TMJ
searchnav-menu
post-thumbnail

Penpoint

നാട്ടുദൈവങ്ങളും ഹിന്ദുത്വവും; മാടന്‍ മോക്ഷം ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയം

11 Jul 2023   |   4 min Read
അമല്‍ ബി

മാതൃഭൂമി 'കാ' ഫെസ്റ്റിവലില്‍ വച്ചാണ് ജയമോഹന്റെ വര്‍ത്തമാനം ആദ്യം കേള്‍ക്കുന്നത്. രാജ്യത്തെ മതാത്മക ഭരണകൂടത്തെയും അതിന്റെ പൊള്ളത്തരങ്ങളെയും വിമര്‍ശിക്കുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള തിരിച്ചടികള്‍ ഉണ്ടായാല്‍ എങ്ങനെ പ്രതികരിക്കുമെന്ന് അവതാരകയുടെ ചോദ്യം, 'പോടാ പുല്ലേ' എന്ന് പറയുമെന്ന് ജയമോഹന്റെ മറുപടി. വര്‍ത്തമാനത്തില്‍ മാത്രമല്ല എഴുത്തുകളിലും ഇത്തരത്തില്‍ ശക്തമായ നിലപാടുകൊണ്ട് ശ്രദ്ധേയനായ ആളാണ് ജയമോഹന്‍. അടിച്ചമര്‍ത്തപ്പെടുന്ന, അരികുവത്ക്കരിക്കപ്പെടുന്ന മനുഷ്യരുടെ ഉയിര്‍പ്പിന്റെ ശബ്ദം ജയമോഹന്റെ എല്ലാ രചനകളിലും തെളിഞ്ഞു കാണാം. എഴുത്തുകാരന്റെതായി മലയാളത്തില്‍ പുറത്തിറങ്ങിയ പുതിയ നോവലാണ് മാടന്‍ മോക്ഷം. വലിയ ആവേശത്തോടെയാണ് ആദ്യദിനം തന്നെ തിരുവനന്തപുരം സ്റ്റാച്ച്യുവിലെ ഡിസി ഷോപ്പില്‍ നിന്നും കവര്‍ പൊട്ടിച്ച് ആദ്യത്തെ കോപ്പി സ്വന്തമാക്കിയത്. 

രാജ്യത്ത് എല്ലായിടത്തും ഹിന്ദുത്വം അതിന്റെ ഹിംസാത്മക അജണ്ടകളുമായി അടിത്തട്ടിലെ മനുഷ്യരെ നിര്‍ദയം കീഴ്‌പ്പെടുത്തുന്ന കാഴ്ച നാം കാണുകയാണ്. അത്തരമൊരു ഹിന്ദുത്വ പദ്ധതിയെക്കുറിച്ചാണ് മാടന്‍മോക്ഷമെന്ന നോവലില്‍ ജയമോഹന്‍ ചര്‍ച്ച ചെയ്യുന്നത്. തമിഴ്‌നാടിന്റെ ഗ്രാമീണ ജീവിതത്തില്‍ നിത്യസാന്നിധ്യമായ മാടന്‍ എന്ന തദ്ദേശിയ ദൈവവും മാടന് ആരാധനകള്‍ നടത്തുന്ന വൃദ്ധനായ അപ്പിയും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് നോവല്‍ പുരോഗമിക്കുന്നത്. തെക്കന്‍ തിരുവിതാംകൂറാണ് കഥാപശ്ചാത്തലം.

ജയമോഹന്‍ | PHOTO: FACEBOOK
പ്രകൃതിയില്‍ നിന്നും സ്വന്തം ജീവിതപരിസരങ്ങളില്‍ നിന്നുമാണ് ആദി ദ്രാവിഡ കാലം മുതല്‍ക്കെ മനുഷ്യന്‍ അവന്റെ ദൈവത്തെ കണ്ടെത്തിയിരുന്നത്. സംഘകാലത്തെ 'ഐന്തിണ' കളുടെ ദേവതകളായിരുന്ന ചേയോനും (പിന്നീട് മുരുകനായി), മായോനും (പില്‍ക്കാലത്ത് വിഷ്ണുവാക്കി മാറ്റി), കൊറ്റവൈ (ആര്യവല്‍ക്കരണം ദുര്‍ഗയായും ഭഗവതിയായുമെല്ലാം മാറ്റി) യും പോലെ മനുഷ്യര്‍ക്കിടയില്‍ നിന്നും ഉയിര്‍കൊണ്ട ദൈവമാണ് മാടന്‍. കീഴാള - ദളിത് - ദ്രാവിഡ ജനതയുടെ അരികില്‍ എല്ലാക്കാലവും ചേര്‍ന്നുനില്‍ക്കുന്ന ദൈവം. 

ഭയവും അരക്ഷിതാവസ്ഥയുമാണല്ലോ ദൈവത്തെ സൃഷ്ടിക്കുന്നത്. മനുഷ്യന് നേരിടാനാകാത്ത സന്ദര്‍ഭങ്ങളെ അതിജീവിക്കുവാനുള്ള കരുത്താണ് ദൈവം എന്ന സങ്കല്പം പകര്‍ന്നുനല്‍കുന്നത്. അകലങ്ങളിലോ ആകാശത്തിലോ ഉള്ള ദൈവത്തിന് ഇക്കാര്യത്തില്‍ പരിഹാരമോ ഉത്തരമോ കണ്ടെത്താനാകുമെന്ന് കീഴാളന്‍ കരുതുന്നില്ല. അവന്റെ ജൈവികമായ ആവാസ വ്യവസ്ഥയോട് ചേര്‍ന്ന് നില്‍ക്കുന്ന ദൈവമാണ് എക്കാലവും അടിത്തട്ടിലെ മനുഷ്യന് തുണയായിട്ടുള്ളത്. 

മാടന്‍ അങ്ങനെയാണ്. മനുഷ്യനൊപ്പം നടക്കും, മനുഷ്യനൊപ്പം ഉറങ്ങും. മനുഷ്യന്‍ തെറി വിളിച്ചാല്‍ അത് കേള്‍ക്കും, തിരിച്ചു പറയും. മാടന്‍ മദ്യം കഴിക്കും, മാംസാഹാരവും കഴിക്കും. തന്റെ ജനതയുടെ ജീവിതത്തോട് ചേര്‍ന്നാണ് മാടന്റെയും സഞ്ചാരം. ഈ വിധം ഒപ്പംചേര്‍ന്ന് നടക്കുവാനും ഇരിക്കുവാനും ഭക്ഷണം കഴിക്കുവാനും ആഗ്രഹിക്കുന്ന ദൈവം ജനതയെ കൂടുതല്‍ കരുത്തുള്ളവരും ആത്മവിശ്വാസമുള്ളവരുമാക്കി. 

അവിടേക്കാണ് ഹിന്ദുത്വം അതിന്റെ അധിനിവേശ പദ്ധതികളുമായി എത്തുന്നത്. ചാതുര്‍വര്‍ണ്യത്തിന്റെ ശ്രേണീകൃത സാമൂഹിക പരിസരത്തെ വിസ്തൃതമാക്കാനുള്ള ഹിന്ദുത്വത്തിന്റെ ശ്രമത്തിന് വിലങ്ങു തടിയാകുന്നത് മാടനെപ്പോലെ കരുത്തരായ ദൈവങ്ങള്‍ കീഴാള ജനതയ്ക്ക് കൂട്ടുള്ളതാണ്. 

ദൈവം തങ്ങള്‍ക്കു മാത്രം പ്രാപ്യമായതാണെന്ന സവര്‍ണ വാദത്തിന് തടസം നില്‍ക്കുകയാണ് മാടനെ പോലെയുള്ള പ്രാദേശിക - കീഴാള ദൈവങ്ങള്‍. ഇതിനെ അട്ടിമറിക്കേണ്ടത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രചാരണത്തില്‍ പ്രധാനപ്പെട്ട സംഗതിയാണ്. അതിനവര്‍ പല മാര്‍ഗങ്ങളും സ്വീകരിക്കും. ചിലപ്പോള്‍ അടിച്ചമര്‍ത്തും. അതിന് കഴിയാത്ത ഘട്ടങ്ങളില്‍ തന്ത്രപൂര്‍വം അനുനയിപ്പിക്കും. അനുനയ ശ്രമങ്ങളില്‍ വീണാല്‍ വേണ്ടതെല്ലാമെടുത്തശേഷം നിര്‍ദയം പുറന്തള്ളും. 


പെട്ടെന്നൊരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ വീണു കിടക്കുന്ന മാടന്‍ ശില്‍പ്പവും അതിനു സമീപത്ത് കുത്തിവെച്ച കുരിശുമാണ് നോവലില്‍ വഴിത്തിരിവാകുന്ന കഥാസന്ദര്‍ഭം. സ്വയംഭൂവായ കുരിശിനെ മതപരിവര്‍ത്തനത്തിന്റെ പ്രചാരണായുധമാക്കുന്നു ഒരു കൂട്ടര്‍. പറയര്‍ക്കു വേണ്ടിയാണ് യേശു കുരിശില്‍ കയറിയതെന്നും ആ കുരിശ് ഒരു വെള്ളാളന്‍ ഉണ്ടാക്കിയതാണെന്നുമൊക്കെയുള്ള കല്‍പ്പിത കഥകള്‍ സൃഷ്ടിക്കപ്പെടുന്നു. ജാതീകൃത ഉച്ചനീചത്വങ്ങളാല്‍ ഉരുകുകയായിരുന്ന മനുഷ്യരില്‍ ഒരുകൂട്ടം കുരിശിന്റെ വഴിയെ പോകുന്നു. മറുവശത്ത് ഇതിന്റെ അപകടവും സാധ്യതയും മനസ്സിലാക്കിയ സവര്‍ണ ഹിന്ദുത്വം അന്നോളം തങ്ങള്‍ തിരിഞ്ഞുനോക്കാതിരുന്ന മാടനെ ഏറ്റെടുക്കുന്നു. മാടന്‍ ശില്പം കിടന്നതിന് സമീപത്തെ ചേരിയില്‍ ഹിന്ദുമത പാഠശാല ആരംഭിക്കുന്നു. അവിടെ സ്വാമിജിയുടെ പ്രസംഗം തുടങ്ങുന്നത് ഏത് ജാതിയാണെങ്കിലും ഹിന്ദു ഹിന്ദു തന്നെയെന്ന് പറഞ്ഞാണ്. തുടര്‍ന്ന് മാടന്‍ പരമശിവന്റെ മകനാണെന്നുള്ള, അന്നോളം കേട്ടുകേള്‍വിയില്ലാത്തൊരു 'പുരാണ കഥ.' ഒടുവില്‍ പ്രസംഗം അവസാനിപ്പിക്കുന്നതാകട്ടെ ആരും മതം മാറരുതെന്ന അപേക്ഷയോടെ. 

മാടനും അപ്പിയും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ പലപ്പോഴും ഹിന്ദുത്വത്തിന്റെ ഈ കവര്‍ന്നെടുക്കലിനെ ജയമോഹന്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. 'താന്‍ ശിവന്റെ മോനാണോ' എന്ന അപ്പിയുടെ ചോദ്യത്തോട് തനിക്കറിയില്ലെന്നും, ശിവനും മുന്‍പ് കീഴാള ദൈവമായിരുന്നു എന്നുമാണ് മാടന്റെ മറുപടി. 

മറ്റൊരിടത്ത് മാടനും അപ്പിയും തമ്മിലുള്ള സംഭാഷണം ഇങ്ങനെയാണ്,

അപ്പി ഉണര്‍ന്നെഴുന്നേറ്റ് ചോദിച്ചു 
'മാടാ ഈ ഭഗോതിമാരൊക്കെ നിന്റെ ഒപ്പം ഉണ്ടായി വന്നവരല്ലിയോ'

മാടന്‍ നെടുവീര്‍പ്പോടെ പറഞ്ഞു 
'പിന്നെ അല്ലാതെ? അതൊക്കെ ഇനി പറഞ്ഞിട്ട് കാര്യമുണ്ടോ? ദാ മേലേക്കാവിലോലവള് ഈയിടെ വരെ എന്റെ ഒപ്പം നിന്ന് തുള്ളിയവളാ. ഞാന്‍ നാക്ക് തള്ളി ഇരുന്നാലും അവള് അടങ്ങുല്ല' 

'ഇപ്പം അവളുമാരൊക്കെ ഏതു നിലയില്‍ ആണെന്ന് നിനക്കറിയാമോ?' അപ്പി ചോദിച്ചു

മാടന്‍ പറഞ്ഞു 'ഞാനതേപ്പറ്റി അന്വേഷിക്കാന്‍ പോവൂല'

അപ്പി പറഞ്ഞു 
'ഇപ്പം എല്ലാ ഭഗവതിമാരുക്കും കോവിലായി. ചെലര്‍ക്ക് ഉത്സവവും വെടിക്കെട്ടും ഉണ്ട്. ചെറയിക്കലെ ഭഗവതിക്ക് ആനയെഴുന്നള്ളത്ത് പോലുമുണ്ട്, അവരൊക്കെ ഇപ്പം ഹിന്ദുക്കളാണെന്നാ പറയുന്നത്'

സ്വയംഭൂവായ കുരിശിന്റെയും വീണുകിടക്കുന്ന മാടന്‍ ശില്പത്തിന്റെയും പേരില്‍ തുടങ്ങിയ സംഘര്‍ഷം പിന്നീട് കലാപമായി മാറുന്നു. അതില്‍ കുറേപേര്‍ കൊല്ലപ്പെടുന്നു. സമാധാന ചര്‍ച്ചയ്‌ക്കൊടുവില്‍ തര്‍ക്ക സ്ഥലത്ത് മാടന്‍ ക്ഷേത്രവും പള്ളിയും പണിയാന്‍ തീരുമാനിക്കുന്നു. ഈ പ്രശ്‌നങ്ങളിലൊന്നുമില്ലാതിരുന്നിട്ടും കീഴ്‌വഴക്കം എന്ന നിലയില്‍ അല്പം മാറി മുസ്ലീങ്ങള്‍ക്കും ഒരു പള്ളി പണിയാന്‍ സര്‍ക്കാര്‍ ചെലവില്‍ സ്ഥലം വാങ്ങി നല്‍കുന്നു. മതങ്ങളുടെ വീതംവയ്ക്കലിനെ പരിഹസിക്കുകയാണ് ജയമോഹന്‍. 

ക്ഷേത്രവും പള്ളിയും ഉയരുന്നതോടെ കച്ചവടക്കാരെത്തുന്നു, സ്ഥാപനങ്ങളുണ്ടാകുന്നു, മാടന്റെയും യേശുവിന്റെയും പേരില്‍ പണം ഒഴുകുന്നു. മതത്തിന്റെ കച്ചവട താല്‍പര്യങ്ങള്‍ മറനീക്കി പുറത്തുവരുന്നത് ഇവിടെ കാണാം. വമ്പന്‍ ക്ഷേത്രവും ഗോപുരവും ഗര്‍ഭഗൃഹവുമെല്ലാമുണ്ടാക്കുന്നത് കാണുമ്പോള്‍ ചില ഘട്ടങ്ങളില്‍ മാടനും അപ്പിയും അതില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. തങ്ങളെ അവര്‍ ഏറ്റെടുക്കുകയാണെന്ന പ്രതീക്ഷ. പക്ഷേ, മാടനെ പുതിയ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച അതേ നിമിഷം സവര്‍ണ പുരോഹിതര്‍ അപ്പിയെ 'ഹീന ജാതി പെറുക്കി, ദൈവത്തെ നീ തൊടും അല്ലേടാ' എന്ന് ആക്രോശിച്ച് ക്ഷേത്രകവാടത്തിന് പുറത്തേക്ക് തൂക്കിയെറിയുകയാണ് ചെയ്യുന്നത്. അന്നോളം മാടന് കൂട്ടായിരുന്ന അപ്പി അന്നുമുതല്‍ ബഹിഷ്‌കൃതനായി.  മാടനാകട്ടെ തന്റെ ജനതയുമായുള്ള വേരുകളറുക്കപ്പെട്ട് പൗരോഹിത്യത്തിന്റെ ചങ്ങലകളാല്‍ എന്നെന്നേയ്ക്കുമായി ശ്രീകോവിലിനുള്ളില്‍ ബന്ധനസ്ഥനാക്കപ്പെടുന്നു. വിശ്വാസവും ആത്മീയതയും ദൈവവും സ്ഥാപനവല്‍ക്കരിക്കപ്പെട്ടപ്പോള്‍ അടിസ്ഥാനവര്‍ഗം പുറന്തള്ളപ്പെട്ടു. മാടനിലൂടെയും അപ്പിയിലൂടെയും ഇന്ത്യയാകെയുള്ള കീഴാള ജീവിതം നേരിടുന്ന ഈ അടിച്ചമര്‍ത്തലും അരികുവത്കരണവുമാണ് ഇവിടെ പ്രതിഫലിക്കുന്നത്. ഈ കുറിപ്പ് എഴുതുന്നതിനിടെയാണ് മധ്യപ്രദേശില്‍ ബിജെപി എംഎല്‍എയുടെ അനുയായി ആദിവാസി യുവാവിന്റെ മുഖത്തേക്ക് മൂത്രമൊഴിച്ച വാര്‍ത്ത ന്യൂസ് ഫീഡില്‍ തെളിയുന്നത്.

മാടന്‍ | PHOTO: അമൽ ബി
എല്ലാവരെയും ഉള്‍ക്കൊള്ളുമെന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വാഗ്ദാനം മാത്രമാണെന്ന് കാലം പലതവണ തെളിയിച്ചതാണ്. അവര്‍ക്ക് പ്രതിച്ഛായാ നിര്‍മിതിക്കായുള്ള പ്രതീകങ്ങള്‍ മാത്രമാണ് ആവശ്യം. മാടനെന്ന പ്രതീകത്തെ മാത്രം സ്വീകരിക്കുകയും അപ്പി ഉള്‍പ്പെടുന്ന വലിയൊരു ജനസഞ്ചയത്തെ വലിച്ചെറിയുകയും ചെയ്യുന്നു. ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതിയാക്കിയവര്‍ മണിപ്പൂരില്‍ ആദിവാസികള്‍ക്ക് നേരെയുണ്ടാകുന്ന കടന്നാക്രമണങ്ങളുടെ മുന്നില്‍ കണ്ണടച്ച് നില്‍ക്കുന്നത് അതിനൊരുദാഹരണം മാത്രം. രാംനാഥ് കോവിന്ദിനെയും ദ്രൗപദി മുര്‍മുവിനെയും  രാഷ്ട്രപതി പദത്തിലെത്തിച്ചവര്‍ തന്നെയാണ് രാജ്യത്ത് ദളിതര്‍ക്കും ആദിവാസികള്‍ക്കും നേരെയുണ്ടാകുന്ന അസംഖ്യം കടന്നാക്രമണങ്ങള്‍ക്ക് മൗനാനുവാദം നല്‍കുകയോ നേതൃത്വം വഹിക്കുകയോ ചെയ്യുന്നത്. 

ഹിന്ദുത്വ അജണ്ടകള്‍ നേരിട്ട് അടിച്ചേല്‍പ്പിക്കാന്‍ സാധിക്കാതെ വരുന്നിടത്ത് പതുങ്ങിയിരുന്ന് നാടന്‍ ദൈവങ്ങളെയും വിശ്വാസങ്ങളെയും ഹൈജാക്ക് ചെയ്യുന്നതാണ് സംഘപരിവാരത്തിന്റെ പദ്ധതി. അടിത്തട്ടിലെ മനുഷ്യരുടെ കരുത്തും ആത്മവിശ്വാസവുമായിരുന്ന ദൈവങ്ങള്‍  പതിയെ പതിയെ അവര്‍ക്ക് അന്യരായും അപ്രാപ്യരായും മാറുന്നത്  ഇന്ത്യാ ചരിത്രത്തില്‍ നിരന്തരം ആവര്‍ത്തിക്കുന്ന കാഴ്ചയാണ്. തെക്കന്‍ തിരുവിതാംകൂറിന്റെ പശ്ചാത്തലത്തില്‍ മാടന്‍ മോക്ഷത്തിലും അത് കാണാം.

ലോകം മുഴുവന്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഈ മേലാള അധിനിവേശം നടക്കുന്നു. കെനിയയിലെ പരിസ്ഥിതി പ്രവര്‍ത്തകയും നൊബേല്‍ ജേതാവുമായ വാംഗാരി മാതായിയുടെ ആത്മകഥയിലും സമാനമായ അനുഭവത്തെക്കുറിച്ച് പറയുന്നുണ്ട്. ബ്രിട്ടന്റെ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് ചട്ടുകമായി പ്രവര്‍ത്തിച്ചിരുന്ന മിഷണറിമാര്‍ കെനിയയിലെ തദ്ദേശീയ ദൈവങ്ങളെ നിഷ്‌കാസിതരാക്കി പകരം ആകാശങ്ങളിലിരിക്കുന്ന ദൈവത്തെ ചൂണ്ടിക്കാണിക്കുന്നത് ഇവിടെ ഓര്‍ക്കുകയാണ്. പ്രകാശത്തിന്റെ ആലയം എന്നറിയപ്പെട്ടിരുന്ന കെനിയ പര്‍വതത്തെ ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും കൈവെടിയുന്ന തദ്ദേശിയ ജനതയ്ക്ക് പിന്നീട് കാണേണ്ടി വരുന്നത് മതപ്രചാരകരെ പിന്തുടര്‍ന്നുവന്ന കച്ചവടക്കാരും ഭരണാധികാരികളും ആഫ്രിക്കയുടെ സമൃദ്ധമായ പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുന്നതാണ്.

ഇന്ത്യയില്‍ ഈ മേലാളര്‍ ബ്രാഹ്‌മണിക്കല്‍ ഹിന്ദുത്വത്തിന്റെ പ്രയോക്താക്കളാണ്. അതിന്റെ കടന്നുകയറ്റം എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള വിശാല താല്‍പര്യത്തിന്റെ ഭാഗമായുള്ളതല്ലെന്നും പിന്നോക്കക്കാരനെയും ദളിതനെയും ആദിവാസിയേയും കൂടുതല്‍ കൂടുതല്‍ ദുര്‍ബലരാക്കാനുള്ളതാണെന്നും തിരിച്ചറിയുന്നതില്‍ നാം ചിലപ്പോഴൊക്കെ പരാജയപ്പെടുന്നുണ്ട്. ആ നിലയ്ക്ക് മലയാളി നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ജയമോഹന്റെ മാടന്‍മോക്ഷം.


#Penpoint
Leave a comment