്തിന്റെ/ അധികാരത്തിന്റെ വിമര്‍ശകനാകുന്നവന്‍ പേറുന്ന ദൗര്‍ഭാഗ്യങ്ങള്‍. അനേകരുടെ മുറിവുണക്കുന്ന ദൈവത്തിന് ഒരാളെങ്കിലും വേണം മുറിവേല്‍പ്പിക്കാന്‍, സമനിലയ്ക്ക്. നീ എന്നെ അറിയുവതെപ്പോള്‍? നീ എന്നെ അറിയുമ്പോള്‍? അന്യോന്യം നില്‍ക്കും രണ്ടു കണ്ണാടികള്‍ നമ്മള്‍. ഒന്നും കാണാതിരിക്കലിന്റെ മായക്കാഴ്ച. ദൈവത്തോടു മുഖാമുഖം നില്‍ക്കുന്ന മനുഷ്യന്‍ അനന്തതയുടെ ജ്ഞാനത്തെ അറിയുന്നു.
'ദ് കൈറ്റ് റണ്ണര്‍' എന്ന നോവലിലൂടെ മലയാളികള്‍ക്കിടയിലും ഏറെ പ്രശസ്തനായ ഖാലിദ് ഹുസൈനി എഴുതിയ ഒരു കവിതയുടെ വിവര്‍ത്തനവും ഈ സമാഹാരത്തിലുണ്ട്. കടല്‍ പ്രാര്‍ത്ഥന. ഇടറുന്ന മനസ്സോടെ മാത്രം വായിച്ചു പോകാവുന്ന കവിത. ഇപ്പോള്‍, ലോകം എന്താണെന്ന് ഈ കവിത നമ്മോടു പറയുന്നുണ്ട്.
ശാസ്ത്രത്തിനും തത്ത്വചിന്തയ്ക്കും സാഹിത്യത്തിനും പരസ്പരം പങ്കുവയ്ക്കാനുള്ള ഇടങ്ങളുണ്ടെന്ന്, കൊണ്ടും കൊടുത്തും പരസ്പരം പോഷിപ്പിക്കാന്‍ കഴിയുമെന്ന് ഈ കവിതകള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍, അതിലുപരിയായി ജീവിതത്തിന്റെ കടലേ കവിതയ്ക്കു മഷിപ്പാത്രമെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നു.
(പട്ടാമ്പി കവിതാകാര്‍ണിവലില്‍ 'സമയസഞ്ചാരികള്‍' പ്രകാശിപ്പിച്ചു കൊണ്ടു നടത്തിയ പ്രഭാഷണത്തിന്റെ ഏകദേശ എഴുത്തുരൂപം).