TMJ
searchnav-menu
post-thumbnail

Penpoint

വിശുദ്ധ വനങ്ങളുടെ ചരിത്ര ജീവിതം

17 Apr 2023   |   4 min Read
ഡോ. കെ വി സജീവൻ

ഭൂമിയുടെ ശ്വാസകോശമാണ് കാവുകൾ. വനാവശിഷ്ടങ്ങളായി പണ്ടേക്കുപണ്ടേ കേരളീയ പ്രകൃതിയിൽ കാവുകൾ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ഉത്തര കേരളത്തിൽ കാവുകളുടെ എണ്ണം വളരെ കൂടുതലാണ്. ഭൂമിയുടെ തുണ്ടുവൽക്കരണം നടക്കുന്നതിന് വളരെക്കാലം മുമ്പു മുതലേ ആരാധനയ്ക്കായി കാവുകൾ സംരക്ഷിക്കപ്പെട്ടു പോരുന്ന രീതി വടക്കൻ കേരളത്തിലുണ്ട്. തൗളവ സംസ്കൃതിയിൽ നിന്നും പകർന്നു കിട്ടിയ ഭൂതാരാധനയിൽ കാവുകൾക്ക് വലിയ പ്രാധാന്യമുണ്ട്. ആരാധനാ പ്രധാനമായ സ്ഥലങ്ങൾ എന്ന നില വിട്ട് പ്രകൃതിയുടേയും സംസ്കാരത്തിന്റേയും ഈടുറ്റ നിലങ്ങളായി കാവുകൾ രൂപാന്തരം പ്രാപിച്ചു കഴിഞ്ഞു. 'ഉത്തര കേരളത്തിലെ വിശുദ്ധ വനങ്ങൾ' എന്ന പുസ്തകം ഡോ. ഇ ഉണ്ണികൃഷ്ണൻ 1993 ൽ എഴുതുമ്പോൾ കാവുകളെക്കുറിച്ചുള്ള ഏറ്റവും നവീനമായ പഠനം എന്ന നിലയിൽ അന്ന് വളരെ ശ്രദ്ധിക്കപ്പെട്ടു. വടക്കൻ കേരളത്തിലെ സാമൂഹ്യ ജീവിതത്തിൽ ആഴത്തിൽ വേരോടാൻ തുടങ്ങിയ ചില പ്രശ്നങ്ങളെ കണ്ടെത്താനും നിർദ്ധാരണം ചെയ്യാനുമുള്ള ശ്രമമായി ഇന്ന് അത് മാറിക്കഴിഞ്ഞിരിക്കുന്നു.

മനുഷ്യനും പ്രകൃതിയും തമ്മിൽ കാലാകാലങ്ങളായി നിലനിൽക്കുന്ന ബന്ധത്തിൽ നിന്നും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചില ആശയങ്ങൾ രൂപീകൃതമാകുന്നുണ്ട്. സുസ്ഥിരമായ പ്രകൃതി പരിപാലനം മനുഷ്യജീവിതത്തിന് അത്യന്താപേക്ഷിതമാണെന്ന സങ്കല്പം പാരമ്പര്യ പാരിസ്ഥിതിക വിജ്ഞാന മേഖലയിൽ ശക്തമായി നിലനിൽക്കുന്നു. പ്രകൃതി ജീവനവുമായി ബന്ധപ്പെട്ട അറിവുകൾ, വിശ്വാസങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ ഇവയെല്ലാം പരസ്പരബന്ധിതമായിക്കിടക്കുന്ന സമൂഹത്തിന്റെ അന്വേഷണമാണ്  പാരിസ്ഥിതിക നാടോടി വിജ്ഞാനീയ (Eco FolkIore) ത്തിന്റെ പരിധിക്കുള്ളിൽ വരുന്നത്. അനുഷ്ഠാന കലകൾ, കാർഷിക ജൈവവൈവിധ്യം, പാരമ്പര്യ ജ്ഞാനങ്ങളുടെ നിലനിർത്തലും കൈമാറ്റവും ഇങ്ങനെ ഇക്കോ ഫോക്‌ലോർ മുന്നോട്ട് വെക്കുന്ന പദ്ധതികളിലൂന്നിക്കൊണ്ട് രചിക്കപ്പെട്ട മലയാളത്തിലെ ഏറ്റവും മികച്ച ഗ്രന്ഥമാണ് " ഉത്തര കേരളത്തിലെ വിശുദ്ധ വനങ്ങൾ ". കാവുകളുടെ ജനിതക സ്വഭാവം സമൂലമായി ആവിഷ്കരിക്കുന്ന ഈ പുസ്തകം ഉത്തര കേരളത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ജൈവ ഘടകങ്ങളെക്കുറിച്ചുള്ള സൂക്ഷ്മാന്വേഷണമായി പരിണമിക്കുന്നു.


Photo: Prasoon Kiran

പാരിസ്ഥിതികമായി വളരെയധികം പ്രാധാന്യമുള്ള വനാവശിഷ്ടങ്ങളാണ് കാവുകൾ. വടക്കൻ കേരളത്തിലെ ഗ്രാമങ്ങളിൽ കാവുകളില്ലാത്ത ഇടങ്ങൾ കുറവാണ്. കാവിനെ ചുറ്റിപ്പറ്റി ഒരാവാസ വ്യവസ്ഥ രൂപീകൃതമാകുന്നുണ്ട്. വായു, ജലം, മണ്ണ് എന്നിവ സംശുദ്ധിയോടെ സംരക്ഷിക്കുന്നതിൽ കാവുകൾക്ക് വലിയ പങ്കുണ്ട്. കാവുതീണ്ടിയാൽ കുളം വറ്റുമെന്നത് വിശ്വാസമല്ല, ശാസ്ത്രമാണെന്ന് ഇന്ന് ബോധ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട്. കാവുകളുടെ സംരക്ഷണത്തിനായി മനുഷ്യർ ജാഗ്രത കാട്ടിയിരുന്നതിന് അബോധാത്മകമായ പാരിസ്ഥിതിക അവബോധം കാരണമായിട്ടുണ്ടാകണം. ദൈവങ്ങളെ കുടിയിരുത്തിയും (ദൈവങ്ങൾ മാത്രമല്ല മത്സ്യങ്ങളെ ആരാധിക്കുന്ന കാവുകളും ഉത്തര കേരളത്തിലുണ്ട്. എരമത്തെ മുതുകാട്ട്കാവ് എന്ന ശാസ്താംകാവിൽ മഞ്ഞളേട്ടയെയാണ് ആരാധിക്കുന്നത്) നാഗ ശില്പങ്ങൾ സ്ഥാപിച്ചും പഴയ കാല മനുഷ്യർ  കാവുകളെ സംരക്ഷിക്കാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചുള്ള സൂക്ഷ്മാവലോകനം ഈ പുസ്തകത്തിൽ വായിക്കാം.

കാവുകൾ അതിന്റെ രണ്ടാം ജന്മത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സന്ദർഭമാണിത്. ഒരു പരിഷ്കൃത ജനത ആഗ്രഹിക്കുന്ന മട്ടിലല്ല കാവുകളുടെ പരിണാമം സംഭവിക്കുന്നതെന്ന വാസ്തവം ആരെങ്കിലും മനസ്സിലാക്കുന്നുണ്ടോ എന്നറിയില്ല. ആധുനികരെന്ന്  അഭിമാനിക്കുന്ന, നവോത്ഥാനത്തിന്റേയും സാമൂഹ്യ പരിഷ്കരണത്തിന്റേയും വലിയ പടവുകൾ താണ്ടി  ജനാധിപത്യത്തിന്റേയും സാക്ഷരതയുടേയും യുക്തിബോധത്തിന്റേയും ശാസ്ത്രജ്ഞാനത്തിന്റെയും മേഖലകളിലേക്ക് സമൂഹത്തെ വളർത്തിയ ഒരു ജനതയാണ് നാം. എന്നാൽ സാമാന്യ വിശകലനത്തിൽ, അറു പിന്തിരിപ്പനും  അയുക്തിയുടെ ആശയാവലികളാൽ വലയം ചെയ്യപ്പെട്ട വിശ്വാസ പ്രമാണങ്ങളാണ് നമ്മുടെ സമൂഹത്തെ ഭരിച്ചുകൊണ്ടിരിക്കുന്നതെന്ന്  കാവുകളെ മുൻനിർത്തിയുള്ള അന്വേഷണത്തിൽ നിന്ന് ബോധ്യപ്പെടുന്നു. അനാശാസ്യമായ പലതരം ഏർപ്പാടുകളാണ് കാവുകളിൽ അരങ്ങേറുന്നത്. മരം വെട്ടി വെളുപ്പിച്ചിടത്ത് കോൺക്രീറ്റ് നിർമ്മിതികൾ കടന്നുവരുന്നത് മാത്രമല്ല മാറ്റം. നവ ഹൈന്ദവ വാദികൾ ഇറക്കുമതി ചെയ്ത പുത്തൻ ആചാരങ്ങളും കാവുകളിൽ പിടിമുറുക്കിക്കഴിഞ്ഞിട്ടുണ്ട്. കാവിന്റെ ജൈവികവും സാംസ്കാരികവുമായ അന്വേഷണം പ്രസക്തമാകുന്നത് ഈ സന്ദർഭത്തിലാണ്. ഈ പുസ്തകം നമ്മുടെ ആലോചനകളുടെ കേന്ദ്രസ്ഥാനത്ത് വരുന്നതും അതുകൊണ്ടാണ്. 1994 ൽ ഒന്നാം പതിപ്പായി പുറത്തിറങ്ങിയ 'ഉത്തര കേരളത്തിലെ വിശുദ്ധ വനങ്ങൾ' രണ്ടാം വരവിൽ പുതിയ ദൗത്യം ഏറ്റെടുക്കുന്നു. ഇതുപോലൊരു ഗ്രന്ഥത്തിന്റെ ഒരു സാമൂഹ്യമായ ഉത്തരവാദിത്വമെന്തെന്ന് കൃത്യമായി തിരിച്ചറിഞ്ഞു കൊണ്ട്, കഴിഞ്ഞ മുപ്പതു വർഷങ്ങൾക്കിടയിൽ കേരളീയ സമൂഹത്തിൽ സംഭവിച്ച വിശ്വാസ പരിണാമങ്ങളുടെ അവസ്ഥയെന്ത് എന്ന്  വസ്തുനിഷ്ഠമായി രേഖപ്പെടുത്തിക്കൊണ്ടാണ്, ഒരുപക്ഷേ ശാസ്ത്രലേഖനങ്ങളുടെ സമാഹാരമായി ശുഷ്കമായി പോകുമായിരുന്ന "വിശുദ്ധ വനങ്ങൾ " നമ്മുടെ വായനയെ സമൃദ്ധമാക്കുന്നത്.




മൂന്ന് ഭാഗങ്ങളിലായിട്ടാണ് കാവുകളുടെ ചരിത്രവും ശാസ്ത്രവും പരിണാമവും വിവരിക്കുന്നത്. കാവും സംസ്കാരവും, കാവും പരിസ്ഥിതിയും, കേരളത്തിലെ കാവുകൾ എന്നീ ഭാഗങ്ങളിൽ കാവിന്റെ ജൈവസ്വരൂപത്തെ നിർണ്ണയിക്കുന്ന ഉപശീർഷകങ്ങൾ നൽകി വിശദീകരിക്കുന്നു. അനുബന്ധമായി നൽകുന്ന ഫോട്ടോകൾ കാവുകൾക്ക് സംഭവിക്കുന്ന മാറ്റങ്ങളെ അടയാളപ്പെടുത്താൻ പോന്നവയുമാണ്. കാവുകളുടെ പച്ചപ്പിൽ മാത്രം വ്യാമുഗ്ധമാകുന്ന ക്യാമറക്കണ്ണുകൾ അതിന്റെ ചരിത്രപരമായ ബാധ്യത ഏറ്റെടുത്തു കൊണ്ട് ചില മുന്നറിയിപ്പുകൾ നമുക്ക് നൽകുന്നു.

ഉത്തര കേരളത്തിലെ കാവുകൾക്ക് രണ്ട് തരത്തിൽ പ്രസക്തിയുണ്ട്. അവ ആരാധനാ കേന്ദ്രങ്ങളും പാരിസ്ഥിതിക പ്രാധാന്യമുള്ള ഇടങ്ങളുമാണ്. രണ്ടും ഒരേ പോലെ പരിഗണിച്ചു കൊണ്ടാണ് മനുഷ്യർ കാവുകളെ കൈകാര്യം ചെയ്തിരുന്നത്. പാരിസ്ഥിതിക വിവേകത്തെക്കുറിച്ചുള്ള ആധുനിക ധാരണകൾ പിറവിയെടുക്കും മുമ്പ് തന്നെ അത് കൃത്യമായി തിരിച്ചറിഞ്ഞ ജനതയാണ് കാവുകളെ പരിപാലിച്ചു പോന്നിരുന്നത്. ജൈവവൈവിധ്യത്തെ നിലനിർത്തുക എന്നതിന് ആളുകൾ വലിയ പ്രാധാന്യം നൽകിയിരുന്നു. കാവിന്റെ നിലനില്പിനെ മുൻനിർത്തിയുണ്ടാക്കുന്ന കഥകളിലെല്ലാം പ്രകൃതിസംരക്ഷണം മുഖ്യ പാഠമായി വരുന്നത് കാണാം. തെയ്യങ്ങളുടെ ഉൽപത്തി കഥകളിലും അനുബന്ധ ചടങ്ങുകളുടെ വിവരണങ്ങളിലും പ്രകൃതി തന്നെ പ്രധാനം.


ഡോ. ഇ ഉണ്ണികൃഷ്ണൻ | Photo: Facebook

കാവുകളെക്കുറിച്ചുള്ള ഉണ്ണികൃഷ്ണന്റെ അന്വേഷണങ്ങൾ പാരിസ്ഥിതിക ഘടകങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. വിശ്വാസത്തിലധിഷ്ഠിതമായ ഗ്രാമ ജീവിതത്തെ ഉത്തര കേരളത്തിലെ കാവുകൾ എങ്ങനെയാണ് സ്വാധീനിച്ചതെന്ന അന്വേഷണം സാമൂഹ്യ ചരിത്രത്തിൽ ഇതേവരെ ഇത്ര കൃത്യമായി രേഖപ്പെടുത്തിയതായി അറിവില്ല. ഉണ്ണികൃഷ്ണൻ അതീവ സൂക്ഷ്മതയോടെയാണ് ആ കൃത്യം നിർവ്വഹിക്കുന്നത്. കാവുകളെ ചുറ്റിപ്പറ്റി നിൽക്കുന്ന  ഐതിഹ്യങ്ങൾ, അവയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, കെട്ടിയാടപ്പെടുന്ന തെയ്യങ്ങളും കാവുകളും തമ്മിലുള്ള ജൈവ ബന്ധം, പുതിയ കാലത്ത് കാവുകളെ ക്ഷേത്രങ്ങളാക്കാൻ മിനക്കിട്ട് നടക്കുന്ന ശ്രമങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ, ആര്യവൽക്കരണത്തിന്റെ മറപറ്റി നശിപ്പിക്കപ്പെടുന്ന പ്രകൃതി വിഭവങ്ങളെക്കുറിച്ചും ജന്തുജാലങ്ങളെക്കുറിച്ചുള്ള സൂചനകൾ ഇങ്ങനെ സമൂഹത്തിന്റെ ശ്രദ്ധ പതിയേണ്ടുന്ന അനവധി കാര്യങ്ങൾ ഈ ഗ്രന്ഥത്തെ മികവുറ്റതാക്കുന്നു.



Photo: Prasoon Kiran

കാവുകളെക്കുറിച്ചുള്ള പഠനത്തിൽ അതിന്റെ പാരിസ്ഥിതികമായ വഴക്കങ്ങൾ പ്രധാനമാണ്. ഉത്തര കേരളത്തിലെ വിശുദ്ധ വനങ്ങളിൽ ഇന്നും കാണപ്പെടുന്ന വൃക്ഷലതാദികളെക്കുറിച്ച് പട്ടികപ്പെടുത്തിയുള്ള വിവരണങ്ങൾ ഈ പുസ്തകത്തിൽ കാണാം. ഒരു ബോട്ടാണിസ്റ്റിന്റെ സ്പർശമുള്ള എഴുത്താണത്. പരിസ്ഥിതി സന്തുലനം മുൻനിർത്തിയുള്ള ഒരു ജൈവവ്യവസ്ഥ എങ്ങനെയാണ് കാവുകളെ ചുറ്റിപ്പറ്റി രൂപം കൊള്ളുന്നതെന്ന് ഈ പുസ്തകം ഒരു ശാസ്ത്രജ്ഞന്റെ ജ്ഞാന വഴക്കത്തോടെ പകർന്നു തരും. കാവുകളിൽ അധിവസിക്കുന്ന പക്ഷികൾ, ചെറു മൃഗങ്ങൾ, പൂമ്പാറ്റകൾ, കീടങ്ങൾ, അവയുടെ ശാസ്ത്രനാമ സഹിതം നമുക്കിവിടെ വായിക്കാം. ഔഷധസസ്യങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും ശ്രദ്ധിക്കേണ്ടതാണ്.
ഒരു ഫോക്‌ലോറിസ്റ്റിന്റെ വിവരണം മാത്രമായി ഉത്തര കേരളത്തിലെ വിശുദ്ധ വനങ്ങൾ പരിമിതപ്പെടുന്നില്ല എന്ന് പറയുന്നത് അതുകൊണ്ട് കൂടിയാണ്. ഫോക്‌ലോർ പഠനങ്ങൾ പലതും പഴങ്കഥകളുടെ വിവരണങ്ങളായി ചുരുങ്ങുന്നതായിട്ടാണ് കണ്ടിട്ടുള്ളത്. ഫോക്‌ലോറിസ്റ്റിന്റെ രാഷ്ട്രീയ ബാധ്യത എന്താണെന്ന തിരിച്ചറിവ് ഈ ഗ്രന്ഥത്തെ കാലികമാക്കുന്നുണ്ട്.

ഉത്തര കേരളത്തിലെ നൂറുകണക്കിന് കാവുകളിലേക്ക് നിരന്തര സഞ്ചാരം നടത്തുകയും അവയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളെ ശാസ്ത്രീയവും സാമൂഹ്യ ശാസ്ത്രപരവുമായ സൈദ്ധാന്തിക സമീപനങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കുകയും ചെയ്യുന്നത് എളുപ്പപ്പണിയല്ലല്ലോ. മറ്റാരും കൈവെയ്ക്കാത്ത ഈ മേഖലയിൽ തൊണ്ണൂറുകളിലാണ് ഉണ്ണികൃഷ്ണൻ തന്റെ ധിഷണയെ വ്യാപരിപ്പിക്കുന്നത്. രണ്ടായിരത്തി ഇരുപത്തിമൂന്നാകുമ്പോഴേക്കും മുമ്പ് പ്രവചിച്ച പലതും അക്ഷരാർത്ഥത്തിൽ ഫലിച്ചിരിക്കുന്നു. പുതിയ പതിപ്പ് അങ്ങനെയുള്ള മാറ്റത്തെക്കൂടി അടയാളപ്പെടുത്തുന്നു. കേരളത്തിലെ കാവുകൾ, ശബരിമലയുടെ പഴക്കം, മല്ലിയോട്ട്കാവിലെ മാപ്പിള വിലക്ക്, ബബിയ - മരണാനന്തരം തുടങ്ങിയ ലേഖനങ്ങൾ സമീപകാല സാംസ്കാരിക ചർച്ചാ വിഷയങ്ങളായി തുടരുന്നവയാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചർച്ചകളും തുടർന്നുകൊണ്ടിരിക്കുന്ന കേരളീയ ജീവിത പരിസരത്തെ ഒരു ഇക്കോ ഫോക്‌ലോറിസ്റ്റിന്റെ വീക്ഷണകോണിലൂടെ നോക്കാനുള്ള ധൈഷണിക പരിശ്രമങ്ങളാണ് ഈ ലേഖനങ്ങൾ. ചരിത്രത്തിൽ വേരുകളില്ലാത്ത സംഗതികൾ കെട്ടിയേല്പിച്ച് വർത്തമാനജീവിതത്തെ കലുഷിതമാക്കാൻ ശ്രമിക്കുന്ന മനുഷ്യരുടെ മുന്നിലാണ് മല്ലിയോട്ട് കാവിന്റെ ചരിത്ര ജീവിതം അനാവൃതമാകുന്നത്. ചീങ്കണ്ണികളുടെ ഗ്രാമ ജീവിതത്തിന്റെ പാരിസ്ഥിതിക ചരിത്രത്തെ മുൻനിർത്തിയാണ് അനന്തപുരം ക്ഷേത്രത്തിലെ മുതല പുരാണത്തിന്റെ വസ്തുതകൾ ചികയുന്നത്. മരണാനന്തരം വാഴ്ത്തപ്പെടുന്ന ബബിയ മുതലയുടെ ജീവിതത്തിലൂടെ കേരളത്തിലെ കുളങ്ങളിലും കായലുകളിലും വിഹരിച്ചിരുന്ന മുതലകൾക്ക് പിൽക്കാലത്ത് എന്ത് സംഭവിച്ചു എന്ന് അന്വേഷിക്കുന്നു. പുസ്തകത്തിന്റെ വർത്തമാനകാല പ്രസക്തി ഊട്ടിയുറപ്പിക്കാൻ ഈ കുറിപ്പുകൾ കാരണമാകുന്നു.


Photo: Prasoon Kiran

കാവിനെ ചുറ്റിപ്പറ്റി നിലനിന്ന ഗ്രാമ ജീവിതത്തിന്റെ പഴങ്കഥകൾക്ക് ഇന്ന് വലിയ പ്രസക്തിയില്ല. എങ്കിലും ആധുനിക സന്ദർഭത്തിൽ നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതികവും സാമൂഹികവുമായ ചില പ്രശ്നങ്ങളെ നിർണ്ണയിക്കാനും പരിഹാരത്തിനുള്ള പുതിയ വഴികൾ തുറക്കാനുമുള്ള താക്കോലുകളായി വിശുദ്ധ വനങ്ങളെ പരിഗണിക്കാമെന്ന തോന്നലാണ് ഈ പുസ്തകം മുന്നോട്ട് വെക്കുന്നത്. ഗോത്ര ജീവിതത്തിന്റെ അവശേഷിപ്പുകളായ, പല മത സമ്പർക്കങ്ങളാൽ പുഷ്കലമായ ആചാരാനുഷ്ഠാനങ്ങൾ മുഴുവനും ഏക മതത്തിന്റെ വേലിക്കെട്ടിനുള്ളിലേക്ക് ഒതുക്കി നിർത്താൻ പുതിയ ഹിന്ദുത്വം കൊണ്ടു പിടിച്ച ശ്രമം നടത്തുന്ന കാലത്ത് ആശയപരമായ പ്രതിരോധം തീർക്കാൻ ഈ പുസ്തകത്തിന് കഴിയുമെന്ന്  കരുതുന്നു. എഴുത്തുകാരന്റെ അത്യധ്വാനം ഏറെ വിലപ്പെട്ടതായി നാം മനസിലാക്കുന്നതും ആ രാഷ്ട്രീയ ബോധ്യത്താലാണ്.


#Penpoint
Leave a comment