TMJ
searchnav-menu
post-thumbnail

Penpoint

നിങ്ങളുടെ ഇഷ്ടമാണോ സാഹിത്യ മേന്മയുടെ മാനദണ്ഡം?

17 Oct 2025   |   9 min Read
സുജീഷ്

2026ലെ സാഹിത്യഭാവുകത്വത്തെയും മേന്മയെയും പറ്റിയുള്ള ആലോചന 1811ലെ ഒരു കൃതിയിൽ നിന്നു തുടങ്ങുന്നതിൽ ഔചിത്യമില്ലായ്മ തോന്നിയേക്കാം, എന്നാൽ സാഹിത്യം ഒരു കാലത്ത് നേരിട്ട അതേ വിഷയത്തിലേക്കുള്ള മടങ്ങിപ്പോക്ക് പ്രകടമാകുമ്പോൾ അത് സ്വാഭാവികവുമാണ്. 1811ൽ ‘സെൻസ് ആൻഡ് സെൻസിബിലിറ്റി’ എന്ന നോവൽ പ്രസിദ്ധീകരിക്കപ്പെടുമ്പോൾ ജെയ്ൻ ഓസ്റ്റെൻ സൂക്ഷ്മമായി അതിൽ ഉൾച്ചേർത്തിരുന്നത് യുക്തിബോധത്തിനുമേൽ അതിവൈകാരികതയെ സ്ഥാപിക്കുന്ന സാമൂഹികപ്രവണതയ്ക്കു നേരെയുള്ള വിമർശനം മാത്രമല്ല, നിലനിന്നിരുന്ന സാഹിത്യത്തോടുള്ള വിമർശനം കൂടിയായിരുന്നു. പ്രധാന കഥാപാത്രങ്ങളായ എലിനോറിൻ്റെയും മരിയാന്നെയുടെയും സ്വഭാവസവിശേഷതകളാണ് നോവലിൻ്റെ പേരായി വന്നതെങ്കിലും, ആ പേരിൽ പോലും ആത്മസംയമനവും വികാരത്തള്ളിച്ചയും തമ്മിൽ നിലനിൽക്കുന്ന പിരിമുറുക്കം വ്യക്തമാക്കാൻ അവർക്കായി. കണ്ണീരൊലിപ്പിക്കുന്ന നായികമാർക്കും അവരുടെ അമിതാവേശങ്ങൾക്കും വെമ്പലുകൾക്കും പകരം ജെയ്ൻ ഓസ്റ്റെൻ മറ്റൊരു സാധ്യത കൂടി മുന്നോട്ടുവെച്ചു: എടുത്തുചാട്ടത്തിനു ബദലായി സാമർത്ഥ്യത്തെ, വികാരത്തള്ളിച്ചയ്ക്ക് ബദലായി വിരോധാഭാസത്തെയും. ഒരു നൂറ്റാണ്ടിനു ശേഷം ജെയ്ൻ ഓസ്റ്റെൻ്റെ നോവലുകളെ മുൻനിർത്തിക്കൊണ്ട് വിർജീനിയ വൂൾഫ് എഴുതിയ ലേഖനത്തിൽ ഓസ്റ്റെൻ തൻ്റെ നായികമാരുടെ ‘സഹൃദയഭാവത്തെ കൊന്നത്’ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇതൊരു വിമർശനനിരീക്ഷണം എന്നതിനെക്കാൾ സാഹിത്യത്തിൽ ജെയ്ൻ ഓസ്റ്റെൻ നടത്തിയ മാറ്റത്തിനായുള്ള ഇടപെടലായാണ് വിർജീനിയ വൂൾഫും പിൽക്കാല സാഹിത്യചരിത്രവും വ്യക്തമാക്കുന്നത്.

ഒരു സാഹിത്യസൃഷ്ടി വായനക്കാരെ വൈകാരികമായി എങ്ങനെ ബാധിക്കുന്നു എന്നതിനെ മുൻനിർത്തി മാത്രം ഓരോ പുസ്തകത്തിൻ്റെയും മൂല്യം വിലയിരുത്തപ്പെടുന്ന കാലത്ത്, ഭാവുകത്വത്തെപ്പറ്റിയുള്ള ആലോചനയിൽ ജെയ്ൻ ഓസ്റ്റെൻ ഓർമ്മിക്കപ്പെടുന്നത് സ്വാഭാവികം. ഇക്കാലത്ത് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ആഘോഷിക്കപ്പെടുന്ന പുസ്തകങ്ങൾ വിലയിരുത്താൻ ആളുകൾ പ്രയോഗിക്കുന്ന വാക്കായ ‘കണക്റ്റായി’ എന്നതിൻ്റെ ലക്ഷണം ഈ വൈകാരികബാധയാണല്ലോ. 

ജെയ്ൻ ഓസ്റ്റെൻ | PHOTO: WIKI COMMONS

ഒരു കൃതിയോട് വൈകാരികമായി വായിക്കുന്നയാൾക്ക് എങ്ങനെയാണ് താദാത്മ്യം പ്രാപിക്കാനാകുന്നത് എന്നതിൻ്റെ അടിസ്ഥാനത്തിലാണ് ആസ്വദിക്കുന്നയാളുടെ ഭാവുകത്വനില നിർണ്ണയിക്കപ്പെടുന്നത്. ഏറ്റവും കൂടുതൽ ആളുകളുമായി വൈകാരികമായ അടുപ്പം സ്ഥാപിക്കാൻ സാധിക്കുന്ന കൃതിയാകുമോ അങ്ങനെയെങ്കിൽ മികച്ച സാഹിത്യസൃഷ്ടി എന്നതാണ് ഇവിടെ ഉയരാനിടയുള്ള ചോദ്യം. വൈകാരിക അടുപ്പം സാഹിത്യസൃഷ്ടിയുമായി ഇടപഴകാൻ പ്രധാന ഘടകമായിരിക്കുമ്പോൾ തന്നെ ഈ അടുപ്പത്തിനു സഹായകമായ വികാരം ഉത്തേജിതമാകുന്നത് ഏതൊക്കെ തരത്തിലുള്ള മനോവ്യാപാരങ്ങളിലൂടെയാണ് എന്നതാണ് പ്രധാനം. ക്ലാസിക്കുകളായി നിലനിൽക്കുന്ന കൃതികളുടെ പ്രധാന സവിശേഷത വികാരമുണർത്തുക എന്നതിനൊപ്പം ചിന്തയുടെ അനേകാർത്ഥ/വ്യാഖ്യാന സാധ്യതകൾക്കു കൂടി അവ ഇടം നൽകുന്നുണ്ടെന്നതാണ്. 

ജെയ്ൻ ഓസ്റ്റെൻ്റെ നോവലുകളിൽ നമുക്ക് നോവ് അനുഭവപ്പെടുന്ന നിമിഷങ്ങൾ മാത്രമല്ല, നമ്മെ വെല്ലുവിളിക്കുന്ന ഘടകങ്ങളും ഉൾച്ചേർന്നിരിക്കുന്നു. അങ്ങനെ വരുമ്പോൾ ചോദ്യം സാഹിത്യത്തിലെ വികാരത്തെപ്പറ്റിയല്ല അത് എപ്പോഴും അവിടെയുണ്ട്, ഇനിയും ഉണ്ടാകുകയും ചെയ്യും വെറും വികാരത്തിൻ്റെ പുറത്താണോ നമ്മൾ ഒരു സാഹിത്യസൃഷ്ടിയെ മികച്ചതായി കണക്കാക്കുന്നത് എന്നതാണ്. മരിയാന്നെയെ പോലെ അഭിനിവേശത്തെ ആഴമായി തെറ്റിദ്ധരിക്കുന്നവരാണോ നമ്മൾ? വൈകാരികമായി എങ്ങനെ ബാധിക്കുന്നു എന്നതിനപ്പുറം നമ്മളിലുണ്ടാക്കുന്ന ഉൾക്കാഴ്ചയും ബോധവും പുനർചിന്തയും മുൻനിർത്തി കലയുടെ മേന്മ നിർണ്ണയിക്കുന്ന എലിനോർ ആകുന്നുണ്ടോ നമ്മൾ? വികാരത്തെ മാത്രം പരിഗണിക്കുമ്പോൾ സാഹിത്യത്തിൻ്റെ പ്രധാനപ്പെട്ട ഒരു ശേഷിയെ നമ്മൾ കണ്ടില്ലെന്നു നടിക്കുന്നു. സാഹിത്യസൃഷ്ടി വികാരബാധ മാത്രമല്ല, മാറ്റത്തിനുള്ള ചാലകം കൂടിയാണ്.

'സെൻസ് ആൻഡ് സെൻസിബിലിറ്റി' എന്ന നോവൽ | PHOTO: WIKI COMMONS

ദാർശനികവും സൗന്ദര്യശാസ്ത്രപരവുമായുള്ള സംവാദങ്ങളിൽ എക്കാലവും നിലനിന്നിരുന്ന സംജ്ഞയാണ് ഭാവുകത്വം. വൈകാരികവും സദാചാരപരവുമായ തലങ്ങളിൽ നിന്നും സൗന്ദര്യാത്മകമായ സംവേദനതലത്തിലേക്കും സാംസ്കാരികമായ അന്തരീക്ഷത്തെ മുൻനിർത്തിയുള്ള വിശകലനങ്ങളിലേക്കുമുള്ള മാറ്റത്തിനു വിധേയമാക്കപ്പെട്ട ഒരു പ്രയോഗം കൂടിയാണ് സാഹിത്യചരിത്രത്തിൽ ഭാവുകത്വം.

സാഹിത്യസൃഷ്ടിയുടെ മേന്മയെ വായിക്കുന്ന ആളുടെ ഇഷ്ടത്തെ മാത്രം മുൻനിർത്തി വിലയിരുത്തുന്ന പ്രവണത എക്കാലത്തെയും പോലെ ഇക്കാലത്തും നിലനിൽക്കുന്നുണ്ട്. സാഹിത്യചരിത്രത്തിനുമേലുള്ള നോട്ടത്തിൻ്റെ അപര്യാപ്തത കൂടിയാണ് ഇത് വെളിവാക്കുന്നത്. ഇഷ്ടമെന്നത് ആസ്വാദകൻ്റെ അഭിരുചിയുടെയും അനുഭവപരിസരത്തിൻ്റെയും പശ്ചാത്തലത്തിൽ അയാളിൽ സാധ്യമാകുന്ന ആത്മനിഷ്ഠമായ വിലയിരുത്തലാണ്. സാഹിത്യസൃഷ്ടിയുടെ മികവ് ആകട്ടെ എഴുത്തിലെ നൈപുണ്യത്തെ കൂടി മുൻനിർത്തി വിലയിരുത്തപ്പെടേണ്ടതാണ്. ഇവ തമ്മിലുള്ള ബന്ധം എല്ലായിപ്പോഴും ആനുപാതികമായിക്കൊള്ളണമെന്നില്ല. 

ഇഷ്ടവും മികവും തമ്മിലുള്ള അതിർവരമ്പ് നേർത്തതാണെങ്കിലും ഏത് ഭാവുകത്വത്തെ തൃപ്തിപ്പെടുത്തുന്ന കൃതിയായാലും ആ കൃതി പണിക്കുറ്റമറ്റതാണോ എന്ന പരിശോധനയാണ് മികവിൻ്റെ പ്രധാന മാനദണ്ഡം. സാഹിത്യസൃഷ്ടിയോടുള്ള ആസ്വാദകരുടെ വൈകാരികമായ അടുപ്പമാണ് ഇഷ്ടം നിർണ്ണയിക്കുന്നതെങ്കിൽ എഴുത്താളുടെ എഴുത്തുകലയിലെ സൂക്ഷ്മതയും ശ്രദ്ധയും തഴക്കവും സാഹിത്യസൃഷ്ടിയിൽ എവ്വിധം പ്രകടമാകുന്നു എന്നതാണ് മികവിൻ്റെ അടിസ്ഥാനമാകുന്നത്. മികച്ച സാഹിത്യസൃഷ്ടി നിങ്ങൾ ഇഷ്ടപ്പെടണമെന്നില്ല. നിങ്ങൾ ഇഷ്ടപ്പെടുന്ന സാഹിത്യസൃഷ്ടി, മികച്ചതാകണമെന്നും നിർബന്ധമില്ല.

ഡേവിഡ് ഹ്യൂം | PHOTO: WIKI COMMONS

ഭാവുകത്വനിർണ്ണയത്തിൻ്റെ അടിത്തറ സംവേദനക്ഷമതയാണ്. എന്താണ് മികച്ച ഭാവുകത്വം എന്ന തോന്നലാകട്ടെ ധാർമ്മികതയും സദാചാരവുമായി കെട്ടുപിണഞ്ഞിരിക്കാനുള്ള സാധ്യതയും ഏറെയാണ്. മറ്റൊന്നിൻ്റെ അവസ്ഥയോടും സൗന്ദര്യാനുഭൂതിതലങ്ങളോടും വൈകാരികമായി സമ്പർക്കം സ്ഥാപിക്കുമ്പോൾ അതിലെ ‘നല്ലത്’ നിർണ്ണയിക്കപ്പെടുന്നത് പ്രാഥമികതലത്തിൽ യുക്തിവിചാരങ്ങളിലൂന്നിയല്ല. ഡേവിഡ് ഹ്യൂം അടക്കമുള്ള ദാർശനികർ ചൂണ്ടിക്കാണിച്ച പോലെ മനുഷ്യപ്രവർത്തികളോടുള്ള വൈകാരിക പ്രതികരണത്തിലൂടെയാണ് സംവേദനക്ഷമത നിർണ്ണയിക്കപ്പെടുന്നത്. ധാർമ്മികധാരണകൾ പ്രചരിപ്പിക്കാനുതകുന്ന ശക്തമായ ആയുധമായി സാഹിത്യത്തെ കാണാൻ ആദം സ്മിത്തിനെ പോലെയുള്ള ചിന്തകർക്ക് കാരണമായതും സാഹിത്യസൃഷ്ടികൾക്കുള്ള വൈകാരികതയിലൂന്നിയ സംവേദനക്ഷമതയായിരുന്നു. വികാരതീവ്രത കൂടുതലുള്ള സാഹിത്യസൃഷ്ടികൾ ജനപ്രിയമാകുന്നതിനും കാരണം മറ്റൊന്നുമല്ല.

പ്രൊപ്പഗണ്ട അഥവാ ആശയപ്രചരണത്തിനു ഇണങ്ങുന്ന മാർഗ്ഗം എന്ന നിലയിൽ സാഹിത്യം അതിൻ്റെ ശക്തി കാണിക്കുന്നതും വൈകാരികതയിലൂന്നിയ സംവേദനക്ഷമതയെ മുൻനിർത്തിയാണ്. ഇക്കാര്യം പരിഗണിക്കുമ്പോൾ സാഹിത്യത്തിനു സാധ്യമാകുന്ന ഈ സ്വാധീനശേഷി ഏതുതരം ആശയപ്രചരണമാണ് നടത്തുന്നത് എന്നതിനെ മുൻനിർത്തിയാണ് മികച്ച ഭാവുകത്വം ഏതെന്ന് നിർണ്ണയിക്കപ്പെടാനിടയുള്ളത്. അതാത് കാലത്തെ ജനപ്രീതിയുള്ള മൂല്യങ്ങൾ പിൻപറ്റുന്ന സദാചാരബോധത്തെ തൃപ്തിപ്പെടുത്തുന്നുണ്ടോ തങ്ങളോട് സംവേദനക്ഷമത പുലർത്തുന്ന സാഹിത്യസൃഷ്ടികൾ എന്നതാണ് ഈ വിലയിരുത്തലിൻ്റെ പൊതു മാനദണ്ഡം. ഇന്നത്തെ കാലത്ത്, പരമ്പരാഗത സദാചാരം ‘പൊളിറ്റിക്കൽ കറക്റ്റ്നസ്സ്’ അഥവാ രാഷ്ട്രീയശരി കൊണ്ട് പുനഃസ്ഥാപിക്കപ്പെടുന്നുണ്ട്. അങ്ങനെ രാഷ്ട്രീയശരി നോക്കി മാത്രം കൃതിയുടെ മൂല്യം നിർണ്ണയിക്കപ്പെടുന്ന പ്രവണതയും കൂടുന്നു.

ഭരതമുനിയിൽ തുടങ്ങി അഭിനവഗുപ്തനിലൂടെ വളർന്ന രസാസ്വാദനത്തിലൂന്നിയ ഭാരതീയ ചിന്തകളിലും കലാസൃഷ്ടികളെ വിലയിരുത്തുന്നതിൽ ആനന്ദാനുഭൂതിയ്ക്ക് തന്നെയാണ് പ്രാധാന്യം. ഭരതമുനിയിൽ നിന്നും അഭിനവഗുപ്തൻ ചെന്നെത്തുന്ന നിരീക്ഷണം സൗന്ദര്യാത്മക രസം വൈയക്തികവും ആത്മനിഷ്ഠവുമായി മാത്രം ഒതുങ്ങുന്ന വികാരമല്ല മറിച്ച് സാർവ്വലൗകികമായ അനുഭവമായി മാറാനും അവയ്ക്ക് ശേഷിയുണ്ട് എന്നാണ്. ഏതുതരം വികാരമാണോ ഒരു മനുഷ്യനിൽ ഉരുവംകൊള്ളുന്നത് അതേ വികാരം ഓരോ മനുഷ്യനിലും സാധ്യമാണെന്ന അഭിനവഗുപ്തൻ്റെ നിരീക്ഷണം ഇന്നും സാധുതയുള്ളതാണ്.

രസാനുഭവം ഒരേ വികാരത്തിൻ്റെ സാമൂഹിക യോജിപ്പല്ല; മറിച്ച് വ്യക്തിഗത വികാരങ്ങൾ സാമാന്യമായ രൂപത്തിൽ അനുഭവപ്പെടുന്ന ഒരു ആന്തരിക അനുഭവമാണ്. അതിനാൽ, ഒരുകൂട്ടം ആസ്വാദകർ യോജിപ്പിലെത്തുന്ന ഒരേ വികാരത്തിൻ്റെ മനോനിലയാണ് ഒരു പ്രത്യേക കലാസൃഷ്ടിയിലൂടെ കലാനുഭവം എന്ന് കരുതാനാകില്ല. ഇന്നത്തെ കലാസൃഷ്ടികളിൽ നിറം, ലിംഗം, സ്വത്വം തുടങ്ങിയ വിഷയങ്ങൾ രാഷ്ട്രീയബോധത്തോടൊപ്പം ഉയർന്നുവരുമ്പോൾ, ആസ്വാദനത്തിൽ വ്യത്യസ്ത വികാരപ്രതികരണങ്ങൾ ഉണ്ടാകുന്നു. ഉദാഹരണത്തിന്, നിറത്തെയും ലിംഗത്തെയും പലവിധ സ്വത്വങ്ങളെയും പരാമർശിച്ചുകൊണ്ടുള്ള ഫലിതങ്ങൾ ആ വിഭാഗത്തിൽപ്പെടുന്ന രാഷ്ട്രീയജാഗ്രതയുള്ള മനുഷ്യരിലും അതിൽ പെടാത്ത മനുഷ്യരിലും ഉണ്ടാക്കുന്ന വികാരങ്ങൾ ഒന്നല്ല. പലപ്പോഴും പരസ്പരവിരുദ്ധവുമാണ്. രാഷ്ട്രീയശരിയും തെറ്റും കലാസ്വാദനത്തിൽ നടത്തുന്ന ഇത്തരം ഇടപെടലുകൾക്കു കൂടി ഇടം നൽകിക്കൊണ്ടാണ് ഭാവുകത്വത്തിൻ്റെ വിലയിരുത്തലും അതിനെ മുൻനിർത്തിയുള്ള സാഹിത്യസൃഷ്ടിയുടെ മൂല്യനിർണ്ണയവും സാധ്യമാകുകയുള്ളൂ. ആസ്വദിക്കുന്നവയാളുടെ ഇഷ്ടത്തെ മുൻ നിർത്തിയുള്ള ഭാവുകത്വത്തിൽ കേന്ദ്രീകരിച്ചുള്ള വിലയിരുത്തൽ കലയുടെ മൂല്യനിർണ്ണയത്തിൽ അവലംബിക്കാവുന്ന കൃത്യതയുള്ള അളവുകോലല്ല എന്നു വരുന്നത് ഇവ്വിധമാണ്.

ഓരോ കാലത്തെയും അടയാളപ്പെടുത്തുന്ന പ്രധാന ഭാവുകത്വത്തെ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊള്ളാനും അവയിൽ നിന്നും മുന്നോട്ടുസഞ്ചരിക്കുന്ന സവിശേഷതകൾ എന്താകുമെന്ന തിരിച്ചറിവും അതാതു കാലത്തെ എഴുത്തുകാർക്ക് ഉണ്ടായിരിക്കേണ്ടതുണ്ട്. ‘ലിറിക്കൽ ബല്ലാർഡി’ന് എഴുതിയ ആമുഖത്തിൽ വില്യം വേർഡ്സ്വെർത്ത് കവിതയെ ‘പ്രബലമായ വികാരങ്ങളുടെ നൈസർഗ്ഗികമായ കവിഞ്ഞൊഴുകൽ’ എന്നു വിശേഷിപ്പിച്ചതിനെ മുൻനിർത്തി മാത്രമാണ് പലപ്പോഴും കാൽപ്പനിക കവിതയും അതിൻ്റെ ഭാവുകത്വവും വിലയിരുത്തപ്പെട്ടത്. പിൽക്കാലത്ത് കാല്പനികത ഒരു നിലവാരം കുറഞ്ഞ ഭാവുകത്വലക്ഷണമായിപ്പോലും വിലയിരുത്തപ്പെടാൻ തുടങ്ങി. 

വില്യം വേർഡ്സ്വെർത്ത് | PHOTO: WIKI COMMONS

ഭാവുകത്വത്തിൻ്റെ ജനാധിപത്യവത്കരണത്തിനുള്ള അന്തരീക്ഷം ഒരുക്കുന്നതിൽ കാൽപ്പനിക കവികൾ വഹിച്ച പങ്കാണ് ഇക്കാലത്തു നിന്നുനോക്കുമ്പോൾ കാൽപ്പനിക കവിതയുടെ പ്രധാന നേട്ടവും മാറ്റവുമെന്നും നിരീക്ഷിക്കാനാകും.
സാധാരണ മനുഷ്യർക്കും അഗാധമായ വൈകാരികാനുഭവങ്ങളുണ്ടെന്നും അവയുടെ ആവിഷ്കരണത്തിനായി അവരുടെ വ്യവഹാരഭാഷയിൽ കവിത സാധ്യമാണെന്നുമുള്ള ഭാവുകത്വത്തെ മുന്നോട്ടുവെക്കുകയായിരുന്നു വേർഡ്സ്വെർത്തിനെ പോലെയുള്ള കാൽപ്പനികകവികൾ. സമൂഹികമാറ്റത്തിലേക്ക് നയിക്കാൻ കെൽപ്പുള്ള വിപ്ലവസ്വഭാവമുള്ള ഊർജ്ജമായി കാവ്യഭാവുകത്വത്തെ പെഴ്സി ബിഷ് ഷെല്ലി നിരീക്ഷിച്ചതും ഇതിനോട് ചേർത്തുകാണേണ്ടതുണ്ട്.

ചങ്ങമ്പുഴ കൃഷ്ണപിള്ള സ്വാംശീകരിച്ചെടുത്ത കാൽപ്പനിക കവിതയുടെ സ്വഭാവ സവിശേഷതകളിലൂടെ കാൽപ്പനികതയെ അറിഞ്ഞ മലയാളികൾക്ക് എസ്. ജോസഫിലെ കാൽപ്പനിക ഭാവുകത്വം എളുപ്പത്തിൽ പിടികിട്ടിയില്ല എന്നതിന് ഒരു കാരണം കാൽപ്പനികതയെ അതിവൈകാരികതയിലൂന്നിയ വർണ്ണനകളിൽ മാത്രം ചുരുക്കിക്കാണാൻ ഇടയായതാകാം. സാധാരണ മനുഷ്യൻ്റെ ഭാഷയിൽ സാധാരണ മനുഷ്യൻ്റെ അനുഭവങ്ങളും വികാരങ്ങളും ആവിഷ്കരിക്കുക വഴി എസ്. ജോസഫ് കാൽപ്പനിക ഭാവുകത്വത്തിൻ്റെ ചില സ്വഭാവസവിശേഷതകൾ പ്രകടമാക്കിയപ്പോൾ അദ്ദേഹത്തിൻ്റെ ദളിത് അനുഭവപരിസരം ആ കാൽപ്പനിക ഭാവുകത്വത്തിൻ്റെ ജനാധിപത്യസ്വഭാവത്തിന് അധികമാനം നൽകി.

കാൽപ്പനിക കവിതയ്ക്കൊപ്പം പ്രബലമായ ഗോഥിക് സാഹിത്യമാകട്ടെ വികാരതീവ്രതയെ ഭയം, അമാനുഷികത എന്നിവയിലേക്ക് കൊണ്ടുചെന്നു. കാൽപ്പനിക ഭാവുകത്വത്തിൻ്റെ വികാരതീവ്രതയുടെ ഇരുണ്ട വശം വെളിപ്പെടുത്തുന്ന വിധത്തിൽ എഡ്ഗർ അലൻ പോയുടെ കൃതികളും മേരി ഷെല്ലിയുടെ ഫ്രാങ്കെൻസ്റ്റീനും ചേർന്ന് ഉന്മാദത്തിൻ്റെയും സംഹാരത്തിൻ്റെയും ഒരു ലോകം വെളിപ്പെടുത്തി. ഈ ഭാവുകത്വത്തോട് വിയോജിപ്പുള്ള യാഥാർത്ഥ്യവാദികളായ എഴുത്തുകാർ വികാരത്തോടൊപ്പം ആത്മസംയമനത്തോടെ ഇടപെടുന്ന മനുഷ്യരെയും അതല്ലെങ്കിൽ തീവ്രവികാരങ്ങൾ കൊണ്ടുനടന്നു വലിയ തകർച്ചയിലേക്ക് പതിക്കുന്ന അന്ന കരീനീനയെ പോലെയുള്ള കഥാപാത്രങ്ങളെയും സൃഷ്ടിക്കുകയായിരുന്നു ഇക്കാലങ്ങളിൽ. ഫ്ലോബേറിൻ്റെ മദാം ബോവറി, ബൽസാകിൻ്റെ യൂജിനി ഗ്രാൻഡെറ്റ്, ദസ്തയേവ്‌സ്കിയുടെ കഥാപാത്രങ്ങൾ എന്നിവ ഉദാഹരണങ്ങൾ.

ചങ്ങമ്പുഴ കൃഷ്ണപിള്ള | PHOTO: WIKI COMMONS

മലയാളിയുടെ ഭാവുകത്വം പ്രധാനമായും ജന്മിത്തവ്യവസ്ഥയോട് യോജിച്ചോ വിയോജിച്ചോ രൂപപ്പെട്ടവയാണ്. ക്ഷയിച്ചുതുടങ്ങുന്ന തറവാടുകളും അവയുടെ പരാധീനതകളും ആവിഷ്കരിക്കപ്പെടുമ്പോൾ അവയെ ചരിത്രപരമായ വിലയിരുത്തലിനുള്ള സാധ്യതയായും ചരിത്ര സന്ദർഭത്തെ മാറ്റിനിർത്തി മനുഷ്യാവസ്ഥയോടുള്ള സഹാനുഭൂതിയായി മാത്രം വിലയിരുത്താനുള്ള സാധ്യതകളും നിലനിന്നു. വികാരവും ബോധവും തമ്മിലെന്ന മട്ടിലുള്ള ഉലച്ചിൽ മലയാളസാഹിത്യ പരിസരത്ത് അഭിസംബോധന ചെയ്യപ്പെടുമ്പോൾ,  ജന്മിത്തവ്യവസ്ഥകളോട് വിമർശനാത്മക സമീപനമാണോ അനുകൂല സമീപനമാണോ കൈക്കൊള്ളുന്നതെന്ന ചോദ്യം കൂടി അതിൽ ഉൾച്ചേരുകയുണ്ടായി.

നിലനിൽക്കുന്ന ഭാവുകത്വത്തിലെ അതിവൈകാരികതയെ കഥാപാത്രങ്ങളിലൂടെയല്ലാതെ മറ്റൊരു ഭാവുകത്വം കൊണ്ടും സൗന്ദര്യദർശനം കൊണ്ടും ശക്തമായി നേരിടുന്നത് ആധുനിക സാഹിത്യമാണ്. ‘ഇന്ദ്രിയബോധങ്ങളുടെ ക്രമംതെറ്റിക്കൽ’ വഴി ലോകത്തെ മറ്റൊരു രീതിയിലൂടെ നോക്കിക്കാണാൻ കവിതയിലൂടെ സാധിക്കുമെന്ന ആർതർ റാങ്ങ്ബോയുടെ ചിന്തയും ബോധധാരാസങ്കേതത്തിൽ എഴുതപ്പെട്ട ജെയിംസ് ജോയിസ്, വിർജീനിയ വൂൾഫ്, മാർസൽ പ്രൂസ്റ്റ് തുടങ്ങിയ എഴുത്തുകാരുടെ നോവലുകളും ആധുനികതയുടെ പ്രധാന രീതികളിൽ ചിലതായിരുന്നു. കേവലം പറച്ചിൽ എന്നതിനെയും കവിഞ്ഞുനിൽക്കുന്ന ആഖ്യാനരീതികളിലൂടെ വായനക്കാരുടെ ഇടപെടൽ കൂടുതലായി ആവശ്യപ്പെട്ടു. വൈകാരികാനുഭവം എന്നതിനപ്പുറത്തേക്ക് വായനക്കാരന് തങ്ങളുടെ ചിന്താശേഷി കൂടുതലായി ഉപയോഗിക്കേണ്ടി വരുന്ന ബൗദ്ധികവ്യായാമമായി വായന എന്ന പ്രവൃത്തിയെ മാറ്റിയെടുക്കുന്ന ഭാവുകത്വങ്ങളായിരുന്നു ആധുനിക സാഹിത്യ സൃഷ്ടികളുടേത്. ജെയിംസ് ജോയ്‌സിൻ്റെ യുലീസ്സെസ് ഒരു ഉദാഹരണം.

ടി. എസ്. എലിയറ്റ് കാൽപ്പനിക കവിതയുടെ അതിവൈകാരിക സ്വഭാവത്തെയും വ്യക്തിപരതയിലൂന്നിയ സമീപനത്തെയും വിമർശനത്തിനു വിധേയമാക്കി. വൈയക്തികമായ വികാരങ്ങളുടെ കുത്തഴിച്ചുവിടലല്ല കവിതയിലൂടെ സാധ്യമാക്കേണ്ടത് മറിച്ച് കേവലവികാരത്തിൽ നിന്നും വ്യക്തിപരതയിൽ നിന്നുമുള്ള പുറത്തുചാടലാണ് സാധ്യമാക്കേണ്ടതെന്ന് അദ്ദേഹം സമർത്ഥിച്ചു. ആഴമേറിയ വൈയക്തികാനുഭവത്തിൽ നിന്നുമാണ് മഹത്തായ കവിതയുണ്ടാകുന്നത് എന്നത് തെറ്റായ വിശ്വാസമാണെന്നും സാഹിത്യമേന്മ പ്രകടമാകുന്നത് മനോവികാരങ്ങളെ അഴിച്ചുവിടുന്നതിലൂടെയല്ല, മറിച്ച് വികാരങ്ങളില്‍ നിന്നുള്ള രക്ഷപ്പെടലാണ് കവിത എന്നും അദ്ദേഹം വ്യക്തമാക്കി. 
കവിത വ്യക്തിത്വത്തിന്റെ ആവിഷ്‌ക്കാരമല്ല, വ്യക്തിത്വത്തില്‍ നിന്നുള്ള പലായനമാണ്. എലിയറ്റിന്റെ വീക്ഷണത്തില്‍ കവിത വ്യക്തിത്വത്തില്‍നിന്ന് രക്ഷപ്പെട്ട് ദേശപാരമ്പര്യത്തില്‍ ലയിക്കുകയാണ്. വികാരങ്ങൾ നേരേചൊവ്വേ പറയുകയല്ല, മറിച്ച് വസ്തു ബിംബങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും പ്രതിരൂപങ്ങളിലൂടെയും അനുഭവവേദ്യമാക്കുകയാണു വേണ്ടതെന്നും അതാണു ഫലപ്രദമായ രീതിയെന്നും  objective correlative എന്ന സങ്കൽപ്പത്തിലൂടെ അദ്ദേഹം നിർദേശിച്ചു. രചനാതന്ത്രങ്ങളിലും പാരമ്പര്യ-ചരിത്രസന്ദർഭങ്ങളിലും ഉണ്ടായിയിരിക്കേണ്ട ധാരണകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഭാവൂകത്വനിലയിലേക്ക് നയിക്കുകയായിരുന്നു എലിയറ്റ്. ഒരു കലാരൂപമെന്ന നിലയിൽ, നൈപുണ്യത്തിൽ കേന്ദ്രീകൃതമായി സാഹിത്യത്തിൻ്റെ മികവ് നിർണ്ണയിക്കുന്നതിലേക്ക് നയിക്കുന്ന വീക്ഷണമായി ഇത് ക്രമേണ വികസിക്കുന്നത് കാണാം. ആധുനിക സാഹിത്യത്തിൽ എലിയറ്റിന്റെ വീക്ഷണം പാരമ്പര്യബോധത്തെയും രചനാനൈപുണ്യത്തെയും ഒരുപോലെ പ്രാധാന്യമർഹിക്കുന്ന ഭാവുകത്വനിലയിലേക്ക് നയിച്ചു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ ആദ്യ ഇരുപതിയഞ്ചു വർഷങ്ങൾ പിന്നിടുമ്പോൾ, വൈകാരികതയിലൂന്നി സാഹിത്യമേന്മ നിർണ്ണയിക്കുന്നതിലേക്കുള്ള തിരിച്ചുപോക്കാണു പ്രകടമാകുന്നത്. രചനാതന്ത്രപരമായ മികവ്, രൂപപരവും ആഖ്യാനപരവുമായ കെട്ടുറപ്പ്, ശൈലീപരവും ഭാവനാപരവുമായ മൗലികത, പുതിയമട്ടിലുള്ള ആവിഷ്കരണത്തിനായുള്ള ശ്രമങ്ങൾ എന്നിങ്ങനെ ഒരു സാഹിത്യസൃഷ്ടിയുടെ മികവിൻ്റെ മാനദണ്ഡമാകാനിടയുള്ള കാര്യങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് വൈകാരികബാധയും ആൾക്കൂട്ട ഇഷ്ടങ്ങളും മികവിൻ്റെ മാനദണ്ഡമായി വിലയിരുത്തപ്പെടുന്നു. എഴുത്തിൻ്റെ മികവിനു നൽകുന്ന പുരസ്കാരങ്ങളിൽപ്പോലും ഇതിൻ്റെ സ്വാധീനം പ്രകടമായിരിക്കുന്നു.

ടി. എസ്. എലിയറ്റ് | PHOTO: WIKI COMMONS

സാഹിത്യത്തിൽ വൈകാരികതയ്ക്ക് ഇടമില്ല എന്നല്ല ഈ പ്രവണത വിമർശിക്കപ്പെടുന്നതിൻ്റെ അർത്ഥം. വൈകാരികബാധ ഒരു ലക്ഷ്യമായി കാണാത്ത കൃതിയ്ക്ക് പോലും ആളുകളെ വൈകാരികമായി ബാധിക്കാൻ ആയേക്കും. അതേസമയം വായനയിലൂടെ മനുഷ്യർ സഞ്ചരിച്ചുണ്ടായ ഭാവുകത്വ വ്യതിയാനങ്ങൾ വഴി നമ്മൾ കരസ്ഥമാക്കിയ ചിന്താശേഷിയും ബൗദ്ധിക സത്യസന്ധതയുമാണ് ഇത്തരം കൃതികൾ മാത്രം ആഘോഷിക്കപ്പെടുന്ന സാഹചര്യത്തിൽ വെല്ലുവിളി നേരിടുന്നത്. ഇന്ത്യയിലും മറ്റനേകം ദേശങ്ങളിലും സമീപകാലത്ത് വർദ്ധിച്ച ആൾക്കൂട്ടാക്രമണങ്ങളുടെ കാര്യം തന്നെയെടുത്താൽ അവയെല്ലാം തന്നെ കേവലവൈകാരികതയിൽ നിന്നുളവാകുന്ന വികാരപ്രകടനത്തിൻ്റെ ഭാഗമാണെന്നു കാണാം. സ്വന്തം അനുഭവത്തെയും വൈകാരികനിലയെയും വിമർശനാത്മമായി സമീപിക്കാനുള്ള മാനസികനില കൈവരിക്കാൻ സഹായകമായ ഒരു ഭാവുകത്വപരിസരമായിരുന്നു ആധുനിക, ഉത്തരാധുനിക സാഹിത്യത്തിൻ്റേത്. ഈ ഭാവുകത്വത്തിൽ നിന്നുള്ള വ്യതിയാനം കേവലവൈകാരികതയിലേക്കുള്ള തിരിച്ചുപോക്കാവുന്നതാണ് വിമർശിക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതും.

ഭാ­ഷാ­ന­ന്തര കാ­ല­ത്ത് ഉപയോഗിച്ചുപഴകി വാക്കുകളിൽ നിന്നും അവ ഉൽപ്പാദിപ്പിച്ചിരുന്ന വൈകാരികോർജ്ജവും പുതുമയും ചോർന്നുപോയിരിക്കുന്നു. ഭാഷ പു­ത്ത­നാ­യി­രു­ന്ന കാ­ല­ത്ത് വാ­ക്കു­ക­ളി­ലൂ­ടെ തീ­വ്ര­മാ­യി അനു­ഭ­വ­പ്പെ­ട്ട വി­കാ­ര­ങ്ങൾ ഇന്ന് പല വാ­ക്കു­ക­ളി­ലും ഇല്ല. അതിനാൽത്തന്നെ സവിശേഷമായ അനുഭവത്തെ പഴയമട്ടിൽ ആവിഷ്കരിച്ചതുകൊണ്ട് അനുഭവവേദ്യമാകുന്നില്ല എന്നതാണ് സമകാലീന മനുഷ്യൻ്റെ ഭാഷാപരമായ ഒരു പ്രതിസന്ധി. ഈ പ്രതിസന്ധിയെ പലമട്ടിൽ പുതിയകാല എഴുത്തുകാർക്ക് നേരിടേണ്ടതായിട്ടുണ്ട്. ഇക്കാര്യത്തിൽ താരതമ്യേന ആയാസരഹിതമായ ഒരു തന്ത്രം പഴയകാല സാഹിത്യാനുഭവങ്ങളുടെ ഓർമ്മ തങ്ങളുടെ രചനകളിലൂടെ പുനർജ്ജനിപ്പിക്കുക എന്നതാണ്. 

വൈലോപ്പിള്ളി ശ്രീധരമേനോൻ | PHOTO: WIKI COMMONS

വൈലോപ്പിള്ളി ശ്രീധരമേനോൻ 1936-ൽ എഴുതിയ ‘മാമ്പഴം’ എന്ന കവിതയുടെ വൈകാരികതയും ഭാവുകത്വവും പിൻപറ്റുന്ന കവിതയായി വിലയിരുത്താവുന്ന റഫീഖ് അഹമ്മദിൻ്റെ ‘തോരാമഴ’ ആഘോഷിക്കപ്പെടാനിടയായ സാഹചര്യം ഇത്തരത്തിൽ വിലയിരുത്താവുന്നതാണ്. ഒരു കാലത്ത് മികച്ചതെന്ന് വിലയിരുത്തപ്പെട്ട രചനകളുടെ ഓർമ്മയെ പിൻപറ്റുന്ന സാഹിത്യസൃഷ്ടികൾക്ക് വളരെ എളുപ്പത്തിൽ മികച്ച രചനകളെന്ന പൊതുഅഭിപ്രായം ലഭ്യമാകാൻ ഇടയുണ്ട്. എന്നാൽ, സാഹിത്യസൃഷ്ടിയുടെ മേന്മയുടെ അളവുകോലുകളിലൊന്ന് മികവിൻ്റെ ലക്ഷണമായി സ്ഥാപിതമായ ഭാവുകത്വത്തെ മാറ്റത്തിനു വിധേയമാക്കുകയാണ്. മികച്ചത് എന്ന തോന്നൽ മേൽപ്പറഞ്ഞ സാഹചര്യത്തിൽ രൂപപ്പെടുന്നത് ഇങ്ങനെയല്ല താനും.

എഴുത്തിൻ്റെ ‘നേര്’ എന്ന സങ്കൽപ്പത്തെ എഴുതുന്നയാളുടെ അനുഭവമാണോ ആവിഷ്കരിച്ചിരിക്കുന്നത് എന്നതിലേക്ക് ചുരുക്കിക്കാണുന്ന പ്രവണതയും വർദ്ധിച്ചിരിക്കുന്നു. അത്തരം അനുഭവസൃഷ്ടികൾക്ക് കൂടുതൽ പ്രചാരം ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. എഴുതുന്നയാൾ മുന്നോട്ടുവെക്കുന്ന സ്വാനുഭവം മികവിൻ്റെ മാനദണ്ഡമാകുമ്പോൾ മൗലികതയുമായും രചനാവൈദഗ്ദ്ധ്യവുമായും ബന്ധപ്പെട്ട ആലോചനകൾ അനാവശ്യമാകുന്നു. സമീപകാലത്ത് റൂപി കൗറിനെ പോലെയുള്ള കവികൾ ആഘോഷിക്കപ്പെട്ടതിൻ്റെ അടിസ്ഥാനവും ഇതാണ്. മലയാളത്തിൽ നിലവിൽ കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളിലേറെയും ഇങ്ങനെയുള്ള കൃതികളാണെന്നും കാണാം. സ്വാനുഭവത്തിനു മേലുള്ള ആലോചനയോ വിമർശനാത്മകമായ സമീപനമോ അല്ല മറിച്ച് അനുഭവത്തെ അതേപടി പകർത്തിയോ എന്നതാണ് ഇത്തരം എഴുത്തുകൾക്ക് പൊതുവെ അടിസ്ഥാനമാകുന്നത്. സമൂഹമാധ്യമങ്ങളടക്കം ഇത്തരം കൃതികളുടെ ആഘോഷത്തിനു വലിയ അന്തരീക്ഷം ഒരുക്കി നൽകുകയും ചെയ്യുന്നു. എന്നാൽ ഇതിൽ ഉൾച്ചേർന്നിരിക്കുന്നത് കേവലാനുഭവം മാത്രമാണെന്നു വരുന്നത് തെറ്റായ പ്രവണതയിലേക്കാണ് നയിക്കുക. അനുഭവത്തെ വിശകലനബുദ്ധിയിലൂടെ സ്ഥാപിക്കേണ്ടതാണ്. അങ്ങനെയാണ് സാഹിത്യത്തിലെ നേര് വെളിപ്പെടേണ്ടത്. ആ നേരിൻ്റെ ഉറപ്പിലാണ് ദസ്തയോവ്സ്കിയുടെ കഥാപാത്രങ്ങളെ മുൻനിർത്തിയുള്ള വിശകലനത്തിനു സിഗ്മണ്ട് ഫ്രോയിഡിനെ പോലെയുള്ളവർ തയ്യാറായത്. അതേ ഉറപ്പിലാണ് തത്ത്വചിന്തകർക്ക് കവിതകൾ അസംസ്കൃതവസ്തുവാകുന്നത്.

  സിഗ്മണ്ട് ഫ്രോയിഡ് | PHOTO: WIKI COMMONS

ഒരു കൃതിയുടെ മൂല്യം കാലം തെളിയിക്കും എന്ന വാദം പ്രബലമാണ്. കാലം എന്നതുകൊണ്ട് ഇവിടെ അർത്ഥമാക്കുന്നത് ഒരു കൃതി അതെഴുതിയ കാലം മുതൽ നേരിടുന്ന വായനയെയാണ്. പണിക്കുറ്റമറ്റതാകുക എന്നതാണ് ഒരു കൃതിയുടെ അടിസ്ഥാനപരമായ മേന്മ. വിശകലന ബുദ്ധിയുപയോഗിക്കുന്ന വായനക്കാരെ നേരിടാൻ പര്യാപ്തമാണോ ഒരു കൃതിയെന്ന് ആ കൃതി പുറത്തിറങ്ങിയതിനു പിന്നാലെയുള്ള കാലയളവിൽ ലഭിക്കുന്ന ഈ വിലയിരുത്തലിൽ വ്യക്തമാകേണ്ടതുണ്ട്. കഥാപാത്രസൃഷ്ടിയിലും ആഖ്യാനതന്ത്രത്തിലും കലയുടെ യുക്തിയിലുമുള്ള പോരായ്മകൾ സാമാന്യബോധമുള്ള ഒരാൾക്ക് വായനയിൽ വെളിപ്പെടും. അടുത്ത വിലയിരുത്തലെന്നത് സാഹിത്യത്തിൻ്റെ ഭാവുകത്വമേന്‍മയുമായി ബന്ധപ്പെട്ടതാണ്, എന്തുതരം ഭാവുകത്വമാണ് കൃതി മുന്നോട്ടുവെക്കുന്നത്. ഭാഷാപരവും ശൈലീപരവുമായ പ്രത്യേകതകളെന്ത് എന്നെല്ലാം ഇതിൽ വരും. ഇവയെ അതിജീവിക്കുന്ന രചനകൾ പിൽക്കാല വായനക്കാരിലൂടെ 'സാഹിത്യത്തിൻ്റെ നേര്' എന്ന ഗുണം പ്രകടിപ്പിക്കുമ്പോൾ, അത് ഒരു പ്രത്യേക കാലത്തിനപ്പുറവും നിലനിൽക്കാൻ ശേഷിയുള്ള ഒന്നായി മാറും. ഈ പണിയെല്ലാം ചെയ്യുന്നത് മനുഷ്യരാണ്, വായനയിൽ തങ്ങളുടെ ബുദ്ധി ഉപയോഗിക്കാൻ ശീലിച്ച സാധാരണ മനുഷ്യരാണ് ഈ 'കാലം'. ഒരു പ്രത്യേക കാലപരിധിയിൽ ഒതുങ്ങാത്ത വായനക്കാരുടെ കൂട്ടത്തെയാണ് ഇത് അർത്ഥമാക്കുന്നത്. ഇത്തരം വായനക്കാർ ഇല്ലാത്ത കാലം ഒരിക്കലും മെച്ചപ്പെട്ട കൃതികളെ കണ്ടെടുക്കാനോ സംരക്ഷിക്കാനോ പോകുന്നില്ല.

ഏത് കൃതി പ്രസിദ്ധീകരിക്കണമെന്ന പ്രസാധകരുടെ തീരുമാനം, ഏത് രചന ഉൾപ്പെടുത്തണമെന്ന് പത്രാധിപസമിതിയുടെ തീരുമാനം, പുരസ്കാരം നൽകേണ്ട കൃതിയോ രചനയോ ഏതെന്ന് വിധികർത്താക്കളുടെ തീരുമാനം എന്നിവ മുതൽ ഒരു രചനയെ പറ്റി നിരൂപണം എഴുതുന്നതിലും സ്വന്തം അഭിപ്രായം വെളിപ്പെടുത്തുന്നതിലും വരെ ഓരോരുത്തർക്കും ചില തിരഞ്ഞെടുക്കൽ ആവശ്യമായി വരുന്നുണ്ട്. ചിലർ തങ്ങളുടെ ഇഷ്ടത്തെ മികവിൻ്റെ മാനദണ്ഡമാക്കുന്നു. ചിലർ തങ്ങൾക്ക് ‘അസാധ്യ’മെന്ന് തോന്നുന്ന ഒന്ന് സാധ്യമാക്കിയ എഴുത്തുമികവിനെ അംഗീകരിക്കുന്നു. ഏതുരീതിയിൽ ആയാലും വ്യക്തിപരതയെ മാറ്റി നിർത്തിയുള്ള വിലയിരുത്തൽ സാധ്യമാകാതെ വരുന്നു. ഇങ്ങനെയായിരിക്കെ സാഹിത്യമികവ് എങ്ങനെ നിർണ്ണയിക്കും എന്നതാണ് നമുക്കു മുന്നിലെ യഥാർത്ഥ വെല്ലുവിളി.

സാഹിത്യത്തിൻ്റെ മൂല്യനിർണ്ണയത്തിന് നിയതമായ മാനദണ്ഡങ്ങളില്ല എന്നതിനർത്ഥം ഒരു മാനദണ്ഡവും പാലിക്കേണ്ടതില്ല എന്നോ സാഹിത്യേതരമായ കാരണങ്ങൾ മാനദണ്ഡമാക്കാമെന്നോ അല്ല. ആത്മനിഷ്ഠമായും വസ്തുനിഷ്ഠമായതുമായി ഓരോരുത്തരും കരുതുന്ന മൂല്യനിർണ്ണയമാനദണ്ഡങ്ങളെ പരസ്പരം സംവദിക്കാനും സംഘർഷത്തിലേർപ്പെടാനും ഇടമൊരുക്കുക എന്നതാണ് പ്രധാനം. 

പുരസ്കാരനിർണ്ണയക്കമ്മിറ്റികളിൽ ഓരോ വിധികർത്താവിനും തങ്ങളുടെ വിധിനിർണ്ണയമാനദണ്ഡം വെളിപ്പെടുത്താൻ അവസരം നൽകുക. ഇങ്ങനെ ഓരോ വിധികർത്താവിൻ്റെയും വാദങ്ങളെ ഇടകലർത്തി എന്തിനു പുരസ്കാരം നൽകണമെന്ന തീരുമാനത്തിലേക്ക് കൂട്ടായി ചെന്നെത്തുക. ഈ സംവാദത്തെ പൊതുജനത്തിനു മുന്നിൽ വെളിപ്പെടുത്തിക്കൊണ്ടുള്ള പുരസ്കാരപ്രഖ്യാപനം, വിധിനിർണ്ണയത്തിലെ സുതാര്യത ഉറപ്പുവരുത്തുകയും എന്തിനുനൽകിയെന്ന കാരണത്തെ തുടർചർച്ചയ്ക്ക് വെക്കുകയും ചെയ്യുന്നു. 

ഒരു കൃതി മികച്ചതെന്നോ മോശമെന്നോ വ്യക്തമാക്കിയുള്ള അഭിപ്രായം മാത്രമല്ല, ആ കൃതിയെ സംബന്ധിച്ച ഏതുതരം അഭിപ്രായവുമായിക്കൊള്ളട്ടെ, അതിലേക്ക് തങ്ങളെ നയിച്ച കാര്യങ്ങൾ കൂടി വെളിപ്പെടുത്തുകയാണ് പ്രധാനം. ഒരു സാഹിത്യസൃഷ്ടി എങ്ങനെയെല്ലാമാണ് തങ്ങൾക്ക് അനുഭവവേദ്യമായത്, അതിൻ്റെ പ്രവർത്തനം എങ്ങനെയായിരുന്നു, അതിലേക്കു നയിക്കുംവിധത്തിലുള്ള എഴുത്താളുടെ തിരഞ്ഞെടുപ്പുകൾ എന്തൊക്കെയായിരുന്നു എന്നിങ്ങനെയുള്ള ആലോചനകളെ കൂടി അഭിപ്രായത്തോടൊപ്പം കൂട്ടിച്ചേർക്കുക എന്നത് മെച്ചപ്പെട്ട വായനാസംസ്കാരം രൂപപ്പെടുത്തുന്നതിലേക്ക് നയിക്കും. ബൗദ്ധികസത്യസന്ധതയും നീതിബോധവും സുതാര്യതയും ഉറപ്പുവരുത്തുന്നതിലേക്ക് മാത്രമല്ല ഇത് നമ്മളെ നയിക്കുക; മെച്ചപ്പെട്ട ഭാവുകത്വത്തിലേക്കുള്ള വ്യതിയാനവും സാധ്യമാകും.


#Pen point
Leave a comment