TMJ
searchnav-menu
post-thumbnail

Penpoint

പ്രതിഷേധത്തിന്റെ 'കുടക് ഡയറി'

29 Nov 2023   |   3 min Read
നവാസ് എം. ഖാദര്‍

മകാലിക സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കുടകിലേക്കുള്ള കുടിയേറ്റത്തിന്റെ കഥകളും, കുടിയേറ്റത്തിന്റെ ഭാഗമായി കുടകില്‍ ജീവന്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെ കുറിച്ചും സാമൂഹ്യ മാധ്യമങ്ങളിലൂടെ നാം അറിഞ്ഞിട്ടുണ്ട്. വയനാട് ജില്ലയില്‍ നിന്നും കുടകിലെ കാപ്പി, കുരുമുളക് തോട്ടങ്ങളില്‍ കുടിയേറുന്ന തൊഴിലാളികള്‍ പിന്നീട് തിരിച്ചു വരാത്തവിധം അകപ്പെട്ടുപോകുന്ന ആധുനിക അടിമ വ്യവസായത്തിന്റെ ചതിക്കുഴികളെ മറ്റൊരു തരത്തില്‍ തുറന്നുകാട്ടുന്ന നോവലാണ് ബാബു തച്ചിലങ്ങാട് എഴുതിയ 'കുടക് ഡയറി'. ബോണ്ടഡ് ലേബര്‍ സിസ്റ്റം അവസാനിച്ചുവെങ്കിലും തൊഴിലാളികളെ പാരമ്പര്യമായി നിശ്ചിത പൈസയ്ക്ക് അടിമപ്പെടുത്തി നിരന്തരമായി അവരുടെ തലമുറകളെയും ചൂഷണം ചെയ്യുന്ന വ്യവസ്ഥയെ മുന്‍നിര്‍ത്തിക്കൊണ്ടാണ് നോവല്‍ പുരോഗമിക്കുന്നത്. കുടകിലേക്ക് കുടിയേറ്റം നടത്തുന്ന തൊഴിലാളികളെയും കുടകിലെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന തൊഴിലാളികളെയും ഒരുമിച്ച് ലയിപ്പിച്ചു കൊണ്ടാണ് നോവല്‍ മുന്നേറുന്നത്. സുരേഷ് എന്ന കേന്ദ്ര കഥാപാത്രം തന്റെ ഡയറിയിലൂടെ കുറിച്ചിടുന്ന ഓരോ ദിവസത്തെയും അനുഭവങ്ങളുടെ കഥയാണ് കുടക് ഡയറിയിലുള്ളത്.

നോവലിന്റെ ഉള്ളടക്കം 

കുടകിലെ ദിവാന്‍ എസ്റ്റേറ്റില്‍ കുരുമുളക് തോട്ടത്തിന് പാറാവുകാരായി എത്തുന്ന പ്രമോദ്, സുരേഷ്, കുമാരേട്ടന്‍ എന്നിവരുടെ ജീവിതാനുഭവങ്ങളിലൂടെ മുന്നേറുന്ന കഥാപശ്ചാത്തലം. കാപ്പി, കുരുമുളക്, ഓറഞ്ച്, സപ്പോട്ട എന്നീ കൃഷികള്‍ക്കായി കുടകിലേക്ക് എത്തുന്ന മലയാളികള്‍. ജന്മി സമ്പ്രദായത്തിന്റെ നിഴലുകള്‍ക്കുള്ളില്‍ ജീവിതത്തെ അടച്ചിടുന്ന തൊഴിലാളി സമൂഹം. പാരമ്പര്യ അടിമത്തത്തെ സൈദ്ധാന്തികമായി അവതരിപ്പിക്കുന്നതിലൂടെ രാജ്യത്ത് നിലനിന്നിരുന്ന ബോണ്ടഡ് ലേബര്‍ സിസ്റ്റം ഇപ്പോഴും അവസാനിച്ചിട്ടില്ല എന്ന് എഴുത്തുകാരന്‍ സൂചിപ്പിക്കുന്നു. പാരമ്പര്യ അടിമത്തത്തെ സൈദ്ധാന്തികമായി അവതരിപ്പിക്കുന്ന ഒരു സിസ്റ്റം ആണ് ബോണ്ടഡ് ലേബറുകള്‍. ഇത് സാമ്പ്രദായികമായ സംരംഭങ്ങളില്‍ പുരുഷന്റെ അധികാരത്തെ ഉയര്‍ത്തികാട്ടുന്നു. ഒരിക്കലും തീരാത്ത കടത്തിന് അടിമപ്പെടുത്തുന്ന മനുഷ്യ ജീവിതങ്ങളുടെ സമ്പ്രദായം പാരമ്പര്യ അടിമത്തത്തിനും ഉത്തരവാദിത്വത്തിനും അനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ്. ഇത് സമൃദ്ധിയും സാമൂഹ്യനീതിയും മുതലാളിത്തത്തിനു സ്തുതിപാടുകയും, പാരമ്പര്യ അടിമത്തത്തിലൂടെ ഒരു ജനതയെ മുഴുവന്‍ തങ്ങളുടെ കാല്‍ക്കീഴില്‍ ആക്കിയിരിക്കുയാണ്. പഠിക്കാന്‍ മിടുക്കിയായ കാവേരി നാലാം ക്ലാസ്സ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതോടെ കാപ്പിത്തോട്ടത്തില്‍ പണിക്കുപോകാന്‍ നിര്‍ബന്ധിതയാകുന്ന സാമൂഹ്യ സാഹചര്യം ജന്മി വ്യവസ്ഥയുടെ പുരുഷാധിപത്യ മുഖത്തെ തുറന്നു കാട്ടുന്നു. കാവേരിയുടെ പിതാവായ 
രാജുവണ്ണന്‍ മകളുടെ ആശുപത്രി ചിലവിനു പൈസ കണ്ടെത്തുന്ന നിമിഷങ്ങള്‍ വൈകാരികമായി എഴുത്തുകാരന്‍ അവതരിപ്പിച്ചിരിക്കുന്നു. ഓരോ പരമ്പരയില്‍ നിന്നും അടുത്ത പരമ്പരയിലേക്കു നീങ്ങുന്ന പണത്തിന്റെ അടിമവത്ക്കരണം കുടകിലെ ദാരിദ്ര്യത്തില്‍ നിന്നും രക്ഷപെടാനാകാത്ത ജീവിത സാഹചര്യത്തെ മനസ്സിലാക്കിത്തരുന്നു. സുരേഷിന് കാവേരിയില്‍ തോന്നുന്ന അനുരാഗത്തെ നോവല്‍ താലോലിക്കുന്നുണ്ടെങ്കിലും അതിനെ ഒരു സമയത്തു പോലും വികാരപരമായി സമീപിക്കുന്നില്ല. കാരണം, പ്രണയമെന്ന വികാരത്തെ പോലും വിലയ്‌ക്കെടുത്തിരിക്കുന്ന ദിവാന്റെ തേര്‍വാഴ്ചയുടെ ഇരയാണ് കാവേരിയും.



ആദിവാസികളും ഭരണകൂടവും

അടിച്ചമര്‍ത്തപ്പെടുന്ന ജനതയുടെ മുഴുവന്‍ വികാരങ്ങളും വാക്കുകള്‍ കൊണ്ട് അളന്നു കുറിച്ചു പറയുകയാണ് എഴുത്തുകാരന്‍. എന്തുകൊണ്ട് ഞങ്ങള്‍ ഇന്നും അപരിഷ്‌കൃതരായി നിങ്ങളുടെ മുന്നില്‍ കഴിയുന്നു എന്നുള്ള ശക്തമായ ചോദ്യം നോവലില്‍ ആദിവാസി ജനതയുടെ പ്രതിനിധികള്‍ ഉന്നയിക്കുന്നുണ്ട്. മതേതര പാര്‍ട്ടികളും തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയും മാറിമാറി ഭരിച്ചിട്ടും സമൂഹത്തിലെ അസമത്വത്തെ എത്രമാത്രം കുറയ്ക്കുവാന്‍ ശ്രമിച്ചിട്ടും അതിലൊന്നും ഉള്‍പ്പെടാതെ തഴയപ്പെടുന്ന സമൂഹമായി എന്തുകൊണ്ട് ആദിവാസികള്‍ മാറുന്നു എന്നുള്ള കണിശമായ ചോദ്യം ചിലപ്പോഴെങ്കിലും നമുക്കുള്ളില്‍ ഉത്തരം നല്‍കാതെ നില്‍ക്കുന്നുണ്ടാവും. 

ആദിവാസികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചിലവഴിക്കുന്ന തുക അവരുടെ പക്കല്‍ എത്തിക്കഴിഞ്ഞാല്‍ ആദിവാസികള്‍ക്കിടയില്‍ സാമൂഹികവും സാമ്പത്തികവുമായ മാറ്റം ഉണ്ടാകും എന്നുള്ളത് ഇതിനു മുന്നോടിയായിട്ടുള്ള നിരവധി പഠനങ്ങള്‍ തന്നെ തെളിയിച്ചിരിക്കുന്ന അവസരത്തിലാണ് വീണ്ടും ഈ പ്രശ്നത്തെ ഗൗരവത്തോടെ നോവലില്‍ ചര്‍ച്ച ചെയ്യുന്നത്. കുടകിലേക്ക് എന്തുകൊണ്ട് കൂടുതല്‍ വയനാട്ടില്‍ നിന്നുള്ള ആദിവാസികള്‍ വരുന്നു എന്നുള്ളതിന്റെ വ്യക്തമായിട്ടുള്ള കാരണം, ദാരിദ്ര്യവും പെടുമരണവും പട്ടിണിയും അവിവാഹിതരായ അമ്മമാരുടെ എണ്ണക്കൂടുതലും എല്ലാത്തിന്റെയും കാരണം ഭരണകൂടം തന്നെയാണ് എന്നുള്ളത് എഴുത്തുകാരന്‍ പ്രഖ്യാപിക്കുന്നു. 

അഴിമതിയുടെയും ചൂഷണത്തിന്റെയും യഥാര്‍ത്ഥ കഥകള്‍ കുടകിലെ ജന്മിമാരുടെ പക്കല്‍ നിന്നും അല്ല തുടങ്ങുന്നത് മറിച്ച് ജനാധിപത്യത്തിന്റെയും മതത്തിന്റെയും കമ്മ്യൂണിസ്റ്റ് വര്‍ഗ്ഗബോധത്തിന്റെയും ഈറ്റില്ലങ്ങളില്‍ നിന്നുതന്നെ ഓരോ ഭരണകൂടവും മാറിമാറി വരുന്ന അവസ്ഥയില്‍ അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ആദിവാസി ജനതയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയായിരുന്നു എന്നുള്ളതും നോവലില്‍ ശക്തമായി  പറയുകയാണ് എഴുത്തുകാരന്‍. ഒരു സമൂഹത്തിന്റെ ചിത്രത്തെ അവരുടെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ദുരുപയോഗം ചെയ്യുന്ന ഭരണകൂടങ്ങളാണ് ഓരോ സമൂഹത്തിലെയും ജനങ്ങളെ താഴെത്തട്ടില്‍ നിന്നും താഴെത്തട്ടിലേക്ക് വീണ്ടും എത്തിക്കുന്നത്. ഇത്തരം നീക്കങ്ങളാണ് ചെറുക്കപ്പെടേണ്ടതെന്നും അതില്‍ പ്രത്യയശാസ്ത്രപരമായിട്ടുള്ള ഉദ്ബോധനം കൊണ്ടല്ല മറിച്ച് പ്രവര്‍ത്തനം കൊണ്ട് ആഴത്തിലുള്ള ഇടപെടലുകളാണ് ആവശ്യം എന്നും എഴുത്തുകാരന്‍ തന്നെ പറഞ്ഞ് അവസാനിപ്പിക്കുന്നു.


ബാബു തച്ചിലങ്ങാട്
കുടകിലെ പ്രണയം പറയാത്തതെന്ത്!

വന്യമാണ് കുടക്. അവിടുത്തെ മണ്ണും പെണ്ണും എല്ലാം ആ വന്യതയില്‍ മറക്കപ്പെട്ടിരിക്കുകയാണ്. നിങ്ങളുടെ മോഹങ്ങളും ഇഷ്ടങ്ങളും പ്രകടിപ്പിക്കുവാനുള്ള സ്ഥലമോ നിങ്ങളുടെ പ്രതിഷേധങ്ങള്‍ അറിയിക്കുവാനുള്ള മേഖലയോ അല്ല കുടകിലെ ജീവിതങ്ങള്‍ എന്ന് എഴുത്തുകാരന്‍ പറയുന്നു. സുരേഷിന് കാവേരിയോടുള്ള പ്രണയം ഓരോ ദിവസം ചെല്ലുന്തോറും വിങ്ങിപ്പൊട്ടുന്ന ഹൃദയത്തിനുള്ളില്‍ നിന്ന് പുറത്തേക്കൊഴുകാന്‍ ശ്രമിക്കുമ്പോഴും അയാള്‍ അതിനെ പിടിച്ചു നിര്‍ത്തുന്നു. കാരണം കുടകിലെ പെണ്ണിനെ അതിന്റെ പുറത്തുള്ള സ്വതന്ത്രമായ ലോകത്തേക്ക് പറഞ്ഞു വിടുവാന്‍ അവിടുത്തെ ജന്മികളോ അധികാരികളോ അംഗീകരിക്കുന്നില്ല. മൂടിവെക്കപ്പെട്ട നിരവധി പ്രണയങ്ങളുടെ കഥകള്‍ നാം വായിച്ചിട്ടുണ്ടെങ്കിലും പറയാതെ പോകുന്ന നിരവധി പ്രണയങ്ങളെ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും  ഒരു ജീവിതത്തെ രക്ഷപ്പെടുത്തുവാനായി സുരേഷ് എന്ന ചെറുപ്പക്കാരനെ കൊണ്ട് പ്രതീക്ഷയുടെ ചങ്കൂറ്റം കൊടുക്കുവാന്‍ എഴുത്തുകാരന് സാധിച്ചില്ല എന്നുള്ളതും പ്രണയത്തെ കൂടുതല്‍ അടിമപ്പെടുത്തുന്നതായി കാണിക്കുന്നു.

ഉപസംഹാരം

കഥ പറയുന്ന രീതിയും ആഖ്യാനശൈലിയും ഒട്ടും പുതുമ ഇല്ലാത്തതും എന്നാല്‍ കഥകള്‍ക്കുള്ളിലെ അക്ഷരങ്ങള്‍ കൊണ്ട് പുതുമയുള്ള സാഹചര്യങ്ങളെ കണ്ടെത്തുവാന്‍ ശ്രമിക്കുകയും ചെയ്യുകയാണ് എഴുത്തുകാരന്‍.  ഒരു കാലഘട്ടം നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് എഴുത്തുകാരന്‍ പറയുന്നത്. അതുകൊണ്ടുതന്നെ അതിന്റെ റിയലിസ്റ്റ് സ്വഭാവത്തില്‍ വലിയ വ്യതിയാനങ്ങള്‍ കഥ പറച്ചിലില്‍ വന്നുപോകുന്നുണ്ട്. എഴുത്തുകാരന്‍ കഥ പറയുമ്പോള്‍ വൈകാരികമാകുന്നത് അയാളുടെ തീക്ഷ്ണമായ അനുഭവങ്ങള്‍ കൊണ്ടാകാം. എങ്കില്‍ അത് വായനക്കാരില്‍ ഉണര്‍ത്തേണ്ട വൈകാരിക തലങ്ങളെ ഇനിയും കൂടുതല്‍ ആഴത്തില്‍ എത്തിക്കേണ്ടിയിരിക്കുന്നു. തൊഴില്‍ ബോധമോ, വര്‍ഗ ബോധമോ ആധുനിക അടിമത്തത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. പകരം ആധിപത്യത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന വികസനങ്ങള്‍ക്കു പിന്നില്‍ എരിഞ്ഞമരുന്ന സാധാരണ ജനങ്ങളുടെ ജീവിതം വീണ്ടും ഇരുട്ടിലേക്കും ശൂന്യതയിലേക്കും എത്തിക്കുന്നത്തില്‍ അവ സന്തോഷം കണ്ടെത്തുന്നു.



#Penpoint
Leave a comment