പെഡ്രോ പരാമോ എന്ന അത്ഭുതം
പെഡ്രോപരാമോ എന്ന നോവലിനെ കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് വര്‍ഷങ്ങള്‍ക്കു മുമ്പാണ്. മാധ്യമം ദിനപത്രത്തിന്റെ ഞായറാഴ്ച പേജില്‍ മഴയുമായി ബന്ധപ്പെട്ട ഒരു ലേഖനത്തില്‍ നിന്നാണ് ഞാന്‍ ആ പേര് കേള്‍ക്കുന്നത്. കാല്പനിക ഭാവങ്ങള്‍ക്കുപുറമേ മഴ മൂലം ഉണ്ടാകുന്ന ദുരിതങ്ങളും ദുരന്തങ്ങളും വിവരിക്കുന്ന ഒരു ലേഖനമായിരുന്നു അത്. പുരകെട്ടി മേയാത്തവന്റെ ഉള്ളിലെ പെരുമ്പറ മുഴക്കങ്ങളുമായി ബന്ധപ്പെട്ട ആ ലേഖനത്തിന്റെ തുടക്കം പെഡ്രോ പരാമയിലെ ഒരുവാക്ക് ഉദ്ധരിച്ചുകൊണ്ടായിരുന്നു.
'സുസാനേ, വെള്ളത്തുള്ളികള്‍ ഒലിച്ചിറങ്ങുന്നത് ഇടിമിന്നലിന്റെ വെളിച്ചത്തില്‍ നോക്കിക്കൊണ്ടിരിക്കേ, എന്റെ ഓരോ നിശ്വാസവും ഓരോ നെടുവീര്‍പ്പായിരുന്നു. ഓരോ ചിന്തയും നിന്നെക്കുറിച്ചുള്ള ചിന്തയായിരുന്നു.' ഇതായിരുന്നു ആദ്യ വാചകം.
മഴയെ സ്പാനിഷ് നോവലിസ്റ്റായ ഹൂവാന്‍ റൂള്‍ഫോ ഇങ്ങനെയാണ് പ്രണയവുമായി ബന്ധിപ്പിക്കുന്നത് എന്നു പറഞ്ഞിട്ടായിരുന്നു ലേഖനം തുടങ്ങുന്നത്. അന്നത്തെ കൗമാരപ്രായക്കാരനായ എന്നെ കാല്പനികഭാവം തുടിച്ചുനില്‍ക്കുന്ന ആ വരികള്‍ വല്ലാതെ സ്വാധീനിച്ചു. ഞാന്‍ നോവലിനുവേണ്ടി അന്വേഷണം തുടങ്ങി. പക്ഷേ, ഇന്നത്തെപ്പോലെ ഇന്റര്‍നെറ്റും മറ്റു സൗകര്യങ്ങളൊക്കെ കുറവായ അക്കാലത്ത് എന്റെ അന്വേഷണം എവിടെയും എത്താതെ പോയി. കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വച്ചാണ് വീണ്ടും ഞാന്‍ പെഡ്രോ പരാമോ എന്ന പേര് കേള്‍ക്കുന്നത്. കുറച്ചുകൂടി വിശദമായി തന്നെ ആ നോവലിനെപ്പറ്റി ആ ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ടായിരുന്നു. നോവലിന്റെ സംഗ്രഹവും ഹുവാന്‍ റൂള്‍ഫോയുടെ ജീവചരിത്രവും ഒക്കെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആ ലേഖനം പെഡ്രോ പരാമയിലേക്കുള്ള എന്റെ വഴികളെ കുറച്ചുകൂടി അനായാസമാക്കി. അല്ലെങ്കില്‍ ആര്‍ത്തികൂട്ടി. നോവലിന്റെ മഹാത്മ്യം വിളിച്ചോതുന്നതായിരുന്നു മേല്‍പറഞ്ഞ ലേഖനം. അതില്‍ പറഞ്ഞ മറ്റൊരു കാര്യത്തിന് എനിക്ക് വല്ലാത്ത കൗതുകമുണ്ടാക്കി; പെഡ്രോ പരാമോ എന്ന നോവലിനുശേഷം റൂള്‍ഫോ മറ്റൊന്നും എഴുതിയിട്ടില്ലത്രേ. അദ്ദേഹത്തിന്റെ ശ്രദ്ധ ഫോട്ടോഗ്രാഫിലേക്ക് തിരിഞ്ഞു. അദ്ദേഹം എടുത്ത കുറച്ച് ഫോട്ടോഗ്രാഫുകള്‍ ലേഖനത്തോടൊപ്പം ചേര്‍ക്കുകയും ചെയ്തിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ആ ഫോട്ടോഗ്രാഫുകള്‍ വല്ലാത്തൊരു അനുഭവമായിരുന്നു. പിന്നീട് പെഡ്രോ പരാമോ എന്ന നോവല്‍ വായിച്ചപ്പോള്‍ ആ ഫോട്ടോഗ്രാഫുകള്‍ എത്രത്തോളം നോവലുമായി ഒത്തുചേര്‍ന്നു പോകുന്നു എന്ന് മനസ്സിലാക്കി.
ഹൂവാന്‍ റൂള്‍ഫോ | PHOTO: WIKI COMMONS
പെഡ്രോ പരാമോ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് പ്രശസ്ത എഴുത്തുകാരനായ വിലാസിനിയാണെന്ന് അറിഞ്ഞപ്പോള്‍ വായിക്കാനുള്ള ആകാംക്ഷയും കൗതുകവും പിന്നെയും കൂടി. അപ്പോഴും അത് എന്റെ കൈയില്‍ വന്നുചേരാന്‍ എന്തോ ചില മടികാട്ടി. അതിനു പ്രധാനപ്പെട്ട കാരണം പുസ്തകങ്ങള്‍ ഇന്നത്തെ പോലെ അത്ര എളുപ്പം നമ്മുടെ കയ്യില്‍ എത്തിച്ചേരുന്ന രീതിയിലേക്ക് കാര്യങ്ങള്‍ ഒന്നും വളര്‍ന്നിട്ടില്ലായിരുന്നു. എന്റെ നാട്ടിലെ പല ബുക്സ്റ്റാളുകളിലും ഞാന്‍ അന്വേഷിച്ചെങ്കിലും അത്തരമൊരു പുസ്തകത്തിന്റെ പേര് പോലും അവര്‍ കേട്ടിട്ട് കൂടി ഉണ്ടായിരുന്നില്ല. ഭാര്യ എന്റെ മൂത്തമകളെ പ്രസവിച്ചു കിടക്കുന്ന സമയത്താണ് ഞാന്‍ പിന്നീട് പെഡ്രോ പരാമോയെ കുറിച്ച് വീണ്ടുമോര്‍ക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അനുഭവിച്ച വിരസത അകറ്റാന്‍ ഞാന്‍ ബസ് സ്റ്റാന്‍ഡിലേക്ക് ബസ് കയറി. അവിടെ സ്റ്റേഡിയത്തിനോട് ചേര്‍ന്ന് കുറേയധികം പുസ്തകശാലകള്‍ ഉണ്ട്. പഴയതും പുതിയതുമായ പുസ്തകങ്ങള്‍ അവിടെ കിട്ടും. ഞാന്‍ ഓരോ കടയിലും കയറി അന്വേഷിച്ചു. നേരത്തെ ഉണ്ടായ അനുഭവം തന്നെയായിരുന്നു മിക്കവാറും കടകളില്‍ നിന്ന് എനിക്ക് കിട്ടിയത്. പക്ഷേ, ഒരു പുസ്തകക്കടയില്‍ ഞാനാ നിധി കണ്ടെത്തി. പെഡ്രോ പരാമോ. എന്റെ സന്തോഷം ആകാശത്തോളമുയര്‍ന്ന് നിറഞ്ഞുകവിഞ്ഞു.
ഞാന്‍ അതുമായി ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലേക്ക് ബസ് കയറി. അവിടെയിരുന്ന് ആര്‍ത്തിയോടെ ഞാന്‍ പെഡ്രോ പരാമോയിലേക്ക് കടന്നു. പക്ഷേ, എന്റെ പ്രതീക്ഷകളെല്ലാം തകര്‍ന്നു. ഞാന്‍ വിചാരിച്ച പോലെ അത്ര അനായാസമായ ഒരു ലോകമായിരുന്നില്ല കൊമാല. ഞാന്‍ സങ്കല്പിച്ച ഒരു കാല്പനിക ലോകം എനിക്കവിടെ കാണാന്‍ കഴിഞ്ഞില്ല. അതൊരു വരണ്ട ലോകമായിരുന്നു. മാത്രമല്ല നോവലിലേക്ക് എളുപ്പത്തില്‍ കടക്കാന്‍ ആവാത്തവിധം ഒരു കോട്ടപോലെ, പ്രതിരോധത്തിന്റെ വലിയൊരു വേലിക്കെട്ടായിരുന്നു നോവലിന്റെ ആഖ്യാനം. ആഖ്യാതാവ് ആരാണെന്ന് മനസ്സിലാവാത്ത അധ്യായങ്ങള്‍, ആത്മഗതങ്ങള്‍. എനിക്ക് ആകെ തലചുറ്റി. ഈ നോവലിനെ ആണോ ഏറ്റവും മികച്ച അല്ലെങ്കില്‍ മഹത്തായ ഒരു നോവല്‍ എന്ന് പലരും കൊണ്ടാടിയത്? എനിക്കത് മനസ്സിലായതേയില്ല. ഞാന്‍ നിരാശയോടെ പെഡ്രോ പരമോ മടക്കി. പിന്നീട് കുറെ മാസങ്ങള്‍ക്കുശേഷം (അതോ വര്‍ഷങ്ങള്‍ക്കുശേഷമോ?) ഞാന്‍ വീണ്ടും പെഡ്രോ പരാമോയിലേക്ക് കടക്കാന്‍ ശ്രമിച്ചു. ആളുകളൊക്കെ നല്ലത് പറയുമ്പോള്‍ എന്തെങ്കിലും കാര്യം ഉണ്ടായിരിക്കണമല്ലോ എന്ന ഒരു ചിന്തയാണ് എന്നെ അതിന് പ്രേരിപ്പിച്ചത്. വീണ്ടും ഞാന്‍ പെഡ്രോ പരാമോ തുറന്നു...
മതിലിലേക്ക് അടിച്ച പന്ത് തിരിച്ചുവരുന്ന പോലെ, പ്രവര്‍ത്തനം പ്രതിപ്രവര്‍ത്തനം എന്നൊക്കെ നമ്മള്‍ പറയാറില്ലേ, അതേപോലെ ഞാന്‍ വീണ്ടും പുസ്തകത്തിന് പുറത്തേക്ക് എറിയപ്പെട്ടു. പക്ഷേ, വാശിയോടുകൂടി തന്നെ ഞാന്‍ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുക്കം എനിക്ക് മുന്നില്‍ കൊമാലയുടെ വാതിലുകള്‍ തുറന്നു. ഞാന്‍ അത്ഭുതപ്പെട്ടുപോയി. നേരത്തെ വായിച്ചതില്‍ നിന്നും വ്യത്യസ്തമായ ഒരു ലോകം എനിക്ക് മുന്നില്‍ തെളിയാന്‍ തുടങ്ങി. മരിച്ചവരുടെ ഒരു ലോകമായിരുന്നു കൊമാല. അവിടെ മരിച്ചവര്‍ സംസാരിക്കുന്നു. അവരുടെ സംസാരങ്ങളിലൂടെയാണ് നമ്മള്‍ കഥയിലേക്ക് എത്തുന്നത്.
പെഡ്രോ പരാമോ എന്ന് പേരുള്ള തന്റെ അച്ഛനെ തേടി കൊമാല എന്ന ഗ്രാമത്തിലേക്ക് എത്തുന്ന ഹുവാന്‍ പ്രേസിയാദോ എന്ന കഥാപാത്രത്തിനൊപ്പം നമ്മളും കൊമാലയിലേക്ക് കടക്കുന്നു. വഴിയില്‍വച്ച് ഹുവാന്‍ പ്രേസിയാദോ അബുണ്‍ദിയോ എന്ന കഴുതക്കാരനെ കണ്ടുമുട്ടുന്നു. അയാളിലൂടെ കൊമാല എന്ന ഗ്രാമത്തിന്റെ ഏകദേശസ്വഭാവം ഹുവാന്‍ പ്രേസിയാദോ മനസ്സിലാക്കി എടുക്കാന്‍ ശ്രമിക്കുന്നുണ്ട്. അയാളുടെ കാഴ്ചപ്പാടില്‍ കൊമാല ഒരു നരകമാണ്. ആരും ജീവനോടെ ഇരിക്കാത്ത, നരകത്തിനേക്കാള്‍ ചൂടുള്ള ഒരു ഗ്രാമം. മരിച്ചുപോയ തന്റെ അമ്മയ്ക്ക് കൊടുത്ത വാക്കുപാലിക്കാനാണ് ഹുവാന്‍ പ്രേസിയാദോ അച്ഛനെ തേടിവരുന്നത്. പിരിയാന്‍നേരം കഴുതക്കാരന്‍ പറയുന്നു, പെഡ്രോ പരാമോ തന്റെയും കൂടി അച്ഛനാണെന്ന്. മാത്രമല്ല അയാള്‍ മരിച്ചുപോയിട്ട് ഒരുപാട് കാലമായെന്നും.
കൊമാലയില്‍ ഹുവാന്‍ പ്രേസിയാദോ താമസിച്ചത് ആ ഗ്രാമത്തിലെ ഡോണ്യ എദൂവിഹേസ് എന്ന ഒരു സ്ത്രീയുടെ വീട്ടിലാണ്. ആ സ്ത്രീ അവന്റെ അമ്മയുടെ ബാല്യകാലസഖിയായിരുന്നു. അമ്മയ്ക്ക് ചില പ്രത്യേക കാരണങ്ങള്‍കൊണ്ട് ഗ്രാമം വിട്ട് ഓടിപ്പോകേണ്ടി വന്നതാണ്. അമ്മ മരിച്ച വിവരം പ്രേസിയാദോ ആ സ്ത്രീയോട് പറയുന്നതും അതിനവര്‍ പറയുന്ന മറുപടിയും ഗംഭീരമായി നോവലില്‍ അവതരിപ്പിച്ചിട്ടുണ്ട്.
'അപ്പോള്‍ നീ അവളുടെ മകന്‍ ആണല്ലേ?'
'ആരുടെ?'
'ഡൊളാരീത്താസിന്റെ'
'അതെ. പക്ഷേ, അത് എങ്ങനെ മനസ്സിലാക്കി?'
'അവള്‍ എന്നോട് പറഞ്ഞിരുന്നു നീ വരുംന്ന്... ഇന്ന് വരുംന്നും പറഞ്ഞിരുന്നു.'
'എന്റെ അമ്മയോ?'
'അതെ.'
'എന്റെ അമ്മ... എന്റെ അമ്മ മരിച്ചുവെല്ലോ'
'ഓ, അതുകൊണ്ടാവണം അവളുടെ ഒച്ച അത്ര നേര്‍ത്തിരുന്നത്. ദൂരെയെങ്ങോ നിന്ന് സംസാരിക്കുന്നതുപോലെ... ഇപ്പോ എനിക്ക് മനസ്സിലായി. എപ്പോഴാ അവളും മരിച്ചത്?'
'ഏഴു ദിവസം മുമ്പ്.'
പതിയെ പതിയെ നമ്മള്‍ ഓരോ കഥാപാത്രങ്ങളെ കണ്ടുമുട്ടുന്നു. മരിച്ചുപോയ കഥാപാത്രങ്ങള്‍. അവരുടെ ശബ്ദങ്ങള്‍, അതിന്റെ മാറ്റൊലികള്‍... അവയ്ക്കിടയില്‍ സൂര്യനെപ്പോലെ പെഡ്രോ പരാമോ. പെഡ്രോ എല്ലാ അര്‍ത്ഥത്തിലും ഒരു ഫ്യൂഡല്‍ രാജാവായിരുന്നു. ഒന്നുമില്ലായ്മയില്‍ നിന്ന് എല്ലാം വെട്ടിപ്പിടിച്ച, വിപ്ലവത്തെ പോലും വിലകൊടുത്തു വാങ്ങിയ ബുദ്ധിശാലി. സ്ത്രീലമ്പടനായ ഒരു തനി മാടമ്പി. പക. കലര്‍പ്പറ്റ തനി പക. ഗ്രാമത്തിലെ എല്ലാ സ്ത്രീകളും അയാളുടെ കാമപൂരണത്തിനുവേണ്ടി മാത്രം ഉപയോഗിക്കപ്പെട്ടു. പക്ഷേ, പരാമോ മനസ്സുകൊണ്ട് സ്‌നേഹിച്ചിരുന്നത് ഒരു പെണ്‍കുട്ടിയെ മാത്രം. സുസാന. അവളെ മാത്രമേ അയാള്‍ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്നുള്ളൂ. അവളെ മാത്രമേ അയാള്‍ക്ക് സ്വന്തമാക്കാന്‍ കഴിയാതിരുന്നിട്ടുള്ളൂ.
ഏറെ ബലപ്രയോഗത്തിനും ഭീഷണിക്കും ശേഷം സുസാനയെ വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നുവെങ്കിലും അവള്‍ മാനസികരോഗം ബാധിച്ച് ഒടുക്കം മരിച്ചുപോവുകയാണ്. ഈ നോവലില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അല്ലെങ്കില്‍ ഏറ്റവും മനോഹരമായി എനിക്ക് തോന്നിയ ഒരു രംഗമുണ്ട്. സുസാനയുടെ മരണശേഷം പെഡ്രോ പരാമോ അവിടുത്തെ പള്ളിയിലെ കപ്യാരോട് പറയുന്നുണ്ട്, മണി നിര്‍ത്താതെ മുഴക്കാന്‍. അയാളെ സംബന്ധിച്ചിടത്തോളം അയാള്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചിരുന്ന വ്യക്തിയുടെ നഷ്ടം നിരന്തരം ഓര്‍ക്കാന്‍, അല്ലെങ്കില്‍ ആ മരണം അംഗീകരിക്കാന്‍ വേണ്ടിയാകണം അങ്ങനെ ഒരു ആവശ്യം അയാള്‍ ഉന്നയിക്കുന്നത്. പള്ളിയില്‍നിന്ന് നിരന്തരമായി മണിമുഴങ്ങുന്നു. മണിമുഴക്കം കാരണം ഗ്രാമത്തിലെ ആളുകള്‍ക്ക് പരസ്പരം ആശയസംവേദനത്തിന് ഉച്ചത്തില്‍ സംസാരിക്കേണ്ടി വരുന്നുണ്ട്. മണിയടി ശബ്ദം കേട്ട് ഗ്രാമത്തിന് പുറത്തുള്ളവര്‍ കാര്യമന്വേഷിച്ച് കുമാലയിലേക്ക് വരുന്നു. അവര്‍ക്ക് പിന്നാലെ സര്‍ക്കസ് വരുന്നു. യന്ത്ര ഊഞ്ഞാല്‍ വരുന്നു. അങ്ങനെ പതിയെ പതിയെ അവിടം ഒരു ഉത്സവമായി വികസിക്കുന്നു.
സുസാനയുടെ ജഡം ശ്മശാനത്തില്‍ സംസ്‌കരിക്കുന്നു. ഉത്സവത്തിരക്ക് കാരണം ഒരാളും അതറിഞ്ഞില്ല. പെഡ്രോ പരാമോ മൗനം ഭജ്ഞിച്ചില്ല. മുറിവിട്ട് ഇറങ്ങിയതുമില്ല. കൊമാലയോട് പ്രതികാരം ചെയ്യും എന്നയാള്‍ ശപഥം ചെയ്തു.
'ഞാന്‍ കൈകെട്ടിയിരിക്കും. കൊമാല പട്ടിണി കിടന്ന് ചാകും.'
അയാള്‍ പറഞ്ഞപോലെ തന്നെ ചെയ്തു.
സുസാനയുടെ വിലാപയാത്ര പോയ വഴിയിലേക്ക് നോക്കി അയാള്‍ കയ്യും കെട്ടിയിരിക്കുന്നു. കൊമാല പതിയെ പതിയെ ഉണങ്ങിപ്പോകുന്നു.
ഈ നോവലിനുശേഷം ഹൂവാന്‍ റൂള്‍ഫോ നിരന്തരമായ മൗനത്തിലേക്ക് വീണു. അതിനുശേഷം പലരും അദ്ദേഹത്തോട് ചോദിക്കാറുണ്ട്, പുതിയ നോവല്‍ എവിടംവരെയായി? അപ്പോഴൊക്കെ അദ്ദേഹം മറുപടി പറയുമായിരുന്നത്രേ, 'എഴുതിക്കൊണ്ടിരിക്കുകയാണ്.'
പക്ഷേ, അദ്ദേഹം പിന്നീട് ഒന്നുമെഴുതിയില്ല. കൈയുംകെട്ടി നോക്കിയിരുന്നു; പെഡ്രോ പരാമോ നടന്ന വഴികളിലേക്ക് നോക്കി. അതിശയപ്പെട്ട് ഇപ്പോള്‍ ഞാനും.