TMJ
searchnav-menu
post-thumbnail

Penpoint

ഓര്‍മക്ഷയത്തെയും അതിജയിക്കുന്ന മാര്‍കേസ് മാന്ത്രികത

13 Mar 2024   |   4 min Read
ദാമോദര്‍ പ്രസാദ്

'ഓര്‍മയാണ് എന്റെ സ്രോതസ്സും ഉപകരണവും. അതില്ലെങ്കില്‍ ഞാനില്ല' വിശ്രുത എഴുത്തുകാരന്‍ മാര്‍ക്വിസ് തന്റെ ഓര്‍മ ക്ഷയിക്കാന്‍ തുടങ്ങിയൊരു ഘട്ടത്തില്‍ മക്കളോട് പറഞ്ഞതാണ്. റോഡ്രിഗോയും ഗോണ്‍സാലോവും പറയുന്നത് എഴുത്തിന്റെ പൂര്‍ണതയും പതുക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന മാനസികശേഷിയും തമ്മിലുള്ള മത്സരമാണ് Until August -ന്റെ എഴുത്തിന്റെ വേളയില്‍ നടന്നുകൊണ്ടിരുന്നത് എന്നാണ്. 'ഈ പുസ്തകം ശരിയാകുന്നില്ല. നശിപ്പിക്കപ്പെടേണ്ടതാണ്.' ഗാബോ അന്ത്യവിധികല്പിച്ചു. പക്ഷേ, അവര്‍ അത് നശിപ്പിച്ചില്ല. പത്തുവര്‍ഷം സൂക്ഷിച്ചു. പലവട്ടം വായിച്ചു നോക്കി. മാര്‍ക്വിസിന്റെ മഹത്തായ രചനകളുടെ കൂട്ടത്തില്‍ ഇതുള്‍പ്പെടുമോ എന്നവര്‍ക്ക് സംശയമാണെങ്കിലും മാര്‍ക്വിസിന്റെ സര്‍ഗാത്മകതയുടെ പ്രതിസ്ഫുരണങ്ങള്‍ ഇതില്‍ മങ്ങാതെ കിടക്കുന്നുണ്ട്.

അങ്ങനെ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസിന്റെ 'നഷ്ട നോവല്‍' - ആഗസ്റ്റ് വരെ (Until August) മരണാനന്തരം പത്തുവര്‍ഷത്തിനുശേഷം വായനക്കാര്‍ക്ക് ലഭിച്ചിരിക്കുന്നു. മാര്‍ക്വിസിന്റെ രചനകളുടെ ചേതോഹാരിത ഇതിനില്ല എന്നാരെങ്കിലും പറഞ്ഞാല്‍ അത് വെറുതെയാണ്. മാര്‍ക്വിസിനു ഓര്‍മക്ഷയം ബാധിച്ചുതുടങ്ങിയപ്പോള്‍ എഴുതിയ നോവലാണ്. എങ്കിലും കഥപറച്ചിലിന്റെ മാസ്മരികത ഒട്ടും ചോര്‍ന്നുപോയെന്നു പറയാനാകില്ല. മാര്‍ക്വിസ് ഈ നോവല്‍ പ്രസിദ്ധീകരിക്കരുതെന്ന് മക്കളോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ പിതാവിന് നല്‍കിയ ഉറപ്പ് ലംഘിക്കുകയായിരുന്നു. അതൊരു വഞ്ചനയാണെന്നു ആരോപിക്കാം. പക്ഷേ, ആര്‍ക്കാണ് മാര്‍ക്വിസിന്റെ രചനയുടെ കൈയെഴുത്തുപ്രതി നശിപ്പിക്കാന്‍ തോന്നുക. അവര്‍ പലവട്ടം വായിച്ചിരിക്കണം. മാര്‍ക്വിസിന്റെ സാഹിത്യ എഡിറ്ററും ലാറ്റിനമേരിക്കന്‍ സാഹിത്യഗവേഷകനുമായ ക്രിസ്റ്റോബാള്‍ പേരയോട് സംസാരിച്ചിരുന്നു.

Until August -ന്റെ രചനാകാലത്തു ക്രിസ്റ്റോബാള്‍ മാര്‍ക്വിസുമായി സമ്പര്‍ക്കംപുലര്‍ത്തിയിരുന്ന വ്യക്തിയാണ്. എഡിറ്ററുടെ പിന്‍കുറിപ്പില്‍ ഇത് സൂചിപ്പിക്കുന്നുണ്ട്. ഈ കൃതിയുടെ എഴുത്തിലൂടെ കടന്നുപോകുമ്പോള്‍ ഗാബോയുടെ സാന്നിധ്യം അനുഭവപ്പെട്ടതായി പറയുന്നുണ്ട്. മാര്‍ക്വിസ് വായിക്കുമ്പോഴുള്ള അതേ വിസ്മയം ഇത് വായിക്കുമ്പോഴുണ്ടായിരുന്നുവെന്നും സ്പാനിഷ് എഡിഷന്റെ എഡിറ്ററായ ക്രിസ്റ്റോബാള്‍ പേര പറയുന്നു.  ഈ പുസ്തകത്തിന്റെ ഒടുവില്‍ മാര്‍ക്വിസ് തന്നെ തിരുത്തിയ ഭാഗങ്ങളുടെ ഫാസിമിലി (facsimile) വേര്‍ഷന്‍ നല്‍കിയിട്ടുണ്ട്. നോവലിന്റെ പലപ്പോഴായി എഴുതിയ ഭാഗങ്ങളെ ചേര്‍ത്തുവെയ്ക്കുന്നതില്‍ ഓര്‍മക്ഷയം തടസ്സമായിട്ടുണ്ടെന്നു എഡിറ്റര്‍ പറയുന്നു. എങ്കിലും എഴുത്തുപ്രതിയുടെ പുനഃപരിശോധന നടന്നിരുന്നു. അഞ്ചാമത്തെ വേര്‍ഷനായിരുന്നു മാര്‍ക്വിസിന് മതിപ്പ് തോന്നിയത്. ജൂലൈ 5, 2004 ഈ പ്രതിയുടെ താഴെ മാര്‍ക്വിസ് എഴുതി: ഗ്രാന്‍ഡ് ഫൈനല്‍ ഓക്കേ'

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് | PHOTO: WIKI COMMONS
ലോകോത്തരങ്ങളായ മാര്‍ക്വിസ് രചനകളെ തീര്‍ച്ചയായും ഈ കൃതിയും അനുസ്മരിപ്പിക്കുന്നുണ്ട്. ഭഗ്‌നപ്രണയം, പ്രണയകുടീരം, പുരാതനത്വം നിറഞ്ഞുനില്‍ക്കുന്ന ദ്വീപ്, പഴയ ഹോട്ടല്‍, സെമിത്തേരി, പൂക്കള്‍, ലൈംഗികതയിലൂടെയുള്ള സ്വത്വാവിഷ്‌ക്കാരം, പ്രണയവേപഥു, ആണ്‍-പെണ്‍ ബന്ധങ്ങളിലെ വികടത്വം, ആഴങ്ങളിലെ വിഷാദം, മനസ്സുകളെ മഥിക്കുന്ന മാന്ത്രികത അതിന്റെ അയഥാര്‍ത്ഥ യാഥാര്‍ത്ഥ്യം- മാര്‍ക്വിസ് Until August -ല്‍ വായനക്കാരെ സ്പര്‍ശിച്ചിരിക്കും. വികാരോജ്ജ്വലമായ സ്പര്‍ശം തന്നെ. പുസ്തകവും ഇറങ്ങിയതേയുള്ളൂ എന്നതിനാല്‍ മാര്‍ക്വിസിന്റെ ചെറുനോവലിലെ മിസ്റ്ററി  ഇവിടെ കളയാനുദ്ദേശിക്കുന്നില്ല.

തുടക്കവും ഒടുക്കവും മാര്‍ക്വിസിയന്‍ തന്നെ. തീര്‍ച്ചയായും ഒരു ചോദ്യം ഉയരാം. മാര്‍ക്വിസിനെ തിരയാനാണോ ഈ നോവല്‍ വായിക്കുന്നത്. ആരാധകര്‍ക്ക് അങ്ങനെ തന്നെയാകണം, അവര്‍ കലഹിക്കാന്‍ പോകുന്നതും 'ആഗസ്റ്റ് വരെ' എന്ന മരണാനന്തരം പ്രസിദ്ധീകരിച്ച കൃതിയില്‍ മാര്‍ക്വിസ് എത്രയെന്നാകണം. വേറെയൊരു നോട്ടവുമാകാം. സ്മൃതിക്ഷയം ബാധിക്കാന്‍ തുടങ്ങിയിട്ടും തന്റെ ഏറ്റവും വിലപ്പെട്ട എഴുത്തുപകരണമായ ഓര്‍മ ഇടയ്ക്കിടെ കൈപ്പിടിയില്‍ നിന്നും തെന്നുമ്പോഴും അസാധാരണമായ പ്രണയാനുഭവവും സ്ത്രീയുടെ സ്വത്വാവിഷ്‌ക്കാരവും എത്ര ഉദ്വേഗജനകമായാണ് ഇതില്‍ പ്രതിപാദിക്കുന്നത്.

അത്ഭുതസിദ്ധി വാക്കുകളിലൂടെ പ്രവഹിക്കുകയല്ലാതെ മറ്റെന്താണ്. ഒരുപക്ഷേ, എഴുത്തുകാരുടെ രചനയെ മറ്റു വൈജ്ഞാനിക ദിശകളില്‍ നിന്നും സൂക്ഷ്മം പഠിക്കാവുന്നതാണ്.  സ്മൃതിക്ഷയത്തിലും അതിനെ മറികടന്നുക്കൊണ്ട് ഭാവന നടത്തുന്ന വിളയാട്ടം. മസ്തിഷ്‌ക്കത്തിന്റെ ഏതേതോ ഭാഗങ്ങളിലെ ചേതനയാണ് ക്ഷയോന്മുഖതയെ പ്രതിരോധിക്കുന്നത്. വായനയിലെ ആനന്ദം ഈ കൃതി സുലഭമായി തന്നെ പകരുന്നുണ്ട്. വായനയ്ക്കായുള്ള ആദ്യപ്രേരണ ഇതു തന്നെയല്ലേ. എഴുത്തിലെ ജീവിതം അനുഭവവേദ്യമാകുന്നത് അനുഭവങ്ങളെ വേറിട്ടൊരു നോട്ടത്തിലൂടെ പരിചരിക്കുമ്പോഴാണ്. മാര്‍ക്വിസ് പുരാതന പ്രമേയമായ പ്രണയത്തെ സമീപിക്കുന്നതും അങ്ങനെ തന്നെ. കോളറക്കാലത്തെ പ്രണയത്തെ ഏതോനിലയില്‍ ഇതനുസ്മരിപ്പിക്കും.

ഓര്‍മക്ഷയത്തിലും മാര്‍ക്വിസ് പുലര്‍ത്തുന്ന ചില സൂക്ഷ്മതകള്‍ തെല്ലൊന്നു അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. വസ്ത്രധാരണത്തെക്കുറിച്ചുള്ള വിശദാംശങ്ങളില്‍. ഭക്ഷണത്തിന്റെ ക്രമീകരണങ്ങളില്‍. ഹോട്ടല്‍ മുറിയുടെ വിശദീകരണത്തില്‍. കഥാപാത്രാവിഷ്‌ക്കാരത്തില്‍. ശരീരഗന്ധത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍. ഇതൊക്കെ ഓര്‍മയുടെ സ്രോതസ്സില്‍ നിന്നും തിരിച്ചെടുക്കുന്നതാണ്. ഇതു പറയുമ്പോള്‍ 'ആഗസ്റ്റ് വരെ' യുടെ ലഘുചിത്രം വരയ്ക്കാതിരിക്കാന്‍ പറ്റില്ല. എങ്കിലും ഇതില്‍ ചിതറിക്കിടക്കുന്ന ഗൂഢാത്മകതയുണ്ട്. അത് വിവരിക്കുന്നുമില്ല. അന്ന മഗ്ദലീന ബാക് എന്നാണ് 'ആഗസ്റ്റ് വരെ' എന്ന കൃതിയിലെ കേന്ദ്രകഥാപാത്രത്തിന്റെ പേര്. അവര്‍ ഒരു ദ്വീപിലേക്ക് സ്ഥിരമായി വന്നുകൊണ്ടിരിക്കുന്നു. എല്ലാ വര്‍ഷമുള്ള ആവര്‍ത്തിച്ചുള്ള വരവിനെ പറ്റി ആഖ്യാനത്തില്‍ ചിലയിടങ്ങളില്‍ ഓര്‍മപതറുന്നതിനാലുള്ള ആവര്‍ത്തനമുണ്ട്. അമ്മയുടെ ശവകൂടീരത്തില്‍ പൂക്കള്‍ അര്‍പ്പിക്കാനാണ് ദ്വീപ് വര്‍ഷന്തോറും സന്ദര്‍ശിക്കുന്നത്. എന്തുകൊണ്ട് അമ്മ ഈ ദ്വീപില്‍ തന്നെ അടക്കം ചെയ്യാന്‍ തിരഞ്ഞെടുത്തുവെന്നത് അതിശയമായി തുടരുന്നു.സംഗീതജ്ഞരാണ് അന്ന മഗ്ദലീന ബാക്കിന്റെ കുടുംബത്തില്‍. ഭര്‍ത്താവ് സംഗീതജ്ഞന്‍. മകന്‍ മറ്റൊരു സംഗീതജ്ഞന്‍. മകളും സംഗീതത്തില്‍ പ്രാവീണ്യമുള്ളവള്‍. അവള്‍ക്ക് പ്രണയമുണ്ട് എങ്കിലും അവള്‍ കര്‍മലീത്താ മഠത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നു. അതില്‍ അന്ന ഖിന്നയാണ്. ഓരോ തവണയും സ്വന്തം അമ്മയുടെ ശവകൂടീരത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കാന്‍ വരുമ്പോള്‍ ആ വര്‍ഷം നടന്നതത്രയും അമ്മയോട് പറയും. മകള്‍ മഠത്തില്‍ ചേരാന്‍ പോകുന്നത് അന്ന അമ്മയോട് പറയുന്നുണ്ട്. ജീവിതത്തിന്റെ തരളതയില്‍ നിന്നുള്ള വിടവാങ്ങലാണോ എന്നവര്‍ സംശയിക്കുന്നു. ജീവിതത്തിലെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഏതൊരു നഷ്ടബോധമാണ് അന്നയെ അമ്മയെ തേടി പുരാതനത്വമാര്‍ന്ന ദ്വീപിലേക്കെത്തിക്കുന്നത്.  ദ്വീപില്‍ നിന്നും കണ്ടെത്തുന്ന ഒരു രാത്രിയിലേക്കുള്ള അജ്ഞാത കാമുകനുമായുള്ള രതിസംയോഗത്തിലൂടെ തനിക്ക് തന്നെ അജ്ഞാതമായിരിക്കുന്ന നഷ്ടത്തിന്റെ നിഗൂഢതയെ അറിയാനാണ് അന്ന മഗ്ദലീന ബാക് ശ്രമിക്കുന്നത്. അത് ശരീരത്തിന്റെ തന്നെ പര്യവേക്ഷണമാകുന്നു.

ശരീരത്തിന്റെ നഗ്‌ന ലാവണ്യമായി രതി ഇതില്‍ ആനന്ദകരമാകുന്നു. ജനപ്രിയ നോവലുകളിലെ ലൈംഗിക പ്രതിപാദനത്തിന്റെ സവിശേഷതകളെ ചേര്‍ത്തുകൊണ്ട് ഷണറുകളെ മറികടക്കുന്നുമുണ്ട് 'ആഗസ്റ്റ് വരെ' എന്ന ലഘുനോവലില്‍. രതിലീലകള്‍ക്ക് ഒടുവില്‍ അവള്‍ ശരീരം മാത്രം നല്‍കാന്‍ വിധിക്കപ്പെട്ടവളാകയാണോ എന്ന പ്രശ്‌നവും ഉയര്‍ത്തുന്നുണ്ട്. അപമാനകരമാണ് സ്ത്രീക്കത്. ആണ്‍കുടിലത- അത് മാര്‍ക്വിസില്‍ പുതിയതല്ല- 'ആഗസ്റ്റ് വരെ' എന്ന ആഖ്യാനത്തിലും പ്രതിപാദ്യമാകുന്നു. തന്മയെ തന്നെയാണ് സംയോഗങ്ങളില്‍ സമര്‍പ്പിക്കുന്നതും എന്നിട്ടും ഇതിനെങ്ങനെ വിലയിടുന്നുവെന്നും അന്നയ്ക്ക് അറിയായ്കയുണ്ട്. ഒരു ഉപാധികളുമില്ലാത്ത സ്‌നേഹപരിചരണങ്ങളിലും പുരുഷന്‍ ഒരകല്‍ച്ച നിലനിര്‍ത്തുന്നുണ്ടോ. വഞ്ചനാപരമായ അകല്‍ച്ച. സ്പര്‍ശനത്തില്‍ ഒരു വിടവ്? രതിയില്‍ അന്ന മഗ്ദലീന സ്വയം അപകര്‍ഷപ്പെടാന്‍ താല്പര്യപ്പെടുന്നില്ല. അന്ന തന്നിലെ പ്രാചീനമായ സഹജബോധത്തെ ഉണര്‍ത്തിയാണ് വിശദീകരണത്തിനുമപ്പുറമുള്ള ആനന്ദലീലയില്‍ മുഴുകുന്നത്. വന്യമായ ശക്തിയെ തരളമായ വികാരത്തിനു കീഴ്‌പ്പെടുത്തുകയാണ്. അന്നയുടെ രതിസംയോഗങ്ങളും കാമുകനില്ലാതെ അതൃപ്തമായി പോകുന്ന രാവുകളും അവരുടെ സ്വകീയമായ വിഷാദത്തെ അനുഭവപ്പെടുത്തുന്നു.

പാശ്ചാത്യ സംഗീതശില്പങ്ങളും സംഗീതജ്ഞരും ലോക ക്ളാസ്സിക് രചനകളും ആഖ്യാനത്തില്‍ ഇടകലരുന്നു. അന്നയുടെയും കുടുംബത്തിന്റെയും ലോകത്തില്‍ സംഗീതം നിറഞ്ഞുനില്‍ക്കുന്നതാണ്. എന്നാല്‍ ദ്വീപിലെ  ഭക്ഷണശാലകളില്‍ അന്ന മഗ്ദലീന ശ്രവിക്കുന്ന സംഗീതം മറ്റൊരു ലയം കലര്‍ന്നതാണ്. അതില്‍ അപ്രാപ്യമായ അനുഭവതീവ്രതയെയും ആനന്ദകരമായ ആകാംക്ഷയെയും ഒടുക്കം അവശേഷിപ്പിക്കാന്‍ പോകുന്ന വിഷാദത്തെയും ലയിപ്പിക്കുന്നു.

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് | PHOTO: WIKI COMMONS
'ആഗസ്റ്റ് വരെ'യില്‍  പ്രതിപാദ്യമാകുന്ന  ദ്വീപിലേക്കുള്ള ആദ്യയാത്രയില്‍ (ഇതിനുമുമ്പും അന്ന ദ്വീപില്‍ വന്നിട്ടുണ്ട്) വായിക്കാനായി കൈയില്‍ കരുതുന്നത് ബ്രാം സ്റ്റോക്കരുടെ ഡ്രാക്കുളയാണ്. കൊപ്പോളയുടെ ദൃശ്യാവിഷ്‌ക്കാരത്തെക്കുറിച്ചും അന്ന മഗ്ദലീന നിരീക്ഷിക്കുന്നുണ്ട്. അന്ന മഗ്ദലീന നല്ല വായനക്കാരിയായിരുന്നുവെന്നു പറയുന്നുണ്ട്. അന്ന പിന്നീട് വായിച്ചത് ലഘുനോവലുകളാണ്. അതും പല ഷണറുകളില്‍ ഉള്‍പ്പെടുന്നത്- കിഴവനും കടലും, ലാസറിലോ ഡി ടോര്‍മസ്, അജ്ഞാതന്‍ (അന്യന്‍). മാര്‍ക്വിസ് ഓര്‍മയില്‍ നിന്നും കണ്ടെത്തുന്ന ലഘുനോവലുകള്‍ അതിന്റെ ശില്പപരമായ ആഖ്യാന സവിശേഷതയെ സൂചിപ്പിക്കാനാണോ. ഈ ചിന്തയുടെ പ്രതിഫലനം Until August -നേടി ശില്പഘടനയിലുമുണ്ടോ. ഗ്രഹാം ഗ്രീനിന്റെ മിനിസ്ട്രി ഓഫ് ഫിയറും പരാമര്‍ശിക്കപ്പെടുന്നുണ്ട്.

Until August -ലെ ഒരു മാര്‍ക്വിസിയന്‍ സന്ദര്‍ഭം വിവരിക്കാതെ തരമില്ല. അന്ന വലിയൊരു തിരിച്ചറിവുമായി ദ്വീപിന്റെ ദരിദ്രമായ അയല്‍പക്ക വീടുകളുള്ള ഇടതൂര്‍ന്ന വീഥികളിലൂടെ നടക്കവേ ഒരു സഞ്ചാരിയായ മാന്ത്രികന്റെ ടെന്റില്‍ ചെന്നുകയറുന്നുണ്ട്. തന്റെ കാണികളുടെ മനസ്സുകളില്‍ നിശ്ശബ്ദമായി പാടുന്ന സംഗീതമേതാണോ അത് അയാള്‍ക്ക് തന്റെ സാക്‌സോഫോണില്‍ വായിക്കാനാകും. അന്ന മഗ്ദലീന ഒരിക്കലും അതില്‍ പങ്കെടുക്കാന്‍ ധൈര്യപ്പെടുമായിരുന്നില്ല എങ്കിലും അന്ന മാന്ത്രികനോട് ചോദിച്ചു തന്റെ കിനാവിലെ അയാള്‍ എവിടെയാണെന്ന്. 

മാന്ത്രികന്‍ കൃത്യമായ അവ്യക്തതയോടെ (accurate imprecision) പറഞ്ഞു: 'നിങ്ങള്‍ ആഗ്രഹിക്കുന്നിടത്തോ അല്ലെങ്കില്‍ നിങ്ങള്‍ വിശ്വസിക്കുന്നത്ര ദൂരത്തോ അല്ല' ഒടുവില്‍ ദ്വീപില്‍ നിന്നും അമ്മയുടെ ബാക്കിയായ എല്ലിന്‍ കഷണങ്ങളുമായി മടങ്ങുന്ന അന്നയെ അതിശയത്തോടെ നോക്കുന്ന ഭര്‍ത്താവിനോട് അന്ന പറയുന്നുണ്ട്: 'അമ്മയ്ക്കറിയാം. അമ്മയ്ക്ക് മാത്രമറിയാം. അല്ലെങ്കില്‍ തന്നെ ആ ദ്വീപില്‍ അടക്കം ചെയ്യണമെന്നു 'അമ്മ ആവശ്യപ്പെട്ടപ്പോള്‍ അമ്മയ്ക്ക് എല്ലാമറിയാമായിരുന്നു.'. അതൊരു വലിയ അറിവാണ്. ആ തിരിച്ചറിവാണ് 'പ്രണയത്തിനുമപ്പുറമുള്ള സുസ്ഥിര മരണം' എന്നത്. (അയ്മനം ജോണിന്റെ നിഷ്‌കളങ്ക എരന്ദിരയുടെ വിവര്‍ത്തനത്തില്‍ നിന്ന്).#Penpoint
Leave a comment